രചന: ശിവൻ മണ്ണയം
ഹോ.. ഒരു ഇംഗ്ലീഷ് ഫിലിം.. നാശം.. കാണണ്ടാരുന്നു..
സുനന്ദ കിടക്കയിൽ കിടന്ന് പിർപിർപിർത്തു.
അതു കേട്ട ഉണ്ണീന്ദ്രൻ എന്ന ഭർത്താവ് ആദ്യം ഞെട്ടി. പിന്നെ കിടക്കയിൽ കിടന്നൊന്നു വെട്ടി .എന്നിട്ട് വിയർത്തു. ദൈവമേ ഇംഗ്ലീഷ് പടം പോലും! ഇംഗ്ലീഷുകാരോട് എങ്ങനെയാണ് താൻ പടവെട്ടുക? അഥവാ വെട്ടാമെന്ന് വച്ചാലും പ്രവർത്യാന്ത്യത്തിൽ തൻ്റെ അന്ത്യവും സമാഗതമാകില്ലേ? അയാൾ പറപറപ്പോടെ ചോദിച്ചു: നീ കാണണ ഫിലിം ഏതാണ്?
ഹൊറർ ഫിലിമാണ്.. പേടിച്ച് മരിച്ചു..സുനന്ദ പറഞ്ഞു.
ഉണ്ണീന്ദ്രന് ശ്വാസം നേരെ വീണു. അയാൾ കൈവന്ന ആശ്വാസം പൊഴിച്ച് മെല്ലെ മൊഴിഞ്ഞു: വല്ല കാര്യവുമുണ്ടായിരുന്നോ.. ഇല്ലാത്ത സമയം മുടക്കി പേടിച്ച് BP കൂട്ടി വിറച്ച് പണ്ടാറമടങ്ങിയിരിക്കുന്നു, മന്ദബുദ്ധി. ഞാൻ തമാശപടങ്ങളേ കാണൂ. അത് കണ്ട് ഞാൻ പൊട്ടിപൊട്ടി ചിരിക്കും. ചിരിക്കുന്നത് ആരോഗ്യത്തിന് കേമമാണ്. ഹൊറർർ പടംസ് കാണരുത് .. ആരോഗ്യം കേടാകും. ചിരിപ്പടമാണെങ്കിൽ അതങ്ങ് കേറും..
അപ്പോൾ സുനന്ദ പറഞ്ഞു:ഹൊറർ ഫിലിമാണ് എനിക്കിഷ്ടം. ഇത്തിരി പേടിക്കുമെങ്കിലും നല്ല ത്രില്ലാണ് കണ്ടോണ്ടിരിക്കാൻ ..
അതു കേട്ടിട്ട് ഉണ്ണീന്ദ്രന് ഇഷ്ടമായില്ല. നീരസത്തോടെ അയാൾ പറഞ്ഞു: എനിക്ക് ഈ പേടിപ്പടങ്ങൾ ഇഷ്ടമേയല്ല. അതിന് കാരണമുണ്ട്. ഒരിക്കൽ ഞാൻ ഡ്റാക്കുള എന്ന സിനിമ ഒറ്റക്ക് കണ്ടു കൊണ്ടിരിക്കുകയായിരുന്നു, അതും രാത്രീല് ..
ശ്ശേ…! സുനന്ദക്ക് ആത്ഭുതാകാംഷ !
സത്യമാണ്. ഉണ്ണിന്ദ്രൻ ആണയിട്ടു. എന്നിട്ട് വിവരണം ആരംഭിച്ചു.
