പൊട്ടൻ
രചന: Daniya Najiha
കേവി. അതായിരുന്നു അവന്റെ പേര്.
ഈ ഭൂമിമലയാളത്തിലിന്നോളം ഇങ്ങനെയൊരു പേരിനുടമ ഉണ്ടായിട്ടുണ്ടോ എന്നത് ചരിത്രങ്ങൾ ചികഞ്ഞ് പരിശോധിക്കേണ്ട വസ്തുതയാണ്. അവന്റെ പേരിനെക്കുറിച്ചോ അസ്ഥിത്ത്വത്തെക്കുറിച്ചോ അവനും ബോധവാനല്ല എന്നതാണ് യാഥാർഥ്യം. അവന്റെ ഓർമ്മയിൽ ആകെ തെളിയുന്നത് ഒരു കടത്തിണ്ണയാണ്. പെരുമാതുറ എന്ന കടലോര ഗ്രാമത്തിലെ ഒരു കടത്തിണ്ണ മാത്രമേ അവനോർക്കുവാനുള്ളു. അവനൊരു പൊട്ടനാണെന്നാണ് ജനസംസാരം. ചായക്കടക്കാരൻ അഹമ്മദും ബാർബർ കുഞ്ഞമ്പുവും അവനോട് നേരിട്ട് തന്നെ ഈ സത്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വക കാര്യങ്ങളോടൊന്നും യാതൊരധിക്ഷേപവും അവനില്ല. അവനു ചെയ്യാൻ ഈ വിശാലമായ ലോകത്ത് നാലേ നാല് കാര്യങ്ങളാണുള്ളത്. രാവിലെ മുതൽ വൈകുന്നേരം വരെ ആത്മാർത്ഥമായി ഭിക്ഷയെടുക്കുക… രാമന്റെ ഹോട്ടലിൽ നിന്ന് തലേ ദിവസത്തെ ഭക്ഷണത്തിന്റെ ബാക്കി വയറ് നിറയും വരെ കഴിക്കുക… എവിടുന്നോ കിട്ടിയ പാതിമുക്കാലും കീറിയ തുണിവിരിച്ച് കടത്തിണ്ണയിൽ ചുരുണ്ടുകൂടുക… ഭക്ഷണത്തിന്റെയും വിരിപ്പിന്റെയും നല്ലൊരു പങ്ക് അവന്റെ പങ്കാളിക്ക് വീതിച്ചുകൊടുക്കുക…
വെളുത്ത് തുടുത്ത ശരീരവും പുഷ്ടിപ്പെട്ട വാലും നീലക്കണ്ണുകളുമായി അവൾ സദാസമയം അവന്റെ കാൽച്ചുവട്ടിൽ ചുരുണ്ടു കിടന്നു. ഇടയ്ക്കിടെ മൃദുവായി “മ്യാഓ ” എന്നവനോട് ശൃങ്കരിച്ചു. മറ്റുചിലപ്പോൾ ചിണുങ്ങിക്കരഞ്ഞു. അവൻ മെല്ലെ തലയിൽ തലോടിയാലുടൻ അവളുടെ പരിഭവം എങ്ങോ പോയ്മറഞ്ഞു. അവനും അവളും. അവന്റെ ദിനങ്ങൾ അവളോടൊത്ത് തിരക്കേറിയ റോഡരികിലും കടത്തിണ്ണയിലുമായി കഴിഞ്ഞ് പോന്നു. അവൾ അവിടെയെത്തിയത് എന്നാണെന്നോ എങ്ങനെയെന്നോ കേവിക്കോർമ്മയില്ല. അവൻ കാണുമ്പോഴൊക്കെ അവൾക്ക് ചോറ് കൊടുക്കാറുണ്ടായിരുന്നു.
പിന്നെയതൊരു പതിവായി. അങ്ങനെ മെല്ലെ മെല്ലെയവന്റെ ജീവിതത്തിൽ അവൾ കയറിക്കൂടി എന്ന് തന്നെ പറയാം. അന്നേവരെ അനുഭവിക്കാത്ത എന്തൊക്കെയോ അവൻ അനുഭവിച്ച് തുടങ്ങുകയായിരുന്നു. ഉണരുമ്പോഴും ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴും അവന് കരുതാൻ, പങ്കുവയ്ക്കാൻ, സ്നേഹിക്കാൻ ഒരു കൂട്ടുണ്ടായിരിക്കുന്നു. ഒരു കൂട്ടിനെക്കുറിച്ച് അവൻ അന്നോളം ചിന്തിച്ചതല്ല. ലോകത്തൊന്നിനെക്കുറിച്ചും അവൻ ചിന്തിച്ചിരുന്നില്ല. അവളുടെ ഓരോ നോട്ടവും ചിണുങ്ങലും അവനിൽ ആനന്ദത്തിന്റെ മത്താപ്പുകൾക്ക് തിരികൊളുത്തി.
