കൂട്ടുകാരുടെ മുന്നിലോക്കെ ആകെ നാണക്കേടാണ്. അമ്മക്ക് അത് പറഞ്ഞാലും മനസ്സിലാവില്ല…

തണൽ ~ രചന: അനഘ “പാർവ്വതി”

അമ്മാ…..അമ്മാ….

കിടന്ന് ഒച്ചയിടാതെ പിള്ളാരെ.

അമ്മാ…നാളെ സ്കൂളിൽ വരണം. ഇത്തവണ ശാസ്ത്ര മേളയ്ക്ക് എനിക്കല്ലേ ഫസ്റ്റ്. അപ്പോ സ്കൂളിൽ സമ്മാനം തരും.

അച്ഛനോട് പറ ചിന്നാ.

അമ്മക്ക് വരാൻ പറ്റുമോ.ഇല്ലേൽ അത് പറ.

സുധേ.എന്നാ നീ ഇങ്ങനൊക്കെ പറയാൻ പഠിച്ചെ.

കൂട്ടുകാരുടെ മുന്നിലോക്കെ ആകെ നാണക്കേടാണ്. അമ്മക്ക് അത് പറഞ്ഞാലും മനസ്സിലാവില്ല.

എനിക്ക് മനസ്സിലാവില്ല. നിൻ്റെം ഇവൻ്റെം ഒന്നും വിദ്യാഭ്യാസം എനിക്കില്ല. പഠിപ്പിനേക്കാൾ അന്ന് വയറു നിറയുന്നതാരുന്നു ആവശ്യം.

എന്ത് പറഞ്ഞാലും അമ്മക്ക് ന്യായം കാണും.

സുധേ….ഇന്ന് നീ വാങ്ങും. വയറു നിറക്കാൻ ആഹാരമൊള്ളതുകൊണ്ടാ നിനക്കൊക്കെ പുച്ഛം. എനിക്ക് വിദ്യാഭ്യാസമോ ജോലിയോ ഇല്ല. നിങ്ങൾക്ക് നിങ്ങടെ അച്ഛനെ വിളിച്ചോണ്ട് പോവരുതോ.

ഹും. അച്ഛനെ കൊണ്ടുപോയിട്ട് എങ്ങനെ പരിചയപ്പെടുത്തും. ജോലിയും പറയാൻ പറ്റില്ല പേരും പറയാൻ പറ്റില്ല.

ചേച്ചി പറഞ്ഞത് ശരിയാ. അച്ഛൻ്റെ പേരിൻ്റെ അവിടെ വേലു എന്ന് എഴുതിയതിന് എല്ലാരും എന്നെ കളിയാക്കി.

പേര് മാത്രമോ. ജോലിയോ. അഴുക്കുചാൽ വൃത്തിയാക്കുന്നത് അച്ഛൻ ആണെന്ന് പറയണോ. എൻ്റെ ക്ലാസ്സിലെ സുമ അച്ഛനെ കഴിഞ്ഞ ദിവസം കണ്ടു ഡ്രയിനെജിൽ നിന്ന് ഇറങ്ങുന്നത്. അവളെന്നോട് ചോദിച്ചു അച്ഛനെ നാറില്ലേന്ന്. നിങ്ങളെങ്ങനെ ആ വീട്ടിൽ കഴിയുമെന്ന്. പിന്നെ എത്ര കെഞ്ചിയിട്ടാ അവളാരോടും പറയാതിരുന്നത്.

ആ അഴുക്കുചാലിൽ ജോലിചെയ്തു കിട്ടുന്ന ആഹാരം വിഴുങ്ങുന്നത് നിനക്കൊന്നും പ്രശ്നമല്ല.

തങ്കം…….

വേലു അണ്ണൻ വന്നോ. കേട്ടല്ലോ മക്കൾടെ വായിൽ നിന്ന് വരുന്നത്. ഇതുങ്ങൾക്കാ നിങ്ങള് ജീവൻ പണയം വെച്ച് ഒള്ള കുപ്പത്തൊട്ടിയിൽ ഇറങ്ങുന്നെ.

മക്കൾ കേറിപോ. അമ്മ വരും.

മം. അമ്മാ നല്ല സാരീ ഉടുക്കണം.

*********************

നീ എന്തിനാ പെണ്ണേ കരയുന്നത്.

നിങ്ങൾ എപ്പോഴും പറയില്ലേ ഇവരെ പഠിപ്പിച്ച് ഒരു നിലയിലെത്തിയിട്ട് വിശ്രമിക്കണമെന്ന്. ആരും ഉണ്ടാവില്ല. മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്.

അവര് കുഞ്ഞുങ്ങളല്ലെ. നീ പോയിട്ട് വാ. അവരുടെ ഭാഗത്ത് നിന്നും ചിന്തിക്കണം. കൂട്ടുകാരുടെ ഇടയിൽ ഒറ്റപ്പെട്ടു പോവില്ലെ. നീ പോയിട്ട് വാ.

