ഇഷ്ടം പ്രകടിപ്പിക്കാത്തവർ
രചന: സന്തോഷ് അപ്പുക്കുട്ടൻ
“ഓടിപോയ സൗമ്യയെ തിരിച്ചു കൊണ്ടുവന്നു മാന്യമായി അവനു തന്നെ വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനിച്ചു ഇളയച്ഛൻ”
ബെഡ്ഡിൽ കിടന്ന് മൊബൈലിൽ ഗെയിം കളിക്കുന്ന വിനോദിനോട് രശ്മി പറഞ്ഞപ്പോൾ അവൻ്റെ ചുണ്ടിൽ ഒരു പുച്ഛചിരി പടർന്നു.
“അതിനെന്താ ഞാൻ നാട് വിട്ടു പോണോ?”
വിനോദിൻ്റെ മറുചോദ്യം കേട്ടപ്പോൾ ഒരു ശുണ്ഠിയോടെ അവനരികിലായ് അവളിരുന്നു.
“നാടു വിട്ടു പോകണ്ട…. പകരം ആ നാട്ടിലേക്കൊന്നു പോകണം…. അവൾക്ക് എന്തെങ്കിലും കൊടുക്കേണ്ടേ? ഇളയച്ഛൻ്റെ മോൾ അല്ലേ?”
“ഇവിടെ പഴേ പാത്രങ്ങൾ കാണും…. അമ്മയോടു അതൊക്കെ ചോദിച്ചു വാങ്ങി വർണകടലാസ്സിൽ പൊതിഞ്ഞ് കൊണ്ടുപോയി കൊടുക്ക് …”
മൊബൈലിൽ നിന്നു കണ്ണെടുക്കാതെ ഒരു പരിഹാസ സ്വരത്തിൽ അവനത് പറഞ്ഞപ്പോൾ അവൾ ഒരു ചെറുചിരിയോടെ അവനരികിൽ കിടന്നു.
“അമ്മയോടു ചോദിക്കാമായിരുന്നു… പക്ഷേ എന്നെ താലികെട്ടിയതും,
രാത്രിയാകുമ്പോൾ പൊന്നേ, കരളേ എന്നൊക്കെ വിളിച്ചു വന്നു എൻ്റെ ഉറക്കം കളയുന്നതും അമ്മയല്ലല്ലോ?…. ഈ വിനോദ് അല്ലേ?”
വിനോദിൻ്റെ മൂക്കിൻതുമ്പിൽ പിടിച്ചുലച്ചു കൊണ്ട് അവളത് കൊഞ്ചി പറഞ്ഞപ്പോൾ, അവൻ കൈ തട്ടി മാറ്റി.
“രാത്രീലെ കാര്യം പറഞ്ഞ് രാവിലെ തന്നെ എന്നെ ദേഷ്യം പിടിപ്പിക്കരുത് രശ്മീ…. “
” അല്ലെങ്കിലും നിങ്ങൾ ചില ആണുങ്ങൾക്കുള്ളതാ ഈ രണ്ടുതരം സ്വഭാവം…രാത്രി സയാമീസ് ഇരട്ടകളെ പോലെയാണെങ്കിലും, പകൽ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കില്ല”
രശ്മിയുടെ സംസാരത്തിന് മറുപടി പറയാതെ അവൻ മൊബൈലിലെ കളി തുടർന്നതും, അവൾക്ക് ദേഷ്യം നുരഞ്ഞു കയറി.
” അങ്ങിനെ രണ്ടു സ്വഭാവം കാണിക്കാൻ ഞാൻ നിങ്ങൾ ഒരു രാത്രിക്ക് വേണ്ടി വിലക്കെടുത്ത തെരുവ് പെണ്ണല്ലായെന്ന് ഓർക്കണം…. നിങ്ങൾ താലികെട്ടിയ ഭാര്യയാണെന്ന് മറക്കരുത്”
അതും പറഞ്ഞ് അവൾ ദേഷ്യത്തോടെ അവനരികിൽ നിന്നെഴുന്നേറ്റിരുന്നു.
