യാന്ത്രികമായി ശ്രുതിയുടെ കൈയും പിടിച്ച് എഴുന്നേൽക്കാനൊരു ശ്രമം നടത്തിയപ്പോൾ ആളെന്നെ താങ്ങിപിടിച്ചു നടത്തിച്ചു…

ജോമോൾ ~ രചന: Meera Saraswathi

ജോമോൾ അതായിരുന്നു കോളേജിലെ എന്റെ വട്ടപേര്‌. കാരണം എന്താണെന്ന് പിടികിട്ടിയോ? അതുതന്നെ.. സ്ഥലകാല ബോധമന്യേ ഏതു നേരത്തും എവിടെ വേണമെങ്കിലും വീണുപോകും. ഐ മീൻ കാലു തെന്നി വീഴുമെന്ന്..

അങ്ങനെ വീണു വിണു ബസ്സിലും ബസ്സ്സ്റ്റാന്‍റിലും റോഡിലും ബോയ്സ് ഹോസ്റ്റലിന്‍റെ മുന്നിലും പാടത്തു ചെളിയിലും എന്നു വേണ്ട സകല സ്ഥലങ്ങളിലും വീണു. ഇങ്ങനെ പോയാല്‍ എട്ടിന്റെ പണിയാകും എന്ന് എന്റെ ചങ്കുകള്‍ ശ്രുതിക്കും സൗമ്യക്കും പുടികിട്ടിയതോടെ ബോഡീഗാര്‍ഡ്സിനെ പോലെ എന്‍റെ ഇടം വലങ്ങളിലായി ആണ് അവരുടെ നടപ്പ്.

ഇനി എന്‍റെ വന്‍വീഴ്ചയെ കുറിച്ച് പറയാം.. കോളേജിൽ ചേർന്ന് ദിവസങ്ങളെ ആയിട്ടുള്ളു. ഞാനും ശ്രുതിയും എന്നും ഒരുമിച്ചാണ് ബസ്സു കാത്തു നില്‍ക്കുന്നത്. അന്നു നമ്മുടെ നാട്ടില്‍ നിന്നും കോളേജിലേക്ക് ഏക ത്രൂ ബസ്സ് റാണിമോള്‍ മാത്രായിരുന്നു. അതു കിട്ടിയില്ലെങ്കില്‍ രണ്ട് ബസ്സ് മാറിക്കയറണം. അത്കൊണ്ടു തന്നെ ഒടുക്കത്തെ തിരക്കുമായിരിക്കും. സൂചികുത്താന്‍ ഇടമില്ലേലും എങ്ങനേലും എല്ലാവരും വലിഞ്ഞ് കേറും. ഞാനാണെങ്കില്‍ നൂഴ്ന്നു കയറ്റമൊക്കെ പഠിച്ചു വരുന്നേ ഉണ്ടായിരുന്നുള്ളൂ.

ഞാന്‍ കയറുന്നതിനു മുന്നേ തന്നെ കണ്ടക്ടറേട്ടന്‍ ഡോറടച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ ശ്രുതിയും കയറിയില്ല. എനിക്കാണേല്‍ പെരുത്ത് സന്തോഷമായി.ഇന്നു സീനിയേര്‍സിന്‍റെ പുഷ്പിക്കല്‍ സഹിക്കേണ്ടല്ലൊ. എന്നാല്‍ അവളാണെങ്കില്‍ ഒട്ടും വിടാനും ഭാവമില്ല. അടുത്ത ബസ്സും കാത്തിരിപ്പാണവള്‍. പിന്നീടു വന്ന ബസ്സില്‍ കയറി ഞങ്ങള്‍ ടൗണിലിറങ്ങി. അവിടെന്ന് കൂട്ടായി ഞങ്ങളുടെ രണ്ടു സീനിയേഴ്സിനെ കിട്ടി.. അങ്ങനെ ഞങ്ങള്‍ നാലാളും ഒരു ലിമിറ്റഡ് സ്റ്റോപ്പില്‍ കയറി.

