അവളുടെ ഉള്ളിലെ ഭയം നിമിത്തം വിചിത്രമായ സ്വപ്‌നങ്ങൾ രാത്രികളെ ഭയാനകമാക്കി കൊണ്ടിരുന്നു.

സാന്ത്വനം – രചന: മിനു സജി

കുറച്ചു ദിവസങ്ങൾ ആയിട്ട് നീ എന്നിൽ നിന്ന് അകലുന്നത് പോലെ തോന്നുന്നു… എന്താ പ്രശ്നം…?

കുറച്ചു ദിവസമോ…ഒരു മാസം കഴിഞ്ഞു…നിൽക്കുന്നില്ല…ഇത്രേം ദിവസം ആരോടും പറയാതെ ഞാൻ വെച്ചതാ…

എന്താ ഇപ്പോ ഇങ്ങനെ…ഗൈനക്കോളജിസ്റിനെ കാണേണ്ടി വരുമോ….?

വേണ്ടി വരും…നാളെ ഞാൻ ലീവ് എടുക്കാം…പിറ്റേദിവസം അവർ ഒന്നിച്ചു പോയി ഡോക്ടറെ കണ്ടു. സ്കാനിംഗ് റിപ്പോർട്ട്‌ കാണാതെ ഒന്നും പറയാൻ ആവില്ല എന്ന് ഡോക്ടർ പറഞ്ഞു.

സ്കാൻ ചെയ്തിട്ടും റിപ്പോർട്ടിൽ വലിയ കുഴപ്പങ്ങൾ ഒന്നുമില്ല. അതുകൊണ്ടു ഡോക്ടർ നിൽക്കാനുള്ള മരുന്ന് കൊടുത്തു. മരുന്ന് കഴിക്കുമ്പോൾ നിൽക്കുമെങ്കിലും രാവിലെ കുട്ടികളെയും ഭർത്താവിനെയും പറഞ്ഞു വിടുകയും പിന്നെ ധൃതി പിടിച്ചു അവൾ ഓഫീസിൽ എത്തുമ്പോഴേക്കും…പിന്നെയും പഴയ അവസ്ഥ…

ശക്തമായ അടി വയറു വേദനയും നടുവേദനയും സഹിക്കുന്നതിലും അപ്പുറമാകുന്നു. ജോലി നിർത്തിയാലോ എന്നു വരെ ഓർത്തു പോകുന്നു. കുട്ടികളുടെ ഫീസും ലോണുകളും എല്ലാം കൂടി അദ്ദേഹത്തിന് ഒറ്റക്ക് പറ്റില്ല. അതുകൊണ്ടു മാത്രമാണ് ജോലിക്ക് പോകുന്നത്.

പിന്നെയും ഡോക്ടറെ സമീപിച്ചു. ഇനിയിപ്പോ ഒരു മാർഗ്ഗമേയുള്ളു…നിങ്ങൾക്ക് രണ്ടു കുട്ടികളായില്ലേ…? ഇനിയിപ്പോ ഇതുകൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല…അത് അങ്ങോട്ട് എടുത്തു കളയാം…അതേയുള്ളു പ്രതിവിധി.

ഡോക്ടറുടെ ആ വാക്കുകൾ അവളെ നൊമ്പരപ്പെടുത്തി. ഇനിയൊരു കുഞ്ഞ് അത് ആഗ്രഹിക്കുന്നില്ല എങ്കിലും…എന്റെ കുഞ്ഞുങ്ങൾ വളർന്ന…എന്നെ അമ്മയാക്കിയ എന്റെ ശരീരത്തിന്റെ ഭാഗമായ ഗർഭപാത്രം കളയാൻ ഒരു മടി…

പക്ഷെ ഇതിങ്ങനെ തുടരുന്നതിൽ അർത്ഥവുമില്ല എന്ന് ഓർക്കുമ്പോൾ…പലരോടും അഭിപ്രായം ചോദിച്ചു. ഡോക്ടർ പറയുന്നതുപോലെ ചെയ്യാൻ പലരും പറഞ്ഞു…

