വീട്ടിലെത്തി വെളള തുണിയുടുത്ത് അരപ്പട്ട കെട്ടി കുപ്പായമിട്ട് തലയില്‍കെട്ടും കാലന്‍ കുടയുമായി…

അന്ത്രുക്കയും ഭൂതവും…

രചന: നൗഷാദ് കണ്ണേരി

ഓണംവന്നാലും പെരുന്നാള്‍ വന്നാലും അളിയന്‍ വന്നാലും കോഴിക്ക് കൂട്ടില്‍ കിടക്കപ്പൊറുതിയില്ലാ എന്നുപറഞ്ഞപോലെയാണ് അന്ത്രുക്കാക്ക് വെക്കേഷന്‍ വന്നാലുളള അവസ്ഥ.

എല്ലാവര്‍ഷത്തേയും പോലെ കെട്ടിച്ചയച്ച രണ്ട് പെണ്‍മക്കളും അവരുടെ ആറെഴ് കുട്ടികളും കൂടി വീട്ടിലേക്ക് വന്നിരിക്കുകയാണ്. ഇപ്പോള്‍തന്നെ പൈസകുറെ പൊട്ടി ഇനി അതുംപോരാത്തതിന് അവര്‍ക്കിനി ടൂറും പോകണത്രേ.

പറ്റില്ലെന്ന് പറഞ്ഞാല്‍ പെണ്‍മക്കള്‍ തന്‍റെ തല കൊത്തിപ്പറിക്കും പിന്നെ പരിഭവമായി കരച്ചിലായി പിണങ്ങിപ്പോക്കായി. മനസ്സമാധാനം കിട്ടാതെ അന്ത്രുക്ക പുറത്തേക്കിറങ്ങി തെങ്ങിന്‍ തോട്ടത്തിലേക്ക് നടന്നു.

വിളഞ്ഞ്നില്‍ക്കുന്ന തെങ്ങിന്‍ കുലകളിലേക്ക് നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു.

”ഇപ്രാവശ്യം തേങ്ങടമൂടാണ് ബാക്കിണ്ടാവുക.. മക്കളെ വരവും ടൂറും.. ഓലെ മാങ്ങാതൊലിയെല്ലാം കഴിഞ്ഞ് അഞ്ച് പൈസ പെട്ടിയിലിടാന്‍ കിട്ടൂല.”

അപ്പോഴാണ് പുറകില്‍നിന്നും ഒരു കിളികൊഞ്ചല്‍..

”ഉപ്പുപ്പാ.. ഞങ്ങളൊക്കെ പോകാന്‍ ഒരുങ്ങീട്ടോ.. വണ്ടിയും വന്നു.. ഇങ്ങളെന്താ ഇവിടെ നിക്ക്ണത്.?”

ചോദ്യംകേട്ട അന്ത്രുക്ക തിരിഞ്ഞ് നോക്കി. പുഴപ്പലുംകാട്ടി ചിരിച്ച് നില്‍ക്കുന്നുണ്ട് ഒരു കുഞ്ഞിപ്പാത്തു, മൂത്തവളുടെതാണോ ചെറിയവളുടെയാണോന്ന് അറിയില്ല.
ഒരോ തെങ്ങിലും എത്രകുലകളുണ്ടെന്ന് ചോദിച്ചാല്‍ അന്ത്രുക്ക കണ്ണടച്ച് പറയും കാരണം പെട്ടിയില്‍ വീഴാനുളള നോട്ടുകളാണത്. പക്ഷേ പേരമക്കളുടെ തരംതിരിച്ചുളള പേരറിയില്ല.

വീട്ടിലെത്തി വെളള തുണിയുടുത്ത് അരപ്പട്ട കെട്ടി കുപ്പായമിട്ട് തലയില്‍കെട്ടും കാലന്‍ കുടയുമായി മനസില്ലാമനസോടെ അന്ത്രുക കുടുംബത്തോടൊപ്പം യാത്രക്കൊരുങ്ങി.

കടല്‍ക്കരയിലേക്കാണ് ആദ്യം അവര്‍ പോയത്.

മക്കളും പേരകുട്ടികളും ഓടിയടുക്കുന്ന തിരകളിൽ തത്തിക്കളിച്ച് രസിക്കുമ്പോള്‍ അന്ത്രുക്ക ദൂരെയുളള ഒരു പാറക്കെട്ടിലിരുന്ന് അ ണ്ടിപോയ പോയ അണ്ണാനെപ്പോലെ നഷ്ടക്കണക്കുകളുടെ കണക്കെടുക്കെടുക്കുകയായിരുന്നു.

