ഇന്നലെ ഹോട്ടലിൽ റൂം എടുക്കുമ്പോൾ പല കണക്ക് കൂട്ടലുകൾ ആയിരുന്നു മനസ്സിൽ

എഴുത്ത്: മഹാ ദേവൻ

ഇന്നാണ് ആ ദിവസം ! രാവിലെ 10.30 നും 11നും ഇടയ്ക്കുള്ള ശുഭമുഹൂർത്തം രണ്ട് കുരുക്കുകൾ ഒരേ സമയം രണ്ട് കഴുത്തുകൾക്ക് ഹരമായി മാറുന്ന സമയം…താലി എന്ന കുരുക്കിൽ അവൾ ജീവിതത്തിലേക്കും കയർക്കുരുക്കിൽ ഞാൻ മരണത്തിലേക്കും.

ഇന്നലെ ഹോട്ടലിൽ റൂം എടുക്കുമ്പോൾ പല കണക്കികൂട്ടലുകൾ ആയിരുന്നു മനസ്സിൽ. രാവിലെ അവളുടെ വീട്ടിൽ പോണം..എല്ലാവരുടെയും മുന്നിൽ വെച്ച് അവളുമൊത്തുള്ള ഫോട്ടോസ് കാണിക്കണം. രണ്ട് വർഷം എന്നോടൊപ്പം നിഴലുപോലെ നടന്നവളാണെന്ന് പറയുന്ന ആ ഫോട്ടോസ് കണ്ട് അവളെ കെട്ടാൻ വന്നവനും വീട്ടുകാരും കല്യാണത്തിൽ നിന്ന് പിന്മാറണം..എല്ലാവർക്കും മുന്നിൽ അവൾ നാണം കെട്ടു നിൽക്കുന്നത് കണ്ട് സന്തോഷിക്കണം…തേപ്പിന് ഇതിനേക്കാൾ വലിയ ശിക്ഷ ഇനി കിട്ടാനില്ലെന്ന ബോധം അവൾക്കുണ്ടാകണം..

താഴെ റിസപ്ഷനിൽ വിളിച്ച് ഒരു ഫുൾ ബോട്ടിൽ വി സ്‌കി തന്നെ വരുത്തിച്ചു. പിന്നെ അങ്ങോട്ട് അവനായിരുന്നു കൂട്ട്.

ഓരോ പെ ഗ്ഗ് അകത്തുചെല്ലുമ്പോഴും അവളോടുള്ള പ്രിതികാരത്തെ കുറിച്ചുള്ള ചിന്തകൾ മാറി.

അവസാനം എടുത്ത തീരുമാനമായിരുന്നു മരണം.

ഒരു പെണ്ണിന്റ ജീവിതം നശിപ്പിച്ചിട്ട് എന്ത് നേടാൻ.. പക്ഷേ, എന്റെ മരണം അവളുടെ മനസ്സിനെ നോവിക്കണം. എല്ലാവർക്കും അതൊരു വിഡ്ഢിത്തമായി തോന്നാം… പക്ഷേ, അത്രമേൽ സ്നേഹിച്ചവളെ നഷ്ടപ്പെടുത്തി ഇനി ഒരു ജീവിതം….വയ്യ…. അവളില്ലാത്ത ലോകം ശൂന്യമാണ്..

മരിക്കണം… അവളോടുള്ള പ്രതികാരം എന്റെ മരണംകൊണ്ടാവട്ടെ.

രാവിലെ കുളിയെല്ലാം കഴിഞ്ഞ് പുതിയ കസവുകര മുണ്ടും വെള്ള ഷർട്ടും എടുത്തിട്ട് ഓരോ കല്യാണച്ചെക്കനെ പോലെ ഒരുങ്ങി. പിന്നെ കണ്ണാടിയിൽ നോക്കി. അവളെ കെട്ടാൻ എന്ത്കൊണ്ടും യോഗ്യനല്ലേ ഞാൻ എന്ന് പിന്നെയും പിന്നെയും മനസ്സിൽ സന്ദേഹപ്പെടുമ്പോൾ പിന്നെ എന്തായിരുന്നു തന്നിൽ അവൾ കണ്ടെത്തിയ കുറവെന്ന് കുറെ ചിന്തിച്ചു.

അവസാനമായി കാണുമ്പോൾ അവൾ കരഞ്ഞതോർത്തു.

