രചന: സുമയ്യ ബീഗം TA
ഈറൻമുടിയിഴകൾ ഓരോന്നായി വേർപെടുത്തി ജനലിലൂടെ വീശുന്ന കാറ്റിൽ അലിഞ്ഞങ്ങനെ നിൽക്കുകയായിരുന്നു ചാരുനന്ദ.
പുറത്തു മഴ തകർക്കുന്നു. ഗുൽമോഹർ പൂക്കുന്ന വേനലിൽ അതിലും കുളിരായി മഴത്തുള്ളികൾ. പ്രകൃതി മാറിപ്പോയി ഒരുപാട്. മുമ്പൊക്കെ തീപ്പന്തം പോലെ ഉരുകിയിരുന്ന ഏപ്രിൽ ഇത്തവണ ചില ദിവസങ്ങളിൽ കർക്കിടം പോലെ തുള്ളിക്കൊരു കുടമായി അല്ലാത്തപ്പോൾ ഇടിമിന്നലോടു കൂടി തുലാമഴയായി…
നന്ദാ….
എന്താ ശ്യാമേട്ടാ.
ഈ മഴ ഇപ്പോൾ എങ്ങും തോരുന്ന ലക്ഷണമില്ലല്ലേ ?
അതങ്ങനെ പെയ്യട്ടെ ശ്യാമേട്ടാ മഴ ഭൂമിയെ വാരിപുണരട്ടെ. ആ പ്രണയത്തിൽ കുളിർത്തു തണുത്തുറങ്ങട്ടെ.
ഇവിടൊരു ദേവൻ ദേവിയെ കാത്തുകാത്തിരുന്ന് നേരം പുലരാറായി.
എന്റെ ശ്യാമേട്ടന് ഉറങ്ങണോ ?ദാ എത്തി.
നന്ദാ മക്കൾ എവിടെ ?
രണ്ടുപേരും ഉറങ്ങി. ഇടിയും മഴയും രണ്ടാൾക്കും പേടിയാണ് അറിയാല്ലോ. ആകാശം കറുത്തപ്പോഴേ അവരെന്നെ വട്ടം പിടിച്ചു.
നിന്നെയോ ?അവരെക്കാൾ പേടി എന്റെ നന്ദക്കല്ലേ ?
മ്മ്. ഞങ്ങൾ എന്നത്തേയും പോലെ ശ്യാമേട്ടന്റെ അടുത്ത് വന്നതാ കെട്ടിപിടിച്ചു കൂടെകിടക്കാൻ. പക്ഷേ ശ്യാമേട്ടൻ നല്ല മയക്കത്തിൽ ആരുന്നു ഉണർത്താൻ തോന്നിയില്ല.
ഞാൻ ഓർത്തു നന്ദാ പതിവ് മുത്തം നൽകാതെ പൊടിമോളും കുഞ്ഞാറ്റയും ഉറങ്ങിയോ എന്ന്.
ശ്യാം അടുത്ത് വന്നിരുന്ന നന്ദയുടെ മടിയിൽ തലവെച്ചു, നന്ദ ആ കവിളുകളിൽ തലോടി നെറ്റിയിൽ മൃദുവായി ചുംബിച്ചു.
എന്നാലും നന്ദ, ആ സ്ത്രീക്ക് എങ്ങനെ കഴിഞ്ഞു സ്വന്തം കുഞ്ഞിന്റെ
പിഞ്ചുവായിൽ വിഷം കുഴച്ചു മാമൂട്ടാൻ.
എന്റെ ശ്യാമേട്ടാ?ഇന്ന് രാവിലത്തെ പത്ര വാർത്തയാണോ. അതിപ്പോഴും മനസ്സിലിട്ടു കിടക്കുക.
അങ്ങനെ പെട്ടന്ന് മനസ്സിൽ നിന്നും പപോവുന്ന കാര്യങ്ങൾ ഒക്കെയാണോ നമുക്ക് ചുറ്റും നടക്കുന്നതൊക്കെ ?
ഇതാപ്പോ രസം അങ്ങനെ ഒക്കെ ചിന്തിച്ചുകൂട്ടിയാൽ ഉള്ള സമാധാനം കൂടി പോകും.എന്തെല്ലാം നടക്കുന്നു. ഒരു പിഞ്ചുകുഞ്ഞിനെ എട്ടുപേർ ചെന്നു എത്ര മൃ ഗീയമായി പീ ഡിപ്പിച്ചുകൊന്നു. അനുവാദമില്ലാതെ ആശിച്ചല്ലാതെ സ്വന്തം പുരുഷനുപോലും വഴങ്ങാത്ത പെണ്ണുടൽ ഇളംപ്രായത്തിലെ കശക്കിയെറിഞ്ഞപ്പോൾ ആ കുരുന്നു അനുഭവിച്ചതെത്ര. ഇതിപ്പോ അത്ര വരില്ല എന്ന് സമാദാനിക്കാം.