എന്‍റെ നിര്‍ഭാഗ്യത്തിനു ഏറ്റവും മുന്നിലെ മൂന്നുവരി സീറ്റില്‍ ഏറ്റവും അറ്റത്തായിട്ടിരുന്നഞാന്‍ ഇരുന്നത്. സീറ്റിന്‍റെ സൈഡില്‍ തടസ്സമായിട്ട് ഒന്നും ഉണ്ടായിരുന്നില്ല. ബസ്സിലാണേല്‍ തിരക്കൊട്ടും ഇല്ല. ഡ്രൈവര്‍ നല്ല ബ്രേക്ക് ഡാന്‍സര്‍ ആണെന്ന് തോന്നുന്നു, അപാര മെയ് വഴക്കം. വളയം പിടിക്കുന്നതു കാണുമ്പോള്‍ തോന്നും അയാളൊരു വിമാനമാണ് പറത്തുന്നത് എന്ന്..അമര സ്പീഡ്. എനിക്കാണേല്‍ ഒന്നു പിടിച്ചിരിക്കാന്‍ മുന്നിലോ സൈഡിലോ ഒരു കമ്പ് പോലുമില്ല, മൂന്നാമതായി ഇരിക്കുന്നതിനാല്‍ ജനാല എത്തുന്നുമില്ല. ഒടുവില്‍ സീറ്റില്‍ അള്ളിപ്പിടിച്ചിരുന്നു.

ഓരോ വളവുകള്‍ എത്തുമ്പോഴും എന്‍റ അടിവയറ്റില്‍ കൂടി ഓരോ മിന്നലുകള്‍ പാഞ്ഞുപോയി കൊണ്ടേയിരുന്നു. അങ്ങനെ ഇടയ്ക്ക് വെച്ച് ഡ്രൈവറേട്ടന്‍ സഡണ്‍ ബ്രേക്കിട്ടതും ഞാന്‍ പറന്നുപോയതും ഒരുമിച്ചായിരുന്നു. ഭാഗ്യത്തിനു വീണത് വാതില്‍ പടിയുടെ തൊട്ടരികില്‍, അതായത് റോഡിലേക്ക് തെറിച്ചു വീഴുന്നത് ജസ്റ്റ് മിസ്സായീന്ന്..

ഞാന്‍ കണ്ണുതുറന്നു നോക്കുമ്പോള്‍ കണ്ടക്ടറേട്ടനുണ്ട് സ്ലോ മോഷനില്‍ ഓടിയോടി വരുന്നു. എന്‍റെ കൈകളോരോന്നും പെട്ടിസീറ്റിലിരുന്ന ചേച്ചിയും എന്‍റെ അടുത്തിരുന്ന ചേച്ചിയും കൂടി പിടിച്ചു വലിക്കുന്നു. എന്‍റെ കണ്ണുകളില്‍ കൂടി പൊന്നീച്ച പറക്കുന്നുണ്ട് സോദരരേ, പൊന്നീച്ച.കണ്ടകടറേട്ടന്‍റെ ഗോള്‍ഡന്‍ ഓപ്പൊര്‍ച്യൂണിറ്റിയെ അപ്പാടെ തട്ടിത്തെറിപ്പിച്ചു കൊണ്ട് ആ ചേച്ചിമാരെന്നെ പൊക്കിയെടുത്ത് സീറ്റിലിരുത്തി.

