രചന: സുമയ്യ ബീഗം TA
ഡി നീ ഏതുലോകത്താണ്, ഇരുപ്പു കണ്ടിട്ട് എന്തോ ഒരു കുഴപ്പം.
ഒരു കുഴപ്പവും നിലവിൽ ഇല്ല അതോർത്തു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേക്കു മോനെ ദിനേശാ.
പിന്നെ എന്തിനാടി തന്നെ ഇരുന്നു ചിരിക്കുകയും പുലമ്പുകയും ചെയ്യുന്നത്.
അതാണോ അതൊക്കെ ഉണ്ട്.
എന്താടി വല്ല ചുറ്റുകളിയും ആയോ ?ഫോണിൽ തന്നെയാണല്ലോ ഫുൾടൈം നിന്നെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല. ഒരുത്തൻ വന്നു രണ്ടു പഞ്ചാര അടിച്ചാൽ ഫ്ലാറ്റ് എല്ലാ പെണ്ണുങ്ങളും ഇങ്ങനൊക്കെ.
മോനെ കെട്ടിയോനെ ഈ പറഞ്ഞതിന്റെ ഒക്കെ മറുപടി നിങ്ങൾക്ക് നന്നായി അറിയാം. ഇപ്പോൾ ഉടക്കാൻ ടൈം ഇല്ല. അതോണ്ട് വേറെ പണി നോക്കു.
ഡി ആ ഫോണിൽ നിന്നും കണ്ണെടുക്കടി. അതിൽ കുത്താതെ ഇങ്ങു വാ. ഒരു സൂപ്പർ ഉച്ചമയക്കം, അതിനുള്ള സമയം ഉണ്ട്. കുഞ്ഞും ഉറങ്ങിയല്ലോ ?
ഇപ്പോൾ ഉറക്കം വരില്ല. അതിനു വലിയൊരു കാരണമുണ്ട് അതിപ്പോൾ പറഞ്ഞാൽ നിങ്ങള്ക്ക് മനസ്സിലാവുകയും ഇല്ല സൊ ഉറങ്ങിക്കോ.
ഉറങ്ങുന്ന പ്രിയപെട്ടവരുടെ അടുത്ത് നിന്നും ഫോണുമായി എഴുന്നേറ്റു വരാന്തയിൽ ചെന്നിരിക്കുമ്പോൾ പ്രകൃതിക്കും കാറ്റിനും എല്ലാമൊരു പുത്തനുണർവ്. മനസ്സ് അങ്ങ് ആകാശത്തോളം ഉയരത്തിൽ ആറാടുന്നു. Now am the happiest woman in the world. ഉറക്കെ ഉറക്കെ വിളിച്ചുപറയാൻ ഉള്ളം തുടിച്ചു.
……………. ………… ………..
ഉറക്കം തൂങ്ങിയ ഉച്ചകഴിഞ്ഞുള്ള ഫസ്റ്റ് പീരിയഡ്. ഒരുവിധം കണ്ണുകൾ വലിച്ചുതുറന്നു സുമയ്യ എന്ന ആറാം ക്ലാസ്സുകാരി. ചുറ്റും നെടുവീർപ്പുകൾ, നോക്കിയ മുഖങ്ങളെല്ലാം ഉറക്കത്തിന്റെ ഏതൊക്കെയോ യാമങ്ങളിൽ അല്ലെങ്കിലും ഈ സമയത്തൊക്കെ സോഷ്യൽ സയൻസ് പഠിപ്പിച്ചാൽ ആര് ശ്രെദ്ധിക്കാനാ. അതറിയാത്തതു പഠിപ്പിക്കുന്ന ടീച്ചറിന് മാത്രം.