നന്ദാ ആ കൈകൾ വിറച്ചില്ലേ പാൽചുരത്തിയ നെഞ്ചു പിടഞ്ഞില്ലെ ?മകളുടെ കണ്ണുകൾ അവളെ തകർത്തില്ലേ വിഷം കലർത്തിയ ചോറുരള വായിൽ വെച്ചു കൊടുത്തപ്പോൾ ?ഇതും മനുഷ്യസ്‌ത്രീയോ ?
ഉണ്ണിക്കണ്ണന് പാലൂട്ടിയ പൂതന ഒന്നൂടെ അവതരിച്ചു ഇതൊക്കെ അങ്ങനെ കാണാനാണ് ശ്യാമേട്ടാ എനിക്കിഷ്ടം. ആദ്യം ഞാൻ അവരുടെ ഭാഗത്തുനിന്നും ചിന്തിച്ചുനോക്കി. എല്ലാരും ഒറ്റപ്പെടുത്തുന്ന ഒരുപോലെ എതിർക്കുന്ന സ്വരത്തിനു എന്താണ് പറയാനുള്ളതെന്നു ഞാൻ ആലോചിച്ചുനോക്കാറുണ്ട്.രാത്രിയിൽ അന്യപുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടുന്ന കണ്ടതാണത്രേ മകളെയും പിന്നെ മാതാപിതാക്കന്മാരെയും ഒറ്റക്ക് വകവരുത്താൻ കാരണം.
ഒരു പെണ്ണ് എങ്ങനെ വേശ്യ ആയി എന്ന് ഞാൻ ചിന്തിച്ചു. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു ജീവിക്കാൻ മാർഗം ഇല്ലാതെ, ദിനംപ്രതി കുമിഞ്ഞുകൂടുന്നു ആവശ്യങ്ങളിൽ പകച്ചു സ്വയം വില്പനക്കിറങ്ങി. പട്ടിണി മാറ്റാൻ, മക്കളെ ഓർത്തു, മാതാപിതാക്കളെ സംരക്ഷിക്കാൻ. അതിനൊക്കെ എന്റെ മനസാക്ഷി വിശദീകരണവും തന്നു. ഓരോരുത്തർക്കും കാഴ്ചപ്പാടുകൾ വ്യത്യസ്തം. ചിലർ ശരീരത്തെക്കാൾ നിലനിൽപിന് പ്രാധാന്യം കൊടുക്കുന്നു. . പക്ഷേ അങ്ങനെ എങ്കിൽ ഏതറ്റം വരെയും അവരെ ചേർത്തുപിടിക്കാതെ ഒന്നൊന്നായി അറുത്തു എറിയുമോ ?പിന്നെ ആർക്കു വേണ്ടി ജീവിക്കണം അപ്പോൾ കാര്യം അതല്ല. സുഖിക്കാൻ വേണ്ടി ശരീരത്തിലെ അടങ്ങാത്ത കാ മം ശമിപ്പിക്കാൻ വേണ്ടി മാത്രം ഒരു അമ്മ മക്കളെ, മാതാപിതാക്കളെ ഇല്ലാതാക്കി.
നന്ദാ,
ഈ ലോകത്തു നീ എങ്ങനെ മുന്നോട്ട് പോകും അതും ഇത്തിരിയുള്ള രണ്ടു പെണ്കുഞ്ഞുങ്ങളുമായി.
ശ്യാമേട്ടന് പേടിയുണ്ടോ ?ഞാനും ഇതുപോലെ ആവുമെന്ന്. എന്റെ സുഖത്തിനുവേണ്ടി മക്കളെ ഇല്ലാതാക്കുമെന്ന്. നന്ദ നന്ദ മാത്രമാണ് മറ്റാരുമായും എന്നെ താരതമ്യം ചെയ്യല്ലേ ?
മോളെ, മനസ്സിൽ ഓർക്കുക പോലും ചെയ്യാത്തത് പറയരുത്. എനിക്കു പേടിയുണ്ട് നിന്നെ തനിച്ചാക്കി പോകാൻ.
എന്റെ ഏട്ടൻ പേടിക്കരുത്, നന്ദ വളർത്തും നമ്മുടെ മക്കളെ പൊന്നുപോലെ എന്ന് പറയില്ല പറ്റുന്ന പോലെ. ഒരു പേരുദോഷവും കേൾപ്പിക്കാതെ ഏട്ടൻ എന്തൊക്കെ കൊതിച്ചോ അതുപോലൊക്കെ.
