രചന: Shahina Shahi
അയാൾ ആദ്യമായാ പടിക്കൽ ചെന്നപ്പോൾ അവൾ അയാളെ കട്ടു നോക്കിയിരുന്നു.
രണ്ടാം നാൾ അവളുടെ അമ്മ അയാളിൽ നിന്ന് മീൻ വാങ്ങുമ്പോൾ വാതിൽ പടിക്ക് അപ്പുറത്ത് നിന്നവൾ പുഞ്ചിരിക്കുന്നത് അയാളും കണ്ടിരുന്നു.
അവൾ തന്നെ മീൻ വാങ്ങാൻ വന്ന അന്ന് മുഴുത്ത ഒരയല കൂടി അവളുടെ വക്ക് പൊട്ടിയ പാത്രത്തിലേക്ക് അധികം ഇട്ട് കൊടുക്കുമ്പോൾ നാണത്തോടെ വിരൽ കടിച്ച് ഓടുന്നവളെ നോക്കി നിൽക്കെ അയാളുടെ ഉള്ള് നിറഞ്ഞിരുന്നു.
തൊട്ടടുത്ത ദിവസം അയാൾ എത്തും മുന്നേയവൾ അയാളെയും കത്തിരിപ്പുണ്ടായിരുന്നു.ചേച്ചിയും ഉണ്ട്, ഇന്ന് രണ്ട് മീൻ ഫ്രീ വേണംന്ന് പറഞ്ഞ് വാശി പിടിക്കുന്നവൾക്ക് അന്നും അയാൾ അതികം നൽകിയിരുന്നു.
അതികം കിട്ടിയ രണ്ട് മീനും കൊണ്ട് തുള്ളി ചാടി ഓടുന്നവളെ നോക്കി നിൽക്കുന്നയാളെ കണ്ട് അയാൾക്ക് ആ കുട്ടിനോട് പ്രേമമാണെന്ന് മീൻ വാങ്ങാൻ വന്ന രണ്ട് പെണ്ണുങ്ങൾ അടക്കം പറയുന്നുണ്ടായിരുന്നു.
പൈസ ഇല്ലാന്ന് വിളിച്ചു പറഞ്ഞ് കോലായയിൽ സങ്കടപ്പെട്ടിരിക്കുന്നവളെ കണ്ട അന്ന് മടങ്ങുമ്പോൾ ഒരു പൊതി മീനയാൾ അവൾക്കും ബാക്കി കരുതിയിരുന്നു.
അതിന് പകരമെന്നോണം ഉപ്പു കലക്കിയ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം നൽകുമ്പോൾ അയാൾ അതിന്റെ കയ്യിൽ പിടിച്ചിരുത്തി മരിച്ചു പോയ തന്റെ കുട്ടിയുടെ അതേ ഛായയാണ് നിനക്കെന്ന് പറഞ്ഞവളുടെ തലയിൽ തലോടുമ്പോഴാണ് ആ കുട്ടിയുടെ അമ്മ ഒച്ച വെച്ചത്…
“എന്റെ കുട്ടിയെ നശിപ്പിക്കാൻ നോക്കാണോ നീ…”
ഓടിക്കൂടിയ അയൽവാസികളയാളെ മർധിക്കുമ്പോൾ, അയാൾക്ക് പണ്ടേ അവളോട് പ്രേമമായിരുന്നെന്നു പറയുന്ന പെണ്ണുങ്ങൾക്കിടയിൽ നിന്നും അയാൾ പാവമാണെന്ന ആ കുട്ടിയുടെ ശബ്ദം മാത്രം ആരും കേട്ടില്ല.അവളുടെ അമ്മ അതിനു ചെവികൊടുത്തതുമില്ല…
അടുത്ത പകലിൽ ഏറെ കാലത്തെ ആ കുട്ടി അയാളെ കാത്ത് ഉമ്മറപ്പടിയിൽ ഇരുത്തം ഉറപ്പിച്ചിരുന്നു…അന്നയാൾ വന്നില്ല. അവൾ പല ദിവസം കാത്തിരുന്നു. പിന്നീട് ഒരിക്കലും അയാൾ വന്നില്ല.
