വിവാഹം കഴിഞ്ഞ ആദ്യരാത്രി രഘുനന്ദൻ ചോദിച്ച ചോദ്യങ്ങളിലൊന്ന് സിദ്ധാർത്ഥനെ അമൃത സ്നേഹിച്ചിരുന്നോ എന്നാണ്…

രചന: അനാമിക

പാതിതുറന്ന ജനലിലൂടെ പുറത്തേക്ക് ഉറ്റുനോക്കുമ്പോൾ കണ്ണുകളിൽ കണ്ണുനീർ പാട കെട്ടി. തോളിലൂടെ കൈയ്യിട്ട് കെട്ടിപ്പിടിച്ച് ” ഹീറോയ്ക്ക് ഇനീം കണ്ട് മതിയായില്ലേ? ” എന്ന് ചോദിച്ചുംകൊണ്ടവൾ പൊട്ടിച്ചിരിച്ചു. പുറത്ത് കോരിപ്പെയ്യുന്ന മഴയിലൂടെ റോഡിലേക്ക് പോകുന്ന കാറിലേക്കായിരുന്നൂ അയാളുടെ നോട്ടമത്രയും. ആ കാർ തന്റെ ഹൃദയമിടിപ്പിനേം വലിച്ചോണ്ടാണോ പോകുന്നതെന്ന് പോലും അയാളൊന്ന് സംശയിച്ചു.

“മതി നോക്കിയത്” എന്ന് ഇച്ചിരെ കൊതിക്കെറുവോടെ പറഞ്ഞുകൊണ്ടവൾ വീൽച്ചെയർ കട്ടിലിനരികിലേക്ക് ഉരുട്ടി. അയാളെ കട്ടിലിലേക്ക് കിടക്കാൻ, സഹായിക്കുമ്പോൾ അവൾ “ആപ് കി നസറോം നെ സമ്ച്ചാ പ്യാർ കേ ഖാബിൽ മുച്ചേ ” എന്നൊരു കള്ളച്ചിരിയോടെ മൂളി. ചിരിക്കാതിരിക്കാനായില്ല അയാൾക്ക്.

ഓർമ്മകളിൽ, ഒരു പതിനാറുകാരി തന്റെയരികിലേക്ക് തലതാഴ്ത്തി നടന്നുവന്നൂ.
കലുങ്കിലിരുന്ന് രഘുവും മനോജും ഉച്ചത്തിൽ പാടുന്നൂ. “അവൾ ചിരിച്ചാൽ മുത്തു ചിതറും, ആ മുത്തോ നക്ഷത്രമാകും”

” ടാ ചുമ്മാതിരിയെടാ” എന്നവൾ കേൾക്കെ പറഞ്ഞ് കൂട്ടുകാരുടെ ചിരിക്കിടയിലൂടെ അമ്മൂന്ന് വിളിച്ച്, അവളുടെ പിറകെപോയ എത്രയോ സായാഹ്നങ്ങളുണ്ടായിരുന്നൂ തന്റെ ജീവിതത്തിൽ. ” ഇഷ്ടമാണ് ” എന്നൊരുവാക്ക് മാത്രം അവളോട് പറയാനാകാതെ എത്ര വർഷങ്ങളാണ് പാഴായിപ്പോയത്?

“ഹീറോ ഉറങ്ങ്യോ?”

എന്തോ കുനുഷ്ടും കൊണ്ടുവരുവാ കാന്താരി എന്നുറപ്പായീ. ഇവളെ ഇന്നുമിന്നലെയുമൊന്നല്ലല്ലോ കാണാൻ തുടങ്ങിയത്.

“മിണ്ടാണ്ട് കിടന്നൊറങ്ങെടീ” ഇരുട്ടിന്റെ മറവിൽ, ശബ്ദമില്ലാതെ ചിരിച്ച എന്റെ കണ്ണുകളെ ശല്യപ്പെടുത്തിക്കൊണ്ട് മുറിയിലെ ചെറിയ ലൈറ്റ് തെളിഞ്ഞൂ.

