അനാഥർ..
രചന. : ആതിര ആതി
” ടോ.. തെ ണ്ടി തിരിഞ്ഞ് നടക്കുന്ന തന്നെ പോലുള്ളവർക്ക് വേണ്ടിയുള്ള സത്രം ഒന്നുമല്ല ഇത്..ഇതേ ആർഭാടമായി ജീവിക്കുന്നവർ വരുന്ന ഫൈ സ്റ്റാർ ഹോട്ടൽ ആണ്..വേഗം പോക്കൊ..ഇത് തുടങ്ങിയിട്ട് ആകെ രണ്ട് ദിവസം ആയെ ഉള്ളൂ .അപ്പോഴേക്കും വന്നു യാചിച്ച് കൊണ്ട്. സാർ കാണണ്ട.വേഗം പൊക്കൊ..”
സൂപ്പർവിഷൻ ചെയ്യുന്നതിനിടയിൽ ആണ് റിസപ്ഷനിൽ ഇരിക്കുന്ന ഒരുവൻ്റെ ശബ്ദത്തിലെക്ക് ചെവികൾ കൂർപ്പിച്ചത്.കാലുകൾ തനിയെ ആ ഭാഗത്തേക്ക് ചലിച്ചു.എന്നെ കണ്ടപാടെ അവൻ മുഖത്ത് ഒരു ചിരി വരുത്തി ,ഒന്ന് ബഹുമാനിച്ചു.
” എന്താണ് മിസ്റ്റർ അനിരുദ്ധ് ഇവിടെ ആകെ ഒരു ബഹളം..?”
അപ്പോഴും പോകാതെ ചില്ലുകൂട്ടിനുള്ളിൽ ഉള്ള ആഹാരം കണ്ണെടുക്കാതെ നോക്കി നിൽകുന്ന വൃദ്ധനിലേക്ക് അവൻ്റെ കണ്ണുകൾ പാളുന്നത് ശ്രദ്ധിച്ചത്. കീറിപ്പറിഞ്ഞ ഷർട്ടും മുണ്ടും ആണ് വേഷം. ജഡ പിടിച്ച മുടിയും താടിയും.നരകൾ വീണ മുടിയിഴകൾ. മഞ്ഞ് പൊതിഞ്ഞ പോലെ വെളുത്ത രോമങ്ങൾ തിങ്ങി നിറഞ്ഞ പുരികം.കുഴിയിൽ വീണ കണ്ണുകളിൽ അപ്പോഴും ഒരു തിളക്കം ഉള്ളത് പോലെ തോന്നി.ഇത്രയും ബഹളത്തിൻ്റെ ഇടയിലും ശ്രദ്ധ മുഴുവൻ ആഹാര പദാർത്ഥങ്ങളിൽ ആയിരുന്നു.ഇടയ്ക്ക് അടുത്തുകൂടി നടക്കുന്നവർക്ക് നേരെ കൈകൾ നീട്ടുന്നുണ്ട്.തിരക്കുകൾക്ക് ഇടയിൽ ഒന്ന് നോക്കുക പോലും ചെയ്യാതെ നടന്നകലുന്ന അവർക്ക് നേരെ പുഞ്ചിരി വിടർന്ന ചുണ്ടുകൾ കൊണ്ട് യാത്ര മൊഴിയുന്ന പോലെ.ചിലർ കൈയിൽ ഉള്ള തുട്ടുകൾ നൽകുന്നുണ്ട്.
” ടോ. തന്നോട് ആണ് ചോദിക്കുന്നത്,എന്താണ് എന്ന്.?”
” അത് പിന്നെ സർ.. ഇയാൾ ഇവിടെ കുറെ നേരമായി നിൽക്കുന്നു.കൈയിൽ കാശ് ഒന്നുമില്ല.ഭിക്ഷക്കാരൻ ആണെന്ന് തോന്നുന്നു.”
” അനിരുദ്ധ് ,ഒരു കാര്യം ചെയ്യുക.അയാളെ നമ്മുടെ അടുക്കളയുടെ പിൻവശത്തെ വാതിലിൽ കൂടെ കൊണ്ടുവരൂ .”
അവജ്ഞതയോടെ അനിരുദ്ധ് മുഖത്തേക്ക് നോക്കിയപ്പോൾ ,പിന്തിരിഞ്ഞ് നടന്നു.
