പെണ്‍കുട്ടിയുടെ വാക്കുകള്‍ കേട്ട കാരണവന്‍മാന്‍ സിനാനെ അടിമുടിയൊന്നു നോക്കി. ആളും അവന്‍റെ ഡ്രസിംഗും പരസ്പരം മാച്ചാവുന്നില്ല…

കൊമ്പത്തെ വമ്പത്തി

രചന: നൗഷാദ് കണ്ണേരി

”ഞാന്‍..ജാക്സനല്ലെടാ..ന്യൂട്ടല്ലടാ..ജോക്കറല്ലെടാാ..

മൂണ്‍..വാക്കുമില്ലെടാ..സ്റ്റാറുമല്ലെടാാ..ഒന്നുമല്ലെടാാ..

എന്നാലും നാട്ടാരേ..ഇന്നാട്ടില്‍ ഞാന്‍..എന്‍റുമ്മാാ…….” പാട്ടിന്‍റെ വരിപൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പുറകില്‍നിന്നും എന്തോഒന്ന് അവനെ ഇടിച്ചുതെറിപ്പിച്ചു..

ഇടിയുടെ ശക്തികൊണ്ട് റോഡ് സൈഡിലുളള അരിച്ചാലിലേക്ക് ഒരു നിലവിളിയോടെ സിനാന്‍ മൂക്കും കുത്തിവീണു..

പുറകില്‍നിന്നും കുത്തിമറിച്ചിട്ടത് പശുവാണോ പോത്താണോ എന്നറിയാന്‍ വേദനയോടെ ഉൗരയില്‍ കൈതാങ്ങി പതിയെ വീണിടത്തുനിന്നും എഴുന്നേറ്റ് അവന്‍ തിരിഞ്ഞുനോക്കി..

റോഡിന്‍റെ അരിച്ചാലിനടുത്ത് ഒരു എരുമയും അവള്‍ക്കൊപ്പം ഒരു സ്കൂട്ടിയും വീണ്കിടക്കുന്നതാണ് അവന്‍ കണ്ടത്..

എഴുന്നേറ്റ് ചെന്ന് ഒന്നുകൊടുക്കാന്‍ അവന്‍റെ കൈതരിച്ചു.. പക്ഷേ ഇടിച്ചത് ഒരു പെണ്‍കുട്ടിയായതുകൊണ്ട് വേദനയും ദേഷ്യവും കടിച്ചമര്‍ത്തി അവന്‍ കഷ്ടപ്പെട്ട് അരിച്ചാലില്‍നിന്നും ഞൊണ്ടി ഞൊണ്ടി കയറിവന്നു..

വീണിടത്തുനിന്നും എഴുന്നേറ്റപെണ്‍കുട്ടി തലയിലെ തട്ടം ശരിയാക്കി അവളുടെ ചുരിദാറില്‍ പറ്റിയ മണ്ണുതുടക്കുകയായിരുന്നു അപ്പോള്‍..

”എടി കുരിപ്പെ.! ഏത് പോസ്റ്റാപ്പീസില്‍ നോക്കിയാണെടി നീ വണ്ടി ഓടിക്കുന്നത്.? എന്‍റെ നട്ടെല്ല് ഒടിയാഞ്ഞത് ഭാഗ്യം.”

അതുകേട്ട് അവള്‍ ചീറീ..

”ഹോണടിച്ചാല്‍ കേട്ടൂടടോ തനിക്ക്.. ഞാന്‍ എത്രതവണ ഹോണടിച്ചു..ചെവിയില്‍ ആ കുന്ത്രാണ്ടം തിരുകിയിരിക്കുകയല്ലേ എങ്ങനെ കേള്‍ക്കാനാണ്.?”