വീട്ടുകാരുടെ നിർബന്ധം കൊണ്ടാണെന്ന് പറഞ്ഞപ്പോൾ തോന്നി കള്ളം പറയുകയാണെന്ന്. എനിക്ക് നേരെ ഇൻവിറ്റേഷൻകാർഡ് നീട്ടുമ്പോൾ അവൾ ചിരിക്കാൻ ശ്രമിച്ചു.

” വരണമെന്ന് ഞാൻ പറയില്ല.. വന്നാൽ ചിലപ്പോൾ എനിക്ക് സന്തോഷത്തോടെ മണ്ഡപത്തിൽ നില്ക്കാനോ വിറയ്ക്കാതെ മറ്റൊരാൾക്ക് മുന്നിൽ കഴുത്തു നീട്ടാനോ കഴിഞ്ഞെന്ന് വരില്ല.. അതുകൊണ്ട് ഈ ഡേറ്റ് മറക്കാതിരിക്കാൻ ആണ് ഇത് തന്നത്.. വരാതിരിക്കാൻ ശ്രമിക്കണം… “

അവൾ കണ്ണുകൾ തുടച്ചു പിൻവാങ്ങുമ്പോൾ മനോഹരമായ ഒരു ഒഴിവാക്കലിന് സാക്ഷ്യം വഹിക്കുകയായിരുന്നു അവിടം.

വീട്ടുകാർ സമ്മതിച്ചില്ല… എത്ര മനോഹരമായി ഒഴിവാക്കി…പ്രണയിക്കുമ്പോൾ കൂടെ വിളിച്ചാൽ വരുമെന്ന് പറഞ്ഞവളാണ്..അന്ന് ഞാൻ തന്നെ ആയിരുന്നു പറഞ്ഞത് ” വീട്ടുകാരെ വിഷമിപ്പിച്ചൊരു ജീവിതം നമുക്ക് വേണ്ട, ഞാൻ വീട്ടിൽ വന്ന് ചോദിക്കാം ” എന്ന്.

അന്നവൾ അത് തടഞ്ഞു. “വീട്ടിലേക്ക് ഉടനെ വരണ്ട… ആദ്യം ഞാൻ വീട്ടിൽ കാര്യം അവതരിപ്പിച്ചിട്ട് പാതിസമ്മതത്തിൽ എത്തിക്കട്ടെ. ” എന്നും പറഞ്ഞ്.

പക്ഷേ, അവൾ വീട്ടിൽ സംസാരിചില്ലെന്ന് മാത്രമല്ല പലപ്പോഴും അതിനെ കുറച്ചു പറയുമ്പോൾ ഓരോ കാരണങ്ങൾ അവൾ കണ്ടെത്തി .

പിന്നെ എപ്പോഴോ പറഞ്ഞു ” വീട്ടുകാർ സമ്മതിക്കുന്നില്ലെന്ന് “.

ഞാൻ നേരിട്ട് വന്ന് ചോദിക്കട്ടെ എന്ന് ചോദിക്കുമ്പോൾ ” അയ്യോ, ഇപ്പോൾ വേണ്ട ” എന്നും പറഞ്ഞവൾ ഒഴിഞ്ഞുമാറി.

പിന്നെ എല്ലാം അവൾ ഭംഗിയായി നടത്തി.

അതുവരെ അവൾക്ക് വേണ്ടി കാത്തിരുന്ന എന്നെ കറിവേപ്പില പോലെ ഒഴിവാക്കി പുതിയ ജീവിതത്തിലേക്ക് ഉള്ള പുറപ്പാട് ആണ്. അവൾക്ക് മറക്കാൻ കഴിയുമായിരിക്കും.. പക്ഷേ, എന്തോ എനിക്ക് കഴിയുന്നില്ല. അതാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയതും… മരിക്കാൻ…”മരണകൊണ്ട് എല്ലാം മറക്കണം.. അവൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മുറിവും ആകണം എന്റെ മരണം. “

പത്തു മണിയായപ്പോൾ കഴിക്കാനുള്ള ഭക്ഷണം ഓഡർ ചെയ്ത് വരുത്തി.

അവസാനത്തെ ഭക്ഷണം വയർ നിറയെ കഴിച്ചു. പിന്നെ വാതിൽ അടച്ച് ഫാനിൽ കയ്യിൽ കരുതിയ നൈലോൺ കയറികൊണ്ട് ഒരു കുരുക്കിട്ടു.

ഇനി ഏറിയാൽ ഒരു നാല്പതു മിനുട്ട്… അതിനുള്ളിൽ എല്ലാം ശുഭം.

ഞാൻ വാച്ചിൽ നോക്കി അക്ഷമയോടെ..ഇന്ന് സമയം ഒച്ചിനെ പോലെ ആണെന്ന് തോന്നി. വല്ലാതെ ഇഴഞ്ഞിഴഞ്.

