പാരമ്പര്യം ~ രചന: ബെസ്സി ബിജി
അമ്മേ…… “സമയം രണ്ടു മണി കഴിഞ്ഞില്ലേ, ഇനി പോയി കുറച്ചു സമയം ഉറങ്ങിക്കൊള്ളൂ, നാളെ എല്ലാവരും വരുന്നതിനു മുൻപേ എഴുന്നേൽക്കേണ്ടതല്ലേ “എന്നുള്ള ലൈലുവിന്റെ പതിഞ്ഞ ഉപദേശം കേട്ട് ഞാൻ തല പാതി തിരിച്ചു നോക്കി. ഉറക്കം വരില്ല എന്നു തീർത്തും അറിയാവുന്നതുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു പോകുവാൻ തോന്നിയില്ല.
അല്ലെങ്കിലും അവന്റെ കൂടെ ഈ അവസാന രാത്രി ചിലവഴിയ്ക്കാൻ ഞാനും അവളും മാത്രമല്ലേ ഉള്ളൂ. മറ്റുള്ളവരെല്ലാം വന്ന് മുഖം കാണിച്ചിട്ട് നാളെ രാവിലെ വരാം എന്നും പറഞ്ഞ് പോയി കഴിഞ്ഞല്ലോ.
ഉറക്കം നഷ്ടപ്പെട്ടതുകൊണ്ടോ എന്തോ ……കണ്ണിന് നല്ല പുളിപ്പു പോലെ. വിശപ്പോ ദാഹമോ തോന്നാത്ത ഒരു തരം നിർവ്വികാരത……ലൈലുവിനും ഈ രാത്രി ഒരുപോള കണ്ണടയ്ക്കാൻ പറ്റില്ല എന്നറിയാം. അവളുടെ മുഖത്തും ആ നിർവ്വികാരത തന്നെ ആയിരിയ്ക്കുമോ, അറിയില്ല ….തല തിരിച്ച് അവളുടെ മുഖത്തേയ്ക്ക് നോക്കുവാൻ എന്തോ ഭയം പോലെ…….
അല്ലെങ്കിലും 34 -ാം വയസ്സിൽ വിധവയായ അവളുടെ മുഖത്തെ വികാരം എന്തെന്ന് മനസ്സിലാക്കുവാൻ അവളുടെ മുഖത്തേയ്ക്ക് നോക്കണം എന്നില്ലല്ലോ. ഏകദേശം ഇതേ പ്രായത്തിൽ തന്നെ ഞാനും ഇതേ അവസ്ഥയിൽ കൂടി കടന്നുപോയതല്ലേ. എന്നെ പോലെ തന്നെ അവളും ഈ പൊടി കുഞ്ഞിനെയും കൊണ്ട് ജീവിതം ജീവിച്ച് തീർക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ നെഞ്ച് പൊട്ടി പോകുന്നതു പോലെ തോന്നി.
ഞാൻ ചെയ്ത തെറ്റ് അവളും ചെയ്തപ്പോൾ അവളെ തിരുത്തേണ്ടതായിരുന്നില്ലേ….. എത്രയോ അവസരങ്ങളും മാർഗ്ഗങ്ങളും ഉണ്ടായിരുന്നു.
അല്ല, ഞാൻ എന്ത് തെറ്റാണ് ചെയ്തത്? എല്ലാവരുടേയും കണ്ണിൽ ഞാനല്ലല്ലോ കുറ്റക്കാരി……പിന്നെ എന്താണ് സംഭവിച്ചത്……
ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയം. കുഞ്ഞുമ്മ വന്ന് ” ഒരു നല്ല പയ്യനുണ്ട്….നല്ല സ്വഭാവം, നല്ല വിദ്യാഭ്യാസം, കാണാനും തരക്കേടില്ലേ, ഇവൾക്ക് വേണ്ടി ആലോചിച്ചാലോ ?” എന്ന് അപ്പച്ചനോട് പറയുന്നത് കേട്ടപ്പോൾ തന്നെ ഇയാൾ തന്നെ എൻ്റെ പാതി എന്ന് മനസ്സ് പറയുന്നതുപോലെ തോന്നി.
