നല്ലൊരു പുലരിക്കായി ~ രചന: സുമയ്യ ബീഗം TA
എനിക്ക് ചായ വേണ്ട.
പൊന്നുമോളല്ലേ ഈ ചായകുടിച്ചിട്ടു പോ.
വേണ്ടന്നല്ലേ പറഞ്ഞത് ഞാൻ കുടിക്കില്ല കുടിക്കില്ല.
ഡി. നീ ആരാന്നടി നിന്റെ വിചാരം . വല്ലോം തിന്നുകയും കുടിക്കുകയും ചെയ്തോട്ടെ എന്നോർത്തു കാലുപിടിക്കുമ്പോൾ തലേൽ കേറുന്നോ അഹങ്കാരി.
അഹങ്കാരി ഞാൻ അല്ല അമ്മയാണ്.
നീ തർക്കുത്തരം പറയാൻ മാത്രം ആയോ ?
അമ്മക്കെന്തിന്റെ സോക്കേടാ രാവിലെ എന്നോട് വഴക്കുണ്ടാക്കുന്നെ. എനിക്ക് വേണ്ടന്നല്ലേ പറഞ്ഞുള്ളൂ. ( അകമ്പടിയായി സ്വിച്ച് ഇട്ട പോലൊരു കരച്ചിലും. )
ആറു വയസ്സേ ഉള്ളൂ മൂത്ത മകളാണ്. അൽപ്പം പുന്നാരിച്ചു എങ്കിലും പരിധി വിട്ടു ലാളിച്ചിട്ടില്ല. ഇന്നുവരെ അവളെ കൊണ്ടു ഒരു ശല്യവും ഉണ്ടായിട്ടില്ല. സ്വതവേ ശാന്തപ്രകൃതം. പക്ഷേ ഭക്ഷണം കാണുന്നതേ അല്ലർജി. എന്നും കണ്ണിരുവീഴാതെ ഭക്ഷണം കഴിക്കില്ല. രാവിലെ ഒന്നും കഴിക്കാതെ സ്കൂളിൽ വിടുന്നതെങ്ങനെ ?
എന്താ എന്റെ സീതേ രാവിലെ തുടങ്ങിയോ ആ കൊച്ചിനെ ഇട്ടു കാറിക്കാതെ നിനക്ക് മിണ്ടാതിരുന്നൂടെ ?ബഹളത്തിൽ ഉറക്കം മുടങ്ങിയ ദേഷ്യത്തിൽ ജയൻ സീതയോടു ചോദിച്ചുകൊണ്ടു ഡൈനിങ്ങ് റൂമിലെത്തി.
എന്താ അമ്മൂട്ടീ എന്താ പ്രശ്നം.
എനിക്കു ചായ വേണ്ട അച്ഛാ.
അതെങ്ങനാ മോളെ ? ചായ രാവിലെ കുടിക്കണ്ടേ . ഒരു ഉണർവും ഉന്മേഷവും ഒക്കെ വരണ്ടേ.
അച്ഛ പിടിച്ചു തരാം മോളു കുടിക്കു.
വേണ്ട മോൾക്ക് പകരം അച്ഛൻ തന്നെ കുടിച്ചാലും മതി. ജയേട്ടാ ഈ പുന്നാരം ഒക്കെ കുറച്ചാൽ നന്ന് ഇല്ലെങ്കിൽ പെണ്ണ് വളർന്നു വരുമ്പോൾ പിടി കിട്ടില്ല.
ജയൻ ചേർത്തുപിടിച്ചു ചായകുടിപ്പിക്കവേ മായ ആരോടെന്നില്ലാതെ പറഞ്ഞു അടുക്കളയിൽ ചെന്നു രണ്ടു ദോശയുമായി തിരിച്ചു വന്നു.
ദാ ഇതും കൂടി കഴിപ്പിക്ക്. ബ്രേക്ഫാസ്റ് ബ്രെയിൻ ഫുഡ് ആണെന്നാണ്. രാവിലെ ക്ലാസ്സിൽ പോയി ഇരിക്കുമ്പോൾ തലയിൽ കേറണമെങ്കിൽ ബ്രെയിൻ ഒക്കെ ഒന്ന് ആക്റ്റീവ് ആവണം. പട്ടിണി കിടന്നു ഉറക്കം തൂങ്ങി ഇരുന്നാൽ ആദ്യത്തെ പീരിയഡ് തൊട്ടു നിന്റെ ബ്രെയിൻ വെള്ളം കുടിക്കും. പ്ലേറ്റ് ഡൈനിങ്ങ് ടേബിളിൽ വെച്ചു സീത മകളോട് പറഞ്ഞു.
