അവൾ എതിർത്തു അവൾക്കു കഴിയും വിധത്തിൽ…പക്ഷെ ഒരു നീർക്കുമിളയുടെ ശക്തിയും ആയുസ്സുമേ അതിനുണ്ടായുള്ളൂ…

രചന: നിഹാരിക നീനു

“എന്നാലെ അവരെ കല്യാണം പണ്ണ മുടിയാത് മ്മാ ”

“സത്തം പോടാതെ അറിവ് കെട്ടമുണ്ഡo , അവര് ഉൻ മാമൻ, മുറപ്പടിയാ അവര് താൻ ഉന്നെ കല്യാണം പണ്ണിക്കവേണ്ടിയത്….”

“എനക്ക് കൊഞ്ചം കൂടെ ഇസ്ടം ഇല്ലെ,മാ, ഏൻ പുരിഞ്ചിക്ക മാട്ടീങ്കേ???”

“എന്നാടി ഉനക്ക് ഇവ്വളോം തിമിര്, ഇങ്കെ പാര് മല്ലി, നാൻ സൊല്ലറത് മട്ടും താൻ ഇങ്ക നടക്കും, ഇതുക്കു മീതി ഇതെ പത്തി പേച്ച് യെതൂം ഇല്ലെ”

തളർന്നിരുന്നു മല്ലി…,

ഒരു പതിനാറു വയസുകാരിക്ക് പരമ്പരാഗതമായി തുടരുന്ന രീതികളുടെ പേരിൽ സ്വന്തം അമ്മയുടെ മുപ്പത്തിയാറു വയസുകാരൻ അനിയനെ വിവാഹം കഴിക്കേണ്ടി വരിക, നിസ്സാഹയതയുടെ പടുകുഴിയിലേക്ക് എല്ലാവരും കൂടി തള്ളിയിട്ടപ്പോൾ അവൾക്ക് വേദനിച്ചിരുന്നു….വല്ലാതെ…പറഞ്ഞത് പോലെ കേൾക്കുക എന്നത് മാത്രമേ അച്ഛൻ നഷ്ടപ്പെട്ട മാമൻ്റെ തന്നെ ചെലവിൽ കഴിയുന്നവൾക്ക് ചെയ്യാൻ ഉണ്ടായിരുന്നുള്ളൂ, അവൾ എതിർത്തു അവൾക്കു കഴിയും വിധത്തിൽ … പക്ഷെ ഒരു നീർക്കുമിളയുടെ ശക്തിയും ആയുസ്സുമേ അതിനുണ്ടായുള്ളൂ,

പ്രാരാബ്ദത്തിലും ഇടറാതെ അവൾ വാങ്ങിയ മെട്രിക്കുലേഷൻ പാസ് സർട്ടിഫിക്കറ്റിൽ അവളുടെ കണ്ണീർത്തുള്ളികൾ വീണു ചിതറി….

കേരളത്തിൽ ജോലി ചെയ്യുന്ന മുറൈ മാമൻ വരുമ്പോഴൊക്കെയും അവൾ അയാളുടെ തുറിച്ചു നോട്ടങ്ങൾക്ക് മുന്നിൽ ഓടിയൊളിക്കാറുണ്ട്….അപ്പഴും അമ്മയാണ് ഊട്ടാനും ഉറക്കാനും പറഞ്ഞ് വിടാറ്…

” മുരുകൻ “

അതാണയാളുടെ പേര്,കറുത്ത് തടിച്ച ഒരു കൊമ്പൻ മീശക്കാരൻ..ചോരക്കണ്ണുകൾ മിഴിച്ചുള്ള അയാളുടെ ചൂഴ്ന്ന നോട്ടം ഭയന്ന് എത്രയോ തവണ ഓടി ഒളിച്ചിട്ടുണ്ട് …..

മ ദ്യത്തിൻ്റെ ഗന്ധം മാത്രമുള്ള അയാൾ എത്ര തവണ തനിക്ക് ഓക്കാനം വരുത്തിയിട്ടുണ്ട്,

നിറയെ പണം അമ്മയുടെ കൈയ്യിൽ കൊണ്ട് വന്ന് കൊടുക്കും….അമ്മയുടെ മുഖമപ്പോൾ വല്ലാതെ വിടരുന്നത് കാണാം, വെറ്റിലക്കറയുള്ള പല്ല് പുറത്തേക്ക് തള്ളി ചിരിക്കുന്നത് കാണാം…

എന്നിട്ട് തന്നെ നോക്കി പറയാറുണ്ട്…..

