താൻ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായി മറച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിച്ചെന്നിരിക്കില്ല…അതുപോലെ ഒരു ചിത്രം…

പെയ്തൊഴിയുമ്പോൾ…

രചന: ഷിജു കല്ലുങ്കൻ

“അതൊരു വെറും ആക്‌സിഡന്റല്ല സജിയേട്ടാ…”

“ടോണി നീയെന്നതാ ഈ പറയുന്നത്? “

എനിക്ക് ടോണി പറഞ്ഞത് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ നിതിൻ ബൈക്കപകടത്തിൽ പരിക്കു പറ്റി ഹോസ്പിറ്റലിൽ കിടക്കാൻ തുടങ്ങിയിട്ട് ഇന്ന് ഏഴാം ദിവസമാണ്. അവന്റെ ബൈക്ക് നന്നാക്കാൻ ഏല്പിച്ച വർക്ക്‌ഷോപ്പിൽ ആയിരുന്നു ഞാൻ. അവിടുത്തെ ഏറ്റവും സമർത്ഥനായ മെക്കാനിക്കാണ് ടോണി.

“നല്ല സ്പീഡിൽ വരുമ്പോൾ ബൈക്ക് റോഡിൽ നിന്ന് സ്ലിപ്പായി സൈഡിൽ ഉള്ള ചെറിയ കലുങ്കിൽ ഇടിച്ചു താഴേക്ക് മറിഞ്ഞു എന്നല്ലേ അയാൾ കണ്ണുതുറന്നപ്പോൾ പറഞ്ഞത്?”

“അതേ, അങ്ങനെ തന്നെയാണ്.”

“വർഷങ്ങൾ കുറേയായില്ലേ സജിയേട്ടാ ഞാനീ പണി ചെയ്യാൻ തുടങ്ങിയിട്ട്…. ഈ ബൈക്കിൽ മറ്റേതോ വണ്ടി വന്നിടിച്ചാണ് ആക്‌സിഡന്റുണ്ടായത്… കാർ, ജീപ്പ്… അങ്ങനെ എന്തോ ഒന്ന്..”

“അങ്ങനെയെങ്കിൽ നിതിന് അത് പറഞ്ഞു കൂടെ… പോലിസ് കേസ് പോലും വേണ്ട, ചുമ്മാ എന്തിനാ ആവശ്യമില്ലാത്ത പുലിവാല്.. ഏതെങ്കിലും വർക്ക്‌ഷോപ്പിൽ വണ്ടി റിപ്പയർ ചെയ്യിച്ചാൽ മതി എന്ന് അവന്റെ ഭാര്യയും പറഞ്ഞു…”

“അതൊന്നും എനിക്കറിഞ്ഞൂട സജിയേട്ടാ, ഞാൻ കണ്ട കാര്യം പറഞ്ഞു.” ടോണി പണിയിലേക്ക് വ്യാപൃതനായി.

ഹോസ്പിറ്റലിൽ ഐ സി യു വിനു വെളിയിൽ അമൃതയുണ്ടായിരുന്നു. നിതിന്റെ രണ്ടു കാലിനും ഫ്രാക്ചർ ഉണ്ട്. കയ്യിലും ശരീരത്തുമായി ആവശ്യത്തിലധികം പരിക്കുകൾ വേറെയും. ഹെൽമെറ്റ്‌ ഉണ്ടായിരുന്നതിനാൽ തലയ്ക്ക് പരിക്കുപറ്റാതെ രക്ഷപെട്ടു. റൂമിലേക്ക് മാറ്റാൻ ഇനിയും രണ്ടു മൂന്നു ദിവസങ്ങൾക്കൂടി വേണ്ടി വന്നേക്കും.

എന്നെക്കണ്ട് അമൃത പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

“ഉറക്കത്തിലാ സജിയേട്ടാ… ഏട്ടൻ ഇന്ന് ഓഫീസിൽ പോയില്ലേ?”

“ഉച്ചകഴിഞ്ഞു ലീവാക്കി അമ്മൂ… വർക്ക്‌ഷോപ്പ് വരെ പോയി… നിതിന്റെ ബൈക്ക് നന്നാക്കാൻ കൊടുത്തിടത്ത്..”

“അതിനും നല്ല പരിക്കുണ്ടല്ലേ..?”

“ഉം… കുറച്ചു ദിവസങ്ങൾ പിടിക്കും കിട്ടാൻ..”

