നീ വന്നില്ലെങ്കിൽ വരുത്താൻ എനിക്കറിയാം പെണ്ണെ…ഞാനിപ്പോ ഒരു വീഡിയോ നിന്റെ…

ആനി

രചന: റെക്സോണ റെയ്ബെൻ

“എനിക്ക് നിന്നെയൊന്നു വേണം… ഒരു രാത്രിയിലേക്ക്….”

രാഹുൽ അയച്ച മെസ്സേജ് ആനി വീണ്ടും വീണ്ടും വായിച്ചു നോക്കി… അവൾക്ക് തല പെരുക്കുന്നത് പോലെ തോന്നി. 5 വർഷത്തിലേറെയായി ഉള്ള സൗഹൃദം ആണ് രാഹുലുമായിട്ട്… ഏറ്റവും നല്ല സുഹൃത്തായും കൂടെ പിറപ്പായും ഒക്കെയാണ് അവനെ കണ്ടിട്ടുള്ളതും.

അവനിൽ നിന്ന് ഇത്തരമൊരു മെസ്സേജ് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല..അത്കൊണ്ട് തന്നെ കാര്യം എന്താണെന്ന് അറിയാനായി ആനി അവനെ തിരികെ വിളിച്ചു.. അപ്പോഴും അവൻ തന്നെ പറ്റിക്കാനായി അയച്ച മെസ്സേജ് ആയിരിക്കും എന്ന് മാത്രമായിരുന്നു അവളുടെ മനസിലെ ചിന്ത.

” ആനി….. What is your decision…. ” ഫോൺ എടുത്തതും അവന്റെ ചോദ്യം കേട്ടതോടെ ആനിക്ക് തന്റെ തോന്നൽ തെറ്റായിരുന്നു എന്ന് മനസിലായി.

” രാഹുൽ.,. നീ….. നീ എന്തൊക്കെയാ പറയുന്നത് “

” ഞാൻ പറയുന്നത് എന്താണെന്ന് ഇത് വരെയും നിനക്ക് മനസിലായില്ലേ ആനി.. അതോ മനസിലാക്കാത്ത പോലെ അഭിനയിക്കുവാണോ “

” എനിക്ക് മനസിലായില്ല.. വ്യക്തമായി പറയു ” ആനി അല്പം ദേഷ്യത്തോടെ പറഞ്ഞു.

” നീ എന്റെ കൂടെയൊന്ന് കിടന്ന് തരണം… ഇപ്പൊ മനസിലായോ നിനക്ക് “

” ഛെ… എന്തൊക്കെയാ രാഹുൽ നീ പറയുന്നേ… നിന്റെ തലയ്ക്കു ബോധം നഷ്ടപ്പെട്ടോ.. ” ആനി ഒച്ച ഉയർത്തി

” cool cool….. ഞാൻ നല്ല ബോധത്തോടെ തന്നെയാ പറയുന്നേ.. എനിക്ക് നിന്നെയൊന്നു വേണം.. ഒരു തവണത്തേക്ക് മതി… അത് കഴിഞ്ഞു ഒന്നിനും ഞാൻ വരില്ല പ്രോമിസ്.. ” അവനൊരു ചിരിയോടെ പറഞ്ഞു.

” ഗെറ്റ് ലോസ്റ്റ്‌ രാഹുൽ… നിന്നെ നല്ലൊരു ഫ്രണ്ട് ആയിട്ടാ ഞാൻ കണ്ടത്… നിന്റെ മനസിലിരുപ്പ് ഇതായിരുന്നു അല്ലെ.. ഇനി മേലാൽ നീ ഇങ്ങോട്ട് വിളിച്ചേക്കരുത് ” അവൾ ദേഷ്യത്തോടെ call cut ചെയ്യാൻ തുടങ്ങി.

” നീ വന്നില്ലെങ്കിൽ വരുത്താൻ എനിക്കറിയാം പെണ്ണെ…. ഞാനിപ്പോ ഒരു വീഡിയോ നിന്റെ ഫോണിലേക്ക് അയക്കാം… അത് കണ്ടിട്ട് നിനക്ക് തീരുമാനിക്കാം വരണോ വേണ്ടയോ എന്ന്..”