ടാറിട്ട ചെറിയ ഒരു റോഡായിരുന്നു.. മറ്റുവാഹനങ്ങള്‍ ഒന്നുതന്നെയില്ല.. വലതു വശം ചാരിയാണ് അവന്‍ നടന്നത്.. അതും കഴിയുന്നത്ര റോഡിന്‍റെ ഓരംചാരി..എന്നിട്ടാണവള്‍ ഹോണടിച്ചതിന്‍റെ കണക്ക് പറയുന്നത്..

”എടീ എരുമെ.. റോംഗ് സൈഡില്‍ കയറി വന്ന് കുത്തിമറിച്ചിട്ടതുംപോര പിന്നെയും ചിലക്കുന്നോ.?”

”എരുമെന്നൊ.? ആരെടാ എരുമ.. അത് നീ നിന്‍റെ മറ്റവളെപോയിവിളിച്ചാല്‍ മതി..”

അപ്പോളേക്കും ബഹളംകേട്ട് രണ്ട് കാരണവന്‍മാര്‍ അങ്ങോട്ടെത്തി.. അവള്‍ ആ നാട്ടുകാരിയായിരുന്നു..

”എന്താമോളെ പ്രഷ്നം.?”

”ചെവിയില്‍ ഹെഡ്സെറ്റുംവച്ച് പാട്ടുംകേട്ട് റോഡിന്‍റെ നടുവില്‍ ഡാന്‍സ് കളിച്ച് നടന്നതാ അവന്‍.. പുറകില്‍നിന്നും ഹോണടിച്ചത് കേട്ടില്ല.. വെട്ടിച്ച് സൈഡിലേക്ക് മാറ്റിയതാണ്.. ഇടിച്ചു.. അവനും വീണു ഞാനും വീണു.. എന്നിട്ടിപ്പോള്‍ എന്നെ ചീത്തവിളിക്കുന്നു അവന്‍.”

അത്കേട്ട് സിനാന്‍ വിശ്വാസംവരാതെ അവളെനോക്കി.. നുണച്ചി എരുമ എത്ര സമര്‍ത്ഥമായാണ് കാര്യങ്ങളെ മാറ്റിമറിച്ചത്..

പെണ്‍കുട്ടിയുടെ വാക്കുകള്‍ കേട്ട കാരണവന്‍മാന്‍ സിനാനെ അടിമുടിയൊന്നു നോക്കി.. ആളും അവന്‍റെ ഡ്രസിംഗും പരസ്പരം മാച്ചാവുന്നില്ല…

തലയില്‍ ചുവന്ന ക്യാപ്പ്, കറുപ്പ് ടീഷര്‍ട്ട്, മുട്ടറ്റം ഇറങ്ങിനില്‍ക്കുന്ന ബര്‍മുടക്കുമുകളില്‍ മടക്കിയുടുത്തിരിക്കുന്ന ലുങ്കി.. കാലില്‍ സോക്സും പഴയ ഒരു കേന്‍വാസ് ഷൂവും.. ഡ്രസ്സിലും ഷൂവിലും പറ്റിപ്പിടിച്ചുണങ്ങിയ പെയ്ന്‍റ്..

അന്നാട്ടിലെ ഒരു വീടിന്‍റെ പെയിന്‍റിങ്ങിന് എത്തിയതായിരുന്നു സിനാന്‍..

”അന്യനാട്ടില്‍നിന്നും ഇവിടെ വന്ന് തല്ല് മേടിക്കണോടാ.?”

”മോള്‍ക്ക് പരിക്കൊന്നുമില്ലെങ്കില്‍ മോള് പോയിക്കോളൂ.. സാരമില്ല..”

അവള്‍ സിനാനെ നോക്കി കളിയാക്കുന്നപോലെ പുരികം രണ്ടുതവണ മുകളിലേക്ക് വെട്ടിച്ച് പറഞ്ഞു..

”റോഡിലൂടെ നോക്കിയും സൂക്ഷിച്ചുമൊക്കെ നടന്നോളണം അല്ലെങ്കില്‍ തടികേടാവും ഓര്‍ത്തോളൂ..”

