ഡോക്ടർ പേര് വിളിച്ചപ്പോൾ അകത്തേക്ക് കേറാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. തീരെ നടക്കാൻ വയ്യ…

രചന: രോഹിണി ശിവ

” വയസ്സായാൽ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കണം…. എല്ലാ കാര്യങ്ങളും നോക്കാൻ ഹോം നേഴ്‌സിനെ ഏൽപ്പിച്ചിട്ടുണ്ടല്ലോ … അവരെല്ലാം കട്ടിൽ കൊണ്ട് തരില്ലേ….?? പിന്നെ എന്തിനാ അമ്മ ഇങ്ങനെ കറങ്ങി നടക്കുന്നേ…..?? കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത്… ഡോക്ടറിനെ കണ്ടിട്ട് വിളി…. ” ഫോൺ തലക്കൽ ഉള്ള ശബ്ദം നിന്നു…. മകൻ ആണ്… ഒരാളുടെ ശകാരം കഴിഞ്ഞു…. അടുത്തത് ഉടനെ ഉണ്ടാവാം.. ഇനി എന്താ ചെയ്യേണ്ടതെന്ന്‌ പോലും അറിയാതെ ഞാൻ പരതി…. കോൾ കട്ട്‌ ആയി കാണുമോ….??? അറിയില്ല…. കണ്ണ് ശരിക്ക് പിടിക്കുന്നില്ല…. പ്രായമായി വരികയല്ലേ….. ! തപ്പി തടഞ്ഞു എങ്ങനെയോ ഫോൺ പേഴ്സിനുള്ളിൽ തിരുകി…. !

ഡോക്ടർ പേര് വിളിച്ചപ്പോൾ അകത്തേക്ക് കേറാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു…. തീരെ നടക്കാൻ വയ്യ… കൂടെ വന്ന ഹോം നേഴ്സിന് പിടിക്കാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി … ഇത്ര ആളുകളുടെ മുന്നിൽ ആയത് കൊണ്ടാവും… ചെറുതായി ഒന്ന് തെന്നി വീണതാണ്…. വേറെ പരുക്കുകൾ ഒന്നും സംഭവിച്ചില്ലങ്കിലും കാൽ ഒന്ന് ഉളുക്കി…

മകൻ പറഞ്ഞത് പോലെ എന്തിനും ഏതിനും ഹോം നേഴ്സ് ഉണ്ട്…. വേലക്കാർ വേറെയും… താൻ ഒരാളെ നോക്കാൻ ആ വലിയ വീട്ടിൽ മൂന്നോ നാലോ ആളുകൾ ഉണ്ട്…. എന്ത് പറഞ്ഞാലും കട്ടിലിന് അരികിൽ എത്തും… ഏത് പാതിരാത്രിയിലും വിളിക്കാം…. റൂമിൽ ഒരു കോളിങ് ബെൽ അതിനായി മാത്രം സ്ഥാപിച്ചിട്ടുണ്ട്… പക്ഷെ ഇവരാരെയും തനിക് ശരിക്ക് അറിയില്ല… എന്തിന് പേര് പോലും അറിയില്ല….. ആരെയോ ബോധിപ്പിക്കാനോ അതോ കാശിനോ എന്ത് കാരണത്തിന്റെ പേരിൽ ആണെന്ന് പോലും അറിയാതെ തന്നെ പരിചരിക്കുന്ന ഒരു പറ്റം ആളുകൾ…. ആരൊക്കെയോ വരുന്നു പോകുന്നു…. ഗുളികയും ഭക്ഷണവും എടുത്തു തരുന്നു…. കഴിപ്പിക്കുന്നു…. ഇഷ്ടമുള്ളത് കഴിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ല… ഷുഗറും ബിപിയും ഒക്കെ ഉണ്ടേ…. അവർ വെച്ചു നീട്ടുന്നത് ഏതൊക്കെയോ ഞാനും കഴിച്ചു പോകുന്നു….

” ഹോ ഇത്രയും ഭാഗ്യം ചെയ്ത ഒരു സ്ത്രി ഉണ്ടോ….?? പണത്തിനു പണം, വീടിന് വീട്, സഹായത്തിനോ ഇഷ്ടം പോലെ ആളുകളും ഇനി മക്കളൊക്കെയൊ അങ്ങ് അമേരിക്കയിൽ…. ” ആളുകൾ അസൂയയോട് നോക്കി കാണുന്നത് എത്രയോ വട്ടം താൻ കണ്ടിരിക്കുന്നു……