“സാരമില്ല, നിതിൻ അത് ഓടിക്കാൻ മിനിമം ആറു മാസമെങ്കിലും എടുക്കുമെന്നാ ഡോക്ടർ പറഞ്ഞത്..”

“നമുക്കൊരു കോഫി കുടിച്ചാലോ… ഹോസ്പിറ്റൽ ക്യാന്റീനിൽ നിന്ന്…? ഇവിടെയാരെങ്കിലും ഇരിക്കണമെന്ന് നിർബന്ധമുണ്ടോ..?”

“ഹേയ് ഇല്ലാന്നേ… ഐ സി യു അല്ലേ… മുഴുവൻ കാര്യങ്ങളും അവർ നോക്കിക്കൊള്ളും..”

ഹോസ്പിറ്റൽ കാന്റീനിൽ ആളൊഴിഞ്ഞ ടേബിളിൽ കോഫിക്ക് ഓർഡർ കൊടുത്തിട്ട് മുഖമുഖം ഇരിക്കുമ്പോൾ ഞാൻ അമൃതയെ പാളി നോക്കി. നിതിന്റെ ഭാര്യ എന്നതിനേക്കാളുപരിയായി എന്റെ ഭാര്യ അനിലയുടെ ഏറ്റവും വലിയ കൂട്ടുകാരി എന്ന നിലയിലാണ് അമൃതയെ എനിക്കേറെ പരിചയം. അവർ രണ്ടുപേരും ക്ലാസ്സ്‌മേറ്റ്സ് കൂടിയാണ്.

“അമ്മൂ, ആ ആക്‌സിഡന്റിനെക്കുറിച്ച് താൻ വിശദമായി നിതിനോട് ചോദിച്ചറിഞ്ഞിരുന്നോ?”

“ഉവ്വ് സജിയേട്ടാ, എന്താ? എന്തെങ്കിലും പ്രത്യേകിച്ച്…?”

“അത് സ്വഭാവികമായ ഒരു അപകടമല്ല, മറിച്ച് മറ്റേതോ വാഹനവുമായി നിതിന്റെ ബൈക്ക് കൂട്ടിയിടിച്ചിട്ടുണ്ടോ എന്നൊരു സംശയം..”

“ഇതിപ്പോ എവിടുന്നു കിട്ടി പുതിയൊരറിവ്?”

അവളുടെ മുഖത്ത് ഞാൻ ഉദ്ദേശിച്ചത്രയും അമ്പരപ്പൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല.

” നിതിന്റെ റെഡ് കളർ പൾസർ ബൈക്കിന്റെ സൈഡിലും ക്രാഷ് ഗാർഡിലും പറ്റിയിരിക്കുന്ന ബ്ലാക്ക് കളർ മറ്റൊരു വണ്ടിയുടെ പെയിന്റ് തന്നെയാണെന്ന് വർക്ക്‌ ഷോപ്പിലെ ടോണി ഉറപ്പിച്ചു പറഞ്ഞു.

അതുപോലെ റോഡിന്റെ ഇടതു വശത്തുള്ള കലുങ്കിൽ ഇടിച്ച ബൈക്കിന്റെ വലതു ഭാഗം എങ്ങനെയാണ് തകരുന്നത് എന്നാണ് അവൻ ചോദിക്കുന്നത്. “

“അതൊന്നും എനിക്കറിയില്ല സജിയേട്ടാ…, നിതിൻ ആണ് പറഞ്ഞത് അപകടം ആയിരുന്നു അതുകൊണ്ട് പോലീസിൽ അറിയിച്ച് കൂടുതൽ നൂലാമാലകൾ ഒന്നും വേണ്ട എന്ന്…. അതു വിട്ടേക്ക് സജിയേട്ടാ…”

അമൃത ചെറിയൊരു ചിരിയോടെ വളരെ നിസ്സാരമായി പറഞ്ഞു.

പക്ഷേ എനിക്കത് അത്ര നിസാരമായി തള്ളിക്കളയാൻ കഴിഞ്ഞില്ല.

“നിങ്ങള് വിട്ടേക്ക് അമ്മൂ … പക്ഷേ ഞാനത് അങ്ങെനെയങ്ങു വിട്ടുകളയാൻ ഉദ്ദേശിച്ചിട്ടില്ല. നിതിൻ എന്റെ വെറുമൊരു കൂട്ടുകാരൻ മാത്രമല്ല, എനിക്കവൻ കൂടപ്പിറപ്പിനെപ്പോലെയാണ്”

“പിന്നെ സജിയേട്ടൻ ഇപ്പൊ എന്തുചെയ്യാൻ പോകുന്നു..?”

