ആർത്തിരമ്പുന്ന തിരയിലേക്കു നോക്കി നിൽക്കുന്ന അവളുടെ മനസും അതുപോലെ ഇരമ്പുന്നുണ്ടായിരുന്നു എന്നു തോന്നിപോയി….

അലീന ~ രചന: താമര

അലീന… നീ നിന്റെ തീരുമാനത്തിൽ ഉറച്ചു തന്നെയാണോ…

അതെ ദച്ച…. നിന്നെ അനാഥനാക്കിയിട്ട് ഒരു കൂടി ചേരൽ നമ്മൾ തമ്മിൽ ഉണ്ടാവില്ല…അനാഥത്വത്തിന്റെ വേദന നീ വിചാരിക്കുന്നതിലും അപ്പുറം ആണ് ദച്ചാ.. ഒരിക്കൽ അതറിഞ്ഞവർ വേറെ ഒരാളെ ആ അവസ്ഥയിലേക്ക് തള്ളിയിടില്ല…

നി ഒന്നുകൂടി ആലോചിക്ക്… എനിക്ക് നി ഇല്ലാതെ ഒരു ജീവിതം ഓർക്കാൻ കൂടി കഴിയില്ല അലീന…

അതൊക്കെ നിന്റെ തോന്നലുകൾ ആണ്.. വേറെ ഒരു ജീവിതം കിട്ടുമ്പോൾ നീ എന്നെ മറവിയിലേക്കു തള്ളിയിടും. അത് നിന്റെ തെറ്റല്ല ദച്ചാ പ്രകൃതി നിയമം ആണ്… അന്ന് ഇതൊക്കെ ചിലപ്പോൾ വെറുമൊരു തമാശയായി അല്ലങ്കിൽ സുഖമുള്ള ഒരു ചെറു നോവായി മാത്രം ആകും ഓർക്കുക…

നിന്നെ പ്രണയിക്കുമ്പോൾ ഒരിക്കൽ പോലും ഞാൻ ഓർത്തിരുന്നില്ല എന്റെ അനാഥത്വം എന്ന ശാപത്തെ…

അപ്പോഴൊക്കെ മനസു നിന്റെ പ്രണയത്തിൽ വർണ്ണങ്ങൾ തേടുന്നുണ്ടായിരിന്നു… അതിൽ ഞാൻ എന്നെ തന്നെ മറന്നു പോകുന്നുണ്ടായിരുന്നു….

പക്ഷെ ഇപ്പൊ ഞാൻ അറിയുന്നുണ്ട് എന്റെ തെറ്റെന്താണെന്നു.. വല്യ തറവാട്ടിലെ ഏക അനന്തരാവകാശിക്കു ചേർന്നവൾ അല്ല ഞാൻ എന്നത് അപ്പോഴൊക്കെ മറന്നു പോയിരുന്നു..

പക്ഷെ സത്യം എപ്പോഴും വിരൂപം ആണ് ദച്ചാ. അതിനു ഒട്ടും ഭംഗിയുണ്ടാവില്ല..അവ നമ്മുടെ ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങി വേരുകൾ ഉറപ്പിക്കും… അവയിൽ നിന്നും മുള പൊട്ടുന്ന തളിർപ്പിന് പോലും ദുഖത്തിന്റെ മണമാകും.. അവ ചുറ്റിനും രക്തമണം വിതറും.. ഒടുവിൽ അത്രയേറെ തിരികെ വരാത്ത വിധം അവ നമ്മളെ കാർന്നു തിന്നുകൊണ്ടിരിക്കും ഒരു തരം ക്യാൻസർ പോലെ…

