(13-മത്തെ എന്റെ കഥ .ശടേന്ന് പറയും മുന്നേ നിങ്ങൾക്കിത് വായിച്ച് തീർക്കാം )
*ബാങ്കിൽ വന്ന സ്ത്രീ *
രചന: RJ SAJIN
വളരെ തിരക്കുപിടിച്ച സമയത്തായിരുന്നു ആ സ്ത്രീ തപ്പിയും തടഞ്ഞും ബാങ്കിലേക്ക് എത്തിപ്പെട്ടത് .
നിറം മങ്ങിയ സാരിയാണ് വേഷം .കയ്യിൽ ഒരു പഴയ സഞ്ചിയുമുണ്ട് .നരക്കാൻ ഒരിറ്റ്പോലും ബാക്കിയില്ലാത്ത മുടിയും വാരിക്കെട്ടി ആ സ്ത്രീ കൗണ്ടറിനു മുന്നിലേക്ക് പിച്ചും പെയ്യും പറഞ്ഞുകൊണ്ട് ചെന്നു .
വിഷു വരുവല്ലേ ..പേരകുട്യോൾക്ക് തുണി വാങ്ങികൊടുക്കണം ,കുട്യോൾക്ക് കൈനീട്ടം കൊടുക്കണം ..മുറിയിലെ ഫാൻ കേടായതുകൊണ്ട് പുതിയതൊന്ന് വാങ്ങിക്കണം ..ഇതിനെല്ലാമായി പെൻഷൻ കിട്ടിയ തുകയിൽ മിച്ചം പിടിച്ചത് എടുക്കണം . അതിനുള്ള വരവായിരുന്നു ആ സ്ത്രീയുടേത് .
കൗണ്ടറിൽ ഇരിക്കുന്ന പുതുതായി ജോയിൻ ചെയ്ത ബാങ്ക് ജീവനക്കാരൻ അമ്മയ്ക്ക് എന്താ വേണ്ടേ എന്ന് ചോദിച്ചിട്ടും ആ സ്ത്രീ അയാളുടെ കണ്ണിൽ തന്നെ നോക്കി നിന്നു .
അധികം താമസിയാതെ തന്നെ ആ സ്ത്രീക്ക് കേൾവികുറവുണ്ടെന്ന് അയാൾക്ക് മനസ്സിലായി .
പിന്നെ ഉച്ഛതിലുള്ള ചോദ്യങ്ങളായി .
“അക്കൗണ്ടിലുള്ള മുഴുവൻ കാശും വേണം ..”
ആ സ്ത്രീ ആ ചെറുപ്പക്കാരന്റെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു .
ബാങ്ക് ജീവനക്കാരൻ രണ്ടുമൂന്നു വട്ടം ഉറക്കെ പാസ്സ്ബുക്ക് ചോദിച്ചപ്പോഴാണ് ആ സ്ത്രീ അത് കേട്ടതും തന്റെ സഞ്ചിയിൽനിന്നും പാസ്സ്‌ബുക്ക് എടുത്തു കൊടുത്തതും .
അയാൾ സൂക്ഷ്മതയോടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ അതിൽ ആ സ്ത്രീ ആവശ്യപ്പെടുന്നത്ര കാശില്ല എന്ന് മനസ്സിലായി .
വളരെ കഷ്ടപ്പെട്ട് അയാളത് ആ സ്ത്രീയോട് പറഞ്ഞൊപ്പിച്ചു .
അത് മനസ്സിലാക്കിയപ്പോഴേക്കും ആ സ്ത്രീ ഞെട്ടിപ്പോയി .
“അതിന്റകത്ത് കാശുണ്ട് ..ഞാനെടുത്തിട്ടില്ല .”
വെപ്രാളവും സങ്കടവും കൊണ്ട് ആ സ്ത്രീ ഉറക്കെ പറഞ്ഞു .
“ഇല്ല അമ്മേ ..അതിൽ ഇത്രേം കാശില്ല ..അയ്യായിരത്തി ഇരുനൂറ് രൂപമാത്രമേ ഇപ്പോൾ ഉള്ളൂ …”
അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു .
“അതിൽ കാശുണ്ട് …ഞാനെടുത്തിട്ടില്ല ..അതെവിടെപ്പോകാനാ …”
ആ സ്ത്രീ അതുറപ്പിച്ച് പറഞ്ഞുകൊണ്ട് തന്നെയിരുന്നു .
