സിന്ദൂര ചുവപ്പ് ~ രചന : നിമ്മി സേവ്യർ
കഴുത്തിൽ കിടന്ന താലി, സ്വന്തം കൈ കൊണ്ട് തന്നെ ഊരിയെടുത്ത് അനന്തന്റെ കൈകളിലേക്ക് വെച്ചുകൊണ്ട്, സുജാത പറഞ്ഞു…
ജീവിതപങ്കാളി ആണ് ഞാൻ, നിങ്ങളുടെ…. അത് പക്ഷേ ,ഞാനും നിങ്ങളും ,മാത്രമുള്ള ഒരു പങ്കാളിത്തമായിരുന്നു… അതിനിടയിലേക്ക് മറ്റൊരുവൾ കൂടി…കൂടെ കിടക്കാനും, കൂട്ടു കിടക്കാനും നിങ്ങൾ മറ്റൊരാളെ കണ്ടെത്തിയപ്പോൾ , ഭാര്യയായ എനിക്കത് സഹിക്കാൻ കഴിയും ,ഞാൻ ഒരു അമ്മ കൂടി ആയതുകൊണ്ട്……പക്ഷേ, നമ്മുടെ മകൻ…അച്ഛന്റെ സ്നേഹം പങ്കു വെക്കപെട്ടു പോകുന്നതിനല്ല , എന്റെ മകൻ വേദനിച്ചത് ..സ്വന്തം അച്ഛൻ, അവനോട് കാണിച്ച് അവഗണനയിൽ ആയിരുന്നു അവൻ തളർന്നു പോയത്……….
എനിക്ക് ജീവിക്കാൻ അവൻ മാത്രം മതിയായിരുന്നു… പക്ഷേ അവനു ജീവിക്കാൻ, നമ്മൾ രണ്ടുപേരും വേണമായിരുന്നു …..കാരണം, അവന്റെ അച്ഛൻ മരിച്ചിട്ടില്ല എന്ന് അവനറിയാം…..സ്നേഹിക്കാൻ അറിയാത്ത അച്ഛനല്ല തന്റേതെന്നും , അവനറിയാം…അവനെ മാത്രമേ, നിങ്ങൾ സ്നേഹിക്കാതിരുന്നുള്ളു. അവനെ മാത്രമേ, നിങ്ങൾ കാണാതിരുന്നുള്ളു…
ഒരുപാട് വേദനിച്ചിരുന്നു എന്റെ കുട്ടി …എന്റെ വേദനയിൽ എന്നെ ആശ്വസിപ്പിച്ചതെല്ലാം അവനായിരുന്നു …പക്ഷേ, സ്വയം ആശ്വസിക്കാൻ ,അവനു കഴിയാതെ പോയി………
മനസ്സുരുകിയാണ് അവൻ ഓരോ നിമിഷവും ജീവിച്ചത് എന്ന്, എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല……അവന്റെ മനോധൈര്യം ആണ് ,അവൻ എനിക്ക് പകർന്നു നൽകുന്നതെന്ന് ഞാനറിഞ്ഞില്ല……
സുജാത തന്ന താലി അനന്തന്റെ കൈകളിൽ ഇരുന്നു വിറച്ചു..
ഒരു വാക്കുപോലും പറയാൻ കഴിയാതെ, നിറകണ്ണുകളോടെ ,ക്ഷമാപണം പോലെ, സുജാതയെ നോക്കി കൊണ്ട് നിൽക്കാനേ അനന്തന് കഴിഞ്ഞുള്ളൂ …..
കവിളിലേക്ക് വീണ കണ്ണുനീർ തുടയ്ക്കാൻ പോലും മറന്നുകൊണ്ട് സുജാത പറയുകയായിരുന്നു…ഈ താലി ,എന്റെ കഴുത്തിൽ കുടുങ്ങിയ കുരുക്കാണെന്ന അവന്റെ തോന്നലാകാം, ഒരു മുഴം കയറിൽ ഒടുങ്ങാൻ അവനെയും പ്രേരിപ്പിച്ചത്…………
അച്ഛൻ ഉണ്ടായിട്ടും, ഇല്ലാത്തവനെ പോലെ വളരേണ്ടി വന്ന അവസ്ഥ, അവനത് താങ്ങാൻ കഴിഞ്ഞില്ല…….. അവന്റെ പിറന്നാളിന് അവൻ നിങ്ങളെ വിളിച്ചു ഓർമിപ്പിച്ചിട്ടും , ഒരു വാക്കുപോലും പറയാതെ ,നിങ്ങൾ ആ ഫോൺ വെച്ചപ്പോൾ , ഒന്നും മിണ്ടാതെ അവൻ മുറിയിലേക്ക് പോയി…തന്നെ ആർക്കും വേണ്ട എന്ന് അവന്റെ ഒരു നിമിഷനേരത്തെ ചിന്തയിൽ, അവൻ സ്വയം ഇല്ലാതായപ്പോൾ ,നഷ്ടപ്പെട്ടത് എനിക്ക് മാത്രമായിരുന്നു ……ആ നഷ്ടത്തിൽ ഒറ്റപ്പെട്ടതും ഞാൻ മാത്രമായിരുന്നു………
സുജാതയുടെ വാക്കുകളിലെ, വേദനയുടെ തീയിൽ ഉരുകി പോകുമെന്ന് അവസ്ഥയിൽ നിൽക്കുന്ന അനന്തന്റെ വലതുകൈ, തന്റെ കയ്യിൽ എടുത്തു കൊണ്ട്, സുജാത പറഞ്ഞു ……
നിങ്ങൾ കെട്ടിയ താലി ഞാൻ തന്നെയാണ് അഴിച്ചെടുത്തത്…ഒരു കർമ്മം കൂടി ബാക്കിയുണ്ട് ….എന്റെ നെറ്റിയിലെ ഈ സീമന്ത സിന്ദൂരം ., നിങ്ങൾ തന്നെ മായ്ച്ചു തരണം …നിങ്ങളുടെ ദീർഘായുസ്സിന് വേണ്ടി ഞാൻ ഇത് അണിയേണ്ട ആവശ്യമില്ല ഇനി …
ജന്മം നൽകിയ മകന്റെ ആയുസ്സ്, പാതിവഴിയിൽ നഷ്ടപ്പെടുത്തിയ നിങ്ങൾക്ക്, ഞാൻ ഇനി ദീർഘായുസ്സു നൽകില്ല …. അതിനു വേണ്ടി പ്രാർത്ഥിക്കാൻ ,എന്നേക്കാൾ യോഗ്യതയുള്ളവളെ നിങ്ങൾ നേടിയെടുത്തതല്ലേ ,എന്നും പറഞ്ഞ് അനന്തന്റെ കൈകൾകൊണ്ട് ,ബലമായി തന്റെ നെറ്റിയിൽ സിന്ദൂരം സുജാത മായ്ച്ചുകളഞ്ഞു ,..പിന്തിരിഞ്ഞു നോക്കാതെ സുജാത നടന്നകന്നു …….
ചേതനയറ്റ മകന്റെ ശരീരത്തെക്കുറിച്ചുള്ള ഓർമ്മകളിൽ ,വിങ്ങിപ്പൊട്ടിയ അനന്തന്റെ കണ്ണിൽ നിന്നും വീണ കണ്ണുനീരിൽ, കൈകളിലെ സിന്ദൂര ചുവപ്പ് ,സുജാതയുടെ താലിയിൽ ആകെ പടർന്നു…..