എയർഹോസ്റ്റസ്
രചന: അബ്ദുൾ റഹീം പുത്തൻചിറ
“ടാ നിനക്ക് ചായ വേണോ” ..
“പിന്നെ .. ഒരു ചായയൊക്കെ കുടിച്ചു ഒരു ഉഷാറോട് കൂടി വേണം ഈ മല കയറാൻ”..റോഷന്റെ ചോദ്യത്തിന് ദേവിക പറഞ്ഞു..
“ഇവിടെയിരിക്ക് ഞാൻ പോയി മേടിച്ചുവരാം.”..
“ഏയ് ഞാനും വരാം.”..
എന്നാൽ വാ”…
റോഷനും, ദേവികയും ആദ്യമായി കണ്ടത് ഈ മലമുകളിൽ വെച്ചാണ്…അതുകൊണ്ട് ഇടക്ക് കുറച്ചു നേരം സമയം ചിലവഴിക്കാൻ അവർ ഇവിടെ വരും.
ചായ കുടിച്ചു രണ്ടുപേരും ബൈക്ക് താഴെ വെച്ചു കുന്നിന്റെ മുകളിക്ക് നടന്നു…ഇടക്ക് തെന്നി വീഴാൻ പോയ ദേവികയെ റോഷൻ പിടിച്ചു..
“അല്ല ദിവാകരേട്ട ഈ ചെക്കൻ തന്നെയല്ലേ കഴിഞ്ഞ പ്രാവിശ്യം ഇവിടെ വന്നത്”…പാൽ കൊണ്ടുവന്ന നാസർ ചോദിച്ചു..
“കഴിഞ്ഞ പ്രാവിശ്യം മാത്രമല്ല എന്റെ നാസറെ ഒരുപാട് നാളായി ഈ ചെക്കൻ ഈ മല കേറാൻ വരുന്നത് കൂടെ ആ പെണ്ണും കാണും …”
“ഉം…എന്തു ചെയ്യാനാ ..വീട്ടിൽ ചോദിക്കാനും പറയാനും ആളില്ലങ്കിൽ ഇങ്ങനെയൊക്കെയാ”നാസർ ആരോടെന്നില്ലാതെ പറഞ്ഞു…
“എന്തു രസമാണല്ലേ ഇവിടെ നിന്നുകൊണ്ട് താഴെയുള്ള കാഴ്ചകൾ കാണാൻ..എത്ര വട്ടം വന്നാലും മടുക്കില്ല…”
“അതേ.. അതുകൊണ്ടാണല്ലോ നമ്മൾ ഇവിടേക്ക് തന്നെ വരുന്നത്”.. ദേവികയുടെ ചോദ്യത്തിന് റോഷൻ പറഞ്ഞു..
“നമ്മുടെ കല്യാണം കഴിഞ്ഞാലും നമുക്ക് ഇടക്ക് ഇവിടെ വന്നിങ്ങനെ ഇരിക്കണം അല്ലേ”…ദേവികയെ ചേർത്തു നിർത്തിക്കൊണ്ടു റോഷൻ പറഞ്ഞു…
“ഉം…അവൾചിരിച്ചുകൊണ്ട് മൂളി..”.അവളുടെ മനസ്സിലപ്പോൾ കാലത്തു അമ്മ പറഞ്ഞ വാക്കുകളായിരുന്നു…
“നല്ലൊരു ബന്ധമാണ് ഇപ്പോൾ നിനക്ക് വന്നിരിക്കുന്നത്…ഇതിലും നല്ല ബന്ധം ഇനി കിട്ടില്ല..കല്യാണം കഴിഞ്ഞാൽ നിന്റെ ആഗ്രഹം പോലെ തന്നെ നിന്നെ എയർഹോസ്റ്റസിന് പഠിപ്പിക്കാമെന്നു ചെക്കൻ വാക്ക് തന്നിട്ടുണ്ട്…ദൈവമായി കൊണ്ടുവന്ന ഭാഗ്യം കാലുകൊണ്ട് തട്ടിക്കളയാൻ നിൽക്കേണ്ട… ആലോചിക്ക്””
അമ്മയുടെ വാക്കുകൾ രാത്രി മുതൽ കാതുകളിൽ ഒഴിക്കി കൊണ്ടിരിക്കുകയാണ്… ആന്റിയുടെ ബന്ധുവിന്റെ കല്യാണത്തിനാണ് ചെക്കൻ തന്നെ കണ്ടത്… അന്വേഷിച്ചപ്പോൾ നല്ല ബന്ധം… ചെറുപ്പം മുതലുള്ള ആഗ്രഹമാണ് എയർഹോസ്റ്റസ് ആകണമെന്നുള്ളത്… കൃഷിക്കാരനായ അച്ഛൻ കൂട്ടിയാൽ കൂടുന്നതല്ല തന്റെ ആഗ്രഹം… പക്ഷെ ഇപ്പോൾ…. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.. രണ്ടു വർഷമായുള്ള പ്രണയമാണ് റോഷനുമായുള്ളത്…. റോഷന്റെ വീട്ടിൽ സമ്മതിക്കില്ലെന്ന് അവൻ പറഞ്ഞിയിട്ടുണ്ട്… തന്റെ വീട്ടിലും ഇതു തന്നെയാണ് അവസ്ഥ… അപ്പോൾ തെരുവിൽ ഇറങ്ങേണ്ടി വരും… റോഷനോട് എങ്ങനെ പറയുമെന്ന് ആലോചിക്കുമ്പോഴാണ് ഇന്നു ഇവിടെ വരാമെന്ന് അവൻ പറയുന്നത്….
