ഞാൻ പറയാനുള്ളത് പറഞ്ഞു, ഈ വർക്ക്‌ നഷ്ടപ്പെട്ടാൽ പൂർണ ഉത്തരവാദിത്വം ഇവൾക്ക് മാത്രമായിരിക്കും….

തൈലാ തീർത്ഥപാദം – രചന: ധ്രുവ താര

“ഈ കഞ്ഞിക്കോലത്തിനെയാണോ നാളെ ബിസിനസ് മീറ്റിനു കൊണ്ടുപോകുന്നെ?? എത്രകോടി ലാഭം കിട്ടേണ്ട പ്രൊജക്റ്റ്‌ ആണെന്നറിയാലോ അഭിക്ക്?? “

സുദേവ് പുച്ഛവും പരിഹാസവും ആവശ്യത്തിലധികം നിറച്ച് കോടിയ മുഖത്തോടെ എന്റെ നേർക്ക് കൈ ചൂണ്ടുകയാണ്.. ഞാൻ ഭാവവ്യത്യാസമൊന്നുമില്ലാതെ അവന്റെ നേർക്ക് നോക്കി..

“സുദേവ്, നാളെ ഇവൾ തന്നെ മീറ്റിംഗ് ലീഡ് ചെയ്യും, അക്കാര്യത്തിൽ തർക്കം വേണ്ട.. ബിസിനസ് ഐഡിയ അവളുടേതാണ്, കസ്റ്റമർ കമ്പനിക്കുമതിൽ വിശ്വാസമുണ്ട്.. അത് ഭംഗിയായി ചെയ്തെടുക്കുക മാത്രമാണ് നിന്റെയും ടീമിന്റെയും ജോലി “

സീനിയർ മാനേജർ അഭിജിത് എനിക്ക് വേണ്ടി വാദിക്കുകയാണ്, പ്രൊജക്റ്റ്‌ ലീഡ് സുദേവിനോട്..

“ഞാൻ പറയാനുള്ളത് പറഞ്ഞു, ഈ വർക്ക്‌ നഷ്ടപ്പെട്ടാൽ പൂർണ ഉത്തരവാദിത്വം ഇവൾക്ക് മാത്രമായിരിക്കും.. “

സുദേവ് അമർഷത്തോടെ മുരണ്ടുകൊണ്ട് തിരിഞ്ഞു നടന്നു..

“എന്താടോ ഇത്, അവൻ പറയുന്നതിലും കാര്യമുണ്ട്.. ഒട്ടും പ്രോഫഷണൽ അല്ലാത്ത അപ്പിയറൻസുമായി താനെങ്ങനെ ഈ വൻകിട സ്രാവുകളുടെ മുന്നിൽ പ്രസന്റേഷൻ എടുക്കും?? നമ്മുടെ കമ്പനിയെ പ്രതിനിധീകരിച്ചല്ലേ താനവിടെ നിൽക്കേണ്ടത്? കുറഞ്ഞതീ മുടിയൊന്നൊതുക്കിക്കെട്ടി അയൺ ചെയ്ത വസ്ത്രമെങ്കിലും ഇട്ടൂടെ? ഇന്നത്തെ പെൺപിള്ളേരൊക്കെ മേക്കപ്പിൽ കുളിച്ചാ നടക്കുന്നത്.. “

അഭിജിത് അത് പറയുമ്പോ എന്റെ ചുണ്ടിലുമൊരു ചിരി വിരിഞ്ഞു.. അതിലെ പരിഹാസം മനസ്സിലാക്കി അയാളും തിരികെ പോയി..

അത്രനേരം മിണ്ടാതെ നിന്ന ശാലുവിനെ നോക്കി കണ്ണിറുക്കിക്കാണിച്ചു ഞാൻ വാഷ്‌റൂമിലേക്ക് നടന്നു.. ആരെയും ശ്രദ്ധിക്കാതെ.. ചില തുറിച്ചു നോട്ടങ്ങളെ പാടെയവഗണിച്ച്..