ഒരു പേപ്പറെടുത്തു അടുത്തിരിക്കുന്ന കൊച്ചിന്റെ ഒരു കാർട്ടൂൺ വരയ്ക്കാൻ ഞാൻ ശ്രെമിച്ചു. ഒരു ചതുര തലയും കോലുപോലെ രണ്ടു വര കാലായും വരച്ചു. പിന്നെ അഡിഷനലായി രണ്ടു കൊമ്പും വെച്ചു. പിന്നെ ഒരു മുഴുത്ത നാവു പുറത്തേക്കു തള്ളി. ആകെ കൂടി നല്ല രസം. പിന്നെ അവളുടെ പേരും കൂടി അതിന്റെ തലയിൽ എഴുതി. മുമ്പിലത്തെ ബെഞ്ചുകാർക്കു പാസ്സ് ചെയ്തു. നോക്കിയവർ രണ്ടുപേരും കൂടി ചിരിച്ചോണ്ട് തിരിഞ്ഞതും ടീച്ചർ കണ്ടതും ഒരുമിച്ചു . പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ചിരിച്ചതിനും തിരിഞ്ഞു നോക്കിയതിനും അവരെ ടീച്ചർ എഴുന്നേൽപ്പിച്ചു നിർത്തി കുറെ ചീത്തയും പറഞ്ഞു അതും പോരാഞ്ഞു നിന്നോളാൻ പറഞ്ഞു ബെല്ലടിക്കുന്നതു വരെ. ഇപ്പോൾ എന്റെയും ഉറങ്ങിക്കൊണ്ടിരുന്ന എല്ലാവരുടെയും ഉറക്കം പോകുകയും എല്ലാരും ക്ലാസ്സിൽ ശ്രെദ്ധിക്കാനും തുടങ്ങി. ഞാൻ കാരണം നിൽക്കേണ്ടി വന്നവരുടെ തുറിച്ചുനോട്ടങ്ങളെ അവഗണിച്ചു ഒരു നല്ല കാര്യം ചെയ്തു എല്ലാരേയും ക്ലാസ്സിൽ പിടിച്ചിരുത്തിയ ഒരു ആത്മസംപൃതിയോടെ ഞാൻ ടീച്ചറിന്റെ മുഖത്തു നിന്നും കണ്ണെടുക്കാതിരുന്നു.
ഒരു വിധത്തിൽ ആ ക്ലാസ്സ് അവസാനിച്ചു അടുത്ത പീരിയഡ് വന്നത് ഇംഗ്ലീഷ് ടീച്ചറാണ്. പഠിപ്പിച്ചത് ഒരു കോമ്പോസിഷൻ my ambition. ഓരോരുത്തരോടും അവർക്കിഷ്ടമുള്ള ആഗ്രഹത്തെ പറ്റി എഴുതാൻ പറഞ്ഞു. പലരും ഡോക്ടർ, എഞ്ചിനീയർ എന്നൊക്കെ തട്ടി വിടാൻ തുടങ്ങി. ആ സമയം ഒത്തിരി ഇഷ്ട്ടത്തോടെ അതീവ താല്പര്യത്തോടെ ഞാൻ എഴുതി തുടങ്ങി നേഴ്സ് എന്ന എന്റെ സ്വപ്നം. ഉറക്കം ഉൾപ്പടെയുള്ള എല്ലാ ഉഡായിപ്പും മാറ്റിവെച്ചു.