കണ്ടകറേട്ടന്‍ ഡ്രൈവറേട്ടനോട് എന്തോ സ്വകാര്യം പറഞ്ഞു, പിന്നീടങ്ങോട്ട് അങ്ങേരൊരു സാധാരണ ഡ്രൈവറായിരുന്നു. തലപെരുക്കണ്…കാലുവെറക്കണ്…. പെട്ടിസീറ്റിലേക്ക് പാളിയൊന്ന് നോക്കിയപ്പോള്‍ ശ്രുതിയുണ്ട് വാ പൊത്തി ചിരിക്കുന്നു.. ദുഷ്ട; എനിക്കെന്തേലും പറ്റിയിരുന്നെങ്കിലോ. ഇനിയിപ്പൊ ഇറങ്ങിക്കഴിഞ്ഞ് പുറകിലിരിക്കുന്ന രണ്ടിന്‍റേം ചിരികൂടി കാണേണ്ടി വരുവല്ലോ തമ്പുരാനെ. ഞാന്‍ കരച്ചിലിന്‍റെ വക്കോളമെത്തി.

ബസ്സില്‍ നിന്നും ഇറങ്ങിയപ്പോള്‍ അപമാന ഭാരത്താല്‍ തലയും താഴ്ത്തി നടക്കുന്ന എന്‍റെ തലയില്‍ പെട്ടെന്നെന്തോ വലിയ ശബ്ദത്തില്‍ പതിച്ചു.

“അമ്മാ…..”

ഞാനലറിവിളിച്ചും കൊണ്ട് തലയില്‍ വീണ സാധനമെടുത്ത് താഴെയിട്ടു. ഒരു ചാക്കു നിറയെ ഒന്നാംതരം ഉരിച്ച തേങ്ങകളായിരുന്നു സോദരന്മാരേ അത്. പൊന്നീച്ചയും തേനീച്ചയും പിന്നെയെന്തല്ലോ ഈച്ചകളെല്ലാം കൂടി എന്‍റെ കണ്ണിലൂടെ പറന്നു നടന്നു.

കാര്യമെന്താണെന്നോ,ആ ചാക്കുമുതലാളി ഒരു അപ്പൂപ്പനായിരുന്നു. പുറകില്‍ ഹോണ്‍ മുഴങ്ങിയപ്പോള്‍ ബസ്സിടിക്കാന്‍ വരുവാണെന്ന് കരുതി ചാക്കുകെട്ട് എന്‍റെ തലയിലോട്ടിട്ട് അങ്ങേരു ജീവനും കൊണ്ട് ഓടിയതായിരുന്നു. ഇടിവട്ടിയവനെ പാമ്പു കടിച്ച അവസ്ഥയായി എന്‍റേത്. മൂന്ന് മഹാന്മാരും കൂടി കോളേജു മുഴുവന്‍ നോട്ടീസടിച്ചു അവരുടെ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചു….. അങ്ങനെ എന്‍റെ വട്ടപ്പേരിനൊരു കാരണം കൂടി കിട്ടിയന്ന്..

🌸🌸🌸🌸🌸🌸🌸🌸

അങ്ങനെ ആസ്ഥാന ജോമോൾ പട്ടവും അലങ്കരിച്ച് വിലസി നടക്കുമ്പോൾ ഫ്രഷേഴ്‌സ് ഡേ വന്നെത്തി. രാവിലെ കോളേജിൽ എത്തിയതും ഒരു വിധം സീനിയേഴ്‌സിൽ നിന്നും രക്ഷപ്പെട്ട്‌ ഓഡിറ്റോറിയത്തിലേക്കുള്ള കോറിഡോറിൽ കാൽ വെച്ചു. വെച്ചത് മാത്രമേ ഓർമയുണ്ടായിരുന്നുള്ളൂ..ഐസ് സ്കേറ്റിംഗ് ചെയ്യണമാതിരി ഒറ്റ പോക്കായിരുന്നു. ആ പോക്ക് അവസാനിച്ചത് സാഷ്ടാംഗം പ്രണമിച്ചും കൊണ്ട് ആരുടെയോ കാലിൽ വീണുംകൊണ്ടായിരുന്നു. എങ്ങും പൊട്ടിച്ചിരികൾ മുഴങ്ങിക്കേട്ടു. സാരി ഉടുത്തപ്പോൾ അകത്ത് ലെഗ്ഗിൻ ഇടാൻ തോന്നിയത് നന്നായി.. ഇല്ലേൽ പൊളി സീനായേനെ.

