സ്നേഹപൂർവ്വം ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ
എനിക്കിവിടെ ഇനി പറ്റില്ല ടോ.. ഞാൻ ബാഗുമെടുത്തു ഇറങ്ങാ.. എന്നെ കൂട്ടാൻ വരുന്നെങ്കിൽ വാ.. അല്ലെങ്കിൽ ഞാൻ എവിടേലും പോയി ചാവും..
അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തപ്പോൾ. എന്തു ചെയ്യുമെന്നറിയാതെ ഞാൻ നിക്കുമ്പോഴാണ് അമ്മ മുറിയിലേക്ക് കയറി വന്നത്.
നീ ഇവിടെ കുന്തം വിഴുങ്ങിയപോലെ നില്കാതെ പോയി സാധനങ്ങൾ വാങ്ങിച്ചോണ്ട് വാ. എനിക്ക് വയ്യ വെച്ചുണ്ടാക്കലും. വാങ്ങാൻ പോക്കും എല്ലാം കൂടി.
പിന്നിലു സാധനങ്ങളുടെ ലിസ്റ്റും സഞ്ചിയുമായി ആയി അമ്മ നിക്കുന്നു.
പറയണോ? വേണ്ട.. വേണ്ടണോ പണോ. ചിന്തിക്കുന്നതിൽ വരെ അക്ഷരപിശക് വേണ്ടാന്ന് വെച്ചു.
സഞ്ചിയും ലിസ്റ്റും വാങ്ങി.ശെരി.. എന്നാൽ പോയിട്ട് വരാം എന്ന് പറഞ്ഞു ഇറങ്ങിയത് നേരെ ചങ്ങാതിടെ വീട്ടിലേക്കാണ്.
ചെല്ലുമ്പോൾ മുറ്റത്തു പെങ്ങടെ കൊച്ചിന്റെ കൂടെ ഇരുന്നു ലിറ്റിൽ സിംഗം കാണുന്നു.
ടാ ഒന്ന് വേഗം വന്നേ.. ഒരു പ്രശ്നമുണ്ടെടാ എന്ന് പറഞ്ഞപ്പോൾ ഒരു അഞ്ചു മിനിറ്റ് ലിറ്റിൽ സിംഗം ഇപ്പോൾ തീരും.
ഓ നിന്റെ അഞ്ചു മിനിറ്റ്. അവിടെ അഞ്ജുവിന്റെ വീട്ടില് പ്രശ്നമാണ്.
ആണോ. 😂. ഞാൻ പറഞ്ഞില്ലേ മോനേ അവൾടെ അച്ഛൻ വിചാരിച്ച പോലല്ല എന്ന്. നിന്റെ കാര്യം പോക്കാണ്.
നീ നിന്നു കിണിക്കണപോലൊന്നുമല്ല കാര്യം കുറച്ചു സീരിയസാണ് .
എന്നാൽ പിന്നെ പൊക്കാം അല്ലെ…?
പൊക്കുവൊന്നും വേണ്ട അവൾടെ വീട്ടിൽ ചെന്നു കാര്യം പറയണം. ഒന്ന് സമാദാനമാക്കി തിരിച്ചു പോരണം. എന്നിട്ട് നല്ലൊരു ദിവസം നോക്കി അമ്മയെയും അമ്മാവൻ മാരെയും കൂട്ടി പെണ്ണ് ചോദിക്കാം. എല്ലാം പിന്നെ മുറ പോലെ നടക്കട്ടെ..
മ്മ്.. കേറിചെല്ല് മുറപോലെയല്ല മുളവടി കൊണ്ടു തലക്കിട്ടു കിട്ടാതിരുനാൽ മതി.
എന്നാൽ പോയാലോ..
ഞാൻ വരണോ? വേണ്ടടാ വരണ്ട. നിന്നെ നോക്കി അവള് ചിരിക്കാറുണ്ട്. ഇത് മറ്റേതാ. പ്രേമം എന്നൊക്കെ പറഞ്ഞു ഇല്ലാത്ത പ്രേമം ഉണ്ടാക്കിയത് ആരാടാ..
നീയല്ലേ? എന്നിട്ടിപ്പോ ഞാൻ വരണോ എന്ന്.
വണ്ടി എടുക്കട….. *****
പോരുന്ന പോക്കിൽ പെങ്ങടെ കൊച്ചിന്റെ കവിളിൽ പിടിച്ചു.. തക്കുടു… കുടു കുടു… മാമ്മൻ ഇപ്പോ വരട്ടാ.. ഈ മാമനു ഒരു ഒരു ചാദനം വാങ്ങിച്ചു കൊടുത്തിട്ട്.