പെട്ടന്നായിരുന്നു റോഷന്റെ മൊബൈൽ ശബ്ദിച്ചത്…”ചാച്ചൻ കാളിങ് “ഇപ്പോൾ വരാമെന്നു പറഞ്ഞു റോഷൻ എഴുന്നേറ്റു..
“എന്തായി ഞാൻ പറഞ്ഞ കാര്യം.. ഇന്നു എനിക്ക് മറുപടി കിട്ടണം”… ആ ശബ്ദത്തിൽ ഒരു ഗൗരവമുണ്ടായിരുന്നു..
“അതു.. ഞാൻ”.. റോഷൻ വിക്കി..
“പോളിന്റെ ഈ ആലോചന തട്ടിക്കളഞ്ഞാൽ നിന്റെ ഭാവിയാണ് കളയുന്നതുയെന്നു നീ ഓർക്കണം…. അവർക്ക് ഇങ്ങനെയൊരു ആഗ്രഹം തോന്നിയത് തന്നെ നിന്റെ ഭാഗ്യമായി കരുതിക്കോ… നീ സമ്മതം മൂളിയാൽ നീ അവരുടെ ബിസിനസ് പാർട്ടണറും കൂടിയാകും.”.. അതും പറഞ്ഞു കാൾ കട്ടായി..
ഒരു നിമിഷം റോഷൻ അവിടെത്തന്നെ നിന്നു.. അച്ഛന്റെ പഴയ സുഹൃത്താണ് പോൾ.വലിയ ബിസിനസ്സ്കാരൻ …. ആളുടെ രണ്ടാമത്തെ മകളാണ് ടീന… ടീനയെക്കൊണ്ട് തന്നെ കല്യാണം കഴിപ്പിക്കണമെന്നാണ് അവരുടെ ആഗ്രഹം..ടീനയെ കാണാനും കുഴപ്പമില്ല..വലിയൊരു ഓഫറാണ് അവർ പറഞ്ഞിരിക്കുന്നത്. പക്ഷെ ദേവികയോട് എന്തുപറയുമെന്നാണ് റോഷൻ ആലോചിക്കുന്നത്…. താൻ വിളിച്ചാൽ കൂടെ വരാമെന്നാണ് അവൾ പറഞ്ഞിട്ടുള്ളത്…
“എന്താണ് ഒരു ആലോചന”…. കുറച്ചു നേരമായി ഒന്നും മിണ്ടാതെ അകലെ തന്നെ നോക്കിയിരിക്കുന്ന ദേവികയോട് റോഷൻ ചോദിച്ചു..
“ഏയ്..ഒന്നുല്ല..”.
“എന്തോ ഉണ്ട് …എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറയാം.”..
“അത്…പിന്നെ…ഇന്നലെ അച്ഛന് നെഞ്ചിൽ ഒരു പെയിൻ വന്നു “..
എന്നിട്ട്…
“ഹോസ്പിറ്റലിൽ ചെന്നപ്പോഴാണ് അറിയുന്നത്…ഹാർട്ട് അറ്റാക് ആണെന്ന്..അതും രണ്ടാമത്തേത്” ….ദേവിക വിഷമത്തോടെ പറഞ്ഞു…റോഷൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരുന്നു..