ആ പടം ശ്വാസം പിടിച്ച് കണ്ടു കൊണ്ടിരിക്കേ പെട്ടെന്ന് ഉത്തരത്തീന്നൊരു പല്ലി എന്റെ തലേലേക്ക് വീണു.. ഒറ്റ പൊട്ടലാരുന്നു നെഞ്ചിലൊരു ബോംബ്.ഹൃദയവും ശ്വാസകോശവും സ്തംഭിച്ചു.ഹൃദയം ഇടിക്കുന്നില്ല. ശ്വാസം അകത്തേക്കും പോകുന്നില്ല പുറത്തേക്കും പോകുന്നില്ല. അമ്മ ആ സമയത്ത് എന്നെ കണ്ടില്ലായിരുന്നെങ്കിൽ ഞാനങ്ങനെയിരുന്നു സമാധിയായേനെ. അമ്മ എൻ്റെ നെഞ്ചിനിട്ടിടിച്ചു.അങ്ങനെ ഞാൻ വീണ്ടും ജനിച്ചു.ഇത് പുനർജന്മമാണ്! അതോടെ നിർത്തിയതാണ് ഈ ഹൊറർ പടം കാണൽ.
നല്ല രസമുള്ള അനുഭവം.ഇതുപോലെ വേറെ വല്ല അനുഭവങ്ങളും ഉണ്ടോ? ഉണ്ടെങ്കിൽ പറ ചേട്ടാ. കേൾക്കാൻ കൊതിയാവുന്നു.സുനന്ദ ചിരിച്ചു.
രസമുള്ള അനുഭവം പോലും! ഞാൻ ചത്തുപെഴച്ച കാര്യം പറഞ്ഞപ്പോൾ നിനക്ക് രസം. ഞാനന്ന് ചാവാനുള്ള തായിരുന്നു. എനിക്കതോർക്കുമ്പോ ഇപ്പഴും ഒരു പെരുപ്പ് കേറും. അവൾക്ക് രസം.. ഞാനൊന്നും പറയുന്നില്ല.. ഉണ്ണീന്ദ്രൻ പല്ലുകടിച്ചു പൊട്ടിച്ചു.
സുനന്ദ സംശയത്തോടെ ചോദിച്ചു:ചേട്ടാ… ഈ പ്രേതങ്ങളൊക്കെ ശരിക്കും ഉണ്ടോ?
ഇത് കേട്ട് ഉണ്ണീന്ദ്രന് രസം കേറി. ഇവളെ ഒന്ന് പേടിപ്പിച്ചേക്കാം. രണ്ട് മൂന്ന് പ്രേതകഥകൾ ഇവിടെ പൊട്ടിക്കാം … ഇവളുടെ ഹൊറർ പടം കാണൽ ഇതോടെ നിക്കണം..
എന്താ പിറുപിറുക്കുന്നത്…?
സുനന്ദയാണ്!
മനസിൽ പറഞ്ഞത് വെളിയിൽ കേട്ടെന്ന് തോന്നുന്നു.ഉണ്ണീന്ദ്രൻ ആകെ ചമ്മി വിളറിപ്പോയി.
മന്ത്രം ജപിച്ചതാ… പ്രേതങ്ങളെ കുറിച്ച് പറയുന്നതിന് മുമ്പ് മന്ത്രം ജപിക്കണം ..ശുക്ലാംബരം പ്രസന്നവദനം ശശിവർണ്ണം ചതുർഭുജം… നാരായണീ നമോസ്തുതേ.. ഉണ്ണീന്ദ്രൻ ചമ്മലിൽ നിന്ന് രക്ഷനേടാൻ എന്തൊക്കെയോ പുലമ്പി.
സംശയത്തോടെ സുനന്ദ ചോദിച്ചു :അപ്പോ പ്രേതം ഉണ്ടോ?
ദൈവം ഉണ്ടോ? എന്ന് ഉണ്ണീന്ദ്രൻ.
ദൈവം ഉണ്ട്…
ദൈവം ഉണ്ടെങ്കിൽ പിശാചും ഉണ്ട്.പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ അതിന്റെ നെഗറ്റീവ് എനർജിയുമുണ്ട്.