“ഇത്രേം സ്നേഹിച്ചിട്ടും ഹീറോയ്ക്ക് അമ്മൂനെ നഷ്ടമായത് എങ്ങനെയാ? എന്തായിരുന്നൂ കഥയിലെ ട്വിസ്റ്റ്? “

“നിനക്കിപ്പത്തന്നെ കഥ കേക്കണോ ?” ഞാൻ കണ്ണുരുട്ടി

“ഉം കേക്കണം” അവള് കസേരയിലേക്ക് ഒന്നൂടി ചാരിയിരുന്നൂ

ഒരാമുഖവുമില്ലാതെ ഞാൻ പറഞ്ഞുതുടങ്ങി.

“അന്ന് ആ പരിസരത്ത് മൂന്ന് വീടുകളിലേ കാറുള്ളൂ. അതിലൊന്ന് അമ്മൂന്റെ വീടാ. ജോലിയില്ലാതെ ഞാനെങ്ങനെയാ ആ വീട്ടിലെ കുട്ടിയെ പ്രൊപ്പോസ് ചെയ്യുന്നത് ? സബ് ഇൻസ്പെക്ടർ ആയി അപ്പോയിന്റ്മെന്റ് ഓർഡർ കൈയ്യിൽ കിട്ടിയ ദിവസം അമ്മയോട് ആദ്യം പറയുന്നത് അമ്മൂനെക്കുറിച്ചാണ്. ട്രെയ്നിങ്ങ് കഴിയുമ്പോ കല്യാണം ആലോചിക്കാം ന്ന് തീരുമാനവുമായി. ട്രെയ്നിങ്ങിന് പോകുന്നതിന് മുന്നേ അമ്മൂനെ കാണാൻ ഞാനൊരുപാട് ശ്രമിച്ചൂ . പക്ഷേ കാണാനായില്ല. “

” എന്നിട്ട്? ” ആകാംക്ഷയിലാകാം, കസേരയിൽ നിന്നുമെഴുന്നേറ്റ് അവളെന്റെ അടുത്ത് വന്നിരുന്നൂ.

” എന്നിട്ടെന്താ, ട്രെയ്നിങ്ങ് കഴിഞ്ഞ് വന്ന ഞാനറിഞ്ഞത് രഘുവും അമ്മുവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞൂ എന്നാണ്. പിന്നെ എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. ദൂരസ്ഥലങ്ങളിലേക്ക് ട്രാൻസ്ഫർ വാങ്ങി, ഒരു തരം ഒളിച്ചോട്ടം പോലെ ജീവിക്കുന്നതിനിടയിലാണ് സുമിയെ കാണാനിടയായത്.”

” ഇയ്യോ സുമിപുരാണം കേട്ട്കേട്ട് തഴമ്പിച്ചതാന്നേ…ഇനി വേണ്ടായേ… Gdnt dear” അവൾ ലൈറ്റ് ഓഫ് ചെയ്തു.

തലവഴിയേ പുതപ്പ് മൂടുമ്പോൾ അവളോർത്തത് താൻ കണ്ട അമ്മുവിനെക്കുറിച്ചാണ്.

ഡോർ തുറന്ന തന്നോട് “ഐ ആം അമൃതരഘുനന്ദൻ” എന്ന് സ്വയം പരിചയപ്പെടുത്തിയ അമ്മൂനെ ഒന്നൂടി മനസ്സിൽ കാണുകയായിരുന്നൂ അവൾ.