“മല്ലീ, ഉനക്കാക താൻ, പാര് എവ്വളോം കാസ്… മുരുഗൻ ഉൻമേല് വച്ചിരിക്കറ പാസം പാത്തിയാ…. നീ റൊമ്പ കൊട്ത്ത് വച്ചിരിക്കണം ടീ …..”

അത് കേൾക്കുമ്പോൾ എരിഞ്ഞ് കേറാറുണ്ട്…

ഇനി ..??

ഓടിയൊളിക്കാൻ ഒരു തണലുമില്ല… ചെന്നു മുട്ടാൻ ഒരു വാതിലും…..

ഒടുവിൽ അത് നടന്നു..മരവിപ്പോടെ അയാളുടെ താലി ഏറ്റ് വാങ്ങി….

നിർത്താതെ അപ്പഴും പെയ്തിരുന്നു മിഴികൾ രണ്ടും, ഹൃദയം മുറിഞ്ഞ് നൊന്തിരുന്നു വല്ലാണ്ട്, ആരോരുമില്ലാത്തതിൻ്റെ, നിസ്സഹായതയുടെ നോവ് …..

ശാന്തി മുഹൂർത്തം കുറിച്ച് കിട്ടിയപ്പോൾ അറവ് മാടിനെ പോലെ ചെന്നു നിന്നു…ഒരു വേട്ടമൃഗത്തെ കീഴ്പ്പെടുത്തുന്ന ശൗര്യത്തോടെ അയാൾ അവളെ കീഴ്പ്പെടുത്തി….

ബെഡിലെ ചോരത്തുള്ളികൾ അവളിൽ മരവിപ്പായി തീർന്നു, സ്വന്തം ഇഷ്ടമില്ലാതെ അറിയാൻ ശ്രമിക്കാതെ തൻ്റെ ക ന്യകാത്വം അയാൾ കവർന്നെടുത്തിരിക്കുന്നു…

അലറി കരയണമെന്ന് തോന്നി…ഒരു ഭ്രാന്തിയെ പോലെ ഓടണമെന്ന് തോന്നി..ഒരുതരം മരവിപ്പായി ജീവിതത്തോട് തന്നെ,

നാലഞ്ച് ദിവസങ്ങൾക്ക് ശേഷം മുരുകൻ്റെ കൂടെ കേരളത്തിൽ എത്തപ്പെട്ടു…

തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ നിന്ന് മാറി മുരുകൻ ഒരു ചെറിയ ഒറ്റമുറി വീട് വാടകക്കെടുന്നു ..

മുറ്റത്ത് പടുകൂറ്റൻ മാവുളള അതിൻ്റെ തണലിൽ ഒതുങ്ങി നിൽക്കുന്ന ഒരു കുഞ്ഞു വീട്….

മാവിലകൾ വീണ് മുറ്റമാകെ നിറഞ്ഞിരുന്നു..മാർഗഴി – തൈ മാസമായതിനാൽ നിറയെ കണ്ണിമാങ്ങയും…..

ഒരെണ്ണം എടുത്ത് ഒന്ന് കടിച്ചു….വീണിട്ടേ ഉള്ളൂ തോന്നുന്നു..കറും”” എന്ന ശബ്ദത്തോടെ അത് മുറിഞ്ഞു,അതോടൊപ്പം കിനിഞ്ഞ ചുണ നാവിൽ സുഖകരമായ ഒരു പൊള്ളൽ സമ്മാനിച്ചു…സ്സ്സ്സ്സ് …..എരു വലിച്ചവൾ അതിൻ്റെ ചവർപ്പിലേക്കും പുളിയിലേക്കും ലയിച്ചു….

“വെള്ള മൂവാണ്ടനാ… ഉപ്പും മുളകും തിരുമ്മി കൊറച്ച് വെളിച്ചണ്ണേം ഒഴിച്ചാ ഒരു പറ അരീൻ്റെ കഞ്ഞി മോന്താ

മുരുകൻ്റെ പെണ്ണുങ്ങളാ ??”