പോ അവിടന്ന് .. നൊണ .. പിശാചും പ്രേതവുമൊക്കെ അന്ധവിശ്വാസമാണ്.. അതൊന്നും ഇല്ല.. സുനന്ദക്ക് ഭയം.
അപ്പോ ദൈവമുണ്ടെന്ന് പറയുന്നത് അന്ധവിശ്വാസമാണോ?
അതെങ്ങനെ അന്ധവിശ്വാസമാകും. ദൈവമുണ്ടല്ലോ!
അപ്പോ പ്രേതമുണ്ടെന്ന് പറയുന്നതും അന്ധവിശ്വാസമല്ല. യുക്തപ്പറമ്പ് എന്നൊരു സ്ഥലമുള്ളതായി അറിയാമോ?
യുദ്ധപ്പറമ്പോ? സുനന്ദ അത്ഭുദിച്ചു.
യുദ്ധപ്പറമ്പല്ല, യുക്തപ്പറമ്പ്. പണ്ടാസ്ഥലത്തിന്റെ പേര് രണ്ടച്ഛൻ കുന്ന് എന്നായിരുന്നു.
രണ്ടച്ഛൻ കുന്നോ .. അതെന്ത് പേര്?
അതൊരു പേര്, അത്രേം അറിഞ്ഞാ മതി. ആ പേരെങ്ങനെ യുക്തപ്പറമ്പായി മാറി എന്ന് ഞാൻ പറയാം.. രണ്ടച്ഛൻ കുന്നിലൊരു ശവക്കോട്ടയുണ്ടായിരുന്നു. അവിടെ പ്രേതശല്യം കലശലായിരുന്നു. ആൾക്കാർ പേടി കൊണ്ട്, രാത്രി സമയങ്ങളിൽ ആ ശവക്കോട്ടയുടെ അടുത്തേക്കേ പോകില്ലായിരുന്നു.
വെറുതെ.. ഇതൊന്നും ഞാൻ വിശ്വസിക്കില്ല.. സുനന്ദ അവിശ്വാസം പ്രകടിപ്പിച്ചു.
നിന്നെപ്പോലെ ഇക്കാര്യം വിശ്വസിക്കാത്ത ഒരാൾ രണ്ടച്ഛൻ കുന്നിലും ഉണ്ടായിരുന്നു. ഒരു യുക്തിവാദി.അയാൾ പ്രേതമില്ല എന്ന് തെളിയിക്കാനായി രാത്രി ഒറ്റക്ക് ശവക്കോട്ടയിലേക്ക് പോയി. അന്ന് പോയ ആ യുക്തിവാദിയാണ് ഇന്നവിടത്തെ ഏറ്റവും വലിയ പ്രേതം.
ങേ .. അയാൾക്കെന്ത് സംഭവിച്ചു..?
ആ യുക്തിവാദിയെ പ്രേതം തട്ടി.. പിറ്റന്ന് രാവിലെ അയാളുടെ ശ വം ശവക്കോട്ടയിൽ കിടപ്പുണ്ടായിരുന്നു. അയാളുടെ കഴുത്തിൽ കൂർത്ത പല്ലുകളാഴ്ന്ന മുറിവുകൾ! ഇന്ന് ആ യുക്തിവാദിയുടെ പ്രേതം അവിടെയാകെ അലഞ്ഞു നടക്കുന്നു. യുക്തിവാദിയുടെ പ്രേതം അലഞ്ഞു തിരിയുന്നത് കൊണ്ടാണ് ആ സ്ഥലത്തിന് യുക്തൻ പറമ്പ് എന്ന പേരു വന്നത്… ഉണ്ണിന്ദ്രൻ വിശദീകരിച്ചു.
നിർത്ത് ചേട്ടാ .. എനിക്ക് പേടിയാവുന്നു..
