പിറ്റേന്നത്തെ ആഴ്ചയും പച്ചക്കറി വാങ്ങാൻ വന്നപ്പോൾ ആ സുന്ദരി ടീച്ചർ ഇതേ ചോദ്യം ആവർത്തിച്ചു.

ഡിമാൻഡ് ആൻഡ് സെയിൽ

രചന: Vijay Lalitwilloli Sathya

“റൗണ്ട് മാത്രമേയുള്ളൂ നീളം ഉള്ളതില്ലേ…..”

“ഇല്ല ടീച്ചർ ടൗണിലെ ഹോൾസെയിൽ മാർക്കറ്റിൽ ഇപ്പോൾ ഇതാ കൂടുതൽ വരുന്നത്.. മറ്റേതിനെ അത്ര ഡിമാൻഡ് ഇല്ല.”

“ഓഹോ ” വഴുതനയെ കുറിച്ച് അന്വേഷിച്ച ജ്യോതി ടീച്ചർ കൊച്ചു വറീദിന്റെ മറുപടി കേട്ടു ചെറുതായി ചമ്മി.

പുതുതായി കോളേജിൽ വന്ന യുവതിയായ ടീച്ചർ ഉരുണ്ട വഴുതനിങ്ങ നോക്കി പച്ചക്കറി കടക്കാരൻ കൊച്ചു വറീദിനോട് ചോദിച്ചപ്പോൾ കൊച്ചു വറീദ് ഉള്ള സത്യാവസ്ഥ അങ്ങ് പറഞ്ഞു.

ജ്യോതി ടീച്ചർ വേറെ ചില പച്ചക്കറികളൊക്കെ വാങ്ങി സ്ഥലം വിട്ടിട്ടും കൊച്ചു വറീദിന്റെ ഉള്ളിൽ ആ ചോദ്യം അങ്ങനെ കിടന്നു പുകഞ്ഞു.

പിന്നെ തിരക്കിനിടയിൽ അതങ്ങ് മറന്നു.

പിറ്റേന്നത്തെ ആഴ്ചയും പച്ചക്കറി വാങ്ങാൻ വന്നപ്പോൾ ആ സുന്ദരി ടീച്ചർ ഇതേ ചോദ്യം ആവർത്തിച്ചു.

വരീദിനും പഴയ ഉത്തരം ആവർത്തിക്കേണ്ടി വന്നു.

വാങ്ങിച്ച പച്ചക്കറി സാധനങ്ങളുമായി ടീച്ചർ പോകാൻനേരം കൊച്ചു വറീദ് പറഞ്ഞു

“ടീച്ചർ നേന്ത്രപ്പഴത്തിന് വില കുറവുണ്ട്. ഒരു കിലോ എടുക്കട്ടെ”

“വേണ്ട ചേട്ടാ”

അതും പറഞ്ഞ് വാങ്ങിയ പച്ചക്കറിയുമായി ടീച്ചർ നടന്നു നീങ്ങി. വഴുതിനങ്ങയുടെ ടേസ്റ്റ് ഉരുണ്ടതിനും നീളമുള്ളതും വ്യത്യാസമുണ്ടോ?.. അതെന്തിനായിരിക്കും നീളമുള്ളതും തന്നെ വേണമെന്ന് ചോദിക്കുന്നത്…? ഈ വക സംശയങ്ങൾ കൊച്ചു വറീദിനെ പിടികൂടി..

ഇന്നാൾ തന്റെ കടയിൽ ഒരു കർഷകൻ വന്നു ചോദിച്ചിരുന്നു ‘തന്റെ പറമ്പിൽ വഴുതന കൃഷി ഉണ്ട് എന്നും എടുക്കുമെങ്കിൽ ഞാൻ പറിച്ചു കൊണ്ട് തരാം’ എന്ന് പറഞ്ഞുകൊണ്ട്.

‘ഡിമാൻഡ് ഒന്നുമില്ല’എന്ന് പറഞ്ഞു താൻ അയാളെ അവഗണിച്ചു.