“നിങ്ങൾക്കല്ലേ പോലീസിനെ ഭയം… നിങ്ങൾ കേസിന്റെ പിന്നാലെ നടക്കാതെ ഇതെങ്ങനെ കണ്ടുപിടിക്കണമെന്നും എങ്ങനെ സോൾവ് ചെയ്യണമെന്നും എനിക്കറിയാം… അതിനു പറ്റിയ ആളുകൾ എന്റെ കയ്യിലുമുണ്ട്..”

ഞാൻ എഴുന്നേറ്റു.

” സജിയേട്ടൻ ഇവിടെയിരുന്നേ.,.. എനിക്ക് വേറൊരു കാര്യം പറയാനുണ്ട്. ” അമൃത പറഞ്ഞു.

“ഞാൻ പിന്നെ വരാം അമ്മൂ , ഇപ്പൊ എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.”

“ഇല്ല സജിയേട്ടാ… സജിയേട്ടൻ ഞാൻ പറയുന്നത് കേൾക്കണം… അത്രയ്ക്ക് അത്യാവശ്യമുള്ളതുകൊണ്ടല്ലേ ഞാൻ നിർബന്ധം പിടിക്കുന്നത്.” അവൾ എന്റെ കയ്യിൽ പിടിച്ചു.

ഞാൻ മനസ്സില്ലാ മനസ്സോടെ അവൾക്കു മുന്നിലേക്കു വീണ്ടുമിരുന്നു.

“എനിക്കു പറയാനുള്ളത് ഒരു കഥയാണ് സജിയേട്ടാ…”

“കൊള്ളാം കഥ പറയാൻ നല്ല ബെസ്റ്റ് സമയം..” ഞാൻ പുച്ഛിച്ചു ചിരിച്ചു.

“അതു സജിയേട്ടൻ കഥ കേട്ടിട്ടു തീരുമാനിക്കൂ..”

“ആഹ് പറയ്‌…!!” എന്റെ താല്പര്യമില്ലായ്മ എന്റെ ശബ്ദത്തിൽ പ്രകടമായിരുന്നു.

“എനിക്കൊരു കൂട്ടുകാരിയുണ്ട് സജിയേട്ടാ, അവൾ എന്നെ ഒരു ദിവസം ഫോണിൽ വിളിച്ച് അത്യാവശ്യമായി ഒന്നു കാണണം എന്നു പറഞ്ഞു.

പിറ്റേന്നു കാലത്ത് നിതിൻ വർക്ക്‌ സൈറ്റിലേക്ക് പോയിക്കഴിഞ്ഞപ്പോൾ മോനെ കിന്ഡർ ഗാർട്ടനിൽ ആക്കിയിട്ട് ഞാൻ അവളുടെ ഫ്ലാറ്റിലേക്ക് ചെന്നു.

സ്നേഹനിധിയായ ഭർത്താവും ഒരു കുട്ടിയും മാത്രമുള്ള വളരെ സന്തോഷപൂർണ്ണമായ ഒരു കുടുംബമാണ് അവളുടേത്. ഭർത്താവ് ജോലിക്കു പോയിക്കഴിഞ്ഞാൽ മോനെ സ്കൂളിൽ അയച്ചു വീട്ടിലെ ജോലികൾ ചെയ്ത്, ടെലിവിഷനും ഫോണും ഒക്കെയായി വീട്ടിനുള്ളിൽത്തന്നെ ഒതുങ്ങിക്കൂടുന്ന ഒരു സാധാരണക്കാരിയായ വീട്ടമ്മ.

പക്ഷേ ഞാൻ അന്നു ചെല്ലുമ്പോൾ വല്ലാത്തൊരു കോലം ആയിരുന്നു അവളുടേത്. തലമുടി പോലും ചീകിയൊതുക്കാതെ, വീടെല്ലാം ആകെ അലങ്കോലമായി, ആകെയൊരു മാറ്റം. എന്നെക്കണ്ടതും അവൾ എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.

ഒത്തിരി പരിശ്രമിച്ചിട്ടാണ് ഞാൻ അവളെയൊന്ന് ആശ്വസിപ്പിച്ചതും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയതും.