ഡോക്ടറിനെ കണ്ട് വെളിയിൽ ആ കസേരയിൽ ഇരിക്കുമ്പോൾ ആണ് ആ അമ്മയെയും മകളെയും ആദ്യമായി കണ്ടത്… ഓട്ടോയിൽ വന്നിറങ്ങിയ തീരെ നടക്കാൻ കഴിയാത്ത തന്നോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രിയും മകളെ പോലെ ഉള്ള ഒരു ചെറുപ്പക്കാരിയും…..എത്ര കരുതലോടെ ആണ് അവൾ അവരെ കൈ പിടിച്ചു നടത്തുന്നത്…ഒരു കൊച്ചു കുഞ്ഞിനെ പോലെ ആ കൈകളിൽ പിടിച്ചു ക്ഷമയോടെ ഓരോ അടിയും ശ്രദ്ധിച്ചു വെച്ച് എന്റെ അടുത്തുള്ള കസേരയിൽ അവരെ പതിയെ ഇരുത്തി അവൾ പറഞ്ഞു…. “അമ്മേ ഇവിടെ ഇരിക്കണേ… ഞാൻ പോയി ചീട്ട് എടുത്തു വരാം…. “

ആ കാഴ്ചയിൽ ഞാൻ തിരിച്ചറിഞ്ഞു ശൂന്യതയുടെ കാണാപ്പുറങ്ങളിൽ ഒതുങ്ങിയ എന്റെ ജീവിതം… ആരുടെയോ നിർദേശത്തിന് ചലിക്കുന്ന റോബോർട്ടുപോലെ താനും തന്റെ ശീലങ്ങളും…. ഒന്നും രണ്ടും മാസങ്ങൾ അല്ല… വർഷങ്ങൾ ആയി…. ശരിയാണ് ആ വലിയ വീട്ടിൽ തനിക് ഒരു കുറവുമില്ല .. പറഞ്ഞതെല്ലാം സാധിച്ചു തരാൻ ആളുകൾ ഇല്ലേ…?? കൈയിൽ ആവിശ്യത്തിന് അധികം പൈസ ഇല്ലേ….??

മക്കൾ അമേരിക്കയിൽ നിന്നും അയക്കുന്ന ഡോളേഴ്‌സ് ഈ അമ്മക്ക് മാത്രം അവകാശപ്പെട്ടത് അല്ലേ… ??

എന്നാൽ കേമന്മാരായ മൂന്ന് ആൺകുട്ടികൾ ഉണ്ടായിട്ടും ഏകാന്ത തടവിന് വിധിക്കപ്പെട്ട ഹതഭാഗ്യയായ അമ്മയല്ലേ താൻ എന്ന് ഓർത്തപ്പോൾ നെഞ്ച് തകർന്നു … കയ്പ്പേറിയ ആ സത്യം മനസ്സിലാക്കിയപ്പോൾ ഓർമ്മകൾ ഭൂതകാലത്തേക്ക് സഞ്ചരിച്ചു….

മൂന്നു ആണ്മക്കൾക്ക് ജന്മം കൊടുത്തപ്പോൾ ഈ ലോകത്തെ ഏറ്റവും ഭാഗ്യമുള്ള സ്ത്രീ താൻ ആണെന്ന് കരുതിയതിൽ ഒരു തെറ്റും കണ്ടില്ല….. പണ്ട് മുതലേ ആണ്കുട്ടികളോടാണല്ലോ എല്ലാർക്കും പ്രിയം… ആൺകുട്ടികളോടുള്ള ഇഷ്ടം എത്ര കാലം കഴിഞ്ഞാലും മാറാത്ത പോലെ… കാരണം ഭാവിയിൽ മാതാപിതാക്കളെ നോക്കുന്നത് അവർ ആണല്ലോ …

” നീ നോക്കിക്കോ…. ഇവര് പഠിച്ചു വലുതാകുമ്പോൾ നിന്റെ കഷ്ടപെടെല്ലാം തീരും … അച്ഛനില്ലാത്ത ദുഃഖം അറിയാതെ അല്ലേ നീ ഇവരെ വളർത്തിയത്… അത് പോലെ നിന്നെയും ഇവർ പൊന്നു പോലെ നോക്കും….. ” ആശ്വാസ വാക്കുകൾ എല്ലാടത്തുനിന്നും ഒഴുകി എത്തി.. അവർ വളരാൻ താൻ കാത്തിരുന്നു… ഒരു ദുഃഖവും അറിയിക്കാതെ പൊന്നു പോലെ കാത്തു സംരക്ഷിച്ചു…. എല്ലാരും പറഞ്ഞപോലെ തന്നെ മക്കൾ എല്ലാം പഠിച്ചു നല്ല നിലയിൽ എത്തി…. കല്യാണവും കഴിഞ്ഞു അമേരിക്ക പോലുള്ള വൻ നഗരത്തിന്റെ സന്തതികളും ആയി .. ഡോക്ടർ, എഞ്ചിനീയർ, ബിസിനസ്‌ മാൻ എന്നി നിലകളിൽ അവർ തിളങ്ങുമ്പോളും എല്ലാരും ഒതുക്കം പറഞ്ഞു….

