കൂട്ടത്തിൽ ആര് ചെയ്താലും അവർക്കത് സഹിക്കാൻ പറ്റാത്തൊരു വേദനതന്നെയാണ്…

(ശടെ എന്നുപറയുമ്പോഴേക്കും വായിച്ചു തീർക്കാവുന്ന ഒരു കഥ ..15 വയസിനു മുകളിലുള്ളോർ വായിക്കുക 😉

ഹോസ്റ്റലിലെ ആ രാത്രി

രചന: RJ SAJIN

“ഡീ നമ്മടെ കൂടെയുള്ള …ആരോ …തൂങ്ങി മ രിച്ചെന്ന് ….”

റൂമിലോട്ട് ഓടിവന്ന ആയിഷ വിക്കിവിക്കി അത് പറഞ്ഞൊപ്പിച്ചു .

എല്ലാവരുടെയും മുഖഭാവം മാറാൻ അധികം നേരമൊന്നും വേണ്ടിവന്നില്ല

മുറിയിലുണ്ടായിരുന്ന മൂന്നുപേരും ശടേന്ന് എണീറ്റ് ആയിഷയുടെ അടുത്തെത്തി..

“ആരാടി …അത് …?

നമ്മൾ എല്ലാവരും ഒന്നിച്ചല്ലേ കുറച്ചു മുന്നേ കഴിച്ചത് …ആർക്കും അപ്പോൾ കുഴപ്പൊന്നും ഇല്ലായിരുന്നല്ലോ …”

കലങ്ങിയ കണ്ണുകളുമായി ലക്ഷ്മി അത് പറഞ്ഞൊപ്പിച്ചു .

നെറ്റിയിൽ കൈവെച്ച് ആയിഷ കട്ടിലിൽ ചെന്നിരുന്നു .

അവൾക്കും ആരാ ആ കടുംകൈ ചെയ്തതെന്ന് വ്യക്തമല്ല .

“ഉള്ളിൽ അത്രത്തോളം വിഷമിച്ചിട്ട് പുറത്തു സന്തോഷിച്ച് നടന്ന ആരോ നമുക്കിടയിൽ ഉണ്ടായിരുന്നു കാണും …”

ആയിഷ ഒരു വിങ്ങലോടെ പറഞ്ഞു .

തണുത്ത കാറ്റ് വീശുമ്പോൾ ശരീരത്തിനുണ്ടാകുന്ന കുളിർമ എല്ലാവരിലുമപ്പോൾ അനുഭവപ്പെട്ടു .

20 വിദ്യാർത്ഥിനികളാണ് ഹോസ്റ്റലിലുള്ളത് .

എല്ലാവരും ഒരേ കോളേജിലായതുകൊണ്ട് തന്നെ പരസ്പരം നന്നായി അറിയാം .

കൂട്ടത്തിൽ ആര് ചെയ്താലും അവർക്കത് സഹിക്കാൻ പറ്റാത്തൊരു വേദനതന്നെയാണ് .

ഒരു സിനിമയുടെ ദൃശ്യങ്ങൾപോലെ ഹോസ്റ്റലിനുള്ളിലെ എല്ലവരുമായൊത്തുള്ള സന്തോഷകരമായ നിമിഷങ്ങളും വഴക്കുകളുമെല്ലാം അവരുടെ മനസ്സിലൂടെ മിന്നിമറഞ്ഞു .

അപ്പോഴേക്കും ഭീതി എല്ലാവരുടെ കണ്ണിലും പടർന്നിരുന്നു .

11 മണി കഴിഞ്ഞ ഈ രാത്രിയിൽ തൊട്ടടുത്ത മുറിയിലാരോ നാക്കും പുറംതള്ളി കയ്യുംകാലും അകത്തി തൂങ്ങി നിൽക്കുന്നത് ഓർക്കുമ്പോൾ സ്വാഭാവികമായി ഉള്ളിലുണ്ടാകുന്ന ഒരു മരവിപ്പ് അവരെ ആകെ തളർത്തിക്കൊണ്ടിരുന്നു .

മരണത്തിന്റെ ഒരു പ്രത്യേക മണം അവരെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു .

