രചന: സുമയ്യ ബീഗം TA
കൂടുതൽ പേടിപ്പിക്കേണ്ട, നമുക്ക് തീരുമാനിക്കാം ഒരുമിച്ചു സമദാനത്തോടെ. അല്ലാതെ ചുമ്മാ ആണത്തം കാണിക്കാൻ തുടങ്ങിയാൽ ഞാനും അങ്ങ് തുടങ്ങും. പിന്നെ പോലീസും വനിതാ കമ്മീഷനും ഒക്കെ ഇങ്ങു പോരും. ഇനി അതല്ലെങ്കിൽ ചാനലുകളിൽ രണ്ടും മൂന്നും കെട്ടി നടക്കുന്ന ചില പെമ്പ്രന്നോർ നടത്തുന്ന വിചാരണ ഉണ്ടല്ലൊ അതിൽ പോയി പരാതി കൊടുക്കും. എനിക്കിനി ഒന്നും നോക്കാനില്ല.
കവിളിലെ തിണിർത്ത പാടുകളിൽ വിരലമർത്തി ഞാൻ മുരണ്ടപ്പോൾ ആ വിഷപ്പാമ്പ് പതിയെ പത്തി താഴ്ത്തി.
എന്താ നിനക്കിപ്പോൾ വേണ്ടത് ?അതുപറ.
നിങ്ങളും ആ ഹിന്ദിക്കാരിയും തമ്മിലുള്ള ബന്ധം ഉള്ളതാണോ എന്ന ചോദ്യത്തിന് തന്ന മറുപടി ആണല്ലോ കവിളിൽ കിടക്കുന്നതു. അത് ഞാൻ ക്ഷമിച്ചു. എനിക്കിനി ഒന്നേ വേണ്ടു ഡിവോഴ്സ്. എത്രയും പെട്ടന്ന്.
എന്താടി ഓലപ്പാമ്പു കാണിച്ചു പേടിപ്പിക്കുക ഒന്നുപോടീ എല്ലാം ആലോചിച്ച് തന്നെയാണോ നിന്റെ ചാട്ടം.
ചാടിയതും ചാടാൻ ഇനിയും പോകുന്നതും ഞാൻ അല്ല നിങ്ങളാണ്. കോയിക്കൽ തറവാട്ടിലെ ഇളയ സന്താനം ഇത്രയും മിടുക്കൻ ആണെന്ന് അധികമാർക്കും അറിയില്ല.
ഇപ്പോൾ അറിഞ്ഞല്ലോ വേണേൽ ഇനിയും അറിയിക്കാം. നിന്നെ പോലൊന്നിനെ ചുമക്കാൻ ഒരു കൊതിയും ഇല്ല. നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാൻ ഒരെണ്ണം. പിന്നെ തലമുറ നശിക്കാതിരിക്കാൻ എനിക്കു ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ പ്രസവിച്ചു തരാനും ഒരു മെഷീൻ. സൗകര്യമില്ലേൽ പോയി പണി നോക്കടി.
സൗകര്യം അശേഷം ഇല്ല. നിങ്ങൾ അനുഭവിച്ച രാത്രികൾ ഒന്നും എന്റേത് ആയിരുന്നില്ല. സ്നേഹം, ഭാര്യ എന്ന പദവി, മണ്ണാങ്കട്ട ഇതൊന്നും എനിക്കു വേണ്ടാരുന്നു. വേണ്ടാന്ന് വെച്ചതു എനിക്കു വേറൊരാൾ ഉള്ളതുകൊണ്ടോ, ഇഷ്ടമില്ലാത്ത കല്യാണം ആയതുകൊണ്ടോ ആയിരുന്നില്ല.
ആദ്യ നാൾ തൊട്ടു നിങ്ങൾ കാണിച്ച അവഗണയിൽ നിന്നും എനിക്കുള്ള സ്ഥാനം ഞാൻ മനസിലാക്കി. കെട്ടിച്ചതിന്റെ നാലാം നാൾ കെട്ടുതാലി പറിച്ചെറിഞ്ഞാൽ ചിരിക്കാനും പരിഹസിക്കാനും കുറച്ചുപേർ അടുത്ത ബന്ധുക്കളുടെ രൂപത്തിൽ ഉള്ളതുകൊണ്ട് അങ്ങ് സഹിച്ചു. ആരുടെയും മുമ്പിൽ തോൽക്കാൻ എനിക്കും മനസ്സില്ലായിരുന്നു.
