മഴവില്ലുപോലൊരു മധുവിധു
രചന: സുമയ്യ ബീഗം TA
.ജനാലച്ചില്ലിൽ മഞ്ഞുകണം മുത്തുപോലെ പറ്റിപ്പിടിച്ചിരിക്കുന്നു. അങ്ങകലെ വെള്ളപ്പട്ടു ദാവണിയണിഞ്ഞ മലയുടെ നെറുകിൽ ഒരു ഇളംനീല മുന്താണിയായി ചെറു വെള്ളച്ചാട്ടം. കുളിരുന്ന തണുപ്പിൽ കഴുത്തിലവന്റെ ചുടുനിശ്വാസം. സ്വർഗ്ഗത്തിലാണോ താനെന്നു സൈറ ഓർത്തുപോയി.
ഇതുപോലൊരു നിമിഷം എത്രയോ വർഷങ്ങളുടെ കാത്തിരിപ്പായിരുന്നു അതോർക്കവേ സുഖകരമായൊരു ആലസ്യത്തിൽ തളർന്ന അവളുടെ മേനിയിൽ ഒരു കോരിത്തരിപ്പ്. അറിയതെന്നവണ്ണം അതവനിൽ കവിളിൽ ഒരു അമർത്തിയ ചുംബനമായി. മയക്കം വിട്ടു ഫൈറൂസിന്റെ കണ്ണുകൾ തെളിഞ്ഞു, പുഞ്ചിരിയോടെ സൈറയെ നോക്കി. കുങ്കുമം വാരിതേച്ചപോലെ ചുവന്ന കവിളിണകളിൽ നാണം നുണക്കുഴി വിരിയിച്ചു.
സൈറ, കഴിഞ്ഞ രാത്രിയോളം മനോഹരം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
ഫൈറൂ, നീ പകർന്ന അനുഭൂതികൾ ഒരുമിച്ചനുഭവിച്ച നിമിഷങ്ങൾ അതൊക്കെ ഒരു സ്വപ്നം പോലെന്നെ ഇപ്പോഴും പുൽകുന്നു.
എന്റെ പെണ്ണെ നീ എന്തിനാ അതോർത്തിരിക്കുന്നെ ? എത്ര രാത്രികൾ ഇനിയും നമ്മളെ ഒരു വേനൽമഴപോലെ തഴുകി പൊഴിയും.
സൈറ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ എന്നോട് പിണങ്ങുമോ ?
പൂക്കൾ വിരിഞ്ഞുനിൽകുന്ന ബ്ലാങ്കറ്റ് വലിച്ചു ഒന്നൂടി മൂടി ഫൈറൂസിന്റെ നെഞ്ചിലെ ഇടതൂർന്ന രോമക്കാട്ടിൽ വിരൽകൊണ്ട് ചിത്രം വരച്ചവൾ ചോദ്യഭാവത്തിൽ അവനെ നോക്കി. നീ ചോദിക്ക് ഫൈറൂസ്.
എല്ലാം ഇട്ടെറിഞ്ഞു മക്കളെ ഉമ്മയെ ഏല്പിച്ചു എന്റൊപ്പം ഇത്രയും ദൂരം വന്നു ഇങ്ങനെ ആഘോഷിക്കുമ്പോൾ നിനക്ക് ഒട്ടും ടെൻഷൻ ഇല്ലേ ?
ഫൈറൂസ് ആദ്യം തന്നെ എനിക്കൊരു വാക്ക് തന്നിട്ടുണ്ട് ഈ യാത്രയിൽ മക്കളെ പറ്റി ഓർത്തു സങ്കടപെടില്ല എന്നു. ഒരു പെണ്ണായ അമ്മയായ, എനിക്കില്ലാത്ത നോവ് നിങ്ങൾക്ക് എന്തിനാണ് ?
ശരി എന്റെ പൊന്നോ ക്ഷമിക്ക്. ഇന്നെന്താ പരിപാടി?
ഒരു പരുപാടിയുമില്ല ഇങ്ങനെ കിടന്നുറങ്ങണം ഇന്ന് മൊത്തം. അപ്പോൾ ഒന്നും കഴിക്കണ്ട ?
വേണ്ടാ.
ആ നിനക്ക് പ്രണയം മൂത്തു വട്ടായതാണ് എനിക്കു വിശന്നിട്ടു മേല ഒന്ന് വേഗം ഫ്രഷ് ആയി പുറത്തുപോയി ഫുഡ് കഴിക്കാം.