ദാഹംപോലും ആ നിമിഷത്തിലെ അങ്കലാപ്പിൽ അവർ മറന്നു .

ആർക്കും പരസ്പരം മുഖത്തുപോലും നോക്കാൻ പറ്റാത്ത അവസ്ഥ .

മുറിയുടെ പുറത്തുകൂടെ ആരൊക്കെയോ നടന്നകലുന്ന കാൽപ്പാദങ്ങളുടെ ഒച്ച .

“നമുക്ക് പുറത്തുപോയി ആരാ എന്ന് നോക്കാം ..ഇവിടെ ഭയപ്പെട്ടിരുന്നിട്ട് കാര്യമില്ല “

ധൈര്യം സംഭരിച്ച് ഗ്രീഷ്മ പറഞ്ഞു .

കൂട്ടത്തിൽ ആയിഷ പോയിട്ട് ബാക്കി രണ്ടുപേരും അത് ശരിവെച്ചെങ്കിലും അവരുടെ ഉള്ളിന്റെ ഉള്ളിലും ഭയം വരിഞ്ഞുമുറുക്കി കൊണ്ട് തന്നെയിരുന്നു .

ആയിഷ മാത്രം അവരുടെ ഒപ്പം പുറത്തോട്ട് വരാൻ വിസമ്മതിച്ചു .

ബാക്കി മൂന്നുപേരും മുറിയിൽ നിന്നും പുറത്തോട്ടിറങ്ങി .

അടുത്തുള്ള മുറികളിലേക്ക് പതിയെ നടന്നു .

അകലെയായി കൂട്ടംകൂടി കുറച്ചു പെൺകുട്ടികൾ നിൽക്കുന്നുണ്ട് .

അവരുടെ അരികിലേക്ക് നടക്കുംതോറും ഓരോ മുറിയിയിലുമുള്ള പിള്ളേരുടെ കണക്കെടുത്തു .

എല്ലാവരുടെയും മുഖത്തു ഒരു വെപ്രാളം പ്രകടമായിരുന്നു .

നടന്നുനീങ്ങിക്കൊണ്ടിരുന്നപ്പോൾ ഓരോ മുറിയിലോട്ടുള്ള അവരുടെ നോട്ടവും പാതിയടഞ്ഞ കണ്ണുകളോടെയായിരുന്നു .

ഒരു മുറി മാത്രമാണ് പൂട്ടിക്കിടന്നതായി അവരുടെ ശ്രദ്ധയിൽപെട്ടത് .

കോളേജിലെ അവരുടെ പ്രിയപ്പെട്ട ഗായികയായിരുന്ന ശ്രീജയുടെ മുറി .

മൊത്തത്തിലുള്ള കണക്ക് കൂട്ടിയപ്പോഴും അവളുടെ കുറവുമാത്രം അവർക്ക് അനുഭവപ്പെട്ടു .

ശ്രീജയുടെ തൂങ്ങി നിൽക്കുന്ന മുഖമായിരുന്നു മൂവരുടെയും മനസ്സിൽ .

ശ്രീജയുടെ മുറിക്കഴിഞ്ഞു കുറച്ചുനടന്നകന്നപ്പോൾ പിന്നിൽനിന്നുമൊരു ഒച്ച .

വാതിൽ തുറക്കുന്ന ശബ്ദമായിരുന്നു അത് .

അത് അവരുടെ കാതിൽ മുഴങ്ങികൊണ്ടിരുന്നു .

ഞെട്ടലോടെയായിരുന്നു മൂന്നുപേരും ശ്രീജയുടെ മുറിയുടെ വാതിലിലേക്ക് നോക്കിയതും .

വാതിൽ തുറന്ന് മുടി അഴിച്ചിട്ട ശ്രീജ അവരുടെ അടുത്തെത്താറായപ്പോൾ ഗ്രീഷ്മയുടെ തല പെരുത്ത് കയറാൻ തുടങ്ങിയിരുന്നു .

ഒരു ഞെട്ടൽ അവളിലും പ്രകടമായിരുന്നു .

“എന്താടി ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നെ “

ശ്രീജ ആശ്ചര്യത്തോടെ ഗ്രീഷ്മയുടെ മുഖത്തു നോക്കി ചോദിച്ചു .