പാറയിടുക്കിൽ ഹുങ്കാരത്തോടെ വന്നടിച്ച് ചിന്നിചിതറി പിന്‍വലിയുന്ന തിരകളെ നോക്കിയിരിക്കുമ്പോളാണ് മണലില്‍ പൂന്തിക്കിടക്കുന്ന ഒരു സാധനം അന്ത്രുക്കാന്‍റെ കണ്ണിലുടക്കിയത്.

പുട്ടുംപാനിയുടെ വലിപ്പം വരുന്ന പകുതിയിലതികം മണലില്‍ മറഞ്ഞ് കിടക്കുന്ന ഒരു ചെമ്പ്കുടം.

കുടത്തിന്‍റെ മൂടിയില്‍‍‍ ഒരു പാമ്പ് പത്തിവിടര്‍ത്തി ചീറ്റി നില്‍ക്കുന്ന ചിത്രപ്പണിയുണ്ട്. കുടത്തിന് ചുറ്റും മറ്റ് ചില രൂപങ്ങളും കാണുന്നുണ്ട്.

ആരെങ്കിലും കൂടോത്രം ചെയ്ത് ഇട്ടതാവും എന്നാണ് ആദ്യംവിചാരിച്ചത് പക്ഷേ ചെമ്പ് കുടത്തിൻമേലുളള ചിത്രപ്പണികള്‍ അന്ത്രുക്കയെ ആകര്‍ഷിക്കുന്നതായിരുന്നു. ചെമ്പു കുടത്തില്‍ നിധിയാവാനുളള ഒരു സാധ്യത അന്ത്രുക്കാന്‍റെ മനസില്‍ മിന്നിമറഞ്ഞു.

ചെമ്പുകുടത്തിന്‍മേലുളള ചിത്രപ്പണികളുടെ ഭംഗി അയാളെ അതിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചു.. അൽപസമയംകൂടി നോക്കിനിന്നപ്പോൾ അന്ത്രുക്കാക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല അത് ഒരു നിധിതന്നെയാണെന്ന് അയാളുറപ്പിച്ചു.

പാറക്കെട്ടുകൾക്കിടയിൽ ഇറങ്ങി വളരെ പ്രയാസപെട്ടാണെങ്കിലും കുറച്ചുസമയംകൊണ്ട് അന്ത്രുക്ക കുടം മണലിനിന്നും തോണ്ടി പൊക്കിയെടുത്തു.

ചെമ്പ് പാളികൾകൊണ്ട് ഭദ്രമായി അടച്ച കുടത്തിന് സാധാരണത്തേതിനേക്കാൾ ഭാരംകൂടുതലുണ്ടായിരുന്നു. നിധി കനപെട്ടത് തന്നെയായിരിക്കുമെന്ന് അന്ത്രുക്ക ഉറപ്പിച്ചു.

പെമ്മക്കള് കണ്ടാല്‍ അവര്‍ക്കും നിധിയില്‍ നിന്നും ഒരു പങ്ക് കൊടുക്കേണ്ടിവരും എന്നറിവുളള അന്ത്രുക്ക. ഞമ്മക്ക് വയറ് വേദനേണ് ഇങ്ങള് ‍ സ്ഥലങ്ങളെല്ലാം കണ്ട് മെല്ലെ വന്നാല്‍ മതിയെന്ന് പറഞ്ഞ് ചിലവിനായി കുറച്ച് കൂടുതല്‍ പണം മക്കളെ ഏല്‍പിച്ച് തന്ത്രപരമായി നിധിയുമായി വീട്ടിലേക്ക് തിരിച്ചു.

നിധിതുറക്കാനായി അയാള്‍ തിരഞ്ഞെടുത്തത് രാത്രിസമയമായിരുന്നു. എല്ലാവരും ഉറങ്ങിയതിന് ശേഷം അയാള്‍ നിധി ഒളിപ്പിച്ച റൂമിലെത്തി. കുടത്തിനുളളിലുളള നിധി എത്രയെന്ന് അളന്ന് കണക്കാനുളള ജിജ്ഞാസമൂത്ത അന്ത്രുക്ക വേഗംതന്നെ റൂമില്‍കയറി ജനലും വാതിലും അടച്ച് കുറ്റിയിട്ടു.

ചെമ്പ് കുടം ചവിട്ടിവലിച്ചിട്ടും കടിച്ച് വലിച്ചിട്ടും ഇളകിനിന്ന പല്ലിന്‍റെ ആട്ടംകൂടി എന്നല്ലാതെ കുടത്തിന്‍റെ മൂടിമാത്രം തുറന്നില്ല. പ്രരാന്ത് കയറിയ അന്ത്രുക്ക കുടമെടുത്ത് ഒലക്കമ്മലെ പാത്രമെന്ന് പ്രാകി ചെമ്പുകുടം റൂമിന്‍റെ മൂലയിലേക്ക് ഒരേറുകൊടുത്തു.

