രചന: ജിഷ്ണു രമേശൻ
ഉസ്കൂളില് ഉച്ചയ്ക്ക് ചോറ്റുപാത്രം തുറന്നപ്പോ കൊതി സഹിക്കവയ്യാതെ ആറാം തരക്കാരൻ കുഞ്ഞൻ ചങ്ങാതിയുടെ പാത്രത്തിലെ മുട്ട പൊരിച്ചത് എടുത്തു കൊണ്ടോടി…
കൂട്ടുകാരെല്ലാം കൂടി ഓടിച്ചിട്ട് പിടിച്ചപ്പോഴേക്കും കുഞ്ഞനത് വായിലാക്കിയിരുന്നു… അന്നാട്ടിലെ വല്യ മുതലാളി വർക്കിയുടെ മോന് എന്നും മുട്ട പൊരിച്ചത് ഉണ്ടാവും…
കുഞ്ഞൻ്റെ അഹങ്കാരം നിറഞ്ഞ ചങ്ങായിയാണ് വർക്കിയുടെ മോൻ…
‘ നിനക്ക് നിൻ്റെ അച്ഛനോട് പറഞ്ഞ് രണ്ടു മുട്ട വാങ്ങിച്ചൂടെ കുഞ്ഞാ… എന്തിനാ എൻ്റെ പിഞ്ഞാണത്തില് കയ്യിട്ട് വാരണത്… ചെകിള അടിച്ച് പൊളിക്കണ പണിയാ നീ കാണിച്ചത്…’
” എനിക്ക് കൊതി തോന്നിയപ്പോ ചെയ്തതാടാ… ഒന്ന് ക്ഷമിക്കെൻ്റെ ചങ്ങായി…എൻ്റെ അച്ഛൻ്റെല് കാശില്ലാണ്ടാടാ…”
കുഞ്ഞനത് കൊറച്ച് കണ്ണീര് വീഴ്ത്തി പറഞ്ഞപ്പോ അഹങ്കാരം കേറ്റി പിടിച്ച് വർക്കീടെ മോൻ സൈക്കിള്മ്മെ കേറി പോണത് വിങ്ങലോടെ നോക്കി നിന്നു…
നല്ലോണം പഠിക്കണ വർക്കീടെ മോനേ എല്ലാർക്കും നല്ല ഇഷ്‌ടാണ്…കുഞ്ഞന് അവനോട് നല്ല ബഹുമാനമാണ്…കുഞ്ഞനോ, ഒഴപ്പി നടക്കണ ചെക്കനും… ആർക്കും ഇഷ്ടമില്ലാത്ത അടിയാളൻ്റെ മോൻ കുഞ്ഞൻ…!!
രണ്ടാളും ഒളിച്ച് നിന്ന് ബീഡി വലിച്ചപ്പോഴും, പരദൂഷണം പറയണ നാട്ടുകാര് കണ്ടപ്പോഴും അന്നാട്ടിലെ ആദ്യത്തെ ബീഡി വലിക്കാരൻ കൊച്ചെർക്കൻ കുഞ്ഞനായി മാറി…
രണ്ടു മാസം കൂടുമ്പോ ചങ്ങായിടെ വീട്ടില് കുഞ്ഞൻ തൈര് വാങ്ങാൻ പോകുമ്പോ, അടുക്കള വശത്ത് വലിച്ചെറിയണ കൂട്ടത്തില് ഇറച്ചി കഷ്ണം കാണുമ്പോ ചെക്കൻ്റെ നാക്കൊന്നു കുതിരും… പൊഴേല് പൊന്തണ പോലെ വെള്ളം ഊറും…
പത്താം തരത്തില് പഠിക്കാൻ പോക്ക് നിർത്തിയ കുഞ്ഞൻ അച്ഛൻ്റെ കൂടെ നെല്ല്കുത്ത് മില്ലില് തൂപ്പ് പണിക്ക് പോയി…
മില്ലിൻ്റെ മുന്നില് ഒരലില് ഇരിക്കണ കുഞ്ഞൻ സൈക്കിള്മ്മെ ഉസ്കൂളില് ഗമേല് പോണ ചങ്ങായിനെ പെരുത്ത് ഇഷ്ടത്തോടെ നോക്കി നിൽക്കും…
കൊറച്ച് വർഷം കഴിഞ്ഞ് ഒരൂ വൈന്നേരം അച്ഛൻ വന്നിട്ട് കുഞ്ഞനോട് പറഞ്ഞു,
“ദേണ്ട്രാ നിൻ്റെ ചങ്ങായി ഡോക്ടറ് പഠിക്കാൻ അമേരിക്കയ്ക്ക് പോണു…”
