മക്കളെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ കണ്ട് ഇഷ്ടികപ്പാടത്ത് അയാൾ വിയർത്തൊലിക്കുന്നതും തളർന്നിരിക്കുന്നതും അവൾ അറിഞ്ഞതേയില്ല….

അയാൾ അറിഞ്ഞതേ ഇല്ല….അവളും….

രചന: നിവിയ റോയ്

കല്യാണീ ……

എന്താ ഏട്ടാ …..

നനഞ്ഞ കൈകൾ സാരിയിൽ ചുരുട്ടി തുടച്ചു കൊണ്ട് അവൾ അടുക്കളയിൽ നിന്നും ഓടി വന്നു.

എന്റെ ഷർട്ട് എന്തിയെ …?

ഷെൽഫിൽ അടുക്കിവെച്ച തുണികൾ ചിതറിച്ചിട്ടു തിരയുന്നതിനിടയിൽ ഇർഷ്യയോടെ അയാൾ ചോദിച്ചു.

ഏത് ഷർട്ട് …?

എന്റെ നീല ഷർട്ട് …വെള്ള വരകളുള്ള നീല ഷർട്ട് …

ഒരു നിമിഷം ആലോചിച്ച ശേഷം അവൾ പറഞ്ഞു അയ്യോ ഏട്ടാ …അത് അലക്കാൻ ഇട്ടിരിക്കുവാണ്.

അത് ഇതുവരെയും അലക്കിയില്ലേ ?നിനക്കു പിന്നെ ഇവിടെ എന്താ പണി ….?

തന്റെ കൈയിൽ തടഞ്ഞ ഇളം മഞ്ഞ ഷർട്ട് തുണികൾക്കിടയിൽ നിന്നും
വലിച്ചെടുക്കുന്നതിനിടയിൽ അയാൾ ചോദിച്ചു .

എനിക്ക് ….പിന്നെ …ഇവിടെ …

അവളുടെ മറുപടിക്കു കാത്തു നില്കാതെ ആ മഞ്ഞ ഷർട്ടും ഇട്ടുകൊണ്ട് അയാൾ വേഗം പടികളിറങ്ങി പോയി.

അന്ന് കല്യാണിയുടെയും ബാലന്റെയും വിവാഹം കഴിഞ്ഞിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു.

പിന്നെ എപ്പോഴോ പത്രം വായിച്ചുകൊണ്ടിരുന്ന അയാൾക്കു നേരെ അവൾ നീട്ടിയ ചായക്കപ്പ്‌ വാങ്ങുമ്പോഴും ചായ പാത്രത്തിന്റെ ചുട്ടു പഴുത്ത വക്ക് അവളുടെ കൈത്തണ്ടയിൽ ചാർത്തിയ ചുവന്ന കാപ്പ് അയാൾ കണ്ടതേയില്ല ….

ഇഷ്‌ടിക കളത്തിലെ ചുവന്ന പൊടിയും ചേറും അയാളുടെ പെരുവിരലിൽ നഖച്ചുറ്റ് തീർത്തത് അവളും കണ്ടതില്ല…

മുറ്റത്ത് മകര മാസത്തിൽ പെയ്യ്‌ത മഞ്ഞിന്റെ തണുപ്പകറ്റാൻ ഒട്ടിചേർന്നു കിടക്കുന്ന പ്ലാവിലകളെ ഈർക്കിൽ ചൂൽ ഇടക്കിടക്ക് പീലിപോലെ വിടർത്തി അവയെ തെങ്ങിൻ തടത്തിലേക്കിട്ട് അടിച്ചുകൂട്ടി അവൾ നടുവു നിവർത്തി നിന്നതും ….അസഹ്യമായ നടുവ് വേദനയിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയതും മുറ്റത്തു നിന്നിരുന്ന അയാൾ കണ്ടതേയില്ല ….

അയാൾ തനിക്കു ഭാഗം കിട്ടിയ സ്ഥലത്തു പാതിയിൽ മുടങ്ങിയ വീട് പണി നോക്കി കണ്ണു നിറയാതെ കരഞ്ഞത് അവളും അപ്പോൾ കണ്ടതില്ല ….

ഗ്യാസിന്റെ ചെലവ് മാസക്കണക്കിൽ ഒതുക്കാൻ മുറ്റത്തു കല്ലടുപ്പിൽ എത്ര തേച്ചിട്ടും വെളുക്കാത്ത കലത്തിൽ അരിയിട്ടതും …

എത്ര ഊതി ഉണർത്തിയാലും പിന്നെയും ഉറങ്ങിപ്പോകുന്ന തീനാളങ്ങളുടെ നിശ്വാസങ്ങൾ പുകച്ചുരുളുകളായി അവളുടെ കണ്ണിൽ തട്ടി ചുവപ്പിച്ചതും അയാൾ കണ്ടതേയില്ല ….