അവളുടെ നാട്ടില്‍ അവള്‍ക്കെതിരെ വാദിക്കാന്‍ നിന്നിട്ട് കാര്യമില്ലെന്ന് സിനാന് മനസിലായി..

പെണ്‍കുട്ടി സ്കൂട്ടിയോടിച്ചു പോയി..

”അവള്‍ സ്കൂട്ടി പഠിക്കുകയാണ്.. നീ റോഡിന് നടുവില്‍ നിന്ന് ഡാന്‍സ് കളിച്ചപ്പോള്‍ വണ്ടി പിടിച്ചാല്‍ കിട്ടിയിട്ടുണ്ടാവില്ല..”

”അതെ.. തെറ്റ് എന്‍റടുത്താണ്.. ഇവളൊക്കെ സ്കൂട്ടിയുമായി വരുമ്പോള്‍ ഞാന്‍ വല്ലമരത്തിലും കയറിനില്‍ക്കണമായിരുന്നു..”

സിനാന്‍ തന്‍റെ അമര്‍ഷം പ്രകടിപ്പിച്ച് ഞൊണ്ടി ഞൊണ്ടി അവിടം വിട്ടുപോയി..

*************

ഒരാഴ്ചക്കുശേഷം ടൗണില്‍ എന്തോ അത്യാവശ്യസാധനം വാങ്ങിക്കാന്‍ പോയതാണ് അവന്‍… കടയിലേക്ക് കയറിയ കൂട്ടുകാരനെ കാത്ത് റോഡ്സൈഡിലെ തിരക്കിനിടയില്‍ ബൈക്ക് ഓഫ് ചെയ്യാതെ കാത്തിരിക്കുകയായിരുന്നു..

പെട്ടെന്നാണ് ഒരു വിലകൂടിയ കാര്‍ വന്ന് അവന്‍റെ ബൈക്കിന് പുറകില്‍ ഇടിച്ചത്..

പതിയെ ആണ് ഇടിച്ചതെങ്കിലും അപ്രതീക്ഷമായ ഇടിയില്‍ ബൈക്കും സിനാനും താഴെവീണു..

ബൈക്കിനെവിട്ട് കലിപ്പോടെ എഴുന്നേറ്റ് ഡ്രൈവറെ ഒന്നുകൊടുക്കാനായി എത്തിയ സിനാന്‍ ഡോര്‍തുറന്ന് പുറത്തേക്കിറങ്ങിയ ആളെകണ്ട് അന്തംവിട്ടു..

”നീ എന്നെ കൊല്ലാനായി മാത്രം ഇറങ്ങിയതാണോടീ കാട്ടെരുമെ..?”

ബഹളംകേട്ട് അപ്പോളേക്കും ആളുകള്‍ ഓടിക്കൂടിയിരുന്നു…

ആളുകള്‍ പെണ്‍കുട്ടിക്കെതിരെ തിരിഞ്ഞു..

ഭയന്ന അവളുടെ മുഖവും നിറയാന്‍ നില്‍ക്കുന്ന കണ്ണുകളും കണ്ട് കൂടിനിന്നവരോട് സിനാന്‍ പറഞ്ഞു..

”ഇല്ല പ്രഷ്നമൊന്നും ഇല്ല.. ഞാന്‍ അറിയുന്നകുട്ടിയാണ്..”

ആളുകള്‍ പിരിഞ്ഞുപോകുമ്പോള്‍ സിനാന്‍ ഒഴിഞ്ഞ ഒരിടം ചൂണ്ടിക്കാണിച്ച് അവളോട് പതിയെ പറഞ്ഞു..

”ദാ അങ്ങോട്ട് വണ്ടിസൈഡാക്കി നിര്‍ത്ത്.. എനിക്ക് നിന്നോട് രണ്ട് വര്‍ത്തമാനം പറയാനുണ്ട്..”

താഴെവീണ് കിടക്കുന്ന ബൈക്കെടുത്ത് തിരക്കൊഴിഞ്ഞ സ്ഥലത്ത് സൈഡാക്കിയ കാറിന് അരികിലെത്തി അവന്‍..