എനിക്കു ദോശ വേണ്ട അച്ഛേ.
പിന്നെ മോൾക്ക് എന്താ വേണ്ടത് ?
ഇഡലി ആയാലോ ?
ഒരു കുന്തവും ഇല്ല. നെയ് പുരട്ടി ചുട്ട ദോശയും തേങ്ങ അരച്ചു കുറുക്കിയ വെള്ള ചട്ണിയുമാ എരിവ് ഇല്ലാത്തതു. സൗകര്യമുണ്ടേൽ തിന്നാൽ മതി. ജയേട്ടൻ ചുമ്മാ ആവശ്യമില്ലാതെ കൊച്ചിനെ വഷളാക്കണ്ട.
ബ്ബ ബ്ബ ബ്ബ . യ്യോ ഈ അമ്മേടെ വായിൽ ഒരു സ്റ്റിക്കർ ഒട്ടിച്ചു വെക്കണം അച്ഛേ. ചെവി പൊട്ടിപോകുന്നു.
എന്താടി നീ പറഞ്ഞത് ?ഒന്നൂടെ പറയടി ദോശ ചുടുന്ന ചട്ടുകത്തിന്റ പിടി കൊണ്ടു മോൾടെ നേരെ ചെന്ന സീതയെ ജയൻ തട്ടി മാറ്റി.
സീതേ മിണ്ടാതിരിക്കാൻ ആണ് നിന്നോട് പറഞ്ഞത്. കടിച്ചു കീറാൻ ചെന്നാൽ കുഞ്ഞുങ്ങൾ എങ്ങനാ അനുസരിക്കുക. ഒന്നിനും ഒരു മയവുമില്ല.
ജയേട്ടൻ അവളുടെ കേൾക്കെ എപ്പോഴും എന്നെ കുറ്റപ്പെടുത്തു? ഞാൻ എനിക്കു വേണ്ടിയാണോ ഈ പറയുന്നത് ?ഇത്തവണയും ഡോക്ടർ എന്താ പറഞ്ഞത് ഈ പ്രായത്തിൽ വേണ്ട തൂക്കം ഇല്ലാ വിശപ്പിനുള്ള ടോണിക് എഴുതാം എന്നല്ലേ. . പ്രതിരോധശേഷി തീരെ ഇല്ല. കൂടെകൂടെ അസുഖങ്ങൾ വരുന്നതും അതുകാരണം അല്ലേ. കഴിഞ്ഞ മാസം ആശുപത്രിയിൽ അഞ്ചു ദിവസം കിടന്നപ്പോൾ ബില്ല് പതിനയ്യായിരം. ചോര നീരാക്കി നിങ്ങൾ ഉണ്ടാക്കുന്നതല്ലേ അഹന്ത കാരണം ആശുപത്രിയിൽ കൊണ്ടു എറിഞ്ഞുകളയുന്നതു. ഇവൾക്കെന്താ എന്തേലും കഴിച്ചാൽ എല്ലാ നേരവും എല്ലാർക്കും ഇഷ്ടമുള്ളതൊക്ക ഞാൻ ഉണ്ടാക്കി വെക്കുന്നുണ്ടല്ലോ ഇവക്കു മാത്രം ഒന്നും ഇറങ്ങില്ല.
സീതയുടെ സ്വരം ഇടറി കണ്ണുകൾ നിറഞ്ഞു അപ്പോഴേക്കും സ്കൂൾ വാൻ എത്തി ഒന്നും കഴിക്കാതെ അമ്മൂട്ടീ അച്ചക്കു ഉമ്മ നൽകി സ്കൂളിലേക്ക് തിരിച്ചു.
നെടുവീർപ്പെട്ടു സീത പ്ലേറ്റിൽ വിളമ്പിയ ദോശയിലേക്കും ജയനിലേക്കും നോക്കി.
ബാക്കി ഉള്ള മാവ് ഫ്രിഡ്ജിൽ വെക്കാൻ പോകുമ്പോൾ ആണ് ചേച്ചി എന്നൊരു വിളി അടുക്കള വാതിലിൽ.
