അയാൾ ~ രചന: സുമയ്യ ബീഗം TA
അർദ്ധരാത്രിയിൽ കണ്ടിട്ടില്ലാത്ത രണ്ടുമൂന്നു പുരുഷസുഹൃത്തുക്കൾക്കു അങ്ങോട്ട് ഹായ് പറഞ്ഞു കുശലാന്വേഷണം നടത്തുമ്പോൾ ഇളയമോൾ ഒന്ന് ചിണുങ്ങി. തിരിഞ്ഞു നോക്കവേ അയാളവളെ മാറോടുചേർത്തു കാലിൽ മൃദുവായി കൊട്ടി മോൾ ആ ചൂടിൽ പറ്റിച്ചേർന്നു ഒരു മുയൽകുഞ്ഞിനെപോൽ ഉറക്കം തുടർന്നു. അരണ്ടവെട്ടത്തിലെ ആ കാഴ്ചയിലും മനസ്സിൽ വന്ന പുച്ഛത്തെ ചുണ്ടിലൊന്നു വക്രിച്ചു കപട കുതൂഹലത്തോടെഫോണിലെ ഫ്രണ്ട്‌മായി സംസാരം തുടരവേ നുരഞ്ഞുപൊന്തിയ മുഷിപ്പിനെ അടക്കി വീണ്ടും കാണാം എന്നൊരു പ്രത്യാശ ഫോണിലെ സുഹൃത്തുക്കൾക്ക് നൽകാതെ നൽകി സ്കൂട്ടായി. മടുത്തു ഒരു അർത്ഥവുമില്ലാത്ത ചാറ്റിങ്.
ജീവിതയാഥാർത്ഥങ്ങളിൽ ആത്മാർത്ഥ സൗഹൃദം എന്നതൊക്കെ ഒരു മരുപ്പച്ച മാത്രാമാണ്. ഉണ്ടെന്നുതോന്നും അടുത്തെത്തുമ്പോൾ അറിയും മരുഭൂവിന്റെ വരൾച്ച. അവിടെ പങ്കുവെച്ച നിമിഷങ്ങളോ ഒരിക്കൽ പറഞ്ഞു തീരാത്ത കഥകളോ ഒരു വേനൽമഴയായി പൊഴിയില്ല പകരം അപരിചിതമായ ചുറ്റുപാടുകളിൽ പകച്ചുനിൽക്കും. പഴയതൊന്നും ഓർക്കാൻ ഇഷ്ടപ്പെടാതെ . ഒരു പുഞ്ചിരിയിൽ ചുരുങ്ങിയ വാക്കുകളിൽ ഒതുങ്ങിപോകുന്ന പുനഃസമാഗങ്ങൾ. എന്നിട്ടും fb എന്ന മായാപ്രപഞ്ചത്തിലെ മുഖം ഉള്ളവരെയും ഇല്ലാത്തവരെയും, നിലാവിനെയും മഴയെയും കൂട്ടുപിടിച്ചു ഒളിച്ചുകളിക്കുന്ന ഏകാന്ത പഥികൻസിനെയും, രാജകുമാരന്മാരെയും, അഭ്രപാളിയിലെ മോഹിപ്പിക്കുന്ന മുഖങ്ങൾ കടമെടുത്തവരെയും കൂട്ട് ചേർക്കുമ്പോൾ ഒരു തോന്നൽ ഒറ്റക്കല്ല അക്ഷരങ്ങൾ എല്ലാം ഒന്നുപോലെ. ആശയങ്ങൾക്കും ചിന്താഗതികൾക്കും ഒരു രൂപം. അടുത്തില്ലെങ്കിലും അകലെയല്ല. എപ്പോളും തൊട്ടറിയാവുന്ന പോലൊരു സാമിപ്യം.
നേരം പുലരുന്നു പ്രാണനായി പിടയുന്ന ബാറ്ററിയുടെ ഞെരുക്കം ഉച്ചത്തിലാവുന്നു സ്ക്രീൻ മങ്ങുന്നു തിളക്കം നഷ്ടപെട്ടവൻ ആഹാരത്തിനും വിശ്രമത്തിനുമായി കേഴുന്നു ഇനി നിർത്താം ഈ പീഡനങ്ങൾ ഇല്ലെങ്കിൽ ഒരുപക്ഷെ അവസാന ശ്വാസം ഉടൻ നിലക്കും. നെറ്റ് ഓഫു ചെയ്തു ഫോൺ കുത്തിയിട്ടു പുതപ്പിലേക്ക് ചുരുളുമ്പോൾ മക്കൾ ബലിഷ്ഠമായ കരങ്ങളിൽ ഗാഢ നിദ്രയിൽ.
പിറ്റേന്ന് ഇഷ്ടമില്ലാത്ത രീതിയിൽ ഒരുങ്ങി അഹങ്കാരത്തോടെ നടന്നുനീങ്ങുമ്പോൾ ഒരു ജോഡി കണ്ണുകൾ പിന്തുടരും എന്നോർത്തെങ്കിലും വെറുതെ, നിശബ്ദമായി അവ അന്നത്തെ പത്രത്തിൽ വാർത്തകൾ പരതുന്നുണ്ടായിരുന്നു.