പെട്ടന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. തുടരെയുള്ള മുട്ടും സർ എന്ന വിളിയും കേട്ടപ്പോൾ പുറത്ത് നിൽക്കുന്നത് ഒരു പെണ്ണാണെന്ന് മനസ്സിലായി.

അല്പം ആശ്വാസത്തോടെ ഞാൻ വാതിൽക്കലേക്ക് നടക്കുമ്പോൾ അ വെപ്രാളത്തിൽ മറന്നിരുന്നു ഫാനിൽ കെട്ടിയ കുരുക്ക് അഴിച്ചുമാറ്റാൻ.

വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന സ്ത്രീ ഒന്ന് ചിരിച്ചു. ” സർ, ഞാൻ മുറി ക്‌ളീൻ ചെയ്യാൻ വന്നതാ. എന്നും പറഞ്ഞ് ഭവ്യതയോടെ ഒതുങ്ങി നിൽക്കുന്ന അവർക്ക് അകത്തേക്ക് കേറാൻ വാതിൽക്കൽ നിന്നും മാറി വഴിയൊരുക്കുമ്പോൾ അകത്തേക്ക് കയറി അവരും അതോടൊപ്പം ഞാനും ഞെട്ടിയത്.

ഫാനിൽ തൂങ്ങിയാടുന്ന കുരുക്ക്.

ആ ചേച്ചി അമ്പരപ്പോടെ എന്നെ നോക്കുമ്പോൾ പരവേശത്തോടെ ഞാൻ തല താഴ്ത്തി.

” സാറ് കൊള്ളാലോ… ഇവിടേം വന്ന് റൂം എടുത്ത് ആത്മഹത്യ ചെയ്യാനുള്ള പുറപ്പാട് ആയിരുന്നല്ലേ.. ഞാൻ ഇപ്പോൾ വന്നില്ലായിരുന്നെങ്കിൽ കുറച്ചു കഴിഞ്ഞാൽ പുഴു അരിക്കേണ്ട ശരീരം ആണല്ലോ മുന്നിൽ നിൽക്കുന്നത്. കൊള്ളാം….എന്തായാലും ഞാൻ ഇത് താഴെ അറിയിച്ചിട്ട് വരാം.. ബാക്കിയൊക്കെ പോലീസ് വന്നിട്ട് തീരുമാനിക്കും “

അവർ വിട്ടുമാറാത്ത അമ്പരപ്പും അതോടൊപ്പം ദേഷ്യവും നിറഞ്ഞ മുഖത്തോടെ കയ്യിലെ ചൂലും വെള്ളവും അവിടെ വെച്ച് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ ഞാൻ ആകെ ഉരുകിയിരുന്നു. അവർ താഴെ പോയി പറഞ്ഞ് പോലീസിനെ വിളിച്ചാൽ ആകെ പ്രശ്നമാകും, മാത്രമല്ല, നാണക്കേടും. അതോർത്തപ്പോൾ പരവേശത്തോടെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ചേച്ചിയെ ഞാൻ തടഞ്ഞു.

” ചേച്ചി. പ്ലീസ്.. ഇതൊരു പ്രശ്നമാക്കരുത്.. ഇനി പോലീസും കേസുമൊക്കെ ആയി പുറംലോകമറിഞ്ഞാൽ ആകെ നാണക്കേട് ആകും. ഞാൻ… ഞാൻ ഒരു മാഷാണ്…അത്യാവശ്യം നിലയും വിലയുമുള്ള ഞാൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന് എല്ലാവരും അറിഞ്ഞാൽ…….പ്ലീസ് ചേച്ചി… “

ഞാൻ തൊഴുകൈയ്യോടെ അവരുടെ മുന്നിൽ നിൽക്കുമ്പോൾ അവർ പുച്ഛത്തോടെ ആയിരുന്നു എന്നെ നോക്കിയത്.

” ആത്മഹത്യ ചെയ്താൽ നാണക്കേട് ഇല്ലല്ലേ.. ശ്രമിച്ചെന്ന് അറിഞ്ഞാലേ ഉള്ളോ ഈ മാനക്കേട്? കഷ്ട്ടം.. ഒരു സ്കൂൾമാഷ് ആണത്രേ. “

അവരുടെ പുച്ഛം കേട്ട് എനിക്ക് വല്ലാത്ത കുറച്ചിൽ തോന്നിയെങ്കിലും ഒന്നും പറയാൻ കഴിയാതെ ഞാൻ തല താഴ്ത്തി.