അമ്മച്ചിയുടെ അമ്മച്ചി വല്യമ്മച്ചി അന്നത്തെ കാലത്ത് നഴ്സിംഗ് പഠിച്ചു സൂപ്പർ സ്റ്റാറായി വിലസിയ കഥകളും, ഓർമ വെച്ചനാൾ മുതൽ ആ മഹതിയുടെ സ്വാധിനവും എന്നിൽ വളർത്തിയ ഒരു ആഗ്രഹമാണ് ഒരു നേഴ്സ് ആവുക എന്നത് പോരാത്തതിന് എന്റെ രണ്ടു ആന്റിമാർ നേഴ്സസ് ആണെന്നതും എന്നിലെ മോഹത്തിനെ ആഴത്തിൽ വേരുറപ്പിച്ചു. ഞാൻ ഒരു നേഴ്സ് ആവുന്നതും അതുവഴി എന്റെ അച്ഛന്റെ കഷ്ടപ്പാടുകൾക്ക് ഒരു അറുതി വരുത്തുന്നതും കുടുംബത്തിന്റെ അത്താണിയായി മൂത്ത മകളായ ഞാൻ മാറുന്നതുമൊക്കെ എന്റെ കോമ്പോസിഷനിൽ നിറഞ്ഞു കവിഞ്ഞു ബെൽ അടിക്കുന്നതുപോലും അറിഞ്ഞില്ല. രണ്ടുപേപ്പർ നിറയെ എഴുതിയതിൽ grammatical errorum മറ്റും ആവശ്യത്തിൽ അധികം വന്നിട്ടുണ്ടെങ്കിലും ഒരു സന്തോഷം എന്തോ വല്യ കാര്യം ചെയ്തപോലെ.
അന്ന് ഞാൻ എഴുതിയത് എന്റെ സ്വപ്നങ്ങളെ അക്ഷരങ്ങളാക്കി മാത്രമായിരുന്നു അവയൊക്കെ പച്ചകുത്തി എന്റെ ആത്മാവിലും പതിച്ചു. വളരുന്തോറും ഞാൻ ആ ആഗ്രഹത്തിന് വേണ്ടി ആത്മാർഥമായി കാത്തിരുന്നു . അങ്ങനെ sslc എക്സാം കഴിഞ്ഞു അടുത്ത കോഴ്സിന് ടൈം ആയി. നഴ്സിംഗ് എന്ന സാഫല്യത്തിലോട്ടുള്ള ആദ്യ ചുവടു എന്ന നിലയിലും മാത്‍സ് എന്ന വിഷയത്തോടുള്ള ഭീതികൊണ്ടും ഇസിജി എന്ന വൊക്കേഷണൽ കോഴ്സിനാണ് ഞാൻ ചേർന്നത്.
ദൂരെ കാണുന്നതൊന്നും അനുഭവത്തിൽ അതുപോലാവില്ല എന്ന വസ്തുത തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ എന്നിലെ മാലാഖ അകന്നകന്നു പോയിത്തുടങ്ങി. മെഡിക്കൽ കോളേജിലെ രണ്ടു ദിവസത്തെ ക്ലാസ്സ് ആഴ്ചയിൽ. അതാണ് ജീവിതത്തിലെ അതുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടുകളെ മാറ്റിമറിച്ചത്. മരുന്ന് മണക്കുന്ന കണ്ണീരും ആവലാതികളും മുഴങ്ങുന്ന ചുവരുകൾക്കുള്ളിൽ ഞാൻ എന്ന കൗമാരക്കാരി വീർപ്പുമുട്ടി. പൂമ്പാറ്റകളും പൂക്കളും കുഞ്ഞുങ്ങളും തുടങ്ങിയ മനോഹര ദ്ര്യശ്യങ്ങളിൽ ഭ്രമം തോന്നിത്തുടങ്ങി. അതുകൊണ്ട് തന്നെ ആ പഠനത്തോടുപോലും നീതിപുലർത്താനോ അതിൽ നിന്നെന്തെങ്കിലോ നേടിയെടുക്കാനോ മനസ്സ് മടിച്ചു. എന്നിൽ ഒരു അദ്ധ്യാപിക പിറവിയെടുക്കാൻ തുടങ്ങി ഞാൻ പോലുമറിയാതെ. അടുത്ത വീടുകളിലെ കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞുകൊടുക്കുമ്പോൾ അവരുടെ അമ്മമാർ എന്നിലെ അധ്യാപികയെ നിർലോഭം പുകഴ്ത്തുമ്പോൾ നേഴ്സ് എന്നിൽ നിന്നും പൂർണമായി വിട്ടകന്നു.