പൈപ്പുതുറന്നു മുഖം കഴുകാൻ കൈക്കുമ്പിളിൽ വെള്ളം പിടിച്ചു കണ്ണാടിയിലേക്ക് നോക്കി.. മുഖത്തെണ്ണമെഴുക്കുണ്ട്.. കണ്ണിനു ചുറ്റും കറുപ്പ്.. ഒരു ചായവും പൂശാത്ത മുഖം.. ചീകാത്ത ചുരുണ്ടമുടി വെറുതേ കൂട്ടിപ്പിടിച്ചു ബാന്റിട്ടിരിക്കുന്നു.. കമ്പനിയെ പ്രതിനിധീകരിക്കാൻ ഒരുങ്ങിച്ചമഞ്ഞു നടക്കുന്നവരെ വേണമെങ്കിൽ അവർ വേറെ ആളെ നോക്കട്ടെ.. എന്നോടുതന്നെ മെല്ലെപ്പറഞ്ഞു ഞാൻ മുഖം കഴുകി..

സുദേവ് വളരെ അച്ചടക്കമുള്ള വ്യക്തിയാണ് – ജോലിയിലും വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും.. സ്വന്തം ടീമിലുള്ളവരും അങ്ങനെ വേണമെന്ന് ശഠിക്കുന്നയാൾ.. നേർവിപരീതമായി മാത്രം നടക്കുന്നതുകൊണ്ടാണ് എന്നോടിത്രയും ദേഷ്യം..

തിരികെ സീറ്റിലേക്ക് പോയി ബാക്കിയുള്ള ജോലികൾ തീർക്കുമ്പോൾ സമയം പോകുന്നതറിഞ്ഞതേയില്ല.. ആറുമണിയോടെ വർക്ക്‌ തീർത്തിറങ്ങി പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ മാക്‌സിൽ കയറി ഒരു പുതിയ കുർത്ത വാങ്ങണമെന്നോർത്തു.. അനിയത്തിക്കാണ്.. സ്‌കൂട്ടർ എടുത്ത് ഇൻഫോപാർക്കിന്റെ ഗേറ്റും കടന്ന് സീപോർട്ട്-എയർപോർട്ട്‌ റോഡിലേക്ക് കയറി വലത്തേക്ക് തിരിഞ്ഞു.. സ്‌കൂട്ടർ റോഡരികിൽ ഒതുക്കി പാർക്ക് ചെയ്തു നടക്കുമ്പോ വല്ലാത്തൊരു ശബ്ദവും നിലവിളിയും കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കി.. ആക്സിഡന്റ്..

തിരക്കുള്ള സമയമാണ്.. സഡൻ ബ്രെക്കിട്ടു നിന്ന കണ്ടൈനർ ക്യാരിയറിനു പിന്നിൽ വണ്ടികളുടെ നീണ്ട നിര രൂപപ്പെടുന്നു.. ഒരു സ്ത്രീയുടെ നിലവിളി ശബ്ദമാണ് എന്തിനേക്കാളുമുച്ചത്തിൽ കെട്ടത്..തിടുക്കത്തിലവർക്കരികിലേക്കോടിയെത്തുമ്പോൾ ഒരു വെപ്രാളമായിരുന്നു.. ലോറിയുടെ മുന്നിലേക്ക് ചെന്നു നോക്കുമ്പോൾ കണ്ട കാഴ്ച.. ഒരു നിമിഷത്തെ നടുക്കത്തിൽ നെഞ്ചിൽ കൈവച്ചു മുഖം തിരിച്ചു പോയി.. മുഖത്തിന്റെയൊരുപാതി തകർന്ന് തലയോട് പൊട്ടി ഒരു ചെറുപ്പക്കാരൻ.. അടുത്തിരുന്നു നിലവിളിക്കുന്നതൊരു സ്ത്രീയാണ്..അപ്പോഴെക്കുമെന്റെ പ്രജ്ഞയിലൂടൊരു മിന്നൽ പാഞ്ഞു.. അടച്ച കണ്ണുകൾ വലിച്ചു തുറന്നാ ചോരയിൽ കുളിച്ച മുഖത്തേക്കുറ്റു നോക്കി.. ഒരു വേള എന്റെ ശ്വാസം നിലച്ചെന്നു തന്നെയെനിക്ക് തോന്നി.. പകപ്പ്.. ഈ മുഖം..ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഒന്നും ചെവിയിലേക്ക് കയറിയില്ല.. പാഞ്ഞെത്തുന്ന ആംബുലൻസിന്റെ ശബ്ദം.. അപ്പോഴും എന്റെ കണ്ണുകൾ ചോരയിൽ കുതിർന്ന ആ മുഖത്തു തന്നെയായിരുന്നു..