വഴിവക്കിലെ ആൽമരച്ചോട്ടിൽ അവളയാളെ കണ്ടന്ന് ഓടി ചെന്ന് കെട്ടിപിടിച്ച് നിങ്ങളുടെ മോളാണെന്നു പറഞ്ഞ് അന്ന് ഉണ്ടായതിൽ ഒക്കെ ക്ഷമിക്കണം എന്നു കൂടെ കൂട്ടി ചേർക്കുമ്പോൾ അയാളുടെ കണ്ണ് നിറഞ്ഞിരുന്നു. ആ കവിൾ കയ്യിലെടുത്ത് ഏറെ നേരം അയാൾ നോക്കി നിന്നിരുന്നു. എന്റെ മോൾ… എന്റെ മോൾ… അയാൾ വിതുമ്പുന്നുണ്ടായിരുന്നു.
ഒരിക്കൽ ആളൊഴിഞ്ഞ അയാളുടെ കുടിലിൽ കൊണ്ട് പോയി മണ് മറഞ്ഞു പോയ അയാളുടെ ഭാര്യയേയും കുഞ്ഞിനേയും കാണിച്ച് കണ്ണ് നിറച്ച് നിനക്ക് എന്നെ അച്ചാന്ന് വിളിച്ചൂടെ എന്നയാൾ ചോദിക്കുമ്പോൾ ഒരച്ഛന്റെ സ്നേഹമിത് വരെ കിട്ടാത്ത അവളുടെ കണ്ണും നിറയുന്നുണ്ടാരുന്നു.
പിന്നീട് ഓരോ ദിവസവും സ്കൂൾ വിട്ട് മടങ്ങുമ്പോൾ അവൾ അയാളെ കാണാൻ ചെന്നിരുന്നു.അച്ഛാന്ന് വിളിക്കുമ്പോൾ അയാൾ കണ്ണു നിറച്ചു കൊണ്ട് അവളുടെ കവിളിൽ ചുംബിച്ചിരുന്നു.അവൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട നാരങ്ങാ മിട്ടായി കൈ നിറയെ അവൾക്കായയാൾ കരുതി വെക്കാറുണ്ടായിരുന്നു.
അമ്മ തളർന്നു വീണ് കാലൊടിഞ്ഞ് ഹോസ്പിറ്റലിലായ അന്ന് ആ കുട്ടി അച്ചാന്ന് വിളിച്ച് ആദ്യം ഓടിയത് അയാളെ തിരഞ്ഞായിരുന്നു.തുങ്ങിയാടിയ തുടയെല്ലിന്റെ ശസ്ത്രക്രിയക്ക് ലക്ഷങ്ങൾ പറഞ്ഞപ്പോൾ കണ്ണ് നിറച്ച് നിൽക്കുന്ന അവളുടെ അമ്മക്ക് മുന്നിൽ അയാൾക്ക് രണ്ടാമതൊന്ന് ചിന്തിക്കാനുണ്ടായിരുന്നില്ല.
ആകെയുണ്ടായിരുന്ന മൂന്ന് സെന്റിലെ കുടിലും പറമ്പും വിറ്റയാളാ ബില്ലടച്ച് മോൾക്ക് സന്തോഷായില്ലേന്ന് ചോദിച്ചവളുടെ കയ്യിൽ കൊടുക്കുമ്പോൾ കുറ്റബോധത്തോടെ അവളുടെ അമ്മ പൊട്ടിക്കരയുന്നുണ്ടായിരുന്നു.
ഡിസ്ചാർജായി ഹോസ്പിറ്റലിൽ നിന്ന് പടിയിറങ്ങുന്ന അന്ന് വിറ്റ വീട്ടിൽ നിന്നയാൾ കയ്യിൽ കരുതിയ അയാളുടെ കുഞ്ഞിന്റെയും ഭാര്യയുടെയും ഫോട്ടോ ഹൃദയത്തിൽ ചേർത്ത് പിടിച്ചയാൾ എങ്ങോട്ടെന്നില്ലാതെ നടക്കാൻ ഒരുങ്ങുമ്പോൾ വീൽചെയറിൽ ഇരുന്ന് അവളുടെ അമ്മ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു ചോദിച്ചു.
എന്റെ മക്കൾക്ക് അച്ഛനായി കൂടെ വന്നൂടെ…
അയാൾ കണ്ണു നിറച്ചു… ചേർത്തു പിടിച്ചു…
(എന്റെ പരീക്ഷണങ്ങൾ😊..)