നീ എന്തൊക്കെയാ ഈ പറയുന്നത്.. ഞാൻ നിന്നെ ഒരിക്കലും കളിതമാശക്കു പ്രണയിച്ചതല്ല… ആദ്യമേ രണ്ടുപേർക്കും അറിയാം ആയിരുന്നു എതിർപ്പുകൾ ഉണ്ടാകും എന്നു.. എന്തിനു നിന്നെ പ്രണയിച്ചു എന്നു ചോദിച്ചാൽ എന്റെ പക്കൽ അതിനു ഉത്തരം ഇല്ല അലീന…

പ്രണയം ലാഭനഷ്ടങ്ങളുടെ കണക്കു നോക്കി വരുന്നതല്ലലോ…അങ്ങനെ കരുതി പ്രണയിച്ചിരുന്നെങ്കിൽ പ്രണയം എന്ന വാക്ക് പോലും വിരൂപത്തിന്റെ പടുകുഴിയിലേക്ക് കൂപ്പു കുത്തിയേനെ.. നിനക്ക് എന്താ പെട്ടന്നു ഈ മാറ്റം..ഇന്നലെ വരെ എന്തു സംഭവിച്ചാലും എനിക്ക് വേണ്ടി കാത്തിരിക്കാം എന്നു പറഞ്ഞവൾ. ഇപ്പൊ എന്താ പെട്ടന്നു ഇങ്ങനെ….

“ആർത്തിരമ്പുന്ന തിരയിലേക്കു നോക്കി നിൽക്കുന്ന അവളുടെ മനസും അതുപോലെ ഇരമ്പുന്നുണ്ടായിരുന്നു എന്നു തോന്നിപോയി….

മൗനത്തെ പോലും വചലമാക്കുന്ന അവളുടെ നോട്ടം ഇന്ന് എനിക്ക് മനസിലാകാത്തവിധം ശൂന്യത തേടിയലയുന്നു…

കടല് കാണാൻ നല്ല ഭംഗിയാണ് അല്ലേ ദച്ചാ… ഓടിവരുന്ന തിരമാലകൾ തിരികെ ഇറങ്ങിപോകുമ്പോൾ നീ കണ്ടിട്ടില്ലേ അമ്മയുടെ മടിത്തട്ടിലേക്കു തിരികെ പോകുന്ന സന്തോഷം ആണ് അവയ്ക്കു…

പക്ഷെ അമ്മ… എനിക്ക് അങ്ങനെ ഒരാളില്ല ദച്ചാ.. ഇപ്പൊ ഞാൻ ഒരു മാറു ആഗ്രഹിക്കുന്നുണ്ട്… അമ്മയുടെ മാറിൽ തലചേർത്തു വച്ചു അർതുലച്ചു കരയാൻ മോഹം തോന്നുന്നു…. ഈ ഭൂമിയിൽ നിന്നും മനുഷ്യരിൽ നിന്നും ഒളിച്ചോടി അമ്മയിൽ അഭയം പ്രാപിക്കാൻ തോന്നുന്നു… സ്നേഹത്തിനു ഭയങ്കര നോവാണല്ലേ ദച്ചാ.. നെഞ്ചം പൊള്ളിക്കുന്ന നോവ്….

അലീന.. നീ.. എന്തൊക്കെയാ ഈ പറയുന്നേ…

“നിന്റെ അമ്മ എന്നെ കാണാൻ വന്നിരുന്നു … ഏതോ വഴിപി ഴച്ച സ്ത്രീയിൽ ഉണ്ടായ എനിക്ക് അവരുടെ മകനെ കെട്ടാൻ എന്തു യോഗ്യത ഉണ്ട് എന്നു എന്നോട് ചോദിച്ചു…. ഞാനും നാളെ ഒരിക്കൽ എന്റെ അമ്മയെ പോലെയാകില്ല എന്നു എന്തുറപ്പാണ് എന്നു ചോദിച്ചു….