പ്രായം അൻപതിലേറെ പറയില്ല. കൊച്ചുകുട്ടികളുടേത് പോലെ നിഷ്കളങ്കമായ മുഖം, ആത്മവിശ്വാസം സ്ഫുരിക്കുന്ന കണ്ണുകൾ, പരിചിതഭാവം ചേർത്തുപിടിച്ച് ചിരിക്കുന്ന ചുണ്ടുകൾ…

ഈ സ്ത്രീയെ ഏത് പുരുഷനാണ് പ്രണയിച്ചുപോകാത്തത് എന്ന് മനസ്സിലോർത്തുകൊണ്ടാണ് “വരൂ” എന്ന് പറഞ്ഞത്.

കൊച്ചുമകളെ അരികിലേക്ക് ചേർത്തുപിടിച്ച് അവർ പറഞ്ഞൂ “ഇത് റ്റീന എന്റെ മകൾടെ മകളാണ്”.

രണ്ടുപേരെയും ലിവിംഗ്റൂമിലിരുത്തിക്കൊണ്ട്, “ഹീറോയെ വിളിക്കാം” ന്ന് പറഞ്ഞ് കുട്ടീടെ നെറുകിലൊന്ന് സ്നേഹത്തോടെ തഴുകി, കിച്ചണിലേക്കുള്ള ഇടനാഴി തിരിയുന്നിടത്ത് പതിപ്പിച്ച മിററിലൂടെയാണ് താനത് കണ്ടത്.

“ഉന്തുവണ്ടീല് പുറംതിരിഞ്ഞിരിക്കണ കണ്ടാല് ആളെ അറിയൂല്ലേ ഇള്ളാവാവേ?”

“അത് പിന്നെ ആം ടോട്ടലി നെർവസ്… ആകെ ഒരു …. വല്ലാത്ത…”

“അയ്യടാ…. FB യിലൂടെ പാടുപെട്ട് ഞാൻ പൊക്കിക്കൊണ്ട് വന്ന ഐറ്റമാ ആ ഹാളിലിരിക്കുന്നേ. എന്നെ നാണം കെടുത്താതെ പോയ് മിണ്ട് കിളവാ”

വീൽചെയർ ലിവിംഗ്റൂമിലെത്തിച്ചപ്പോൾ കാലം കുടഞ്ഞിട്ട മൗനം ആ മുറിക്കുള്ളിൽ പിടഞ്ഞത് പോലെ തോന്നി . അതോ അവരും പിടഞ്ഞുവോ?

തിളയ്ക്കുന്ന വെള്ളത്തിലേക്ക് തേയില നിറം കലരുന്നത് നോക്കി നിൽക്കുമ്പോൾ എന്തിനാണോ എന്തോ ഞാൻ കരഞ്ഞത്? അവർക്കിടയിലേക്ക് വീണ്ടും ചെല്ലുമ്പോൾ ഷെൽഫിലുണ്ടായിരുന്ന ആൽബം മറിച്ചുനോക്കുകയായിരുന്നൂ അമ്മു. റ്റീന ടോയ് കാർ ഉരുട്ടിക്കളിച്ചു.

“അമ്മൂ ഇതാണ് സുമി”. ഫോട്ടോ ചൂണ്ടിക്കാട്ടിയ ഹീറോയെ “അമൃത” എന്ന് തിരുത്തി അവരൊന്ന് ചിരിച്ചു.

തന്നെ പരിചയപ്പെടുത്തുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് അമ്മു പറഞ്ഞൂ “എനിക്കറിയാം “

യാത്ര പറഞ്ഞ് ഇറങ്ങുന്നതിനിടയിൽ അമ്മു കൈനീട്ടി തന്നെയൊന്ന് തൊട്ടുകൊണ്ട് പതിയെ പറഞ്ഞൂ ” സന്തോഷമേയുള്ളൂ. ” നെറ്റിയിലൊന്ന് മുത്തി നടക്കുന്നതിനിടയിൽ തന്നെ തിരിഞ്ഞുനോക്കിയപ്പോൾ അവരുടെ കണ്ണ് നിറഞ്ഞിരുന്നോ? ഏയ് …വെറുതെ തനിക്ക് തോന്നിയതാകും. കണ്ണുകൾ ഉറക്കത്തിലേക്ക് വീഴുന്നതറിഞ്ഞ്, തലയിണയെ ചേർത്തുപിടിച്ച് ചെരിഞ്ഞുകിടന്നു, അവൾ.

