ആദ്യത്തെ രണ്ടുദിവസം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതുപോലെ അടിച്ചുപൊളിച്ചു.

ഇമ്മളൊക്കെ ഇത്രേം ഉള്ളൂ എന്നേ

രചന: സുമയ്യ ബീഗം TA

അതെ ഞാൻ നാളെ വീട്ടിൽ പൊക്കോട്ടെ ?

എന്തിനു സ്കൂൾ അടച്ചതല്ലേയുള്ളൂ പോകാം പിന്നെ ഒരു ദിവസം ആവട്ടെ.

എനിക്ക് നാളെ പോകണം. ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് എത്ര ദിവസായി ?എനിക്ക് എല്ലാരേയും കാണണം എന്നു തോന്നുന്നു.

ഡി പോത്തേ അതിനു വീട്ടിലോട്ടു ഒരു വീഡിയോ കാൾ വിളിച്ചാൽ പോരെ എല്ലാരേയും കാണാല്ലോ ?

അയ്യോ എന്തൊരു ഔദാര്യം !അങ്ങനിപ്പോ വേണ്ട എനിക്കു നേരിട്ട് കാണണം.

നിന്റെ വാപ്പയും ഉമ്മയും കഴിഞ്ഞ ദിവസം വന്നിട്ട് പോയതല്ലേ ഉള്ളൂ. പിന്നെ എന്നാ കാണാനാ ?

ദേ മനുഷ്യ എനിക്ക് അവരെ മാത്രല്ല വീടും എന്റെ റൂമും അലക്കു കല്ലും നാടും ഒക്കെ കാണണം. എല്ലാം കൂടി എന്നാ നിങ്ങളിങ്ങോട്ടു കൊണ്ടു വാ. അല്ല പിന്നെ.

അതൊക്കെ ബുദ്ധിമുട്ടാവും.

ആ അതുകൊണ്ടാ പറഞ്ഞത് എനിക്കു പോകണം എന്നു. അല്ലെങ്കിൽ തന്നെ ഞാൻ എന്തിനു നിങ്ങടെ കാലുപിടിക്കണം ?എന്റെ സ്വന്തം വീട്ടിൽ പോകാനും മാതാപിതാക്കളോടൊപ്പം നിൽക്കാനും എനിക്കും അവകാശമുണ്ട്.

ഡി, നീ പോയാൽപ്പിന്നെ ഈ പഞ്ചായത്ത് ഉറങ്ങിയപോലെയാണ് . ഒരു അനക്കവും ഇല്ല. മാത്രല്ല കുഞ്ഞുങ്ങളെ കാണാതെ ഞാൻ ഒറ്റയ്ക്ക്, അത് ഭയങ്കര ബോറാടി.

ഓഹോ ഈ അടുക്കളയിൽ കിടന്നു പണി എടുത്തു ഞാൻ ചാകണം അല്ലേ ?ഒന്ന് പുറത്ത് കൊണ്ടുപോകാൻ പോലും നിങ്ങള്ക്ക് സമയം ഇല്ല. ഓരോരുത്തരും അവധിക്കു എവിടെല്ലാം പോകുന്നു. ഞാൻ അതൊന്നും ചോദിക്കുന്നില്ല എന്നെ എന്റെ വീട്ടിൽ വിട്ടാൽ മതി.

ഓ ഇനി മോങ്ങാൻ തുടങ്ങണ്ട വൈകിട്ട് തീരുമാനിക്കാം.

……

രാത്രി മൂപ്പര് കിടന്നതും മാന്താൻ തുടങ്ങി.

അതെ നാളെ വീട്ടിൽ കൊണ്ടു വിടുമോ ?

നീയിങ്ങു വന്നേ ഈ ചുരിദാർ നിനക്ക് നന്നായി ചേരുന്നുണ്ടല്ലോ ?

ഓ പിന്നെ അഞ്ചുകൊല്ലം മുമ്പത്തെ ചുരിദാറ പാണ്ടിക്കാര് പോലും കൊടുത്താൽ വാങ്ങില്ല.

അതുകൊണ്ടാടി പറഞ്ഞത് നിനക്കെ ചേരത്തുള്ളൂ എന്നു. അവരെക്കാൾ കഷ്ടമാണല്ലോ നീ ?

അതെ. കെട്ടിയപ്പോൾ നോക്കി കെട്ടണമാരുന്നു. ഞാൻ പുറകെ നടന്നു കെട്ടിച്ചതല്ലല്ലോ ?

