കമന്റ് ഇട്ടിരുന്ന ആള് എപ്പോഴാണ് ഇൻബോക്സിൽ വന്നു ഭംഗി അറിയിച്ചു തുടങ്ങിയത്…

കനലാകും നാൾവഴി ~ രചന: മിനു സജി

“ഞാൻ നിന്നെ പീ ഡിപ്പിക്കില്ല, നിന്റെ പൂർണ്ണസമ്മതത്തോടെ ആവണം… അതിനി എത്ര വർഷം എടുത്താലും ഞാൻ കാത്തിരിക്കും… “

രുദ്രന്റെ മെസേജുകൾ അവൾ വീണ്ടും എടുത്തു നോക്കി… വായിക്കുംതോറും അവളുടെ കണ്ണുകളിൽ ദേഷ്യവും, ഉള്ളിൽ പേടിയും സങ്കടവും ഉണ്ടായിരുന്നു.

ആദ്യമൊക്കെ താൻ ഫേസ്ബുക്കിൽ ഇടുന്ന ഫോട്ടോകൾക്ക് ഭംഗി ഉണ്ടെന്നു കമന്റ് ഇട്ടിരുന്ന ആള് എപ്പോഴാണ് ഇൻബോക്സിൽ വന്നു ഭംഗി അറിയിച്ചു തുടങ്ങിയത്… ! വർഷങ്ങൾ ആയിട്ടുള്ള സൗഹൃദം ആണ്.. എന്നിട്ടും ഞാൻ അവന്റെ മനസിലെ കാപട്യം അറിയാൻ വൈകി പോയി..

ഭർത്താവും കുഞ്ഞും ഉള്ള തന്നോട് ഒരാൾ ഇങ്ങനെ യൊക്കെ പറയുന്നുവെങ്കിൽ എന്തായിരിക്കും അവന്റെ മനസ്സിൽ…. ! എന്തായാലും നല്ലതാവില്ല..

ഞാൻ ഇത് ആരോട് പറഞ്ഞാലും അവരെല്ലാം എന്നെ കുറ്റപ്പെടുത്തുകയുള്ളു..

കാരണം ഞാൻ പെണ്ണാണ്… പെണ്ണിന് എല്ലാത്തിനും പരിധികൾ കല്പിച്ചിരിക്കുന്ന സമൂഹത്തിൽ ആണ് താനും കഴിയുന്നത്.

സമൂഹമാധ്യമങ്ങളിൽ സ്വന്തം ഫോട്ടോ ഇടുന്നതിനു പോലും അനുവാദം ചോദിക്കേണ്ട അവസ്ഥയുള്ള, ആരെയൊക്കെ ഫ്രണ്ട്സ് ആക്കണം എന്ന് തീരുമാനിക്കാൻ പോലും അവകാശം ഇല്ലാത്ത, ഓൺലൈനിൽ പച്ച വെളിച്ചം കാണുന്നതിന് നിശ്ചിതസമയം വെച്ചിട്ടുള്ള കുടുംബത്തിൽ തന്നെയാണ് താനും കഴിയുന്നത്.

പരിചയം ഇല്ലാത്ത ഒരാൾ ആയിരുന്നുവെങ്കിൽ ഒരു ബ്ലോക്ക് ബട്ടണിൽ എല്ലാം അവസാനിച്ചേനെ… ഇതിപ്പോ ബ്ലോക്ക്‌ ചെയ്താലും ഓഫീസിൽ കാണാതെ നിവർത്തിയില്ല.

ഭർത്താവിനോട് പറഞ്ഞാലും തന്നെ കുറ്റപ്പെടുത്തുകയുള്ളു… ജോലി നിർത്തേണ്ടി വരും.. എല്ലാം കൂടി ചിന്തിച്ചിട്ട് അവൾക്കു സഹിക്കാൻ പറ്റാതെ ആയി..

രണ്ടു ദിവസം ലീവ് എടുത്തു വീട്ടിൽ ഇരുന്നു.. ആ ദിവസങ്ങളിൽ ഫേസ്ബുക്കും കളഞ്ഞു… അവനെ ബ്ലോക്കും ചെയ്തു… എന്നിട്ടും അവസാനം ഭർത്താവിനോട് പറയാൻ തന്നെ അവൾ തീരുമാനിച്ചു.

എല്ലാം അറിഞ്ഞിട്ടും അദ്ദേഹം ദേഷ്യപ്പെട്ടില്ല… ജോലി രാജി വെക്കാനും പറഞ്ഞില്ല..