അത്രയും പറയുമ്പോൾ സ്വരം ഇടറി.
ശ്യാമേട്ടാ നല്ല തണുപ്പ് മക്കളെ പുതപ്പിച്ചിട്ടു വരാം. എന്നുപറഞ്ഞു ഒഴിഞ്ഞുമാറി ബാത്‌റൂമിൽ ചെന്നു ഭിത്തിയിൽ കെട്ടിപിടിച്ചു കരഞ്ഞു തീർക്കവേ അകത്തെ റൂമിലേക്കും ആ തേങ്ങലുകൾ നേർത്തു കേട്ടു.
ശ്യം തലയിണയിൽ മുഖമമർത്തി കണ്ണടച്ചു, ആ തലയിണ എല്ലാ രാത്രികളിലും കണ്ണീരിൽ കുതിർന്നു ഒരിക്കലും ഉണങ്ങാതിരുന്നു.
കുറച്ചുനേരം കഴിഞ്ഞു ഒന്നും സംഭവിക്കാതെപോലെ നന്ദ അടുത്ത് വന്നുകിടന്നപ്പോൾ ശ്യാം പുഞ്ചിരിയോടെ ചേർത്ത് പുണർന്നു.
…….. …….
രാവിലെ കടയിൽ തിരക്കാണ് വന്നപ്പോൾ നന്ദ അരമണിക്കൂർ താമസിച്ചിരുന്നു അതുകൊണ്ടുതന്നെ ലേശം പരിഭ്രമം ഉണ്ടായിരുന്നു. പക്ഷേ കടയുടെ ഓണർ ആയ ഡെയ്സി ചേച്ചിയുടെ മുഖം കണ്ടപ്പോൾ സമാധാനമായി.
ചുവന്ന കണ്ണുകളും ഇടിമ്പിച്ച മുഖവും കണ്ടപ്പോൾ തന്നെ ഡെയ്സി ചേച്ചിക്ക് കാര്യം പിടികിട്ടി. ഇന്നലെ ശ്യാമിന് അസുഖം കൂടിയല്ലേ ?
അതൊക്കെ മിക്കവാറും അങ്ങനല്ലേ ചേച്ചി. ഇപ്പോൾ ശീലമായി.
തുണികൾ ഓരോന്നായി കസ്റ്റമേഴ്സിന് കാണിച്ചുകൊടുത്തും തിരിച്ചടക്കിയും സമയം ഉച്ചയായി. ചോറുണ്ണാൻ നബീസ ഇത്ത വിളിച്ചു. പോയില്ല ശ്യാമേട്ടന്റെ മുഖം ഓർക്കുമ്പോൾ വെള്ളം പോലും ഇറങ്ങില്ല.
ന്റെ മോളെ വാ വല്ലതും കഴിക്കു. ഇങ്ങനെ പട്ടിണികിടന്നു നിനക്കും കൂടി വല്ലതും ആയിപോയാൽ പിന്നെ ആ കുഞ്ഞുങ്ങളെ ആരുനോക്കും.
വേണ്ട ഇത്ത എന്നെ നിര്ബന്ധിക്കല്ലേ ?
പിന്നെ ഇത്ത വിളിച്ചില്ല !വൈകിട്ട് അഞ്ചുമണിക്ക് ഇത്തയും ഞാനും കടയിൽ നിന്നിറങ്ങും. ബസ് കാത്തുനില്കുമ്പോൾ മനസിലെ ഭാരം ഓരോന്നായി ഇത്തയോട് പങ്കുവെച്ചു.
എന്റെ കുഞ്ഞേ നീ ആയതുകൊണ്ടാണ് ഞാൻ എങ്ങാനും ഇങ്ങനൊരു അവസ്ഥ നേരിടേണ്ടിവന്നിരുന്നെങ്കിൽ ആദ്യം പോയേനെ.
ശ്യാമേട്ടന് കാൻസർ ആണെന്നറിഞ്ഞ ആ ദിവസം അന്ന് നന്ദ മരിച്ചു. ആഴ്ചകളോളം ദൈവങ്ങൾക്കുമുമ്പിൽ കൈകൂപ്പി കരഞ്ഞു കേണു. അതുവരെ ആ നെഞ്ചിന്റെ ചൂടിൽ ആ വാക്കുകൾ അനുസരിച്ചു മക്കളെ നോക്കി സന്തോഷത്തോടെ ജീവിച്ചിട്ട് പെട്ടന്ന് കരകാണാത്ത കടലിലേക്ക് എടുത്തെറിയപെട്ടപ്പോൾ ആ ഈശ്വരന്മാരോട് പിന്നെ വെറുപ്പായി.