***********************

ആരാലും കാണപ്പെടാത്ത ഒരു കോണിൽ നിന്നാ മനുഷ്യൻ മകൻ്റെ സന്തോഷം കണ്ട് കണ്ണീർ പൊഴിച്ചു.

**********************

ചിന്നാ…സുധാ…. മക്കളൊന്നിങ്ങു വന്നെ.

എന്താ മാമാ

വേലു ഇന്ന് പണിക്ക് പോയോ.

പോയല്ലോ.

മക്കൾ ബഹളം വെക്കരുത്. അമ്മയോട് സമാധാനമായി പറയണം. സുധ മോളോടാ. വേലു സാധാരണ വൃത്തിയാക്കാൻ ഇറങ്ങുന്നിടെത്ത് ആരോ ഒരാള് മാൻഹോളിൽ പെട്ടു. ആരാന്നു അറിയില്ല. മക്കൾ ഒന്നു അമ്മയേം കൂട്ടി ഇറങ്ങ്.

എൻ്റെ അണ്ണൻ…….

മോളേ തങ്കം… അയ്യോ….പിടിക്ക് മക്കളെ ബോധം പോയി.

***********************

അമ്മാ….അമ്മാ….ഞങ്ങളെ പേടിപ്പിച്ചല്ലോ. അച്ഛന് ഒന്നും പറ്റില്ലമ്മാ.

തൊട്ടു പോവരുതെന്നെ. നിനക്കൊക്കെ വേണ്ടി രാവും പകലും കഷ്ടപ്പെട്ട് പണിയെടുത്ത് ജീവനും പണയം വെച്ച് നടന്ന മനുഷ്യനെ വേദനിപ്പിച്ച നീയൊക്കെ എന്നെ ഇനി അങ്ങനെ വിളിക്കണ്ട.

അമ്മാ…. അച്ഛനൊന്നും പറ്റില്ലമ്മാ.

എൻ്റണ്ണനു ഒന്നും പറ്റില്ല. എനിക്കുറപ്പുണ്ട്. അത്ര നല്ല മനുഷ്യനെ ദൈവം കൊണ്ടുപോവില്ല. എന്തിനാ മക്കളെ ആ മനുഷ്യനെ വേദനിപ്പിച്ചത്. നിനക്കൊക്കെ വേണ്ടി അല്ലേ അഴുക്കുചാലിൽ തിരിച്ചിറങ്ങാൻ പറ്റുമോ എന്ന് പോലും ആലോചിക്കാതെ ഇറങ്ങുന്നെ.

നീ എന്താ പറഞ്ഞേ അച്ഛനെ നാറുമെന്ന്. മേലാകെ മുറിവ് പറ്റി പഴുത്താലും ഇതെൻ്റെ മക്കൾക്ക് വേണ്ടി അല്ലേന്ന് പറഞ്ഞു സഹിക്കുന്ന മനുഷ്യനെ നിനക്കൊക്കെ നാറും.എനിക്ക് പക്ഷേ ചന്ദനത്തിൻ്റെ മണമാ ആ മനുഷ്യനിൽ തോന്നുന്നേ. കേറി കിടക്കാൻ ഒരു വീടില്ലാതെ തെരുവിൽ അനാഥയായ എനിക്ക് ഒരു താലിയും കെട്ടി പൊന്നുപോലെ നോക്കുന്ന അതിയാൻ എനിക്ക് ദൈവമാ.

നാലു നേരം നീയൊക്കെ ഉണ്ണുന്നത് ആ വിയർപ്പാ. ഇനി ഇങ്ങനെ നാലാൾടെ മുന്നിൽ ഇതാണ് ജോലിയെന്ന് പറയാൻ വയ്യായെന്ന് പറഞ്ഞ് ആ മനുഷ്യൻ പണിക്ക് പോവാതിരുന്നാൽ തീരും നിൻ്റെയൊക്കെ ഉശിര്. ഒരു രൂപ കിട്ടുന്നത് പോലും ഒരു ദുശീലവുമില്ലാതെ നിനക്കൊക്കെ വേണ്ടി കാത്തുവെക്കുന്ന ആ മനുഷ്യനോട് നന്ദി വേണം. അങ്ങേരുടെ കാലു കഴുകി വെള്ളം കുടിക്കണം. തിന്നിട്ട് എല്ലിൻ്റെടെൽ കുത്തുമ്പോ അച്ഛനമ്മമാരുടെ പേരും ജോലിയും ഒക്കെ നിനക്ക് നാണക്കേടാകും.

“മോളേ നീ കുഞ്ഞുങ്ങളോട് എന്തൊക്കെയാ പറയുന്നത്. വാ നമുക്ക് ഇറങ്ങാം.

