രചന: മഹാ ദേവൻ
പെണ്ണ് കാണാൻ വന്നവർ വീട്ടിലെത്തി എന്നും പറഞ്ഞ് അമ്മ ദൃതിയിൽ വിളിക്കുന്നത് കേട്ടപ്പോൾ ഹിമയ്ക്ക് ദേഷ്യമാണ് വന്നത്.
” നീ ഒന്ന് വേഗം വരുന്നുണ്ടോ ഹിമേ. അവർ വന്നിട്ട് എത്ര നേരമായെന്ന് അറിയോ ” എന്ന് ചോദിച്ചു ദേഷ്യപ്പെടുന്ന അമ്മയോട് പറയാൻ നാക്കിൻതുമ്പിൽ മറുപടി വന്നെങ്കിലും ” ആം, വരാം ” എന്ന് അല്പം ഈർഷ്യത്തോടെ പറഞ്ഞവൾ ഫോൺ കട്ട് ആക്കി. രാവിലെ ടൗണിലുള്ള കൂട്ടുകാരിയുടെ വീട്ടിലേക്ക് ഇറങ്ങിയതാണ്. വന്ന് കേറിയപ്പോഴേക്കും ദേ, വീട്ടിൽ നിന്നും വിളി. പെണ്ണ് കാണാൻ ഏതോ കൂട്ടർ വന്നിട്ടുണ്ടെന്ന്.
ആകെ കിട്ടുന്ന ഒരു ഞായർ ഏതേലും കൂട്ടുകാരുടെ കൂടെ കുറച്ചു നേരം സമയം ചിലവഴിക്കാമെന്ന് വെച്ചാ സമ്മതിക്കില്ലല്ലോ എന്നും മനസ്സാൽ പ്രാകികൊണ്ട് സ്കൂട്ടിയുമെടുത്തു വീട്ടിലെത്തുമ്പോൾ കണ്ട് ഉമ്മറത്തു കിടക്കുന്ന കാർ.
അവളുടെ വണ്ടി ഗേറ്റ് കടന്ന് വരുന്നത് കണ്ടപ്പോഴേ അടുക്കളഭാഗത്തുകൂടി ഉമ്മറത്തെത്തിയ അമ്മ അകത്തേക്ക് കേറാൻ തുടങ്ങുന്ന ഹിമയെ കൈ കാട്ടി അരികിലേക്ക് വിളിച്ച് ” അവരൊക്കെ അവിടെ ഇരിക്കുന്നുണ്ട് ഹിമേ, നീ ഈ വേഷവുമായി ഇങ്ങനെ കേറി ചെന്നാൽ അവരെന്തു കരുതും. നീ ഇതിലെ വന്ന് ആ മുഖമൊക്ക കഴുകി ആ ഡ്രസ്സ് ഒക്കെ ഒന്ന് മാറി ഉമ്മറത്തേക്ക് ചെല്ല്.. നിന്നെ ഒന്ന് കണ്ടിട്ട് പോവാമെന്ന് പറഞ്ഞ് ഇരിക്കുവാ അവർ ” എന്നും പറഞ്ഞ് അവളെ ഗൗരവത്തോടെ നോക്കുമ്പോൾ അമ്മയുടെ ഓരോ കാര്യങ്ങൾ കേട്ട് അവൾക്ക് ചിരിയാണ് വന്നത്..
” അല്ല, ഞാൻ ഒരു കാര്യം ചോദിക്കട്ടെ അമ്മേ. അവർ പെണ്ണിനെ കാണാൻ വന്നതാണോ അതോ പെണ്ണിന്റ മേക്കപ്പ് കാണാനോ? അല്ല, അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ. അമ്മ വിളിച്ചപ്പോഴേ വന്ന ദേഷ്യമാ എനിക്ക്. രാവിലെ പറയാതെ കേറി വന്നിട്ട് പെണ്ണിനെ കാണണം എന്ന് പറഞ്ഞാൽ ഇവരേം കാത്തിരിക്കുവാനോ ഞങ്ങളെ പോലുള്ളവർക്ക് പണി? അതും പോരാ. ഇനിപ്പോ ഡ്രസ്സ് മാറണം ചായയുമായി മുന്നിൽ ചെല്ലണം. എന്നിട്ട് പെണ്ണിന് വിലയിട്ട് കച്ചോടം ഉറപ്പിക്കണം …ന്താല്ലേ…ന്റെ അമ്മേ, അങ്ങനെ ഒരുങ്ങിക്കെട്ടി നിൽക്കാനൊന്നും എനിക്ക് വയ്യ.. ഈ ഡ്രെസ്സിനിപ്പോൾ എന്തേലും കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.. അതുകൊണ്ട് ഇങ്ങനെ കാണാൻ പറ്റുന്നവർ കണ്ടാൽ മതി എന്നെ….