“അത് പിന്നെ.. മഴ പെയ്തോണ്ട് പിന്നെ .. വീണതോണ്ട് പിന്നേ .. സോറി..”

ആളെ നോക്കാതെ തപ്പി തടഞ്ഞു ഓരോന്നും പറഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ നോക്കി..

ന്റെ മുത്തപ്പാ.. നടു ഉള്ക്കീന്നാ തോന്നണേ.. അനങ്ങാൻ പറ്റണില്ല..കണ്ണിൽ നിന്നും കുടുകുടെ വെള്ളം വരാൻ തുടങ്ങി. ശ്രുതി കൈ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എവിടെ അവളെ കൊണ്ട് എന്നെ താങ്ങാനൊന്നും പറ്റുന്നില്ല.

“ഡൊ.. താൻ ഓക്കേ അല്ലെ..”

“എണീക്കാൻ പറ്റണില്ല.. നടു ഉളുക്കിയ പോലുണ്ട്..”

ആളെന്നെ പൊക്കി നിർത്താൻ ശ്രുതിയെ സഹായിക്കുന്നുണ്ട്.

“ആദി വണ്ടിയെടുക്ക്.. ഹോസ്പിറ്റലിൽ കൊണ്ടോകാം..”

“ഇയ്യൊ.. വേണ്ടാ.. എവിടേലും പിടിച്ചിരുത്തിയാ മതി..”

” ദെ കൊച്ചെ.. ഇപ്പോ ഇങ്ങനെയാണേൽ കുറച്ചു സമയം കഴിഞ്ഞാൽ പിന്നെ അനങ്ങാൻ പോലും പറ്റത്തില്ല. പോയിട്ട്‌ വരാം..”

ഒറ്റ അലർച്ചയായിരുന്നു. യാന്ത്രികമായി ശ്രുതിയുടെ കൈയും പിടിച്ച് എഴുന്നേൽക്കാനൊരു ശ്രമം നടത്തിയപ്പോൾ ആളെന്നെ താങ്ങിപിടിച്ചു നടത്തിച്ചു.

യ്യോ അങ്ങനെയല്ല സേട്ടാ.. സേട്ടാനീ കഥകളൊന്നും വായിക്കാറില്ല. നായിക വീഴുമ്പോൾ പൊക്കിയെടുത്ത് വണ്ടിയിൽ കൊണ്ടോയി ഇരുത്തുന്നു നായകൻ. എന്നിട്ട് കണ്ണും കണ്ണും കഥകൾ കൈമാറും.. ആ സംഭവം. ന്തൊരു മൊഞ്ചാ ഈ ചേട്ടനെ കാണാൻ. എന്റെ നോട്ടം മനസ്സിലായിട്ടാകണം വെട്ടിത്തിരിഞ്ഞു നോക്കി കൊണ്ട് എന്താണെന്നർത്ഥത്തിൽ പുരികം പൊക്കി. മ്മ്ചും.. ഞാൻ ചുമലു കൂച്ചികൊണ്ട് നേരെ നോക്കി.

വീഴ്ചയിൽ ചെറുതായിട്ടൊന്ന് മസ്സിൽ ചതഞ്ഞതായിരുന്നു.. വേദനയ്ക്ക് ഒരു ഇൻജെക്ഷൻ എടുത്ത് ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നുമിറങ്ങി.

“വീട്ടിൽ കൊണ്ട് വിട്ടാൽ മതീലെ??”

“വേണ്ട ചേട്ടാ ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു പൊക്കോളാം.” ഞാനത് പറഞ്ഞതും ശ്രുതി പല്ലു കടിച്ചു പൊട്ടിക്കാൻ തുടങ്ങി.