അവൾ എന്നെ ഒരു ഫോട്ടോ കാണിച്ചു, അവളുടെ മൊബൈലിലേക്ക് ആരോ അയച്ചു കൊടുത്തിരിക്കുന്ന ഒരു ഫോട്ടോ. അവളുടെ വീടിന്റെയുള്ളിലെ ബെഡ്‌റൂമിൽ അവൾ കിടന്നുറങ്ങുന്നതായിരുന്നു അത്.

ഒരു വലിയ കെട്ടിടത്തിന്റെ ഒൻപതാമത്തെ നിലയിൽ അടച്ചിട്ട സ്വന്തം ഫ്ലാറ്റിൽ മാറ്റാരുമില്ലാത്തപ്പോൾ സ്വന്തം ബെഡ്റൂമിൽ, ഉച്ചക്ക് വീട്ടിലെ പണികൾ എല്ലാം തീർത്തശേഷം ഒന്നു മയങ്ങാൻ കിടക്കുന്ന ഒരു പെണ്ണ് താൻ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായി മറച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിച്ചെന്നിരിക്കില്ല… അതുപോലെ ഒരു ചിത്രം.

പക്ഷേ കാ മം മൂത്ത കണ്ണുകൾക്ക് അത് അർദ്ധന ഗ്നയായ ഒരു പെണ്ണിന്റെ ചിത്രം തന്നെയായിരുന്നു.

ഇതിലൊക്കെ ഏറെ വിചിത്രം ആ ഫോട്ടോ എങ്ങനെ എടുത്തു എന്നതായിരുന്നു. അടുത്ത ഭാഗത്തെങ്ങും അത്രയും ഉയരത്തിലുള്ള കെട്ടിടങ്ങളോ മറ്റോ ഇല്ല. അടച്ചിട്ട ജനൽപ്പാളിയോട് ചേർത്തുവച്ച ഒരു ക്യാമറ കൊണ്ടു മാത്രം എടുക്കാവുന്ന ഒരു ചിത്രം.

രണ്ടു ദിവസം മുൻപാണ് അത് ആരോ അത് അവൾക്ക് അയച്ചു കൊടുക്കുന്നത്. ഒരു ഫോട്ടോ മാത്രം. അതിനു ശേഷം ഇതുവരെ അതിനെക്കുറിച്ച് മെസ്സേജുകളോ കോളുകളോ ഒന്നുമില്ല.

പേടികൊണ്ടും അപമാനഭീതി കൊണ്ടും വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവൾ. ആ നമ്പറിലേക്ക് പല തവണ ഞങ്ങൾ വിളിച്ചു നോക്കി. സ്വിച്ചോഫ് ആയ നമ്പറിൽ നിന്നും കേൾക്കുന്ന കമ്പ്യൂട്ടർ വോയ്‌സിന്റെ ഭാഷ പോലും ഞങ്ങൾക്കു മനസ്സിലായില്ല.

ഒരുപാട് ചോദ്യങ്ങൾക്കു നടുവിലായിരുന്നു അവൾ.

ആരാണ് ആ ഫോട്ടോ എടുത്തത്? എങ്ങനെ എടുത്തു? എന്തായിരിക്കും അവരുടെ ഉദ്ദേശം?

ഇതിനെല്ലാമുപരിയായി ഇതിനെക്കുറിച്ച് ആരോട് പറഞ്ഞാൽ ഒരു പരിഹാരമുണ്ടാക്കാനാവും?

അവളുടെ ഭർത്താവിനെ അറിയിക്കുന്നതിനെക്കുറിച്ചായിരുന്നു ആദ്യം ഞങ്ങൾ ചിന്തിച്ചത്…

പക്ഷേ…..”

അമൃത ഒരു നിമിഷം നിർത്തിയിട്ട് എന്റെ നേരെ നോക്കി.

“ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവിന്റെ അടുത്ത് ഭാര്യ, തന്റെ ന ഗ്ന ശരീരത്തിന്റെ ഫോട്ടോ മറ്റൊരാൾ എടുത്തു എന്നു ഭാര്യ പറയുമ്പോൾ എന്തായിരിക്കും അയാളുടെ പ്രതികരണം…?”

ഞാൻ വെറുതെ അവളെ നോക്കിയിരുന്നതേയുള്ളു.