അടുക്കള ഭാഗത്തേക്ക് അയാളെ കൊണ്ടുവന്നു നിർത്തിയിട്ട് അനിരുദ്ധ് പുഞ്ചിരിച്ചു നടന്നു പോയി.അടുക്കളയിൽ ആകെ അയാളുടെ കണ്ണുകൾ പരത്തുന്നത് കണ്ടു.വിശപ്പിൻ്റെ കാഠിന്യം ആ കണ്ണുകളിൽ തെളിഞ്ഞു കാണാം.
” രാഹുൽ..ഇത് ആരാ..? ഇയാളെ എന്തിനാ അകത്തേക്ക് കയറ്റിയത്?”
ബിസിനസ് പാർട്ണർ ആയ അജീഷ് ആണ്.
” ഇതുപോലെ അന്ന് വിശ്വനാഥൻ മേനോൻ ആലോചിച്ചിരുന്നു എങ്കിൽ ഇന്ന് ഞാനും ഈ ഹോട്ടലും ഇല്ല എന്ന് ഞാൻ നിനക്ക് പ്രത്യേകിച്ച് പറഞ്ഞു തരണോ ടാ… അനാഥാലയത്തിൻ്റേ പടി കയറി വന്നു എന്നെ ഈ നിലയിൽ എത്തിച്ച മനുഷ്യൻ്റെ കുറച്ച് ഗുണം എങ്കിലും എനിക്ക് വേണ്ടെ.അനാഥത്വത്തിൻ്റെ കയ്പ്പുനീർ ഒരുപാട് കുടിച്ചവൻ ആണേടോ ഞാനും.”
അജീഷ് പുഞ്ചിരിച്ച് കൊണ്ട് തിരികെ നടന്നു.അപ്പോഴാണ് തങ്ങളെ തന്നെ നോക്കി നിൽക്കുന്ന അയാളിൽ ശ്രദ്ധ പതിച്ചത്.ഒരു സ്റ്റൂൾ അയാൾക് നേരെ നീക്കി ഇട്ടു കൊടുത്തു.ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ച് അയാൾ ഇരുന്നു. അടുത്തായി ഞാനും.
” അല്ല…നിങ്ങളുടെ പേര് എന്താണ്?”
വിറയലോടെ ഉള്ള ശബ്ദത്തിൽ പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു. ” മാധവൻ..”
” എന്താണ് കഴിക്കാൻ വേണ്ടത് എന്ന് പറയൂ..എന്ത് വേണമെങ്കിലും തരാം..”
” വിശന്നു വലഞ്ഞു നടക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസമായി മോനെ..എന്തെങ്കിലും തന്നാൽ മതി.വയ്യ ഇനി വീണു പോകും.”
” ഹരി..താൻ ഇയാൾക്ക് കഴിക്കാൻ ആഹാരം കൊടുക്കു..എന്തെല്ലാം വേണമോ അതൊക്കെ കൊടുക്കു…”
ഒരു പ്ലേറ്റ് നിറയെ ചോറും മീൻകറിയും അയാളുടെ മുന്നിൽ വച്ചപ്പോൾ ,അതിൽ നിന്നും ഒരു ഭാഗം കീശയിൽ കരുതിയ പ്ലാസ്റ്റിക് കവറിലേക്ക് നിറയ്ക്കുന്നത് കണ്ടിട്ട് തെല്ലൊരു ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു..
” അല്ല..ഇത് ആർക്ക് വേണ്ടി ആണ്? നാളെ കഴിക്കാൻ ആണോ..?”
എൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു..
” അല്ല മോനേ..ഞാൻ പോകുന്ന വഴിക്ക് ഒരു ചെറിയ പയ്യൻ ഉണ്ട്.അവനും എന്നെ പോലെ ആരുമില്ല.വിശന്നു കൊണ്ട് കിടക്കുന്നത് കണ്ടിട്ടാണ് ഞാൻ ഇറങ്ങിയത്. ഇന്നലെ അവന് ചെറിയ പനി ഉണ്ടായിരുന്നു.ഈ ചോറ് അവന് കൊടുക്കാൻ ആണ്.”
” അത് വേണ്ട.നിങ്ങള്ക് കഴിക്കാൻ തന്നത് കഴിക്കൂ..അല്ലാതെ..”
പെട്ടെന്ന് ആണ് അയാൾ പ്ലേറ്റ് അവിടെ വച്ചിട്ട് എഴുന്നേറ്റത്. ” ഞാൻ വയസ്സ് ആയതല്ലെ മോനെ.എന്നെ പോലെ ആണോ അവൻ .വിശപ്പും ദാഹവും എത്ര സഹിക്കാൻ കഴിയും?എനിക്ക് ഒന്നും ഇല്ലെങ്കിലും അവന് തന്നാൽ മതി.”