കുളിച്ചൊരുങ്ങി വന്നപ്പോൾ ഫൈറൂസ് നോക്കിനിന്നു പോയി.
സൈറ!
ഒറ്റ രാത്രികൊണ്ട് ഒരു പനീർമൊട്ടു വിടർന്നു റോസാപ്പൂ ആയതുപോലുണ്ട്.
ബ്രേക്ഫാസ്റ് കഴിച്ചു പൈൻ മരക്കാടുകളിൽ കൈകോർത്തു നടക്കവേ ദൂരെയുള്ള പുൽമേട്ടിൽ ഓടിക്കളിക്കുന്ന രണ്ടുവയസുകാരൻ ഓർമയുടെ കനലിൽ തീയാളിച്ചു.
കുഞ്ഞരിപ്പല്ലുകാട്ടി ചിരിച്ചവൻ മനസ്സിൽ മനഃപൂർവം മറന്ന ചെപ്പു തുറന്നു. അതിൽ ഇളയകുഞ്ഞിന്റെ മുഖം സങ്കടപ്പെടുത്തി.
എന്റെ പൊന്നുമോനിപ്പോൾ ഉമ്മിയെ കാണാതെ കരയുന്നുണ്ടാവും അല്ലെ ഫൈറൂ ?
നിറഞ്ഞുപോയ കണ്ണുകൾ ഫൈറൂസ് കാണാതെ തുടച്ചു.
എന്താ സൈറ എന്റെ എല്ലാ മൂഡും കളഞ്ഞല്ലോ ഇപ്പോൾ എന്തിനാ അതൊക്കെ ഓർക്കുന്നത് ?
ഇല്ല ഫൈറൂസ് എന്റെ മോളിപ്പോൾ എന്തെടുക്കുകയാവും ?ഇന്നത്തെ കാലത്ത് ഒരു നിമിഷം പോലും ഞാൻ അവളെ പിരിഞ്ഞിരിക്കുന്നത് ശരിയല്ല അല്ലേ ?
സൈറ, സ്റ്റോപ്പ് ഇറ്റ്. ഇതൊക്കെ നിനക്ക് നേരത്തെ അറിയാമാറുന്നില്ലേ ?
ഫൈറൂസ് എനിക്കെന്റെ മക്കളെ ഇപ്പോൾ കാണണം.
കൊള്ളാം സൈറ ഒറ്റ രാത്രി കൊണ്ടു നിന്റെ പൂതി തീർന്നോ ?
സൈറ ഒന്നും മിണ്ടിയില്ല. വാക്കുകൾ കിട്ടാതെ മുഖം കുനിച്ചു.
ഫൈറൂസ് പൊട്ടിച്ചിരിച്ചു.
ഡി കോ പ്പേ എന്തൊക്കെയാരുന്നു ?ഇങ്ങനെ കുറച്ചു ദിവസം വേണമെന്ന് പറഞ്ഞു എന്റെ എത്ര രാത്രികളിലെ ഉറക്കം കെടുത്തിയതാടി വടയ ക്ഷി നീ ?
ദേ മനുഷ്യ റോസാപ്പൂ എന്നൊക്കെ വിളിച്ചിട്ട് വ ടയക്ഷിയായോ ഇത്രപെട്ടെന്ന്.
അതേടി ഇപ്പോളാണ് ഞാൻ ഞാനായത് നീ എന്റെ മരപോത്തു കെട്ടിയോൾ ആയതും.
എന്നാ പിന്നെ നമുക്ക് ഹോട്ടലിലെ ബില്ല് സെറ്റിൽ ചെയ്തു വണ്ടിവിടാം.
പെട്ടന്ന് ഫൈറൂസ്, വേഗം പോകാം വീട്ടിലോട്ടു എനിക്കിപ്പോ കാണണം പിള്ളേരെ.
എന്റെ പടച്ചോനെ കൺട്രോൾ തരണേ ഇല്ലേൽ ഇവളെ ഞാനിന്നു ഇടിച്ചു പപ്പടമാക്കും.