മതിലിനു മുകളിൽ പത്ത് അറുപത്തഞ്ച് വയസ് തോന്നിക്കുന്ന ഒരു തല പ്രത്യക്ഷമായി ചോദിച്ചു….

“ആ…. എണ്ടെ ഭാറ്യയാ…”

മുറി മലയാളത്തിൽ മുരുകൻ മറുപടി നൽകി…

“എന്താ അയിൻ്റ പേര് “

അവര് വീണ്ടും ചോദിച്ചു, ഒന്നും മനസിലായില്ലെങ്കിലും നിരയൊത്ത പല്ലാലെ മല്ലി അവർക്കായി നല്ല ഒരു ചിരി സമ്മാനിച്ചു…

“മല്ലി”

വീണ്ടും മുരുകനാണ് മറുപടി പറഞ്ഞത് …

പേര് കേട്ട് അവർ ഒന്ന് ചിരിച്ചു..

“മല്ലിയേ!! ഞാൻ രമണി, ഇൻ്റ മൂപ്പരാ രാഘവർ, ഓരെ കൂടെയാ മുരുകൻ പണിക്ക് പോണ് “

മിഴിച്ചു നിന്ന മല്ലിക്ക് രമണി പറഞ്ഞത് മുരുകൻ തമിഴിൽ പറഞ് കൊടുത്തു..

രമണി, രമണി അക്കാ ആയി

പിന്നങ്ങോട്ട് മല്ലിക്ക് എന്തിനും ഏതിനും രമണി അക്കാ കൂടെയുണ്ടായിരുന്നു …
അവർക്കായി അവർ ഒരു ഭാഷ ഉണ്ടാക്കി എടുത്തു സ്നേഹത്തിൻ്റെ ഭാഷ….

ഇതിനിടയിൽ എപ്പഴോ സ്വന്തം ഭർത്താവിനോട് ഉള്ളിൽ അറിയാത്തൊരു വികാരം മല്ലിക്കും മുളപൊട്ടിയിരുന്നു ….

അയാളുടെ വസ്ത്രങ്ങൾ വൃത്തിയിൽ അലക്കിത്തേച്ചും, മുരുകന് ഇഷ്ടപ്പെട്ട മീൻ കൊളമ്പും , കത്രിക്കാ കരുവാട് കൊളമ്പും ഒക്കെ ഉണ്ടാക്കി വച്ച് അയാളത് സ്വാദോടെ കഴിക്കുന്നത് ഒരു വാതിലിനപ്പുറം നിന്ന് നോക്കി മിഴികൾ വിടർത്തിയും ഒക്കെ പ്രകടിപ്പിച്ചു പോന്നു…

മുരുകൻ്റെ മുഖത്തും അവൾക്കായി നേർത്തതെങ്കിലും ഉള്ളിൽ തട്ടിയ ഒരു ചെറു പുഞ്ചിരി തെളിയാൻ തുടങ്ങി….അത്രയും നേർത്ത ഒരു ചിരി ….

ഒടുവിൽ കണ്ണിമാങ്ങ അളവിലേറെ ഉപ്പും മുളകും കൂട്ടി തിന്നുന്നവളെ രമണി അക്ക കയ്യോടെ പൊക്കി,

ഉറപ്പിക്കാനായി അടുത്തുള്ള ഗവൺമെൻ്റ് ആശുപത്രിയിൽ എത്തി….

“ഗർഭം ണ്ട് “

എന്ന് ഒട്ടും മയമില്ലാതെ നഴ്സ് പറഞ്ഞത് കേട്ട് രമണിച്ചേച്ചി ചിരിച്ചു,ഒപ്പം നാണത്തിൽ പൊതിഞ്ഞ ഒരു ചിരി മല്ലിയും ചിരിച്ചു..

മുരുഗനോട് വിക്കിയാണെങ്കിലും മല്ലി കാര്യം പറഞ്ഞു….അയാൾക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു ..അതും ഇതും ഒക്കെ എടുത്ത്, എടുത്തിടത്ത് തന്നെ വച്ച് അയാൾ വെപ്രാളപ്പെട്ടു..അവളെയും കൊണ്ട് നാട്ടിലേക്ക് പോയി മുരുഗൻ അവിടെ അക്ക അവർക്ക് നേരെ മുഖം തിരിച്ചു,

പണ്ടത്തെ പോലെ പണമയക്കാത്തതിനാൽ,ഭർത്താവിൻ്റെ കിട്ടുന്ന പണം മുഴുവൻ പിടുങ്ങുന്ന ഭാര്യയുടെ സ്ഥാനം മല്ലിക്കും കിട്ടി….