ആവശ്യമുള്ളതെന്തും കിട്ടുന്ന സിറ്റിയാണ് സ്മാർട്ട് സിറ്റി എന്നു പറയുന്നതുപോലെ ആവശ്യമുള്ള എന്ത് സാധനവും കിട്ടുന്ന കടയാണ് സൂപ്പർമാർക്കറ്റ് എന്നതും പോലെ ആവശ്യമുള്ള എന്ത് പച്ചക്കറിയും എന്നും കിട്ടുന്ന കടയാണ് ഈ കൊച്ചു വറീദിന്റെ ഈ ‘ അന്ന ഹരിതാലയം ‘ എന്ന കട എന്ന തന്റെ ഈ നാട്ടുകാർക്കിടയിൽ ഉള്ള ക്രെഡിബിലിറ്റിയാണ് ഈ പുതിയ ടീച്ചർ വന്നു രണ്ടാഴ്ചയായി നിർദാക്ഷിണ്യം തച്ചുടയ്ക്കുന്നത്..കൊച്ചു വറീദിനത് സഹിച്ചില്ല.

ഇപ്രാവശ്യം പച്ചക്കറി എടുക്കാൻ ടൗണിൽ പോയപ്പോൾ വെജിറ്റബിൾ കടയായ കടമയൊക്കെ തിരിഞ്ഞു

നീളമുള്ള വഴുതിനിങ്ങ സംഘടിപ്പിക്കുക തന്നെ ചെയ്തു നമ്മുടെ കൊച്ചു വാറീദ്. അതും വെറും രണ്ട് കിലോ മാത്രമേ കിട്ടിയുള്ളൂ.

കടയിലെത്തിയ കൊച്ചു വറീദ് കൊണ്ടുവന്ന വഴുതനങ്ങാ നന്നായി ഒക്കെ തുടച്ചു വൃത്തിയാക്കി പുറത്തുനിന്ന് കാണുന്നരീതിയിൽ പച്ചക്കറി തട്ടിൽ നിരത്തി വെച്ചു.

സമയം ഉച്ചയായി വരുന്നതേയുള്ളൂ. ടീച്ചർ വൈകിട്ട് കോളേജ് വിട്ടു പോകാൻ നേരത്താണ് കടയിൽ പച്ചക്കറി വാങ്ങാൻ വരാറുള്ളത്. അല്പം കഴിഞ്ഞപ്പോൾ ഒരു കാറിൽ ഫാമിലി അവിടെ വന്നു നിന്നു

അതിൽനിന്നും ഒരു പുരുഷപ്രജ ഇറങ്ങിവന്നു. അയാളോട് കാറിൽ ഉള്ള സ്ത്രീ എന്തോ പറഞ്ഞു.

അയാൾ വന്ന പച്ചക്കറി വാങ്ങുന്ന കൂട്ടത്തിൽ രണ്ട് കിലോ വഴുതനങ്ങയും വാങ്ങിച്ചു. ടീച്ചറെ പ്രതീക്ഷിച്ചാണ് കൊണ്ടുവന്നത് എങ്കിലും തട്ടിൽ നിരത്തി വച്ച സാധനം ഇല്ല എന്ന് കസ്റ്റമേഴ്സ് നോട് പറയാൻ പറ്റുമോ? പാവം കൊച്ചു വറീദ് മനസ്സില്ലാമനസ്സോടെ ആ രണ്ട് കിലോ വഴുതനങ്ങയും തൂക്കി നൽകി.

ഒരു വലിയ വഴുതനങ്ങ തൂക്കത്തിൽ അധികമായിരുന്നു അത് ഹോൾസെയിൽ കടക്കാരൻ തൂക്ക കൂടുതൽ തന്നതാണ്. അതുഎടുത്തു കൊച്ചു വറീദ് തന്റെ പച്ചക്കറി തട്ടിൽ നിക്ഷേപിച്ചു.

വാങ്ങിയ സാധനത്തിന് ഉള്ള വിലയൊക്കെ നൽകി ആ കാർ ഫാമിലി പോയി.

കൊച്ചുവറീദ് ആലോചിച്ചു താൻ മണ്ടത്തരം ചെയ്തിരിക്കുന്നു. അത് തട്ടിൽ വെക്കാൻ പാടില്ലായിരുന്നു. ടീച്ചർ വന്ന് ചോദിക്കുമ്പോൾ എടുത്തു നൽകിയാൽ മതിയായിരുന്നു. കണ്ടിട്ട് വാങ്ങട്ടെ എന്ന് കരുതി ആയിരുന്നു തട്ടിൽ വലിയ ആളെ പോലെ കൊണ്ട് നിരത്തിയത്. സാരമില്ല ഒരെണ്ണം ഉണ്ട് ടീച്ചറുടെ ആവശ്യം അതുകൊണ്ട് നടക്കുമെങ്കിൽ നടക്കട്ടെ. അയാൾ കരുതി.

