നീ വയ്യെങ്കിൽ അല്പനേരം കിടക്കെന്റെ അമ്മു. ഈ പണിയൊക്കെ ഞാൻ ചെയ്‌തോളാ. വെറുതെ വേദന കൂട്ടി രാത്രി ഉള്ള ഉറക്കം കളയണോ?

രചന: മഹാ ദേവൻ

” നീ വയ്യെങ്കിൽ അല്പനേരം കിടക്കെന്റെ അമ്മു. ഈ പണിയൊക്കെ ഞാൻ ചെയ്‌തോളാ. വെറുതെ വേദന കൂട്ടി രാത്രി ഉള്ള ഉറക്കം കളയണോ? “

ഒന്ന് വീണതാ.. നടുവെട്ടി നടക്കാൻ വയ്യെങ്കിലും വൈകീട്ട് വരുന്ന ഭർത്താവിനും കുട്ടികൾക്കും ചായയും കൂടെ കഴിക്കാൻ എന്തേലും ഉണ്ടാക്കിവെച്ചില്ലേൽ ശരിയാവില്ലെന്ന് കരുതി അടുക്കളയിൽ കേറി ഏന്തിവലിഞ്ഞു എന്തൊക്കെയോ ചെയ്തു തീർത്തപ്പോഴേക്കും കാലുകൾ കുഴഞ്ഞു തീരെ നിൽക്കാൻ കഴിയാത്തപോലെയായിരുന്നു അവൾക്ക്.

നാല് മണിക്ക് സ്കൂൾ വിട്ട് ഓടിയെത്തിയ കുട്ടികൾക്ക് ചായയും കഴിക്കാനും കൊടുത്ത് ” അമ്മ അല്പനേരം കിടക്കട്ടെ, മക്കള് തല്ല് കൂടാതെ ഒതുങ്ങിയിരുന്നു പഠിക്ക് ” എന്നും പറഞ്ഞ് റൂമിൽ കേറി അരയ്ക്ക് താഴോട്ട് കുഴമ്പും പുരട്ടി കിടന്നതേ ഓർമ്മയുള്ളൂ. വേദനയും ക്ഷീണവും കാരണം മയക്കം വളരെ പെട്ടന്ന് തന്നെ കണ്ണുകളെ മൂടിയിരുന്നു.

” ഇതെന്താ വീട്ടിൽ വിളിക്കൊന്നും ഇല്ലാത്തെ? ഉമ്മറത്തെ ലൈറ്റ് ഇടാൻ പോലും ആരുമില്ലേ ഇവിടെ “

ബൈക്ക് നിർത്തി ഇറങ്ങിയ ഹരി അനിഷ്ടത്തോടെ അകത്തേക്ക് കയറുമ്പോൾ പഠിക്കാൻ ഇരുന്ന കുട്ടികൾ പുസ്തത്തിന്റെ അരികിൽ തന്നെ കിടന്ന് ഉറങ്ങുകയായിരുന്നു.

” ഈ സന്ധ്യനേരത്ത് കുട്ടികളെ ശ്രദ്ധിക്കാതേം ഉമ്മറത്തൊരു ലൈറ്റ് പോലും ഇടാതെ ഇവളിത് എവിടെ പോയി കിടക്കാ ” എന്നും മനസ്സിൽ ചിന്തിച്ചുകൊണ്ട് റൂമിലേക്ക് ചെല്ലുമ്പോൾ നല്ല ഉറക്കത്തിലായിരുന്നു അമ്മു.

” ഇതെന്താ അമ്മു കുളിക്കോ വിളക്ക് വെക്കോ ചെയ്യാതെ ഉമ്മറത്തെ ലൈറ്റ് പോലും ഇടാതെ ഇങ്ങനെ കേറി കിടക്കുന്നെ? കുട്ടികളാണേൽ പുസ്തകത്തിന്റെ മേലാ കിടന്നുറങ്ങുന്നേ.. “

അവന്റ ചോദ്യം കേട്ട് ഉണർന്നെണീക്കാൻ തുടങ്ങിയ അവൾ വേദനയോടെ ഇടുപ്പിൽ കൈ വെച്ച് പെടാപാട് കണ്ടപ്പോൾ എന്തോ കാര്യമായി തന്നെ പറ്റിയിട്ടുണ്ടെന്ന് മനസ്സിലായെങ്കിലും എഴുന്നേറ്റ അവൾ ” ഏട്ടൻ കുളിച്ചു വാ, ഞാൻ ചായ എടുക്കാം ” എന്നും പറഞ്ഞ് അടുക്കളയിലേക്ക് നടന്നപ്പോൾ അവളുടെ വേദന അത്ര കാര്യമാക്കാതെ അവൻ കുളിക്കാനായി ബാത്റൂമിലേക്ക് കയറി.