പെണ്ണുകാണൽ ചടങ്ങിനിടയ്ക്ക് ” അവർക്കെന്തെങ്കിലും സംസാരിയ്ക്കാനുണ്ടെങ്കിൽ ആയ്ക്കോട്ടെ ” എന്ന അപ്പച്ചൻ്റെ അനുവാദം. ഒറ്റയ്ക്ക് പരസ്പരമുള്ള ആദ്യത്തെ സംസാരത്തിൽ “കൊച്ചിനെ എനിയ്ക്കിഷ്ടപ്പെട്ടു, കല്യാണം കഴിഞ്ഞാൽ കൊച്ചിൻ്റെ സന്തോഷത്തിന് എൻ്റെ സന്തോഷത്തേക്കാൾ ഞാൻ വില കല്പിക്കും” എന്നുള്ള ചേട്ടൻ്റെ ആ വാക്കുകൾ.
“കൊച്ചേ ” എന്നുള്ള ആ വിളിയിൽ തന്നെ ഞാൻ വീണ് പോയിരുന്നു.
കല്യാണത്തിന് ശേഷം ജോലി സംബന്ധമായുള്ള ബാംഗ്ലൂർ വാസം എത്രയോ സന്തോഷ പ്രദമായിരുന്നു. ഞങ്ങളുടെ വീടൊരു കൊച്ചു സ്വർഗ്ഗമായിരുന്നു.
എല്ലാ വർഷവും ഈസ്റ്റർ, ഓണം, ക്രിസ്തുമസ് ….ആഘോഷങ്ങളെല്ലാം നാട്ടിൽ തന്നെ ആഘോഷിയ്ക്കണമെന്ന് ചേട്ടന് നിർബന്ധമായിരുന്നു. എല്ലാവരും കൂടിയുള്ള വെടിപറച്ചിലും തമാശകളും ഒന്നിച്ചുള്ള ഭക്ഷണം കഴിയ്ക്കലും കൂടെ കുറച്ച് മദ്യവും….എല്ലാവരും എല്ലാം നന്നായി ആസ്വദിച്ചിരുന്നു.
മദ്യപിയ്ക്കില്ലായിരുന്ന ചേട്ടന് ആദ്യമായി അത് ഒഴിച്ച് കൊടുത്തതു തന്നെ അപ്പച്ചനായിരുന്നല്ലോ. അന്നത്തെ ആ മുഖത്തെ expression ഇപ്പോഴും മനസ്സിലുണ്ട്. “ചവർപ്പുള്ള ഈ സാധനം ഇത്ര പാടുപെട്ട് എന്തിനാണിങ്ങനെ ആളുകൾ കുടിയ്ക്കുന്നത് ” എന്ന ചോദ്യത്തിനുള്ള ഉത്തരം അന്ന് ഒരു ചെറു ചിരിയിൽ ഒതുക്കി. അവധി കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ മോൾക്കായിരുന്നു ഞങ്ങളേക്കാൾ ദു:ഖം.
പിന്നീട് എപ്പോഴോ ചേട്ടൻ്റെ സ്വഭാവത്തിൽ പതിയെ പതിയെ മാറ്റങ്ങൾ വന്നു തുടങ്ങി. ജോലി കഴിഞ്ഞാൽ വീട്ടിൽ തിരിച്ചെത്തി എന്നോടും മോളോടും ഒപ്പം ചിലവഴിയ്ക്കാനുള്ള ആ തിടുക്കം പതുക്കെ പതുക്കെ കുറഞ്ഞു തുടങ്ങി. അവധി ദിവസങ്ങൾ കൂട്ടുകാരോടും കുടുംബത്തോടും ഒപ്പം ആഘോഷിയ്ക്കാൻ തുടങ്ങി. ഞങ്ങളും അതെല്ലാം ആസ്വദിയ്ക്കുകയായിരുന്നല്ലോ.