ഒരു ഡ്രസ്സ് ഇടാൻ പോലും മറ്റുള്ളവരുടെ അനുവാദം ഇപ്പഴേ നോക്കേണ്ട അവസ്ഥ വന്നാൽ പിന്നെ അങ്ങോട്ട് എന്താകും ജീവിതം… ഹോ.. ആലോചിക്കാൻ പോലും വയ്യ…അതുകൊണ്ട് എന്റെ പൊന്നമ്മ പോയി അവർക്ക് ചായ എടുത്ത് കൊടുക്ക്. അപ്പോഴേക്കും ഞാൻ ഒന്ന് ബാത്റൂമിൽ കേറിയെച്ചും വരാം.. വയറിനെന്തോ ഒരു അസ്കിത “
അവൾ അതും പറഞ്ഞ് ഉമ്മറത്ത് കൂടിതന്നെ അകത്തേക്ക് കയറുമ്പോൾ അമ്മ നെഞ്ചിടിപ്പോടെ അടുക്കളളഭാഗത്തേക്ക് നടന്നു.
ഉമ്മറത്ത് കാത്തിരിക്കുന്നവർക്കിടയിലേക്ക് കയറിയ ഹിമയെ കണ്ട് അവളുടെ അമ്മാവൻ
” ഇതാണ് ട്ടോ പെണ്ണ് ” എന്ന് എല്ലാവരെയും പരിചയപ്പെടുത്തുമ്പോൾ അവിടെ ഇരിക്കുന്നവരെ നോക്കി ഒന്ന് ചിരിച്ച് അകത്തേക്ക് കയറുമ്പോൾ വന്ന് കേറിയവർ പരസ്പ്പരം നോക്കുന്നുണ്ടായിരുന്നു.
അടുക്കളവഴി അകത്തേക്ക് കയറിയ അമ്മ ചായയുമായി ഉമ്മറത്തെത്തി എല്ലാവർക്കും നൽകുമ്പോൾ റൂമിലേക്ക് കേറിയ ഹിമ മുടി മാത്രം ഒന്ന് ഒതുക്കിക്കെട്ടി ഉമ്മറത്തേക്ക് വന്നു.
അവളെ കണ്ടപാടെ വന്ന് കേറിയവർ ഒന്ന് ഉഷാറായി ഇരിക്കുമ്പോൾ അവളുടെ കയ്യിൽ പിടിച്ച അമ്മാവൻ ഒരു പരിചയപ്പെടുതലെന്നോണം പറയുന്നുണ്ടായിരുന്നു
” അപ്പോൾ ഇതാണ് പെണ്ണ്.. ഹിമ.. ഒറ്റ മോളാ… ഇപ്പോൾ ഇവിടെ ഒരു ബാങ്കിൽ വർക്ക് ചെയ്യുന്നുണ്ട്. “
പിന്നെ ഹിമക്ക് നേരെ തിരിഞ്ഞ് അവൾക്കും വന്നവരെ ഓരോരുത്തരെ ആയി പരിചയപ്പെടുത്തുമ്പോൾ കൂടെ ” ഇതാണ് മോളെ ഗൗതം . ഗൾഫിൽ ഒരു ഓയിൽകമ്പനിയിൽ മാനേജർ ആണ്. ഇപ്പോൾ രണ്ട് മാസം ലീവ് ഉണ്ട്. അതിനുള്ളിൽ കല്യാണം നടത്താൻ ആണ് ഇവർക്ക് താല്പര്യം. ” എന്ന്.
അത് കേട്ട് അവളൊന്നു ചിരിച്ചെന്ന് വരുത്തുമ്പോൾ അവനും അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു .
” ഇനി പെണ്ണിനും ചെക്കനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ ” എന്ന് പറഞ്ഞ് അമ്മാവൻ രണ്ട് പേരെയും ” ഏയ്യ്.. ഇനിപ്പോ എന്ത്ചോദിക്കാനാ.. നമുക്കിടയിൽ രഹസ്യങ്ങൾ ഒന്നുമില്ലല്ലോ മാറിനിന്നു സംസാരിക്കാൻ. പിന്നെ ഇവനെ പോലെ നല്ല ജോലിയും സ്വഭാവവും ഉള്ള ചെക്കനെ മോൾക്ക് ഭർത്താവായി കിട്ടുമ്പോൾ അതിൽ കൂടുതൽ എന്താണിപ്പോ ചോദിക്കാനും പറയാനും.. അല്ലെടാ ഗൗതം ” എന്നും പറഞ്ഞ് അവന്റ കൂടെ വന്ന ചിറ്റപ്പൻ അവനെ നോക്കുമ്പോൾ എല്ലാം അനുസരിക്കുംപോലെ അവൻ ചിരിച്ചുകൊണ്ടൊന്ന് തലയാട്ടി.
“അപ്പൊ ഇനി നിനക്ക് ഇവിടെ വെച്ച് എന്തേലും ചോദിക്കാനുണ്ടെങ്കിൽ ചോദിച്ചോ.. എന്നിട്ട് നമുക്ക് ഇറങ്ങാം. “
ചിറ്റപ്പൻ അല്പം ഗൗരവത്തോടെ പറയുന്നത് കേട്ട് അവനൊന്ന് ഉഷാറായി ഇരുന്നു. പിന്നെ ചിരിയോടെ അവളെ നോക്കി ” ഹിമ ഏത് വരെ പഠിച്ചുഇന്ന് ചോദിക്കുമ്പോൾ ” PG.കഴിഞ്ഞ് പിന്നെ ബാങ്ക് കോച്ചിങ്ങിന് ചേർന്നു. ” എന്നും പറഞ്ഞവൾ അവന്റ മുഖത്തേക്ക് തന്നെ നോക്കുമ്പോൾ പെണ്ണ് കാണൽചടങ്ങിൽ ഒരു പെണ്ണിന്റെ മുഖത്തു കാണുന്നതിനേക്കാൾ നാണം അവന്റ മുഖത്തുണ്ടല്ലോ എന്ന് ചിന്തിച്ചവൾ ഉള്ളാലെ ചിരിക്കുകയായിരുന്നു.
അടുത്ത ചോദ്യം ചോദിക്കാൻ വന്ന അവന് മുന്നേ ഇടയ്ക്ക് കേറിയ ചിറ്റപ്പനായിരുന്നു പിന്നെ സംസാരിച്ചത്.
” മോളെ.. അറിയാലോ.. ഇവനവിടെ നല്ലൊരു ജോലിയുണ്ട്. നല്ല സാലറിയും. അതുകൊണ്ട് മോൾക്കവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. പിന്നെ ഇത്ര ദൃതി പിടിച്ച് കല്യാണം നടത്തുന്നത് എന്തെന്ന് വെച്ചാൽ വീട്ടിൽ അമ്മയും ഒരു ചേച്ചിയുമാണ് ഉള്ളത്. ചേച്ചിയ്ക്ക് ജോലിക്ക് പോവേണ്ടത് കൊണ്ട് അമ്മയുടെ കാര്യങ്ങൾ നോക്കാൻ വീട്ടിൽ ആരുമില്ല. ഇവനൊരു പെണ്ണ് കെട്ടിയാൽ വീട്ടിൽ ആളാകുമല്ലോ എന്ന് കരുതിയാണ് വേഗം കല്യാണം നടത്താമെന്ന് കരുതിയത്. അതുകൊണ്ട് കല്യാണം കഴിഞ്ഞാൽ മോള് ജോലി ഒഴിവാക്കണം.. വേറൊന്നും കൊണ്ടല്ല.. വീട്ടിൽ അമ്മയെ ഒറ്റക്കാക്കി പോകാൻ പറ്റില്ലല്ലോ.. സ്നേഹിക്കാൻ കഴിയുന്ന ഭർത്താവും അമ്മയും ഉള്ളപ്പോൾ അതിനേക്കാൾ വലുതല്ലല്ലോ ജോലി. അതല്ലേ മോളെ ശരി. ഇവനാണേൽ കെട്ടുന്ന പെണ്ണിനെ ജോലിക്ക് വിട്ട് കഷ്ട്ടപ്പെടുത്താൻ മടിയുള്ള കൂട്ടത്തിലാ.. അത്രേം സ്നേഹം ഉള്ള മനസ്സാ ഇവന്റെ”
“ചിറ്റപ്പൻ പറഞ്ഞ് വന്നതിൽ അധികവും ചെറ്റത്തരമല്ലേ ” എന്ന് ചോദിക്കാനാണ് ആദ്യം അവളുടെ നാവ് പൊന്തിയതെങ്കിലും വീട്ടിൽ കേറിവന്നവരോട് എടുത്തടിച്ചപോലെ സംസാരിക്കണ്ട എന്ന് മനസ്സിനെ ഒരുമാത്ര പറഞ്ഞ്പഠിച്ചവൾ എല്ലാവരെയും നോക്കി മധുരമായി പുഞ്ചിരിച്ചു.