ആംബുലൻസിലേക്ക് ആരൊക്കെയോ ചേർന്നവനെ എടുത്തു കയറ്റുമ്പോൾ അടുത്തിരുന്ന സ്ത്രീയും ഒപ്പം കയറി.. അവർ ദയനീയമായി നിലവിളിച്ചു കൊണ്ടേയിരിക്കുന്നു.. പെട്ടെന്നുണ്ടായൊരു തോന്നലിൽ അവരോടൊപ്പം ആംബുലൻസിലേക്ക് കയറുമ്പോൾ അവരെന്നെ നന്ദിയോടെയൊന്നു നോക്കി..

എന്റെ ചിന്തകൾ കടിഞ്ഞാൺ വിട്ടു പായുന്ന വഴികളൊന്നും ഞാൻ തിരിച്ചറിഞ്ഞില്ല.. ഭൂതകാലത്തിലെ ഓർമകളിലേക്കോ ഭാവിയിലെ അനിശ്ചിതത്വത്തിലേക്കോ.. നിമിഷങ്ങൾക്ക് വർഷങ്ങളുടെ വേഗം..

ഹോസ്പിറ്റലെത്തി ആംബുലൻസിന്റെ ഡോർ തുറക്കുമ്പോഴാണ് മനസു തിരികെയെത്തിയത്.. ആശുപത്രി ജീവനക്കാർ വളരെവേഗം കർമനിരതരായി.. അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു.. കരച്ചിലടക്കാതെ ആ സ്ത്രീയും എനിക്കു തന്നെ വിവേചിച്ചറിയാത്തൊരു വികാരത്തോടെ ഞാനും ഓപ്പറേഷൻ തിയേറ്ററിനു മുന്നിൽ കാത്തിരുന്നു.. അവരവന്റെയമ്മയാണ്..

എന്റെ നിസ്സംഗതയെ മുതലെടുത്ത് ഓർമ്മകൾ വീണ്ടും അവർക്ക് തോന്നിയ വഴിയേ പാഞ്ഞു തുടങ്ങി.. ഭംഗിയുള്ളൊരു ചിരിയിൽ എന്റെ ഹൃദയതാളം നിയന്ത്രിച്ചിരുന്നൊരു മുഖം പുകമഞ്ഞിനപ്പുറം തെളിഞ്ഞു.. എന്നിലെ പെണ്ണിനെ എത്രത്തോളം തരളിതയാക്കാമെന്ന് എനിക്ക് തന്നെ കാണിച്ചു തന്നു വിജയച്ചിരി ചിരിച്ച മുഖം.. കുസൃതികളും പരിഭവങ്ങളും വാശികളും പിണക്കങ്ങളും പിന്നെയിണക്കങ്ങളുമായി എനിക്കൊരു സ്വർഗം സൃഷ്ടിച്ചു തന്ന മുഖം..കൊഞ്ചിയും കെഞ്ചിയും പിണങ്ങിയും എന്നെയെന്റെയതിരുകൾക്കപ്പുറം കടത്തി കളങ്കിതയാക്കിയ മുഖം.. ക്ഷണികമായ സുഖത്തിനപ്പുറമുള്ള ദിവസങ്ങൾ ആ മുഖത്തിന്റെ മറ്റു നിറങ്ങൾ കാണിച്ചു തന്നു.. അവഗണയുടെ, അസഭ്യവാക്കുകളുടെ, ക്രൂരതയുടെ നിറങ്ങൾ..

ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ കൂട്ടിനു വന്നതൊക്കെയും കണ്ണുനീരായിരുന്നു.. കരഞ്ഞുകാലുപിടിച്ച് സ്വാഭിമാനം വലിച്ചെറിഞ്ഞ ദിവസങ്ങൾ.. ചെവി തുളച്ച തെറിവാക്കുകളുടെ മൂർച്ചയിൽ ഹൃദയമാണ് വരഞ്ഞു കീറിയത്..ചതിക്കപ്പെടുകയായിരുന്നെന്ന തിരിച്ചറിവ് കുത്തിനോവിച്ചുകൊണ്ടേയിരുന്നു.. ജീവനൊടുക്കാനുള്ള ത്വരയെ പലവട്ടം അതിജീവിച്ചതെങ്ങനെയെന്ന് ഇപ്പോഴുമറിയില്ല.. സകലതും വെറുത്തു വെറുപ്പിച്ച് എല്ലാത്തിൽനിന്നുമുൾവലിഞ്ഞു മാസങ്ങളും വർഷങ്ങളും കടന്നുപോയി.. പിന്നെ തിരിച്ചറിഞ്ഞു – എന്റെ തെറ്റിന് മറ്റാർക്കുമുത്തരവാദിത്വമില്ല.. S ex is not a promise.. സ്വയം എന്നോട് ക്ഷമിക്കാത്തിടത്തോളം പഴയ എന്നെ എനിക്ക് തിരിച്ചു കിട്ടില്ല.. അവിടുന്നിങ്ങോട്ടിത്രനാളും എങ്ങനെയൊക്കെ ശ്രമിച്ചിട്ടുമതിന് മാത്രമെനിക്ക് കഴിഞ്ഞതുമില്ല..തൈലാ തീർത്ഥപാദം – ആത്മവിശ്വാസത്തിന്റെ മറ്റൊരു പേരായിരുന്നവൾ അന്തർമുഖത്വത്തിന്റെ മുഖംമൂടിയണിഞ്ഞു.. എടുത്തുമാറ്റാൻ ശ്രമിച്ചിട്ടുമത് വിട്ടുപോകാതെ പൊതിഞ്ഞു നിന്നു..

മണിക്കൂറുകൾ കടന്നുപോയെന്നു മനസ്സിലായത് ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നപ്പോഴാണ്.. രാത്രി മുഴുവൻ നീണ്ട സർജറി കഴിഞ്ഞിരിക്കുന്നു.. അവന്റെയമ്മ വേവലാതിയോടെ അവർക്കരികിലേക്ക് പാഞ്ഞു.. പറയുന്നതൊന്നും കേൾക്കാൻ പറ്റുന്നില്ല..ബോധം നശിച്ചവർ കുഴഞ്ഞു വീഴുമ്പോൾ അടുത്തു നിന്ന നഴ്സ് താങ്ങിപ്പിടിച്ചു.. അവരെ അറ്റെൻഡേഴ്സിന്റെ സഹായത്തോടെ കൂട്ടിക്കൊണ്ടു പോയി..

എഴുന്നേറ്റ് നിൽക്കുമ്പോൾ എന്റെ കാലുകൾക്ക് ബലക്ഷയം സംഭവിച്ചപോലെ തോന്നി.. നിലത്തുറയ്ക്കുന്നില്ല.. അടുത്തേക്ക് ചെന്നപ്പോൾ ഡോക്ടർ കരുണയോടെ നോക്കി.. നഴ്സ് പറയുന്നുണ്ടായിരുന്നു – ആ അമ്മയുടെ കൂടെ ഉണ്ടായിരുന്നതാ ഈ കുട്ടി.. രാത്രി മുഴുവൻ ഇവിടുണ്ടായിരുന്നു..

“എനിക്കൊന്നു കാണാൻ പറ്റുവോ? ” എന്റെ ശബ്ദം എനിക്ക് തന്നെ അപരിചിതമായി തോന്നി.. പറ്റില്ലെന്ന് പറയാൻ തുടങ്ങി ഒന്നുകൂടി ആലോചിച്ചു ഡോക്ടർ വാതിലെനിക്ക് മുന്നിൽ തുറന്നു..

