വിശ്വാസം ~ രചന: റിൻസി പ്രിൻസ്
വൈകുന്നേരം എന്താണ് പരിപാടി….?
മീറ്റിംഗ് കഴിഞ്ഞതും അഭി ചോദിച്ചു….രഞ്ജൻ അവളെ മനസിലാകാതെ നോക്കി…..
എന്ത് പരിപാടി…..?
ഡാ മുംബൈ വരെ വന്നിട്ട് ഒന്ന് ആഘോഷിക്കാതെ പോകണോ….?
അഭി കുസൃതിയോടെ പറഞ്ഞു….
അഭിരാമി എന്താണ് ഉദ്ദേശിച്ചത്…..
ഒരിക്കൽ കൂടെ രഞ്ജൻ ചോദിച്ചു….
ഞാൻ ഒരു പെണ്ണാണ് രഞ്ജൻ….ഇതിൽ കൂടുതൽ വ്യക്തമായി പറയാൻ എനിക്ക് അറിയില്ല…..
അത്രയും പറഞ്ഞു മനം മയക്കുന്ന ഒരു ചിരിയുമായി അവൾ പുറത്തേക്ക് പോയി……
രഞ്ജൻ ഒന്നും മിണ്ടാതെ റൂമിലേക്ക് ചെന്നു……അവൾ പറഞ്ഞതിനെ കുറിച്ച് ഓർത്തു….
തന്റെ കമ്പനിയിലെ സഹപ്രവർത്തക ആണ് അഭിരാമി….
ഏകദേശം ആറു മാസം ആയി അവൾ കമ്പനിയിൽ ജോയിൻ ചെയ്തിട്ട്…..ആദ്യം മുതലേ തന്നോട് ഒരു പ്രേത്യക ഇന്റിമേസി അവൾക്ക് ഉണ്ട്…..അഭിരാമിയുടെ ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്…..ഒരു മകളുമുണ്ട്……ബോർഡിംഗ് സ്കൂളിൽ പഠിക്കുകയാണ്…..
വന്ന കാലം മുതൽ അഭിരാമിക്ക് തന്നോട് ഒരു പ്രത്യേക താൽപര്യമുണ്ടോ എന്ന് തോന്നിയിരുന്നു…….പിന്നീട് സംസാരിച്ചപ്പോഴാണ് അറിയുന്നത് അഭിരാമി കോളേജിൽ തന്റെ ജൂനിയറായിരുന്നു…..താൻ ശ്രദ്ധിച്ചില്ലെങ്കിലും കോളേജിൽ പഠിക്കുന്ന കാലത്ത് തന്നോട് ഒരു താല്പര്യം ഉണ്ടായിരുന്നു എന്ന് അവളുടെ സംസാരത്തിൽ നിന്നും മനസ്സിലായിരുന്നു…..ഒരു ചിരിയോടെ ആയിരുന്നു താൻ ഒക്കെ എടുത്തിരുന്നത്……പക്ഷേ അറിഞ്ഞും അറിയാതെയും ഇടയ്ക്കിടെ അഭിരാമി തട്ടുകയും മുട്ടുകയും ഒക്കെ ചെയ്ത് അവളുടെ മനസ്സിലുള്ള കാര്യം പല ആവർത്തി പറയാതെ പറഞ്ഞു…..
ഒരിക്കൽ ഒരു നീണ്ടുപോയ ജോലിയുടെ തിരക്കിനുമിടയിൽ അവളെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ ആയിരുന്നു ആദ്യമായി അഭിരാമി തന്റെ ഇഷ്ടം തന്നോട് പറയുന്നത്…..
മറ്റൊന്നും വേണ്ട രഞ്ജൻ ഒരു ഭർത്താവാണ് എനിക്കറിയാം….ഞാനും ഒരു ഭാര്യയാണ്…..ഇപ്പോൾ പഴയതുപോലെ രഞ്ജനെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല……പക്ഷേ ആരുമറിയാതെ ഈ സ്നേഹം മുന്നോട്ടു കൊണ്ടു പോകാൻ നമുക്ക് കഴിയും……
അഭിരാമി ഇങ്ങനെയൊന്നും സംസാരിക്കരുത്…….പഠിക്കുന്ന കാലത്ത് നമുക്ക് പല കാര്യങ്ങളും തോന്നുന്നതൊക്കെ പ്രായത്തിന്റെ വെറും ചാപല്യങ്ങൾ മാത്രമാണ്……എനിക്ക് പല പെൺകുട്ടികളോടും താല്പര്യം ഒക്കെ തോന്നിയിട്ടുണ്ട്…….
