തന്‍റെ ജീവിതം നശിപ്പിക്കരുത്. ഹാറൂന്‍ മറ്റൊരു കല്ല്യാണത്തെകുറിച്ച് ചിന്തിക്കണം എന്നു കരഞ്ഞ്കൊണ്ട് പറഞ്ഞുളള മെസേജുകളായിരുന്നു മുഴുവനും…

കൊക്കിനെ പ്രണയിച്ച മാക്രിക്കുഞ്ഞ്

രചന: നൗഷാദ് കണ്ണേരി

കളികഴിഞ്ഞ് വീട്ടിലേക്ക് വന്ന്കയറിയ റയാന്‍ ബൂട്ട്സിന്‍റെ കിറ്റ് പതിവുപോലെ ഹാളിന്‍റെ സൈഡിലേക്ക് വലിച്ചെറിഞ്ഞു.. വിയര്‍ത്തുനാറുന്ന ജഴ്സി തലക്കുമുകളിലൂടെ ഊരിയെടുത്തു ചുമലിലേക്കിട്ടു…

മണ്ണുപറ്റിയ ട്രൗസറിന്‍റെ പുറകുവശം ഒന്നുതുടച്ച് അവന്‍ ഡൈനിംഗ്ടേബിളിനടുത്തുളള ചെയറിലേക്ക് കയറിഇരുന്നു..

”ഉമ്മാ എനിക്കുളള ചായകൂടി ഇങ്ങെടുത്തോളൂ..”

റയാന്‍റെ കോലംകണ്ട ഉമ്മ ദേഷ്യപ്പെട്ടു..

”റയാ.. കുളിച്ചില്ലെങ്കിലും വേണ്ടില്ല ആ കാലെങ്കിലും ഒന്ന് കഴുകിവാ നീ..എന്തൊരു നാറ്റമാണെടാ.. കഴുകാത്ത സേക്സിട്ട ആ ചീഞ്ഞമണമെങ്കിലും ഒന്ന് പോകട്ടെ..”

”ഉമ്മാ എനിക്ക് ഇങ്ങള് പെണ്ണുകെട്ടിച്ച് തന്നിട്ടൊന്നും ഇല്ലല്ലോ ദിവസവും സോക്സ് കഴുകിത്തരാന്‍.? അല്ല എന്താണ് എന്‍റെ കാര്യത്തില്‍ ഇങ്ങളുടെ തീരുമാനം.?”

ടേബിളിന്‍റെ മറുസൈഡില്‍ ഇരുന്ന്ചായകുടിക്കുന്ന ഹാറൂനെ കാണിച്ച് ഉമ്മപറഞ്ഞു..

”നിന്‍റെ മൂത്തത് ഒരുത്തനുണ്ട് ഇവിടെ.. അവന്‍റെ നിക്കാഹ് നടക്കാതെ ഉമ്മാന്‍റെ കുട്ടിടെ പൂതി നടക്കൂലട്ടോ..”

റയാനെക്കാള്‍ മൂന്നു വയസിന് മൂത്തതാണ് ഹാറൂന്‍.. കൂട്ടുകാരെപോലെയാണ് രണ്ടുപേരും.. തലതാഴ്തിയിരുന്ന് ചായകുടിക്കുന്ന ജേഷ്ടനെ നോക്കി റയാന്‍ ചോദിച്ചു..

”അല്ല ചങ്ങായീ എന്താണ് അന്‍റെ കഥ.? നീ കാരണം എന്‍റെ കല്ല്യാണമാണ് മുടങ്ങിക്കിടക്കുന്നത്..”

”നീ എന്തിനാണ് എന്നെ കാത്തുനില്‍ക്കുന്നത്.. എനിക്ക് ഇപ്പോള്‍ കല്ല്യാണം വേണ്ടെന്ന് ഞാന്‍ പറഞ്ഞതല്ലേ.?”

”ഓന്‍റെ ഒലക്കമ്മലെ ഒരു നഷ്ടപ്രണയവും ഓഞ്ഞ കവിതകളും കാരണം മറ്റുളളവരാണ് ബുദ്ധിമുട്ടുന്നത്..”

ഹാറൂന്‍ അനിയന്‍റെ വാക്കുകള്‍ക്ക് ശ്രദ്ധകൊടുത്തില്ല… ഏട്ടന്‍റെ ചായഗ്ലാസ് റയാന്‍ പിടിച്ച് വാങ്ങി..