“ഇപ്പൊ സജിയേട്ടന് അനിലയെ അത്രയേറെ ഇഷ്ടമല്ലേ…? ആ പുരുഷന്റെ സ്ഥാനത്ത് സജിയേട്ടനാണെങ്കിൽ എങ്ങനെ പ്രതികരിക്കും?”

ഞാൻ നടുങ്ങിപ്പോയി!

“അയ്യോ… ഞാൻ ഉദാഹരണത്തിന് ചോദിച്ചെന്നെയുള്ളൂ കേട്ടോ….”

എന്റെ കണ്ണിലേ നടുക്കം അവൾ കണ്ടു.

ഞാൻ ആലോചിച്ചു. അയാളുടെ സ്ഥാനത്തു ഞാനാണെങ്കിൽ എന്തു ചെയ്യും?

“അതു ചെയ്തവൻ ആരാണെന്നു കണ്ടെത്തി അവനെ തട്ടിയിട്ടു ജയിലിൽ പോയാലും വേണ്ടില്ല എന്നു വയ്ക്കും..” ഞാൻ പറഞ്ഞു.

“ശരിയല്ലേ…!!! ഇതുതന്നെയാണ് ഞാൻ അവളോടും പറഞ്ഞത്…. അതല്ലെങ്കിൽ അന്നു മുതൽ അയാളുടെ മനസ്സിൽ ഭാര്യയോട് അറിയാതെ ഒരു അകൽച്ച ഉണ്ടാകാൻ തുടങ്ങും… അതും ആത്യന്തികമായി ആ കുടുംബത്തിന്റെ തകർച്ചയിൽ കലാശിക്കും..”

“പിന്നെന്തു ചെയ്തു നിങ്ങൾ ..?”

കഥയിൽ നിന്ന് ഓടിയൊളിക്കാൻ തുടങ്ങിയ ഞാൻ ഇപ്പോൾ ആകാംഷയുടെ മുൾമുനയിൽ എത്തിയിരുന്നു.

“ഇങ്ങനെയുള്ള സാഹചര്യത്തിലാണ് സജിയേട്ടാ സഹോദരസ്നേഹത്തിന്റെ മൂല്യം അറിയുന്നത്. അവളുടെ സഹോദരന് സഹായിക്കാൻ പറ്റുന്നതുപോലെ മറ്റാർക്കും ഇപ്പോൾ അവളെ സഹായിക്കാൻ സാധിക്കില്ല എന്ന് ഞാൻ അവളോടു പറഞ്ഞു.

അവളുടെ മുഖത്ത് വലിയൊരു പ്രകാശം വീഴുന്നത് ഞാൻ കണ്ടു. വീട് വൃത്തിയാക്കി അവൾക്ക് ഒത്തിരി ധൈര്യം പകർന്നു കൊടുത്തിട്ടാണ് ഞാൻ പോന്നത്.

പിന്നീട് എപ്പോഴും ഞാൻ ഫോണിൽ വിളിച്ച് അവളെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. അതിന്റെ രണ്ടാമത്തെ ദിവസം വൈകുന്നേരം അവൾ എന്നെ ഒത്തിരി സന്തോഷത്തോടെ വിളിച്ചു.

ആ ഫോട്ടോ അയച്ച ആളെ കണ്ടെത്തിയിരുന്നു.

അവളുടെ അപാർട്മെന്റിലെ വാട്ടർ കണക്ഷനുമായി ബന്ധപ്പെട്ട ഏതോ അറ്റകുറ്റപ്പണികൾക്കായി ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് വടത്തിൽ തൂങ്ങി ടെസ്റ്റിംഗ് നടത്തിക്കൊണ്ടിരുന്ന ഒരു അന്യസംസ്ഥാന തൊഴിലാളി മൊബൈൽ ക്യാമറയിൽ പകർത്തിയതായിരുന്നു ആ ചിത്രം.

അപാർട്ട്മെന്റിലെ ഒരാളുടെ നമ്പർ കണ്ടെത്തുക അവന് അത്ര കഷ്ടപ്പാടുള്ള പണിയൊന്നും ആയിരുന്നില്ല. പക്ഷേ ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയാത്തതു മൂലം ഫോട്ടോ അയക്കുന്നതിനപ്പുറം ഏതെങ്കിലും രീതിയിൽ അവളെ ബ്ലാക്ക് മെയിൽ ചെയ്യാൻ അവന് കഴിഞ്ഞില്ല.