ഇതെല്ലാം കഴിഞ്ഞു മുൻധാരണ പ്രകാരം മാതാപിതാക്കൾ എന്നെ കേരളത്തിലെ തന്നെ ഒരു നഴ്സിംഗ് സ്കൂളിൽ ചേർത്തു സന്തോഷപൂർവം. പക്ഷേ ശക്തമായി എതിർക്കാനോ ആ കോഴ്സ് പഠിക്കാനോ ഉള്ള ഒരു മാനസിക പക്വത കൈവരാത്തതിനാൽ എല്ലാത്തിനും നിശബ്ദമായി നിന്നുകൊടുക്കുമ്പോൾ ഞാൻ എന്നെ തന്നെ തേടുകയാരുന്നു.
ഒരു പുതുവത്സര തലേന്ന് ഞാൻ തൃശൂർ പട്ടണത്തിൽ ഒത്തിരി ആശയകുഴപ്പങ്ങളുമായി കാലുകുത്തി.ഹോസ്റ്റലിൽ കൊണ്ടാക്കാൻ വന്ന മാതാപിതാക്കളെ പലരും സംയമനത്തോടെ യാത്ര അയക്കുമ്പോൾ ഞാൻ മാത്രം പൊട്ടിക്കരഞ്ഞു. കാരണം എന്റെ തീരുമാനം എന്തെന്ന് എനിക്കുപോലും വ്യക്തത ഉണ്ടായിരുന്നില്ല.
ആദ്യമായി വീട്ടിൽ നിന്നൊരു ഒറ്റപ്പെടൽ ഹോസ്റ്റൽ എന്ന അപരിചിതലോകം എല്ലാം എന്നിൽ സങ്കടങ്ങൾ മാത്രം നിറച്ചു എങ്കിലും ഒരു രാവ് ഇരുണ്ടു വെളുത്തപ്പോൾ കുറച്ചു നല്ല കൂട്ടുകാരെ കിട്ടി എന്നെപോലെ ഉറ്റവരെ കാണാതെ കണ്ണീർവാർക്കുന്നവർ. പിന്നെ ഏതാനും മാസങ്ങൾ ആ ചുറ്റുപാടുകളോട് പൊരുത്തപ്പെടാൻ വ്യഥാ ശ്രമിച്ചു. മത്സരബുദ്ധിയും സഹകരണമനോഭാവും ഉള്ള ഒരു പ്രൊഫഷണൽ കോഴ്സ് അന്തരീക്ഷം എന്റെ ചിന്തകൾക്കുമപ്പുറം. അവിടെ മറ്റൊന്നിനും പ്രസക്തി ഇല്ലായിരുന്നു.
ആ ചുറ്റുപാടുകളിൽ സാധാരണ കാണപ്പെടുന്ന റാഗിങ് എന്ന കല എന്നെ അതിന്റെ പ്രധാന ഇര ആയി തിരഞ്ഞെടുത്തപ്പോൾ ഇടിവെട്ടിയവനെ പാമ്പുകടിച്ചപോലെ. ഇങ്ങനെ ഒക്കെ എങ്കിലും സൗഹൃദകൂട്ടത്തോടൊപ്പം പരിപാടികൾ അവതരിപ്പിച്ചും കൊച്ചു കൊച്ചു വികൃതികളും തമാശകളും ഒപ്പിച്ചും ചില ദിനങ്ങൾ എന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷെ അവിചാരിതമായി ചില ശിക്ഷ നടപടികൾ മനസ്സറിയാത്ത കിട്ടിയ ദിവസം, ഡ്യൂട്ടി ടൈമിൽ വെറുതെ ഇരിക്കുന്ന കണ്ടു എന്ന കംപ്ലയിന്റ് എന്റെ ജീവിതത്തെ വീണ്ടും വഴിമാറ്റി. സത്യത്തിൽ ഞാൻ ആ ടൈമിൽ ഒരു ബുക്ക് എടുക്കാൻ ആ റൂമിൽ കേറുകയും അവിടെ ഉണ്ടായിരുന്ന സഹപാഠികളോട് സംസാരിക്കുകയും ചെയ്തതാണ്. ശിക്ഷ രണ്ടുദിവസത്തെ ലീവ് വെട്ടി ചുരുക്കി ആകെയുള്ള പത്തുദിവസത്തിൽ നിന്നും. അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആരുന്നു. ആ ടെൻഷനിൽ ഉത്കണ്ഠ കൂടി ശ്വാസം മുട്ടലും നെഞ്ചിടിപ്പും കൂടുന്നപോലെ. ഡോക്ടർ പരിശോധിച്ച് ഒന്നുമില്ല എന്ന് പറഞ്ഞിട്ടും എന്റെ അസ്വസ്ഥത മാറാതിരുന്നപ്പോൾ വെറുതെ ഇരുന്ന കരയുന്ന എന്നെ ഹോസ്പിറ്റലിലെ കൗൺസിലറുടെ അടുത്തേക്ക് അയച്ചു. തമിൾ ചുവയിൽ മലയാളം പറയുന്ന മുക്കൂത്തി ഇട്ട ആ മഹതിയാണ് ഞാൻ എന്ന വ്യക്തിക്ക് പുനർജ്ജന്മം നൽകിയത്. അന്ന് ആ റൂമിൽ ഇരുന്നു കണ്ണീരോടെ പൂർണമായും എന്നെ വാക്കുകളിൽ അവതരിപ്പിച്ചു കഴിഞ്ഞു ആ കൈകളിൽ ചേർത്തു പിടിച്ചു ഞാൻ യാചിച്ചു മാഡം എന്നെ രക്ഷിക്കണം. എനിക്ക് ഈ പഠനവുമായോ സാഹചര്യങ്ങളോടോ പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. ഇതെന്റെ ലോകമല്ല ഈ തൊഴിൽ എന്റെ നിയോഗവും അല്ല.
അങ്ങനെ ആ മാഡത്തിന്റെ ശുപാർശയിൽ അധികാരികൾ തന്ന ലീവുമായി വീട്ടിലോട്ടു പോരുമ്പോൾ സുമയ്യ തിരിച്ചുവരണം എന്ന പ്രിൻസിപ്പലിന്റെയും കൂട്ടുകാരുടെയും വാക്കുകൾ കാതിൽ. ആ വിരഹ വേദനയിലും മാതാപിതാക്കളുടെ തകർന്ന മുഖങ്ങളിലും പതറി തിരിച്ചുപോകാം എന്ന് വീണ്ടും തീരുമാനിച്ചെങ്കിലും ഇത്തവണ ഒരല്പം ധൈര്യം കൈവന്നു. ദിവസങ്ങളോളം ഉള്ള ആലോചനകൾക്കൊടുവിൽ വേണ്ട എന്നുറപ്പിക്കുമ്പോളും വീട്ടുകാരോട് എങ്ങനെ അവതരിപ്പിക്കും എന്നതൊരു ചോദ്യമായി. തിരിച്ചു ചെല്ലാമെന്നു ഏറ്റ ദിവസത്തിന് തലേന്ന് അച്ഛൻ അടുത്തു വന്നിരുന്നു പറഞ്ഞു സുമി, ഇനി നിന്നെ ആരും നിര്ബന്ധിക്കില്ല. ഇനിയും ഇതിൽ തുടർന്നു നിനക്ക് എന്തേലും സംഭവിച്ചാൽ ഒരിക്കലും ഞങ്ങൾക്കതു താങ്ങാനും പറ്റില്ല. അതുകൊണ്ട് നാളേപോയി നമുക്കിത് വേണ്ടാന്നു വെക്കാം.