” ആറ്റു നോറ്റു കിട്ടിയ ഫ്രഷേഴ്‌സ് ഡേ നശിപ്പിച്ചതും പോരാ.. എന്നിട്ട് കൊട്ടോക്ക് പോണൊലും.. ഓട്ടോക്കൂലി ഷെയർ ചോദിച്ചോണ്ടും വാ.. കാണിച്ചു താരാ..”

അവള് എന്റെ കാതിൽ പറഞ്ഞു. ഞങ്ങളുടെ കുശുകുശുപ്പ് കണ്ടിട്ടാകണം രണ്ടിന്റേം മുഖം വലിഞ്ഞു മുറുകുന്നുണ്ട്.

” ഇത്ര വരേം എത്തിച്ചെങ്കിൽ വീട്ടിൽ കൊണ്ട് വിടാനും ഞങ്ങൾക്കറിയാ. മര്യാദയ്ക്ക് വന്ന് വണ്ടിയിൽ കേറെടി രണ്ടും..”

ഒറ്റക്കുതിപ്പിന് പിന്നെ ഞങ്ങൾ വണ്ടിയിൽ കയറിയിരുന്നു.

🌸🌸🌸🌸🌸🌸🌸🌸

“നീ അപ്പോ കോളെജിലോട്ടില്ലേ..”

വീട്ടിലെത്തിയപ്പോൾ എന്റെ പിന്നാലെ ഇറങ്ങുന്ന ശ്രുതിയെ കണ്ടതും ആദിയേട്ടൻ ചോദിച്ചു..

“ഇല്ലാ.. ഇവളില്ലേൽ പിന്നെ ഒരു മൂടും ഉണ്ടാകില്ല..”

. കഷ്ടപ്പെട്ട് സാരിയുടുത്ത് പോയിട്ട് ഫ്രഷേഴ്‌സ് ഡേ കൂടാൻ പറ്റാത്ത സങ്കടത്തിൽ വണ്ടിയിലിരുന്ന് എന്റെ ചെവി തിന്നവളാ ഈ പറയണേ.. ഞാനാകെ പകച്ച് പണ്ടാരടങ്ങി. അവര് വീട്ടിൽ കയറി അമ്മയുണ്ടാക്കിയ ജ്യൂസും കുടിച്ച് ഇറങ്ങിയതും അവള് വീണ്ടും തുടങ്ങി.

“അല്ലടിയിവളെ.. നിന്നോട് പോന്നോളാൻ അവർ പറഞ്ഞതല്ലേ… പോകേണ്ടെന്ന് ഞാമ്പറഞ്ഞോ.. ന്നെ ഇങ്ങനെ കടിച്ചു കീറാൻ..”

“വഞ്ചകി.. ആ രണ്ടു കടുവക്കുട്ടന്മാരടെ കൂടെ പോകാൻ പറയാൻ നിനക്കെങ്ങനെ തോന്നിടി.. ഒന്നുല്ലേൽ പ്രായപൂർത്തിയായ ഒരു പെണ്ണല്ലേ ഞാൻ.”

“ഒഞ്ഞ്‌ പോടിയാട്ന്ന്.. ദേവേട്ടൻ ആ ടൈപ്പൊന്നുമല്ല..”

“വോ.. യെങ്ങനെ.. ന്താണ് മോളെയൊരിളക്കം..”

“അത് പിന്നെ.. ആളെ കണ്ടപ്പോ തൊട്ടേ എന്തോ ഒരു.. ഒരിത് പോലെ..”

“അമ്പടി മോളെ.. അങ്ങനെ പണ..”

“ഡി നീ വേണം സെറ്റാക്കിത്തരാൻ..” ഞാനൊന്ന് വിനയ കുനയയായി..

“അല്ല… അതൊക്കെ നുമ്മ ഏറ്റു കർളേ..”

പിറ്റേന്നും പിറ്റേന്നിന്റെ പിറ്റേന്നും അതിന്റെ പിറ്റേന്നും എല്ലാം അവളെ വിശ്വസിച്ച് ഞാൻ നടന്നു.. ഒരു മാസമായിട്ടും ഒരു അനക്കവുമുണ്ടായില്ല.. ആളെന്നെ കണ്ടാൽ പോലും തിരിച്ചറിയാതെയായി.