ബൈക്കിന്‍റെ പുറകിലുളള പൊട്ടിയ സിഗ്നല്‍ ലൈറ്റും ഇന്‍റികേറ്റര്‍ ലൈറ്റും കാണിച്ചുകൊടുത്ത് അവന്‍ പറഞ്ഞു..

”കണ്ടോ.? ഇതുകണ്ടോ.. രണ്ടും പൊട്ടി.. നീ എവിടെ നോക്കിയാണ് വണ്ടി ഓടിക്കുന്നത്.. കാശുണ്ടെന്ന് വച്ച് എന്‍റെ നെഞ്ചത്തോട്ടാണോ വന്ന് കയറുക.? ക്ഷമക്കും ഒരു അതിരുണ്ട്.”

”വേണച്ചിട്ട് ഒന്നും അല്ലല്ലോ.. ബ്രേക് ചെയ്തത് കിട്ടിയില്ല.. നീ തന്നെ മുന്‍പില്‍പെടുമെന്ന് എനിക്കറിയില്ലല്ലോ..? നിനക്ക് പരിക്കൊന്നും പറ്റിയിട്ടില്ലല്ലോ അതിന്.”

അവളുടെ അഹംഭാവത്തോടെയുളള സംസാരംകേട്ട് അവന്‍ തന്‍റെ ഫോണിന്‍റെ ഡിസ്പ്ലെ കണിച്ച് കൊടുത്ത് അവന്‍ പറഞ്ഞു..

”ഇത് കണ്ടോ.. ചിലന്തിവലപോലെയായിട്ടുണ്ട്.. ഇത് നീ സ്കൂട്ടികൊണ്ട് കുത്തിമറിച്ചപ്പോള്‍ പറ്റിയതാണ്..”

അത് കേട്ട് അവള്‍ സിനാനെയും അവന്‍റെ അള്‍ട്ടര്‍ചെയ്ത ബൈക്കും അടിതൊട്ട് മുടിവരെ ഒന്നു നോക്കി…

”അന്ന് കണ്ടത്പോലെയൊന്നും അല്ലല്ലോ ആള് ലുക്കാണല്ലോ.. അന്ന് എന്‍റെ നാട്ടില്‍ എങ്ങനെ.?”

”കൂട്ടുകാരുടെ കൂടെ ഒരു പെയ്ന്‍റിങ്ങ് കരാറെടുത്ത് വന്നതായിരുന്നു അവിടെ.”

”പെയിന്‍റിങ്ങാണോ ജോലി.?”

”അല്ല പഠിപ്പെല്ലാംകഴിഞ്ഞ് നല്ല ഒരു ജോലിതെണ്ടിനടക്കുകയാണ്.. വട്ടച്ചിലവിന് വീട്ടില്‍നിന്നും കാശുചോദിക്കാന്‍ പറ്റില്ലല്ലോ.. അപ്പോള്‍ കൂട്ടുകാരുടെയൊപ്പം കൂടും..”

”അപ്പോള്‍ അങ്ങിനെയാണ് കാര്യങ്ങള്‍.. ശരി.. എന്‍റെ നമ്പര്‍ സേവ് ചെയ്തോ വണ്ടിശരിയാക്കി പൈസ എത്രയാണെന്ന് പറഞ്ഞാല്‍ ഞാന്‍ തരാം..”

”വേണ്ട പൊന്നോ.. നിന്‍റെ നമ്പറും വേണ്ട പൈസയും വേണ്ട.. ഉപദ്രവിക്കാഞ്ഞാല്‍ മതീ.. എങ്ങിനെയെങ്കിലും ജീവിച്ചുപൊയ്ക്കോട്ടെ ഞാന്‍..”

