(നോർമൽ മൈൻഡിൽ വായിച്ചാൽ മനസ്സിലാക്കാൻ പാടാണ് 😉ശടെ എന്ന് പറയുമ്പോളേക്കും വായിച്ചു തീർക്കാം …)
ഫേക്ക് അക്കൗണ്ട്
രചന: RJ SAJIN
കുറച്ചുനാൾക്ക് ശേഷം ഫേസ്‌ബുക്കിൽ കയറിയതുകൊണ്ടാവണം ലൈക്ക് ചെയ്യാൻ ഒരു കൂമ്പാരം തന്നെയുണ്ട് .സ്ക്രോൾ ചെയ്തുപോയപ്പോൾ പലമുഖങ്ങളെയും കാണാനിടയായി ..
കല്യാണമെന്തായി എന്ന ചോദ്യത്തോടുള്ള ദേഷ്യംകാരണം കണ്ട കല്യാണഫോട്ടോകളെയെല്ലാം ഒന്നു നോക്കുകപോലും ചെയ്യാതെ മാറ്റിവിട്ടു .
രാത്രിയാകുമ്പോ പല കോഴികളും ഓൺലൈനിൽ സജീവമാകുന്നത് സ്വാഭാവികം .11 മണിയായിട്ടും കൂടെപ്പഠിച്ചവന്മാരൊക്കെ അവിടെ സജീവമായിത്തന്നെയുണ്ട് .ഈ കലാരൂപം അന്യംനിന്നുപോകാതെയിരിക്കാൻ അവർ നല്ലോണം കഷ്ടപ്പെടുന്നുണ്ട് .
ആർക്കും മെസ്സേജ് ചെയ്യാനൊരു മാനസികാവസ്ഥ ശരിക്കും അവനില്ലായിരുന്നു .
കർണാടകയിലെ ഒരു അതിർത്തിജില്ലയിൽ ഒറ്റയ്ക്ക് ഒരു വാടകവീട്ടിൽ കഴിയുന്ന രഞ്ജിത്തിന് ആകെപ്പാടെ ഒഴിവു കിട്ടിയ ദിവസമായിരുന്നു അന്ന് .
ഒരു വിളിപ്പാട് അകലെ ഒരുവീടുപോലുമില്ലാത്ത വിജനമായ പ്രദേശമാണത് .വല്ലപ്പോഴും വന്നുപോകുന്ന അതിഥിയാണ് അവിടത്തെ കറന്റ് പോലും.
അന്നേരമാണ് ഇൻബോക്സിൽ ഒരു ഹായ് വന്ന് പെട്ടത് .
വല്യതാല്പര്യമില്ലാതെ അതാരാന്ന് നോക്കി .
അപർണ്ണ .
“ഇവൾ വീണ്ടും fb തുടങ്ങിയോ ..?”
തിരിച്ചും ഹായ് കൊടുത്ത് അടുത്ത മറുപടിയ്ക്കായി അവൻ കാത്തിരുന്നു .
“ഡാ നീ എന്നാ നാട്ടിലേക്ക് വരുന്നേ ?”
എന്നെക്കൊണ്ട് എന്താവശ്യമാ ഇവൾക്കുള്ളെ എന്ന അവന്റെ ചിന്തയെ തട്ടിയുണർത്തിക്കൊണ്ട് ഉടൻ അടുത്ത സന്ദേശമെത്തി
” എന്റെ ജീവിതത്തിൽ എന്നെ ഈ അവസ്ഥയിൽ എത്തിച്ച ആ അഖിയെന്ന് പറയുന്ന ഫേക്ക് പ്രൊഫെയിലിലെ വ്യക്തിയെ കുറച്ച് മുന്നേ ഞാൻ നേരിൽ കണ്ടു….അവൻ എന്നെ കൊല്ലും !”
ഞെട്ടലോടെ അവൻ അതേപ്പറ്റി കൂടുതൽ കാര്യങ്ങൾ തിരക്കി .
തുടർന്നങ്ങോട്ടുള്ള ഇരുവരുടെയും സംഭാഷണത്തിൽ രഞ്ജിത്ത് അടുത്താഴ്‌ച്ച നാട്ടിൽ എത്തുമെന്നും അന്നേരം ആ അജ്ഞാതനെ നേരിൽ കാണണമെന്നും റെയിൽവേ സ്റ്റേഷനിൽ വിളിക്കാനായി അവൾ വരാമെന്നുമുള്ള തീരുമാനങ്ങളുണ്ടായി ..
തുടർന്ന് ശുഭരാത്രി പറഞ് ഇരുവരും കിടന്നു .
രഞ്ജിത്തിന്ന് നൂറുകൂട്ടം ചിന്തകളായിരുന്നു അന്നേരം വന്ന് പോയത്.അപ്പോളേക്കും കറണ്ട് പണിതരുകയും ചെയ്തു .
ചൂടുകാരണം ഒന്ന് പുറത്തേയ്ക്കിറങ്ങി .നല്ല നിലാവുള്ള രാത്രി .
ഇങ്ങനെ സ്വന്തം മുഖംപോലും വെളിപ്പെടുത്താതെ മറ്റുള്ളോരുടെ സന്തോഷം നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരുടെയൊക്കെ നീച മനസ്സ് ..ഇവനൊക്കെ എങ്ങനെപറ്റുന്നു ..