ഭയം കൊണ്ട് ആരോടും അതിനെക്കുറിച്ച് ഒന്നും പറയാതെ അവൻ ഫോൺ സ്വിച്ചോഫ് ചെയ്തു വച്ചു.

ഫോണും, അതിലെ മെമ്മറി കാർഡും സിം കാർഡുമെല്ലാം താൻ തന്നെ കത്തിച്ചു കളഞ്ഞുവെന്ന് അവൾ ആവേശത്തോടെ പറഞ്ഞു.

ആരാണ് നിന്നെ സഹായിച്ചത്, സഹോദരനാണോ എന്നു ചോദിച്ചപ്പോൾ ‘ഒരു വയറ്റിൽ പിറന്നില്ലന്നേയുള്ളു സഹോദരിയെപ്പോലെ എന്നാൽ അതിനെക്കാളുപരിയായി എന്നെ സ്നേഹിക്കുന്ന ഒരു ഏട്ടൻ എനിക്കുണ്ട്’ എന്നവൾ എന്നോട് സന്തോഷത്തോടെ പറഞ്ഞു. “

“ഓ… സമാധാനം… ആ പെണ്ണ് രക്ഷപെട്ടല്ലോ.. ഒരു കുടുംബം തകരാതെ കാത്തു…” ഞാൻ പറഞ്ഞുകൊണ്ട് എഴുന്നേൽക്കാൻ തുടങ്ങി.

“കഥ ഇവിടെ തീർന്നില്ലല്ലോ സജിയേട്ടാ… “

“പിന്നെ….?”

“പത്തു പതിനഞ്ചു ദിവസങ്ങൾക്കു മുൻപ് അവൾ വീണ്ടും എന്നെത്തേടി എന്റെ വീട്ടിൽ വന്നു. പക്ഷേ അന്ന് സംസാരത്തിൽ ഉണ്ടായിരുന്ന പഴയ സന്തോഷവും പ്രസരിപ്പുമൊന്നും അവളിൽ ഇല്ലായിരുന്നു.

എന്തുപറ്റി വീണ്ടുമെന്ന് ഞാൻ പലതവണ ആവർത്തിച്ചു ചോദിച്ചപ്പോൾ അവൾ എന്നോടു ചോദിച്ചു.

‘സഹോദരനെപ്പോലെയോ അതിലധികമോ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആ മനുഷ്യൻ അന്നു ചെയ്ത സഹായത്തിന്റെ പേരും പറഞ്ഞ് എന്നെ ബ്ലാക്ക് മെയിൽ ചെയ്യാനും നശിപ്പിക്കാനും ശ്രമിക്കുന്നു…..ഞാൻ അയാളെ എന്തു ചെയ്യണം അമ്മൂ?’ എന്ന്.

സജിയേട്ടൻ പറയൂ എന്തു ചെയ്യണം അയാളെ?”

എന്റെ മുഖം വിളറി വെളുത്തുപോയി!

തികച്ചും അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം.

“കൊന്നു കളഞ്ഞേയ്ക്കണം അതുപോലെ വൃത്തികെട്ട പട്ടികളെ…. അതിലും എത്രയോ ഭേദമാണ് ആ ഫോട്ടോയെടുത്ത അന്യസംസ്ഥാനത്തൊഴിലാളി …” എന്റെ ശബ്ദം പതിഞ്ഞതെങ്കിലും ദൃഢമായിരുന്നു.

“അതുതന്നെ സജിയേട്ടാ…!! കൊന്നു കളഞ്ഞേക്കണം. ഞാനും അവളോട്‌ അങ്ങനെ തന്നെ പറഞ്ഞു.

‘പക്ഷേ നമ്മള് സിനിമയിലും കഥകളിലുമൊക്കെ കാണുന്ന പോലെ കത്തി പിടിക്കാൻ തന്റേടമുള്ള പെണ്ണൊന്നുമല്ലല്ലോ അമ്മൂ … നമ്മളൊക്കെ വെറും സാധാരണക്കാരായ വീട്ടമ്മമാരല്ലേ? അങ്ങനെ ഒരാളെ പ്ലാൻ ചെയ്തു കൊല്ലാനൊന്നും നമുക്ക് കഴിയില്ലമ്മൂ …’ അവൾ തേങ്ങിക്കൊണ്ടു പറഞ്ഞു.

അവൾ പറഞ്ഞത് ശരിയാണെന്ന് എനിക്കും അറിയാമായിരുന്നു.