“നീ വിഷമിക്കാതെ..എല്ലാം ശരിയാകും.”..
“ഞാനും അതാണ് ആഗ്രഹിക്കുന്നത്…പക്ഷെ”..
“എന്താ.”.
“അച്ഛൻ പഴയത് പോലെയല്ല ഇപ്പൊ.. ആകെ മാറി.. പെട്ടന്ന് വയസ്സായ പോലെ..ഇന്നലെ രാത്രി എന്നോട് ഒരുപാട് സംസാരിച്ചു… എന്റെ കല്യാണം വേഗം. നടത്തണമെന്നാണ് പറയുന്നത്”..
“എന്നിട്ട് നീ എന്ത് പറഞ്ഞു.”.
“ഞാൻ എല്ലാം മൂളി കേട്ടു.. അല്ലാതെന്തു പറയാൻ..”.
“ഞാൻ എന്താണ് നിനക്കുവേണ്ടി ചെയ്യണ്ടത്..”. റോഷൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു..
“അറിയില്ല…. എന്തായാലും നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു… എന്നെ മനസ്സിലാക്കുന്ന ഒരാളാണ് നീ..” അവളുടെ വാക്കുകളിലുള്ള സങ്കടം റോഷൻ തിരിച്ചറിയുന്നുണ്ടായിരുന്നു…
“എനിക്കറിയാം നിന്റെ ആഗ്രഹങ്ങളിൽ ഒന്നാണ് എയർഹോസ്റ്റസ് ആവുക എന്നുള്ളത്… അത് നടക്കോ ഇല്ലയോ എന്നുള്ളത് എനിക്കറിയില്ല… പക്ഷെ ഒരു കാര്യം. ഞാൻ ഉറപ്പ് തരാം … ഞാൻ ശ്രമിക്കും എന്റെ ഭാര്യയെ ഒരു എയർഹോസ്റ്റസ് ആക്കാൻ….എന്താ അതു പോരെ”…. റോഷൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു…
“മതി… അവൾ പതിയെ മന്ത്രിച്ചു
മലയിറങ്ങുമ്പോൾ രണ്ടാളും ഒരു തീരുമാനത്തിൽ എത്തിയിരുന്നു…ജീവിതമുണ്ടങ്കിൽ അതു മരണം വരെ ഒരുമിച്ചായിരിക്കുമെന്ന്..
നാളുകൾക്കു ശേഷം…ദേവികയെ എയർപോർട്ടിൽ നിന്നും പിക് ചെയ്തു തിരിച്ചു വരുമ്പോൾ…
“എന്താ ഒരു സൈലന്റ്”…..മിണ്ടാതിരുന്നു വണ്ടിയോടിക്കുന്ന റോഷനോട് ദേവിക ചോദിച്ചു..
ഏയ്.. ഒന്നുല്ല..
“എന്തോ ഉണ്ട്… പറ..”. റോഷന്റെ താടിയിൽ പിടിച്ചു വലിച്ചുകൊണ്ട് ദേവിക പറഞ്ഞു..
“അല്ല.. ഞാൻ ആലോചിക്കുകയായിരുന്നു… ഞാനും ഒരു എയർഹോസ്റ്റസ് ആയെങ്കിലെന്നു”..
“അതെന്തിനാ… ഒരു വീട്ടിൽ ഒരു എയർഹോസ്റ്റസ് പോരെ”…
“പോരാ… ഈ ബിസിനസ്സ് ചെയ്തു ഞാൻ മടുത്തു… അതാകുമ്പോൾ ലോകം ചുറ്റാമല്ലോ”..
“ആണോ.. എന്നാ മോനൊരു കാര്യം ചെയ്യ്…ആദ്യം പോയി ഡിഗ്രി കംപ്ലീറ്റ് ആക്ക് എന്നിട്ട് നമുക്ക് ആലോചിക്കാം”..
“എന്തിന്.. എയർഹോസ്റ്റസ് ആകാൻ ഡിഗ്രി വേണോ.”… റോഷൻ ആകാംഷ നടിച്ചുകൊണ്ട് ചോദിച്ചു..
“ഏയ്.. വേണമെന്നില്ല… പത്താം ക്ലാസും ഗുസ്തിയും ആയാലും മതി”.. റോഷന്റെ ചെവിയിൽ കടിച്ചുകൊണ്ട് ദേവിക പറഞ്ഞു…
“അതുകേട്ടു റോഷൻ ചിരിച്ചു… കൂടെ ദേവികയും”..