പിന്നെ എല്ലാവരോടുമായി പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു,
” ചിറ്റപ്പൻ പറഞ്ഞത് വളരെ കറക്റ്റ് ആണ്. പെണ്ണിനേം കെട്ടി അമ്മയ്ക്ക് കാവലും നിർത്തി റ്റാറ്റാ കാണിച്ചു പോകുന്ന ഭർത്താവ്. കൊള്ളാം… പക്ഷേ, അങ്ങനെ ഒരാൾക്ക് വേണ്ടിയാണ് നിങ്ങൾ വന്നതെങ്കിൽ നിങ്ങൾക്ക് വഴി തെറ്റിയതാ. വരേണ്ടത് ഇവിടെ അല്ലായിരുന്നു. ടൗണിൽ ഒരു ഓഫീസ് ഉണ്ട്. അവിടെ പോയി ഹോംനേഴ്സിനെ വേണമെന്ന് പറഞ്ഞാൽ അവർ ഉത്തരവാദിത്തത്തോടെ നല്ല അനുസരണ ഉള്ള ഒരു ഹോംനേഴ്സിനെ വീട്ടിലേക്ക് വിടും. അതാകുമ്പോൾ ഈ പറഞ്ഞ പോലെ അമ്മയെ നോക്കേം ചെയ്യും, അവിടെ ഉള്ള ചേച്ചീടെ ജോലി കളയെം വേണ്ട.
പിന്നെ ദാമ്പത്യത്തിന്റെ ചരടിന്റ ബലത്തിൽ ഒരു ഭാര്യയോടുള്ള മറ്റ് കാര്യങ്ങൾ ഒന്നും നടക്കില്ല എന്നെ ഉളളൂ.. അല്ലെങ്കിലും ആ ചരട് കെട്ടി കൊണ്ടോയിട്ടും എന്തിനാ.. എല്ലാം കണക്കല്ലേ. അക്കരേം ഇക്കരേം എന്തോന്ന്…..തുറന്ന് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. അവിടെ വേലക്കാരിയും ഹോംനേഴ്‌സും ആയി നിൽക്കാൻ അല്ല ഞാൻ പഠിച്ചതും ജോലി വാങ്ങിയതും. അമ്മയെ നോക്കാൻ വയ്യെന്ന് അല്ല ഞാൻ പറഞ്ഞത്.പക്ഷേ, അതിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കാൻ എനിക്ക് പറ്റില്ല.. ഇനി അത്ര നിർബന്ധം ആണെങ്കിൽ ജോലിക്ക് പോകുന്ന പെങ്ങൾ ഉണ്ടെന്നല്ലേ പറഞ്ഞത്. അവരോട് വീട്ടിൽ നിൽക്കാൻ പറയൂ.. അതാകുമ്പോൾ എന്നേക്കാൾ കൂടുതൽ അമ്മയെ കെയർ ചെയ്യാൻ കഴിയില്ലേ. അത് പറ്റില്ല അല്ലെ…വന്ന് കേറിയവൾ ജോലിയ്ക്ക് പോകാൻ പാടില്ല. ഒരുമാതിരി നിർബന്ധബുദ്ധി.. അതിന് കണ്ടെത്തിയ കാരണമോ,ഭാര്യയെ ജോലിക്ക് വിട്ട് കഷ്ട്ടപ്പെടുത്താൻ വയ്യാത്ത ഭർത്താവിന്റെ മഹാമനസ്‌കത. സ്നേഹത്തിന്റെ വേറൊരു വേർഷൻ “
അതും പറഞ്ഞ് അവളൊന്ന് ചിരിച്ചു. അതുവരെ അവൾ പറഞ്ഞതെല്ലാം കേട്ട് അല്പം നീരസത്തോടെ പരസ്പരം നോക്കുന്ന വന്ന് കേറിയവർക്കിടയിൽ നിന്ന് ഗൗതം മാത്രം അവളോടായി പറയുന്നുണ്ടായിരുന്നു
” ഏയ്യ്.. ഇനി ഞാൻ കെട്ടിയതിന്റ പേരിൽ ഇയാൾ ജോലിയൊന്നും കളയണ്ട..അമ്മ തനിച്ചായത് കൊണ്ട് ചിറ്റപ്പൻ അങ്ങനെ പറഞ്ഞെന്ന് മാത്രം. “
അവൾ വെറുതെ ഒന്ന് ചിരിച്ചു. പിന്നെ അതുവരെ ഉണ്ടായിരുന്ന ക്ഷമ മാറി മുഷിപ്പ് വന്നപോലെ നെഞ്ചിൽ കൈകെട്ടി നിന്നു.