”എട ചങ്ങായി ഞാന്‍ പറയുന്നതൊന്ന് ശ്രദ്ധിക്ക് നീ.. നിനക്ക് കല്ല്യാണം കഴിക്കാന്‍ പറ്റാത്ത എന്തെങ്കിലും അസുഖമുണ്ടോ.. അതുപറ..?”

ഹാറൂന്‍ അനിയനെ നോക്കി..

”റയാ.. അതിരുവിടണ്ട അതാണ് നിനക്ക് നല്ലത്..”

”ഇന്ന് എല്ലാത്തിനും ഒരു തീരുമാനമാക്കിയാണ് ഞാന്‍ വന്നിട്ടുളളത്.. നിനക്ക് മെസേജ് വന്നില്ലേ.?”

”എന്തിനാണ് നീ തീരുമാനമാക്കിയത്..?”

”ഒരു വര്‍ഷംമുന്‍പ് നിന്‍റെ ലൗവ്വറ് പോയദിവസം കൈയിലെ ഞരമ്പ്മുറിച്ച് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞത് നിനക്ക് ഓര്‍മ്മയുണ്ടോ..?”

”അതിന്.?”

”അവളുമൊത്തുളള നിന്‍റെ കുറച്ച് പേഴ്സണല്‍ ഫോട്ടോസ് നശിപ്പിക്കാനായി അന്ന് നീ എന്‍റെടുത്ത് തന്നിരുന്നില്ലേ..?”

ഹാറൂന്‍ അല്‍പം ഭയത്തോടെ ചോദിച്ചു..

”അത് നീ നശിപ്പിച്ചില്ലെ.?”

”ഇല്ല.. ഞാന്‍ ഇന്ന് അവളെ കാണാന്‍പോയിരുന്നു.. ആ ഫോട്ടോകളുമായി..”

”നുണപറയരുത്.”

ഹാറൂന്‍റെ മുഖത്തുളള ഭയം മനസിലാക്കിയ റയാന്‍ പറഞ്ഞു..

”സംശയമുണ്ടെങ്കില്‍ നീ അവളോടൊന്ന് ചോദിച്ച് നോക്ക്.. എനിക്കറിയാം ഫേക്ക് ഐഡിയില്‍ അവള്‍ നിന്നോട് ഇപ്പോളും സൊളളുന്നുണ്ടെന്ന്..”

”എന്നിട്ട് നീ എന്താണ് അവളോട് പറഞ്ഞത്..?”

”നീ വേറെ പെണ്ണ് കെട്ടാന്‍സമ്മതിച്ചില്ലെങ്കില്‍ അവളുടെ കുടുംബം ആ ഫോട്ടോ വച്ച് ഞാന്‍ കുളം തോണ്ടുമെന്ന് പറഞ്ഞു.. അവള്‍ കാരണമാണ് നീ ഇങ്ങനെ ആയിത്തീര്‍ന്നത്..”

റയാന്‍റെ മുഖമടച്ച് ഒരു അടിവീണു..

”അവളുടെ ജീവിതത്തില്‍ കയറി ഇടപെടാന്‍ നിന്നോട് ആരുപറഞ്ഞു.? നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോടാണ് പറയേണ്ടത്..”

അടികൊണ്ട ഒരു നിമിഷത്തെ പരിഭ്രമത്തിന് ശേഷം റയാന്‍ ജേഷ്ടന്‍റെ കോളറില്‍ കുത്തിപ്പിടിച്ച് അവനെ തളളി ചുമരിനോട് ചാരിനിര്‍ത്തി..

”നിന്നോടും എനിക്കതാണ് പറയാനുളളത്… നിനക്ക് എന്നെ ശരിക്ക് അറിയുന്നതല്ലേ.? നിന്നെ ഒരു ഭ്രാന്തനാവാന്‍ വിടില്ല ഞാന്‍.. അവളുടെ ജീവിതത്തേക്കാള്‍ എനിക്ക് എന്‍റെ കുടുംബത്തിന്‍റെ സമാധാനമാണ് വലുത്..നീയുമായി മനസും ശരീരവും പങ്കിട്ട അവള്‍ മറ്റൊരുത്തന്‍റെകൂടെ സുഖമായിജീവിക്കുന്നു.. അവള്‍ക്കില്ലാത്ത അത്മബോധം നിനക്കെന്തിനാണെടാ പുല്ലേ..”