” ആ ഓടിപോയ പെണ്ണിനെ ആ വഴിക്ക് തന്നെ വിടാമായിരുന്നില്ലേ? തിരിച്ചുവിളിച്ച്, കല്യാണം കഴിപ്പിച്ചു കൊടുത്തു മറ്റുള്ളവരുടെ മനസമാധാനം കളയേണ്ട ആവശ്യമുണ്ടായിരുന്നോ?”
വിനോദ് ദേഷ്യത്തോടെ മൊബൈൽ വലിച്ചെറിഞ്ഞ് കമഴ്ന്നുകിടന്നപ്പോൾ, അവൻ്റെ ശരീരത്തിലെ തൻ്റെ നഖപാടുകൾ കണ്ട് അവൾക്ക് വെറുപ്പ് തോന്നി..
എല്ലാ അവഗണനയും അനുഭവിച്ചിട്ട്, അത് അറിഞ്ഞില്ലായെന്ന ഭാവത്തോടെ, രാത്രിയാകുമ്പോൾ തേൻ പുരട്ടിയ വാക്കുകളോടെ അടുത്തുകൂടുന്ന ഭർത്താവിൻ്റെ ചാരത്തേക്ക് ചേർന്നു കിടക്കുന്ന താൻ വെറുമൊരു വിഡ്ഢിയാണെന്ന് അവൾക്കു തോന്നി….
തന്നോടു തന്നെ വെറുപ്പ് തോന്നിയ അവൾ നിരാശയോടെ അവനരികിൽ നിന്നു നടന്നതും, ഒരു നിമിഷം തിരിഞ്ഞു നിന്നു നേരിയ പ്രതീക്ഷയോടെ വിനോദിനെ നോക്കി.
” എൻ്റെ ഒരു പൊട്ടിയ വളയുണ്ട്…. അത് നമ്മൾക്ക് മാറ്റി പുതിയൊരു വള വാങ്ങി അവൾക്കു കൊടുത്താലോ?”
“നോക്ക് രശ്മീ…. നിൻ്റെ ഇളയച്ചൻ്റെ മോൾ താഴ്ന്ന ജാതികാരനോടൊപ്പം പോയതിൻ്റെ നാണക്കേട് ഇവിടെ നീയല്ല അനുഭവിക്കുന്നത് ….ഞാനാ….അമ്മയുടെയും, ചേട്ടത്തിമാരുടെയും കളിയാക്കലുകൾ കേട്ട് തൊലിയുരിയുന്നത് എൻ്റേതാ….: അത് ഒരു വിധത്തിലാ ഞാൻ സഹിക്കുന്നത്…ഇനി ആ കല്യാണത്തിനും കൂടി പോയാൽ…. പറ്റില്ല രശ്മീ “
വിനോദ് അത്രയും പറഞ്ഞുകൊണ്ട്, മൊബൈൽ എടുത്ത് കളി തുടങ്ങി….
“എന്നാൽ നമുക്ക് ആ വിവാഹത്തിന് പോകണ്ട.. നമ്മൾ എടുക്കുന്ന വളയുമായി നമ്മുടെ വീട്ടിലേക്കു പോയി അവിടെ ഏൽപ്പിക്കാം… അച്ഛനോ, അമ്മയോ അവർ ആരെങ്കിലും കൊടുത്തോളും വള സൗമ്യയ്ക്ക്…. “
രശ്മിയുടെ മറുപടി കേട്ടപ്പോൾ ചിരിയോടെ തലയാട്ടി വിനോദ്….
“ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്…. സൗമ്യയുടെ കാര്യം പറഞ്ഞ് നിനക്ക് നിൻ്റെ വീട്ടിലേക്ക് ഒന്നു പോണം… ഒപ്പം ഞാനും വേണം… ഭർത്താവിനെ ഒപ്പം കാണുന്നില്ലല്ലോയെന്നുള്ള നാട്ടുകാരുടെ നിരന്തരമായ ചോദ്യത്തിന് മുന്നിലേക്ക് എന്നെ ഒന്നു കാണിക്കണം…. കാഞ്ഞ ബുദ്ധിയാണല്ലോടീ നിനക്ക്?”
വിനോദിൻ്റെ ഉറക്കെയുള്ള സംസാരം കേട്ടതും അവൾ പകപ്പോടെ ചുറ്റുമൊന്നു നോക്കി.