” കല്യാണം… അപ്പൊ അത് തീരുമാനിചൊ എല്ലാവരും? എന്നാൽ എന്റെ തീരുമാനം ഇതാണ്.. എനിക്കീ കല്യാണത്തിന് താല്പര്യം ഇല്ല. അത് വേറൊന്നും കൊണ്ടല്ല.. കഴുത്തിൽ താലി കെട്ടുന്നവൻ മറ്റുള്ളവർക്ക് മുന്നിൽ തല കുനിച്ചു നിൽക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ പെണ്ണുങ്ങളും. എന്റെ ആ പ്രതീക്ഷ ഇവിടം കൊണ്ട് തന്നെ തെറ്റിച്ച ഒരാളുടെ കൂടെ ജീവിക്കുമ്പോൾ ചിലപ്പോൾ….
ഇവിടെ ഒറ്റയ്ക്ക് സംസാരിക്കാൻ ചിറ്റപ്പന്റ അനുവാദം കാത്തിരിക്കുന്ന, അതിന്റെ ആവശ്യം ഇല്ലെന്ന് പറയുമ്പോൾ തലയാട്ടി സമ്മതിക്കുന്ന ഒരാൾ അല്ല എന്റെ സങ്കൽപ്പത്തിലുള്ള ഭർത്താവ്. പിന്നെ ഇപ്പോൾ ജോലിക്ക് പൊക്കോ എന്ന് പറയുന്ന ആള് നാളെ അമ്മേം പെങ്ങളും ചിറ്റപ്പനുമൊക്കെ ജോലിയ്ക്ക് വിടണ്ട എന്ന് പറഞ്ഞാൽ അവരെ വിഷമിപ്പിക്കാൻ വയ്യാത്തോണ്ട് ഭാര്യയോട് ജോലിയ്ക്ക് പോണ്ട എന്ന് പറഞ്ഞാൽ ഭർത്താവിന് വേണ്ടി സർവ്വവും സഹിക്കുന്ന അടുക്കളഭാര്യയായി ജീവിക്കാൻ കഴിയാത്തത് കൊണ്ട് ഒരു ലോട്ടറി എടുത്ത് സ്വപ്നം കാണുന്ന പരിപാടി ഉണ്ടല്ലോ, അതിനു താല്പര്യം ഇല്ല.
അപ്പൊ പറഞ്ഞ് വന്നത് എന്താണെന്ന് വെച്ചാൽ കൂലിക്ക് വീട്ടിൽ നിർത്താൻ ഹോംനേഴ്സ് ആണ് നല്ലത്. അതിന് ഒരു താലിച്ചരടിന്റെ ബലത്തിൽ ഒരു പെണ്ണിന്റെ ജീവിതം വലിച്ചിടാൻ നിൽക്കരുത്. “
അതും പറഞ്ഞവൾ ഗൗതമിനെ നോക്കുമ്പോൾ ഒന്നും പറയാൻ കഴിയാതെ വന്നവൻ പതിയെ എഴുനേറ്റ് പുറത്തേക്ക് നടന്നിരുന്നു. അത് കണ്ട അവൾ തിരികെ അകത്തേക്ക് കയറുമ്പോൾ അവളെ ഗൗരവത്തോടെ നോക്കി നിൽക്കുന്ന അമ്മയുടെ കവിളിൽ പതിയെ നുള്ളികൊണ്ട് പറയുന്നുണ്ടായിരുന്നു
” ഇപ്പോൾ മനസ്സിലായില്ലേ അമ്മയ്ക്ക് മേക്കപ്പിലും വേഷത്തിലും അല്ല കാര്യങ്ങൾ എന്ന്. വെറുതെ കഴുത്തു നീട്ടാൻ കൂടെ പൊന്നുംവിലയിട്ട് കാശ് അങ്ങോട്ട് കൊടുത്ത് എന്തിനാണ് ബാങ്കിലെ ജോലിയും കളഞ്ഞ് ഒരു ഹോംനേഴ്സ് ആകുന്നത്. ” എന്ന് !!!