മരണത്തിന് മുന്നിൽ ധൈര്യത്തോടെ കിടക്കാൻ ശ്രമിച്ചികൊണ്ടവൾ പുഞ്ചിരിക്കുമ്പോൾ അവളുടെ ഭയത്തെ…

രചന: മഹാ ദേവൻ

“ദേവാ… എന്റെ കയ്യിലൊന്ന് മുറുക്കെ പിടിക്കോ? “

രാധുവിന്റെ വിറയാർന്ന ചോദ്യം എന്റെ നെഞ്ചിൽ നീറ്റലായിരുന്നു. ഈ കിടപ്പ് ഇനി എത്ര നാൾ എന്നറിയില്ല… അവൾക്കുമറിയാം തന്റെ ജീവിതത്തിനും മരണത്തിനുമിടക്കുള്ള മണിക്കൂറുകൾ എണ്ണപ്പെട്ടുകഴിഞ്ഞെന്ന്. കണ്ണുകൾ നിറയാതിരിക്കാൻ അവൾ ശ്രമിക്കുകയാണെന്ന് അറിയാം. പക്ഷേ, അവളുടെ അനുവാദത്തിനു കാത്തു നിൽക്കാതെ മിഴി പെയ്യുന്നുണ്ടായിരുന്നു. മരണത്തിന് മുന്നിൽ ധൈര്യത്തോടെ കിടക്കാൻ ശ്രമിച്ചികൊണ്ടവൾ പുഞ്ചിരിക്കുമ്പോൾ അവളുടെ ഭയത്തെ ഉൾകൊണ്ട ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

” ദേവാ…. ഞാൻ മരിച്ചാൽ നീ കരയോ? “

അവൾ പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുമ്പോൾ ഉള്ളിൽ തികട്ടിവന്ന ഗദ്ഗദം ഒതുക്കാൻ പാടുപെടുകയായിരുന്നു.

” അതിന് ഞാൻ നിന്നെ അങ്ങനെ മരണത്തിന് കൊടുത്താലല്ലേ പെണ്ണെ ” എന്ന് അവളുടെ കയ്യിൽ മുറുക്കെ പിടിച്ച് പറയുമ്പോൾ അവൾക്ക് മനസ്സിലായിട്ടുണ്ടാകണം പ്രതീക്ഷ നഷ്ട്ടപ്പെട്ടവന്റെ വെറും ആശ്വാസവാക്കുകൾ മാത്രമാണ് അതെന്ന്.

” ദേവാ… നിനക്ക് ഓർമ്മയുണ്ടോ നമ്മുടെ ആ പ്രണയകാലം. “

അവൾ വരണ്ട ചുണ്ടുകളിലുണരുന്ന മങ്ങിയ പുഞ്ചിരിയോടെ എന്നെ നോക്കുമ്പോൾ ഞാനും അവൾക്കായി മധുരമായൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. കാറ് മൂടിയ ആകാശം പോലെ തെളിച്ചമില്ലാതെ എന്റെ പുഞ്ചിരി തിളക്കം വറ്റിയ അവളുടെ കണ്ണുകളെ കബളിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

” രാധു.. ചിലതങ്ങനെ അല്ലെടോ.. നമ്മൾ മറക്കാൻ ശ്രമിക്കുംതോറും ഓർമ്മിപ്പിച്ചികൊണ്ടിരിക്കും. പിന്നെ ഒരു പ്രണയകാലത്തെ മറക്കേണ്ടത് എങ്ങനെ എന്ന് മാത്രം അറിയില്ലായിരുന്നു. ഒരു ചിരിക്കുള്ളിൽ മാത്രം ഒതുങ്ങിയ നമ്മുടെ പ്രണയകാലം !”

എന്റെ പുഞ്ചിരിയിലപ്പോൾ ഒരു വിഷാദചുവയുണ്ടായിരുന്നു

അത് മനസ്സിലാക്കിയാവണം അല്പനേരം അവളും മൗനം പൂണ്ടത്.

“രാധൂ, നീ ഉറങ്ങിയോ? “

അവളുടെ കയ്യിലെ പിടുത്തത്തിൽ ഒന്നുകൂടി ബലം കൂട്ടുമ്പോൾ അവൾ പതിയെ മുഖം തിരിച്ചു. പിന്നെ മറുകൈ കൊണ്ട് എന്റെ കയ്യിലേക്ക് എത്തിപ്പിടിച്ചു.