വൈകിട്ട് കോളേജ് വിട്ടപ്പോൾ കൊച്ചു വറീദ് മനസ്സിൽ കരുതിയതുപോലെ ടീച്ചർ പച്ചക്കറി വാങ്ങാൻ വന്നു.ടീച്ചർ ആ ആഴ്ചത്തേക്ക് ആവശ്യമുള്ള പച്ചക്കറികൾ ഓരോന്ന് എടുത്തുകൊടുക്കുന്ന നേരം പച്ചക്കറി തട്ടിൽ ആ ചെറിയ നീളവഴുതനങ്ങ കിടക്കുന്നത് കണ്ടു.

” എവിടുന്നാ ചേട്ടാ ഈ വളരെ ചെറിയ ഒരെണ്ണം മാത്രം”

ടീച്ചർ അത്ഭുതത്തോടെ ചോദിച്ചു.

അത് ടീച്ചറിന് വേണ്ടി ഞാൻ ടൗണിൽനിന്നും രണ്ട് കിലോ പ്രത്യേകം വാങ്ങിച്ചു കൊണ്ടുവന്നിരുന്നു.കഷ്ടകാലത്തിന് കുറച്ചുനേരത്തെ ഒരു ഫാമിലി വന്നു അത് വാങ്ങിക്കൊണ്ടുപോയി. ഇത് തൂക്കത്തിൽ ഒഴിഞ്ഞത് ആണ് വേണമെങ്കിൽ ടീച്ചർ എടുത്തോളൂ.. “

“അയ്യോ എനിക്കൊന്നും ഇത്രയും ചെറുത് ഇതെന്തിന് കൊള്ളാം.. മുഴുത്ത ആണെങ്കിൽ പിന്നെയും പറയാം… ഇതൊരുമാതിരി.. “

“ഒരെണ്ണം ആയതുകൊണ്ടാണോ?”

“ഏയ് അങ്ങനെയല്ല.. ചെറുത് കൊള്ളില്ല അത്രതന്നെ”

ടീച്ചർ ചിരിച്ചു.

ടീച്ചർക്ക് ഒരെണ്ണം കൊണ്ടുള്ള ആവശ്യം ഒന്നുമല്ല അപ്പോൾ കറിവെച്ച് കൂട്ടാൻ തന്നെയാണ് വേണ്ടതെന്ന് തോന്നുന്നു. പാവം കൊച്ചു വറീദ് അങ്ങനെയാണ് ചിന്തിച്ചത്.. ആ മനസ്സിൽ വേറെ ഒന്നും കത്തിയില്ല

പിറ്റെന്നു കോളേജിൽ എത്തിയ ജ്യോതി ടീച്ചർ ഒഴിവു വേളയിൽ അവിടെത്തെ ഉറ്റ സുഹൃത്തുക്കൾ ആയി മാറിയ മറ്റു ടീച്ചർമാരോട് ഒരു സ്വകാര്യം പറഞ്ഞു. അവരത് കേട്ട് ചിരിച്ചു.

“ടീച്ചർ അതു നല്ല ആശയം ആണ്. ഏറെ ബുദ്ധിമുട്ടില്ലാതെ പെട്ടെന്ന് കാര്യം നടക്കും. ഞങ്ങളും അങ്ങനെ ചെയ്യാം.”

അവർ ടീച്ചറിനെ അഭിനന്ദിച്ചു

കൊച്ചു വരീദിന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നം പോലെ ആ വഴുതനങ്ങ തൂങ്ങിക്കിടന്നു.

അന്ന് പച്ചക്കറി വാങ്ങാൻ വന്ന മറ്റു ടീച്ചർമാരും നീളമുള്ള വഴുതനങ്ങ ഉണ്ടോയെന്ന് കൊച്ചു വറീദിനോട് അനേഷണം തുടങ്ങി.