കുളിച്ചു വന്ന അവന് മുന്നിൽ ആവി പറക്കുന്ന കാപ്പിയുമായി നിൽക്കുന്ന അവളുടെ മുഖം അത്ര പ്രസന്നമല്ലെന്നത് അവൻ ശ്രദ്ധിച്ചിരുന്നു. ചായ കൊടുത്ത് രാത്രി കഴിക്കാൻ എന്തേലും ഉണ്ടാക്കണമല്ലോ എന്നും കരുതി അവൾ തിരികെ നടക്കുമ്പോൾ അവളെ തന്നെ ശ്രദ്ധിച്ചുനിൽക്കുകയായിരുന്നു ഹരി.

അവൾക്ക് പിന്നാലെ അടുക്കളയിലേക്ക് നടക്കുമ്പോൾ കണ്ടിരുന്നു അടുക്കളസ്ളാബിൽ കൈ ഊന്നി ഒരു കൈ ഇടുപ്പിൽ വെച്ച് ആയാസപ്പെടുന്ന ഭാര്യയെ…കഞ്ഞിവെക്കാൻ വെള്ളത്തിനായി എടുത്ത പാത്രം അതുപോലെ ഇരിക്കുന്നു. വൈകീട്ട് വേദന കടിച്ചമർത്തിചെയ്ത പണിയുടെ ബാക്കിയെന്നോണം അവളെ മാത്രം പ്രതീക്ഷിച്ച് കൊട്ടത്തളത്തിൽ പാത്രങ്ങൾ കുന്നുകൂടിയിരുന്നു.

അവളുള്ള അടുക്കളയിൽ എച്ചിൽപത്രങ്ങൾ ഇങ്ങനെ കിടക്കില്ലെന്ന് അവനറിയാം. ഹരി അവൾക്കരികിലെത്തുമ്പോൾ അവനെ കണ്ട അവൾ പെട്ടന്ന് ആയാസപ്പെട്ട് ചിരി വരുത്തി പാത്രം എടുത്ത് ടാപ്പിൽ നിന്നും വെള്ളമെടുക്കാൻ തുടങ്ങുമ്പോൾ ഹരി അവളെ തടഞ്ഞ് കൊണ്ട് ആ പാത്രം വാങ്ങി.

” നീ കുറച്ച് നേരം അവിടെ ഇരിക്ക് പെണ്ണെ… ഇതൊക്കെ ഞാൻ ചെയ്യാം ” എന്നും പറഞ്ഞ് അവളെ ഒരു കസേരയിലേക്ക് ഇരുത്തി കഞ്ഞിക്കുള്ള വെള്ളം അടുപ്പത് വെച്ച് പാത്രങ്ങൾ എല്ലാം കഴുകിയെടുക്കുമ്പോൾ അവൾ സന്തോഷതാൽ നോക്കിയിരിക്കുകയായിരുന്നു അവനെ.

“എത്ര വയ്യെങ്കിലും കഴിയുമെങ്കിൽ ഏട്ടനെ അറിയിക്കാൻ നിൽക്കാറില്ല ഒന്നും. പാവം രാവിലെ പോയാൽ വൈകീട്ട് ആകും വരെ പൊരിവെയിലത്തു കരിങ്കല്ലിനോട് മല്ലിട്ട് വാടിതളർന്നായിരിക്കും കേറിവരുന്നത്. വെയിലിൽ ചൂടേറിയ കല്ലിൽ നിന്നും കൈ പോളിയും തോല് അടർന്നും ഓരോ ദിവസവും വീടിന്റെ സന്തോഷത്തിന് വേണ്ടി കഷ്ട്ടപ്പെടുമ്പോൾ അതിന്റ കൂടെ തന്റെ കുഞ്ഞു വയ്യായ്ക കൂടി പറഞ്ഞ് എന്തിനാ വെറുതെ എന്ന് കരുതി ഒന്നും പറയാറില്ല. വയ്യെങ്കിലും വലിക്കും. അദ്ദേഹം രാത്രിയോളം കഷ്ട്ടപ്പെടുന്നതോർക്കുമ്പോൾ ഇതൊക്കെ എത്രയോ ചെറിയ ജോലിയല്ലേ. “എന്ന് ചിന്തിക്കുമ്പോൾ അവനും ചിന്തിക്കുകയായിരുന്നു വീടിനുള്ളിൽ ഒരു പെണ്ണ് കിടന്നുരുകുന്നത് എങ്ങനെ എന്ന്.