മാസച്ചിലവ് താൻ വരച്ചിട്ട വട്ടത്തിൽ ഒതുങ്ങാതെ പുറത്തേക്കു ഒഴുകുമ്പോൾ അയാൾ നിരവീണു തുടങ്ങിയ നെഞ്ചു തിരുമ്മി ചാരുകസേരയിൽ കിടക്കുന്നതു അവളും കണ്ടതേയില്ല ….

അങ്ങിങ്ങായി തട്ടിയും മുട്ടിയും ചളുക്കുകൾ വീണ വലിയ അലുമിനിയ ചരുവത്തിൽ ചെറു ചൂടുവെള്ളം നിറച്ചു,കളിപ്പിച്ചും ചിരിപ്പിച്ചും തന്റെ പിഞ്ചോമനകളെ കുളിപ്പിച്ച് തോർത്തി അവൾ നനഞ്ഞു ഒട്ടിയത് അയാൾ കണ്ടതേയില്ല ….

മക്കളെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ കണ്ട് ഇഷ്ടികപ്പാടത്ത് അയാൾ വിയർത്തൊലിക്കുന്നതും തളർന്നിരിക്കുന്നതും അവൾ അറിഞ്ഞതേയില്ല….

അമ്മുവിന്റെ മുടി കോതി രണ്ട്‌ വശത്തായി ഭംഗിയായി മെടഞ്ഞിട്ട് നിത്യവസന്തമണിഞ്ഞു നിൽക്കുന്ന പനീർ ചെമ്പകത്തിന്റെ പൂ പൊട്ടിച്ചു അവളുടെ മുടിയിൽ അവൾ തിരുകുന്നതും …

അപ്പുക്കുട്ടന്റെ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന പൗഡർ തന്റെ സാരിത്തലപ്പുകൊണ്ട് തൂത്തുകൊടുത്ത് അവരുടെ ചോറ്റുപാത്രം അവൾ ധൃതിയിൽ നിറയ്ക്കുന്നതും അയാൾ കണ്ടിതേയില്ല …

അവർക്കുള്ള ഫീസ് അടയ്ക്കുവാൻ പരിചയക്കാരുടെ കടമുറിപ്പുറത്തും സുഹൃത്തുക്കളുടെ വീട്ടുപടിക്കലും അയാൾ കാത്തു നിന്നത് അവളും അറിഞ്ഞതേയില്ല ….

രാത്രിയിൽ അയാൾ സ്നേഹത്തോടെ അവളെ വിളിക്കുമ്പോൾ അവൾ ദേഹത്തടിഞ്ഞ വിയർപ്പകറ്റാൻ വാസന സോയ്പ്പുമായി കുളിമുറിലേക്കോടി.. എണ്ണ മെഴുക്കു പുരണ്ട തറ തേച്ചു മെഴുക്കി കുളിച്ചു തോർത്തി. കണ്ണുകറുപ്പിച്ചു നെറ്റിയിൽ സിന്ദൂരം ചാർത്തി സീമന്തരേഖ ചുമപ്പിച്ചു വരുമ്പോൾ അയാൾ ചോദിക്കും …

നീ ഇപ്പോളാണോ കുളിക്കുന്നത് ? ഇത്രയും നേരം നിനക്ക് എന്തായിരുന്നു പണി ?

അയാളുടെ ചോദ്യം അവർത്തിച്ചുകൊണ്ടേ ഇരുന്നു …അവൾ കുറെ നാൾ മൗനമായി തുടർന്നു.

പിന്നെ അവളും സംസാരിച്ചു തുടങ്ങി ….ഞാൻ എന്തുചെയ്താലും നിങ്ങടെ കണ്ണിൽ പിടിക്കില്ലല്ലോ ….?

നിങ്ങൾ ഇത്രയും കാലം ജോലി ചെയ്തിട്ടെന്തായി …?

ഈ വീട്ടിൽ എന്തുണ്ട് …പത്തുപതിനാല് വർഷം മുന്നേ മേടിച്ച ഒരു ടി വിയുണ്ട് .ഒരു വാഷിങ്ങ്മെഷിൻ ഉണ്ടോ ?നന്നായി പൊടിക്കാനും അരക്കാനും പറ്റിയ ഒരു മിക്സിയുണ്ടോ ?നല്ലൊരു സോഫയുണ്ടോ?എന്തിനു കൂടുതൽ പറയുന്നു മര്യാദയ്ക്ക് കറങ്ങുന്ന ഒരു ഫാനുണ്ടോ ?