അപ്പോഴേക്കും ബാങ്കിലെ എല്ലാ ജീവനക്കാരുടെയും ശ്രദ്ധ ആ സ്ത്രീയുടെ നേർക്കായിമാറി .
വലിയൊരു ചോദ്യചിഹ്നം എല്ലാവരുടെയും മനസ്സിൽ പ്രത്യക്ഷപ്പെട്ടു .
ബാങ്ക്ജീവനക്കാരൻ ആ സ്ത്രീയുടെ പാസ്‌ബുക് വാങ്ങി പതിപ്പിച്ചു .
അയാൾ ട്രാൻസാക്ഷൻസ് എടുത്ത് സൂക്ഷിച്ചു പരിശോധിക്കാൻ തുടങ്ങി .
ശരിയാണ് ..’അമ്മ പറഞ്ഞതുപോലെ അതിൽ മുപ്പത്തിനായിരത്തി ഇരുനൂറ് രൂപയുണ്ടായിരുന്നു ഇന്നലെവരെ .
പക്ഷെ ഇന്ന് രാവിലെ തന്നെ അതിൽ നിന്നും ഇരുപത്തായ്യായിരം രൂപ എടുത്തിട്ടുണ്ട് .
അയാളത് മനസ്സിലാക്കിയശേഷം ആ സ്ത്രീയോട് ഉറക്കെ പറഞ്ഞു .
ആ സ്ത്രീയുടെ മുഖത്ത് ദേഷ്യം വരാൻ അധികം നേരം വേണ്ടിവന്നില്ല .
“ഞാനെടുത്തിട്ടില്ല കാശ് “
അവർ അത് തന്നെ പറഞ്ഞുകൊണ്ടിരുന്നു.
” കാസറഗോഡ് ജില്ലയിലെ പടന്നക്കാട് അമ്മയുടെ ആരെങ്കിലും താമസിക്കുന്നുണ്ടോ ?”
പാസ്സ്‌ബുക്കിലെ വിവവരങ്ങൾ നോക്കിയ ശേഷം ബാങ്ക് ഉദ്യോഗസ്ഥൻ അമ്മയോട് ചോദിച്ചു .
“ഉവ്വ് ..എന്റെ ഇളയമോളും കുടുംബവും അവിടെയാ ഇപ്പോൾ താമസിക്കുന്നത് …”
കാര്യമെന്താ എന്ന് മനസ്സിലാക്കാതെ ആ സ്ത്രീ അയാളുടെ കണ്ണുകളിൽ ജിഞാസയോടെ നോക്കി പറഞ്ഞു .
“പടന്നക്കാട് എന്ന സ്ഥലത്തുനിന്നാണ് കാശെടുത്തിട്ടുള്ളത് …അമ്മയുടെ എടിഎം കാർഡ് അമ്മയുടെ കയ്യിലുണ്ടോ ..”
ആ ജിജ്ഞാസയ്ക്ക് അന്ത്യയാമമിട്ടുകൊണ്ട് അയാൾ മറുപടി നൽകി .
വളരെ തിടുക്കപ്പെട്ട് ‘ഉണ്ട് ‘എന്ന് മറുപടി പറയുമ്പോൾ തന്നെ ആ സ്ത്രീ തന്റെ സഞ്ചിയിൽ അത് തപ്പുവായിരുന്നു .
“അമ്മാ ..അത് നിങ്ങളുടെ സഞ്ചിയിലില്ല ..അത് നിങ്ങളുടെ മോളുടെ കയ്യിലാ..മോളാണ് അവിടെനിന്നും കാശെടുത്തത് …”
ആ സ്ത്രീ അപ്പോഴും അത് ശ്രദ്ധിക്കാതെ സഞ്ചിയിൽ തപ്പിക്കൊണ്ട് തന്നെയിരുന്നു .
കണ്ണുനീർ കൊണ്ട് കലങ്ങിയിരുന്നു ആ സ്ത്രീയുടെ മിഴികൾ .
“എന്റെ കയ്യിലില്ല സാറേ …അവൾ എടുത്തോട്ട് …കൊണ്ട് പൊയ്‌ക്കോട്ടു ..സാരമില്ല ..എനിക്ക് വേണ്ട കാശൊന്നും ..”
ആ സ്ത്രീ ഉറക്കെ വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങിയിരുന്നു .
തന്റെ പെൻഷൻ കാശിൽനിന്നൊക്കെ ഇപ്പോഴും മക്കൾ ചോദിക്കാതെ തന്നെ അവർക്ക് കാശ് കൊടുക്കുന്നുണ്ട് .