കുറച്ച് കൂടെ കേൾക്ക്, തിരുവനന്തപുരത്ത് ഞങ്ങളുടെ വീടിന്റെ അടുത്ത് വള്ളിയർപ്പൻകാട് എന്ന ഒരു സ്ഥലമുണ്ട്. ജനവാസം തീരെക്കുറഞ്ഞ കാട് പിടിച്ച ഒരു പ്രദേശം. അവിടെ അറുകൊലകളും രക്തയക്ഷികളുമുണ്ട്..
സുനന്ദക്ക് ദേഷ്യം വന്നു. ചേട്ടാ നിർത്താനാണ് പറഞ്ഞത് .. എനിക്കിനിയൊന്നും കേൾക്കണ്ട, ഞാൻ ഉറങ്ങാൻ പോകുന്നു ..
നന്ദേ..കുറച്ച് കൂടെ കേൾക്കൂ. പറയാൻ എനിക്ക് നാക്ക് തരിക്കുന്നു .. ഉണ്ണീന്ദ്രൻ പിന്നാലെ കൂടി. പേടിപ്പിച്ച് ഇവളെ തകർക്കണം!
സുനന്ദ അലറി:ഇനി മിണ്ടിയാൽ ഞാൻ ചവുട്ടി താഴെയിടും.. മനുഷ്യനിവിടെ ഹൊറർ ഫിലിമ് കണ്ട് പേടിച്ചിരിക്കുമ്പോഴാണ് രക്ത യക്ഷിയുടെ കാര്യവും പറഞ്ഞോണ്ട് വരുന്നത് ..
അപ്പോ ഉറങ്ങാം അല്ലേ..? ഉണ്ണിന്ദ്രൻ ചോദിച്ചു.
ഇനി പേടിപ്പിക്കണ്ട. പാവം.ഇനി പേടിപ്പിച്ചാൽ പാപം ചത്തുപോകും. ഉണ്ണീന്ദ്രൻ മനസിൽ കരുതി.
അയ്യോ..
പെട്ടൊന്നൊരലർച്ച. സുനന്ദയുടെ .
ഉണ്ണിന്ദ്രനും ഒന്നു വിറച്ചു!
എന്താ.. എന്താ ..? ഉണ്ണിന്ദ്രൻ വിറയലോടെ ചോദിച്ചു.
എന്തിനാ ലൈറ്റണച്ചത്..?സുനന്ദ അലറുന്നു.
പിന്നെ ഉറങ്ങണ്ടേ..?
ലൈറ്റണക്കാതെ കിടന്നുറങ്ങാം..ലൈറ്റണക്കുമ്പോൾ പേടി കൂടുന്നു ..
ഇത് വലിയ ശല്യമായല്ലോ.. എങ്കിൽ നീയിവിടെ ലൈറ്റുമിട്ട് കെടന്നോ. ഞാൻ അപ്പുറത്തെ റൂമിൽ പോയി കിടക്കാം ..
അയ്യോ ചേട്ടാ പോകല്ലേ.. ഒറ്റക്ക് കിടക്കാൻ പേടിയാ..
നാശം.. എനിക്കിന്ന് ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല… ദേഷ്യത്തോടെ ഉണ്ണീന്ദ്രൻ ലൈറ്റിട്ടു. സുനന്ദ ചിരിച്ചു.
അയ്യോ.. വീണ്ടും ലൈറ്റ് ഓഫ് ചെയ്തോ? അല്പം കഴിഞ്ഞ് വീണ്ടും സുനന്ദയുടെ അലർച്ച!
ഇല്ലടീ..
പിന്നെ എന്റെ കണ്ണടിച്ചു പോയതാണോ?! അയ്യോ ഞാൻ അന്ധയായേ..
കറണ്ട് പോയതാടീ പോത്തേ..
അയ്യോ പേടിയാകുന്നേ.. ചേട്ടാ..
അമ്മേ..യ്യോ.. ശ്വാസം മുട്ടുന്നേ… കഴുത്തീന്ന് പിടിവിടടീ..