അവളുടെ വാക്കുകൾക്ക് ഉത്തരം ഇല്ലാതെ.. എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു .. അമ്മ.. അമ്മ നിന്നെ കാണാൻ… സോറി അലീന ഞാൻ ഒരിക്കലും അമ്മ ഇങ്ങനെ പറയും എന്നു കരുതീല… അമ്മ കൂടെ ഉണ്ടാകും എന്നാണ് കരുതിയത്.. വേദനയോടെ അവളെ നോക്കുമ്പോളും

അവളുടെ മുഖത്തു പുഞ്ചിരിയായിരുന്നു വേദനകൾ ഒളിപ്പിച്ച നിറഞ്ഞ പുഞ്ചിരി…

എനിക്ക് അതിൽ പരാതി ഇല്ല ദച്ചാ. നിന്നോട് ദേഷ്യവും ഇല്ല.. ഞാൻ അനാഥയാണ്… അതിൽ എനിക്ക് ഇന്നുവരെ അപമാനം തോന്നിയിട്ടില്ല. കാരണം എന്റെ തെറ്റുകൊണ്ടല്ല ഞാൻ അനാഥ ആയതു..

നിനക്കറിയോ ഞങ്ങൾ കുഞ്ഞിലേ മുതൽ എല്ലാം ഉള്ളിലടക്കാൻ പഠിച്ചവരാണ്.. സ്വപ്നങ്ങൾ, സങ്കടങ്ങൾ, അമ്മമണം അങ്ങനെ എല്ലാം….

അറിവായ നാൾ മുതൽ കിട്ടുന്നതാണ് ഈ അവഗണന.. പക്ഷെ ഞങ്ങൾ… ഞങ്ങൾ അവഗണിക്കപ്പെടേണ്ടവരാണോ. തലകുനിച്ചു മാറി നിൽക്കേണ്ടവരാണോ.. ഈ ഭൂമി ഞങ്ങൾക്കും അവകാശപെട്ടതല്ലേ .. ആരുടയോക്കെയോ ഒരു നിമിഷത്തെ തെറ്റിൽ ജീവിതകാലം മുഴുവൻ അപമാനിക്കാൻ വിധിക്കപ്പെട്ടവർ.. അതല്ലേ ഞങ്ങൾ…

കുറേ പേര് വന്നു മക്കളുടെയും അമ്മമാരുടെയും ഒക്കെ പിറന്നാൾ ഞങ്ങളുടെ മുൻപിൽ വച്ചു ആഘോഷിക്കാറുണ്ട്… അവരൊക്കെ ചിന്തിയ്ക്കുന്നത് ചിലപ്പോൾ എന്തോ വല്യ കാര്യം ചെയ്തു എന്നാകാം .. അവരുടെ പ്രശസ്തിക്കു വേണ്ടി അവർ അത് ചെയ്യുമ്പോൾ ഓർമിക്കാറുണ്ടോ അവിടെ നിൽക്കുന്ന കുരുന്നുകളുടെ മനസു…അവരുടെ ചിന്തകൾ.

ഞങ്ങളുടെ ജീവിതത്തിൽ ഇതുപോലെ നിറങ്ങൾ ഒരിക്കലും കിട്ടില്ല എന്ന തിരിച്ചറിവിൽ അവരുടെ ഹൃദയം തേങ്ങുന്നത് ആരെങ്കിലും കാണാറുണ്ടോ.. ഇല്ല.. ഒരിക്കലും ആരും അതറിയാൻ ശ്രമിച്ചിട്ടുപോലും ഉണ്ടാകില്ല..

മതിയായി ദച്ചാ.. എല്ലാം… സ്നേഹിച്ചതും സ്നേഹിക്കപ്പെട്ടതും ഒക്കെ. നാളെ നമുക്കൊരു കുഞ്ഞുണ്ടായാലും അവളുടെ അഡ്രസ്സും ചിലപ്പോൾ അനാഥയുടെ മകൾ എന്നാവും.. അങ്ങനെ ഒരു കുടുംബത്തിലേക്ക് വരാൻ എനിക്ക് താല്പര്യം ഇല്ല ദച്ചാ ..