മൂത്ത ഏടത്തി, ഗൾഫിലുള്ള ചേട്ടനുമായി വീഡിയോ കോൾ ചെയ്ത് മുറ്റത്തു കൂടെ നടക്കുന്നുണ്ട്.
രണ്ടാമത്തെ ഏടത്തി സോഫയിൽ ഇരുന്ന്, കാലിൻമേൽ കാൽ കയറ്റി വെച്ച് റിമോട്ടും പിടിച്ച് ടി വി യിലേക്ക് നോക്കിയിരിക്കുന്നു….
അതൊക്കെ കണ്ട് അവൾ ദേഷ്യത്തോടെ അവനെ നോക്കി…….
അവളുടെ ദേഷ്യത്തിനെ ഒന്നുകൂടി വർദ്ധിപ്പിക്കാനെന്നവണ്ണം, സ്റ്റൗവിലിരിക്കുന്ന പ്രഷർകുക്കർ ചൂളമടിച്ചു….
“എന്താ അവിടെ പോയാൽ കുഴപ്പം?അവിടെ താമസിക്കുന്നവർ എൻ്റെ അച്ഛനും, അമ്മയും ആണ്….. അവർ തന്ന ജന്മമാണ് എൻ്റേത്….”
രശ്മിയുടെ മറുപടി കേട്ടതും ഒരു പരിഹാസചിരിയോടെ വിനോദ് മൊബൈലിലേക്ക് നോക്കിയിരുന്നു.
“വിനോദേട്ടൻ ചിരിക്കുന്ന ഈ ചിരിയുണ്ടല്ലോ? നട്ടെല്ലുള്ള ഒരു ഭർത്താവിനും ചേരാത്തതാണ്…. സ്വന്തം ഭാര്യയെ മറ്റുള്ളവർക്കു മുന്നിൽ ഇകഴ്ത്തിയും, ഈ വീട്ടിലെ വേലക്കാരിയാക്കിയും കാണിക്കുന്ന ഈ സ്വഭാവം ആണുങ്ങൾക്കു പറഞ്ഞതല്ല “
പറഞ്ഞു വന്നപ്പോഴെക്കും രശ്മിയുടെ സ്വരം സങ്കടം കൊണ്ട് ചിതറി.
” ഞാനൊരു നല്ല പുരുഷനാകാം രശ്മി… പകരം വിവാഹം കഴിക്കുമ്പോൾ ഒരു പുരുഷന് കിട്ടുന്ന മിനിമം സ്ത്രീധനം… മിനിമം ഒരു ഇരുപത് പവനും അഞ്ചു ലക്ഷവും നീ വീട്ടിൽ നിന്നു കൊണ്ടു വാ… അപ്പോൾ ഞാൻ നല്ല ഭർത്താവായിരിക്കും “
വിനോദിൻ്റെ സംസാരം കേട്ടതും അവൾ വിഷമത്തോടെ ചിരിച്ചു.,,,
ആദ്യമായല്ല അവൾ ഇതു കേൾക്കുന്നത്….
പ്രണയിച്ചു വിവാഹം കഴിച്ചതിൻ്റെ രണ്ടാം മാസം മുതൽ കേൾക്കുന്നതാണ്….
നിന്നെ മാത്രം മതിയെന്ന് ആക്രാന്തത്തോടെ ഉരുവിട്ടവൻ്റെ സ്വഭാവം, പൂതിയൊക്കെ തീർന്നപ്പോൾ പതിയെ മാറി തുടങ്ങി…..
വിവാഹമെന്നത് സുഖത്തിന് വേണ്ടിയുള്ള കൂടി ചേരലാണ് എന്ന് വിശ്വസിച്ചവരിലൊരാളായിരുന്നു അവനും….
ഭാവി ജീവിതത്തിൻ്റെ പരുക്കൻ ഭാവങ്ങൾ കണ്ടപ്പോൾ…. ഇങ്ങിനെയൊരു വിവാഹം ഇപ്പോൾ വേണ്ടായിരുന്നുവെന്നും അവനും തോന്നി തുടങ്ങിയിരുന്നു….