കുറച്ച് മദ്യം അകത്ത് ചെന്നാലുള്ള ചേട്ടൻ്റെ ആ സന്തോഷം, കളി ചിരികൾ ,പാട്ടുകൾ. മറ്റുള്ളവരുടെ മുന്നിൽ വച്ച് എന്നെ എത്രമാത്രം പുകഴ്ത്തുമായിരുന്നു. “എൻ്റെ കൊച്ചാണ് എൻ്റെ ഉയർച്ചയ്ക്കെല്ലാം കാരണക്കാരി, എൻ്റെ സന്തോഷത്തിൽ കവിഞ്ഞ് അവൾക്കൊന്നും ഇല്ല” എന്നുളള അദ്ദേഹത്തിൻ്റെ ആ വാക്കുകൾക്കു മുമ്പിൽ ഞാൻ നിശബ്ദയായിരുന്നു.
അല്ലെങ്കിലും കുറച്ച് മദ്യം കഴിച്ചു എന്ന് വച്ച് എന്താണ് കുഴപ്പം? ഞങ്ങളുടെ എല്ലാ കാര്യങ്ങളും അദ്ദേഹം നന്നായി നോക്കുന്നുണ്ടല്ലോ. പ്രത്യേകിച്ചും കുറച്ച് കുടിച്ചിട്ടുണ്ടെങ്കിൽ എന്ത് കാര്യം പറഞ്ഞാലും എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും ചെയ്ത് തരുവാൻ എന്തൊരു സന്തോഷമായിരുന്നു. കൂട്ടുകാരോടൊപ്പം shopping ന് പോകുമ്പോൾ pocket money തരുമ്പോഴുള്ള ചേട്ടൻ്റെ ധാരാളിത്തം. പലപ്പോഴും പോക്കറ്റിൽ നിന്നും രൂപ എടുത്ത് സ്വന്തം കുടുംബത്തിലേയ്ക്ക് ചിലവഴിയ്ക്കുമ്പോൾ കണക്ക് ബോധിപ്പിയ്ക്കേണ്ടി വരാറില്ലായിരുന്നു.
കൂട്ടുകാരികൾ ” കെട്ടിയവൻ ഇത്തിരി കുടിച്ചലെന്താ! അവൾ എത്ര ഭാഗ്യവതി “
എന്ന അസൂയയോടുകൂടിയുള്ള അടക്കം പറച്ചിലുകൾ എത്രയോ പ്രാവശ്യം കേട്ട് ഗൂഢമായി സന്തോഷിച്ചിരിയ്ക്കുന്നു……
പിന്നെ പിന്നെ നാട്ടിൽ ചെല്ലുമ്പോഴും ബന്ധുക്കളെയും കൂട്ടുകാരേയും വിളിച്ച് സൽക്കരിയ്ക്കാൻ ചേട്ടനായിരുന്നു തിടുക്കം
.
” അവൻ മദ്യത്തിന് അടിമയായീ എന്ന് തോന്നുനല്ലോ മോളേ ” എന്നുള്ള അപ്പച്ചൻ്റെ ആ കരച്ചിൽ കുറച്ച് ഉച്ചത്തിലായി. അത് തോന്നലല്ല, ശരിയാണ് എന്നുള്ളത് എല്ലാവർക്കും മനസ്സിലായപ്പോഴേയ്ക്കും കുറച്ച് വൈകി പോയിരുന്നു.
പിന്നീട് എല്ലാവരുടേയും നിർബന്ധത്തിന് വഴങ്ങി റിഅഡിക്ഷൻ സെൻററിലെ treatment .അന്ന് ഡോക്ടർ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു, “അവൻ നന്നായി സഹകരിയ്ക്കുന്നുണ്ടെങ്കിലും അവൻ്റെശരീരം സഹകരിയ്ക്കുന്നില്ല. ഇനിയെല്ലാം നമുക്ക് വിധിയ്ക്ക് വിടാം …..” എന്ന്. മദ്യത്തോടൊപ്പമുള്ള ഭക്ഷണത്തിലെ നിയന്ത്രണമില്ലായ്മയും, സിഗരറ്റ് വലിയും, ഉറക്കകുറവും ശരീരത്തേയും മനസിനേയും നന്നായി ബാധിച്ചിരുന്നു. മദ്യപാനം പൂർണ്ണമായും നിർത്തിയെങ്കിലും പിന്നീട് ആരോഗ്യപ്രശ്നങ്ങൾ ഓരോന്നായി വന്നുകൊണ്ടിരുന്നു. നേരത്തേ എപ്പോഴും പോസിറ്റീവായി ചിന്തിച്ചു കൊണ്ടിരുന്ന ചേട്ടനിൽ നെഗറ്റീവ് ചിന്താഗതികൾ വന്നതു പോലും ഞാനറിഞ്ഞില്ല.