റ്റീനയെ അവളുടെ ഫ്ലാറ്റിലാക്കി ഇറങ്ങുമ്പോൾ മോള് ചോദിച്ചൂ “അമ്മയ്ക്കിന്നിനി പോണോ?”

“പോയല്ലേ പറ്റൂ” ന്ന് പറഞ്ഞ തന്നെ നോക്കി, പാതിമനസ്സോടെ അവൾ കൈവീശിക്കാട്ടി.

കാർ പാർക്ക് ചെയ്ത്, വീടിനുള്ളിലേക്ക് കയറുന്നതിന് മുന്നേ “അമൃതമഹാറാണി എത്തിയോ?” എന്ന ചോദ്യത്തിൽ തെല്ലും അസ്വസ്ഥയാകാതെ കയറിവരുന്ന, അവളെ നോക്കി ഭൂതകാലം പല്ലിളിച്ചു.

“മംഗലത്ത് വീട്ടില് ജഗന്നാഥന്റെ മോന് നമ്മടെ അമൃതയെ ഇഷ്ടാണെന്ന്.”

“അതിന് അവള് പഠിക്കയല്ലേ ചിന്നാ?” വല്യമ്മയുടെ സ്വരമുയരുന്നൂ.

“ഓ അതൊക്കെ അവര് പഠിപ്പിച്ചോളാംന്ന് . ഈ ആലോചന അവൾടെ മഹാഭാഗ്യാ. പ്രമാണികളല്ലേ അവര്. പോരാഞ്ഞ് ചെറുക്കൻ എയർഫോഴ്സ് ഓഫീസറും”

“എനിക്കിപ്പ കല്യാണംവേണ്ട..”

“വന്നു കേറിയ മഹാലക്ഷ്മിയെ തട്ടിത്തെറിപ്പിക്ക്യാ നീ” അച്ഛൻ കയർത്തതും കുഴഞ്ഞുവീണതും ഒപ്പം.

ICU ന്റെ ചില്ലുവാതിൽ തുറന്ന നഴ്സ് “രാമനാഥൻ “ന്ന് വിളിച്ചപാടെ അമ്മയ്ക്കൊപ്പമോടി താനും.

“മോളെ കാണണം ന്ന് പേഷ്യന്റ് പറഞ്ഞൂ. ഒരാള് കയറിയാ മതി കേട്ടോ”

“മോള് ചെല്ല് ” അമ്മ പതിയെ പറഞ്ഞൂ

ലോഷന്റെയും മരുന്നുകളുടെയും മണങ്ങളിലൂടെ പരിഭ്രമത്തോടെയുള്ള നടപ്പ് അച്ഛനരികിലെത്തിനിന്നു.

“അധികം സംസാരിപ്പിക്കരുത്” അരികിലൂടെ പോയ നഴ്സ് പറഞ്ഞു

കണ്ണുകൾ പ്രയാസപ്പെട്ട് വലിച്ചുതുറന്ന് അച്ഛനാവശ്യപ്പെടുകയാണ് ” മോള് ഈ കല്യാണത്തിന് സമ്മതിക്കണം”

തലകുലുക്കി “എനിക്ക് സമ്മതാ അച്ഛാ” ന്ന് പറയുമ്പോൾ ഉള്ളിലെന്തോ ഒന്ന് നൂറായിരം ചില്ലുകൾ പോലെ ചിന്നിച്ചിതറി.

അച്ഛൻ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്ജായി ആറുമാസത്തിനുള്ളിൽ അമൃത, അമൃതരഘുനന്ദൻ ആയി.