ശ്ശോ.. കഴുത്തായിരുന്നോ…! പേടിമൂത്തപ്പോൾ കെട്ടിപ്പിടിച്ചതാണേ ചേട്ടാ.. സോറി!
നല്ല കെട്ടിപ്പിടുത്തം ആയിപ്പോയി.ഇങ്ങനെ കെട്ടിപ്പിടിച്ചാൽ നിനക്ക് ഉടനെ തന്നെ വിധവാ പെൻഷൻ ലഭിച്ചു തുടങ്ങും. ഹൊ! കഴുത്തിനെന്തൊരു വേദന..!ഉണ്ണീന്ദ്രൻ കഴുത്ത് തടവി.
കറണ്ട് ഉടനെയെങ്ങാനും വരുമോ ചേട്ടാ..
മഴ തുടങ്ങി…. അവർ പവർ ഓഫ് ചെയ്തതായിരിക്കും.. ഇനി നാളെ രാവിലെ പ്രതീക്ഷിച്ചാൽ മതി..
മഴ തിമിരോടെ തിമിർത്താടിതുടങ്ങി.
എന്തൊരു കട്ടപിടിച്ച ഇരുട്ടാ.. ചെകുത്താൻ മുന്നിൽ വായ തുറന്ന് നിൽക്കുന്നത് പോലെ തോന്നുന്നു.. പിശാചുക്കൾ നമുക്ക് ചുറ്റും പറക്കുന്നതു പോലെ…ഞാനിപ്പോ പേടിച്ചു ചാവും ..സുനന്ദ പേടിയോടെ പറഞ്ഞു.
നീ ഓരോന്ന് പറഞ്ഞ് എന്നെ കൂടി പേടിപ്പിക്കാതടീ മരഭൂതമേ ! ചുറ്റും കിടന്ന് പറക്കുന്നത് പിശാചുക്കളല്ല, കൊതുകുകളാണ് ..
ഞാനിന്ന് കണ്ട സിനിമയിലെ പ്രേതങ്ങൾ ഇവിടെയൊക്കെ നടക്കുന്നത് പോലെ തോന്നുന്നു.. എമർജൻസി ലൈറ്റ് കത്തിക്ക് ഉണ്ണിയേട്ടാ.. ഇല്ലേൽ ആ പ്രേതങ്ങൾ ഇപ്പോ ചാടിവീഴും..
ആകുലതയോടെ ഉണ്ണി ചിന്തിച്ചു:ദൈവമേ… പ്രേതകഥ പറഞ്ഞ് ഇവളെ പേടിപ്പിക്കാൻ ശ്രമിച്ച ഞാനിപ്പോ, ഇവള് പറയുന്ന ഭ്രാന്തുകൾ കേട്ട് പേടിച്ച് വിറക്കുകയാണല്ലോ…
നന്ദേ ശാന്തമായി കിടക്ക്. പ്രേതങ്ങളുണ്ടെന്ന് ഞാൻ പറഞ്ഞത് വെറുതെയാ .സത്യത്തിൽ പ്രേതങ്ങളും പിശാചുക്കളുമില്ല. അതൊക്കെ വെറും അന്ധവിശ്വാസങ്ങളാണ്..
ചേട്ടൻ ഇപ്പോ പറയുന്നതൊന്നും എന്റെ തലേൽ കേറില്ല.. എമർജൻസി ലൈറ്റ് കത്തിക്ക് … വേഗം ..
എമർജൻസി ലൈറ്റ് അപ്പുറത്തെ റൂമിലല്ലേ ഇരിക്കുന്നത് ..
പോയി എടുത്തു കൊണ്ട് വാ..
ഞാൻ ഒറ്റയ്ക്കോ..? കറണ്ട് വന്നിട്ട് പോകാം..
കറണ്ട് വന്നാൽ പിന്നെ എമർജൻസി ലൈറ്റെന്തിനാ?