” ഉറങ്ങണമെന്നുണ്ട് ദേവ…. പക്ഷേ, ഈ വേദന… സഹിക്കാൻ കഴിയുന്നില്ല എനിക്ക്. എനിക്ക്… എനിക്കൊരു ഇഞ്ചക്ഷൻ തരാൻ പറയോ നഴ്സിനോട്? എത്ര ദിവസമായി ഇങ്ങനെ ഉറക്കം നഷ്ട്ടപ്പെട്ട് ഈ മുറിയിൽ മാത്രമായി…. മടുത്തു ദേവാ… മറന്നുകളുടെ ഡോസ് പോലും എനിക്ക് ഉറക്കം നിഷേധിക്കുന്നു. ചിലപ്പോൾ ഇനിയുള്ള ഉറക്കം അവസാനത്തെ ആകുമല്ലോ. ഒരിക്കലും ഉണരാതെ, എല്ലാ വേദനയും മറന്ന്…”

അവൾ ഒന്ന് ഉറങ്ങാൻ കൊതിക്കുമ്പോലെ അപേക്ഷയുടെ സ്വരത്തിൽ പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. സ്വന്തം മരണത്തെ കുറിച്ചാണവൾ പറയുന്നത്. വാക്കുകളിൽ ഉറഞ്ഞുകിടപ്പുണ്ട് മരിക്കാനുള്ള ഭയം… പക്ഷേ……”

” ദേവാ… എനിക്കൊരു ആഗ്രഹമുണ്ട്.. ഈ കിടപ്പിനി എത്രനാൾ എന്നറിയാതെ മരണത്തെ കണ്ട് കിടക്കുന്നവളുടെ ആഗ്രഹം. “

അവളുടെ വാക്കുകളിലെ തിളക്കവും പ്രതീക്ഷയും കണ്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവൾ വിഷാദമേറ്റ നിറം മങ്ങിയ ചിരിയാൽ പറയുന്നുണ്ടായിരുന്നു ” എനിക്ക് ഒരിക്കൽ കൂടി ആ ലോകത്തേക്ക് പോണം ദേവാ… ഞാനും നീയും വാക്കുകൾക്ക് വീർപ്പുമുട്ടിയ നമ്മുടെ പ്രണയവും നിറഞ്ഞുനിൽക്കുന്ന നമ്മുടെ ആ ക്യാമ്പസ്സിൽ. ഇടനാഴികളിൽ ഒരിക്കൽ കൂടി നിൽക്കണം എനിക്ക്, നീ പറയാൻ കൊതിച്ചപ്പോഴെല്ലാം മുഖം തരാതിരുന്ന നിന്റ പ്രണയനിശ്വാസത്തിനു ചെവിയോർത്ത്‌. ! അരികിൽ നിന്റ നിഴൽചേർന്നു നിൽക്കണം.. ഒരു പൂക്കാലം നമുക്കായ് സമ്മാനിച്ച വാകമരത്തിന്റ തണൽപറ്റി നിന്റെ പ്രണയത്തെ ഒരു ചുംബനം കൊണ്ട് വരച്ചിടണം….എന്നെ….. എന്നെ കൊണ്ടുപോവോ ദേവാ…. ഞാൻ ഉറങ്ങുംമുന്നേ നമ്മുടെ ഓർമ്മകൾക്കൊപ്പം ഒരിക്കൽ കൂടി സഞ്ചരിക്കാൻ. ! “

അവളോട് എന്ത് പറയണമെന്ന് അറിയാതെ കുറച്ചു നേരം ഞാൻ നിശബ്ദനായി ഇരുന്നു. ചിലപ്പോൾ ഈ ആഗ്രഹം അവളുടെ അവസാനത്തേത് ആകാം. ഒരിക്കൽ അവളോടൊപ്പം ചേർന്നിരിക്കാൻ കൊതിച്ച വാകമരത്തണലും അവളുടെ പുഞ്ചിരിയാൽ നിലാവ് തൂവുന്ന ഇടനാഴിയും വിരൽത്തുമ്പിൽ നഖചുംബനത്താൽ കോറിയിടാൻ കൊതിച്ച പ്രണയവുമെല്ലാം യാഥാർഥ്യത്തിന്റെ നിറമണിയുമ്പോൾ എല്ലാം ഒരു നേരത്തേക്ക് മാത്രം എന്ന ചിന്ത എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു.