എന്നിട്ടിപ്പോ എല്ലാരും നിന്നെ അങ്ങ് അനുഗ്രഹിക്കുവോ ?
അതെനിക്കറിയണ്ട അതിലും വലുത് ഒക്കെ നടന്നല്ലോ. നിങ്ങളുടെ ഫോണിലെ വാട്സ് അപ്പിൽ പിറന്ന പടി കിടപ്പുണ്ടല്ലോ ഒരുത്തി നിങ്ങടെ അസിസ്റ്റന്റ് ഹിന്ദിക്കാരി ശീതൾ. അവളുടെ മുഴുപ്പിനും തുടിപ്പിനും ശമിപ്പിക്കാൻ പറ്റുന്നതൊന്നും എന്നെ കൊണ്ടു സാധിക്കില്ല. മാത്രല്ല പലതിനെയും പ്രാപിച്ചിട്ടു വരുന്ന നിങ്ങൾ എന്നെ തൊടുമ്പോൾ എല്ലാം അറിഞ്ഞു നിന്ന് തരാൻ എനിക്കിനി പറ്റില്ല.
ഇതൊക്കെ നീ ആരോടേലും പറഞ്ഞാൽ ജീവനോടെ ചുടും ഓർത്തോ.
ഒന്നുപോ മനുഷ്യ, ആ ഫോട്ടോസ് ഒക്കെ എത്തേണ്ടിടത്തു എത്തിയിട്ടുണ്ട്. നിങ്ങൾ എന്നെ കൊന്നാൽ മിനുറ്റുകൾക്കകം തെളിവുകളുമായി എത്തേണ്ടവർ എത്തും അതൊക്കെ ചെയ്തു വെച്ചിട്ടു തന്നെയാ നേരെ നിന്ന് ചോദിക്കുന്നത്.
ഡി !
ആ കൈ ഇനി ഉയർത്തണ്ട മൻസൂർ. എനിക്കു ഇതൊന്നും പ്രശ്നമല്ല നാണം കെടുത്താനും ഞാൻ വരില്ല ഒന്നേ വേണ്ടു ഡിവോഴ്സ്.
സമ്മതം.
അത്രയും പറഞ്ഞു കണ്ണാടിയിലേക്ക് സർവം ദഹിപ്പിക്കാനുള്ള ദേഷ്യത്തോടെ ബോഡി ലോഷന്റെ ബോട്ടിൽ എറിഞ്ഞു മൻസൂർ റൂം വിട്ടപ്പോൾ സിതാരയുടെ ജീവിതം ആദ്യ അധ്യായം ആയിരം കഷണങ്ങളായി പൊട്ടി ചിതറി.
*********
ഒത്തിരി അലങ്കാരങ്ങൾ ഒന്നും ഇല്ല, മെത്തയിൽ കുറെ മുല്ലപ്പൂ വാരി വിതറിയിട്ടുണ്ട്. ചെറിയ റൂം. വലിയ വിലയുള്ള ഫർണിച്ചേർസ് ഒന്നുമില്ല. തുറന്നിട്ട ജനാലയിലൂടെ തണുത്ത കാറ്റ് വീശുന്നുണ്ടെങ്കിലും ഉള്ളിൽ നെരിപ്പോടാണ്. ചൂടുവെള്ളത്തിൽ ചാടിയ പൂച്ചയാണ് പച്ചവെള്ളം കണ്ടാലും പേടിക്കും. അതുകൊണ്ട് ആവാം വല്ലാതെ നെർവസ് ആവുന്നുണ്ട്. കൈയും കാലുമൊക്കെ വിറക്കുന്നപോലെ അത് സ്വപ്നങ്ങളുടെ കുളിരിൽ അല്ല ഇനിയും കടന്നുപോകേണ്ട അഗ്നിപരീക്ഷണങ്ങൾ ഓർത്തു വിറകൊള്ളുന്നതാണ്.