എടീ ഒറ്റക്ക് പോകാൻ പേടിയാണെന്ന്…
ഏട്ടന്റെ അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പേടി വരില്ലായിരുന്നു..സുനന്ദ പരിതപിച്ചു.അമ്മ തിരുവനന്തപുരത്ത് എന്തിനു പോയതാ…?
അമ്മ ഏതോ ജോത്സ്യനെ കാണാൻ പോയതാ.. നാളെയേ വരൂ.
ആകാശത്ത് ഇടി മുഴങ്ങി.സുനന്ദ അലറി.ഒപ്പം ഉണ്ണിന്ദ്രനും. ഉണ്ണീന്ദ്രൻ്റെ അലർച്ചയാണ് ജനാലകളെ ഉലച്ചത് !
ഇടിവെട്ടിയതാടീ പേടിക്കണ്ട. പേടിയിൽ നിന്ന് ചിറകടിച്ചുയർന്നതിന് ശേഷം ഉണ്ണിന്ദ്രൻ സുനന്ദയുടെ തോളിൽ തട്ടി.
അപ്പോ ഉണ്ണിയേട്ടൻ നിലവിളിച്ചതോ..?
അത് നിനക്കൊരു കമ്പനി തന്നതല്ലേ ..
ഇടിമുഴക്കം കാലന്റെ പോത്തിന്റെ കുളമ്പടി ശബ്ദമാണെന്ന് പറയുന്നത് ശരിയാണോ ഉണ്ണിയേട്ടാ..
നീ ഇനി വായ തുറന്നാൽ ഞാനായിരിക്കും നിന്റെ കാലൻ… ചുമ്മാ മനുഷ്യനെ പേടിപ്പിക്കാനായിട്ട് … നീ വാ നമുക്ക് എമർജൻസി ലൈറ്റെടുക്കാൻ പോകാം..
നമുക്ക് ഒരുമിച്ച് പോകാം അല്ലേ..?
അതെ.. അപ്പോൾ പേടി തോന്നൂല .. എന്റെ കയ്യിൽ മുറുകെ പിടിച്ചോ ..ഉണ്ണികാതോർത്തു.ബുള്ളറ്റിന്റെ ഒച്ച .. ആരാ ഈ നേരത്ത്.. ഉണ്ണി അമ്പരന്നു.
അത് ബുള്ളറ്റൊന്നുമല്ല, എന്റെ നെഞ്ചിടിക്കുന്ന ശബ്ദമാണ്…സുനന്ദ ചിരിച്ചു .
അയ്യോ ഉണ്ണിയേട്ടാ..
എന്തിനാടീ നീ ഇടക്കിടക്ക് ഇങ്ങനെ നിലവിളിച്ച് എന്നെ പേടിപ്പിക്കണേ.. നീ ഒരു പ്രാവശ്യം കൂടെ ഇതാവർത്തിച്ചാൽ ഇവിടെ എന്റെ ശവം വീഴും.. ഉണ്ണീന്ദ്രൻ നിന്നമറി.
ചേട്ടാ ആ ജനലിന് സമീപം ഒരാൾ…മിന്നലിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടതാ .. സുനന്ദ ഭീതിയോടെ കൈ കുടഞ്ഞു.
അത് വാഴയുടെ നിഴലാണ് .. പേടിയുടെ കേട് കേറിയെങ്കിലും ഉണ്ണി ധൈര്യത്താൽ പൂത്ത് തിളങ്ങി നിന്നു.
അല്ലാ.. അതൊരു മനുഷ്യരൂപമാണ്.. ഞാൻ വ്യക്തമായും കണ്ടു.. സുനന്ദ കിടന്ന് കറി.
മിന്നലടിച്ചു !ഇടി ശബ്ദം മുഴങ്ങി.
കണ്ടോ… കണ്ടോ.. മിന്നലിന്റെ വെട്ടത്തില് കണ്ടോ… ഒരു മനുഷ്യരൂപം.. സുനന്ദ കൈ ചൂണ്ടി.