പക്ഷേ വിവാഹ ശേഷം നമ്മൾ വീണ്ടും അതിനു മുൻപ് പ്രാധാന്യം കൊടുത്താൽ തകരുന്നത് നമ്മുടെ കുടുംബമാണ്……അത് ഒരു ചില്ലുപാത്രം പോലെയാണ്……നമ്മുടെ കുടുംബം അത് സൂക്ഷിക്കേണ്ടത് നമ്മളാണ്…..
പലപ്പോഴും ഈ ആവശ്യവുമായി അവൾ തന്നെ മുൻപിൽ വന്നിട്ടുണ്ടെങ്കിലും നിരസിക്കുകയായിരുന്നു……
അങ്ങനെ ആണ് ഈ മീറ്റിംഗ് വരുന്നത്……ഓഫീസിൽ നിന്ന് താനും അവളും മാത്രം ഉള്ള ഒരു യാത്ര…….
ഓർമകൾക്ക് വിരാമം ഇട്ടു രഞ്ജൻ കുളിക്കാൻ ആയി കയറി…..കുളി കഴിഞ്ഞ് പുറത്തേക്ക് വന്ന് ബാൽക്കണിയിൽ നോക്കി നിൽക്കുമ്പോഴാണ്…..പെട്ടെന്ന് ഫോണിൽ കോൾ വന്നത് നോക്കിയപ്പോൾ അനുവാണ്…..കോൾ എടുത്തു…..
മീറ്റിംഗ് കഴിഞ്ഞ് വന്നോ ചേട്ടാ….
സ്വരം കാതിൽ എത്തിയപ്പോൾ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു….
കഴിഞ്ഞു……ഇപ്പൊ കുളിയൊക്കെ കഴിഞ്ഞു നിൽക്കുകയായിരുന്നു……..
നീ ഓഫീസിൽ നിന്ന് വന്നോ…..
ഒന്നും പറയണ്ട ചേട്ടാ….ഓഫീസിൽ നിന്ന് വന്നപ്പോഴാണ് അമ്മയുടെ ഗുളിക തീർന്നു എന്ന് പറയുന്നത്……രാവിലെ എന്നോട് പറഞ്ഞില്ല…..അതുകൊണ്ട് ഞാൻ പിന്നെ വന്നപ്പോൾ തന്നെ ഒരു ഓട്ടോ പിടിച്ച് മെഡിക്കൽ സ്റ്റോറിൽ പോയി ഗുളിക വാങ്ങി തിരികെ വന്നു……ഇപ്പോ അവളെ പഠിപ്പിച്ചു കഴിഞ്ഞു ഒന്ന് ഇരുന്നതേയുള്ളൂ…..ഇനി വേണം കുളിക്കാനും ചപ്പാത്തി ഉണ്ടാക്കാനും ഒക്കെ…..അമ്മ മാവ് കുഴച്ചു വച്ചിട്ടുണ്ട്…..പാവം എനിക്ക് ബുദ്ധിമുട്ട് ആവണ്ട എന്ന് കരുതിയാവും അത് ചെയ്തത്……ഞാൻ പറഞ്ഞത ഒന്നും ചെയ്യേണ്ട എന്ന്…..
സമയം ഒരുപാട് ആയല്ലോ…..നീ ചെന്ന് കുളിക്ക്…..
ശരി…….കിടക്കുന്നതിന് മുൻപ് വിളിക്കാം….ചേട്ടൻ കഴിക്ക് പോയി….
ശരി……
ഫോൺ വെച്ചതും അയാൾ ആലോചിച്ചു അനുപമയെ കുറിച്ച്….സ്നേഹിച്ച വിവാഹം കഴിച്ച പെൺകുട്ടിയായിരുന്നു….സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത ഒരു പെൺകുട്ടി…..അനാഥാലയത്തിൽ നിന്നും കോളേജിൽ വന്നു പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ കൗതുകം ആയിരുന്നു പിന്നീട് പ്രണയത്തിലേക്ക് വഴിവെച്ചത്……ഒരുപക്ഷേ അവളോടുള്ള പ്രണയത്തിൻറെ അന്ധത കൊണ്ടായിരിക്കാം ഇപ്പോൾ അഭിരാമിയെ പോലുള്ള പെൺകുട്ടികൾ തന്നോടു കാണിച്ച താൽപര്യം മറന്നുപോയത് തന്നെ…..ചേർത്ത് പിടിച്ച് അന്നുമുതൽ തനിക്ക് വേണ്ടി മാത്രം ജീവിക്കുന്നവളാണ്……തൻറെ കുടുംബത്തെ മുഴുവൻ സ്വന്തമായി കരുതുന്ന ആളാണ്…..അച്ഛനെയും അമ്മയെയും കുഞ്ഞുങ്ങളെയും ഒരു കുറവും ഇല്ലാതെ നോക്കുന്നവളാണ്……ജോലിത്തിരക്കും വീട്ടിലെ ജോലിയും ഓഫീസിലെ ജോലിയും എല്ലാം ഒരുപോലെ ചെയ്ത വീട്ടിൽ വന്നു വീണ്ടും തനിക്ക് വേണ്ടി തൻറെ കുടുംബത്തിനും വേണ്ടി ജീവിക്കുന്നവൾ……ഒരു പാവം പെണ്ണ്……
അവളുടെ നൈർമല്യമുള്ള മുഖം പെട്ടെന്ന് മനസ്സിലേക്ക് ഓടി വന്നു…..
