എത്ര അടുപ്പമുണ്ടെന്ന് പറഞ്ഞാലും ഒരിക്കലും അനാവശ്യമായി ഒന്ന് നോക്കുകയോ സ്പർശിക്കുകയോ ചെയ്യാത്ത ബന്ധമായിരുന്നു…

രചന: ദിവ്യ അനു അന്തിക്കാട്

ഹോസ്റ്റൽ മുറിയിൽ ഒതുങ്ങി പോയൊരു “നിയ “! ആർക്കും വിശ്വസിക്കാൻ പറ്റാത്തൊരു മാറ്റം.

അമ്മയുടെ ചിറകിനടിയിൽ ഒതുങ്ങാനാഗ്രഹിച്ചിരുന്ന ഒരു പാവം പെൺകുട്ടിയുടെ മാറ്റം. ആർക്കും മനസ്സിലായില്ല ഇതിനുറവിടം എന്തെന്ന് !!

അഞ്ചു വർഷം മുൻപ് നഴ്സിങ് പഠനത്തിനായി ആന്ധ്രയിലെ വിജയവാഡയിലേക്കു പോയതാണ് “നിയ “എന്റെ മുറപ്പെണ്ണ്.

കൊച്ചുനാൾ മുതലേ വീട്ടുകാർ ഉറപ്പിച്ചു വച്ച ബന്ധം. എത്ര അടുപ്പമുണ്ടെന്ന് പറഞ്ഞാലും ഒരിക്കലും അനാവശ്യമായി ഒന്ന് നോക്കുകയോ സ്പർശിക്കുകയോ ചെയ്യാത്ത ബന്ധമായിരുന്നു.

അച്ഛനോ സഹോദരങ്ങളോ ഇല്ലാത്തതിന്റെ കുറവറിയിക്കാതെ അവൾക്കും അമ്മയ്ക്കും വേണ്ടുന്നതൊക്കെ ചെയ്തു കൊടുത്തിരുന്നു. ആത്മബന്ധം അത് വല്ലാത്തൊരവസ്ഥയാണ്. പഠിപ്പു കഴിഞ്ഞു ഞാൻ ജോലിക്കു കയറിയ സമയത്തു ഒരുപാട് വൈകി എത്തിയിട്ടും നിയയെ കാണാതെ വീട്ടിലേക്കു പോകില്ല. ഒരു ദിവസം അവളെ കാണാതെ ഇരിക്കാൻ പറ്റില്ലായിരുന്നു.

അവൾക്കും അങ്ങനെ തന്നെ. ഗോപുവിന്റെ പെണ്ണാണ് നിയ എന്ന് പറയിപ്പിക്കാനും അത് കേൾക്കാനും ഒത്തിരിയിഷ്ടമുള്ളവൾ.. പഠിക്കാനുള്ള സീറ്റ് കിട്ടിയപ്പോ “ഗോപുവേട്ടനില്ലാതെ പറ്റില്ല പോകുന്നില്ലെന്ന് വാശി പിടിച്ചവൾ”രണ്ട് വർഷമായി നാട്ടിലേക്കു വന്നിട്ട്. കാണാൻ പോയപ്പോഴൊക്കെ നിരാശപെട്ടു മടങ്ങേണ്ടി വന്നു.

എന്നെ ഓർക്കേണ്ട.. പക്ഷെ അവളുടെ ‘അമ്മ…ആ പാവത്തിന്റെ കണ്ണുനീരിന് ആര് സമാധാനം പറയും.

പലരും പറഞ്ഞു..”പുതിയ സ്ഥലത്തു പുതിയ ആളുകളെ കണ്ടപ്പോ നിന്നെ മറന്നു കാണും എന്ന് “ആയിക്കോട്ടെ…അവളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന എനിക്കവളെ വേദനിപ്പിക്കാൻ കഴിയില്ല. പക്ഷെ വീട്ടിൽ വരാതിരിക്കേണ്ട ആവശ്യമുണ്ടോ ?

ഹൃദയം നുറുങ്ങുന്ന വേദന തോന്നും പലപ്പോഴും. ഇത്രയേറെ സ്നേഹിച്ചിട്ടും തന്നെ വേണ്ടെന്നു വക്കാൻ കഴിഞ്ഞല്ലോ എന്നോർത്തിട്ട്…

പക്ഷെ അവളെ അങ്ങനങ്ങു ഉപേക്ഷിക്കാൻ കഴിയില്ല. ഒന്നുകൂടി ശ്രമിച്ചു നോക്കാം ഏതെങ്കിലും വഴിക്കെന്നാലോചിച്ചു ഇറങ്ങി തിരിച്ചതാ…ഇന്നേക്ക് മൂന്നു ദിവസം കഴിഞ്ഞു ഹോസ്റ്റലിൽ കയറിയിറങ്ങുകയാണ്. നിയ കാണാൻ കൂട്ടാക്കിയില്ലെന്നു മാത്രമല്ല..ഇങ്ങനൊരാളെ ഇനി കാണേണ്ട ആവശ്യമില്ല. താൻ വേറൊരാളുമായി പ്രണയത്തിലാണെന്നും ഇനി ശല്യം ചെയ്യരുതെന്നും പറഞ്ഞെഴുതിയൊരു കത്തും കൊടുത്തുവിട്ടു റൂംമേറ്റിന്റെ കൈയിൽ.

ഒന്നും ഇനി ചോദിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നിയില്ല…കാത്തിരിക്കേണ്ട ആർക്കുവേണ്ടിയും…എല്ലാം തീർന്നിരിക്കുന്നു. മരണം വരെ നെഞ്ചോടു ചേർക്കാൻ കൊതിച്ച പെണ്ണാണ്..