ഒന്നും വേണ്ടായിരുന്നു കഷ്ടപ്പാടുകളും പട്ടിണിയും എന്തും സഹിക്കാമായിരുന്നു പകരം ചോദിച്ചത് ശ്യാമേട്ടന്റെ ജീവൻ മാത്രമായിരുന്നു. ദൈവം തരാഞ്ഞതും നിഷേധിച്ചതും അതുമാത്രവും.
ഓരോ ചെക് അപ്പ് കഴിയുമ്പോഴും ആയുസ്സിന്റെ ഇതളുകൾ അടർന്നു അടർന്നു പോയി. പ്രതീക്ഷക്കു വകയില്ലെന്ന ഡോക്ടറുടെ നിരാശ കലർന്ന വാക്കുകളിൽ മനം മടുത്തപ്പോൾ ഒരുമിച്ചു മരിക്കാം എന്നോർത്തു. ശ്യാമേട്ടനോടൊപ്പം പോകാൻ ഇപ്പോഴും തയാറാണ് പക്ഷേ അതിനുമുമ്പ് മൂന്നു വയസുള്ള കുഞ്ഞാറ്റയെ ഇല്ലാതാക്കാൻ എനിക്കു കഴിയില്ല അങ്ങനൊന്നു ഓർക്കാൻ പോലും.
അവസാനം ഞാൻ എടുത്ത തീരുമാനമാണ് ഇപ്പോളത്തെ ജീവിതം. എല്ലാം മറന്നു പുറമെ ചിരിക്കുക ശ്യാമേട്ടനെ സന്തോഷിപ്പിക്കുക ഉള്ള നിമിഷങ്ങൾ ആസ്വദിക്കുക. ഒൻപതു മാസത്തോളമായി ചികിത്സ തുടങ്ങിയിട്ട്. ആദ്യമൊക്കെ എല്ലാരും സഹായിച്ചു ഇപ്പോഴും ചെയുന്നുണ്ട് ഏങ്കിലും കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾക്കും മറ്റും ജോലിക്കു പോവാതെ നിവർത്തിയില്ലെന്നായി ഇപ്പോൾ അഞ്ചുമാസമായി ജോലിക്ക് പോകാൻ തുടങ്ങിയിട്ട്. വീടിനു പുറത്തിറങ്ങാത്ത ഞാൻ വീട്ടിലോട്ടുള്ള എല്ലാം നോക്കി നടത്തുന്നു. ഉള്ളതുകൊണ്ട് തൃപ്തിപെടുന്നു.
കല്ലുപോലെ ജീവിക്കുമ്പോളും ശ്യാമേട്ടന്റെ വേദന നീറിപുകയ്ക്കുന്നുണ്ട്. വേദനയിൽ ശ്യാമേട്ടൻ പുളയുമ്പോൾ റൂമിൽ കിടന്നു കരയുന്ന പൊടിമോളെ കാണുമ്പോൾ ചങ്കുപൊട്ടും അവൾക്കെല്ലാം അറിയാം. സർവം തകർന്നുള്ള ശ്യാമേട്ടന്റെ അമ്മയുടെ ഇരുപ്പു കാണുമ്പോൾ ഞാൻ കൂടി എങ്ങനെ കൂടെ കരയും പിടിച്ചു നിന്നേ പറ്റൂ.
ബസ് എത്തി യാത്ര പറഞ്ഞു നന്ദ അതിൽ കേറി മറയുമ്പോൾ നബീസ ഇത്തയുടെ മുമ്പിൽ ഒരു പതിനഞ്ചുകാരൻ അന്തിപത്രത്തിലെ ചൂടുവാർത്ത ചൂടോടെ വിളമ്പി. ..
കാ മത്തിന് വേണ്ടി മക്കളെ കൊന്നവളുടെ വീരഗാഥ.
….. …….
നിറഞ്ഞ മിഴികൾ തുടച്ചു വഴിയോരത്തെ കാഴ്ചകൾ ഒന്നും ശ്രദ്ധിക്കാതെ നന്ദയുടെ മനസ്സ് തിടുക്കം കൂട്ടികൊണ്ടിരുന്നു ശ്യാമിന്റെ അടുത്ത് ഓടിയെത്താൻ.
നിവർത്തികേടുകൊണ്ടാണ് പൊന്നേ ഇത്രയും നേരം മാറിനിൽകുന്നത് മാറിലെ താലിയിൽ ചേർത്തു പിടിച്ചവൾ മന്ത്രിച്ചു.
തൊട്ടു മുമ്പിലെ ദേവീക്ഷേത്രത്തിനു മുമ്പിൽ എത്തിയപ്പോൾ മനമുരുകി അവൾ വിളിച്ചു…ന്റെ ദേവിയെ എന്റെ ശ്യാമേട്ടനെ കാത്തോണേ…