പിന്നീടങ്ങോട് കൂടിയാലോചനകളുടെയും അന്വേഷണങ്ങളുടെയും ദിവസങ്ങളായിരുന്നു. ഒരുപാട് അന്വേഷണങ്ങൾക്കു ശേഷം ഞങ്ങൾ ഒരാളെ കണ്ടെത്തി. കൂലിക്ക് എന്തും ചെയ്യുന്ന ആളുകളിൽ ഒരാൾ. നിങ്ങളുടെ ഭാഷയിൽ ക്വട്ടേഷൻ! “

ഞാൻ അമ്പരന്നു പോയി.

“പക്ഷേ അയാൾ പ്രതിഫലമായി ചോദിച്ചത് രണ്ടു ലക്ഷം രൂപയായിരുന്നു. അവളുടെ കയ്യിലുള്ളതെല്ലാം തപ്പിപ്പെറുക്കിയെടുത്തിട്ടും ഒരു ലക്ഷം രൂപയോളം മാത്രമേ ഉണ്ടാക്കാൻ കഴിഞ്ഞുള്ളൂ. അവസാനം ബാക്കി ഒരുലക്ഷം രൂപ അവളുടെ ഭർത്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അവൾ പിൻവലിച്ചു.”

“അനില കഴിഞ്ഞ ആഴ്ച ഒരു ലക്ഷം രൂപ എന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു, അവളുടെ ആങ്ങളയ്ക്ക് വേണ്ടിയാണ് എന്നു പറഞ്ഞു..” ഞാൻ അറിയാതെ പറഞ്ഞു.

പൊടുന്നനെ എന്റെ ഉള്ളിൽ ഒരു തീജ്വാല കത്തിയുയർന്നു.

“അയ്യോ… അനില…” വാക്കുകൾ പാതിയിൽ മുറിഞ്ഞു.

“…..ഹേയ്… അല്ല, ഞാൻ വെറുതെ പേടിച്ചു. അവൾ ആ തുക പിറ്റേന്ന് തിരിച്ചു തന്നു. ആങ്ങളയ്ക്ക് പൈസ അഡ്ജസ്റ്റ് ആയിപോലും.” ഞാൻ പുഞ്ചിരിച്ചു കൊണ്ട് ദീർഘമായി ഒന്നു നിശ്വസിച്ചു.

അമൃത വെറുതെ ഒന്നു ചിരിച്ചു.

“അങ്ങനെ മൊത്തം രണ്ടു ലക്ഷം രൂപയുമായി അവൾ എന്റെ അടുത്തു വന്നു. അയാൾക്ക് പൈസ കൊടുക്കാൻ പോകുന്നതിനു മുൻപ് അവൾ എന്നോടു ചോദിച്ചു.

‘അമൃത നിനക്കറിയണ്ടേ എന്റെ ആ സഹോദരൻ ആരാണെന്ന്…?’

സത്യത്തിൽ അതാരാണെന്നറിയാൻ എനിക്കും വല്ലാത്ത ആകാംഷയുണ്ടായിരുന്നു.

പക്ഷേ അതാരാണെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞ നിമിഷം…..!!!!

ജീവിതത്തിൽ ഭർതൃമതിയായ ഒരു സ്ത്രീയും കേൾക്കരുതാത്ത വാക്കുകൾ..!!

കുറച്ചു നേരം ഞാൻ കരഞ്ഞു. പിന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തു.

നിന്റെ ഭർത്താവിന്റെ അക്കൗണ്ടിൽ നിന്നെടുത്ത ഒരു ലക്ഷം രൂപ നീ തിരിച്ചു നൽകണം, ബാക്കി നിന്റെ കയ്യിൽ ഭദ്രമായി സൂക്ഷിക്കൂ എന്നും പറഞ്ഞ് അവളെ ഞാൻ തിരിച്ചയച്ചു…!!!”

“അനില…ആ തിരിച്ചു തന്ന പണവുമായി വന്നത് എന്റെ അനിലയായിരുന്നു അല്ലേ !!!”

എന്റെ ചുണ്ടുകൾ വിറകൊണ്ടു. ഞാൻ അറിയാതെ ഇരുന്നിടത്തുനിന്ന് ചാടി എഴുന്നേറ്റു.

അമൃതയുടെ മുഖത്ത് നിസംഗഭാവം മാത്രമായിരുന്നു. അവളുടെ നോട്ടം എന്നെയും കടന്ന് എന്റെ പിന്നിൽ എവിടെയോ കേന്ദ്രീകരിച്ചിരുന്നു.