ഓരോ പത്രങ്ങൾ കഴുകി ഒതുക്കുമ്പോഴും മനസ്സിൽ ഒന്നും പറയാതെ അടുക്കളയിൽ ഓടിനടന്ന് അതൊരു ലോകമാക്കിമാറ്റിയ അമ്മുവിന്റെ മുഖം ആയിരുന്നു.

പലപ്പോഴും കേറി വരുമ്പോൾ ചിരിച്ചുകൊണ്ട് ചായയുമായി നിൽക്കുന്ന അവളുടെ വിഷമം മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല. വയ്യെങ്കിലും രാവിലെ അഞ്ചു മണിക്ക് എഴുനേറ്റ് വണ്ടിക്കാളയെ പോലെ വലിക്കുന്ന അവൾ വെച്ചുണ്ടാക്കി തരുന്നത് കഴിച്ചു് ഉച്ചത്തേക്കുള്ളത് കൊണ്ടോകാൻ പാത്രത്തിൽ ആകുന്നതും എടുത്ത് രാവിലെ ഇറങ്ങുമ്പോൾ ഒരു ചിരിയിൽ എല്ലാം ഒതുക്കും അവൾ. പിന്നെ കുട്ടികൾക്ക് പോകാൻ ആയുള്ള ഓട്ടപാച്ചിൽ. അവർ പോയാലോ തലേന്നത്തെ തുണിയും അലക്കി കഴിഞ്ഞിരിക്കുമ്പോൾ 12.30കഴിയും….രാവിലെ ഇറങ്ങിപ്പോകുന്ന താൻ ഇതൊന്നും അറിയുന്നില്ല. അല്ലെങ്കിൽ അറിയാൻ ശ്രമിക്കാറില്ല. ” ഇവിടെ നിനക്കെന്താ ഇത്രക്ക് മലമറിക്കാൻ ഉള്ള പണി ” എന്ന ഒറ്റച്ചോദ്യത്തിൽ പലപ്പോഴും അവളുടെ വാ മൂടികെട്ടുമ്പോൾ ഓർത്തില്ല ഒരു പെണ്ണിന്റ ജീവിതം തന്നെ ആണ് ഒരു വീടിനെ വീടായി കൊണ്ടുനടക്കാൻ ഉഴിഞ്ഞു വെക്കുന്നതെന്ന്. !”

ഹരി പാത്രങ്ങൾ എല്ലാം കഴുകി അടുപ്പത് അരിയുമിട്ട് വിയർപ്പ് തുടയ്ക്കുമ്പോൾ അവൾ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.

“എന്താടി ഇങ്ങനെ നോക്കുന്നത് ” എന്നും ചോദിച്ചുകൊണ്ട്അവൽക്കരികിലേക്ക് നിൽകുമ്പോൾ അമ്മു അവന്റ വയറിലേക്ക് മുഖം ചേർത്തു.

” എന്റെ വീഴ്ച കാരണം ന്റെ ഏട്ടൻ എടങ്ങേറായല്ലേ ” എന്ന് ചോദിക്കുന്ന അവളെ പതിയെ എഴുന്നേൽപ്പിച്ചു പുറത്തേക്ക് നടക്കുമ്പോൾ ഹരി ചിരിയോടെ പറയുന്നുണ്ടായിരുന്നു ” ഞാൻ അല്പനേരം കൊണ്ട് ഇത്രേം എടങ്ങേറായങ്കിൽ നീയൊക്കെ എത്രകാലമായി അങ്ങനെ ” എന്ന്.