“നാങ്ക പോറേൻ “

എന്നും പറഞ്ഞ് മുരുകൻ മല്ലിയുടെ കൈപിടിച്ച് ആ പടിയിറങ്ങുമ്പോഴും ആരും അവരെ ഗൗനിച്ചില്ല….

ഈ ബന്ധം ഇനി വേണ്ട എന്ന് പറഞ്ഞത് മുരുകനായിരുന്നു …

മല്ലിക്ക് അത് കേട്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല,

കണ്ണിമാങ്ങകൾ വലുതായി, മൂത്തു, പഴുത്തു..ഒപ്പം മല്ലിയുടെ ഉള്ളിലെ തുടിപ്പും, മാങ്ങയുടെ കാലം മാറി..

മല്ലി പൂർണ്ണ ഗർഭിണിയായി,

ഒരമ്മയേക്കാൾ അധികമായി രമണി അക്കയും രാഘവ അണ്ണനും അവളുടെ കൂടെ നിന്നു…

തിരിഞ്ഞു നോക്കാത്ത സ്വന്തം മകളെ ഒരു പക്ഷെ മല്ലിയിലൂടെ നേടിയെടുത്തതാകാം,

“നിനക്ക് ആണാടി പെണ്ണാടി വേണ്ടേ?”

മുടി കോതി കൊടുക്കുന്നതിനിടയിൽ തമാശ പോലെ രമണി അക്ക ചോദിച്ചു,

“ഏതാനാലും പർവ്വാ ഇല്ലേ…. ആനാ, എൻ മാതിരി ആകകൂടാത്…. നെറയേ പഠിക്ക വെക്കണം…. നാൻ അതക്കാകെ എന്ന വേണാലും സെയ്യുവേൻ…”

അത് പറഞ്ഞപ്പോൾ ആ മിഴിയിൽ രണ്ട് നീർത്തുള്ളികൾ പതിയെ ഉരുണ്ടുകൂടി :..

” അക്കാ, പെൺകൊളന്തയാനാ ചന്ദ്ര” ന്ന് പേര് വക്കണം…. അത് എൻ ടീച്ചറൊടെ പേര്”

“ചന്ദ്രയോ അത് ആണ്ങ്ങടെ പേരല്ലേ പെണ്ണേ ?”

പൊട്ടിച്ചിരിച്ചവൾ പറഞ്ഞു അവരുടെ നാട്ടിൽ പെണ്ണിനും ഈ പേരാണ് എന്ന്,

ചോദ്യങ്ങളും ഉത്തരങ്ങളുമായി അവർ അങ്ങനെ ഇരുന്നു….

പെട്ടെന്നൊരു ദിവസം വേദന വന്ന് അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി മുരുകൻ….

വിവരമറിഞ്ഞ് രമണി അക്ക പുറകേ പാഞ്ഞു,

അവളെ പോലൊരു പെൺകുഞ്ഞിന് ജന്മമേകി അവളീ ലോകത്ത് നിന്ന് യാത്രയായി…..

അവളുടെ പ്രിയപ്പെട്ട മാവിൻ ചുവട്ടിൽ കണ്ണിമാങ്ങകൾ ഇക്കിളി കൂട്ടി പതിക്കും വിധത്തിൽ അവളെ അടക്കി,

പുറമേ ഭാവിച്ചില്ല എങ്കിലും ഇക്കാലം കൊണ്ട് മുരുഗൻ്റെ ലോകം തന്നെ മല്ലിയിലേക്ക് ഒതുങ്ങിയിരുന്നു ….

അയാൾക്ക് താങ്ങാൻ കഴിയാവുന്നതിലും അപ്പുറത്തായിരുന്നു അവളുടെ വിയോഗം, മെല്ലെ കുടിയനായി, പിന്നെ മുഴുക്കുടിയനായി….