പക്ഷെ താൻ എവിടെയോ കേട്ടിട്ടുണ്ട്…സ്ത്രീയുടെ ഗര്ഭപാത്രമാണ് അവളുടെ ശരീരത്തിന് ബലമെന്നും…അതുപോയാൽ ഭാരപ്പെട്ട പണികളൊന്നും എടുക്കാൻ പറ്റില്ലെന്നും…ഡോക്ടറോട് ഇതിനെ കുറിച്ച് ചോദിക്കാൻ ഒരു ഭയം…

പിന്നെയും ഒരു മാസം കൂടി അതേ അവസ്ഥ തുടർന്നപ്പോൾ ഏട്ടനാണ് നിർബന്ധിച്ചത്. നിന്റെയീ വേദന എനിക്ക് കാണാൻ വയ്യാ…നമുക്ക് അത് കളയാം…കളയാമെന്ന തീരുമാനത്തോടെ ഹോസ്പിറ്റലിൽ ചെന്നു….തിയതി തീരുമാനിച്ചു.

തിയതി അടുക്കുംതോറും വല്ലാത്ത ടെൻഷൻ…രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചപ്പോൾ പോലും ഇത്രയും ടെൻഷൻ അനുഭവിച്ചിട്ടില്ല. കീഹോൾ സർജറിക്ക് പണം അധികം ആവുന്നത് കൊണ്ട് തുറന്നുള്ള സർജറിയാണ് തീരുമാനിച്ചത്.

രണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടി തുറന്ന ഉദരം ഇനി ഇതിനായി കൂടി കീറട്ടെ എന്ന് കരുതി. അവളുടെ ഉള്ളിലെ ഭയം നിമിത്തം വിചിത്രമായ സ്വപ്‌നങ്ങൾ രാത്രികളെ ഭയാനകമാക്കി കൊണ്ടിരുന്നു…ഇതൊന്നു കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ എന്ന് ആശിക്കാൻ തുടങ്ങി.

ഓപ്പറേഷന്റെ തലേദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി. ഇപ്പഴും ഭയം ഉള്ളിൽ ഇരുന്ന് അസ്വസ്ഥത സൃഷ്ടിക്കുന്നു. ആ സമയം മുറി ക്ലീൻ ചെയ്യാൻ വന്ന ഏകദേശം അൻപതു വയസോളം പ്രായമുള്ള ഒരു ചേച്ചി…മ്ലാനമായ തന്റെ മുഖം കണ്ടു കാര്യം തിരക്കി.

തന്നിലെ എല്ലാ സങ്കടങ്ങളും ആധിയും ആ സമയം പെയ്തിറങ്ങി. ഏറ്റവും വലിയ ആധി ഗർഭപാത്രം കളഞ്ഞാൽ ഭാരപ്പെട്ട ജോലികൾ എടുക്കാൻ സാധിക്കുമോ എന്നതായിരുന്നു. മോള് ഒന്നു കൊണ്ടും വിഷമിക്കേണ്ട…പത്തു കൊല്ലം മുൻപ് ചേച്ചിക്ക് ഇത് കളഞ്ഞതാ…ഇപ്പോഴും ഞാൻ ജോലി എടുത്തു ജീവിക്കുന്നു…ഒരു കുഴപ്പവുമുണ്ടായില്ല.

ആ സമയത്ത് അവരുടെ ആശ്വാസ വാക്കുകൾ തനിക്കു നല്കിയ ഊർജം വാക്കുകൾക്ക് അതീതമായിരുന്നു. സങ്കടങ്ങളിൽ അനുഭവസ്ഥരുടെ ആശ്വാസവാക്കുകളേക്കാൾ വലുതായി മറ്റൊന്നും ഉണ്ടാവില്ല…