സ്നേഹിക്കാനൊരാളുണ്ടാവുക എന്നതിലുപരി ഒരു മനുഷ്യായുസ്സിന് മറ്റെന്താണ് വേണ്ടത് !! പൊട്ടനാണെങ്കിലും അവനും മനുഷ്യനാണ്. സന്തോഷം വരുമ്പോൾ ചിരിക്കുന്ന.. സങ്കടം വന്നാൽ പൊട്ടിക്കരയുന്ന പച്ച മനുഷ്യൻ. അതിനാൽ തന്നെ തന്റെ കൂട്ടുകാരിയെ സന്തോഷിപ്പിക്കാൻ അവൻ ആവുന്നോളം പരിശ്രമിച്ചു. കിട്ടുന്ന കാശ് മിച്ചം വെച്ച് വറുത്ത മീൻ വാങ്ങിക്കാൻ തുടങ്ങി. മീൻ വറുത്തതിന്റെ സ്വാദ് ഒന്നോ രണ്ടോ വട്ടമേ അവനറിഞ്ഞിട്ടുള്ളു. എന്നിട്ടും തെല്ലും ആലോചനയില്ലാതെ മുഴുവനും അവൾക്കായി മാറ്റിവെച്ചു. അവളുടെ കണ്ണുകളിൽ നിറഞ്ഞ കൃതജ്ഞതയും സ്നേഹവും അവനെ ഉന്മത്തനാക്കിയിരുന്നു.
അങ്ങനെയിരിക്കെ കേവിയും അവളും ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ഒരു വൈകുന്നേരമാണ് ആ നിരത്തിലൂടെ കുട്ടികൾ ഒരു സൈക്കിൾ റാലി നടത്തിയത്. അതിലൊരു കുട്ടി സൈക്കിൾ നിറുത്തി അവളെ അരികിലേക്ക് വിളിച്ചു.
“നല്ല ഭംഗിയുള്ള പൂച്ച.. ഇതിനെ ഞാനെടുത്തോട്ടെ? ” അവന് അരിശം കൊണ്ട് തലപെരുത്തു. കിട്ടിയതൊക്ക എടുത്ത് കുട്ടിയെ എറിഞ്ഞോടിച്ചു. അവളെയും മടിയിൽ ചേർത്ത് പിടിച്ച് ഒരുപാട് നേരമിരുന്നു. അവളെങ്ങാനും പോയാൽ !! പോവുമോ??
പിന്നീടങ്ങോട്ട് അവന്റെ മനസ്സ് ആധിയാൽ വിമ്മിട്ടപ്പെട്ടുകൊണ്ടിരുന്നു. നന്നായൊന്നുറങ്ങാൻ പോലുമാവാതെ അവൻ തളർന്നു. വൈകുന്നേരങ്ങളിൽ ആ കുട്ടി എന്നും സൈക്കിളിൽ അവർക്കു മുന്നിലൂടെ കടന്ന് പോകും. അപ്പോഴൊക്കെ അവൻ അവളെ മുറുകെപ്പിടിച്ച് തലവഴി പുതപ്പ് മൂടി ചുരുണ്ടുകിടക്കും.
ഒരു ദിവസം ഉച്ചക്ക് അവനു കലശലായ തലവേദന വന്നു. അതിന്റെ കാഠിന്യത്തിൽ അറിയാതെ ഒരുപാട് നേരം ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോൾ അവളില്ല. അവന്റെ കൈകാലുകൾ വിറച്ചു…കടത്തിണ്ണയും തെരുവും വിറച്ചു. ആകാശവും ശൂന്യതയും വിറച്ചു…അവൻ അലറിയലറിക്കരഞ്ഞു. നിരത്തിലുള്ളവർ നോക്കിചിരിച്ചു. ചിലർ പരിഹസിച്ചു..
“പൊട്ടൻ “
പിറ്റേന്ന് നേരം പുലർന്നപ്പോൾ അവനെ കാണ്മാനില്ലായിരുന്നു. അവന്റെ പുതപ്പും പൊട്ടിയ തകരപ്പാത്രവും അവിടെ ബാക്കിനിന്നു. അന്വേഷിച്ചു കണ്ടുപിടിക്കാൻ തക്ക സ്നേഹമോ കടപ്പാടോ ആർക്കും അവനോടുണ്ടായിരുന്നില്ല. ഒരാൾക്കൊഴികെ. അവൾ വരിക തന്നെ ചെയ്തു. അവനെ കാണാതായതിന്റെ നാലാം നാൾ. അവനെ ഒരുപാട് തിരഞ്ഞു നടന്നു. മ്യാഓ എന്ന് വിളിച്ചന്വേഷിച്ചു. ഒടുവിൽ പുതപ്പിനുള്ളിൽ അവനെയും കാത്ത് ഏങ്ങിക്കരഞ്ഞു.