പെട്ടെന്നാണ് ഡോറിൽ കൊട്ട് കേട്ടത്…..
അഭിരാമി ആയിരിക്കുമെന്ന് അവനു ഉറപ്പായിരുന്നു…..അവൻ തുറന്നു….അഭിരാമി ആണ്….
എനിക്ക് അകത്തേക്ക് കയറി വരാമോ….
ചിരിയോടെയാണ് അവൾ ചോദിക്കുന്നത്….
വരു….
അവളെ ക്ഷണിച്ചു….
ഡിന്നർ കഴിക്കണ്ടേ…..
അകത്തേക്ക് കയറി വന്നതും ഒരു നൈറ്റി ആണ് അവൾ ഇട്ടിരിക്കുന്നത്…..വളരെ നേർത്ത ഒന്ന്….ഒരുപക്ഷേ തന്നിൽ എന്തെങ്കിലുമൊക്കെ ആവേശം സൃഷ്ടിക്കാൻ ആവേഷത്തിന് കഴിയും എന്ന ചിന്തയിൽ ആയിരിക്കാം അവൾ അത് തിരഞ്ഞെടുത്തത് എന്ന് തോന്നിയിരുന്നു……ഒരു നിമിഷം ചിരിവന്നു പോയിരുന്നു രഞ്ജന്….
ഭക്ഷണം ഞാൻ പറഞ്ഞിട്ടുണ്ട്…
രഞ്ജൻ പറഞ്ഞു…
കുറച്ചു നേരം രണ്ടുപേരും മൗനം ആയി ഇരുന്നു….അഭി മേലെ അരികിൽ വന്നു രഞ്ജന്റെ തോളിൽ കൈ വച്ചു…
“അഭിരാമി….താൻ ഇപ്പോൾ പ്രതീക്ഷിക്കുന്നത് എന്താണെന്ന് എനിക്കറിയാം…..നിനക്ക് എന്നോട് കോളേജ് ടൈമിൽ ഉണ്ടായിരുന്ന ഇഷ്ടം അത് ഒരു അഭിനിവേശമായിരുന്നു…..അത് വീണ്ടും വീണ്ടും അഭിരാമി തെളിയിക്കുകയാണ്….അഭി…… ഇപ്പോൾ ഇവിടെ എന്തു നടന്നാലും ആരും അറിയാൻ പോകുന്നില്ല…..ഞാനും താനും അല്ലാതെ…..ഞാനൊരു പുരുഷനാണ് എനിക്കും ചിലപ്പോൾ എൻറെ വികാരങ്ങളെ നിയന്ത്രിക്കാൻ പറ്റാതെ വന്നേക്കാം….അഭിരാമിക്ക് എന്നേ ഇഷ്ടമാണ്…..പക്ഷേ അത് പ്രണയമല്ല…..വെറും നിമിഷനേരത്തെ ക്കുള്ള സുഖത്തിനുവേണ്ടി തോന്നുന്ന ഇഷ്ടം…..ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ….
എന്താ രഞ്ജൻ….
എന്നോട് കാണിക്കുന്നതിന്റെ പകുതി സ്നേഹം അഭിരാമി ഭർത്താവിനോട് കാണിച്ചിട്ടുണ്ടോ….? അയാളെ പ്രണയിച്ചിട്ടുണ്ടോ…..?
അവൾ മൗനം ആയി….