ഡൈനിംഗ്ടേബിളില് കാലിയായ കളളുകുപ്പി എടുത്തു ഡസ്റ്റ്ബിന്നിലേക്കിടുമ്പോ ഒരു പച്ചത്തെറി കാതരികിലൂടെ കടന്നുപോയി.

വിവാഹം കഴിഞ്ഞ ആദ്യരാത്രി രഘുനന്ദൻ ചോദിച്ച ചോദ്യങ്ങളിലൊന്ന് സിദ്ധാർത്ഥനെ അമൃത സ്നേഹിച്ചിരുന്നോ എന്നാണ്. ഹൃദയത്തിലൊരായിരം കടവാവലുകൾ ചിറകടിച്ചു. മനസ്സിലിട്ടെരിച്ച സ്വപ്നത്തെ “ഇല്ല” എന്ന ഒറ്റവാക്കിൽ നിഷേധിക്കുന്നത് മരണതുല്യമായ വേദനയായിരുന്നല്ലോ അന്നും ഇന്നും. എന്നിട്ടും “ഇല്ല” എന്ന ഉത്തരത്താൽ രഘുനന്ദനെ സമാധാനിപ്പിക്കാനായീ എന്ന് താനൂറ്റം കൊണ്ടു.

രണ്ടാമത്തേത് ഏറ്റുപറച്ചിലാരുന്നോ ഭീഷണിയാരുന്നോ എന്ന് തിരിച്ചറിയാൻ കാലങ്ങൾ വേണ്ടി വന്നൂ. ” സിദ്ധു നിന്നെ തട്ടിയെടുക്കുമെന്ന ഭയത്താലാണ് ഞാൻ നിന്നെ സ്വന്തമാക്കിയത്. കൂട്ടുകാരനേക്കാളുപരി എനിക്കവനൊരു എതിരാളിയോ വെല്ലുവിളിയോ ഒക്കെ ആയിരുന്നൂ. ചെറുതിലേ മുതലവൻ എന്നെ തോൽപ്പിച്ചിട്ടേയുള്ളൂ. ഒരു വട്ടമെങ്കിലും എനിക്ക് ജയിക്കണമായിരുന്നൂ. ഒടുക്കം ഞാൻ ജയിച്ചൂ, നിന്റെ കാര്യത്തിൽ. മരണം വരെ നീ എന്നെ വിട്ടുപോകരുത്”
അതിനും “ഇല്ല” എന്ന ഒറ്റയുത്തരം നൽകി താനൊരു നല്ല ഭാര്യയായി.

ഹാളിൽ വെറുംനിലത്തുകിടന്ന രഘുനന്ദന്റെ നഗ്നതയ്ക്ക് മേലെ ഒരു വിരിപ്പെടുത്ത് വിരിച്ച്, ലൈറ്റ് ഓഫ് ചെയ്യുമ്പോൾ രഘുനന്ദൻ അസ്പഷ്ടമായി ചവച്ചുതുപ്പിയ വാക്കുകൾ എവിടെയൊക്കെയോ തട്ടിത്തടഞ്ഞുവീണു.

എന്തായിരുന്നൂ രഘുനന്ദന് താൻ? ചില്ലലമാരയിലിരുന്ന് കൊതിപ്പിച്ച ഭംഗിയുള്ള ഒരു പാവക്കുട്ടി . വാശി കാട്ടി സ്വന്തമാക്കിയാൽ പിന്നെ ഏതു വലിയ കളിപ്പാട്ടത്തിന്റെയും സ്ഥാനം പലപ്പോഴും വെറും നിലത്താകും, അല്ലെങ്കിൽ ചിലപ്പോ ആരും കാണാതെ ഏതേലും മൂലയ്ക്ക്. അതെ, അതുമാത്രമായിരുന്നൂ താൻ ഈ വീടിനകത്ത്.