പിണങ്ങാതെ മുത്തേ വാ ഞാൻ ഒന്ന് കെട്ടിപിടിക്കാം ഈ ദേഷ്യം ഒക്കെ ഞാനിപ്പോ മാറ്റം.

ഒരു കുന്തോം ഇല്ല എനിക്കു നാളെ വീട്ടിൽ പോണം. നിങ്ങളു കൊണ്ടുപോകുമോ ഇല്ലയോ ഇപ്പോൾ അറിയണം.

നിനക്ക് നിർബന്ധമാണോ ?

അതെ. എന്നാൽ ശെരി നാളെ ഉച്ചക്ക് കൊണ്ടുവിടാം.

താങ്ക്യു ചക്കരെ. അയ്യോ ഒന്ന് പതുക്കെ കെട്ടിപിടിക്കടി.

രാത്രിയിൽ ഉറങ്ങിയില്ല നാളെ പോവാനുള്ള സാധനങ്ങൾ എടുത്തുവെക്കുന്നതും പോകുന്നതും ഒക്കെ ഓർത്തു അങ്ങനെ കിടന്നു. രാവിലെ പണി ഒക്കെ ഒതുക്കി മക്കളുമായി റെഡി ആയി ഇരിക്കുമ്പോൾ എന്തൊരു സന്തോഷം. ഉച്ചയോടെ വീട്ടിൽ എത്തിയപ്പോൾ രാവിലെ ഒന്നും കഴിക്കാതിരുന്നതുകൊണ്ടാണോ എന്തോ കോഴിക്കറിയും മീൻ കറിയും ഒക്കെ അപാരം. ഓരോന്നും കഴിച്ചിട്ടു അങ്ങേരു എന്നെ നോക്കി, ഡി അപ്പോൾ ഇതൊക്കെയാണ് ഇതിന്റെ ഒക്കെ ശെരിക്കും രുചി അല്ലേ ?നീ എന്താടി ഉണ്ടാക്കി വെക്കുന്നത് എന്നൊക്കെ കമന്റ്‌ പറയുന്നുണ്ട്.

വെട്ടി വിഴുങ്ങുന്നതിനിടക്ക് റിപ്ലൈ കൊടുക്കാൻ ടൈം കിട്ടുന്നില്ലെങ്കിലും ഇടയ്ക്കു ഇത്രേം പറഞ്ഞു.

വല്ലപ്പോഴുമുള്ള സദ്യ കാണുമ്പോൾ എന്നുമുള്ള കഞ്ഞി, അത് മറക്കരുത് !

കുശലാന്വേഷണവും ചെറുമയക്കവും കഴിഞ്ഞു മൂപ്പര് പോവാനിറങ്ങിയപ്പോൾ ഞാൻ ഒന്നൂടെ ഓർപ്പിച്ചു രണ്ടു ദിവസം കഴിയുമ്പോൾ ഓരോ കാരണം ഉണ്ടാക്കി തിരിച്ചു വിളിക്കരുത് ഇത്തവണ പത്തു ദിവസം എനിക്കു വേണം.

അത്രേം വേണോടി ?

വേണം എനിക്കൊന്നു അടിച്ചുപൊളിക്കണം.ആദ്യത്തെ രണ്ടുദിവസം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതുപോലെ അടിച്ചുപൊളിച്ചു. രാത്രി വരെ വീട്ടുകാരുമായി കഥപറച്ചിലും രാവിലെ എട്ടു മണിയാകുമ്പോൾ എഴുന്നേറ്റു അമ്മച്ചി ചായ എന്നു പറയുമ്പോൾ കാപ്പിയും പിന്നെ ചാനലുകളിൽ വന്ന ഇതുവരെ കാണാൻ പറ്റാത്ത പടങ്ങൾ കണ്ടുതീർക്കലും ഒക്കെ ആയി തകർത്തു. ഇത് ഇളയ കുഞ്ഞുണ്ടായതിൽ പിന്നെ കിട്ടിയ ലോട്ടറി ആണ്. വീട്ടിൽ വന്നാൽ ഒന്നും ചെയ്യിക്കില്ല. ഞാൻ അടുക്കളേൽ കേറിയാൽ അവനും കേറും പിന്നെ എന്താണ് നടക്കുന്നതെന്ന് ഒരു രൂപവും കിട്ടില്ല കൊച്ചുപിള്ളേർ ഇല്ലാത്തതു കൊണ്ടു മാതാശ്രീ താഴെ അടുക്കി വെച്ചിരിക്കുന്ന സകലമാന ഐറ്റംസ് ഇവൻ പൊക്കും. പോരാത്തതിന് കബോർഡ് തുറന്ന് ഓരോ ടിന്നായി എടുത്തു കമഴ്ത്തും. ഈ അരിപ്പൊടിയും ഗോതമ്പും ഒക്കെ. പിന്നെ വേസ്റ്റ് കൊട്ട ഒക്കെ പുള്ളിയുടെ തലയിൽ എന്തോ അതുകൊണ്ടും തൃപ്തനാകാതെ ഗ്യാസ് അടുപ്പിന്റെ ബർണർ അവന് ചുമ്മാ തിരിച്ചോണ്ടു ഇരിക്കണം. ഇതൊക്കെ കൊണ്ടു ഉമ്മച്ചി പറയും മോളെ നീ അവിടെ കുഞ്ഞിനെ നോക്കി ഇരുന്നോ ഞാൻ പാചകം ചെയ്തോളാം എന്നു.