അവന്റെ മനസ്സ് ആ ഫേക്ക് അക്കൗണ്ടിനെ ചുറ്റിപ്പറ്റി തന്നെയായിരുന്നു .
അപ്പോളാണ് ദൂരെനിന്ന് ഒരു കാർ വരുന്നത് അവന്റെ ശ്രദ്ധയിൽപെട്ടത്. നെറ്റിയിലെ വിയർപ്പിക്കണം തുടച്ച് അവൻ വരാന്തയിൽ നിന്നു നോക്കി.
വീടിനു മുന്നിൽ വണ്ടി നിർത്തി .വണ്ടിയിൽനിന്നും രണ്ടുപേർ ലഗേജുമായി ഇറങ്ങി വീടിനു ലക്‌ഷ്യം വെച്ചുനടന്നു .
ഇതാരപ്പാ ഈ രാത്രിയിൽ എന്നെ തേടി വരുന്നേ എന്നഭാവത്തിൽ രഞ്ജിത് ജാഗ്രതയോടെ നിന്നു .
ഇനി നാട്ടിൽനിന്ന് ആരെങ്കിലുമാണോ ….?
ഒരാൾ ഈ വീടിന്റെ ഉടമസ്ഥനും മറ്റെയാളിയുടെ മുഖം വ്യക്തവുമല്ല .
ജോലിക്ക് ഒരാൾ കൂടിവരുമെന്നു പറഞ്ഞിരുന്നു .അതായിരിക്കും . ഇന്നലെ ഹൗസ് ഓണർ ചേട്ടനുമായി ഒരു വഴക്കുണ്ടായതിനാലാണെന്ന് തോന്നുന്നു അയാൾക്ക് ഒരു മൈൻഡ് ഇല്ല…
രണ്ടാളും നേരെ വീടിനുള്ളിൽ കയറിയിട്ട് വീടിനെ പറ്റി വിവരിക്കുന്നു . കൂടെ വന്നയാൾ പോലും മുഖത്ത് നോക്കാത്തത് രഞ്ജിത്തിന് നല്ല വിഷമമുണ്ടാക്കി .
അകത്തുകയറി മുറികളൊക്കെ കാണിച്ചശേഷം അവർ അനുവാദം പോലും ചോദിക്കാതെ വാതിൽ തുറന്ന് രഞ്ജിത്തിന്റെ മുറിയിലേക്കു കയറി . മൂലയ്ക്കിരുന്ന ഒരു ഫോട്ടോ കാണിച്ചിട്ട് അയാൾ പറഞ്ഞു
“ഇത് രഞ്ജിത് ,ഇയാൾക്ക് പകരമാണ് സാറിനെ ഈ കമ്പനിയിൽ ജോലിക്ക് എടുത്തത് . “
എനിക്ക് പകരമോ ..എന്നെ പറഞ്ഞുവിട്ടോ എന്ന ഞെട്ടലുമായി രഞ്ജിത് വീടിനുള്ളിലേക്ക് ദേഷ്യത്തോടെ കയറി .
അപ്പോളേക്കും കൂടെ വന്നയാൾ പറഞ്ഞു
” എനിക്ക് ഈ രഞ്ജിത്ത് ചേട്ടനെ അറിയാം .. എന്റെ കോളേജിൽ സീനിയറായി പഠിച്ചതാ … ഞങ്ങടെ നാടിനെ ഞെട്ടിച്ച മരണമായിരുന്നു ഈ ചേട്ടന്റെയും കുഞ്ഞു ചേച്ചിയുടേം ..”
ഫോട്ടോയിലെ രഞ്ജിത്തിന്റെ ആ കൂർത്ത കണ്ണുകളിൽ തന്നെ നോക്കി നിന്നുകൊണ്ട് അവനത് പറയുമ്പോൾ അവനിൽ ഒരു ഭയം കൂടിയുണ്ടായിരുന്നു .
“മ്മ്മ് …ഒരാഴ്ച്ച കൂടിക്കഴിഞ്ഞാൽ ഇരുവരുടെയും ഓർമ്മ ദിവസമാ ..സാറിന് അറിയോ ..എന്നോട് വഴക്കിട്ടാ രഞ്ജിത്ത് നാട്ടിലേക്ക് പോയത് ,പിന്നെ അവനെ പിന്നെ കാണുന്നത് ………….”
ഒരു ദീർഘ ശ്വാസത്തോടെ വീട്ടുടമ പറഞ്ഞു നിർത്തി ….
അതേ സമയം കലങ്ങിയ കണ്ണുകളോടെ ഇനിതന്റെ ഊഴമാണെന്നും മുഖം കാണിക്കാതെ ഒളിഞ് നിന്ന് തനിക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്ന ബോധ്യത്തോടെ രഞ്ജിത് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു .
കാരണം അപർണ്ണയെ ‘കുഞ്ഞു’ എന്ന് വിളിച്ച് സംസാരിക്കുന്ന ഒരേ ഒരാൾ അവളുടെ ജീവിതം തുലച്ച ആ ഫേക്ക് അക്കൗണ്ട് മാത്രമായിരുന്നു.
ഡെഡികേറ്റഡ് ടു ഓൾ ഫേക്ക് ഐഡീസ് 😌
Cover photo Source Google