അവൻ call cut ചെയ്തതിന് ശേഷം ഒരു വീഡിയോ അവളുടെ ഫോണിലേക്ക് അയച്ചു കൊടുത്തു. ഹിഡൻ ക്യാമറ ഉപയോഗിച്ച് എടുത്ത അവൾ കുളിക്കുന്നതും വസ്ത്രങ്ങൾ മാറുന്നതുമായ വീഡിയോ ആയിരുന്നു അത്

” നീ എന്നോടൊപ്പം വന്നാൽ കാര്യം കഴിഞ്ഞു ഞാൻ തന്നെ വീഡിയോ ഡിലീറ്റ് ചെയ്തോളാം.. വരാതെ ഇരുന്നാൽ… ആ വീഡിയോ കാണേണ്ടവർ മുഴുവൻ കാണും…നമ്മുടെ കോളേജ് ഗ്രൂപ്പിലും ഫ്രണ്ട്സ് ഗ്രൂപ്പിലും ഇത് കിടന്ന് കറങ്ങും..അത് മറ്റുള്ളവർ കണ്ടാൽ എന്താ സംഭവിക്കുക എന്ന് നിനക്ക് അറിയാലോ…അവരുടെ ഒക്കെ മുന്നിൽ നീ ഒരു വൃത്തികെട്ടവൾ ആയി ചിത്രീകരിക്കപ്പെടും. പിന്നെ. കുടുംബം അടക്കം നാണംകെടും…നിന്റെയാ നാട്ടിൻപുറത്തുള്ള ആൾക്കാർ എല്ലാരും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല… സ്വന്തം കുടുംബക്കാർ പോലും ഒറ്റപ്പെടുത്തുകയെ ഉള്ളു നിന്നെ…അതോണ്ട് ഈ വീഡിയോ പുറം ലോകം അറിയാതെ ഇരിക്കണമെങ്കിൽ മോൾ നല്ല കുട്ടിയായി എന്റെ അടുത്തേക്ക് വാ… ” അവൻ വീണ്ടും ഒരു മെസ്സേജ് അയച്ചിട്ടു.

” ഞാൻ വരാം… “

ആനിയുടെ റിപ്ലൈ വന്നതും രാഹുലിന്റെ മുഖത്തൊരു ചിരി വിടർന്നു.

” അവള് വരാതെ ഇരിക്കുമോ ” രാഹുലിന്റെ കൂട്ടുകാരൻ നിർമൽ അവനോട് ചോദിച്ചു.. മറുപടിയായി അവനൊന്നു ഉറക്കെ ചിരിച്ചു.

” വരും… വരാതെ ഇരിക്കില്ല. ഇവളൊരു റെയർ പീസാണ് മോനെ.ഇത് വരെ ആരുടേയും കയ്യിൽ പെടാതെ നിക്കുവാ..പല അവന്മാരും തല കുത്തി ശ്രമിച്ചിട്ടും ആരുടേയും അടുത്ത് പോയിട്ടില്ല…അവളെ ഒന്ന് കിട്ടാൻ ഞാൻ നോക്കിയിട്ട് ഇതല്ലാതെ വേറെ വഴി കണ്ടില്ല.

ഒരു സാധാരണ നാട്ടിൻപുറത്തുകാരി പെണ്ണ്.. കുടുംബവും പ്രാരാബ്ധവും ഒക്കെ ഉള്ളവൾ ആണ്.. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവൾ..എങ്ങനെയോ പഠിക്കാനുള്ള മിടുക്ക് കാരണം ഈ സിറ്റിയിലെ കോളേജിൽ വന്നു ചേർന്നത് ആണ്. നാട്ടിൻപുറത്ത് നിന്ന് വന്നെന്നു പറയുമ്പോൾ തന്നെ അറിയാലോ നല്ല conservative ആയ ആളുകൾ ആണ് അവിടെ ഉള്ളവർ. അങ്ങനെ ഉള്ള ഇവളുടെ വീഡിയോ പുറത്തായാൽ ഉണ്ടാകുന്ന പുകിൽ ഞാൻ പറയാതെ നിനക്ക് അറിയാലോ…. അവൾ വരും എന്റെ അടുത്ത്… നീ നോക്കിക്കോ ” അവൻ ഒന്ന് കൂടി ചിരിച്ചു.