ഏറ്ന്‍റെ ശക്തിയില്‍ കുടത്തിന്‍റെ മൂടിയിളകിത്തെറിച്ചു. അതില്‍ നിന്നും റൂമിലെ ഇരുണ്ട വെളിച്ചത്തിലേക്ക് പുകച്ചുരുകൾ വ്യാപിച്ചു. അന്ത്രുക്ക ഭയപ്പാടോടെ പുറകിലേക്ക് മാറി.

കുടത്തിനുളളില്‍നിന്നും പുറപ്പെട്ട വെളുത്ത പുക റൂമുമുഴവനും വ്യാപിച്ചു. കാര്യമെന്തന്നറിയാതെ പകച്ച് പോയ അന്ത്രുക്ക ഇറങ്ങി ഓടിയാലോയെന്ന് ഒരുവേളചിന്തിച്ചു. അപ്പോളാണ് പുകച്ചുരുളുകള്‍ക്കിടയില്‍ അന്ത്രുക്ക വ്യക്തമല്ലാത്ത ഒരു രൂപം കണ്ടത്. അയാള്‍ സൂക്ഷിച്ച് നോക്കി.

മെല്ലിച്ച ശരീരവും മൊട്ടത്തലയും മുട്ടനാടിന്‍റെതു പോലെയുളള താടിയും കണ്ട് അന്ത്രുക്ക വിചാരിച്ചത് ഒസ്സാന്‍ അയമുവാണെന്നാണ്.

”ടാ ഹമ്ക്കേ.. ഇജ്ജെങ്ങനേണ് ഞമ്മന്‍റെ റൂമീക്കയറിക്കൂടിയത്.?”

പുകച്ചുരുളുകള്‍ അടങ്ങയപ്പോഴാണ് അയമൂന്‍റെ മൊട്ടത്തലയില്‍ രണ്ട് കൊമ്പ്കൂടി അന്ത്രുക്ക കണ്ടത്. ഒന്ന് ഞെട്ടിയെങ്കിലും പെട്ടന്ന് തന്നെ അന്ത്രുക്കാക്ക് കാര്യങ്ങൾ മനസിലായി. ആശ്ചര്യത്തോടെ അതിലേറേ സന്തോഷത്തോടെ അന്ത്രുക്ക ചോദിച്ചു.

”സത്യം പറ ഇജ്ജ് പൂതല്ലെട പഹയാ.?”

പ്രത്യക്ഷപെട്ട രൂപം പറഞ്ഞു.

”ഉം.. ഞാനൊരു ഭൂതമാണ്.”

”ഇജ്ജ് ൻറെ അടിമയല്ലേ.?”

”അതേ.. ഞാൻ അങ്ങയുടെ അടിമയാണ്.. പ്രഭോ.”

ഭൂതത്തിന്‍റെ പ്രഭു എന്നവിളി അന്ത്രുക്കാക്ക് പിടിച്ചില്ല അയാള്‍ പറഞ്ഞു..

”പ്രഭോ, ബാബോന്നൊന്നും ഇജ് എന്നെ വിളിക്കണ്ട മുതലാളീന്ന് വിളിച്ചാല്‍മതി..”

”ശരി മുതലാളീ..”

ഭൂതം സംശയത്തോടെ ചോദിച്ചു.

”എങ്ങനെയാണ് അങ്ങേക്ക് എന്‍റെ കഥകളെല്ലാം അറിയുന്നത്.?”

”അതോ.? ഈ കഥയൊക്കെ ഇവിടുത്തെ നെയ്സറി കുട്ട്യോൾക്ക് പോലും അറിയും പഹയാ..”

അന്ത്രുക്ക കൂടുതല്‍ കുശലാന്വേഷണങ്ങള്‍ നടത്താതെ കാര്യത്തിലേക്ക് കടന്നു.

”ഞമ്മളെ ഇജ് ഇന്നാട്ടിലെ ബല്ല്യ സുല്‍നാത്താനാക്കണം. കൊട്ടാരം പോലത്തെ ഒരു ബീടും അതിൽ രണ്ട് ഹൂറികളും ബേണം.”

”പിന്നെ മറ്റൊരുകാര്യം.?”

ഭൂതം കേള്‍ക്കാനായി കാത്കൂര്‍പ്പിച്ച് നിന്നു.

ശബ്ദ്ദം താഴ്ത്തി രഹസ്യമായി അന്ത്രുക്ക ഭൂതത്തിന്‍റെ ചെവിയില്‍ പറഞ്ഞു.