“ദണ്ണമുണ്ട് കേശുവണ്ണാ. പൊന്നുപോലെ കൊണ്ട് നടക്കുന്ന ആ മനുഷ്യനെ ഇന്നെത്ര വിഷമിപ്പിച്ചു. അച്ഛനമ്മാരെ സ്നേഹമുണ്ടെങ്കിലെ അവരെ ബഹുമാനിക്കാനും ഇവരാണ് ഞങ്ങടെ അച്ഛനും അമ്മയും എന്ന് ലോകത്തോട് പറയാനും പറ്റൂ. ആ മനുഷ്യനെന്തായാൽ ഇവർക്കെന്താ. കാശ് പോരെ. തോറ്റു പോയി ഞങ്ങള്.

********************

തങ്കം…. എന്താ പറ്റിയത്. നീയെന്താ കരയുന്നത്.

വേലു. നിനക്കൊന്നും പറ്റിയില്ലെ. മാൻഹോളില് കുടുങ്ങിയെന്ന് കേട്ട് ഞങ്ങൾ ഇറങ്ങാൻ നിക്കുവാരുന്നു.

ഞാനായിരുന്നു ഇറങ്ങേണ്ടത്. അപ്പോ സ്വമിയണ്ണൻ വിളിച്ചു. സൂപ്പർ മാർക്കറ്റിൽ ഒഴിവുണ്ടെന്ന് പറഞ്ഞ്. നേരത്തെ തൊട്ടേ ആലോചിക്കുന്നു ഇവിടുന്ന് മാറണമെന്ന്. പഴയ പോലെ വയ്യ.കൂടെ മക്കൾക്കും വിഷമം. അതിനു പോയി.

അപ്പോ ആരാ കുടുങ്ങിയത്.

അത് കോളനി ഭാഗത്തെ മുരുകനാ. ആള് തീർന്നു. ഞാൻ ഹോസ്പിറ്റലിൽ പോയിട്ട് വന്നതാ. ഞാനായിരുന്നു ഇന്നവൻ്റെ സ്ഥാനത്ത്. സഹിക്കാൻ കഴിയില്ല. എൻ്റനിയനെ പോലെ കണ്ടതാ. എനിക്ക് പകരം…

മം. വിധി. പിള്ളാരെ സമാധാനിപ്പിക്ക്. ആകെ ഭയന്നു. ഞാൻ ഇറങ്ങുവാ.

********************

അച്ഛാ…സോറി അച്ഛാ.. ഞങ്ങള് അച്ഛനെ ഒത്തിരി വിഷമിപ്പിച്ചു.

അയ്യേ.. അച്ഛൻ്റെ കുഞ്ഞുങ്ങൾ എന്തിനാ കരയുന്നത്. നിങ്ങടെ പ്രായം അതാ. ജീവിതം അറിയില്ല. അതുകൊണ്ടല്ലേ. സാരമില്ല പോട്ടെ.

അമ്മയോട് മിണ്ടാൻ പറയച്ഛാ.

തങ്കം. നീ എന്തിനാ മിണ്ടാതെ ഇരിക്കുന്നത്. എനിക്കൊന്നും പറ്റിയില്ലല്ലോ. ഇവര് പിള്ളാരല്ലെ.

അറിഞ്ഞിരിക്കണം വീട്ടിലെ കഷ്ടപ്പാട്. എനിക്ക് പിണക്കമില്ല. പെറ്റ വയറല്ലെ. പക്ഷേ എൻ്റെ മക്കൾ നല്ലവരായി വളരണം. അതെ ഒള്ളൂ.

ഇനി ഇങ്ങനൊന്നും പറയില്ലമ്മാ.

നാളെ മുതൽ ഞാൻ സൂപ്പർ മാർക്കറ്റിൽ പോവാ.

ഞങ്ങൾ കാരണമാണോ അച്ഛാ.

അല്ല മക്കളെ. ഭയമുണ്ട്. എനിക്കെന്തെങ്കിലും പറ്റിയാൽ നിങ്ങടെ അവസ്ഥ. മാത്രമല്ല ഇറങ്ങാനും കേറാനുമൊന്നും വയ്യ.

മം.

എല്ലാ ജോലിക്കും അന്തസ്സുണ്ട് മക്കളെ. അതെൻ്റെ മക്കൾ മറക്കാതിരുന്നാൽ മതി.

അതെ അച്ഛാ. ഞങ്ങൾക്ക് ഞങ്ങടെ അച്ഛനും അമ്മയും അഭിമാനം തന്നെയാണ്.

തങ്കം. മക്കൾക്ക് ഭക്ഷണം കൊടുക്ക്. ചിന്നൻ്റെ സമ്മാനം എന്തിയേ.

ഇപ്പൊ കൊണ്ടുവരാം അച്ഛാ.

ശുഭം