ആ സിതാര കിടന്നോളു ഞാൻ വരാൻ ഇത്തിരി താമസമുണ്ട്.
അത്രയും പറഞ്ഞു മറുപടി കാക്കാതെ ഫാസിക്ക വാതിൽ ചാരി.
വെട്ടം അണച്ചു മെത്തയിലേക്കു കിടക്കവേ എങ്ങനെ ഈ രാത്രി വെളുപ്പിക്കും എന്നോർത്തു അറിയാതെ വിതുമ്പി. ഇനിയും നല്ലതൊന്നും ബാക്കി ഇല്ലെന്ന തിരിച്ചറിവ് ഇവിടെയും അധികപ്പറ്റാണ്. ജീവിതത്തിൽ താലി കെട്ടിയ രണ്ടുപുരുഷന്മാർക്കും തന്നെ ആവശ്യമില്ല. ഉറക്കെ പൊട്ടിക്കരയാൻ തോന്നി. കണ്ണീർ കവിളുകളെ ചുംബിക്കവേ പുറത്ത് ഭൂമിയിലേക്ക് മഴത്തുള്ളികൾ അനുഭൂതികളായി പെയ്തിറങ്ങി. പെട്ടന്ന് ഒരു ഇടിമിന്നിയപ്പോൾ ഉമ്മാന്റെ മുഖം ഓർമ വന്നു.
എന്റെ സിറ്റ, നീ എന്തു ഭാവിച്ചു തുടങ്ങുക മോളെ. മൻസൂറിനെ നീയായിട്ടു വേണ്ടെന്നു വെച്ചാൽ ലോകം മൊത്തം നമ്മളെ പഴിക്കും. അല്ലേലും ഇത്തിരിയൊക്കെ കണ്ടില്ല കേട്ടില്ല എന്ന് വെക്കണം. ഒരു പ്രായം കഴിയുമ്പോൾ അവൻ നേർവഴിക്കാവും ഇതൊക്കെ ഒരു പ്രായത്തിന്റെ ചോരത്തിളപ്പ് അങ്ങനെ കണ്ടാൽ പോരെ അല്ലാതെ എല്ലാം ഇട്ടെറിഞ്ഞു വരാൻ അത്രയ്ക്ക് മണ്ടിയാണോ നീ.
എന്താണ് ഉമ്മ നിങ്ങൾ ഒക്കെ പറയുന്ന എല്ലാം, പണവും പ്രതാപവും ആണോ ?കല്യാണം കഴിഞ്ഞു പിറ്റേ ആഴ്ച ബിസിനസ് ആവശ്യങ്ങൾക്ക് എന്നുപറഞ്ഞു ബോംബേക്കു പോയതാ. മാസത്തിൽ ഒന്ന് വരും ആരെയൊക്കെയോ ബോധിപ്പിക്കാൻ. എപ്പോഴെങ്കിലും അയാൾ എന്നെ ഉപയോഗിക്കും അയാൾക്കു വേണം എന്നുതോന്നുമ്പോൾ കുറച്ചുനേരത്തേക്കു. നീറുന്ന വേദനകളും ദയയോ പ്രണയമോ ഇല്ലാത്ത ആ വേഴ്ചകളും എന്നും ഞാൻ വെറുത്തിട്ടെ ഉള്ളൂ. ഇപ്പോൾ എല്ലാത്തിനും കൂടി ഒരു കാരണം കിട്ടി. പടച്ചോൻ എന്നെ രക്ഷപെടുത്തിയതാ.
സിറ്റ, നീ പറയുന്നതൊന്നും മനസിലാവാഞ്ഞിട്ടല്ല. അതിലപ്പുറം ചില സത്യങ്ങൾ ഉണ്ട്. നീ അത് മനസിലാക്കണം.അവനെ മാറ്റിയെടുക്കുന്നതിലാണ് നിന്റെ കഴിവ്. ഇനി ഇതു വേണ്ടാന്ന് വെച്ചു വേറൊരു കല്യാണം നടത്തിയാലും ഒരു രണ്ടാം കെട്ടുകാരി പെണ്ണിന് ഇതുപോലൊക്കെ ഒരുത്തനെ കിട്ടു അതിലും ഭേദം.