” അല്ല, എന്തിനാണാവോ മാഷ് ഇവിടെ വന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.. “

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവർ ചോദിച്ച ചോദ്യത്തിന് ഞാൻ ഉണ്ടായ സംഭവങ്ങൾ എല്ലാം വിവരിച്ചു. ആത്മാർത്ഥമായി സ്നേഹിച്ചവളുടെ ചതി അടക്കം. പിന്നെ നിറഞ്ഞ കണ്ണുകൾ തുടയ്ക്കുമ്പോൾ അവർ ചോദിച്ചത് മറ്റൊന്നായിരുന്നു.

“. മാഷ്ടെ വീട്ടിൽ ആരൊക്കെ ഉണ്ട് “

” അച്ഛൻ, അമ്മ, അനിയൻ, പെങ്ങൾ “

അവരുടെ മുഖത്തേക്ക് നോക്കാതെ ഞാൻ മറുപടി പറയുമ്പോൾ പെട്ടന്ന് അവർ പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി.

” എന്നാൽ പിന്നെ മാഷ് ചാവുന്നത് തന്നെയാ നല്ലത്‌.. ഇതുപോലെ ഉള്ള ഭീരുക്കൾ എന്തിനാണ് ഭൂമിക്ക് ഭാരമായിട്ട്. “

പിന്നെയും പുച്ഛമായിരുന്നു ആ വാക്കിൽ. ഞാൻ അവരെ നിറകണ്ണുകളോടെ നോക്കി ” മറക്കാൻ കഴിയാഞ്ഞിട്ടാ ചേച്ചി ” എന്ന് പറയുമ്പോൾ അവർ പറയുന്നുണ്ടായിരുന്നു

” നാണമില്ലേ മാഷേ നിങ്ങൾക്ക്. രണ്ട് വർഷം മുന്നേ കണ്ടൊരു പെണ്ണിന് വേണ്ടി ഇത്രേം കാലം നോക്കിവളർത്തിയ അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും ഒന്നും ഓർക്കുക പോലും ചെയ്യാതെ കയറുമായി ഇറങ്ങാൻ..

നിങ്ങൾ പോയിവരാം എന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മോൻ വന്നില്ലല്ലോ എന്ന ആധിയോടെ ഇരിക്കുന്ന അമ്മയുടെ മുഖം ഒന്ന് ഓർത്ത് നോക്ക്.

അവനിപ്പോ വരുമെടി, ചെറിയ കുട്ടി ഒന്നും അല്ലാലോ എന്നും പറഞ്ഞ് നിന്നിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന അച്ഛന്റെ പ്രതീക്ഷ ഒന്ന് ചിന്തിച്ചുനോക്ക്. അവരെക്കാൾ ഒക്കെ വലുതാണ് ഈ രണ്ട് വർഷം കൂടെ നടന്നവൾ എന്നാണെങ്കിൽ നീ ചാവുന്നത് തന്നെയാ നല്ലത്. നിന്റ വീട്ടിൽ നിനക്ക് വേണ്ടി കാത്തിരിക്കുന്ന കണ്ണുകളിലെ പ്രതീഷ നിനക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് മാഷാഡോ താൻ?

നാളെ ശവമായി വീട്ടിൽ എത്തുമ്പോൾ നീ എന്താണ് നേടുന്നത്? പ്രണയിച്ചു വഞ്ചിച്ചവളോട് പ്രതികാരം? തുഫ്..

നിന്നെ കാത്തിരുന്നവർ നിന്റെ ശരീരം കാണുമ്പോൾ പൊട്ടിക്കരയുനത് ഒന്ന് ചിന്തിച്ചുനോക്ക്. വളർത്തി വലുതാക്കി ഏതോ ഒരു പെണ്ണിന് വേണ്ടി ജീവിതം നശിപ്പിച്ച നിന്നെ ഓർത്ത് അവർ അഭിമാനം കൊള്ളുമെന്നാണോ നീ കരുതിയത്..എന്നാൽ നീ കുറച്ച് മുന്നേ പറഞ്ഞില്ലേ.ഒരു നാണക്കേട്… അതെ നാണക്കേട് ആയിരിക്കും അവർക്ക്. പഠിപ്പിച്ച മാഷാകിയിട്ടും ജീവിതത്തിൽ വെറും വിഡ്ഢിയായ മകനെ ഓർത്ത്.