മൂന്നാമത്തെ ദിവസം ആയപ്പോൾ എന്തോ ബോറടിക്കാൻ തുടങ്ങി. എന്തൊക്കെ ഉണ്ടായിട്ടും ഒരു രസമില്ല. പിറ്റേന്ന് രാത്രി വീഡിയോ കോളിൽ അങ്ങേരെ കണ്ടപ്പോൾ ഒരു സങ്കടം.

എന്താ മനുഷ്യ നിങ്ങളു ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ ക്ഷീണിച്ചുപോയല്ലോ ?

പോടീ അവിടുന്ന് ഇന്ന് നോക്കിയപ്പോൾ ഒരു കിലോ കൂടി.

ഒന്ന് എറിഞ്ഞു നോക്കിയതാ കൊണ്ടില്ല.

നിങ്ങൾക്ക് എന്നെ ഓർമ വരുന്നുണ്ടോ ?

എവിടുന്നു. ഓർക്കാൻ ടൈം ഉണ്ടായിട്ടു വേണ്ടേ തിരക്കാടി നീ ഫോൺ വെച്ചേ.

ഛെ നാണക്കേടായി ഞാൻ പോയത് അങ്ങേർക്കു സന്തോഷായി. കൂട്ടുകാരുടെ ഒപ്പം പാതിരാത്രി വരെ കൂടാം, താമസിച്ചു വരുന്നതിനു കാരണം ബോധിപ്പിക്കണ്ട. ഇഷ്ടമുള്ളപ്പോൾ വീട്ടിൽ വരാം പോകാം. കുഞ്ഞുങ്ങടെയും എന്റെയും ശല്യമില്ലാതെ സ്വസ്ഥമായി ഉറങ്ങാം അങ്ങനെ അങ്ങനെ എന്തോരം കാര്യങ്ങൾ.

ഓർത്തപ്പോൾ ദേഷ്യമായി.വാട്സ്ആപ്പ് എടുത്തു അഞ്ചാറ് മെസ്സേജ് അയച്ചു. എനിക്കറിയാം അല്ലേലും നിങ്ങൾക്കെന്നെ വേണ്ടല്ലോ ?എന്നെ കാണണം എന്നുപോലും ഇല്ല. വേറെ ആരെയെങ്കിലും കിട്ടിക്കാണും. I hate you.

ഇത്രേം ടൈപ്പ് ചെയ്തിട്ടും പോര പിന്നെ ഗൂഗിളിൽ തപ്പി ഇമേജസ് ഓഫ് എലോൺ വുമൺ അടിച്ചുകൊടുത്തു കിടുക്കാച്ചി രണ്ടെണ്ണം സേവ് ചെയ്തു സെൻഡ് ചെയ്തു പോരാത്തതിന് കരയുന്ന അഞ്ചാറ് സ്മൈലിയും.

രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അങ്ങേരു വിളിച്ചു എന്താടി കോ പ്പേ വീട്ടിൽ പോയാലും സമാദാനം തരില്ലേ ?

ഞാൻ ഒന്നും മിണ്ടിയില്ല.

ഡി നീ പോയിട്ട് ഇപ്പോൾ എത്ര ദിവസായി.?

നാല്.

ഈ നാലുദിവസവും ഞാൻ ഉറങ്ങിയിട്ടില്ല. ഉറക്കം വരാതെ എഴുന്നേറ്റു നടക്കുന്നതിനു മൂത്ത പെങ്ങൾ രാവിലെ കളിയാക്കി. അവര് വന്നിട്ട് രണ്ടുദിവസായല്ലോ. നീ അവളോട്‌ വിളിച്ചു ചോദിക്ക്.