” ദേവാ…. എന്റെ ഈ അവസ്ഥയാണ് നിന്നെ പിന്തിരിപ്പിക്കുന്നതെങ്കിൽ പ്ലീസ്….എനിക്ക് വേണ്ടി നിനക്ക് തരാൻ കഴിയുന്ന ഏറ്റവും നല്ല നിമിഷം ചിലപ്പോൾ അതാകാം…. ചിലപ്പോൾ പിന്നെ….. “

വാക്കുകൾ മുഴുവനാക്കാതെ അവൾ വിതുമ്പിയപ്പോൾ അത് കണ്ടുനിൽക്കാൻ എനിക്ക് കഴിഞ്ഞില്ല…

” ഞാൻ കൊണ്ടുപോകാം രാധൂ ” എന്നവളുടെ കൈ പിടിച്ച് ഉറപ്പ് നൽകി എന്റെ നിറഞ്ഞ കണ്ണുകൾ അവൾ കാണാതിരിക്കാൻ ഞാൻ വേഗം അവിടെ നിന്നും എഴുനേറ്റ് പുറത്തേക്ക് നടന്നു. എന്റെ ആ പോക്ക് നോക്കി അവൾ കിടന്നിട്ടുണ്ടാകണം..ഞാൻ പുറത്തേക്കിറങ്ങുമ്പോൾ അകത്തേക്ക് വന്ന നഴ്സിനോടവൾ ഇപ്പോൾ പറയുന്നുണ്ടാകും വേദനയുടെ മൂര്ധന്യാവസ്ഥയെ കുറിച്ച്. ഒരു ഇന്ജെക്ഷനിൽ എല്ലാം മറന്ന് ഒന്ന് ഉറങ്ങാൻ കൊതിച്ചവൾ….

എന്റെ ഓർമ്മകൾ പതിയെ പിറകോട്ടു സഞ്ചരിച്ചുതുടങ്ങിയിരുന്നു.

ആരോടും മിണ്ടാതെ ഒതുങ്ങിയ ആ പെണ്ണിലേക്ക്.

അന്ന് അവളെ ആദ്യമായി കാണുമ്പോൾ ആ മുഖത്തൊരു ചിരിയുണ്ടായിരുന്നു.

തെളിച്ചമില്ലെങ്കിലും അഴകുള്ള പുഞ്ചിരി. അന്ന് മുതൽ അവളെ മാത്രം ശ്രദ്ധിച്ചുതുടങ്ങിയ നാളുകൾ. ഒന്ന് സംസാരിക്കാൻ കൊതിക്കുമ്പോഴെല്ലാം അവളുടെ മൗനം വല്ലാതെ വിഷമിപ്പിച്ചു. ഇടനാഴികൾ അവൾളുടെ പാദസ്വരകിലുക്കങ്ങൾക്ക് കാതോർത്തു !. തണലുകൾക്കൊപ്പം അവളിലേക്ക് ചേക്കാറാൻ കൊതിച്ചു.. ! അവൾക്ക്മാത്രമായൊരു ചില്ല ഹൃദയത്തിന്റ കോണിൽ കാത്തുവച്ചു. പക്ഷേ, മനസ്സിൽ അവളോട് തോന്നിയ ഇഷ്ട്ടം മാത്രം വാക്കുകളുടെ ഒഴുക്കില്ലായ്മയിൽ അകന്നുനിന്നു.

അങ്ങനെ രണ്ട് വർഷങ്ങൾ. അന്ന് എല്ലാവരും പിരിയുന്ന ആ ദിവസം. കരഞ്ഞും കെട്ടിപ്പിടിച്ചും കാണാം എന്ന വാക്കിൽ സ്നേഹത്തെ വരച്ചിടുമ്പോൾ ഞാൻ മാത്രം അവളെ തിരയുകയായിരുന്നു. അവളും യാത്രപറയുന്നുണ്ട്, എല്ലാവരോടും…

പലപ്പോഴും ഇടനാഴികളിൽ വെച്ച് അവൾ കൈമാറിയ പുഞ്ചിരി പോലും ഇന്നെനിക്ക് അന്യമായോ എന്ന് തോന്നി. എന്നിൽ നിന്നും ഒഴിഞ്ഞമാറാൻ ശ്രമിക്കുമ്പോലെ അവൾ പലപ്പോഴും കണ്ണുകൾ പിൻവലിക്കുമ്പോൾ ഞാൻ തകർന്നുപോകുകയായിരുന്നു.