നോക്കുമ്പോൾ അപ്പുണ്ണി ആണ് അടുത്ത വീട്ടിലെ പയ്യൻ. അപ്പുണ്ണിയുടെ അച്ഛന് പ്രത്യേകിച്ച് പണി ഒന്നുമില്ല കള്ളുകുടിച്ചു വന്നു ചീത്തയും തെറിയുമാണ്. അമ്മ അയൽകൂട്ടംകാരുടെ തൊഴിലുറപ്പിനു പോകുമ്പോൾ കിട്ടുന്ന തുച്ഛമായ തുക ആണ് ഏക വരുമാനം.
സീതേച്ചി ഇച്ചിരി പഞ്ചാര തരാവോ ?
അതിനെന്താ അപ്പുണ്ണി കേറി വാ.
പഞ്ചാര എടുത്തു നൽകവെ വെറുതെ ചോദിച്ചു നിനക്കിന്ന് സ്കൂളിൽ പോവണ്ടേ?
പോകാൻ പോവാ സീതേച്ചി.
എന്ത് കഴിച്ചു അപ്പുണ്ണി നീ ?
അവൻ വെറുതെ ഒന്ന് ചിരിച്ചു. എന്താടാ ?
ഓ ഒന്നും കഴിച്ചില്ല. രാവിലെ ചോറ് വേകുന്നതേ ഉള്ളൂ. കറി ഒന്നുമില്ല. അതോണ്ട് സ്കൂളിന് ഉച്ചക്കഞ്ഞി കുടിച്ചോളാം. വിശക്കുന്നില്ല സീതേച്ചീ. ഞാൻ പോട്ടെ.
അവിടെ നിൽക്കടാ ഇവിടെ ഇരുന്നേ. അപ്പോൾ ചുട്ട ചൂട് ദോശയും ചമ്മന്തിയും എടുത്തു അവന്റെ കയ്യിൽ കൊടുത്തു. കഴിക്കടാ.സീതേച്ചീ ഞാൻ വീട്ടിൽ കൊണ്ടുപോയി കഴിച്ചാൽ പോരെ ?
പോര ഇവിടിരുന്നു കഴിക്കണം. അവൻ ആസ്വദിച്ചു ഓരോ ദോശയും തിന്നുമ്പോൾ സീതേടെ കണ്ണുകൾ നിറഞ്ഞു. അതിൽ ഒരിക്കൽ താനും അനുഭവിച്ച ഇല്ലായ്‌മ കണ്ണീർതുള്ളിയായി തിളങ്ങി.
വയറു നിറഞ്ഞു അപ്പുണ്ണി എഴുന്നേൽക്കവേ ബാക്കി ഉള്ള ദോശമാവ് കുപ്പിയിലാക്കി അവന്റെ കയ്യിൽ വെച്ചുകൊടുത്തു.രാവിലെ അമ്മക്കു കഴിക്കാൻ സീതേച്ചീ തന്നുവിട്ടതാണ് എന്ന് പറയണം. അപ്പുണ്ണിക്ക് സ്കൂളിൽ നിന്നും വരുമ്പോഴും ഇഷ്ടാണെങ്കിൽ അമ്മയോട് പറഞ്ഞു ചുട്ടു കഴിക്കണം കേട്ടോ.
അപ്പുണ്ണി സന്തോഷത്തോടെ തലയാട്ടി ഇനി പൊക്കോട്ടെ സീതേച്ചീ.
ഒരു നിമിഷം. സീത പെട്ടന്ന് ചെറിയ രണ്ടു കറി പാത്രങ്ങളിൽ ഒന്നിൽ മീൻ വറുത്തതും മറ്റൊന്നിൽ വെളിച്ചെണ്ണയിൽ വരട്ടിയ ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടിയും എടുത്തു അപ്പുണ്ണിയുടെ കയ്യിൽ കൊടുത്തു. കറി ഇല്ല എന്നോർത്തു വിഷമിക്കണ്ട ഇന്ന് ഉച്ചകഞ്ഞിക്കു ഇതും കൂടി ആവട്ടെ.
പിന്നെ അപ്പുണ്ണിയേ, എന്നും ഇതുപോലെ കണ്ടില്ലെങ്കിലും ചോറിനു കറി ഇല്ലാത്തപ്പോൾ ഈ അടുക്കള വരെ ഒന്നോടി വന്നോളൂ സീതേച്ചീ എന്ന് വിളിച്ചാൽ മതി. ബാക്കി കാര്യം ഏറ്റു.