ഉമ്മ പ്ലീസ് നിങ്ങളൊന്നു നിർത്തു. ഒരു ആണിനെ നല്ല വഴിക്കു കൊണ്ടുവരാനുള്ള കോഴ്സ് ആണോ ഉമ്മാ ഒരു പെണ്ണിന്റെ ജീവിതം ഇത്രയും നാൾ കണ്ട കിനാക്കൾ.
സിറ്റ, ഞാനൊക്കെ വളർന്നത് ഒത്തിരി വിഷമതകളും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യവും യൗവനവും താണ്ടിയാണ്. ആ അനുഭവങ്ങൾ പഠിപ്പിക്കുന്നത് എടുത്തുചാടാനല്ല സഹിക്കാനും പൊരുത്തപ്പെടാനും മാത്രമാണ് . നിന്നെ സംബന്ധിച്ചു കുഞ്ഞുനാൾ തോട്ടു ഉപ്പ ഒരു രാജകുമാരിയെപോലെ വളർത്തി, പഠിപ്പിച്ചു. ഇങ്ങോട്ട് ചോദിച്ചു വന്ന മുന്തിയ കുടുംബക്കാരനു നിക്കാഹ് നടത്തി. അപ്പോൾ പിന്നെ നിനക്ക് എന്തും ആവാം.
എന്താണ് ഉമ്മാ കണ്ണടച്ചു ഇരുട്ടാകുന്നത് ഞാൻ ഒരാളെ പ്രേമിച്ചു വാശി പിടിച്ചു നേടിയെടുത്ത ബന്ധമല്ല. നിങ്ങൾ കണ്ടുപിടിച്ച ആൾ ആണ് മൻസൂർ. ചെക്കനെപ്പറ്റി കൂടുതൽ അന്വേഷിക്കേണ്ടത് നിങ്ങളായിരുന്നു. എന്നിട്ട് കുടുംബപേര് കണ്ടപ്പോൾ ചുമ്മാ ഒന്നു തിരക്കി അങ്ങ് നടത്തി . മൻസൂറിന്റെ ഫോണിലെ ഫോട്ടോസ് കണ്ടു ഞാൻ നടത്തിയ അന്വേഷണങ്ങളിൽ കിട്ടിയത് ഒരു ഭാര്യക്കും സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ മാത്രാരുന്നു. ചെന്നൈയിലും ബോംബെയിലും ബിസിനെസ്സ് എന്നുപറഞ്ഞു കറങ്ങി നടക്കുന്ന മൻസൂറിന് ഒത്തിരി വെപ്പാട്ടിമാർ ഉണ്ട് ശീതൾ അതിലൊന്ന് മാത്രം . എന്നിട്ടും ആ വിഴുപ്പു ഞാൻ ചുമക്കണോ ആ താലി എന്റെ മാറിനെ ചുട്ടുപഴുത്ത ലോഹം പോലെ പൊള്ളികുമ്പോൾ.