ഉമ്മ അടുക്കളയില്‍നിന്നും വരുന്നത് കണ്ട ഹാറൂന്‍ കോളറിലുളള ആനിയന്‍റെ പിടിവിടുവിച്ച് പറഞ്ഞു..

”പിടിവിട്.. ഉമ്മവരുന്നു.. ഇത് കണ്ടാല്‍ പിന്നെ നെഞ്ചത്തടിയായി നിലവിളിയായി പ്രഷ്വര്‍അടിച്ച് കയറി ആകെ സീനാവും..”

”എന്താണ് ഏട്ടനും അനിയനുംകൂടി മൂലക്കല്‍ നിന്നൊരു ലോഹ്യം പറച്ചില്‍.?”

”അതേയ് ഉമ്മാ.. ഹാറൂന് പെണ്ണ് കെട്ടാന്‍ മുട്ടുണൂന്ന്… ഓന്‍ക്ക് ഇങ്ങളോട് അത് പറയാന്‍ നാണമാണത്രേ..”

ഉമ്മ മുകളിലേക്ക് കണ്ണുകളുയര്‍ത്തി പടച്ചവനെ സ്മരിച്ചു…

”അല്‍ഹംദുലില്ലാ.. പടച്ചോന്‍ ന്‍റെ പ്രാര്‍ത്ഥനകേട്ടു..”

”ഇവന്‍ നുണപറയുകയാണുമ്മാ എനിക്ക് കല്ല്യാണം വേണ്ട..”

”ഓക്കെ.. നീ കാത്തിരുന്നോളൂ.. നീ മാത്രമായിരിക്കും അവളുടെ ജീവിതം തകരുന്നതിന്‍റെ ഏക ഉത്തരവാദി..”

റയാന്‍ ദേഷ്യത്തോടെ അടുത്ത്കിടക്കുന്ന ചെയറിന് ഒരുചവിട്ട് കൊടുത്ത് ബാത്ത് റൂമിലേക്കുനടന്നു…

ഹാറൂന്‍ ഉടനെതന്നെ മൊബൈലില്‍ നെറ്റ് ഓണ്‍ചെയ്തുനോക്കി..ഫേക്ക് ഐഡിയിലുളള പൂര്‍വ്വകാമുകിയുടെ കുറേയെറ വോയ്സ്മെസേജുകള്‍ വന്നുകിടപ്പുണ്ടായിരുന്നു..

റയാന്‍ പറഞ്ഞത് ശരിയാണ്..

തന്‍റെ ജീവിതം നശിപ്പിക്കരുത്.. ഹാറൂന്‍ മറ്റൊരു കല്ല്യാണത്തെകുറിച്ച് ചിന്തിക്കണം എന്നു കരഞ്ഞ്കൊണ്ട് പറഞ്ഞുളള മെസേജുകളായിരുന്നു മുഴുവനും..

*****************

അടുത്തദിവസം ബുളളറ്റിന്‍റെ ചാവിയുമെടുത്ത് റയാന്‍ പുറത്തേക്കിറങ്ങുകയായിരുന്നു..

”റയാ.. എങ്ങ്ട്ടാ നീ പോകുന്നത്..?”

”ഇന്നൊരു കുടുംബം കലക്കാനുണ്ട് മോനേ..” റയാന്‍ വീടിന് പുറത്തെത്തി ബുളളറ്റില്‍ കയറിയപ്പോളേക്കും ഹാറൂന്‍ ഓടിവന്ന് ബൈക്കിന്‍റെ ചാവി കൈക്കലാക്കി..

”നീ എങ്ങോട്ടാണ് പോകുന്നതെന്ന് പറയ്..”

”ഹാറൂ.. നീ കളിക്കാതെ ചാവി താ.. ഞാന്‍ ടൗണിലേക്കാണിപ്പോള്‍.”

”നീ പറഞ്ഞതിനെകുറിച്ച് ആലോചിക്കാന്‍ എനിക്കല്‍പം സമയംവേണം.. അതിന്മുന്‍പ് നീ പ്രഷ്നമുണ്ടാക്കരുത്.. പ്ലീസ്..”

റയാന്‍റെ മുഖത്ത് ഒരു പുഞ്ചിരിവിടര്‍ന്നു.. അവന്‍ ആലോചനയോടെ പറഞ്ഞു..

”ഓക്കെ.. ഒരാഴ്ചത്തെ സമയമുണ്ട്.! അത് നിനക്കല്ല.. അവളുടെ ജീവിതത്തിന്.”

റയാന്‍ ഹാറൂന്‍റെ കൈയില്‍നിന്നും ചാവിബലമായി പിടിച്ച് വാങ്ങി ബുളളറ്റോടിച്ച് പുറത്തേക്ക് പോയി..

ഒരാഴ്ചകടന്ന് പോയി…

”എന്‍റെ കൂട്ടുകാരി അറിയുന്ന ഒരു പെണ്‍കുട്ടിയുണ്ട്മ്മാ… അച്ഛടക്കമുളള കുടുംബമാണ്.. ഞാന്‍ കണ്ടിട്ടുണ്ട് അവളെ.. കാണാനും നല്ല കുട്ടിയാണ്.. ഹാറൂന് നമുക്കത് ഒന്നു ആലോചിച്ചാലോ.?”

അത് കേട്ടയുടനെ ഹാറൂന്‍ എതിര്‍ത്തു..

”ഏയ്.. എനിക്കിഷ്ടമില്ല ഉമ്മാ.. റയാ നിനക്ക് ആലോചോളൂ അത്..”

”മനസിലാവാത്ത ഒലക്കമ്മലെ കവിത എഴുതുന്ന അവറ്റകളെയൊന്നും എനിക്ക് കണ്ണിന് നേരെ കണ്ടുകൂടാ.. ഓള്‍ക്കും നിന്നെപോലെ എഴുത്തിന്‍റെ പ്രാന്തുണ്ട്..അവളും ഓഞ്ഞ കവിതകളൊക്കെ എഴുതുമത്രേ.”

”അത് കലാബോധമാണടാ.. നിനക്ക് ഗ്രൗണ്ടിലെ ആ മണ്ണില്‍കിടന്നു കൂത്താടാനല്ലേ അറിയൂ.?”

”എങ്കില്‍ ആ ബോധക്കേട് അവള്‍ക്ക് നല്ലോണമുണ്ട്.. നിനക്ക് പറ്റും അവളെ..”

”എനിക്ക് താല്‍പര്യമില്ലല്ലോ..?”

”നിനക്ക് താല്‍പര്യമുണ്ടായെ പറ്റൂ.. ഓര്‍മ്മയുണ്ടല്ലോ ഞാന്‍ പറഞ്ഞത്..”

നിരാശയോടെ ഹാറൂന്‍ പറഞ്ഞു..

”എനിക്കൊന്ന് ആലോചിക്കണം റയാ..”

”വെറെവര്‍ത്തമാനം ഒന്നും ഇല്ല.. നാളെ പെണ്ണിനെകാണാന്‍ പോകണം.. പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ വരുന്ന വഴിക്കുതന്നെ മറ്റൊരു കുട്ടിയും ഉണ്ട്..”

ഹാറൂന് മുന്‍പില്‍ മറ്റ് വഴികളില്ലായിരുന്നു..

*****************

തലയില്‍നിന്നും പാതിപോയ തട്ടവുമായി മെഹറിന്‍ പുഞ്ചിരിയോടെ ചായയുമായി ഹാറൂന്‍റെ മുന്നില്‍ വന്നുനിന്നു.. കറുത്തഫ്രൈമുളള കണ്ണടവച്ച മെഹറിന്‍ സുന്ദരിയായിരുന്നു..

ചായയുമായിവന്ന മെഹറിനെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന ഹാറൂന്‍റെ ചെവിയില്‍ റയാന്‍ മന്ത്രിച്ചു..

”നിനക്ക് ഇഷ്ടമായെങ്കില്‍ സംസാരിക്കാം.. പക്ഷേ പൂര്‍വ്വ കാമുകിയുമൊത്തുളള ലീ ലാവിലാസങ്ങളൊന്നും ഇവളോട് ഇപ്പോള്‍തന്നെ വിളമ്പാന്‍ നില്‍ക്കരുത്..”

ചായകൊടുക്കല്‍ ചടങ്ങെല്ലാം കഴിഞ്ഞു..

മറ്റുളളവര്‍ക്കിടയില്‍നിന്നുംമാറി രണ്ട്പേര്‍ക്കും തനിയെ സംസാരിക്കാനുളള അവസരം കിട്ടി..