പഞ്ചാര വാക്കുകളിൽ മതിമറന്ന് അവനെ പ്രണയിക്കാൻ തുടങ്ങിയ നിമിഷത്തെ വെറുത്തു തുടങ്ങി അവളപ്പോൾ…
“നിനക്ക് അറിയാമല്ലോ രശ്മീ… എൻ്റെ രണ്ടു ചേട്ടൻമാരും നല്ല സ്ത്രീധനം വാങ്ങിയിട്ടാ വിവാഹം കഴിച്ചത്… അതു കൊണ്ട് അവരുടെ പെണ്ണുങ്ങൾ ഇവിടെ റാണിമാരായി വിലസുന്നു… ഒന്നുമില്ലാതെ വന്ന നീ വേലക്കാരിയും… അത് നാട്ടുനടപ്പല്ലേ?”
അവൻ്റ ചോദ്യം കേട്ടതും അവളുടെ ചുണ്ടിൽ ഒരു പുച്ഛ ചിരി പടർന്നു.
“നിങ്ങളുടെ രണ്ട് ചേട്ടൻമാർക്കും ഗൾഫിൽ നല്ല ജോലിയുണ്ട്? നിങ്ങൾക്കോ?”
രശ്മിയുടെ ചോദ്യം കേട്ടതും വിനോദ് ഒന്നു കണ്ണു മിഴിച്ചു….
കാരണം, ആദ്യമായാണ് അവൾ അവൻ്റെ ജോലിയെ പറ്റി സംസാരിക്കുന്നത്…..
” ഞാൻ നിങ്ങളെ ആദ്യമായി കാണുമ്പോൾ, നിങ്ങളൊരു ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു…. ആ മനുഷ്യനെ ആയിരുന്നു ഞാൻ സ്നേഹിച്ചത്… പക്ഷേ നിങ്ങൾ ഇത്രയും വലിയ കുടുംബത്തിലെ തലതെറിച്ച ഇളമുറ തമ്പുരാനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും നിങ്ങളെ സ്നേഹിക്കില്ലായിരുന്നു “
“എന്നിട്ട് …. എന്നിട്ട്…? “
വിനോദ് കളിയാക്കി ചോദിച്ചു കൊണ്ട് അവളെ നോക്കി.
” ആണുങ്ങളുടെ പഞ്ചാര വാക്കിൽ മയങ്ങി മനസ്സിടറുന്ന പല പെൺകുട്ടികളെ പോലെ, ബുദ്ധിമതിയെന്ന് സ്വയം അഹങ്കരിച്ചിരുന്ന ഞാനും വീണു….. “
പറഞ്ഞു തീർന്നതും അവളുടെ മിഴികളിൽ നിന്നും കണ്ണീർ ഉതിർന്നുവീണു…..
“എന്നെ എൻ്റെ വീട്ടിൽ കൊണ്ടു വിട്ടോ വിനോദേ… കഞ്ഞിയാണ് കുടിക്കുന്നതെങ്കിലും മനസമാധാനം ഉണ്ട് അവിടെ…. “
“പോകാൻ തീരുമാനിച്ചോ? … “
വിനോദ് ഒരു ചെറു ചിരിയോടെ ബെഡ്ഡിൽ എഴുന്നേറ്റിരുന്നു….
“തീരുമാനിച്ചു…. ഇവിടുത്തെ വേലക്കാരിയെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് അവിടുത്തെ രാജകുമാരിയെയാണ് “
“ഒന്നുകൂടി ആലോചിച്ചിട്ടു മതിയല്ലോ ഈ കടുത്ത തീരുമാനം?”
വിനോദ് ചോദിച്ചതും അവൾ വരണ്ട ഒരു ചിരിയുതിർത്തു.
” ഞാനെടുക്കുന്ന തീരുമാനങ്ങളൊക്കെ നല്ലവണ്ണം ആലോചിച്ചിട്ടു തന്നെയാണ്… അതൊക്കെ നൂറ് ശതമാനം ശരിയാകാറുമുണ്ട്.പക്ഷേ വിനോദിൻ്റെ കാര്യത്തിൽ മാത്രം എനിക്ക് തെറ്റിയോ എന്ന് ഒരു സംശയം “
” അപ്പോൾ സ്ത്രീധനം ഇനി നോക്കണ്ടായെന്ന് “
വിനോദ് ചോദിച്ചതും അവൾ തീപാറും കണ്ണുകളോടെ അവനെ നോക്കി.