അതോടുകൂടി കൊച്ചു വറീദിനു ഇരിക്കപ്പൊറുതിയില്ലാതായി. എങ്ങനെയും സംഘടിപ്പിച്ചു വച്ചേ പറ്റൂ.

മാർക്കറ്റിലെ ഒരു കാലത്ത് സുലഭമായിരുന്നു ഈ സാധനത്തെ മാർക്കറ്റ്കാർ ഉപേക്ഷിക്കാൻ കാരണം എന്ത്. പാവപ്പെട്ട കർഷകർ എന്തു ചെയ്യും. അങ്ങനെയൊക്കെ പോയി വറീദിന്റെ ചിന്തകൾ.

അപ്പോഴതാ ഭാഗ്യം എന്നോണം ആ കർഷകനായ മനുഷ്യൻ വറീദു ആ മനുഷ്യനെ കൈകൊട്ടി വിളിച്ചു ചേട്ടാ നിങ്ങളുടെ വഴുതന പറിച്ചു വിറ്റുവോ, വിളഞ്ഞു വന്നതേയുള്ളൂ…

എങ്കിൽ ചേട്ടാ എനിക്ക് ഇന്ന് തന്നെ അതു മൊത്തം പറിച്ചു കൊണ്ട് തരണം

ആ വൃദ്ധ കർഷകനു സന്തോഷമായി പറിച്ചെടുത്ത ഒരു ചാക്ക് വഴുതനങ്ങയുമായി കൊച്ചു വറീദിന്റെ പച്ചക്കറി കടയ്ക്കു മുമ്പിൽ വന്നു

കൊച്ചു വാറീദിനു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായി.

ആ കർഷകൻ പറഞ്ഞ ന്യായ വിലയിൽ അല്പം കൂടുതൽ വിലയ്ക്ക് അത് മൊത്തം വാങ്ങി കൊച്ചു വറീദ് കടയിൽ വച്ചു.

മാത്രമല്ല വിളവെടുക്കുന്ന എല്ലാ പ്രാവശ്യവും ധൈര്യമായി സാധനം കൊണ്ടുവന്നോളൂ.ഞാൻ എടുക്കാമെന്നും വാഗ്ദാനം നൽകി.

കർഷകന് സന്തോഷമായി.

തന്റെ വഴുതന മൊത്തം വിറ്റ് തീർത്ത സന്തോഷത്തോടുകൂടി വൃദ്ധനായ ആ കർഷകൻ അയാളുടെ വീട്ടിലെത്തി.

വീടിനകത്തേക്ക് അയാൾ നോക്കി വിളിച്ചു പറഞ്ഞു.

“മോളെ നീ പറഞ്ഞതുപോലെ ഇപ്രാവശ്യം ആ പച്ചക്കറി കടക്കാരൻ എന്റെ വഴുതനങ്ങ മൊത്തം വാങ്ങിയെടി..നീ എന്ത് സൂത്രമാണ് കാണിച്ചത്?”

അയാൾ ആകാംക്ഷയോടെ ചോദിച്ചു.

“അതേയ് അച്ഛാ അവിടെ അത് നന്നായി വിറ്റു തീരും.. നല്ല ഡിമാൻഡ് ഒക്കെ ഉണ്ട്. പിന്നെ പാവപ്പെട്ട കർഷകരെ സഹായിക്കണമെന്ന ഒരു ബോധം അയാൾക്ക് അഹങ്കാരം നിമിത്തം ഉണ്ടായില്ല. അതാണ് അന്ന് നിങ്ങളെ അവഗണിച്ചത്. കസ്റ്റമറോട് കാണിക്കുന്ന മര്യാദ തന്നെ സെല്ലേഴ്സ് പ്രൊഡ്യൂസുകാരോടും കാണിക്കണം. അതൊരു എക്കണോമിക് നിയമമാണ് കച്ചവടക്കാർക്ക് ഉൽപാദകരോട് സ്നേഹം ഉണ്ടാവണം. ഏതായാലും അച്ഛന്റെ വിളവു മുതൽ വിറ്റഴിഞ്ഞല്ലോ..”

എന്നും പറഞ്ഞു കൊണ്ട് വിദ്യാർത്ഥികൾക്ക് സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്ന ജ്യോതി ടീച്ചർ വീടിന് പുറത്തിറങ്ങി വന്നു.

❤❤നന്ദി