കണ്ടെടീ കണ്ട് … അതെന്തോ ഒരായുധം തലക്കുമീതെ ഉയർത്തി നില്ക്കുന്ന കാഴ്ച.. അതു ഞാൻ കണ്ടു.. അത് പിശാചാണ് നന്ദേ .. ഉണ്ണിക്ക് വിറയല് വന്നു.ഉണ്ണീന്ദ്രൻ വിറയലേന്ദ്രനായി!ജനലിനപ്പുറത്തെ ആ ഭീകര കാഴ്ച ഉണ്ണിന്ദ്രനും കണ്ടു.
ഇനി നമ്മളെന്ത് ചെയ്യും ഉണ്ണിയേട്ടാ.. അത് നമ്മളെ കൊല്ലും..സുനന്ദ വിതുമ്പി.
നമുക്ക് ഒരു കാര്യം ചെയ്യാം. നമുക്ക് നമ്മുടെ കൈകൾ വശങ്ങളിലേക്ക് വിടർത്തി നില്ക്കാം ..ഉണ്ണി ഒരു നിർദ്ദേശം മുന്നോട്ട് വച്ചു.
അതെന്തിന്, നമ്മൾ കീഴടങ്ങി എന്ന് കാണിക്കാനാണോ?
അല്ലടീ, നമ്മൾ കൈകൾ വശത്തിലേക്ക് വിടർത്തി നില്ക്കുമ്പോൾ നമുക്കൊരു കുരിശിന്റെ ആകൃതി വരും. കുരിശിനെ പിശാചിന് പേടിയാ.. പെട്ടെന്ന് കൈ വിടർത്ത്..
വിടർത്തി .. ചേട്ടാ പുറത്ത് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു ..
പിശാച് പല വേലയും കാണിക്കും .. എന്തൊക്കെ സംഭവിച്ചാലും നമ്മുടെ പൊസിഷനിൽ ഒരു ചെയ്ഞ്ചും വരുത്താൻ പാടില്ല.
നമ്മൾ കുരിശിന്റെ ആകൃതിയിൽ നില്ക്കുന്നതു കൊണ്ട് പിശാചിന് അടുക്കാൻ സാധിക്കില്ല അല്ലേ..
ഒരിക്കലും സാധിക്കില്ല..
ഒറപ്പാണോ..?
ഒറപ്പ്..!
ഇടിയും മിന്നലും അടങ്ങിയല്ലോ, മഴയും നിന്നു..
പിശാച് പിൻവാങ്ങുകയാണ്, കണ്ടോ നന്ദേ കുരിശിന്റെ ശക്തി കണ്ടോ..
കൈ കഴക്കുന്നു, കൈ താഴ്ത്തിക്കോട്ടേ ഉണ്ണിയേട്ടാ..
അരുത് .. അരുത് .. പിശാച് തിരിച്ചുവരും..
ഹായ് കറണ്ടു വന്നു..ആശ്വാസം.. ഇപ്പോൾ ശബ്ദമൊന്നും കേൾക്കുന്നില്ല ..നമുക്ക് ജനാല തുറന്നൊന്നു നോക്കിയാലോ?
വേണ്ട .. പ്രേതമവിടെ ഒളിച്ചു നില്പുണ്ടാകും. മുന്നോട്ട് പോകാനാണ് ഉദ്ദേശമെങ്കിൽ നീ ആ ഭഗവദ് ഗീത കൂടെ കൈയിലെടുത്തോ.. പ്രേതം അടുക്കുല ..
ഭഗവത് ഗീത ഇതാ.. ഇത് ഒരു കൈയിൽ പിടിച്ചു കൊണ്ട് ജനല് തൊറക്കാം..തൊറക്ക്…
ശരി..
ഉണ്ണി പതിയെ ശ്രദ്ധയോടെ പോയി ജനാല തുറന്നു.