പിറ്റേന്ന് രാഹുലിന്റെ വില്ലയിൽ വെച്ച് കാണാമെന്നുള്ള ആനിയുടെ ഉറപ്പിന്മേൽ അവൻ അവരുടെ ആദ്യസംഗമം കൊഴുപ്പിക്കാനുള്ള പരിപാടികൾ തുടങ്ങി

റൂമിന്റെ നാല് പാടും കാമറകൾ set ചെയ്തു. ഒരു തവണ അവളുമായി കിടക്കുന്ന വീഡിയോ എടുത്താൽ അത് കാണിച്ചു ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും അവളെ തന്റെ അടുത്തേക്ക് വിളിക്കാമെന്നവൻ കണക്ക് കൂട്ടി.

പിറ്റേന്ന് രാവിലെ തന്നെ റൂമിൽ വേണ്ടുന്ന സജ്ജീകരണങ്ങൾ എല്ലാം തയ്യാറാക്കി രാഹുൽ കാത്തിരുന്നു. 10 മണിക്ക് ആണ് ആനി വരാമെന്ന് പറഞ്ഞിരുന്നത്. 10 മണി കഴിഞ്ഞു, 10:30 ആയിട്ടും അവൾ വന്നില്ല. രാഹുൽ ഫോണെടുത്തു അവളെ കണക്ട് ചെയ്യാൻ നോക്കി. എന്നാലത് സ്വിച്ച് off ആയിരുന്നു. പല കുറി call ചെയ്തെങ്കിലും call connect ആകുന്നില്ലായിരുന്നു. ആനി വരാതെ ഇരിക്കുമെന്ന് കരുതി അവന്റെ ഉള്ളിൽ ദേഷ്യം തോന്നിത്തുടങ്ങി.

11:30 കഴിഞ്ഞ ശേഷം ആനിയുടെ call വന്നു. ” ഞാൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുവാ..” എന്ന് മാത്രം പറഞ്ഞുകൊണ്ട് അവൾ call cut ചെയ്തു. അണഞ്ഞു തുടങ്ങിയ ആവേശം അവനിൽ വീണ്ടും നിറഞ്ഞു.

ഏകദേശം 15 മിനിറ്റിനു ശേഷം താഴെ ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം അവൻ കേട്ടു.. ജനലിലൂടെ നോക്കിയപ്പോ ആനി വണ്ടിയിൽ നിന്നിറങ്ങുന്നതും കണ്ടു..രാഹുൽ വേഗം തന്നെ ഡോറിന് അടുത്തേക്ക് ചെന്നു. ഡോർ തുറന്നു. മുന്നിൽ നിൽക്കുന്ന ആനിയെ വികാരപരവശനായി അടിമുടി നോക്കി.

” എന്താ ഇത്ര വൈകിയത്… ” അവൻ ചോദിച്ചു.

” മറുപടി ഞങ്ങൾ പറഞ്ഞാൽ മതിയോ മോനെ ” വാതിൽപ്പടിയിൽ നിന്ന് മൂന്നാലു ആൾക്കാർ ചോദിച്ചുകൊണ്ട് അകത്തേക്ക് കയറി. രാഹുൽ അവരെയും ആനിയെയും മാറി മാറി നോക്കി.

“ഞാൻ ജോർജ്.. ആനിയുടെ അപ്പൻ ആണ്, ഇത് അവളുടെ കൊച്ചപ്പനും, അമ്മാച്ചന്മാരും ആണ്. ” കൂടെ വന്നിരുന്നവരെ പരിചയപ്പെടുത്തികൊണ്ട് അയാൾ പറഞ്ഞു.

” നീ ഞങ്ങളുടെ കൊച്ചിന്റെ എന്തോ വീഡിയോ എടുത്തെന്നു കേട്ടല്ലോടാ” ആനിയുടെ കൊച്ചാപ്പൻ രാഹുലിന്റെ മുന്നിലേക്ക് കയറി നിന്നുകൊണ്ട് ചോദിച്ചു.