അങ്ങനെ ഓരോരുത്തരായി കലാലയത്തിന്റ പടിയിറങ്ങിത്തുടങ്ങി.. കൂടെ അവളും.

” രാധൂ….. “

പിറകിൽ നിന്നുള്ള എന്റെ വിളി കേട്ട് പെട്ടന്ന് അവൾ നിൽക്കുമ്പോൾ പറയാൻ കൊതിച്ച വാക്കുകൾ ചങ്കിൽ കിടന്ന് പിടയ്ക്കുന്നുണ്ടായിരുന്നു. അവൾക്കരികിലേക്ക് ഓടിയെത്തുമ്പോൾ ഞാൻ കിതയ്ക്കുന്നുണ്ടായിരുന്നു.

” രാധൂ….. എനിക്കൊരു കാര്യം… “

ഞാൻ പറഞ്ഞ് മുഴുവനാക്കും മുന്നേ അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിചെന്ന് വരുത്തി.

” ദേവാ…. എനിക്കറിയാം ദേവൻ പറയാൻ പോകുന്നത്. ദേവൻ പറയാതെ തന്നെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട് ദേവന്റെ മനസ്സിൽ എനിക്കുള്ള ……..

പക്ഷേ, ഒരിക്കലും ദേവന്റെ ഇഷ്ട്ടത്തെ അതെ ഇഷ്ട്ടത്തോടെ ചേർത്തുപിടിക്കാൻ എനിക്ക് കഴിയില്ല.. മരണത്തിലേക്ക് യാത്രയാകുന്ന ഒരുവൾ. എന്ന് വേണമെങ്കിലും ആഴങ്ങളിലേക്ക് ഒടുങ്ങിപോകാവുന്ന പാഴ് വഞ്ചിയിലേക്ക് മറ്റൊരാളെ കൂടി….. മോഹിപ്പിക്കാൻ എളുപ്പമാണ് ദേവാ.. പക്ഷേ, നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള ഒന്നിനെ മോഹിക്കരുത്. “

അവൾ പറഞ്ഞതിന്റെ പൊരുൾ മുഴുവനായും മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ അവളുടെ മനസ്സിൽ നീറ്റലായി കിടപ്പുണ്ടെന്ന് തോന്നി.

” രാധൂ….. ഞാൻ….. ഒരിക്കലും നഷ്ടപ്പെടുത്താൻ വേണ്ടിയല്ല ഞാൻ…. ഇനി അങ്ങനെ ഒരു ദിവസം നമുക്കിടയിൽ വരുമ്പോൾ ആ യാത്ര നമുക്ക് ഒരുമിച്ച് ആവാം.. നിനക്കൊപ്പം ആ യാത്രയിലും ഞാൻ…. “

ഞാൻ ആവേശത്തോടെ പറഞ്ഞുമുഴുവനാക്കുംമുന്നേ അവൾ എന്നെ തടഞ്ഞു.

” വിഡ്ഢിത്തം പറയല്ലേ ദേവ… ഇന്നലെ കണ്ട എന്നോടൊപ്പം മരണത്തിലേക്ക് വരാമെന്നു എത്ര ലാഘവത്തോടെ ആണ് നീ പറഞ്ഞത്. അപ്പൊ ഇത്ര കാലം നിന്ന് വളർത്തിവലുതാക്കിയവരോട് നിനക്ക് ഒരു കടപ്പാടുമില്ലേ? മരണം മുന്നിൽ നിൽക്കുമ്പോൾ ജീവിക്കാൻ കൊതിക്കുന്ന ഞാൻ…ജീവിക്കാൻ ഭാഗ്യം കിട്ടിയവൻ വെറുതെ മരണത്തെ കുറിച്ച് ചിന്തിക്കുന്നു. “

അവളുടെ ആ വാക്കുകളിൽ അല്പം പുച്ഛമുണ്ടെന്നു തോന്നി. അല്ലെങ്കിൽ തന്നെ അവൾ പറഞ്ഞതിൽ എന്ത് തെറ്റ്.