” ഇനി നീ പോയി കിടക്ക്, കഞ്ഞി ആകുമ്പോൾ ഞാൻ വിളിക്കാം ” എന്ന് പറയുന്ന അവനെ നോക്കി ചിരിക്കുമ്പോൾ ഇടക്ക് കേറി വന്ന മോള് അരിശത്തോടെ പറയുന്നുണ്ടായിരുന്നു ” വിശക്കുന്നു അമ്മേ. ഇവിടെ ഒന്നും ഉണ്ടാക്കീലെ” എന്ന്.

അത് കേട്ട ഹരി അവളെ അരികിലേക്ക് വിളിച്ചു കൂടെ അവൾക്കൊപ്പം വന്ന മകനെയും.

പിന്നെ അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറയുന്നുണ്ടായിരുന്നു ” മോൾക്ക് വയസ്സ് 12ആയില്ലേ…. അത്യാവശ്യം കാര്യവിവരങ്ങൾ ഒക്കെ ആയി. അപ്പൊ പിന്നെ പഠിപ്പ് കഴിഞ്ഞു കിട്ടുന്ന അൽപസമയം മോൾക്ക് അമ്മേ സഹായിച്ചൂടെ… ” എന്ന്.

അത് കേട്ട് അവൾ മുഖമൊന്നു വെട്ടിച്ചു.

“എനിക്ക് പഠിക്കണ്ടേ അച്ഛാ… അടുക്കളപ്പണി പഠിക്കാൻ അല്ലല്ലോ ഞാൻ. അതിനിവിടെ അമ്മ ഇല്ലേ “

അവളുടെ ചോദ്യം കേട്ട് അവനൊന്നു പുഞ്ചിരിച്ചു.

” ശരിയാ… അമ്മയുണ്ട്. അതാണ് മോളുടെ ധൈര്യം.. പക്ഷേ, നാളെ മോള് വലുതാകുമ്പോൾ ഈ അടുക്കളപ്പണി ഒരു കുറച്ചിലായി തോന്നാത്ത ഒരു കാലം ഉണ്ട്. അന്നേ ഇതിന്റെ മഹത്വം മനസ്സിലാകൂ… മോള് പഠിക്കണം, വല്യ ജോലി വാങ്ങണം… അതുകൊണ്ട് ഇതൊന്നും പാടില്ല എന്ന് മാത്രം കരുതരുത്..വീടിനുള്ളിൽ നിന്നും ഇതുപോലെ കിട്ടുന്ന കുറെ അറിവുകള് കൂടി നാളെ നമ്മുടെ ജീവിതത്തിന് മുതൽക്കൂട്ടാണ്… അതുകൊണ്ട് ഇതൊരു കുറവായി കാണണ്ട. ഒരിക്കലും നഷ്ടപ്പെടാത്ത അറിവുകളിൽ ഒന്നാണ് ഇതും… ജീവിതതിൽ അത്യന്തപേഷിതവും. അതുകൊണ്ട് നാളെ മുതൽ മോളും അമ്മയെ എന്തേലും ഒക്കെ സഹായിക്കണം. പഠിപ്പ് കഴിഞ്ഞിട്ട് മാത്രം.. എന്നും പറഞ്ഞ് നാളെ മുതൽ പതിപ്പിന്റെ സമയത്തിൽ നീളംകൂടരുത്ട്ടോ ” എന്ന്.

അവൾ പതിയെ തലയാട്ടുമ്പോൾ ഹരി സന്തോഷത്തോടെ അമ്മുവിനെ നോക്കി. പിന്നെ അടുത്ത് നിൽക്കുന്ന മകനെ കൈകാട്ടിവിളിച്ച് അരികിൽ നിർത്തി പറയുന്നുണ്ടായിരുന്നു

” അവൾക്ക് മാത്രം അല്ലാട്ടോ… മോനും അമ്മയെ സഹായിക്കട്ടോ…അടുക്കളയിൽ ആണുങ്ങൾക്കും ചിലത് ചെയ്യാൻ ഉണ്ട്..അച്ഛനും ഇച്ചിരി വൈകി തിരിച്ചറിഞ്ഞ സത്യം “എന്ന്…. !!