രമണി അക്ക മല്ലിയുടെ കുഞ്ഞിനെ പൊന്നു പോലെ നോക്കി, ചന്ദ്ര എന്ന് പേര് വച്ചു,ആട്ടിൻ പാല് കാച്ചി കുടിപ്പിച്ചും റാഗി കുറുക്കി കൊടുത്തും അവളെ പോറ്റി, മാവിൻ ചുവട്ടിൽ കൊണ്ട് പോയി, മാകന്ദപ്പൂവിൻ്റെ ഗന്ധമാണ് ഇനി നിൻ്റെ അമ്മ എന്ന് പഠിപ്പിച്ചു…

മുരുഗൻ മാത്രം ചന്ദ്രയെ തിരിഞ്ഞ് പോലും നോക്കിയില്ല…..

കുടിച്ച് വന്ന് ബോധം മറയുന്നതിന് മുമ്പ് ചന്ദ്രയെ കാണുമ്പോൾ “കൊലകാരി”

എന്ന് വേദനയോടെ പുലമ്പിയിരുന്നു …..അവൾ മല്ലിയുടെ കൊലപാതകിയായി അയാളുടെ മനസിൽ….

കൂടെ ജോലി ചെയ്യുന്ന മാരിയമ്മ”” മെല്ലെ മുരുകൻ്റെ കൂടെ കൂടി,

“നാൻ മുരുഗണ്ണാവുടെ പൊണ്ടാട്ടി താൻ ” എന്ന് ഒളിഞ്ഞ് പിന്നെ തെളിഞ്ഞ് പറയാൻ തുടങ്ങി….അതിൽ പിന്നെ മൂന്നു വയസുള്ള ചന്ദ്രയെ രമണി അക്ക കൂടെ തന്നെ നിർത്തി,

മാരിയമ്മ ദുഷ്ടയാണെന്ന് അവർക്ക് അറിയാമായിരുന്നു…തരം കിട്ടുമ്പാഴൊക്കെയും അവർ ചന്ദ്രയെ ക്രൂരമായി ഉപദ്രവിച്ചു..രമണി അക്ക അതറിഞ്ഞ് അവൾക്കൊരു കവചമായി …

അവിടെയും വിധിയുടെ വിളയാട്ടം നടന്നു.. സൊസൈറ്റിയിലേക്ക് പാലുമായി പോയ രമണി അക്കയെ ലോറിയിടിച്ചു…

അവർ മല്ലിയുടെ ലോകത്തേക്ക് പോയി രാഘവേട്ടന്നെ മക്കൾ വന്ന് കൊണ്ട് പോയി,

ചന്ദ്ര മാരിയമ്മയുടെ കൈയ്യിലെത്തി…..

മൂന്നു വയസുകാരി കൊടും പീഢകൾ ഏറ്റുവാങ്ങി….

കണ്ട് നിൽക്കാനാവാതെ ഒരമ്മ മനം പൊള്ളിപ്പിടഞ്ഞു…അതിൻ്റെ ചൂടിൽ കരിഞ്ഞ മാകന്ദപ്പൂക്കൾ നിലം പതിച്ചു…

കുടിച്ച് ബോധമില്ലാത്തവൻ ഒന്നും അറിഞ്ഞില്ല….

ഒടുവിൽ …. ഒടുവിൽ എല്ലാത്തിനും സമാപ്തി കുറിച്ചാ കുഞ്ഞ് പരലോകം പുൽകി …..

ഒടുവിൽ പഴുത്തചട്ടുകപ്പാടില്ലാത്ത ഒരിഞ്ച് സ്ഥലം പോലും ഇല്ലാത്ത ആ കുഞ്ഞു ദേഹം പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടർ പോലും കരഞ്ഞുകൊണ്ടാ റിപ്പോർട്ട് എഴുതി,

“”മരിക്കുന്നതിന് രണ്ട് ദിവസം മുമ്പു തൊട്ട് ആ കുഞ്ഞി വയറിൽ ആഹാരമേ ചെന്നിട്ടില്ലത്രേ,… രണ്ട് കുഞ്ഞു കണ്ണിമാങ്ങത്തുണ്ടല്ലാതെ …..””

യഥാർത്ഥ ഒരു സംഭവത്തെ ആസ്പദമാക്കി, നിഹാരിക

Scroll to Top