ഔപചാരികമായ പരിചയപ്പെടലിനു ശേഷം ഹാറൂന്‍ പറഞ്ഞു…

”എനിക്ക് മെഹറിനോട് കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ട് അതിന് ശേഷം ആലോചിച്ച് മാത്രം അഭിപ്രായം പറഞ്ഞാല്‍ മതി.”

ഹാറൂന്‍ പറഞ്ഞുതുടങ്ങുന്നതിന് മുന്‍പ് മെഹര്‍ ഇടക്കുകയറി പറഞ്ഞുതുടങ്ങി..

”ഹാറൂന് ഒരു ലൗവ്വര്‍ ഉണ്ടായിരുന്നു.. അവളുടെ കല്ല്യാണംകഴിഞ്ഞു.. നിങ്ങള്‍ തമ്മില്‍ മനസും ശരീരവും പങ്ക്വച്ചിട്ടുണ്ട്.. ഒരുത്തിയെ മനസില്‍വച്ച് മറ്റൊരുപെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ഹാറൂന്‍റെ മനസ് അനുവതിക്കുന്നില്ല കാരണം കല്ല്യാണംകഴിക്കുന്നകുട്ടിയെ ചതിക്കുകയാണോ എന്നുളള കുറ്റബോധം.. ഹാറൂന്‍ മാറാന്‍ ശ്രമം നടത്തുന്നുണ്ട് അതിന് അല്‍പം സമയം വേണ്ടിവരും.. ഇതല്ലേ പറയാനുളളത്..?”

ഹാറൂന് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല..

”റയാന്‍ നിന്നോട് പറഞ്ഞിരുന്നോ.?”

”റയാന്‍ പറഞ്ഞിട്ടില്ല… പക്ഷേ ഹാറൂന്‍റെ എല്ലാകാര്യവും എനിക്കറിയാം..”

”പിന്നെ ആരാണ് നിന്നോടിതെല്ലാം പറഞ്ഞത്.?”

”കൊക്കിനെ പ്രണയിച്ച മാക്രികുഞ്ഞാണ് അത് പറഞ്ഞത്..”

ഹാറൂന്‍ തലയില്‍ കൈവച്ചു..

”പടച്ചവനെ.. ആ കുരിപ്പിനെ നീ അറിയുമോ.? എന്‍റെ ബെസ്റ്റിയാണവള്‍.. അവള്‍ നിന്‍റെയും ഫ്രണ്ടാണോ..?”

ചമ്മിനില്‍ക്കുന്ന ഹാറൂനെ നോക്കി മെഹര്‍ ചിരിയോടെ പറഞ്ഞു…

”ഫ്രണ്ട്അല്ല.. അത് ഞാന്‍തന്നെയാണ്..”

”നീയോ.? ഞാനിത് വിശ്വസിക്കൂല.. അവള്‍ അവളുടെ ഫോട്ടോകളൊക്കെ എനിക്ക് കാണിച്ചുതന്നതാണല്ലോ..”

”അത് ഞാന്‍ മറ്റ് ഏതൊ ഒരു അക്കൗണ്ടിലെ ഫോട്ടായാണ് തന്നത്.. എന്‍റെ വോയ്സും മാക്രികുഞ്ഞിന്‍റെ വോയ്സും ഒന്ന് തന്നെയല്ലെന്ന് നോക്കൂ..”

മെഹര്‍ മൊബൈല്‍ ഓപണ്‍ചെയ്ത് അവളുടെ ഫേക്ക് ഐഡി ഹാറൂന് കാണിച്ചുകൊടുത്തു…

”എനിക്ക് ഓക്കെയാണ്.. പക്ഷേ ഒരുകാര്യത്തില്‍ എനിക്ക് വാക്കുതരണം.. ഇനി മറ്റവളോടുളള ഒരുസൗഹൃദവും പാടില്ല… ഇനി അവളെകുറിച്ച് കവിത എഴുതാനും പാടില്ല..”

ഹാറൂന്‍ പെട്ടന്ന് തന്നെ സംസാരം മതിയാക്കി റൂമിന് പുറത്തെത്തി..

കാറില്‍ തിരികെ വീട്ടിലേക്ക് തിരിക്കുമ്പോള്‍ ഹാറൂന്‍ മൗനമായി ഇരുന്നു..അവന്‍റെ മനസ് മറ്റേതോലോകത്തായിരുന്നു..