പതിവ് പോലെ ലഞ്ച് ബ്രേക്കിന് താഴെ ഫ്രണ്ട്സിനോട് കത്തിയടിച്ചിരിക്കുന്ന മൂപ്പരുടെ നേർക്ക് കണ്ണും നട്ട് വരാന്തയിലങ്ങനെ നിന്നു.

“അക്കരെയിക്കരെ നിന്നാലെങ്ങനെ യാശ തീരും നിങ്ങടെ ആശ തീരും..”

കോറസ്സായി ക്ലാസ്സു മൊത്തം പാടുന്നുണ്ട്. ഞാൻ ശ്രുതിയെ നോക്കി പല്ലിറുമ്മി..

“അത് പിന്നെ ഞാൻ ഏറ്റതല്ലെ.. ഇതിപ്പോ ക്ലാസ് മൊത്തം അറിഞ്ഞ സ്ഥിതിക്ക് അധികം താമസിയാതെ കോളേജ് മൊത്തം അറിയും. അപ്പോ പിന്നെ നിന്റെ ദേവേട്ടനും അറിയും. സൊ സിമ്പിൾ..”

” അവളുടെയൊരു കോ കിംപ്ൾ. ഇതെങ്ങാനും പൊളിഞ്ഞ് പാളീസായാൽ.. പൊന്നു മോളെ പട്ടിക്കുട്ടി.. നീ വിവരമറിയും..”

അതും പറഞ്ഞു താഴോട്ട് നോക്കിയപ്പോൾ ദേവേട്ടൻ ലൈബ്രറിയിലോട്ട് പോകുന്നത് കണ്ടു.. ഒട്ടും അമാന്തിക്കാതെ ഞാനും ലൈബ്രറിയിലോട്ട് വിട്ടു.

ആളെയും തപ്പി ലൈബ്രറി മൊത്തം നടന്നു. മൈക്രോബയോളജിയുടെ സെക്ഷനിൽ എത്തിയപ്പോൾ ആളുണ്ട് ഷെൽഫും ചാരി കൈയും കെട്ടി നോക്കി നിൽക്കുന്നു. എനിക്കാകെയൊരു ചമ്മൽ തോന്നി.

“നീയെന്താടി ഇവിടെ..”

“ലൈബ്രറിയിൽ എല്ലാരും ബുക്ക് വായിക്കാനല്ലേ വരുന്നേ..”

“അതല്ല.. ഇംഗ്ലീഷ് ലിറ്ററേചററെടുത്ത നീയെന്താ ഇവിടെ മൈക്രോബയോളജിയുടെ ഷെൽഫിനടുത്ത്.”

“അതുപിന്നെ ചേട്ടാ. അതൊക്കെ എഴുതിയിരിക്കുന്നത് ഇംഗ്ലീഷിലല്ലേ. അപ്പോ പിന്നെ വായിക്കുന്നത് കൊണ്ട് പ്രശ്നമില്ലാലോ.. ല്ലേ ..”

“ആണോ.. അങ്ങനെയാണോ..”

ആളത് പറഞ്ഞതും ഒരടി മുന്നോട്ട് വെച്ചു. ഞാനാപ്പോ രണ്ടടി പിന്നോട്ട് വെച്ചു. പിന്നെയും ആള് മുന്നോട്ട് വന്നപ്പോൾ ഞാൻ പിന്നോട്ട് പോയി..

” നീയിതെങ്ങോട്ടാ പോണേ. ഒന്നടങ്ങി നിലക്ക് പെണ്ണെ.. ഇനി പോകാൻ സ്ഥലമില്ല..”