”ഓഹോ.. പറയുന്നതുകേട്ടാല്‍ തോന്നും ഞാന്‍ നിന്‍റെ പുറകെ ഉപദ്രവിക്കാനായി നടക്കുകയാണെന്ന്.. അതിനുമാത്രം നീ ആരാ.? ഒന്ന് പോടാ ടാവെ അവിടുന്ന്.. വേണമെങ്കില്‍ നിന്‍റെ വണ്ടിശരിയാക്കാനുളള പണംഞാന്‍ തരാം.. കൂടുതല്‍ വാചകമടിക്കേണ്ട..”

സിനാന്‍ ഉളളിലുളള ദേഷ്യം പിടിച്ചുനിര്‍ത്താനായില്ല..

”എടി പുല്ലേ.. ഇനി ഒരു തവണകൂടി എന്‍റെ മെക്കിട്ട് കേറാന്‍വന്നാല്‍ നിന്നെയും കൊണ്ടേ ഞാന്‍ പോകൂ.. എന്നെശരിക്കറിയില്ല നിനക്ക്..”

അവള്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു..

”അതിന് നീ ഇത്തിരി ഞൊട്ടും മോനെ.. വെളള്യാഴ്ചയും വല്ല്യപെരുന്നാളും ഒന്നിച്ച് വന്നിട്ട് ബാപ്പപളളിയില്‍ പോയിട്ടില്ല പിന്നെയല്ലെ നീ..”

സിനാന്‍ അവളെ പ്രാകിപ്പറഞ്ഞ് ബൈക്കോടിച്ചുപോയി..

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ഉമ്മയോടൊപ്പം അകന്ന ബന്ധത്തിലുളള ഒരു കല്ല്യണത്തിന് പോയതായിരുന്നു സിനാന്‍..

സമയം ഏറെ വൈകിയിട്ടും കല്ല്യാണവീട്ടില്‍നിന്നും തിരികെപോകാന്‍ ഉമ്മയെ കാണാഞ്ഞതിനാല്‍ ലേഡീസ് സെക്ഷനിലേക്ക് ഉമ്മയെ അനേഷിച്ച് പോയതാണ് അവന്‍..

ഫുഡ് സെക്ഷനിലെ കര്‍ട്ടന്‍ മറ്റി ഉളളിലേക്ക് കാലുവച്ചതും ഓടിയെത്തിയ ആരോ അവനെ ഇടിച്ചതും ഒരുമിച്ചായിരുന്നു..

സിനാനും ഇടിച്ചയാളും ഒരുമിച്ച് താഴേവീണു.. അയാളുടെ കൈയിലുളള വിളമ്പാന്‍ കൊണ്ട് പോയിരുന്ന അച്ചാറുപാത്രം സിനാന്‍റെ മുഖത്തും ഷര്‍ട്ടിലുമായാണ് മറിഞ്ഞ് വീണത്…

കണ്ണുകളില്‍ എരിവുപടര്‍ന്ന സിനാന്‍ എന്‍റുമ്മോ എന്നുപറഞ്ഞ് ഇരുകൈകള്‍കൊണ്ടും കണ്ണുകള്‍ പൊത്തി നിലത്ത് കുനിഞ്ഞിരുന്ന് കണ്ണുകള്‍ തിരുമ്മി…

ഒരു പെണ്‍കുട്ടിയാണ് തന്നെ ഇടിച്ചതെന്ന് അവന്‍കണ്ടിരുന്നു പക്ഷേ അത് അരാണെന്ന് അവന് മനസിലായിട്ടുണ്ടായിരുന്നിന്നില്ല…

എരിപൊരി സഞ്ചാരത്തിനിടയില്‍ അവന്‍ ദേഷ്യപ്പെട്ടു…

”എവിടെ നോക്കിയാണ് നീ നടക്കുന്നത് ആളെകൊല്ലാന്‍..? എനിക്ക് കണ്ണുതുറക്കാന്‍ പറ്റുന്നില്ല.. എന്നെ പൈപ്പിന്‍റെ അടുത്തേക്കൊന്ന് എത്തിച്ചുതരൂ വേഗം.. എന്‍റുമ്മാ സഹിക്കാന്‍ പറ്റുന്നില്ല..”