” എന്താടാ നിന്റെ നാക്കിറങ്ങി പോയോ ” അമ്മാച്ഛനും അവനോട് ചോദിച്ചു.

പെട്ടന്നുള്ള അവരുടെ വരവിലും സംസാരത്തിലും മറ്റും പകച്ചു നിക്കുകയായിരുന്നു രാഹുൽ.

” ആനീ… ഞാൻ… ” അവൻ വാക്കുകൾ കിട്ടാതെ അവളെ നോക്കി. മുഖമടച്ചൊരു അടിയായിരുന്നു അവൾ നൽകിയത്.

” നീയെന്താടാ കരുതിയെ…. നീ അയച്ചു തന്ന വീഡിയോ കണ്ടു ഞാനങ്ങു പേടിച്ചു പോകുമെന്നോ… അത് പുറത്താകാതെ ഇരിക്കാൻ വന്നു നിന്റെ കാലു പിടിക്കുമെന്നോ…. ” ദേഷ്യം കൊണ്ട് ചുമന്നു തുടുത്ത മുഖവുമായി ആനി അവനെ നോക്കി.

” കൂടെപിറപ്പിനെ പോലെ കണ്ട നീ എന്നെ കൂടെ കിടക്കാൻ വിളിച്ചു..ഇത്രയ്ക്കു ചീപ്പ്‌ ആണല്ലോടാ നീ… നിന്നെ വിശ്വസിച്ചു കൂടെ കൂട്ടി.. അത് മാത്രമാ ഞാൻ ചെയ്ത തെറ്റ്… ആ തെറ്റ് ഞാനിന്ന് തിരുത്താൻ പോവാ. ” പറഞ്ഞു തീരുന്നതിനോടൊപ്പം അവളുടെ കാൽമുട്ട് കൊണ്ട് അവന്റെ അടിനാ ഭി നോക്കിയൊരു ചവിട്ടും നൽകി. വേദന കൊണ്ട് പുളഞ്ഞു രാഹുൽ താഴേക്ക് ഊർന്നു പോയി.

” എടാ…. *****… നീയെന്താ കരുതിയെ… എന്റെ കൊച്ചു കുളിക്കുന്നത് ഒളിച്ചിരുന്ന് വീഡിയോ എടുത്തു അവളെ അങ്ങ് ഭീഷണിപ്പെടുത്താമെന്നോ…അവളു പേടിച്ചു നിന്റെ മുന്നിൽ വരുമെന്നോ..?” ആനിയുടെ അപ്പൻ രാഹുലിനെ പിടിച്ചെണീപ്പിച്ചു ചോദിച്ചു.

“അവളെ നല്ല ഒന്നാംതരം ഹൈറേഞ്ചുകാരിയാ. ഈ ജോർജിന്റെ മോളാ.. നീ കരുതിയല്ലേ അവള് ഈ കാര്യം ആരോടും പറയാതെ ഒളിച്ചു വെക്കുമെന്ന്….നിനക്ക് വഴങ്ങി തരുമെന്ന്….എന്നാൽ നീ കേട്ടോ.. അവളീ കാര്യം ആദ്യം പറഞ്ഞത് എന്നോടാ..കാരണം അവൾക്കറിയാം ഒരു കാര്യം കേട്ടാൽ സത്യാവസ്ഥ അറിയാതെ കുറ്റപ്പെടുത്തുന്ന ആൾ അല്ല, ചേർത്ത് പിടിക്കുന്ന ആളാണ് അവളുടെ അപ്പനെന്ന്.. ” രാഹുൽ തല താഴ്ത്തി നിന്നു.

” പിന്നെ നീ പറഞ്ഞല്ലോ.. നാട്ടിൻപുറത്തുകാർ ഇതൊക്കെ അറിഞ്ഞാൽ ഞങ്ങളുടെ കൊച്ചിനെ അങ്ങ് ഒറ്റപ്പെടുത്തുമെന്നും, നാണക്കേട് ആകുമെന്നുമൊക്കെ… ഒരു ചുക്കും ഇല്ലടാ… ഈ സിറ്റിയിൽ കിടന്ന് വെരുകുന്ന നിന്നെക്കാളുമൊക്കെ വിവരം ഞങ്ങൾ നാട്ടിൻപുറത്തുകാർക്ക് ഉണ്ട്…ഞങ്ങളുടെ കുടുംബക്കാർക്ക് ഉണ്ട്… മനസിലായോടാ *****

രാഹുലിന്റെ കവിളിനൊന്നു പൊട്ടിച്ചുകൊണ്ട് കൊച്ചപ്പനും പറഞ്ഞു.