എന്നും പോകുന്ന വഴിയിൽ ഒരു വികൃത രൂപം അങ്ങുനിന്നേ കണ്ടു എങ്കിലും പേടി തോന്നിയില്ല. ഇന്നാട്ടിൽ അയാളുടെ കെട്ടിയോളെ തൊടാൻ ആരും മുതിരില്ല. അത്ഭുതത്തോടെ ഓർത്തു അയാൾ എന്ന ഓർമ പോലും തരുന്ന ആത്മവിശ്വാസം എത്ര വലുതെന്നു. താലി താളത്തിൽ അനങ്ങി മറന്നുതുടങ്ങിയതൊക്കെ ഓർമപ്പെടുത്തി.
ആ വികൃതരൂപത്തിനു അടുത്ത് എത്തുംതോറും അഹങ്കാരമൊക്കെ ചോർന്നൊരു തനി പെണ്ണായി മാറുന്നു. ഇരുട്ടിനെയും മിന്നലിനെയും പാമ്പിനെയും പഴുതാരയെയും പേടിക്കുന്നൊരു പൊട്ടിപ്പെണ്ണ്.
തൊട്ടടുത്തു എത്തിയതും വികൃതരൂപി കൂടുതൽ വ്യക്തമായി. ജടപിടിച്ച മുടി, തേഞ്ഞ പല സൈസിൽ ഉള്ള പൊട്ട റബ്ബർ ചെരിപ്പുകൾ, മുഷിഞ്ഞു കീറിയ പാന്റ്., മഞ്ഞ പല്ലുകൾ കാണിച്ചു ഇളിക്കുന്നു. പെട്ടന്ന് ഒരു അലർച്ചയോടെ അയാൾ തൊടാൻ ആഞ്ഞതും കാറികൊണ്ട് തിരിഞ്ഞു ഓടി. അതിവേഗത്തിൽ വന്ന കാറിന്റെ മുമ്പിലേക്ക്. തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ചേർത്തു നിർത്തിയ കാറിലേക്ക് തലകറങ്ങി വീഴുമ്പോൾ കണ്ണുകൾ അടഞ്ഞു.
മുഖത്തേക്ക് വീണ വെള്ളത്തിൽ ബോധം വന്നു കണ്ണ് വലിച്ചുതുറക്കുമ്പോൾ ഓർമയിൽ ആദ്യമെത്തിയത് വികൃതരൂപി പക്ഷേ കണ്ടത് പരവശനായ അയാളുടെ മുഖം. ചുറ്റും നാട്ടുകാരും. മോളു പേടിക്കണ്ട അവനെ പോലീസിൽ ഏല്പിച്ചു ശെരിക്കും കെട്ടിയോൻ കൊടുത്തിട്ടുണ്ട് കേട്ടോ. മത്തായി ചേട്ടൻ പറഞ്ഞപ്പോഴേക്കും രാഘവേട്ടൻ ചുമലിൽ തട്ടി പറഞ്ഞു വിറക്കണ്ട നിന്നെ തൊട്ടാൽ ഇവൻ വെച്ചേക്കുമോ ബാക്കി. കൂടിനിന്നവരെല്ലാം ചിരിക്കുന്നു.
രണ്ടു കൈകളിലും താങ്ങി വണ്ടിയിൽ ഇരുത്തി വീട്ടിലേക്കു മടങ്ങവേ ഫോണിലെ പേരില്ലാത്ത ആങ്ങളമാർ ശുഭദിനം നേരുന്നു കണക്കില്ലാതെ…
അയാൾ എന്ന ഇയാൾ, എന്റെ പ്രാണൻ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു ഇന്ന് ശുഭദിനം. സമയക്കുറവിന്റെയും തിരക്കുകളുടെ പേരിലും അയാൾ നെട്ടോട്ടം ഓടുമ്പോൾ, പഞ്ചാരവാക്കുകൾ പറയാനും അതിരറ്റ സ്നേഹ പ്രകടനം നടത്താനും മറന്നുപോകുന്നു. രാവും പകലും പിണങ്ങി അതിന്റെ പേരിൽ മാറി നടക്കുമ്പോളും ആകാശത്തോളം പൊലിപ്പിച്ചു കഥയും കവിതയും കുറിക്കുമ്പോഴും ഈ കൈകൾക്കു അതിനുള്ള കരുത്തു നല്കുന്നതുപോലും പുറകിൽ ആണൊരുത്തൻ ഉണ്ടെന്ന ഉറപ്പാണ്. താലി മുറുക്കെ പിടിച്ചു ചുമലിൽ ചായവെ അഹങ്കാരി മരിച്ചു. കണ്ണീരിൽ ഒരു ഭാര്യ പുനർജനിച്ചു…