ആ വാക്കുകളിൽ ഞാൻ കരുത്താർജ്ജിച്ചു. കെട്ടിപിടിച്ചു കരഞ്ഞു യാത്രപറഞ്ഞ എന്റെ കൂട്ടുകാർ, റാഗിംഗ് കാരണം പോകുവാണല്ലേ എന്ന് മുഖത്തുനോക്കി ചോദിച്ചു പുച്ഛിച്ചു ചിരിച്ച ചില സീനിയർസ്. മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ആ ബിൽഡിംഗ് എല്ലാത്തിനോടും നിറകണ്ണുകളോടെ വിടപറഞ്ഞു…
പിന്നെ വര്ഷങ്ങള്ക്കുശേഷം ഞാൻ ആഗ്രഹിച്ചപോലൊക്കെ ജീവിക്കുമ്പോൾ പലവട്ടം ഞാൻ fbyil സെർച്ച് ചെയ്തു എന്റെ പഴയ കൂട്ടുകാരെ കണ്ടെത്താൻ ആദ്യമൊക്കെ കോൺടാക്ട് ഉണ്ടായിരുന്നു എങ്കിലും കാലക്രമേണ എല്ലാരും എന്നിൽ നിന്നും അകന്നുപോയിരുന്നു.
ആരെയും കണ്ടെത്താനാകാതെ എന്നെങ്കിലും കണ്ടുമുട്ടാൻ കഴിയും എന്നുള്ള ശുഭാപ്തി വിശ്വാസത്തിൽ ജീവിക്കുമ്പോൾ ആണ് അപ്രതീക്ഷിതമായി ഇന്ന് എന്റെ messengeril ഒരു സീനിയർ ചേച്ചിയുടെ മെസ്സേജ്. ഗ്രൂപ്പിൽ കഥ എഴുതുന്ന സുമയ്യ ആ പഴയ സുമയ്യ തന്നെ ആണോന്നു. പടച്ചോനെ എന്തുമാത്രം സന്തോഷം തോന്നിയെന്നോ ?
പലരെയും വർഷങ്ങൾക്കിപ്പുറം കാണുമ്പോൾ ആഹ്ലാദമോ അമ്പരപ്പോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. ചില സീനിയർസ് സോറി പറയുമ്പോൾ അർഹത ഇല്ലാത്തതു എന്തോ കൈവരുന്ന പോലെ. കാരണം എല്ലാത്തിനും കാരണം റാഗിങ് മാത്രമല്ലരുന്നു. എങ്കിലും അന്ന് കുറച്ചൂടെ സൗഹൃദപരമായ അന്തരീക്ഷം ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ എന്റെ മാതാപിതാക്കളുടെ മോഹങ്ങൾ പൂവണിഞ്ഞേനെ. എങ്കിലും സങ്കടമില്ല ഞാൻ പോയതിനുശേഷം അവിടുത്തെ കർശന നിയമങ്ങൾക്കു ഇളവ് വരുകയും എല്ലാ സ്റുഡന്റ്സും ഒരുപോലെ പഠിക്കാനും പെരുമാറാനുമുള്ള ഒരു അന്തരീക്ഷം സംജാതമാകുകയും ചെയ്തു അല്ലേലും ഒന്ന് ചീഞ്ഞാൽ അല്ലേ മറ്റൊന്നിനു വളമാകൂ. ഒരു മാറ്റം കൊണ്ടുവരാൻ എനിക്കും അതുവഴി ഇഷ്ടമുള്ള രീതിയിൽ ജീവിക്കാൻ ഒരു അവസരവും കൈവന്നു.
എന്റെ കൂട്ടുകാരെ എന്നിലെത്തിച്ച തൂലികയ്ക്കു ഒരു കൈക്കുടന്ന പനിനീർ മൊട്ടുകളും ഇഷ്ടമുള്ള ജോലി ചെയ്തു സന്തോഷപൂർവം ജീവിക്കാൻ എല്ലാർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിച്ചും നിർത്തുന്നു.