അയ്യോടാ കണക്കായിപ്പോയി. കല്യാണം കഴിഞ്ഞിട്ടിപ്പോൾ പത്തുകൊല്ലമായില്ലേ ?ഇതുവരെ ഒരു രാത്രി എങ്കിലും നിങ്ങൾ ഫ്രീയായി സന്തോഷത്തോടെ ഇരുന്നിട്ടുണ്ടോ ?ഹണി മൂൺ എന്നുപറഞ്ഞു എവിടേലും ഒരു ദിവസം മൊത്തം കൊണ്ടുപോയിട്ടുണ്ടോ ?എപ്പോളും തിരക്കു ഒരു ദിവസം പോലും കച്ചവടത്തിൽ നിന്നും മാറിനിൽക്കാൻ പറ്റാത്ത തിരക്കു. ജീവിതവും ദാമ്പത്യവും യന്ത്രികമായപ്പോൾ പരസ്പരം മടുക്കാതിരിക്കാൻ ഒരു യാത്ര പോവണം എന്നു വാശിപിടിച്ചതു അത്ര വലിയ തെറ്റാണോ ?
ആ വല്യ കണ്ണുകളിലെ നിഷ്കളങ്കത ചങ്കിൽ മുറിവേല്പിച്ചപ്പോൾ ഫൈറൂസ് അവളെ ചേർത്തണച്ചു.
എല്ലാം ശരിയാണ് മോളെ എന്നോട് നീ പൊറുക്കുക, തിരക്കു പിടിച്ചു വാരികൂട്ടിയപ്പോൾ നഷ്ടപ്പെട്ടു പോയ ആ ദിവസങ്ങൾ എനിക്കും കുറ്റബോധം ഉണ്ട് ആ സന്തോഷങ്ങളെ തിരിച്ചുപിടിക്കാൻ വേണ്ടിയാണ് ഞാനും നിന്നൊപ്പം നിന്നത് ഒന്നും നോക്കാതെ വൈകി പോയെങ്കിലും ഒരു ഹണിമൂൺ സമ്മാനിക്കാൻ ശ്രമിച്ചത്.
പക്ഷേ…
എനിക്കറിയാം ഇക്കാ, എല്ലാം മനസിലായി നഷ്ടപ്പെട്ടുപോയ ആ ദിവസങ്ങളൊന്നും അതുപോലിനി തിരിച്ചുകിട്ടില്ല. കല്യാണത്തിന്റെ ആദ്യനാളുകളിൽ ഫ്രീ ആകുന്നപോലെ പരസ്പരം ആസ്വദിക്കുന്ന പോലൊന്നും ഇനി പറ്റില്ല. ജീവിതത്തിൽ പിന്നീട് ഓർക്കാൻ കുറെ നല്ല നിമിഷങ്ങൾ അതൊരു ദമ്പതികളും നമ്മളെ പോലെ വേണ്ടാന്ന് വെക്കരുത്.നമ്മൾ നഷ്ടപ്പെടുത്തിയത് എന്തെന്ന് ഇപ്പോളാണ് ശരിക്കും മനസിലാവുന്നത്.
കാറിൽ തിരിച്ചു യാത്ര പറയുമ്പോൾ മലമുകളിലെ കോടമഞ്ഞു വീണ്ടും സൈറയെ കൊതിപ്പിച്ചു. ആ നിരാശ കണ്ടിട്ടാവണം ഫൈറൂസ് ഒരു കള്ളച്ചിരിയോടെ മന്ത്രിച്ചു എന്റെ സൈറ ഇനിയും ഞാൻ തരും ഇതുപോലൊരുപാട് രാവുകൾ, പകലുകൾ വെറും വാക്കല്ല പെണ്ണെ ഫൈറൂസ് നിനക്ക് തരുന്ന വാക്കാണ്.
……….
വിവാഹം കഴിയുന്നതോടെ കുഴിച്ചുമൂടേണ്ട ഒന്നല്ല പ്രണയം ഓരോ നിമിഷവും മത്സരിച്ചു പരസ്പരം സ്‌നേഹിക്കുമ്പോൾ, അതിനായി ദാമ്പത്യത്തിൽ സമയം കണ്ടെത്തുമ്പോൾ അതിനോളം ദിവ്യമായ ഒരു അനുഭൂതിയും ലഹരിയും വേറൊന്നിനും ഉണ്ടാവില്ല.അതോണ്ട് നവമിഥുനങ്ങൾ ഒക്കെ വേഗം പുറപ്പെട്ടോ. Dont miss it.