എല്ലാംകൂടി എടുത്തു അവനെ ഏൽപ്പിക്കുമ്പോൾ ആ മുഖത്തു പൂത്തിരി കത്തിയപോലെ.
എത്ര വിഭവങ്ങൾ ഉണ്ടാക്കിയാലും പാകം ചെയ്തവരുടെ വയറു നിറയണമെങ്കിൽ അതൊരാളുടെ വിശപ്പ് മാറ്റുന്നത് നേരിൽ കാണണം. കഴിക്കുന്നവർ തൃപ്തരാവുമ്പോൾ ദൈവങ്ങൾ പ്രസാദിച്ചപോലൊരു സുഖമാണ്.
എന്താടി സീതേ പിണക്കമാണോ ?കുളികഴിഞ്ഞു ജയേട്ടൻ പിറകിൽ. ഈറൻ മാറിലെ നേർത്ത രോമങ്ങളിലേക്കു വലിച്ചടുപ്പിച്ചു കവിളിൽ ഉമ്മ വെച്ചു ജയേട്ടൻ ചോദിച്ചപ്പോൾ അറിയാതൊന്നു തേങ്ങി. എന്താ ജയേട്ടാ നമ്മുടെ അമ്മൂട്ടിക്കു മാത്രം വിശപ്പില്ലാത്തതു?ഒന്നും വേണ്ടാത്തത്.
സീത, ഇന്നത്തെ കുഞ്ഞുങ്ങൾ ഇല്ലായ്മയോ വല്ലായ്മയോ അറിഞ്ഞിട്ടില്ല. അതറിയാൻ ഒരു മാതാപിതാക്കളും അവരെ അനുവദിക്കുകയും ഇല്ല. സമൃദ്ധികൾക്കിടയിൽ ഒന്നിനോടും അവർക്കൊരു താല്പര്യം തോന്നില്ല കാരണം ഒരു നേരം കഴിച്ചില്ലേലും അവർക്കറിയാം വിശക്കുമ്പോൾ വിഭവസമൃദ്ധമായ മറ്റൊരു ഭക്ഷണം റെഡി ആണെന്ന്. പിന്നെ കൊടുക്കുന്നത് വേണ്ടാന്നു വെക്കാൻ മടി തോന്നുമോ ?
ഒരു നേരം കഴിക്കാൻ ഇല്ലാത്ത ഒരവസ്ഥ അവരുടെ ചിന്തകൾക്കും അപ്പുറം. എത്ര പഴംകഥ പറഞ്ഞാലും, ഗൂഗിളിലെ പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോ കാണിച്ചാലും അവർക്കു അത് മനസ്സിലാവുകയും ഇല്ല. നീ വിഷമിക്കണ്ട വരുന്ന ഞായർ നമ്മൾ പോകുന്നത് പാർക്കിലും റെസ്റ്റോറെന്റിലും ഒന്നുമല്ല.
ഇവിടെ അടുത്ത് കാരുണ്യ ദീപം എന്നൊരു അഗതി മന്ദിരം ഉണ്ട്. ആറു മാസം പ്രായമുള്ള കുഞ്ഞു തൊട്ടു പ്രായം ചെന്നവർ വരെ അന്തേവാസികളാണ്. അതിൽ അംഗവൈകല്യം, ബുദ്ധിഭ്രമം, ചലനശേഷി ഇല്ലാത്തവർ ഒക്കെ ഉണ്ട്. നമുക്കും അവിടെ പോകണം. കുഞ്ഞുങ്ങളെയും കൂട്ടി. നമ്മുടെ മോൾക്ക് അതിനുള്ള പ്രായമായി. ഈ പ്രായത്തിൽ തന്നെ അവൾ അറിയണം ദൈവം അവൾക്കു കൊടുത്ത സൗഭാഗ്യങ്ങളും അവൾ നഷ്ടപ്പെടുത്തുന്ന ഓരോ വറ്റിന്റെയും അവകാശികളെയും.
പോകാം ജയേട്ടാ. അമ്മൂട്ടീ വളരുന്നത് നമ്മൾ വളർന്ന പോലെയാവണം. മറ്റുള്ളവരെയും മാതാപിതാക്കളെയും സ്നേഹിച്ചും ഈശ്വരനെ മറക്കാതെയും ആവണം.
അതൊരു ഉറച്ച തീരുമാനമായിരുന്നു. ഒരായിരം പ്രതീക്ഷകളുടെയും.