ഉമ്മാ പറഞ്ഞ അഡ്ജസ്റ്മന്റ് ഞാൻ കണ്ടിട്ടുണ്ട് നമ്മുടെ കുടുംബത്തിൽ തന്നെ വലിയുപ്പടെ ഇളയ സഹോദരൻ മരിച്ചപ്പോൾ ആ ഉമ്മാ കരയുക പോയിട്ട് ആ മയ്യിത്തിലേക്കു ആർദ്രമായി നോക്കുന്നു കൂടി ഉണ്ടാരുന്നില്ല. ഞാൻ അവരുടെ കണ്ണിൽ കണ്ടത് പക മാത്രമാണ്. ആ ഭർത്താവിന്റെ ഏഴു മക്കളെ പ്രസവിച്ച ആ സ്ത്രീ ഭർത്താവിനോട് നീണ്ട പതിനഞ്ചു കൊല്ലം സംസാരിച്ചില്ല. പൊരുത്തം പോലും വാങ്ങാതെ ആ ഇളയാപ്പ മരണപ്പെട്ടു. അന്ന് അതിന്റെ കാരണം അറിയാതെ ഒരു കൂരയിൽ രണ്ടു മനസായി പരസ്പരം മിണ്ടാത്തെ ജീവിക്കുന്ന അവർ എനിക്കത്ഭുതമരുന്നു ഇന്ന് മനസിലാവുന്നുണ്ട് ആ ഉമ്മയുടെ വേദന മക്കളെ ഓർത്തു സമൂഹത്തെ പേടിച്ചു പാവയ്ക്കാ നീര് പോലെ കയ്‌പേറിയ നിമിഷങ്ങൾ അനുഭവിച്ചു അതിലേറെ അഭിനയിച്ചു തീർത്ത വേദന. എനിക്കു വയ്യ ഉമ്മാ അങ്ങനെ ജീവിച്ചിരിക്കുമ്പോൾ തന്നെ മയ്യത്താവാൻ.
മോളെ…
വേണ്ട സുബൈദ ഇനി ഒന്നും അവളോട് പറയണ്ട. മോളെ നീ ബാക്കി കൂടി പഠിക്കുക ഒരു ജോലി വാങ്ങുക. ഉപ്പ ഒരു തെറ്റ് ചെയ്തു അത് ഞാൻ തന്നെ തിരുത്തും.
പഠിച്ചു വാശിയോടെ, ജോലിയായി. വർഷം അഞ്ചു കഴിഞ്ഞു. അപ്പോഴാണ് ഫാസിലിക്കടെ ആലോചന വന്നത്. ഭാര്യയായി ജീവിക്കാൻ ഒരു കുഞ്ഞിന്റെ അമ്മയാവാൻ വെമ്പുന്ന മനസ്സ് എത്ര അടക്കിവെച്ചിട്ടും പിടിതന്നില്ല..മാട്രിമോണി സൈറ്റിൽ ആ പേരും ഫോട്ടോയും കണ്ടപ്പോൾ ശെരിക്കും ഞെട്ടിപ്പോയി സത്യത്തിൽ വർഷങ്ങൾക്കു മുമ്പ് ആദ്യം വന്ന ആലോചന ആണ് ഈ ഇക്കയുടെ.
ഫാസിലിക്ക ആദ്യം കാണാൻ വന്നപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. സാമാന്യം സുന്ദരൻ. അൽപ്പം പരുക്കാനായി തോന്നി. എല്ലാം ഇഷ്ടപ്പെട്ടു അവര് പോയെങ്കിലും ഉപ്പ അതിലും നല്ല മൻസൂറിന്റെ ആലോചന വന്നപ്പോൾ ഇതു വേണ്ടാന്ന് വെച്ചു. വിധിവൈപരീതം വീണ്ടും അതെ ഫാസിലിക്ക. ആളും ഡിവോഴ്‌സ്ഡ് ആണ്.
രണ്ടാമത് ഫാസിലിക്ക വന്നപ്പോൾ കൂടുതൽ സംസാരിച്ചത് ഉപ്പയുമായി ആണ്. പരസപരം വിവാഹ മോചനങ്ങളുടെ കാരണങ്ങൾ ചർച്ച ചെയ്യുന്നുണ്ടായിരുന്നു. എന്നോട് ആകെ ചോദിച്ചത് ശരിക്കും സമ്മതം ആണോ എന്ന് മാത്രമാണ്.
പൂർണ സമ്മതം എന്ന മട്ടിൽ ചിരിച്ചു തലതാഴ്ത്തുമ്പോൾ എന്റെ ഉറപ്പ് നാട്ടിൽ ആ വ്യക്തിക്കുള്ള മതിപ്പു ആരുന്നു . ഉപ്പയും ബന്ധുക്കളും തിരക്കി ചെന്നിടത്തെല്ലാം അദ്ദേഹത്തെപ്പറ്റി നല്ലതേ കേട്ടുള്ളൂ. ആദ്യം ഫാസിലിക്ക വിവാഹം ചെയ്ത കുട്ടിയെപ്പറ്റി മോശമായി പലരും പറഞ്ഞു അത് ഞാൻ കാര്യമാക്കിയില്ല കാരണം എന്നെ പറ്റി നാട്ടുകാർ പറയുന്നതും ഇതൊക്കെ ആവാം സത്യം റബ്ബിനറിയാം റബ്ബിന് മാത്രം.