“ആ നൂറ്റമ്പതു സി സി റെഡ് കളർ പൾസർ ബൈക്ക് ഇടിച്ചു തെറുപ്പിച്ച് അതിലെ ആളെ കൊന്നു കളയാൻ ആ ബ്ലാക്ക് സ്കോർപിയോക്കാരന് കൊടുത്ത രണ്ടു ലക്ഷം രൂപ ഞാൻ നിതിന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണമായിരുന്നു സജിയേട്ടാ…!!!”

ചലിക്കാൻ മറന്നുപോയി ഞാൻ!! ഏട്ടനെപ്പോലെ കരുതിയ നിതിന്റെ ചതിയിൽ എന്റെ അനില….!!! അതിലേറെ വേദനയോടെ സ്വന്തം ഭർത്താവിനെ കൊല്ലാൻ വാടകക്കൊലയാളിക്ക് പണം കൊടുത്ത അമൃത….!!

പക്ഷേ ഇപ്പോഴും അവളുടെ മുഖത്ത് നിർവികാര ഭാവം മാത്രമായിരുന്നു.

“ശരിക്കും നിതിന് അറിയുമോ എന്താണ് സംഭവിച്ചതെന്ന്…?”

“ആദ്യം ബോധം വീണപ്പോഴേ ഞാൻ പറഞ്ഞു… മരിച്ചാലും അതിന്റെ കാരണം അറിഞ്ഞിരിക്കട്ടെ എന്നോർത്തു.”

“അവൻ എന്തു പറഞ്ഞു…?”

“മരിക്കാൻ പ്രാർത്ഥിക്കൂ… എന്ന്….”

അവൾ ഒരു നിമിഷം എന്തോ ഓർത്ത് മൗനമായിരുന്നു.

“…ഒരു പക്ഷേ തിരിച്ചു വന്നാലും ഇനി നിതിന്റെ കണ്ണിൽ പെണ്ണെന്നാൽ സഹോദരിമാർ മാത്രമേ ഉണ്ടാകൂ…… അങ്ങനെയല്ലെങ്കിൽ……” അവൾ അർദ്ധോക്തിയിൽ നിർത്തി.

“അങ്ങനെയല്ലെങ്കിൽ…..?” ഞാൻ അമൃതയുടെ കനലെരിയുന്ന കണ്ണിലേക്കു നോക്കി.

“അങ്ങനെയല്ലെങ്കിൽ ഞാൻ ഒരു കറുത്ത സ്കോർപിയോ വിലയ്ക്കു വാങ്ങും, നിതിന്റെ പണം കൊണ്ട്…. എനിക്കും ഡ്രൈവിംഗ് അറിയാവുന്നതല്ലേ സജിയേട്ടാ…!!”

അത്രയും നേരം പിടിച്ചു നിർത്തിയിരുന്ന ദുഃഖം മുഴുവൻ ഒരു നിമിഷം കൊണ്ട് അണക്കെട്ടു തകർത്തു പുറത്തേക്കൊഴുകി!! അമൃത ഏങ്ങിയേങ്ങിക്കരഞ്ഞു!!

അവളെ ആശ്വസിപ്പിക്കാൻ മാർഗം കാണാതെ നിറകണ്ണുകളുമായി ഞാൻ മുഖം തിരിച്ചു. അവിടെ എല്ലാറ്റിനും സാക്ഷിയായി എന്റെ പിന്നിൽ അനില നിൽപ്പുണ്ടായിരുന്നു.അവൾ വന്നത് ഞാൻ അറിഞ്ഞിരുന്നില്ല.

പരസ്പരം കെട്ടിപ്പിടിച്ചു കരയുന്ന അവരെ നോക്കി ഏറെ നേരം ഞാനിരുന്നു. കരയട്ടെ! മനസ്സിലുള്ളതെല്ലാം പെയ്തൊഴിയട്ടെ!

ആർത്തലച്ചുവന്ന സങ്കടക്കടലുകൾ പെയ്തൊഴിയുമ്പോൾ എന്റെ നെഞ്ചോടു ചേർന്ന് അനിലയും അവളുടെ വലം കയ്യിൽ ചേർത്തു നിർത്തിയ അമൃതയും ആശ്വാസത്തിന്റെ തീരം കാണുന്നത് ഞാനറിയുകയായിരുന്നു.