” ഹോ അവരുടെ ഒരു ഭാഗ്യം…. പൈസ വാരുകയല്ലേ മക്കൾ…. ഇവർക്കിവിടെ ഇട്ടു മൂടാനുള്ള പൈസ ഒരോ മാസവും അക്കൗണ്ടിൽ നിറയുകയാണ്…. “

ശരിയായിരുന്നു…. മക്കൾ കൊട്ടാരം പോലെ പണി തീർത്ത വീടും, ആഗ്രഹിച്ചത് സാധിച്ചു തരുന്ന ജോലിക്കാരും, ബാങ്ക് ബാലൻസും ഭാഗ്യം ആവാം… മൂന്ന് പേരും പൈസ അയച്ചു തരാനും വേലക്കാരെ വെക്കാനും മത്സരിക്കുന്നത് ചെറു പുഞ്ചരിയോട് കൂടെ മാത്രമേ കാണാൻ കഴിഞ്ഞൊള്ളു….. ഏതോ നാട്ടിൽ ഇരുന്നു എനിക്ക് ആയി ഒരോ ഭാഗ്യവും സ്വരുക്കൂട്ടുമ്പോളും ഒറ്റക്കായ അമ്മയെ മാത്രം ആരും കണ്ടില്ല….. !!!

അഞ്ചോ ആറോ വർഷം കൂടുമ്പോൾ പോലും തന്നെ ഒന്ന് കാണണോ ഒന്ന് സംസാരിക്കാനോ ആരും എത്തിയില്ല…. കുഞ്ഞു മക്കളെ കണ്ട കാലം മറന്നു…. ഇങ്ങനെ ഒരു മുത്തശ്ശി ഉണ്ടന്ന് പോലും അവർക്ക് അറിയുമോന്ന് അറിയില്ല….. !!! എല്ലാം നഷ്ടപ്പെട്ട തനിക് എന്തിന് ഈ വീടും പണവും… അതിനേക്കാൾ വില മതിക്കുന്ന പലതും തനിക് നഷ്ടമായില്ലേ……

” കാലിന് ഇത് എന്ത് പറ്റിയതാ….?? മുരളി ഡോക്ടറിനെ ആണോ കാണിച്ചത്….??? ശബ്ദം കേട്ടാണ് ഓർമകളിൽ നിന്നും ഉണർന്നത് …. തൊട്ടപ്പുറത് ഇരിക്കുന്ന സ്ത്രി ആണ്…..

” അത് … ഒന്ന് വീണു…. ചെറിയ ഉളുക്ക് ഉണ്ട്… അല്ല അതാരാ മകൾ ആണോ….???

” അതെ…. മകൾ ആണ്… രണ്ട് പെൺപിള്ളേരാന്നേ… ഞാൻ വീട്ടിൽ ഒറ്റക്കായത് കൊണ്ട് രണ്ടാളുടെയും വീട്ടിൽ മാറി മാറി നിൽക്കും… !! കാലിന് നല്ല സുഖമില്ല…. വയസ്സും പ്രായമൊക്കെ ആയില്ലേ… പിന്നെ പിള്ളേർ ഉള്ളത് കൊണ്ട് നോക്കാൻ ആളുണ്ട്… ഒരു ബുദ്ധിമുട്ടുമില്ല… അമ്മയെന്ന് വെച്ചാൽ രണ്ടാൾക്കും ജീവിനാ… ആവുന്നേടത്തോളം കാലം കൊച്ചു മക്കളെ ഒക്കെ കണ്ട് അങ്ങ് ജീവിക്കാന്നേ….. ” അവരുടെ വാക്കുകളിൽ മക്കൾ അവർക്ക് നൽകുന്ന സ്നേഹം എത്ര വലുതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു…… തിരികെ എത്തിയ മകൾ അതീവ കരുതലോടെ അവരെ പിച്ച പിച്ച വെച്ചു കൊടുപോകുന്നത് നിറകണ്ണുകളോടെ ഞാൻ നോക്കി നിന്നു….

അപ്പോളും ഞാൻ തന്നെ കൊണ്ട് പോകാൻ വീൽചെയർ എടുക്കാൻ പോയ ഹോം നേഴ്‌സിനെ കാത്തിരിക്കുകയായിരുന്നു….

എവിടെയൊക്കെയോ കണ്ട് മറന്ന ജീവിതങ്ങൾ…മക്കളെ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന അമ്മമാർക്കായി…..