കുഞ്ഞൻ ഓടി…കണ്ണീര് ഒലിപ്പിച്ച് ഓടി… കുഞ്ഞൻ കണ്ടു അവൻ്റെ കാറ് മുകളിൽ കെട്ടി വെച്ച പെട്ടികളുമായി പോണത്… കുഞ്ഞന് ഭയങ്കര ഇഷ്ടാണു അവൻ്റെ ചങ്ങായിനെ… പക്ഷേങ്കില് അവന് കുഞ്ഞനൊരു അടിയാഴൻ തന്നെയായിരുന്നു…
കീഴ് ജാതിക്കാരനായ തൻ്റെ കൂടെ മുറി ബീഡി വലിക്കാൻ മടിയില്ലാത്ത അവൻ്റെ ചങ്ങായിയെ ഓർക്കുമ്പോ കുഞ്ഞൻ ചിരിക്കും… വെറുതേ കണ്ണീര് ഒലിപ്പിച്ച് ചിരിക്കും…
“എന്നിട്ടും ഓൻ ഡോക്ടര് ഉദ്യോഗം പഠിക്കാൻ പോയപ്പോ എന്നോട് പറഞ്ഞില്ല…”
കുഞ്ഞൻ വീണ്ടും ചിരിച്ചു…കരഞ്ഞു കൊണ്ട് ചിരിച്ചു…
വീണ്ടും കൊറച്ച് വർഷം കഴിഞ്ഞു… ഒരു രാവിലെ ഒരു വില കൂടിയ കാറില് ഒരുവൻ കുഞ്ഞൻ തൂപ്പ് പണി ചെയ്യണ മില്ലിൻ്റെ മുന്നില് വന്നു നിന്നു…അമേരിക്കയില് ഡോകടറ് ഉദ്യോഗം പഠിക്കാൻ പോയ വർക്കീടെ മോനാണ്… കുഞ്ഞൻ്റെ ചങ്ങായി…
അകത്തേക്ക് കയറി ചെന്ന അവനെ കണ്ട് മില്ലില് നെല്ല് കുത്തിക്കണ ജോലിക്കാരൻ നെറ്റി ചുളിച്ചു നോക്കിയിട്ട് ചോദിച്ചു,
” വർക്കി മുതലാളീടെ മോനല്ലെ…? സൂക്കേട് ഭേദാക്കണ ചെക്കൻ…!”
‘ അതേ…ഞാനാണ്… അല്ല, ഇവിടെ തൂപ്പ് പണി ചെയ്യണ കുഞ്ഞൻ എവിടെ…? അവനിപ്പോഴും ഇവിടെ തന്നെയാണോ തൂപ്പ് പണി…?’
“അയ്യോ ആര് കുഞ്ഞൻ മുതലാളിയോ…?”
‘ കുഞ്ഞൻ…! കുഞ്ഞൻ മുതലാളിയോ…!!’
” ആടാ ചെക്കാ, ഇതടക്കം അഞ്ചാറു നെല്ല്കുത്ത് മില്ലും ദാ ആ കാണണ എഴുപത് പറ കണ്ടവും കുഞ്ഞൻ മുതലാളീടെയാണ്… പൊറം നാട്ടില് കൊറേ പറമ്പ് വാങ്ങിയിട്ടുണ്ട്…അതിൻ്റെ കാശ് കൊടുക്കാൻ രാവിലെ പോയതാ…”
വർക്കീടെ മോൻ മുഖത്തൊരു ചിരി വരുത്തി പുറത്തേക്കിറങ്ങിയപ്പോ മില്ലിലെ പണിക്കാരൻ പറഞ്ഞോരു കാര്യമുണ്ട്,
” മോനേ, കൊറേ വർഷം മുൻപ് നീ അമേരിക്കയ്ക്ക് പോയപ്പോ കുഞ്ഞൻ കരഞ്ഞു കൊണ്ട് നിന്നെ കാണാൻ ഓടിയത് ഞാൻ കണ്ടിട്ടുണ്ട്…ഇവിടെ തൂക്കാൻ വരുമ്പോ നീ വല്യ ഡോക്ടർ ആയിട്ടുണ്ടാവും എന്ന് പറയാത്ത ദിവസങ്ങളില്ല…
കാലം നീങ്ങിയപ്പോ ഞങ്ങൾക്കൊക്കെ ഒഴപ്പൻ ചെക്കനായിരുന്ന കുഞ്ഞനും മാറി… കുഞ്ഞനിപ്പോ ഇന്നാട്ടിലെ ഒരു കൊച്ചു ജന്മിയാണ്…
അടിയാളൻ്റെ ചെക്കൻ കുഞ്ഞനും ഒരു ജന്മിയായി… അടിയാളനും മുതലാളിയാവണ കാലമാണ് ഇനി…