നിങ്ങള് നമ്മുടെ അയല്പക്കത്തൊക്കെ ഒന്ന് പോയി നോക്ക് …അവരുടെയൊക്കെ വീട്ടിൽ ഇല്ലാത്തതെന്താ ഉള്ളത് ….ശാരദ കഴിഞ്ഞ ആഴ്ചയും ….

മതി …!മതി …!എനിക്കൊന്നും കേൾക്കണ്ട ….അവസാനം അയാൾ കാതുപൊത്തുമ്പോഴും അവൾ ഒരു ചാറ്റൽ മഴ പോലേ പെയ്തുകൊണ്ടേയിരിക്കും …

ഒരിക്കൽ കോലായിൽ ചാരുകസേരയിൽ ചാരിക്കിടന്നു പത്രം വായിക്കുന്ന അയാളുടെ മുഖത്ത് ഒരു കണ്ണട വന്നു.ഒരു കറുത്ത കണ്ണട…

അയാൾ അതിലൂടെ പുറത്തേക്കു നോക്കി …കുറ്റിച്ചൂല് കൂട്ടിപ്പിടിച്ചു മുറ്റത്തെ ടൈൽസിൽ ചിതറിക്കിടക്കുന്ന കരിയിലകൾ വളരെ ആയാസപ്പെട്ട് തൂത്തു നീക്കുന്ന അവളെ അയാൾ ആദ്യമായി കണ്ടു.

അവൾക്കു നടക്കാൻ ബുദ്ധിമുട്ടുണ്ടോ ..?അയാൾ സൂക്ഷിച്ചു നോക്കി ….

ശരിയാണ് ….

അയാൾ അവളെ നീട്ടി വിളിച്ചു …..കല്ലൂ …..വിശ്വാസം വരാതെ അവൾ അയാളെ നോക്കി പണ്ടെന്നോ കേട്ടുമറന്ന വിളി ….

എന്താ നിങ്ങക്ക് വേണ്ടേ …?ചിരിച്ചുകൊണ്ട് മുഖമുയർത്തി അവൾ ചോദിച്ചു .

അവളുടെ കറുത്ത കൃഷ്ണമണിക്ക് ചുറ്റും കാലം തീർത്ത ചാര വളയങ്ങൾ അയാൾ കണ്ടു ….

നീ ഇങ്ങട് വന്നേ …?

സ്നേഹപൂർവ്വം അയാൾ അവളെ കൈ കാട്ടി അടുത്തേക്ക് വിളിച്ചു.

അയാൾ കൈയിലെ കാപ്പി കോപ്പ മെല്ലെ മുന്നോട്ടാഞ്ഞു അരമതിലിൽ വെച്ചു പിന്നെ ചാരുകസേരയുടെ ഇരു വശത്തും പിടിച്ചു കൊണ്ടു മെല്ലെ എഴുന്നേറ്റു.

കൈയിലെ പത്രം ചാരുകസേരയിലേക്ക് ഇട്ടു.പിന്നെ അരമതിലിൽ നിന്നും ചായ കോപ്പ എടുത്തു പതിയെ മിനുസ്സപെടുത്തിയ ചവിട്ടു പടികളിൽ സൂക്ഷിച്ചു ചവിട്ടി താഴേക്കിറങ്ങി ഏറ്റവും താഴത്തെ പടിയിൽ കൈകുത്തി ഇരുന്നു .

അപ്പോൾ അവിടെ മെല്ലെ അവളും എത്തി.

കല്ലൂ …നീ ഇവ്ടെ ഇരീ ….

അവൾ ചിരിച്ചുകൊണ്ട് അയാളോട് ചേർന്നിരുന്നു.

ഇപ്പോൾ അയാൾക്കു അവളെ ശരിക്കും കാണാം. അവളുടെ ശിരസ്സിൽ തടവുമ്പോൾ അയാൾ ഓർത്തു കറുത്ത മുടികൾ എണ്ണി എടുക്കാൻ പാകത്തിനായിരിക്കണു.

എന്തായിപ്പ നിങ്ങക്ക് പറ്റിയേ ?

തന്നെ സൂക്ഷിച്ചു നോക്കുന്ന അയാളുടെ മുഖത്തേക്കു നോക്കി ചിരിച്ചു കൊണ്ടു അവൾ ചോദിച്ചു .