പെണ്‍കുട്ടി അവന്‍റെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ച് അവനെ പൈപ്പിന് ചുവട്ടിലേക്കെത്തിച്ചു..

വെളളമെടുത്ത് അവള്‍തന്നെയാണ് അവന്‍റെ മുഖവും ഷര്‍ട്ടുമെല്ലാം കര്‍ച്ചീഫ്കൊണ്ട് തുടച്ച് വൃത്തിയാക്കിയത്..

സിനാന് അപ്പോളും നീറ്റല്‍മൂലം കണ്ണുതുറക്കാന്‍ കഴിയില്ലായിരുന്നു..

അല്‍പ്പസമയത്തിന് ശേഷം തണുത്ത വെളളമുപയോഗിച്ച് കൂടുതല്‍ തവണകഴുകി അവന്‍ കണ്ണുകള്‍ പതിയെ തുറന്നു…

തന്‍റെ കൂടെനില്‍ക്കുന്ന പെണ്‍കുട്ടിയെകണ്ട് അവന്‍ അന്തംവിട്ടു.. കണ്ണുകള്‍ തിരുമ്മിത്തുറന്ന് അവന്‍ ആശ്ചര്യപ്പെട്ടു..

”നീയാണോടി എരുമെ വീണ്ടും എന്നെ ഇടിച്ചത്.?”

”അറിയാതെ പറ്റിപ്പോയതാണ് മാഷെ.. കണ്ണ് ഇപ്പോള്‍ ഓക്കെയാണോ..?”

”ആ ഒരു വിധം.. നിനക്ക് എന്നോട് എന്തെങ്കിലും മുന്‍വൈരാഗ്യമുണ്ടോ.?”

”ഇല്ല അറിയാതെ പറ്റിപ്പോയതാണ്.. സോറിട്ടോ.”

സിനാന്‍ തന്‍റെ ഷര്‍ട്ടിലെ അച്ചാറിന്‍റെ കറപ്പറ്റിയത് തുടച്ചുകൊണ്ട് പറഞ്ഞു..

”നിനക്ക് സോറി പറയാനൊക്കെ അറിയാമല്ലെ.. ആ കുഴപ്പമില്ല.. ഞാന്‍ എന്‍റെ ഉമ്മയെ തിരഞ്ഞ് വന്നതാണ്.. അപ്പോളാണ് നീ ഇടിച്ച് തെറിപ്പിച്ചത്.. വരാനുളളത് വഴിയില്‍ തങ്ങില്ല എന്നല്ലേ.. ഇന്നാല്‍ ശരി ഞാന്‍പോട്ടേ.. ഇനി ഒരു കൂട്ടിമുട്ടല്‍ ഉണ്ടാവാതിരിക്കട്ടെ..”

തിരിഞ്ഞു നടക്കുന്ന സിനാനെനോക്കി അവള്‍ പറഞ്ഞു..

”അങ്ങനെയങ്ങ് പെട്ടെന്നങ്ങ് പോയാലൊ..”

അത് കേട്ട് സിനാന്‍ തിരിഞ്ഞുനിന്നു..

”നീ വീണ്ടും അലമ്പാക്കാന്‍ കാത്തുനില്‍ക്കുകയാണോ..? സ്ഥിരമായി നീയാണ് എന്നെവന്നിടിക്കുന്നത്.. എന്നിട്ടും ഞാന്‍ പ്രഷ്നക്കാരന്‍.. എന്‍റെ കുടുംബങ്ങളൊക്കെ ഉണ്ട് ഇവിടെ സീനാക്കരുത്.”

”മൂന്നാമത്തെതവണവന്നാല്‍ എന്നെയും കൊണ്ടെപോകൂ എന്ന് നീ വെല്ലുവിളിച്ചിരുന്നതല്ലെ.. എന്നിട്ട് എന്തായി..?”