അകത്തേക്ക് നടന്ന് ചെല്ലുമ്പോൾ കണ്ടു വെള്ളപുതച്ചു മുഖവും മറച്ച് കിടക്കുന്നു.. “തിരിച്ചു കിട്ടിയില്ലെടോ.. പരമാവധി ശ്രമിച്ചു..” പറഞ്ഞു കൊണ്ട് ഡോക്ടർ അവന്റെ മുഖത്തുനിന്നും ആ വെള്ളത്തുണി നീക്കി..

“സാരമില്ല ഡോക്ടർ.. ജനനവും മരണവുമൊക്കെ നമുക്ക് നിയന്ത്രിക്കാനാവില്ലല്ലോ..” അസാധാരണമാം വിധം ശാന്തമായ എന്റെ ശബ്ദത്തിൽ പകച്ച് ഡോക്ടർ സംശയത്തോടെ എന്നെ നോക്കി..

“ചത്തുതുലഞ്ഞ ഇവന്റെയീ മുഖം എനിക്കൊന്നു കാണണമാരുന്നു.. അതിനാ രാവെളുക്കുവോളം കാത്തിരുന്നത്.. കണ്ടു.. തൃപ്തിയായി.. താങ്ക്സ് ഡോക്ടർ..”

ഒരുവട്ടം കൂടി അവന്റെ മുഖത്തേക്ക് നോക്കി ബലം തിരികെ കിട്ടിയ കാലുകളോടെ ഉറച്ച ചുവടുകൾ വച്ചു തിരിച്ചു നടക്കുമ്പോൾ തല ഉയർത്തിപ്പിടിച്ചിരുന്നു.. കണ്ണുകളിൽ തിരികെയെത്തിയ ആത്മവിശ്വാസം കടുംകാപ്പി കണ്ണുകളിൽ തിളക്കമണിയിച്ചു.. ഉള്ളു കാർന്നുതിന്നുകൊണ്ടിരുന്ന അർബുദമാണ് പിന്നിൽ വെള്ളപുതച്ചു കിടക്കുന്നത്.. ഇനിയതെന്നെ തളർത്തില്ല..

ഉച്ചകഴിഞ്ഞത്തെ ബിസിനസ് മീറ്റിങ്ങിനു ചെല്ലുമ്പോൾ സുദേവും അഭിയും മാത്രമല്ല, ടീമംഗങ്ങൾ എല്ലാവരും അതിശയത്തോടെ നോക്കുന്നത് കണ്ടു താനേ പുഞ്ചിരി തോന്നി..

ശാലു ഓടിവന്നു…

“എന്തായിത്.. സുദേവിന്റെ ചീത്തവിളി ഏറ്റോ.. എന്ത് ഭംഗിയാ ഇപ്പോ നിന്നെ കാണാൻ.. ദേ കണ്ണെഴുതി പൊട്ടും ലിപ്സ്റ്റിക്കും.. ഇച്ചിരി പുട്ടി കൂടി ആവാരുന്നു..” അവളുടെ കമന്റുകൾക്ക് കണ്ണിറുക്കിച്ചിരിച്ചു പ്രസന്റേഷൻ സ്റ്റാർട്ട്‌ ചെയ്തു.. കണ്ണും നാവും മുഖവും കൈവിരലുകളും സ്‌ക്രീനിൽ തെളിയുന്ന ചിത്രങ്ങൾക്കും ഗ്രാഫുകൾക്കുമൊപ്പം ചടുലതയോടെ ഒരുമിച്ചു നിന്നു.. പറഞ്ഞവസാനിപ്പിച്ചു എല്ലാവരുടെയും മുഖത്തേക്ക് നോക്കുമ്പോൾ ആദ്യമുയർന്നത് സുദേവിന്റെ ശബ്ദം.. കൈയ്യടിയോടെ..

“തൈലാ തീർത്ഥപാദം.. യൂ ഡിഡ് ഇറ്റ്.., ലേഡി…”