“കൊച്ചേ……… നിങ്ങളുടെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ല” എന്നുള്ള ചേട്ടൻ്റെ വാക്കുകൾ എന്നും ആത്മനൊമ്പരമായി വേട്ടയാടി കൊണ്ടിരിയ്ക്കുകയാണ്. പ്രാർത്ഥനയുടെ അവസാനം “ദൈവമേ…… ഇനിയുമൊരു ജന്മമുണ്ടെങ്കിൽ എനിയ്ക്കിവളെ തന്നെ ഇണയായി തരണം” എന്ന ചേട്ടൻ്റെ പാതി മുറിഞ്ഞ പതിഞ്ഞ വാക്കുകൾ ഇപ്പോഴും ചെവിയിൽ ഇടയ്ക്കിടെ മൂളിക്കൊണ്ടിരിയ്ക്കുന്നതുപോലെ.
വീട്ടുകാരുടേയും നാട്ടുകാരുടേയും മുമ്പിൽ നല്ലവനായിരുന്ന ചേട്ടൻ എത്രപെട്ടെന്നാണ് അവരുടെ മുമ്പിൽ ഒരു ചീത്ത മനുഷ്യനായത്. അവൻ മരിച്ചത് നന്നായി, ആർക്കും ഒരുപകാരവും ഇല്ലാതെ, ജോലിയും കളഞ്ഞ്, കുടിച്ച് കൂത്താടി നടക്കുന്നവൻ…… ഇവനൊക്കെ ഈ ഭൂമിയ്ക്ക് തന്നെ ഭാരമാണ് …എന്ന് എല്ലാവരും പഴിച്ചപ്പോൾ …….അല്ല ……. അല്ല ……. എന്ന് ഉറക്കെ അലറി കരയണമെന്നുണ്ടായിരുന്നു.
മനുവും ആ വഴിയിലൂടെ തന്നെയാണ് പോകുന്നതെന്നറിഞ്ഞിട്ടും ഞാനെന്താണ് തിരുത്താതിരുന്നത്. അവന് ഞാൻ അമ്മായി യമ്മ ആയിരുന്നില്ല, അമ്മ തന്നെ ആയിരുന്നു. അവിടെയും എൻ്റെ സ്വാർത്ഥത തന്നെയാണ് പ്രവർത്തിച്ചത്. അവന് അനിഷ്ഠമായത് പറഞ്ഞാൽ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നുള്ള ചിന്ത. എനിയ്ക്ക് ചിലവിന് തരുന്ന പ്രായപൂർത്തിയായ, പ്രായോഗീക ബുദ്ധിയുള്ള, നല്ല ജോലിയുള്ള മരുമകനെ ഗുണദോഷിയ്ക്കാൻ ഞാനാര്.മദ്യത്തിന് അടിമയായാൽ ഈ ഗുണങ്ങളെല്ലാം ഓരോന്നായി മാഞ്ഞ് പോകും എന്നറിഞ്ഞിട്ടും …….”അമ്മേ….. ഉറങ്ങിപ്പോയോ? ആളുകളൊക്കെ ഇപ്പോൾ വന്ന് തുടങ്ങും ” ലൈലുവിൻ്റെ നനുത്ത സ്വരം കാതുകളിലെത്തിയപ്പോൾ ചിന്തകളെ കടിഞ്ഞാണിട്ടപോലെ പിടിച്ചു നിർത്തി.
ദൈവമേ …….. ഇനി ഇവളും……..