“എല്ലാവരുമെന്താ കൂട്ടം കൂടി നിൽക്കുന്നേ ” ലക്ഷ്മി ശ്രീജയോട് തിരിച്ച് ആരാഞ്ഞു .

കുറച്ചുനേരത്തെ സംസാരത്തിൽനിന്നും എല്ലാവരും ഒന്നിച്ച് ഒരു പ്രേത സിനിമകാണാനായി കൂടിയതാണെന്ന് ശ്രീജയുടെ വാക്കുകളിൽ നിന്നും അവർക്ക് വ്യക്തമായി .

അപ്പോൾ 16 കുട്ടികളും അവിടെ തന്നെയുണ്ട് .

എല്ലാവരും ഇവിടെയുണ്ടേൽ ആരാ തൂങ്ങി മരിച്ചത് .

ഗ്രീഷ്മ തന്റെ മനസ്സിനോട് ചോദിച്ചു .

“അപ്പോൾ ആയിഷ നമ്മളെ പറ്റിച്ചതാണോ ..”

ഇത് പറഞ്ഞ ശേഷം ലക്ഷ്മി ഒരു ദീർഘശ്വാസമെടുത്തു .

എന്തുകൊണ്ടാണ് അവൾ നമ്മളെ പറ്റിച്ചത് എന്ന ഗ്രീഷ്മയുടെ ചിന്തയെ തട്ടിയുണർത്തി അവളുടെ ഫോണിലെ റിങ് അടിക്കാൻ തുടങ്ങി .

ആയിഷയുടെ വീട്ടിൽ നിന്നായിരുന്നു .

” മോളെ ആയിഷയ്ക്ക് ഫോൺ ഒന്ന് കൊടുക്കുമോ ….അവൾ ഫോണെടുക്കുന്നില്ല ..അവളുടെ ഇഷ്ടം തന്നെയാണ് നമ്മളുടെയും …പഠനം പൂർത്തിയാക്കാതെ കല്യാണത്തെ പറ്റി ഇവിടെയാരും ഇനി മിണ്ടില്ല എന്ന് അവളോട് ഒന്ന് പറയോ ..അവൾ ഇവിടന്ന് പിണങ്ങിയാ ഹോസ്റ്റലിലോട്ട് വന്നത്… “

ആയിഷയുടെ ഉമ്മയുടെ നിർത്താതെയുള്ള സംസാരമായിരുന്നു അത് .

“ആ ശെരിയമ്മേ”

തിടുക്കത്തിൽ അത്രേം പറഞ്ഞൊപ്പിച്ച ശേഷം ഫോണും കട്ട്‌ ചെയ്തു ഗ്രീഷ്മ ആയിഷയുടെ മുറിയിലേക്ക് ഓടി ..

ഇത്രേം സംഭവങ്ങൾ കൂട്ടിവായിച്ചപ്പോൾ അവളുടെ ഉള്ള് എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു .

ആ ഓട്ടത്തിനിടെ അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരുതോന്നൽ അവളെ ശ്വാസം കിട്ടാതാക്കി .

എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെ കൂടെയുണ്ടായിരുന്ന ലക്ഷ്മിയും വീണയും ഗ്രീഷ്മയുടെ പിന്നാലെ ഓടി .

അവർ മുറിക്ക് മുന്നിലെത്തി .

മുറി പൂട്ടികിടക്കുന്നു .

ഗ്രീഷ്മ വാതിലിൽ ബലം പ്രയോഗിച്ചു തട്ടാൻ തുടങ്ങി ..

“ആയിഷാ …ആയിഷാ ….”

ഗ്രീഷ്മ അലറി ..

ഒരുമറുപടിയും അകത്തുനിന്ന് വന്നില്ല ..

കൂടെയുണ്ടായിടുന്ന രണ്ടാൾക്കും അപ്പോഴാണ് കാര്യങ്ങൾ ഏകദേശം പിടികിട്ടിയത് .

ഗ്രീഷ്മ വാവിട്ട്‌ നിലവിളിക്കാൻ തുടങ്ങി ..