“ദേവാ … നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുകയല്ല..നിന്റ പ്രണയത്തെ വലിച്ചെറിയുകയും അല്ല. പക്ഷേ, സ്നേഹിച്ചൊരുനാൾ വിഷമിപ്പിക്കാൻ വയ്യാത്തോണ്ടാ… ഞാൻ പോവാ… ഇനി കാണുമോ എന്ന് അറിയില്ല…ഒരിക്കലും മറക്കില്ല നിന്നെ…. ദൈവം എനിക്ക് നൽകിയ വിധിയിൽ നിന്നും എന്നെങ്കിലും എനിക്ക് കുതറിമാറാൻ കഴിഞ്ഞാൽ, തിരിച്ചൊരു വരവുണ്ടെങ്കിൽ, അന്നും ദേവന്റെ മനസ്സിൽ എന്നോടുള്ള ഇഷ്ട്ടം ഇതുപോലെ ഉണ്ടെങ്കിൽ ഞാൻ വരും. നിന്റ പ്രണയത്തോടൊപ്പം സഞ്ചരിക്കാൻ .. നിന്റേത് മാത്രമാകാൻ “

അന്നവൾ അവസാനമായി പറഞ്ഞ വാക്ക് അതായിരുന്നു.

പെട്ടന്നൊരു നാൾ അവളുടെ കത്ത് എന്നെ തേടി വന്നപ്പോൾ എന്നോ നഷ്ട്ടപ്പെട്ട പ്രണയത്തെ കൊതിച്ചുകൊണ്ട് ഓടിവന്നപ്പോഴും…..

എന്നാലും കുറച്ചു ദിവസം അവൾക്കൊപ്പം ഇരിക്കാൻ… അവളെ സ്നേഹിക്കാൻ… മുറുക്കെ പിടിച്ച് ആശ്വസിപിപ്പിക്കാൻ.. കൂടെ ഉണ്ടെന്ന വാക്ക് കൊണ്ട് അവളുടേതാകാൻ കഴിഞ്ഞല്ലോ !!

ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിയുന്നില്ലായിരുന്നു.

നാളെ അവൾക്കൊപ്പം അവളുടെ മാത്രമായി ക്യാമ്പസ്മരങ്ങൾക്ക് ചോട്ടിൽ കൈകോർത്തിരിക്കുന്നത് സ്വപ്നം കണ്ട്….അവളോടൊപ്പം ഇടനാഴികളിൽ തോളോട് തോൾ ചേരാൻ….. ! അവൾക്ക് മാത്രമായി കരുതിവെച്ചോരു ചുംബനം നൽകാൻ….ചിലപ്പോൾ പിന്നെ കഴിഞ്ഞില്ലെങ്കിൽ……

എപ്പഴോ ഉറങ്ങിപ്പോയ ആ സ്വപ്നരാത്രി പുലരിയെ തലോടുമ്പോൾ ഞാൻ കുളിച്ചൊരുങ്ങി വേഗം ഇറങ്ങി. ഹോസ്പിറ്റലിന്റ വരാന്തയിലേക്ക് കയറുമ്പോൾ മനസ്സ് എന്തിനോക്കെയോ കൊതിക്കുംപോലെ.. വല്ലാത്തൊരു സന്തോഷം..

അവളോടോപ്പക്ക് എന്നോ കൊതിച്ച ആ യാത്ര യാഥാർഥ്യമാകാൻ പോകുന്നതിന്റെ വെപ്രാളം.

പതിയെ അവളുടെ റൂമിലേക്ക് കയറുമ്പോൾ റൂമിൽ ഡോക്ടർ ഉണ്ടായിരുന്നു.

ചെക്കിങ്ടൈം ആയിരിക്കുമെന്ന് കരുതി പുറത്ത് വെയിറ്റ് ചെയ്തു. ഡോക്ടറും നഴ്സും തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട്. എന്തെങ്കിലും കുറവ് ഉണ്ടാകുമോ അവൾക്ക്. ഇനി ഡോക്ടറുടെ അനുവാദം വാങ്ങി വേണം അവളെയും കൂട്ടി പോകാൻ…ഈ അവസ്ഥയിൽ ഡോക്ടർ സമ്മതിക്കുമോ… !ഇല്ലെങ്കിൽ അവളുടെ ആഗ്രഹത്തിന് വേണ്ടി ഡോക്ടരുടെ വാക്കുകളെ….മനസ്സിൽ ഒരുപാട് ചിന്തകളിങ്ങനെ കുഴഞ്ഞുമറിയുമ്പോൾ പുറത്തേക്ക് വരുന്ന ഡോക്ടർ എന്നെ കണ്ട് ഒരു നിമിഷം നിന്നു.