” ഓഹോ, അതാണ്‌ സമയം കിട്ടിയാൽ ഉടനെ ഫോൺ തോണ്ടിക്കൊണ്ടിരിക്കുന്നവൾ രണ്ടു ദിവസമായിട്ട് ഫോൺ എവിടെ ആണെന്ന് പോലും നോക്കാതെ നടക്കുന്നത്…നിനക്ക് ജോലിക്ക് പോകാൻ ഇഷ്ടം ഉണ്ടെങ്കിൽ നീ പോകണം.. തല ഉയർത്തി പിടിച്ചു തന്നെ.. ബാക്കിയുള്ളത് ഞാൻ നോക്കിക്കോളാം.. പേടിച്ചു തലതാഴ്ത്തി നടക്കുന്ന സ്ത്രീകളുടെ കാലം കഴിഞ്ഞു പെണ്ണേ… “

ആ സമയത്ത് ഭർത്താവിന്റെ വാക്കുകൾ അവളിൽ എത്രത്തോളം ആനന്ദവും, അഭിമാനവും, ആത്മവിശ്വാസവും വർധിപ്പിച്ചു എന്ന് അവൾക്കു പോലും അറിയാൻ കഴിഞ്ഞില്ല..

ഒരു പക്ഷെ തന്റെ സങ്കടം ഭർത്താവിനെ അറിയിച്ചില്ലായിരുന്നുവെങ്കിൽ, അഥവാ അറിയിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ അല്ലായിരുന്നുവെങ്കിൽ അവൾ തളർന്നു പോയേനെ… !

മിടിക്കുന്ന ഹൃദയം ആണേലും ജ്വലിക്കുന്ന കണ്ണുകളോടെ ഒരു ചെറുപുഞ്ചിരി അധരത്തിൽ ഒളിപ്പിച്ചു പിറ്റേന്ന് അവൾ ഓഫീസിൽ കേറി ചെന്നത് തന്റെ ഭർത്താവ് തന്നോടൊപ്പം ഉണ്ടെന്നുള്ള വിശ്വാസത്തോടെ ആയിരുന്നു..

ഒരു സ്ത്രീയെ ഏറ്റവും ഭംഗിയുള്ളവൾ ആക്കുന്നത്, അവളുടെ കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ ജ്വാലകൾ തെളിയുന്നത് അവളെ മനസിലാക്കുന്ന സ്നേഹിക്കുന്ന ഭർത്താവിന്റെ സംരക്ഷണം ഉള്ളപ്പോളാണ്..

“രണ്ടു ദിവസം കാണാതെ ആയപ്പോൾ ഞാൻ ഓർത്തു എന്നോട് വഴക്കിട്ട് നീ ജോലിയും രാജിവെച്ചു ഓടി പോയെന്നു… പെണ്ണേ നീ കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ ഇന്ന് വളരെ സുന്ദരി ആയിരിക്കുന്നു…എന്നെ കൊതിപ്പിക്കാൻ നീ വീണ്ടും എന്നരികെ… ” മറ്റാരും കേൾക്കാത്ത അത്ര പതുക്കെ അവളുടെ കാതുകളിൽ രുദ്രൻ പറഞ്ഞു കൊണ്ടിരുന്നു

ഇതെല്ലാം കേട്ടിട്ട് ചിരിച്ചു കൊണ്ടു തന്നെയവൾ ഓഫീസിലെ മറ്റുള്ളവരോടായി ഉച്ചത്തിൽ പറഞ്ഞു..

” ഇത്ര നാളായിട്ടും നിങ്ങൾ ആരെങ്കിലും എന്റെ സൗന്ദര്യം വർണിച്ചു പുകഴ്ത്തി സംസാരിച്ചിട്ടുണ്ടോ… !! രുദ്രൻ സർ മാത്രമേ അത് ശ്രദ്ധിച്ചിട്ടുള്ളു.. ഇപ്പഴും സർ എന്റെ സൗന്ദര്യത്തെ കുറിച്ചാണ് എന്റെ കാതുകളിൽ പറഞ്ഞത്.. ഭർത്താവും കുഞ്ഞുമുള്ള എന്നെ ലഭിക്കാൻ നാളുകൾ കാത്തിരിക്കാമെന്നുള്ള മോഹവാഗ്ദാനങ്ങൾ നല്കിയേക്കുകയാണ് സർ… “

(പിന്നീട് ഓഫീസിൽ നടന്നത് നിങ്ങൾക്ക് ഊഹിക്കാമല്ലോ… )

“അപമാനിക്കപ്പെട്ടവരല്ല തലകുനിക്കേണ്ടത്… അപമാനിച്ചവരാണ് തലകുനിച്ചു നടക്കേണ്ടത്.. “