വീട്ടിൽ ഒറ്റയ്ക്കാണ് ഇപ്പോഴും .. വളരെ ചെറിയ സൗകര്യത്തിലാണ് ഇപ്പോൾ ജീവിക്കുന്നത് പോലും .
ഫാൻ ചീത്തയായിട്ട് നാളുകളേറെ ആയി . ചൂട് സഹിക്കാനാവാതെ നിലത്താ കിടക്കുന്നതുപോലും ..
ആഹ്….ഇനി എത്ര നാളാ ഭൂമിയിൽ …അതുവരെ ഇങ്ങനോക്കെപോകട്ടെ ..
ആ സ്ത്രീ പിറുപിറുത്തു .
വേദനയുടെ തിര ആ സ്ത്രീയുടെ ഉള്ളിൽ അലയടിക്കുന്നുണ്ടായിരുന്നു .
അവരുടെ വാക്കുകകൾ ബാങ്കിൽ നിന്നവരുടെ ഹൃദയത്തിൽ ആണിയടിക്കുന്ന പോലെയായിരുന്നു അനുഭവപ്പെട്ടത് .
ചിലരുടെ മിഴികൾ ഈറനണിയിപ്പിച്ചു .
ബാക്കിയുള്ള കാശ് മതിയെന്നു പറഞ ശേഷം അവർ ബാങ്ക് ജീവനക്കാരന്റെ മുഖത്തു ദയനീയമായി നോക്കി .
ബാങ്കിലെ ഒന്നുരണ്ട് ജീവനക്കാർ ഒത്തുകൂടി ആ സ്ത്രീയെ ആശ്വസിപ്പിച്ചു .
അവർ പാസ്സ് ബുക്ക് തിരികെ വാങ്ങുകയും ബാക്കിയുണ്ടായിരുന്ന കാശുമായി അവർ ബാങ്കിൽ നിന്നിറങ്ങുകയും ചെയ്തു .
“എന്നെ പഠിപ്പിച്ച ടീച്ചറാ ആ പോകുന്നത് ..പാവം …”
അവരുടെ നീറി നീറിയുള്ള നടത്തം ബാങ്കിലുള്ള എല്ലാവരും നിസ്സഹായതയോടെ നോക്കി നിൽക്കുന്നേരം ഒരാൾ പതിയെ പറഞ്ഞു .
ഈ വിഷുവിന് ആഗ്രഹിച്ചപോലൊന്നും ചെയ്യാൻ പറ്റിയില്ല .ഉള്ള കാശിനു കുട്യോൾക്കും പേരകുട്യോൾക്കും എന്തേലുമൊക്കെ നൽകണം .
അതുമാത്രമായിരുന്നു അപ്പോഴും ആ സ്ത്രീയുടെ മനസ്സിൽ .
വീടെത്തിയശേഷം തന്റെ സഞ്ചിയിൽനിന്നും പാസ്സ് ബുക്കെടുത്തു അലമാരയിൽ വെയ്ക്കാൻ നേരം ആ സ്ത്രീയുടെ കണ്ണിലെന്തോ തടഞ്ഞു .
പാസ്സ്‌ബുക്കിനിടയിൽ എന്താ …..
തിടുക്കത്തോടെ ആ പാസ്സ്‌ബുക് തുറന്നു .
നടുവിലായി രണ്ടായിരത്തിന്റെ 3 നോട്ട് .
കൂടെ ഒരു കുറിപ്പും .
തപ്പിത്തടഞ്ഞു അത് വായിച്ചപ്പോൾ ആ സ്ത്രീയുടെ മുഖത്തു വല്ലാത്തൊരു സന്തോഷം അനുഭവപ്പെട്ടു .
ഒരുതരം ആശ്വാസവും ഒപ്പം ആനന്ദക്കണ്ണുനീരും .
“അമ്മയ്ക്ക് ഞങ്ങളുടെ വക ഒരു കുഞ്ഞു വിഷുകൈനീട്ടമാണിത് ..അമ്മ ഇനിമുതൽ ചൂടത്ത് കിടന്നുറങ്ങേണ്ട ..
പിന്നെ അമ്മയുടെ അനുവാദമില്ലാതെ ഞങ്ങളൊരു കാര്യംകൂടി ചെയ്തു.ഞങ്ങൾ ആ എടിഎം ബ്ലോക്ക് ചെയ്തു ….”.
ശുഭം .
(based on a real story )