“ആയിഷാ … വാതിൽ തുറക്കെടി …നമ്മളില്ലേ ഡീ നിന്റെകൂടെ …ഡീ “

പെട്ടെന്ന് തന്നെ വാതിൽ തുറന്നു .

ആയിഷ പുറത്തോട്ട് വന്നു .

കണ്ണീർ മിഴികളുമായി ഗ്രീഷ്മ അവളെ വാരിപ്പുണർന്നു ..

“ഞാനുറങ്ങിപ്പോയടി ….എന്താണ് …എന്താ പറ്റിയെ ..”

ആയിഷ ഒന്നും മനസ്സിലാവാതെ കണ്ണും മിഴിച്ചു മൂവരേം നോക്കി നിന്നു .

കൂടെ നിന്നിരുന്നവർക്കും കരച്ചിൽനിർത്താനായില്ല .

ആയിഷ കൈവിട്ട്‌ പോയിയെന്ന ചിന്തയിൽനിന്നും അവളെ ജീവനോടെ കണ്ടപ്പോളുള്ള ആ സന്തോഷം തന്നെയാണ് അവരിലെ കണ്ണുനീർ ആനന്ദകണ്ണീരായി നിറയിച്ചതും .

ആയിഷയുടെ വീട്ടിൽ നിന്നു അമ്മ വിളിച്ച വിവരങ്ങളൊക്കെ ഗ്രീഷ്മ ആയിഷയോയോട് പറഞ്ഞൊപ്പിച്ചു .

“അയ്യേ .. ഞാൻ ആത്മഹത്യ ചെയ്യൂന്ന് നീയൊക്കെ കരുതിയോ ..ഞാൻ നിങ്ങളെയൊന്ന് പറ്റിച്ചതല്ലേ … ഞാനെന്നിട്ട് സുഖമായിക്കിടന്നുറങ്ങി …മണ്ടികൾ..”

ഇതു പറഞ ശേഷം മൂവരുടെയും മുഖംനോക്കിയ ആയിഷയ്ക്ക് അവളുടെ ചിരി നിർത്താനായില്ല .

ആ ചിരി ബാക്കി മുഖങ്ങളിലും പടരാൻ പിന്നെ അധികം നേരമൊന്നും വേണ്ടിവന്നില്ല .

പ്രശനം തീർന്ന സന്തോഷത്തിൽ അവർ ഫോണിൽ പാട്ടിട്ട് ആടിപ്പാടാൻ തുടങ്ങി .

അവർ ഒന്നിച്ചു അത്രേം സന്തോഷത്തിൽ നൃത്തം ചെയ്തു .

‘ആത്മഹത്യ ചെയ്തിരുന്നേൽ ഈ സന്തോഷകരമായ നിമിഷങ്ങൾ കിട്ടുമായിരുന്നോ ..?

ഒരു അതിശയം സംഭവിച്ചപോലെ വീട്ടുകാരുടെ തീരുമാനം മാറിയതിൽ സന്തോഷിക്കാൻ പിന്നെ പറ്റുമായിരുന്നോ ?

ഇത്തരം ചിന്തകൾ ആർത്തുല്ലസിച്ച് നൃത്തംചെയ്യുന്നേരം ആയിഷയുടെ ഉള്ളിലൂടെ വന്നുപോയി .

മുറുക്കികെട്ടിയ ഷാൾ മുറിച്ചുമാറ്റിയിട്ടും ഫാനിലുണ്ടായിരുന്ന ബാക്കി ഷാളിന്റെ കഷ്ണം നോക്കി അവൾക്ക് തിരികെ കിട്ടിയ പുതിയ ജീവിതം ഉള്ളുകൊണ്ട് ആഘോഷിക്കാൻ അവൾ തുടങ്ങിയിരുന്നു .

ചേർന്നുനിന്നവർ ഒന്നിച്ച് പാടി …

ലൈഫ് ഈസ് വെരി ഷോർട് നൻബാ ..ആൽവേസ് ബീ ഹാപ്പി …..

(Nb:ആ ത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല ..സ്വൽപ്പമൊന്ന് കാത്തിരുന്നാൽ അതിശയങ്ങൾ നിങ്ങളേം കാത്തിരിക്കുന്നുണ്ടായിരിക്കും ❤️)