അവളുടെ കണ്ണാടി കവിളുകളിൽ കാലം ചുളിവുകൾ കൊണ്ട് എന്തോക്കയോ കോറി ഇട്ടിരിക്കുന്നു.

അവളും ഓർത്തു ബാലേട്ടനും പ്രായമായിരിക്കണു.തലമുടി പകുതിയിലേറെ കാലം കൊയ്തെടുത്തിരിക്കുന്നു.

നീ ഈ കാപ്പി കുടി…അയാൾ ആവി പറക്കുന്ന കാപ്പി അവളുടെ ചുണ്ടോടു നീട്ടി .

നിങ്ങക്ക് എന്തോ പറ്റിയിരിക്കണ് ? കൈകൾ കൂട്ടിയടിച്ചു ഒരു തമാശ കേട്ട പോലെ അവൾ ചിരിച്ചു …

കാലത്തെ തോൽപ്പിച്ച അവളുടെ പല്ലുകൾ പണ്ടത്തെപ്പോലെ തന്നെ വെട്ടി തിളങ്ങി.

നിനക്കു എന്തോരം പണിയാ ഇവ്ടെ നേരം വെളുക്കുമ്പോ തൊട്ടു ഇരുളണവരെ….

അവളുടെ പൊട്ടിച്ചിരി ചുണ്ടിൽ ഒരു നേർ രേഖയിൽ അവസാനിക്കുന്നതും….അവളുടെ പീലിയിൽ നനവിന്റെ ചെറു മുത്തുക്കൾ തിളങ്ങുന്നതും അയാൾ തന്റെ കട്ടികണ്ണടയിലൂടെ കണ്ടു …

എത്രയോ വട്ടം കേൾക്കാൻ കൊതിച്ച വാക്കുകൾ …ഇപ്പോ അതൊക്കെ മനസ്സീന്ന് മറഞ്ഞപ്പോ ….

അവളുടെ ചിന്തകളെ മുറിച്ചുകൊണ്ട് അയാൾ അവളെ തന്നോട് ചേർത്തു പിടിക്കുമ്പോൾ അവൾ പറഞ്ഞു.

ഞങ്ങക്കു വേണ്ടി പകലന്തിയോളം കഷ്ടപ്പെടുന്ന നിങ്ങക്കും നമ്മുടെ മക്കൾക്കും വേണ്ടിയല്ലേ…?അതൊന്നും ഒരു കുഴപ്പവുമില്ല.

അവളതു പറയുമ്പോൾ അയാൾ ഓർത്തു ഒരിക്കൽ കൂടി ഈ കറുത്ത കണ്ണടയില്ലാതെ അവളെ ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ….

ഒരു നിർവൃതിയോടെ അയാളുടെ നെഞ്ചിന്റെ ചൂടേറ്റ് കണ്ണുകൾ അടച്ചു കിടന്ന് അവളോർത്തു ….കൊഴിഞ്ഞ ദിനങ്ങൾ വീണ്ടും തളിർത്തിരുനെങ്കിൽ ….

അയാൾ തന്റെ കണ്ണട മെല്ലെ ഊരി …

തന്റെ കണ്ണിന്റെ മങ്ങിയ കാഴ്ചയിൽ ,പുളിയില കൈകൾക്കിടയിലൂടെ അവളെ തഴുകുന്ന സൂര്യ രശ്മിയിൽ, താനറിയാതെ കൊഴിഞ്ഞ അവളുടെ യൗവനം വീണ്ടും വിരിഞ്ഞ പോലെ അയാൾക്കു തോന്നി ….

അയാളുടെ കണ്ണുകളിൽ സ്നേഹം നിറഞ്ഞു ….

നിങ്ങള് എന്താ കരയാണേ …..?

പരിഭ്രമത്തോടെയുള്ള അവളുടെ പീലിത്തുടിപ്പിൽ,തനിക്കും തന്റെ മക്കൾക്കും മാത്രമായി തുടിച്ചുകൊണ്ടിരുന്ന ഒരു ഹൃദയം അയാൾ ആദ്യമായി കണ്ടു….കുറച്ചു വൈകിപ്പോയല്ലോ എന്ന വേദനയോടെ … അവളെ തന്റെ ഹൃദയത്തോടു മുറുക്കെ ….ചേർത്തു പിടിക്കുമ്പോൾ ….തനിക്കും മക്കൾക്കും വേണ്ടി മാത്രമായി മിടിക്കുന്ന അയാളുടെ ഹൃദയത്താള തുടിപ്പുകൾ അവളും അന്നാദ്യമായി കേട്ടു ….