യ്യേ. നശിപ്പിച്ച്.. ഇങ്ങേരിതെന്ത് അൺറൊമാന്റിക് മൂരാച്ചിയാണെപ്പാ. സാധാരണ നോവലിലൊക്കെ പോയി പോയി ചുമരിടിച്ച് നിൽക്കുന്ന നായികയെ നായകൻ കൈകൾ കൊണ്ട് ലോക്കാകുന്നു.. എന്നിട്ട് പിന്നെ.. കണ്ണും കണ്ണും കഥകൾ കൈമാറുന്നു.. ഇങ്ങേരെ ഇതൊന്നും പറഞ്ഞു മനസ്സിലാക്കാൻ ആരുമില്ലേയെന്റെ മുത്തപ്പാ.

“അല്ലെടി നിനക്കെന്നോട് എന്തോ പറയാനിണ്ടെന്ന് ആരൊക്കെയോ പറയുന്നുണ്ടായിരുന്നല്ലോ ..”

“യ്യോ.. ഏതു കഷ്മലനാ പറഞ്ഞേയത്.. ചുമ്മാതെ ചേട്ടാ..”

“ശെരിക്കും ചുമ്മാതാണോ..??”

എന്റെ ഇടുപ്പിൽ കൂടി കയ്യിട്ട് ആളിലേക്ക് അടുപ്പിച്ച് നിർത്തി ചോദിച്ചതും പുളഞ്ഞു പോയി.

“ആം..” ഞാൻ ഒന്ന് മൂളിയതേയുള്ളു..

” ചുമ്മാതാ ചേട്ടാ.. അവൾക്ക് ചേട്ടനോട് മുഴുത്ത ഐ ലുബ്‌ യു ആ..”

ഏഹ് ഇവളുമാരൊക്കെ ഇതെപ്പോ എത്തി .. നോക്കിയപ്പോൾ പിള്ളേർ സീറ്റെല്ലാം തൊട്ടടുത്ത റോയിൽ നിൽപ്പുണ്ട്.

“ആഹാ.. അങ്ങനെയാണോ. മോളിങ് ബാ.. ഇങ്ങു ബാ..”

എന്റെ കൈയും പിടിച്ച് ഗുല്മോഹറിന് ചുവട്ടിലേക്ക് നടന്നു.

“മ്മ്.. ഇനി പറയ്യ്..”

“ന്ത് പറയാൻ ..” മനസ്സിലായിട്ടും ഞാൻ ചുമ്മാ ചോദിച്ചു.

“അല്ല മോൾക്കീ ചേട്ടനോട് ഐ ഡബ്ള്യു ആണെന്നോ മറ്റോ..”

“അതോ.. അത് പിന്നെ ചേട്ടാ.. നിക്കെ ഭയങ്കര സാഹിത്യ വല്കരിച്ചൊന്നും പറയാനൊന്നും അറിയില്ല.. എന്നാലും ഒന്ന് ശ്രമിക്കാം..”

ഒന്ന് മുരടനക്കിയ ശേഷം തുടർന്നു.

“നിക്കെയ്‌.. ഇടക്കിടെ ഈ പാടത്തും വരമ്പത്തും റോട്ടിലും തോട്ടിലും കുഴിയിലുമെല്ലാം വീഴുന്നതിന്റെ ഒരു ചിന്ന അസ്കിതയുണ്ടെ.. അതോണ്ട് വീഴുമ്പോഴെല്ലാം താങ്ങാൻ എനിക്കൊരു പങ്കാളിയെ വേണം.. ഒരു താങ്ങായി പോരുന്നോ ന്റെ കൂടെ..”

ഞാനത് പറഞ്ഞതും പൊട്ടിച്ചിരിച്ചും കൊണ്ട് ആളെന്റെ തോളിൽ കൈയ്യിട്ട് നെഞ്ചോട് ചേർത്ത് പിടിച്ചു..

അവസാനിച്ചു.

ഒരു ഒന്നാം നമ്പർ ചളിക്കഥയാണേ.. മീരയോടൊന്നും തോന്നരുതേ മക്കളെ..ഞാനോടി..