സ്വന്തം വീട്ടുകാരേം കൂടപ്പിറപ്പുകളേം കുറിച്ച് ചിന്തിക്കാൻ ഉള്ള ബുദ്ധിയില്ല.. ഒരു പെണ്ണ് അവൾക്ക് ഇഷ്ട്ടപെട്ട ജീവിതം തിരഞ്ഞെടുത്തു സന്തോഷത്തോടെ ജീവിക്കാൻ പോകുമ്പോൾ ഇവിടെ ഒരുത്തൻ അവൾക്ക് വേണ്ടി ചവാൻ നടക്കുന്നു…

കണ്ണ് തുറന്ന് നോക്കിയാൽ അറിയാം നമ്മളെ ആശ്രയിച്ചു ജീവിക്കുന്ന ആളുകളുള്ള ഒരു ലോകത്തെ.. അവരെ ഒറ്റക്കാക്കി ഇങ്ങനെ ഒളിച്ചോടുന്ന നീ ഒരു ഭീരു തന്നെയാണ്.. അങ്ങനെ ഉള്ളവർ ഈ ഭൂമിക്ക് ഭാരമാണ്…..

നിങ്ങൾ പഠിപ്പിക്കുന്ന ആ കുട്ടികളുടെ ഒരു അവസ്ഥ “

അവർ പുച്ഛത്തോടെ എന്നെ നോക്കുമ്പോൾ ശരിക്കും നാണംകെട്ടു തല താഴ്ത്തിയിരുന്നു ഞാൻ. അവർ പറഞ്ഞതെത്ര ശരിയാണ്.. പക്ഷേ, ഈ നിമിഷങ്ങളിൽ ഒരിക്കൽ പോലും അവരെ കുറിച്ച് ചിന്തിച്ചില്ല..

ഇത്രേം വളർത്തി വലുതാക്കി പഠിപ്പിച്ച അച്ഛൻ. വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മ, കൂടപ്പിറപ്പുകൾ.

അവരുടെയെല്ലാം പ്രതീക്ഷയായ ഞാൻ മരിച്ചാൽ പിന്നെ…അവരുടെ എത്ര കാലത്തെ കഷ്ടപ്പാടാണ് ഒറ്റനിമിഷത്തെ ബുദ്ധിമോശം കൊണ്ട് ഇല്ലാതാകുന്നത്. എന്നിട്ട് ഈ ചേച്ചി ചോദിച്ച പോലെ എന്ത് നേടും…… !

എത്ര ആലോചിച്ചിട്ടും ഒരു ഉത്തരം കിട്ടിയില്ല..

റൂംഎല്ലാം ക്ളീൻ ചെയ്ത് ചേച്ചി അടുത്തേക്ക് വരുമ്പോൾ ഞാൻ ഒന്ന് തീരുമാനിച്ചിരുന്നു.

ഫാനിൽ കെട്ടിയ കുരുക്കഴിച്ചു ബാഗിൽ വെക്കുമ്പോൾ അടുത്തേക്ക് വന്ന ചേച്ചിയോട് താങ്ക്സ് പറഞ്ഞു അത്രയേറെ ചിന്തിപ്പിച്ചതിന്.

ആ സമയം അവർ വന്നില്ലായിരുന്നെങ്കിൽ….

” താങ്ക്സ് ചേച്ചി… ഒരു തിരിച്ചറിവ് തന്നതിന്.. ഞാൻ പോവാ… വീട്ടിൽ പോണം..എല്ലാവരേം കാണണം… അതിന് മുന്നേ ഒരു കല്യാണം ഉണ്ട്..അതിനൊന്നു കൂടണം… വിളിച്ചതല്ലേ പോണം.. ചേച്ചി പറഞ്ഞ പോലെ കണ്ണ് തുറന്ന് നോക്കിയാൽ അറിയാം നമ്മളെ ആശ്രയിച്ചു ജീവിക്കുന്ന ആളുകളുള്ള ഒരു ലോകത്തെ.. അവരെ ഒറ്റക്കാക്കി ഇങ്ങനെ ഒളിച്ചിടുന്ന ഞാൻ ഒരു ഭീരു തന്നെയാണ്.. ഇല്ല.. ഇനി ആവർത്തിക്കില്ല ചേച്ചി “

ഞാൻ അവരെ തൊഴുതു കൊണ്ട് പുറത്തേക്ക് നടന്നു നിറഞ്ഞ ചിരിയോടെ..

പിന്നിൽ ആ ചേച്ചിയും ചിരികുകയാവണം ഒരു വീടിന്റ പ്രതീക്ഷ നിലനിർത്താൻ കഴിഞ്ഞ സന്തോഷം !!