ചിരിച്ചുകൊണ്ട് ഞാൻ മറുപടി പറഞ്ഞു..” അതിനു അവന് ഈ ആഹാരം കൊടുക്കണ്ട എന്നല്ലേ ഞാൻ പറഞ്ഞുള്ളു..അവനുള്ളത് വേറെ തരാം.”
ആഹാരം തൃപ്തിയോടെ വയർ നിറയെ കഴിക്കുന്ന അയാളെ നോക്കി ഞാൻ സംതൃപ്തി അടഞ്ഞു.
” ദാ..അവനുള്ള ആഹാരം.ആരുമില്ലത്തവർക് ദൈവം തുണ ഉണ്ടാവും..”
” മോൻ നന്നായി വരട്ടെ..”
തലയിൽ കൈവച്ച് അനുഗ്രഹിച്ചു നടന്നു നീങ്ങുന്ന അയാളെ നോക്കി ഞാൻ നെടുവീർപ്പ് ഇട്ടു.
ഫോൺ എടുത്ത് അച്ഛനെ വിളിച്ചു..” എന്താ മോനെ ഈ നേരത്ത്..നീ വരാൻ വൈകും എന്ന് പറയാൻ ആണോ?”
” അതേ അച്ഛ..എനിക്ക് ഒരു വീട് നോക്കാൻ പോണം.”
” വീടോ…അത് ഇപ്പൊ എന്തിനാ..മാളിക കുറെ എണ്ണം ഉണ്ടല്ലോ..”
” അല്ല അച്ഛ..കുറച്ച് സ്ഥലവും പിന്നെ ഒരു നാലുകെട്ടും അതാണ് വേണ്ടത്.ഞാൻ പുതിയ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്.അതിനും കൂടി ആണ് ഇപ്പൊ വിളിച്ചത്.”
” എന്താണ്..?”
” ഒരു അനാഥമന്ദിരം…അല്ല.. സനാഥമന്ദിരം…”
പുഞ്ചിരിയോടെ അച്ഛൻ മറുപടി പറഞ്ഞു..
” നന്നായി മോനെ..വൃദ്ധസദനങ്ങളിൽ കുമിഞ്ഞു കൂടുന്ന വൃദ്ധരെയും അനാഥത്വത്തിലേക്ക് വലിച്ചെറിയപെടുന്ന കുഞ്ഞുങ്ങളെയും പരിപാലിക്കാൻ അവർക്കായി ഒരു ലോകം..നിൻ്റെ എല്ലാ കാര്യത്തിനും അച്ഛൻ്റെ പിന്തുണ ഉണ്ടാവും..”
” ശരി അച്ഛ..ഞാൻ വേഗം എത്താൻ നോക്കാം. കഴിക്കണെ..”.
” അഹ്…” മറുഭാഗത്ത് ഫോൺ കട്ട് ആയി.നിലവിളക്കിൻ്റെ വെളിച്ചത്തിൽ മാലയിട്ട ഭാര്യയുടെയും മകൻ്റെയും ചിത്രങ്ങളിൽ നോക്കി കണ്ണുനീർ വാർത്തു അയാൾ ചിരിച്ചു..
‘” നിങ്ങൾ എന്നെ അനാഥനാക്കി പോയപ്പോൾ ഞാൻ കൂട്ട് പിടിച്ച അവനിപ്പോൾ മറ്റുള്ളവർക്ക് തണൽ ആകുന്നു.നിങ്ങൾക്കും സന്തോഷം അല്ലേ..?” കണ്ണീരോടെ അയാൾ തിരിഞ്ഞ് നടന്നു.
അപ്പോഴും ഒന്നുകൂടെ തെളിഞ്ഞു കത്തിയ നിലവിളക്കിൻ്റെ പ്രകാശത്തിൽ , ഇരു ചിത്രങ്ങളുടെ മുഖത്തും പുഞ്ചിരി വിടർന്നതായി തോന്നി.
അന്നേരം രാഹുൽ യാത്ര തുടരുക ആയിരുന്നു,അനാഥത്വം എന്ന ഇരുട്ടിൽ കഴിയുന്നവർക്ക് വെളിച്ചം പകരാൻ..
അവസാനിച്ചു