” ഡോക്ടർ…. അവൾക്ക് എന്തേലും കുറവ്….അവൾക്ക് ഒരു ആഗ്രഹം ഉണ്ട്.. ഞാൻ അത് സാധിച്ചുകൊടുക്കാമെന്ന് ഏറ്റുപോയി.. ചിലപ്പോൾ പിന്നീട് അതിന് കഴിഞ്ഞില്ലെങ്കിൽ…. ഡോക്ടറുടെ സമ്മതം ഉണ്ടങ്കിലേ.. പ്ലീസ്… “

ഞാൻ ഡോക്ടർക്ക് മുന്നിൽ വികാരാധീനനാകുമ്പോൾ എന്റെ തോളിൽ കൈ വെച്ച് ഡോക്ടർ വിഷമത്തോടെ പറയുന്നുണ്ടായിരുന്നു ” സോറി ദേവ്… അവൾ.. “

ഞാൻ ഒരു ഞെട്ടലോടെ ഡോക്ടറെ നോക്കി. പിന്നെ വേഗം അവൾക്കരികിലേക്ക് നടന്നു. ” ഇല്ല… അവൾ ഉറങ്ങുകയാണ്. ഇന്നലെ അവൾ പറഞ്ഞതല്ലേ ഒന്ന് ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്.. അപ്പൊ അവളുടെ ആഗ്രഹം… ! “

ഞാൻ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു. അവൾ ചിരിക്കുന്നുണ്ടോ … ഉണ്ട്..അവളുടെ ചുണ്ടിൽ ഒരു ചിരിയുണ്ട്.

” രാധൂ.. പോണ്ടേ നമുക്ക്.. ആ ക്യാമ്പസ്സിൽ.. നമുക്കായ് വിരിഞ്ഞ പൂക്കൾ വാടുംമുന്നേ…..നമുക്കായി കാത്തുവെച്ച തണൽ മങ്ങുംമുന്നേ…ഇടനാഴികളിൽ ഇരുട്ട് വീഴുംമുന്നേ….നമുക്ക് പോണ്ടേ നമ്മുടെ ആ പ്രണയകാലത്തേക്ക്… !!ഒരിക്കലെങ്കിലും നിനക്ക് പറയാമായിരുന്നില്ലേ എന്നോട്.. ഇഷ്ട്ടാണ്ന്ന്…ഒരിക്കലെങ്കിലും…രാധൂ…. “

ഞാൻ പിന്നെയും അവളെ വിളിച്ചുകൊണ്ടെ ഇരുന്നു..ആരൊക്കെയോ നാലുപുറം ഉണ്ടായിരുന്നു. അതൊന്നും ഞാൻ ശ്രദ്ധിച്ചില്ല..എനിക്ക് മുന്നിൽ അവൾ മാത്രം ആയിരുന്നു..

ഞങ്ങൾ അപ്പൊൾ ആ വാകമരച്ചോട്ടിൽ ആയിരുന്നു. വാടിത്തുടങ്ങിയ പൂക്കൾ പെയ്യാൻ തുടങ്ങിയിരുന്നു.

ഉറങ്ങുന്ന അവളെ ഞാൻ ഒന്ന് ചുംബിച്ചു. ഇടനാഴിയിൽ വെച്ച് അവൾക്ക് നൽകാൻ കൊതിച്ച ആ ചുംബനം.. !

അവൾ ചിരിക്കുന്നുണ്ട്.. ഉറക്കത്തിലും…അല്ലെങ്കിലും എന്റെ ചുംബനം അവൾ ഏറെ കൊതിച്ചതല്ലേ…എന്റെ ചുംബനമേറ്റവൾ ഉറങ്ങട്ടെ…

ഞാൻ ഒന്നുകൂടി അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു. ഞാൻ ഉണ്ട് കൂടെ എന്നവൾക്ക് ഉറപ്പ് നൽകുംപോലെ….