ആനി അവനു മുന്നിലേക്ക് നീങ്ങി നിന്നു. താണ് കിടന്ന അവന്റെ തല ചൂണ്ടു വിരൽ കൊണ്ട് ഉയർത്തി.

” ഡാ രാഹുലെ…നിനക്കൊരു കാര്യം അറിയോ.. ആ വീഡിയോ നീ പുറത്തു വിട്ടാൽ പോലും എനിക്കൊരു ചുക്കുമില്ല… കാരണം ഞാൻ അതിൽ തെറ്റായി ഒന്നും ചെയ്തിട്ടില്ല.. കണ്ടവന്മാരെ വിളിച്ചു വീട്ടിൽ കയറ്റുകയോ, ആരുടേയും കൂടെ അഴിഞ്ഞാടി നടക്കുകയോ ചെയ്തിട്ടില്ല.. അത് കാണുന്ന ആർക്കും മനസിലാകും എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ആ വീഡിയോ എടുത്തിട്ടുള്ളതെന്ന്..പിന്നെ എന്തിനാടാ *****ഞാൻ നിന്നെ പേടിക്കേണ്ടത്.. ” അവൾ പല്ല് കടിച്ചു പിടിച്ചു ചോദിച്ചു.

” നീ കരുതിയോ നിനക്ക് ഞാൻ വഴങ്ങി തരുമെന്ന്? അതോ മാനം ഭയന്ന് ഞാൻ ആത്മഹത്യ ചെയ്യുമെന്ന്..? അങ്ങനെ ചെയുന്ന പെൺകുട്ടികളെ മാത്രമേ നീ കണ്ടിട്ടുണ്ടാകു… ഇത് ഐറ്റം വേറെയാ…എന്റെ ന ഗ്നത നീയൊരുത്തൻ കണ്ടെന്നു കരുതി എന്റെ മാനം പോകുമോ? അങ്ങനെ പോകുന്നതാണെങ്കിൽ പോകട്ടെടാ.. അറിഞ്ഞുകൊണ്ട് ഞാനൊരു തെറ്റും ചെയ്തിട്ടില്ല.. പിന്നെ എല്ലാരേം ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും എന്റെ വീട്ടുകാരെയും എന്നെ സ്നേഹിക്കുന്നവരെയും ബോധ്യപ്പെടുത്തിയാൽ മതിയെനിക്ക്..” അവൾ പുച്ഛത്തോടെ പറഞ്ഞു കൊണ്ട് പിന്നിലേക്ക് മാറി നിന്നു.

” നിനക്ക് വേണ്ടതെന്താണെന്ന് ഞങ്ങൾക്കറിയാം… അത് തന്നിട്ടേ ഞങ്ങൾ പോണുള്ളൂ..ഇനി മേലാൽ ഒരു പെണ്ണിന്റെയും അടുത്ത് ഇമ്മാതിരി പരിപാടിയുമായി ചെന്നേക്കരുത് . കേട്ടോടാ ” അവന്റെ കവിളിൽ വീണ്ടും അടിച്ചുകൊണ്ട് ആനിയുടെ അപ്പൻ പറഞ്ഞു.

ആനിയുടെ കൊച്ചപ്പനും അമ്മാച്ചന്മാരും കൂടി അവന്റെ വില്ല മുഴുവൻ അരിച്ചു പെറുക്കി. അവൻ set ചെയ്തു വെച്ചിരുന്ന ക്യാമറയും മറ്റും നശിപ്പിച്ചു, ആനി അവന്റെ ലാപ്ടോപ് ഓപ്പൺ ചെയ്തു. അവൻ ലാപ്പിലും, മൊബൈലിലും പെൻഡ്രൈവിലുമായി സൂക്ഷിച്ചു വെച്ചിരുന്ന അവളുടേതടക്കം കുറെയേറെ പെൺകുട്ടികളുടെ വീഡിയോസ് ഡിലീറ്റ് ചെയ്തു. അതിനു ശേഷം അവൾ മതിയെന്ന് അപ്പനോടും മറ്റും ആംഗ്യം കാട്ടി. അതുവരെയും അവരെല്ലാം ചേർന്ന് രാഹുലിനെ പെരുമാറുകയായിരുന്നു.