”എന്താ ഹാറൂ ഒന്നും മിണ്ടാണ്ടിരിക്കുന്നത്..? ഇഷ്ടമായില്ലെങ്കില്‍ വേണ്ട.. നമുക്ക് വേറെ അന്വേഷിക്കാം..”

അവന്‍ അനിയനോട് തട്ടിക്കയറി..

”മാനം പോയെട പുല്ലേ.. നീ എന്നെ അറിഞ്ഞുകൊണ്ട് കുടുക്കിയതാണോ.? അവള്‍ക്ക് എല്ലാം അറിയാം..”

”ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലല്ലോ അവളോട്.. പിന്നെ എന്താണുണ്ടായത്…എന്തെങ്കിലും പ്രോബ്ളമുണ്ടോ..?”

ഹാറൂന്‍ കാര്യങ്ങളെല്ലാം റയ്യാനോട് തുറന്നു പറഞ്ഞു.. അത്കേട്ട റയ്യാന്‍ ഹാറൂന്‍റെ പുറത്തൊന്ന് കൊടുത്ത് പൊട്ടിച്ചിരിച്ചു..

”പൊളിച്ചൂ.. മതി.. അവള്‍ മതി നിനക്ക്.. ഇനി വേറേ ആരേയും നോക്കണ്ടാ..നിന്‍റെ കല്ല്യാണം നമ്മള്‍ ഉറപ്പിച്ചു.. മെഹറ് നിന്‍റെ പരിപ്പെടുക്കും മോനെ..”

കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് ഹാറൂന്‍റെയും മെഹറിന്‍റെയും കല്ല്യാണം ഉറപ്പിച്ചു..

റയാന്‍റെ കല്ല്യാണവും അതിനോടൊപ്പം നടത്താനായിരുന്നു പ്ലാന്‍..

”നിനക്ക് എന്തിന്‍റെ കേടാണെട ചെങ്ങായി.. ഒരു രണ്ട്മൂന്ന് കൊല്ലംകൂടി സമാധാനത്തോടെ ഞാനൊന്ന് അടിച്ച് പൊളിച്ച് നടക്കട്ടെ.. കല്ല്യാണം കഴിഞ്ഞാല്‍ പിന്നെ നമ്മുടെ മാര്‍ക്കെറ്റിടിഞ്ഞില്ലേ.. പിന്നെ അവളുടെ ചുരിദാറിന്‍റെ വളളിപോയത് ഇട്ടുകൊടുക്കുക.. മുടിചീകികൊടുക്കുക..മൈലാഞ്ചി ഇട്ടുകൊടുക്കുക.. അടിമയായിപ്പോകും.”

റയാന്‍റെ വാക്കുകള്‍ കേട്ട് ഹാറൂന്‍ വാപൊളിച്ച് നിന്നു..

പെട്ടെന്ന് ഹാറൂന്‍റെ ഫോണിലേക്ക് ഒരു കാള്‍ വന്നു.. ഹാറൂന്‍ ദൃതിയില്‍ കാള്‍ അറ്റന്‍റ് ചെയ്തു.

”സോറി..! സോറി..! പിണങ്ങല്ലേ..! കാള്‍വന്നത് ഞാന്‍ കണാഞ്ഞിട്ടല്ലേ.? കണ്ടാല്‍ ഞാന്‍ എടുക്കില്ലേ..? ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്ക്.. പ്ലീസ്.”

ഹാറൂന്‍ മുന്‍പില്‍നില്‍ക്കുന്ന റയാനെ മറന്ന് ഫോണിന് പുറകെപോയി..

ഹാറൂന്‍റെ സംസാരവും പരവേശവുംകണ്ട് ഫോണിലുളളത് അവന്‍റെ മാക്രിപെണ്ണാണെന്ന് റയാന് മനസിലായി..

ബുളളറ്റ് സ്റ്റാര്‍ട്ടാക്കുമ്പോള്‍ അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു..

‘കെട്ടാന്‍ മുട്ടിയോന്‍റെ കഥ ഇങ്ങനെയെങ്കില്‍ കെട്ടിക്കഴിഞ്ഞാല്‍ ഓന്‍റെ കഥ എത്ര ഭീകരമായിരിക്കും.. മിങ്കിളായിരിക്കുന്നതിനേക്കാള്‍ നല്ലത് സിങ്കിളാണ് ബിഗിലേ.’