അങ്ങനെ ഇന്ന് ഞാൻ വീണ്ടും മണവാട്ടിയായി ഒറ്റയ്ക്ക് മണിയറിയിൽ. ഉമ്മാടെ വാക്കുകൾ അറംപറ്റിയോ മന്സൂറിനെപോലെ മറ്റൊരാൾ മാത്രമോ ഫാസിലിക്കയും. ഓരോന്ന് ഓർക്കവേ ബെഡ്റൂമിന്റെ വാതിൽ മെല്ലെ തുറന്നു ആരോ നോക്കുന്നു. തല ചെരിച്ചു നോക്കുമ്പോൾ ഫാസിലിക്കടെ ഉമ്മയാണ്.
മോൾ ഉറങ്ങിയോ എന്നറിയാൻ വന്നതാ പുതിയ സ്ഥലമല്ലേ പെട്ടന്നു ഉറക്കം വരില്ല. മോൾ ബേജാറാവണ്ട അവൻ ഒരു അത്യാവശ്യത്തിനു ആശുപത്രി വരെപോയതാ. അവന്റെ കൂട്ടുകാരൻ രാജേഷിന്റെ അച്ഛന് അസുഖം കൂടുതലായി. വല്യ സാമ്പത്തികം ഒന്നുമില്ല ഇവർ കൂട്ടുകാർ എല്ലാരും കൂടിയ സഹായിക്കുന്നത്. വൃക്ക തകരാറാണ്. ചികിത്സ തുടങ്ങിയിട്ട് കുറേനാളായി. കുറച്ചു പൈസ കൊണ്ടു കൊടുക്കാൻ പോയതാ ഇപ്പോൾ ഇങ്ങു വരും.എന്നാൽ മോൾ കിടന്നോളിൻ ഞാൻ ഒന്ന് വന്നു നോക്കിയെന്നെ ഉള്ളൂ.
ഉമ്മാക്ക് ബുദ്ധിമുട്ടിലെങ്കിൽ ഇക്കാ വരുന്നതുവരെ ഇവിടെ കിടക്കാം എനിക്കും ഉറക്കം വരുന്നില്ല.
അവൻ വരാതെ ഉറക്കം വരില്ല മോളെ അതൊരു ശീലമായി. അവനു 6 മാസം പ്രായമുള്ളപ്പോൾ അവന്റെ ഉപ്പ മരണപെട്ടതാ ആക്‌സിഡന്റ് ആയിരുന്നു അന്നുതൊട്ട് ഒത്തിരി കഷ്ടപ്പെട്ട് വളർത്തിയതാ മോനുവിനെ. ഞാൻ അങ്ങനാണ് ഫാസിലിനെ വിളിക്കുന്നത്. അടുത്തൊരു അങ്കണവാടിയിൽ ആയയായി ജോലികിട്ടി പിന്നെ അവധി ദിവസങ്ങളിൽ അടുത്തവീടുകളിൽ സഹായം ചെയ്തുകൊടുത്തു എങ്ങനെയൊക്കെയോ അവനെ വളർത്തി, പഠിപ്പിച്ചു. പലരും സഹായിച്ചു. കഷ്ടപ്പെട്ട് പഠിച്ചു മോനു, പി എസ് സി വഴി എൽ. ഡി ക്ലാർക്കായി ജോലി നേടി. അതുകഴിഞ്ഞാണ് കല്യാണാലോചന തുടങ്ങിയത്. അന്ന് മോളെ വന്നു കണ്ട് ഇഷ്ടപെട്ടതാ അപ്പോഴേക്കും മോൾടെ വാപ്പ മറ്റൊരു നികാഹ് ഉറപ്പിച്ചു . കുടുംബ പെരുമയും സ്വത്തും മോനുനു കുറവാരുന്നലോ. പിന്നെയും നാലഞ്ച് മാസം കഴിഞ്ഞപ്പോൾ ആണ് ആയിഷയുടെ ആലോചന വന്നത്. കേരളത്തിന് വെളിയിൽ ഒക്കെ പഠിച്ച കുട്ടി ആണെങ്കിലും കണ്ടാൽ ഒരു പാവം പെൺകൊച്ചരുന്നു.