എനിച്ചു ഒരു കിന്തർ ജോയും.. 😂
അവന്റെ പഴയ മാരുതി കാറും തള്ളി സ്റ്റാർട്ട് ആക്കി അവളുടെ വീട്ടിലേക്കു പോവുമ്പോൾ അമ്മ തന്ന ലിസ്റ്റും സഞ്ചിയും എന്റെ കയ്യിൽ ഭദ്രമായി മടക്കിപിടിച്ചിരുന്നു.
വീടിന്റ മുറ്റത്തു ചെന്നു വണ്ടി നിന്നതും. അവൾ ഓടി വന്നു വണ്ടിയിൽ കയറി.
നിക്കടി അവിടെ എന്ന് പറഞ്ഞു അവൾടെ അച്ഛൻ ഉമ്മറത്തു നിന്നു ചാടി ഇറങ്ങി വന്നപ്പോൾ. ഞാൻ എന്റെ കവിളിലേ മസിൽ മുറുകെ പിടിച്ചു. ധൈര്യം മുഖത്തു വരുത്തി എങ്ങിനൊക്കെയോ നിന്നു.
സാധാരണ കരണം പുകച്ചു ഒരടി പതിവാണല്ലോ. പക്ഷേ അതുണ്ടായില്ലാ.
സിനിമയിലൊക്കെ കാണുമ്പോലെ. ഇനി ഞങ്ങൾക്കിനി ഇങ്ങനൊരു മകളില്ല എന്നുള്ള സെന്റി ഡയലോഗ് അടിച്ചു. ഷോൾഡറിൽ കിടക്കുന്ന തോർത്തെടുത്തു മുഖം തുടച്ചു ആള് അകത്തേക്ക് ഒറ്റ പോക്ക്.
എന്റെ പൊന്നു മോളല്ലേ. നമുക്കൊരു സാവകാശത്തിൽ പോരേ?
എന്ന് ചോദിച്ചപ്പോൾ മടിയിലെ ബാഗ് മുറുകെ പിടിച്ചു വിദൂരതയിലേക്ക് നോക്കി ഇരുന്ന അവളോട് ഞാൻ ഒന്നും പറഞ്ഞില്ല.
എന്റെ മുഖത്തു വന്ന ഭാവം ഏതാണ് എന്ന് അറിയാത്തതുകൊണ്ടാണെന്നു തോന്നണു. അവൻ വണ്ടിയെടുക്കട്ടെ എന്ന് തോണ്ടി വിളിച്ചു പറഞ്ഞത്.
അതിനു ഞാൻ ഒന്ന് മൂളി. ആ മൂളലിൽ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറിന്റെ ഒരു മണം ഉണ്ടായിരുന്നു.
കവലയിൽ എത്തിയപ്പോഴാണ് സമനില തിരിച്ചു കിട്ടിയത്.
വണ്ടി നിർത്താൻ……….
എന്താടാ. മനുഷ്യനെ പേടിപ്പിക്കുമല്ലോ. നിർത്താം.
സാധനങ്ങൾ വാങ്ങിച്ചു കൊണ്ടു പോണം.
ആ. ഞാനും മറന്നു. ബാക്കി പൈസ ഉണ്ടെങ്കിൽ ഒരു കിണ്ടർ ജോയ് കൂടെ വാങ്ങിച്ചോ. അപ്പോഴത്തെ ടെൻഷനിൽ പേഴ്‌സ് എടുക്കാൻ മറന്നു.
വീടിന്റെ മുറ്റത്തു പലചരക്കു സാധനങ്ങളുമായി വന്നിറങ്ങിയ എന്നോടൊപ്പം ഒരു പെണ്ണിനെ കൂടി കണ്ടപ്പോൾ അമ്മ ഓർത്തിണ്ടാവും ല്ലേ.
വെച്ചു വിളമ്പി മടുത്തു എന്ന് പറഞ്ഞതുകൊണ്ട് പുന്നാരമോൻ കണ്ടറിഞ്ഞു കൊണ്ടുവന്നതാണെന്നു.
എല്ലാം മനസിലാക്കിയപ്പോൾ ദീപം തെളിയിച്ചു അവളെ അകത്തു കയറ്റിയെങ്കിലും. ജ്യോതിയും തീയും അതിന്റെ പിന്നാലെ എന്നിലേക്ക് വർഷിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അതിന്റെ പ്രകമ്പനത്തിൽ സ്റ്റാർട്ട് ആവാത്ത മരുതികാർ സ്റ്റാർട്ട് ആയി ജില്ലവിട്ടു പോയിരുന്നു.