കിടക്കയിലേക്ക് ചാഞ്ഞപ്പോൾ മനസ്സില് ശൂന്യമായ സ്ഥാനത്തേയ്ക്ക് തുറിച്ചു നോക്കാതിരിക്കാനായില്ല. അവിടെ ഒരാളിന്റെയും സ്നേഹമില്ല, മുഖവുമില്ല. പതിവുകൾ തെറ്റിച്ചുകൊണ്ട് ഓർമ്മകളിലേക്ക് കൗമാരത്തിന്റെ നിറമുള്ള വൈകുന്നേരങ്ങളെത്തിനോക്കി .

വീൽചെയറിൽ ജീവിതമുരുട്ടുന്ന ഒരു മനുഷ്യൻ , ഒരു ചിരിയോടെ ” അമ്മൂ” ന്ന് വിളിച്ചു. കണ്ണുകളിലൊരു കുസൃതിയൊളിപ്പിച്ച്, അവളെ ചേർത്തുപിടിച്ച് തനിക്ക് നേരെ കൈവീശിക്കാട്ടി.

ക്ലോക്കിൽ ഒൻപതുമണിയടിച്ചൂ. “ഉറങ്ങിക്കാണുമോ?”

പണ്ടെങ്ങോ അടച്ചുവെച്ച ഒരു പുസ്തകം വീണ്ടും തുറന്നതു പോലെ, പാതി മറന്നുപോയ പാട്ടിന്റെ വരികൾ ഓർമ്മ വന്നതു പോലെ… ഒരു മഴവില്ല് വിരിഞ്ഞതുപോലെ….. ഇടനെഞ്ചിൽ കേളികൊട്ടുന്നുണ്ട് പലതും.

“അന്ന് എന്നെ ശരിക്കും ഇഷ്ടമായിരുന്നോ?” എന്നൊരു മെസ്സേജ് സിദ്ധാർത്ഥന്റെ മൊബൈലിലേക്കയച്ചിട്ട് പിടയുന്ന ഹൃദയത്തെ അടക്കാനാവാതെ, വെരുകിനെപ്പോലെ വെറളി പിടിച്ചുനടന്നപ്പോ തോന്നി വേണ്ടിയിരുന്നില്ലെന്ന്. ഛേ ഈ വയസ്സാംകാലത്ത്…..

മൊബൈലിലെ നോട്ടിഫിക്കേഷൻ കണ്ട് മെസ്സേജ് ഓപ്പൺ ചെയ്യുമ്പോൾ ഹൃദയം പൊട്ടിത്തെറിക്കുമെന്ന് തോന്നി.

” അത്രയേറെ ഇഷ്ടമായതു കൊണ്ടാണല്ലോ അമ്മു എന്ന പേര് ഞാനെന്റെ മകൾക്കിട്ടത്. ഇത്ര വർഷങ്ങൾക്ക് ശേഷവും എന്റെ മകൾ അമ്മു, പഴയ അമ്മൂനെ തേടിപ്പിടിച്ച് എന്റെ മുന്നിൽ കൊണ്ടുനിർത്തിയതും, അവളുടെ അച്ഛന്റെ മൊബൈൽനമ്പർ തനിക്ക് തന്നതും അച്ഛന് അമ്മൂനോടുള്ള ഇഷ്ടമെന്താന്ന് അറിഞ്ഞതു കൊണ്ടല്ലേടോ?. ഇഷ്ടമാണെടോ അന്നും ഇന്നും എന്നും”

കണ്ണുനീർ കവിളിനെ നനച്ചുകൊണ്ട് ഒഴുകിവീണൂ.

“അന്ത്യയാമങ്ങളിലൊരുകൂട്ടായിരിക്കാം തണലായിരിക്കാം, മരണത്തിൻകമ്പളം എന്നെയും നിന്നെയും പൊതിയുംവരെ മറുവാക്കുകളില്ലിനിയോതുവാൻ….മധ്യാഹ്നവും കഴിഞ്ഞേറെയായീ ഇരുള് മൂടുവാൻ നേരമായ് സഖീ …….”