“എന്താ സംശയം.,,, ഒരു അഞ്ച് പൈസ പോലും കിട്ടില്ല…. ഉള്ള വീടും പറമ്പും പണയം വെച്ച് അവർ തരാൻ ഒരുമ്പെട്ടാലും ഞാൻ സമ്മതിക്കില്ല….. “
“പിന്നെ?”
“അന്തസായി ഞാൻ ഇവിടെ നിന്നും എൻ്റെ വീട്ടിലേക്ക് പോകും…. എന്നെക്കാളും ഞാൻ കൊണ്ടുവരുന്ന സ്ത്രീധനത്തെ സ്നേഹിച്ചിരുന്ന ഒരു ഭർത്താവിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തോടെ “
പൊടുന്നനെ ഗെയിം കളിച്ചു കൊണ്ടിരുന്ന വിനോദിൻ്റെ മൊബൈൽ ശബ്ദിച്ചു.
“നിൻ്റെ തന്തപിടിയാ “
ഡിസ്പ്ലേയിലേക്ക് നോക്കി രശ്മിയോടു പറഞ്ഞ ശേഷം മൊബൈൽ അവൻ ചെവിയോരം ചേർത്തു.
സംസാരിക്കുമ്പോൾ അവൻ്റെ മുഖത്ത് തെളിയുന്ന സന്തോഷം കണ്ട് അവൾ അത്ഭുതപ്പെട്ടു.
ഇതുവരെ അച്ഛനെയോ, അമ്മയെയോ കാണുമ്പോഴോ, സംസാരിക്കുമ്പോഴോ അവൻ്റെ മുഖത്ത് ഇത്ര സന്തോഷം നിറഞ്ഞു കണ്ടിട്ടില്ല.,,,,
“നിൻ്റെ അച്ഛന് ലോട്ടറിയടിച്ചെന്നു… ഒരു കോടി…. നമ്മളോട് എത്രയും പെട്ടെന്ന് അങ്ങോട്ട് ചെല്ലാൻ “
വിനോദ് പറഞ്ഞത് കേട്ട് രശ്മി അമ്പരന്നു….
ഒരു സ്കൂൾ മാഷായ അച്ഛൻ ഒരിക്കലും ലോട്ടറി ടിക്കറ്റെടുക്കുന്നത് അവൾ കണ്ടിട്ടില്ല….
ലളിതജീവിതം നയിക്കുന്ന അച്ഛന് വലിയ വലിയ മോഹങ്ങളുമില്ല…
താനും, ഭാര്യയും, മകളും പിന്നെ പഠിപ്പിച്ചിരുന്ന സ്കൂളുമാണ് അച്ഛൻ്റെ ലോകം….
ഏറ്റവും വലിയ സമ്പത്തായി കണ്ടിരുന്നത് പഠിപ്പിച്ച ശിഷ്യരെ ആയിരുന്നു….
ആ സ്നേഹം വലിയ നിലകളിലെത്തിയ ശിഷ്യർ പോലും ഇപ്പോഴും കാണിക്കാറുണ്ട്….
“നീയെന്താടീ ആലോചിച്ചു നിക്കുന്നേ…. വേഗം ഒരുങ്ങടീ”
വിനോദിൻ്റെ സംസാരം കേട്ടതും അവൾ ഓർമയിൽ നിന്നും ഉണർന്ന് അവനെ നോക്കി.
“വിനോദ് അങ്ങിനെ തന്നെയാണോ കേട്ടത് ?”
രശ്മിയുടെ ചോദ്യം കേട്ടതും അവൻ ഒരു പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു.