അയ്യോ പ്രേതം .. ജനാല തുറന്ന ഉണ്ണി മുന്നിലൊരു ഇരുണ്ട രൂപത്തെ കണ്ട് അലറി പിടഞ്ഞ് പിന്നോട്ട് ചാടി.
എന്റമ്മച്ചീ മറുത .. ങീയോ… കാറലോട് കാറൽ ഉൾച്ചേർന്ന ഒരപശബ്ദം അപ്പുറത്ത് നിന്നും കേട്ടു.
ആ ശബ്ദം, വൃത്തികെട്ട ആ ശബ്ദം ചിരപരിചിതമാണല്ലോ.ഉണ്ണി ആലോചിച്ചു. ഒടുവിൽ പിടി കിട്ടി. ഇത് സ്വന്തം അമ്മയാണ്.
അയ്യോ ഇതാര് അമ്മയോ..?
പേടിപ്പിച്ച് കളഞ്ഞല്ലടാ ചെറുക്കാ.. അപ്പുറത്ത് അമ്മ നിന്ന് വിറച്ചു.
അമ്മ തിരുവനന്തപുരത്ത് പോയിട്ട് എപ്പോ വന്നു?
ഞാൻ എപ്പഴേ വന്ന് ..
കയ്യിലെന്താ മൺവെട്ടിയോ? എന്തിനാ ആ വാഴയുടെ ചുവട്ടിൽ കുഴിയെടുക്കുന്നത്?
എടാ പയങ്കരനായ ഒരു ജോൽസ്യനേണ് ഞാൻ കാണാൻ പോയ. അദ്ദേഹം പറഞ്ഞ് എനിക്ക് വലിയൊരു ഫാഗ്യം വരാൻ പോണന്ന്. ഈ വീട്ടിന്റ വടക്ക് വശത്തുള്ള വാഴേര മൂട്ടില് വലിയൊര് നിധിയൊണ്ടന്ന് ജോൽസ്യൻ പറഞ്ഞടാ ഉണ്ണി .. പക്ഷേ ഇന്ന് രാത്രി 12 മണിക്ക് മുമ്പ് കുഴിച്ചെടുക്കണം.. ഇല്ലങ്കി കിട്ടൂല. അതാ ഞാൻ പാഞ്ഞ് വന്ന് നിങ്ങളപ്പോലും അറീക്കാത മഴയത്ത് കുഴി വെട്ട് തൊടങ്ങിയത്… ഇത്തിരി റെസ്റ്റെടുക്കാനിരുന്നപ്പഴാ നീ ജനല് തൊറന്ന് എന്ന പേടിപ്പിച്ചത് ..
അമ്മേ അമ്മക്ക് പ്രാന്താണോ? ജ്യോത്സൻ, നിധി.. എന്തൊരു അന്ധവിശ്വാസം.നാണമില്ലേ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെ അന്ധവിശ്വാസിയായി ജീവിക്കാൻ… എനിക്ക് ലജ്ജ തോന്നുന്നു അമ്മയെ ഓർത്ത്..
അപ്പോ സുനന്ദ ഇടപെട്ടു:ചേട്ടാ അന്ധവിശ്വാസത്തെ കുറിച്ച് കൂടുതൽ പ്രസംഗിക്കണ്ട. പ്രേതത്തെ പേടിച്ച് ഒരു മണിക്കൂറാ നമ്മള് കുരിശിന്റെ ആകൃതിയില് കൈവിടർത്തി നിന്നത് .. അത് മറക്കണ്ട..
അതു കേട്ട് പകച്ച ഉണ്ണീന്ദ്രൻ താഴ്മയോടെ അലറി: ഇതൊന്നും ആരോടും പോയി വിളമ്പല്ലേ എന്റെ പൊന്നേ.. ഞാനേ അന്ധവിശ്വാസങ്ങൾക്കെതിരെ പടപൊരുതുന്ന ആളാ. ആരെങ്കിലും ഇതറിഞ്ഞാൻ വല്യ നാണക്കേടാ..