” രാഹുലെ…. ഇനി നീയീ പരിപാടിക്ക് ഇറങ്ങുന്നതിനു മുൻപ് ആനിയെ ഓർക്കണം… അതിനു വേണ്ടി ഞാനൊരു സമ്മാനം കൂടി തരുവാ.. ” അവൾ അവന്റെ ജന നേന്ദ്ര്യം നോക്കി ഒരു ചവിട്ട് കൂടി കൊടുത്തു.

” നീയെന്നോട് സംസാരിച്ചതും മെസ്സേജ് അയച്ചതുമെല്ലാം എന്റെ ഫോണിൽ ഭദ്രമായി കിടപ്പുണ്ട്. അത് കാണിച്ചു ഇന്ന് തന്നെ ഞങ്ങൾ കേസ് ഫയൽ ചെയ്യാൻ പോവാ… പോലീസ് നടപടി എടുക്കുമ്പോഴേക്കും കുറച്ചു കാലതാമസം വരും..ചിലപ്പോ നിന്റെ കാശിന്റെ ബലം കൊണ്ടു നീ ഈസി ആയി ഊരി പോരുകയും ചെയ്യും… അത് നന്നായി അറിയാവുന്ന കൊണ്ടാണ് ഞങ്ങൾ തന്നെ മോനുള്ള ശിക്ഷ തന്നത്… കേട്ടോ….” അവനെ നോക്കി പുച്ഛത്തോടെ ആനി പറഞ്ഞു.

” നീ കാരണം ഇനി ഒരു പെണ്ണിന്റെ പോലും ജീവിതം നശിക്കാതെ ഇരിക്കട്ടെ…അത് മാത്രമേ എനിക്ക് പറയാനുള്ളൂ… ” അപ്പനോടും വീട്ടുകാരോടുമൊപ്പം പുറത്തേക്ക് ഇറങ്ങവെ ആനി പറഞ്ഞു. അപ്പോഴേക്കും ജോർജ് ആനിയെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.. അവൾ ചിരിയോടു കൂടി അപ്പന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

അപ്പോഴും ആനിയുടെ നെഞ്ചിൽ ഒരു വിങ്ങൽ ഉണ്ടായി…. ” ഞാൻ ഒരു തെറ്റും ചെയ്തില്ലെന്ന് മനസിലാക്കി എന്നെ ചേർത്ത് പിടിക്കാൻ എന്റെ അപ്പൻ ഉണ്ട്…അത്കൊണ്ട് മാത്രമാ ഞാൻ എല്ലാം അപ്പനോട് പറഞ്ഞത്…. എന്നാൽ ഇതേ പോലെ മക്കളെ ചേർത്ത് പിടിക്കുന്ന എത്ര അപ്പനും അമ്മയും വീട്ടുകാരും ഉണ്ടാകും… അങ്ങനെ ഇല്ലാത്തത് കൊണ്ടാവില്ലേ പല പെൺകുട്ടികളും ഇതേ പോലുള്ളവന്മാരുടെ ഭീഷണിയിൽ വീണു പോകുന്നത്… കുടുംബത്തിന്റെ മാനം പോകാതെ ഇരിക്കാനായി പലർക്കും വഴങ്ങി കൊടുക്കേണ്ടി വരുന്നത്…,ആത്മഹത്യ ചെയ്യേണ്ടി വരുന്നത്… ഒരു തെറ്റും ചെയ്യാതെ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന പെൺകുട്ടികളെ കുറിച്ചോർത്തു ആനിയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ ഇറ്റ് വീണു… അപ്പോഴും അപ്പന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചിരുന്നു.. ആ സംരക്ഷണവലയത്തിൽ അവളും കണ്ണുകൾ അടച്ചു ചേർന്ന് നിന്നു.

അവസാനിച്ചു