നീയും മക്കളും ഇല്ലാതെ റൂമിൽ കേറാൻ ഇഷ്ടമില്ലാഞ്ഞിട്ടു ഹാളിലാണ് കിടപ്പു പോലും. സമയത്തിന് ഭക്ഷണം പോലും കഴിക്കുന്നില്ല. എന്നിട്ടും വിളിക്കുമ്പോൾ ഒന്നും പറയാഞ്ഞത് നീ അവിടെ സന്തോഷത്തോടെ ഇരിക്കട്ടെ എന്നോർത്ത് മാത്രാണ് . നിനക്കും കാണില്ലേ അവരുടെ കൂടെ താമസിക്കാനും കുറച്ചു ഫ്രീ ആവാനും കൂട്ടുകാരെ കാണാനും ഒക്കെ. എന്നിട്ട് നീ എന്താ പറഞ്ഞെ എനിക്കു ഇവിടെ വേറെ ഒരുത്തി ഉണ്ടെന്നല്ലേ ?നീ ഒന്നും നന്നാവില്ലടി. നിന്റെ ഒക്കെ മനസ്സിലിരുപ്പ് അത്രക്കാണ്.

ഇത്രേം കേട്ടപ്പോൾ മനസ്സിൽ ഒരു മഞ്ഞുമഴ. അതെ എനിക്കു നിങ്ങളെ കാണണം എന്നു തോന്നുന്നു.

സൺ‌ഡേ ഞാൻ വരാം. നിനക്ക് അമ്മിക്കല്ലും അലക്കു കല്ലും കണ്ടു കൊതി തീർന്നോ ?

ഒന്ന് പോ മനുഷ്യ, അതെ സൺ‌ഡേ ആവാൻ ഇനി രണ്ടു ദിവസം കൂടി ഇല്ലേ ?

എന്നാ നാളെ വൈകുന്നേരം വരാം. പോരെ സന്തോഷായോ ?

അതെ, അതുവേണ്ട എനിക്കിപ്പോ നിങ്ങളെ കാണണം.

അയ്യോടി !ഈ നട്ട പാതിരായ്ക്ക് നിന്നെ കാണാൻ ഇത്രേം കിലോമീറ്റർ വണ്ടി ഓടിച്ചു വരാൻ എനിക്കു വട്ടൊന്നുമില്ല. പോയി ഉറങ്ങു പെണ്ണെ നാളെ ഞാൻ വരും. ഇനി അടുത്ത കാലത്തെങ്ങാനും വീട്ടിൽപോകണമെന്നു പറഞ്ഞാൽ നിന്റെ നാക്കു ഞാൻ എടുക്കും. അവടെ വീട്, അളക്കുകല്ലു, അവകാശം, പത്തുദിവസം തേങ്ങാക്കൊല !

ഇതും പറഞ്ഞു അങ്ങേരു ഫോൺ വെച്ചപ്പോൾ മനസിലൊരു ലഡ്ഡു പൊട്ടി.

പിറ്റേന്ന് പോകുവാന്നു പറഞ്ഞപ്പോൾ മാതാശ്രീയും പിതാശ്രീക്കും ഹാലിളകി നീ കുറച്ചു ദിവസം ഉണ്ടാകുമെന്നു പറഞ്ഞിട്ട് !പെട്ടന്ന് എന്തുപറ്റി.

എന്തുപറ്റാനാ നിങ്ങടെ ഒരു കാര്യം അവൾക്കു കെട്യോനെ കാണണം അത്രേ ഉള്ളൂ. ഉമ്മ അതുപറയുമ്പോൾ ഞാൻ ശെരിക്കും ചമ്മി എങ്കിലും പുറത്തുകാണിക്കാതെ നൈസ് ആയിട്ട് സ്കൂട്ടായി.

കാര്യമൊക്കെ കാര്യം, കല്യാണം കഴിഞ്ഞാൽ പിന്നെ കേട്യോൻ കഴിഞ്ഞിട്ടേ ഉള്ളൂ വീട്ടുകാരൊക്കെ. അല്ലെ ചേച്ചിമാരെ വായിച്ചിട്ട് നിങ്ങളു പറ ചേട്ടന്മാര് കേക്കട്ടെ പെണ്ണിന്റെ ചങ്കിലെ മൊഹബത്ത്…