കരയരുതെന്നു കരുതിയിട്ടും കണ്ണ് ചതിച്ചു.. കത്ത് കൊണ്ടുവന്ന കുട്ടി കാണാതെ മുഖം തുടച്ചു..

“നിയയോട് കുട്ടിയൊരു കാര്യം പറയണം..ഗോപനൊരിക്കലും അവളുടെ ഇഷ്ടങ്ങൾക്കെതിര് നിൽക്കില്ല.പക്ഷെ അവളുടെ അമ്മയെ വന്നു കാണാൻ പറയണം. ആ അമ്മക്ക് വേറാരുമില്ല “

ഇതും പറഞ്ഞു നടക്കുമ്പോൾ പുറകിൽ നിന്നും ഒരു വിളി. ഒന്ന് നിലക്കോ..തിരിഞ്ഞു നോക്കിയപ്പോ റൂംമേറ്റാണ്.

“ഒന്നും പറയണ്ടായെന്ന് കരുതിയതാണ്. നിയയ്ക്കു വാക്ക് കൊടുത്തതാണ് ഗോപനോടൊന്നും പറയില്ലെന്ന്”..

“കുട്ടി കാര്യം പറയൂ “എന്താണെന്ന്. .

“അത് പിന്നെ.. നിയ പറഞ്ഞതൊന്നും സത്യമല്ല. അവൾക്കിപ്പോഴും ഗോപനെന്നു പറഞ്ഞാൽ ജീവനാണ്… രണ്ട് വർഷം മുൻപ് കോളേജിലെ സീനിയറായ ഒരുകൂട്ടം ആൺപിള്ളേർ ചേർന്ന് അവളെ ഉപദ്രവിക്കാൻ ശ്രമിച്ചു.പക്ഷെ എങ്ങനെയൊക്കെയോ ഓടി അവൾ ക്യാമ്പസിനകത്തെത്തി.പക്ഷെ മാനം രക്ഷിക്കുന്നതിനുവേണ്ടി പിടഞ്ഞോടിയ അവൾക്ക് പാതിയിലേറെ വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നവൾ ശ്രദ്ദിച്ചിരുന്നില്ല.. “

ആൾക്കൂട്ടത്തിനു നടുവിൽ ബോധരഹിതയായ നിയയ്ക്കു ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. പ്രൊഫസറുടെ മകനും പ്രതികളിലൊരാളായതു കൊണ്ടാകും അവൾ കുറ്റക്കാരിയായതും പഠനം പൂർത്തിയാക്കാനാകാതെ കോളേജിൽ നിന്നിറങ്ങേണ്ടി വന്നതും.

നിയ മാനസികമായി ഒരുപാട് തളർന്നു പോയി. അവളിപ്പോൾ ഇവിടെ അടുത്തുള്ള ഒരു ഡിസ്പെന്സറിയിൽ തുച്ഛമായ ശമ്പളത്തിന് ജോലിക്കു നിൽക്കുകയാണ്. പഠനം തുടരാൻ പോലുമാകില്ല. സെർട്ടിഫിക്കറ്റുകളെല്ലാം അവർ നശിപ്പിച്ചു. “

എല്ലാത്തിനുമേറെ അവൾ തളർന്നത് ഗോപൻ മാത്രം കാണേണ്ടിയിരുന്നതെല്ലാം മറ്റുള്ളവർ കണ്ടെന്നുള്ളതാണ്”.

വേച്ചു പോകാതിരിക്കാൻ പാദങ്ങളുറപ്പിച്ചു മുന്നോട്ടു നടന്നു. നിയയുടെ റൂമിലേക്ക് കയറുമ്പോൾ ജീവനുണ്ടെന്നു മാത്രം പറയാവുന്നൊരു ശരീരം കിടന്നു കരയുകയാണ്..

മോളെ… നിയ

പിടഞ്ഞെഴുന്നേറ്റു തെല്ലിട കഴിഞ്ഞു തറയിലേക്ക് കുഴഞ്ഞു വീണു. വാരിയെടുത്തു നെഞ്ചോടു ചേർത്ത് മുന്നോട്ട് നടക്കുമ്പോൾ നൂറാവർത്തി മനസ്സിൽ മാപ്പു പറഞ്ഞു. ഒരുനിമിഷത്തെങ്കിലും തെറ്റിദ്ധരിചതിനു.

ആശുപത്രിക്കിടക്കയിൽ ബോധം തെളിഞ്ഞു എന്റെ മുഖത്തേക്ക് നോക്കി മാപ്പ് പറയുന്ന അവളെ നെഞ്ചോട് ചേർത്തുപിടിച്ചു പറഞ്ഞു. “അന്നും ഇന്നും നിന്റെ ശരീരത്തേക്കാളേറെ നിന്റെ മനസ്സിനെ ഇഷ്ടപെട്ടവനാ ഞാൻ “അതുകൊണ്ട് ഇനി ഒരിക്കലും ഇതിന്റെ പേരിൽ കണ്ണുനീർ വീഴരുത്. തെറ്റുചെയ്തവർക്ക് ശിക്ഷ കിട്ടുന്നത് വരെ നമുക്ക് മുന്നോട്ടു പോകാം. കൂടെ ഉണ്ടാകും എന്നും. നിയ വല്ലാത്തൊരു സുരക്ഷിതത്വത്തിന്റെ മറവിൽ ആ നെഞ്ചിലേക്ക് പതിയെ തലചായ്ച്ചു.