“എൻ്റെ ചെവിക്ക് ഒരു കുഴപ്പവുമില്ല രശ്മീ…. ആ പൈസ കിട്ടിയിട്ട് വേണം ചേട്ടൻമാരുടെയും, ചേട്ടത്തിമാരുടെയും മുന്നിൽ ഒന്നു സന്തോഷത്തോടെ നിവർന്നു നിന്നു കാണിക്കാൻ…. നീ വേഗം ഒരുങ്ങ്… ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്താം “
അവൻ ഒരു കൊച്ചു കുട്ടിയെ പോലെ ചാടി തുള്ളി പുറത്തേക്കിറങ്ങിയതും, അവൾ ഒരു നിമിഷം ശങ്കിച്ചു നിന്നതിനു ശേഷം മുറിയിൽ കയറി കൈയിൽ കിട്ടിയത് വാരിയണിഞ്ഞ് പുറത്തേക്കിറങ്ങി…..
നൂറേ നൂറിൽ അവൻ ബൈക്ക് പറപ്പിക്കുമ്പോഴും, അവളുടെ മനസ്സിൽ സംശയങ്ങൾ പലവിധമായിരുന്നു.
ആ സംശയം ശരിവെക്കുന്നതായിരുന്നു വീട്ടിലേക്ക് കയറിയപ്പോൾ സംഭവിച്ചതും…..
” ഞങ്ങളുടെ മോളെ കാണാൻ ലോട്ടറിയടിച്ചെന്നു കള്ളം പറയേണ്ടി വന്ന ഒരു അച്ഛനാ ഞാൻ….”
അച്ഛൻ്റെ സ്വരം കേട്ടതും വിനോദിൻ്റെ മുഖം വിവർണമാകുന്നത് രശ്മി ശ്രദ്ധിച്ചു……
” ഒരുപാട് ചെക്കൻമാർ ഇവൾക്കു പുറകെ നടന്നപ്പോൾ, അവരെയൊക്കെ നല്ലവർത്തമാനം പറഞ്ഞും, തല്ലു കൊടുത്തും ആട്ടിയോടിപ്പിച്ചത് എൻ്റെ ശിഷ്യരാണ്….”
വേലായുധൻ മാഷ് കണ്ണടയെടുത്ത് പതിയെ കണ്ണു തുടച്ചു.
“നീ എൻ്റെ മോളുടെ പിറകിൽ നടക്കുന്ന കാര്യവും പറഞ്ഞ്, ഞങ്ങളെന്ത് ചെയ്യണം എന്ന് ചോദിച്ചു കൊണ്ട് എൻ്റെ ശിഷ്യർ വന്നപ്പോൾ…. ഞാൻ ഇവളുടെ മുഖത്തേക്കു ഒന്നു നോക്കി…. അവിടെ എന്നും കാണാറുണ്ടായിരുന്ന ദേഷ്യമല്ല കണ്ടിരുന്നത്… ഒരു പുഞ്ചിരിയായിരുന്നു കണ്ടെത്”…. “
നിരാശയിലും മാഷിൻ്റെ സംസാരം ശ്രദ്ധിച്ചു വിനോദ്…
” ഇവളുടെ മുഖഭാവം കണ്ടതും ഞാൻ അവരോട് പറഞ്ഞത് നിന്നെ ഒന്നും ചെയ്യണ്ടായെന്നാ…കാരണം എൻ്റെ മോൾടെ സന്തോഷമായിരുന്നു എനിക്ക് വലുത്… നീ ഒരു ഓട്ടോക്കാരനാണെന്ന് അറിഞ്ഞപ്പോഴും ഞാൻ തടസം പിടിക്കാതിരുന്നത് അതുകൊണ്ടു മാത്രമാണ്…”
അവരുടെ സംസാരത്തിനിടയ്ക്ക് ഭാഗീരഥിയമ്മ ചായകൊണ്ടുവന്ന് ഒരു പുഞ്ചിരിയോടെ വിനോദിൻ്റെ കൈയിൽ കൊടുത്തു.
“പക്ഷേ നിൻ്റെ വീടും, നിങ്ങളുടെ സെറ്റപ്പും കണ്ടപ്പോൾ ഞാൻ ഒരു നിമിഷം സംശയിച്ചു പോയി…. ആ വലിയ വീട്ടിൽ എൻ്റെ മോൾ ഒറ്റപ്പെടുമോ എന്ന സംശയം “
ചായ ഒരിറക്ക് കുടിച്ചു കൊണ്ട് വിനോദ് രശ്മിയെയും, അച്ഛനെയും നോക്കി.