എന്നെ വല്യ ഇഷ്ടരുന്നു അടുക്കളയിൽ ഒക്കെ സഹായിക്കും. ഇങ്ങനൊക്കെ ആണെങ്കിലും മുഖത്തു ഒരു തെളിച്ചവും ഇല്ലാരുന്നു അവനോടും വല്യ അടുപ്പമില്ല. ഒരുദിവസം അവൻ ജോലിക്കും ഞാൻ ഒരു ബന്ധുവീട്ടിലും പോയ അന്ന് അവളൊരു പണി കാണിച്ചു.
പഠിക്കുന്ന കാലത്ത് അവൾക്കൊരു ഇഷ്ടം ഉണ്ടാരുന്നു ഒരു നസ്രാണി പയ്യനുമായി ഈ കല്യാണം നടന്നപ്പോൾ ആ ചെക്കൻ അമേരിക്കയിൽ എങ്ങാണ്ടാരുന്നു ജോലി കിട്ടി പോയതാ ആ തക്കം നോക്കി ആയിഷയുടെ വീട്ടുകാർ നമ്മുടെ മോനുവിനെ കൊണ്ടു കെട്ടിച്ചതാ.ഇതൊന്നും ഞാനോ അവനോ അറിഞ്ഞില്ല. പലപ്പോഴും ഒറ്റയ്ക്കിരുന്നു കരയുന്ന കണ്ടിട്ടുണ്ട്. വീട്ടുകാരെ പിരിഞ്ഞ സങ്കടം ആണെന്ന് ഓർത്തു ഞാൻ കാര്യമാക്കിയിരുന്നില്ല.
ആരുമില്ലാഞ്ഞ അന്ന് അവൻ അവളെ തേടി ഇവിടെ വന്നു അടുത്ത വീട്ടുകാർ കണ്ടു ചോദ്യം ചെയ്തപ്പോൾ അവൾ എല്ലാം അങ്ങ് തുറന്നുപറഞ്ഞു. അവൾക്കു അവനെ മതിയെന്ന് നാട്ടുകാരും വീട്ടുകാരും കേൾക്കെ പറഞ്ഞപ്പോൾ മോനു തകർന്നുപോയി. അന്ന് തന്നെ അവൾ അവന്റൊപ്പം ഇറങ്ങിപ്പോയി. മോനു തടഞ്ഞില്ല. എതിർത്തവരെ അവനാണ് പറഞ്ഞു തിരുത്തിയത്. ജീവിതത്തിൽ ഒത്തിരി ബുദ്ധിമുട്ട് സഹിച്ച കുട്ടിയ അവനാരുടെയും തട്ടിയെടുക്കാനോ സങ്കടം കാണാനോ കരുത്തില്ല. അന്നും പൊതുപ്രവർത്തനവും രാഷ്ട്രിയവും ഒക്കെ ഉണ്ട്.
മോളെ ഇതൊക്കെ നിന്നോട് പറഞ്ഞത് അവൻ ഒത്തിരി സങ്കടപ്പെട്ടതാ മോളെപോലെ തന്നെ ഏതാനും മാസത്തെ ദാമ്പത്യേ അവനും ഉണ്ടായിട്ടുള്ളൂ. ഇനി നീ വേണം അവനെ സ്നേഹിക്കാൻ. ചില്ലറ പിണക്കങ്ങളും രസക്കേടുകളും സ്വാഭാവികം പക്ഷേ അത് ഒരു രാവിനപ്പുറം നീട്ടരുത്. പൊരുത്തക്കേടുകൾക്കിടയിൽ ഉണ്ടാകുന്ന പൊരുത്തം. അങ്ങനൊരു മനപ്പൊരുത്തം ഉണ്ടാക്കിയെടുക്കണം.
