സ്‌മൃതി തർപ്പണം
രചന: സൗമ്യ ദിലീപ്
ടാക്സിയിൽ നിന്നിറങ്ങി ആ പടിക്കെട്ടുകൾ കയറുമ്പോൾ ചുറ്റിനും നിൽക്കുന്ന പരിചിതമുഖങ്ങളെല്ലാം അവഗണിക്കേണ്ടി വന്നു.
ഒരു യന്ത്രപ്പാവ കണക്കെ ചലിക്കുന്ന ഉടൽ പൂമുഖത്ത് ഏഴു തിരിയിട്ട നിലവിളക്കിനു കീഴെ ശാന്തമായുറങ്ങുന്ന അമ്മയുടെ അരികിലെത്തിയതും തളർന്നു പോയി.
വീഴാതിരിക്കാനായി ചുമരിൽ പിടിച്ച എന്നെ ആരൊക്കെയോ ചേർന്ന് താങ്ങി കട്ടിലിൽ കൊണ്ടുപോയി കിടത്തി. കുളിക്കാൻ സമയമായെന്ന് ആരോ വന്നു പറഞ്ഞപ്പോഴാണ് ഞാൻ എണീറ്റത്.
ഏറെ നാളുകളായി അപരിചിതമായ നാട്ടിടവഴികളിലൂടെ നടന്ന്, എൻ്റെ ബാല്യം ആഘോഷമാക്കിയ പുഴയിൽ മുങ്ങി നിവർന്നു.
ഇന്ന് പക്ഷേ അന്നത്തെ വികൃതികളില്ല. മത്സരങ്ങളും ഇല്ല.
കുളിച്ചീറനോടെ വീട്ടിലെത്തിയപ്പോഴേക്കും ഉമ്മറത്തെ മാവ് വെട്ടിക്കീറി അടുക്കിയിരുന്നു.
ഉമ്മറത്തെ നിലവിളക്കിൻ ചോട്ടിൽ നിന്ന് മുറ്റത്ത് വിരിച്ച വാഴയിലയിലേക്ക് അമ്മയെ എടുത്തു കിടത്തി.
ആരൊക്കെയോ പറഞ്ഞു തന്ന കർമങ്ങൾ യാന്ത്രികമായി ചെയ്തു. ഒടുവിൽ അമ്മയുടെ ശരീരം കത്തിയമരുന്നതും നോക്കി ഞാനാ തൊടിയിൽ നിന്നു.
ചടങ്ങുകൾ കഴിഞ്ഞതോടെ എല്ലാവരും പതുക്കെ വിടവാങ്ങാൻ തുടങ്ങി. ഒടുവിൽ ഞാനാ വീട്ടിൽ തനിച്ചായി.
തെക്കുഭാഗത്ത് എരിയുന്ന ചിതയിലേക്കു നോക്കിയിരുന്ന് ഞാൻ എൻ്റെ ബാല്യത്തിലേക്ക് പോയി.
അച്ഛനെന്നാൽ എനിക്ക് ഉമ്മറത്ത് മാലയിട്ടു വച്ചിരുന്ന ഒരു ചിത്രം മാത്രമായിരുന്നു. അറിവ് വക്കുന്നതിനു മുൻപേ തന്നെ എന്നെയും അമ്മയേയും തനിച്ചാക്കി അദ്ദേഹം പോയിരുന്നു.
പിന്നീടങ്ങോട്ട് അമ്മയുടെ കഷ്ടപ്പാട് കണ്ടാണ് വളർന്നത്. കിട്ടാവുന്ന പണിയെല്ലാം ചെയ്ത് ഓടി നടക്കുമ്പോഴും മനസിൽ മകനെന്നുള്ള ചിന്ത മാത്രമായിരുന്നിരിക്കണം.
മകൻ ഓരോ ഉയരങ്ങൾ കീഴടക്കുമ്പഴും അഭിമാനത്താൽ ആ കണ്ണ് നിറയാറുണ്ട്. ചേർത്തു പിടിച്ച് ആ മനസിലെ എല്ലാ സ്നേഹവും ചാലിച്ച് നെറ്റിയിൽ മുത്താറുണ്ട്.
ഒടുവിൽ ജോലി കിട്ടി ഈ പടിയിറങ്ങുമ്പോൾ തലയിൽ കൈവച്ച് അനുഗ്രഹിച്ച് മടിക്കുത്തിൽ നിന്നും എടുത്ത മുഷിഞ്ഞ നോട്ടുകളിൽ അമ്മയുടെ കരുതലുണ്ടായിരുന്നു.
എല്ലാ മാസവും മകനിഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി വച്ച് വഴിക്കണ്ണുമായി കാത്തിരുന്ന്, ഒടുവിൽ ഞാനെത്തുമ്പോൾ ആ മുഖത്ത് വിരായാറുള്ള പുഞ്ചിരിയിൽ കാത്തിരിപ്പിൻ്റെ നോവും ഒറ്റപ്പെടലിൻ്റെ വേദനയും ഞാൻ കണ്ടിരുന്നു.
തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഊളിയിട്ടു തുടങ്ങിയപ്പോൾ മാസം തോറുമുള്ള വരവും പതിയെ നിന്നു. പിന്നെ വരവ് വല്ലപ്പോഴുമായി.
ഉള്ളിലെരിയുന്ന കനലിൻ്റെ താപത്തിൽ കണ്ണുനീർ തുള്ളികൾ ഉരുകിയൊലിച്ചു.
മെല്ലെ ഞാനാ തൊടിയിലേക്ക് നടന്നു. ഇനിയും കെട്ടിട്ടില്ലാത്ത കനൽക്കട്ടകളിൽ നോക്കി നിൽക്കവേ അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം ഉള്ളിൽ തെളിഞ്ഞു.
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്തയാ നാളുകളുടെ ഓർമയിൽ ഞാനാ മണ്ണിൽ അമ്മയോടൊപ്പം കിടന്നു.