അലീന നിനക്ക് കഴിയോ എന്നെ വിട്ടു അകലാൻ…. ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം എന്റെ അമ്മയെ… എന്റെ സങ്കടങ്ങൾക്ക് മുന്നിൽ ഒരുപാട് നാള് കണ്ണടയ്ക്കാനും മുഖം തിരിക്കാനും അവർക്കു കഴിയില്ലടോ..

ഇല്ല.. ഇനി അവര് സമ്മതിച്ചാലും അവരുടെ മുന്നിൽ എനിക്ക് വരാൻ കഴിയില്ല ദച്ചാ.. കണ്ടിട്ടില്ലെങ്കിലും എത്ര ദേഷ്യമാണെന്ന് പറഞ്ഞാലും ഞങ്ങളിൽ ഓരോരുത്തരും ഞങ്ങളുടെ അമ്മയെ ഹൃദയത്തിന്റെ ഉള്ളറയിൽ സ്വർണത്തിൽ പൊതിഞ്ഞാകും വച്ചിരിക്കുന്നത്.. അങ്ങനെ ഞാൻ കരുതുന്ന ഒരാളെയാണ് നിന്റെ അമ്മ അങ്ങനെ ഒക്കെ പറഞ്ഞത്… ഇനിയും അവരുടെ മുന്നിൽ വന്നു സ്നേഹം അഭിനയിക്കാൻ എനിക്ക് കഴിയില്ല…

നീ എന്തൊക്കെ പറഞ്ഞാലും നിന്നെ മറന്നു എനിക്ക് കഴിയില്ല അലീന. നിനക്കായി ഞാൻ കാത്തിരിക്കും…

അതൊക്കെ വെറും തോന്നലുകളാണ്.. പണ്ട് എവിടയോ വായിച്ചതുപോലെ ഓർക്കുന്നതിനേക്കാളും വേഗം മറക്കുന്നവർ ആണ് മനുഷ്യർ… ഓർമയുടെ കൂരമ്പുകൾ എല്ലാരേയും വേട്ടയാടാറില്ല…. ഓർമകളെ ജയിക്കുന്നവൻ ജീവിതത്തെ ജയിച്ചവനാണ്.. നിനക്കും അതിനു കഴിയട്ടെ…

ഞാൻ പോകുകയാണ് ദച്ചാ ഈ നാട്ടിൽ നിന്നും… അനാഥ എന്ന പേരിൽ നിന്നും അലീന എന്ന വ്യക്തിയെ കാണാൻ കഴിയുന്നവരുടെ ഇടം തേടി… എന്നെ തടഞ്ഞാലും ഞാൻ നിൽക്കില്ല.. വെറുതെ അതിനു ശ്രമിച്ചു എന്നെ സങ്കടങ്ങളുടെ പറദീസയിൽ നീ തള്ളരുത്…

എന്നിൽ നിന്നും തിരികെ നടക്കുന്ന അവളുടെ കണ്ണുനീർ എന്നെ ചുട്ട്പോള്ളിക്കുന്നുണ്ടെന്നു തോന്നി… ആ കടൽക്കരിയിൽ നിന്നും മടങ്ങുമ്പോൾ തിരയടങ്ങാത്ത കടലുപോലെ ശ്കതമായ തിരമാലകൾ എന്റെ ഉള്ളിലും അടിച്ചു തുടങ്ങിയിരിന്നു. ഒരിക്കലും അവയ്ക്കൊരവസാനം ഇല്ലാത്തതു പോലെ..

അനാഥത്വം ശാപം ആകാത്ത, ജാതിയും മതവും സ്നേഹത്തിനു അതിർവരമ്പുകൾ ഇല്ലാത്ത ഒരു നാളെ ഉണ്ടാകത്തിടത്തോളം കാലം അലീനയും ദച്ചനും പുനർജനിച്ചു കൊണ്ടിരിക്കും..