ഉമ്മയുടെ സംസാരം കേട്ടുകൊണ്ടിരിക്കെ സമയം പോകുന്നതറിഞ്ഞില്ല. സർവപ്രതീക്ഷകളും തകർന്ന എനിക്കു ആ ഉമ്മയുടെ ഓരോ വാക്കുകളും പുതുജീവനായി.
പുറത്ത് ബൈക്ക് വന്നു നിൽക്കുന്ന സ്വരം കേട്ടപ്പോൾ ഉമ്മാ മോനു വന്നെന്നു പറഞ്ഞു വാതിൽ തുറക്കാൻ പോയി കൂടെ ഞാനും. വാതിൽ തുറന്നപ്പോൾ ഉമ്മയോടൊപ്പം എന്നെ കണ്ട ഫാസിലിക്ക ഒന്നമ്പരന്നു.
സിതാര ഉറങ്ങിയില്ലേ ?ഒന്നു ഹോസ്പിറ്റലിൽ വരെ പോകേണ്ടിവന്നു.
ഞാൻ കൊച്ചിനോട് എല്ലാം പറഞ്ഞു മോനു.
കുറവുണ്ടോ മൂപ്പർക്ക്?
മ്മ് തത്കാലം ആശ്വാസമായി.
എന്ന മക്കൾ ചെന്നുകിടക്കിൻ. ഉമ്മാ സ്വന്തം റൂമിലേക്ക് കയറി.
മണിയറയിൽ ഫാസിലിക്കയുടെ അടുത്തിരിക്കുമ്പോൾ ഒത്തിരി പരിചയം ഉള്ള ഒരാളെപ്പോലെ തോന്നിച്ചു.
എന്താ സിതാര ഇങ്ങനെ നോക്കുന്നത് ഉമ്മ പറഞ്ഞ കഥകളൊക്കെ കേട്ടാണോ ?
ഞാൻ വെറുതെ പുഞ്ചിരിച്ചു.
വർഷങ്ങൾക്കു മുമ്പേ ഒന്നാകേണ്ടവരാരുന്നു നമ്മൾ ഇല്ലേ ഫാസിലിക്ക.
വിധി !അത് ഇത്തിരി കറക്കിയെങ്കിലും ലാസ്റ്റ് നമ്മൾ ഒന്നായല്ലോ അതായിരിക്കും പടച്ചോന്റെ തീരുമാനവും.
സിത്താരക്ക് എന്തേലും എന്നോട് പറയാനുണ്ടോ ?ഒരുമിച്ചു ജീവിതം തുടങ്ങുന്നതിനു മുമ്പ്.
ആയിശയെപ്പോലല്ല ഇക്കാ ഞാൻ. എന്റെ മനസ്സിൽ മറ്റൊരാൾ ഇല്ല ഇങ്ങൾക്ക് വിശ്വസിക്കാം പിന്നെ ഇക്കാടെ ഭാര്യയായി മക്കളുടെ ഉമ്മയായി ഒരു കൊച്ചു ജീവിതമോഹമാണ് . മരണം വരെ കൂടെ ഉണ്ടാകും എന്ന ഉറപ്പ് അത്രേം മതി.
വാഗ്ദാനങ്ങൾ തരുന്നില്ല ജീവിച്ചു കാണിച്ചുതരാം മറ്റാരും സ്നേഹിക്കാത്തതുപോലെ സ്നേഹിക്കാം എന്താ പോരെ സിതാര.
അന്ന് അവരുടെ ആദ്യ രാത്രിയാരുന്നു രണ്ടു മനസ്സുകൾ ശരീരത്തിനൊപ്പം ഇണ ചേർന്നു.…
വിവാഹം കൊണ്ടു ഇരുട്ടിലായ ജീവിതങ്ങൾ ഒത്തിരി ആ വേർപിരിയലുകളിൽ പുതിയ പ്രത്യാശകൾ തളിർക്കട്ടെ… സ്നേഹപൂർവ്വം