”അയ്യോ.. അതൊക്കെ ഒരു പ്രോബ്ളമാക്കണോ.. നീയൊക്കെ നമുക്ക് എത്തിപ്പിടിക്കാവുന്നതിലും മുകളിലെ കൊമ്പിലെ വമ്പത്തിയല്ലെ.. അത് ഞാന്‍ അപ്പോളത്തെ ദേഷ്യത്തില്‍പറഞ്ഞതാ..”

അത് കേട്ട് അവള്‍ പുഞ്ചിരിയോടെ പറഞ്ഞു…

”നിന്‍റെ ഫോണില്‍ എന്‍റെ നമ്പര്‍ ഞാന്‍ ഡയല്‍ഡ് ചെയ്തിട്ടുണ്ട്.. നിനക്ക് എന്നെ ആ കൊമ്പത്തുനിന്നും വീഴ്ത്താന്‍ കഴിയുമൊ എന്നൊന്ന് ട്രൈ ചെയ്ത് നോക്കൂ നീ..”

സിനാന്‍ വിശ്വാസം വരാതെ തന്‍റെ ഫോണിലേ ഡയല്‍ഡ് നമ്പര്‍ നോക്കി..അതില്‍ എരുമ എന്ന് സേവ് ചെയ്ത നമ്പര്‍ അവന്‍ കണ്ടു..

സിനാന്‍ തലയില്‍ ചൊറിഞ്ഞുകൊണ്ട് ചോദിച്ചു..

”സോറി.. നിന്‍റെ പേരെന്താണെന്ന് ചോദിക്കാന്‍ മറന്നതാ.. പേരെന്താണ്.?”

കോള്‍ ചെയ്യൂ എന്നുളള സിഗ്നല്‍ കാണിച്ചുകൊടുത്ത് മറ്റൊന്നും പറയാതെ അവള്‍ പുഞ്ചിരിയുടെ തിരിഞ്ഞു കല്ല്യാണത്തിരക്കിനിടയിലേക്ക് നടന്നു മറഞ്ഞു..

കല്ല്യാണപ്പന്തലില്‍ എന്തുചെയ്യണമെന്നറിയാതെ നിന്ന് പരുങ്ങുന്ന സമയത്താണ് അവന്‍റെ ഉമ്മ അടുത്തേക്ക് വന്നത്..

”സിനോ… നിനക്ക് നേരംവൈകി അല്ലേ.? നമുക്ക് പോകാം..”

ഒന്ന് ആലോചിച്ചതിന് ശേഷം സിനാന്‍ പറഞ്ഞു..

”നേരം വൈകിച്ചെന്നാലും വീട് അവിടെതന്നെ ഉണ്ടാവൂലെ ഉമ്മാ..കുടുംബങ്ങളെയൊക്കെ ഒരുമിച്ച് ഇപ്പോളല്ലെ കാണാന്‍ പറ്റൂ.. കുടുംബങ്ങള്‍ തമ്മില്‍ ഒരു കൂട്ടിപ്പിടത്തമൊക്കെ വേണ്ടേ.. ഇങ്ങള് കുറച്ച് നേരംകൂടിയൊക്കെ അവരോടെക്കെ ഒന്നു ലോഹ്യംപറയിന്‍.. ഞാന്‍ കാത്തുനില്‍ക്കാം.”

മകന്‍റെ പക്വമായ വാക്കുകള്‍ ഉമ്മയെ ഏറെ സന്തോഷിപ്പിച്ചു.. ഉമ്മ കൂട്ടുകുടുംബങ്ങളുമായുളള അടുത്തലോഹ്യംപറച്ചിലേക്ക് പഴയ ഓര്‍മ്മകളെ ചികഞ്ഞു..

ഉമ്മക്ക് എങ്ങനെ അറിയാന്‍ മകന്‍ ചാടുന്നത് പുളിങ്കൊമ്പത്തെ വമ്പത്തിയുടെ നിറമുളള സ്വപ്നങ്ങളിലേക്കാണെന്ന്..