ഉണ്ടാവില്ല എന്ന് ഞാൻ പറയും…..അഭിരാമിക്ക് വേണ്ടി…..അഭിരാമിയുടെ കുഞ്ഞിന് വേണ്ടിയാണ് നിങ്ങളുടെ ഭർത്താവ് അന്യനാട്ടിൽ പോയി കിടന്ന് കഷ്ടപ്പെടുന്നത്…..അയാൾക്ക് വേണമെങ്കിൽ ഇവിടെ നിൽക്കാം……പക്ഷേ എൻറെ ഭാര്യയും കുഞ്ഞും അന്തസോടെ ജീവിക്കണം എന്നുള്ള ഒരു ആഗ്രഹം അയാൾക്ക് ഉള്ളതുകൊണ്ടാണ് രാവ് പകലാക്കി ജോലിചെയ്യുന്നത്……അങ്ങനെ ജോലിചെയ്യുന്ന ഒരു മനുഷ്യന് അഭിരാമിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം മറ്റൊന്നുമല്ല കളങ്കമില്ലാത്ത ഒരു മനസ്സാണ്…….അഭിരാമിയുടെ കൂടെ ഒരു യാത്രക്കൊരുങ്ങുമ്പോൾ എനിക്കുറപ്പുണ്ടായിരുന്നു അഭിരാമിയോട് ഈ പ്രാവശ്യം ഈ കാര്യം പറഞ്ഞു ഉറപ്പിക്കാൻ എനിക്ക് കഴിയുമെന്ന്……..അതുകൊണ്ടാണ് നമ്മൾ രണ്ടുപേരും മാത്രം ഉള്ള ഒരു യാത്രയ്ക്ക് ഞാൻ സമ്മതം മൂളിയത്…….അഭിരാമി ഒരു പെൺകുട്ടിയുടെ അമ്മയാണ്…….അതു കൂടി ചിന്തിക്കണം…..നേർവഴിക്ക് നടത്തേണ്ടവർ തന്നെ തെറ്റ് ചെയ്തു തുടങ്ങരുത്…..അഭിരാമിയെകാൾ കൂടുതൽ വികാരങ്ങളുള്ള ഒരു പുരുഷൻ ആണ് ഞാൻ…..വേണമെങ്കിൽ എനിക്ക് എന്റെ ഭാര്യയെ വഞ്ചിക്കാം……ആരും അറിയില്ല….അറിഞ്ഞാലും അവൾക്ക് പോകാൻ ഒരു ഇടം ഇല്ലാത്തോണ്ട് ചിലപ്പോൾ എല്ലാം സഹിച്ചു നില്കും…..അതുകൊണ്ട് തന്നെ എനിക്കും ധൈര്യം ആയി അഭിരാമിയുടെ തീരുമാനത്തിന് ഒപ്പം വേണെങ്കിൽ നിൽകാം……പക്ഷെ അഭിരാമിയെ കാണുമ്പോൾ ചൂടുപിടിക്കുന്ന എൻറെ ശരീരത്തെ തണുപ്പിക്കാൻ എനിക്ക് ഒരൊറ്റ ഓർമ്മ മാത്രം മതി…….എൻറെ ഭാര്യയുടെ വയറിലെ 14 തുന്നിക്കെട്ട്……എൻറെ കുഞ്ഞിനെ പുറത്തേക്ക് കൊണ്ട് വരാൻ വേണ്ടി അവൾ സഹിച്ച വേദനയുടെ അടയാളമാണത് ……..അത് ഓർക്കുമ്പോൾ ഒരിക്കലും എനിക്ക് മറ്റൊരു സ്ത്രീയെ മോശം കണ്ണോടെ നോക്കാൻ കഴിയില്ല…….
അത്രയും രഞ്ജൻ പറഞ്ഞപ്പോഴേക്കും അഭിരാമിക്കും വേദന ഉള്ളിൽ പടരുന്നു ഉണ്ടായിരുന്നു……
ഒന്നും പറയാതെ അവൾ മുറിക്ക് പുറത്തേക്ക് പോയി….
അഭി…..
അവൾ തിരിഞ്ഞു നോക്കി….
ഒരു ഭർത്താവിനെ അല്ലെങ്കിൽ ഭാര്യക്ക് നമ്മുടെ പങ്കാളിക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം “വിശ്വാസം” ആണ്…..അവർ നമ്മുക്ക് നൽകുന്ന വിശ്വസം നിലനിർത്തി കൊണ്ടു പോകുക എന്നതാണ്…..
അവൾ ഒന്നും മിണ്ടാതെ സ്വന്തം മുറി തുറന്ന് ആ മുറി ലോക്ക് ചെയ്യുന്നത് രഞ്ജൻ ചെറുചിരിയോടെ നോക്കി നിന്നു…..പിന്നീട് ഫോണെടുത്തു ഗാലറിയിൽ നിന്ന് അനുപമയുടെ ചിത്രം നോക്കി കുറെ നേരം കിടന്നു…..പിന്നീട് എപ്പോഴോ നിദ്രയിലേക്ക് വഴുതി വീണു…..അപ്പോൾ ഫോൺ ബെല്ലടിച്ചു….
അനു കാളിങ്……
അത് കണ്ടതും ചെറു ചിരിയോടെ ഫോൺ എടുത്തു……