”ഞമ്മളുടെ ബീവി ഈ വിവരങ്ങളൊന്നും അറിയാനും പാടില്ല.. അറിഞ്ഞാല്‍ ഓള് ഞമ്മളെ മയ്യത്തിട്ക്കും.”

ഭൂതം തലയിൽ ചോറിഞ്ഞ് വാക്കുകൾ തപ്പിത്തടഞ്ഞു.

”അതിപ്പോ.. എങ്ങനെ.? ഈ കാലത്ത്.?”

”എന്താ അനക്കൊരു മുറുമുര്‍പ്പ്..?”

ഭൂതം നിന്നു പരുങ്ങുന്നത് കണ്ടപ്പോൾ അന്ത്രുക്കാക്ക് ദേശ്യം കയറി.

”ജ്ജ് എന്ത് ഹമ്ക്ക് പൂതാണടോ..? ഞാനല്ലേ അന്നെ കുടത്തിൽ നിന്നും കൈച്ചിലാക്കിയത്.? അപ്പോ ജ് തന്നല്ലേ ന്നേ പണക്കാരനാക്കണ്ടത്.?”

”അതൊക്കെ പണ്ടല്ലേ മുതലാളീ..?”

”ഇപ്പോ അനക്ക് എന്താണ് കൊയപ്പം.?”

”എനിക്കി അതിനുളള ശക്തിയൊന്നും ഇപ്പോൾ ഇല്ല.. കാലംകുറെആയില്ലെ കുടത്തിനുളളില്‍.. ഇനി മുതൽ എൻറെ ചിലവുകൂടി മുതലാളിയാണ് നോക്കേണ്ടത്.”

അന്ത്രുക്ക തലയിൽ കൈവച്ച് പറഞ്ഞു.

”പടച്ചോനെ പണി പാലുംബളളത്തിലാണല്ലോ ബന്ന് കയറിയത്…”

ഭൂതത്തിനെ നോക്കി അയാള്‍ ദേഷ്യപ്പെട്ടു..

”അനക്ക് അഞ്ചിന്‍റെ പൈസ ഞമ്മൻറെടുത്ത് നിന്ന് കിട്ടൂല…”

വേലീൽ കിടക്കണ പമ്പിനേയാണല്ലോ പടച്ചോനെ ഞമ്മളെടുത്ത് തോളീക്കേറ്റ്യെത് ഇനി എന്ത് ചെയ്യും.? എന്തെങ്കിലും സൂത്രപ്പണികാട്ടി പൂതത്തിൻറെ കൈയിൽ നിന്നും രക്ഷപെടണം. പക്ഷേ എന്ത്.? അന്ത്രുക്ക കുറേനേരം തലപുകഞ്ഞ് ആലോചിച്ചു നിന്നു.

പേരകുട്ടികൾ ബാലരമ വായിച്ച് പറയുന്നത്കേട്ട ഭൂതത്തെ കുപ്പിയിലടച്ച മുക്കുവന്‍റെ കഥയാണ് പെട്ടെന്ന് അന്ത്രുക്കാക്ക് ഓർമ്മവന്നത്. അയാൾ ഭൂതത്തിനോട് ചോദിച്ചു.

”അനക്ക് മാനം മുട്ടേ വലുതാവാൻ വെയ്ക്കോ.?.”

അത് കേട്ട് ഭൂതം ദേശ്യത്തോടെ പറഞ്ഞു.

”ഈ കഥ പളളീൽ പോയി പറഞാൽമതി മുതലാളീ..എനിക്ക് ആകാശം തൊടുന്നത് വരെ വലുതാവാനും കഴിയും കടുക് മണിയുടെയത്ര ചെറുതാവാനും കഴിയും ഈ കുടത്തിന്‍റെ ഉളളിൽ കയറാനും കഴിയും കയറിയാൽ നിങ്ങൾ മൂടി അടക്കുമെന്നും അറിയും.”

ഇനി എന്തുചെയ്യുമെന്നറിയാതെ അന്ത്രുക്ക തലയില്‍ കൈവച്ച് നിലത്തിരുന്നു..

”എനിക്ക് വിശക്കുന്നു മുതലാളീ.. അടുക്കളയിലുളളത് മുഴുവന്‍ ഇങ്ങോട്ട് കൊണ്ട് വന്ന് തന്നോളൂ.. അല്ലെങ്കില്‍ ഇങ്ങളെപിടിച്ച് തിന്നും ഞാന്‍.. ആനയെതിന്നാനുളള വിശപ്പുണ്ട്.”

”യാ ഹൗല വലാാ…..” വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ അന്ത്രുക്ക ബോധംകെട്ട് നിലത്ത് വീണു.