” അപ്പോഴും എൻ്റെ മോൾ തന്നെയാണ് എനിക്ക് ധൈര്യം തന്നത്… വിനോദ് സ്നേഹിക്കാനറിയുന്നവനാണെന്നും പറഞ്ഞ് “
അമ്മായച്ഛൻ അതും പറഞ്ഞ് തന്നെ പുച്ഛത്തോടെ നോക്കുന്നത് വിനോദ് കണ്ടില്ലെന്നു നടിച്ചു.
“എൻ്റെ സംശയം ശരിയായതോടൊപ്പം വിനോദിനെ കുറിച്ചുള്ള ഇവളുടെ സങ്കൽപ്പമാണ് തെറ്റിയത്….”
“അച്ഛാ…. ഞാൻ “
വിനോദ് വാക്കുകൾ കിട്ടാതെ വിഷമിച്ചു.
“കൂടുതലായി ഒന്നും പറയാതെ അവസാനമായി പറയുകയാ… വിനോദ് പോകുമ്പോൾ ഒറ്റയ്ക്ക് വീട്ടിലേക്ക് പോയാൽ മതി…. അവിടുത്തെ അടിമയാകാൻ കൂടെ ഇവൾ ഉണ്ടായിരിക്കില്ല”
” അച്ഛാ…. വിനോദേട്ടൻ”
പറഞ്ഞു തീരും മുൻപ് വേലായുധൻ മാഷിൻ്റെ കൈപ്പത്തി അവളുടെ കവിളിൽ വീണു.
“ഇതു നിനക്കു ആദ്യം തന്നിരുന്നെങ്കിൽ രണ്ടു വർഷം നിന്നെ കാണാത്ത വിഷമത്തിൽ ഞങ്ങൾക്ക് ജീവിക്കേണ്ടി വരില്ലായിരുന്നു… നീ അവിടുത്തെ അടിമയാകില്ലായിരുന്നു.. “
” മോൾ അകത്തേക്കു വാ…”
അടിയും കൊണ്ട് വിനോദിനെ സങ്കടത്തോടെ നോക്കി നിൽക്കുന്ന രശ്മിയെയും പിടിച്ച് അകത്തേക്ക് കയറി ഭാഗീരഥിഅമ്മ.
രശ്മി അകത്തേക്കു പോകുന്നതും നോക്കിയിരുന്ന വിനോദിൻ്റെ നെഞ്ചിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു.
” അച്ഛാ…. ഞാൻ…. ചേട്ടൻമാരുടെ പോലെത്തെ ഒരു ജീവിതം കിട്ടാതായ വിഷമത്തിൽ എന്തൊക്കെയോ അവളോട് കാട്ടി കൂട്ടിയിട്ടുണ്ട്… അല്ലാതെ….”
പാതിയിലെത്തി മുറിഞ്ഞ വാക്കുകളുമായി അവൻ സങ്കടത്തോടെ രശ്മി പോയ വഴിയിലേക്ക് നോക്കിയിരുന്നു.
” പലരുടെയും ജീവിതം പലതുപോലെയാണ് വിനോദേ…. ധനികനായാലും ദരിദ്രനായാലും വിവാഹ ജീവിതത്തിൽ പരസ്പരം സ്നേഹമുണ്ടെങ്കിൽ രണ്ടും ഒരു പോലെയാണ് … സ്നേഹമില്ലെങ്കിലും രണ്ടും ഒരു പോലെ തന്നെ… ഒരു മാറ്റവുമില്ല”
വേലായുധൻ മാഷിൻ്റെ സംസാരത്തിനു മുന്നിൽ ഉത്തരമില്ലാതെ അവൻ ഇരുന്നു.
മാഷ് പോക്കറ്റിൽ നിന്ന് ഒരു ബ്രൗൺകളർ കവർ എടുത്ത് അവനു നേരെ കാണിച്ചു.
” സമ്പത്തിൻ്റെ കാര്യത്തിലല്ലേ എൻ്റെ മോളെ വിനോദ് വേർതിരിച്ചത്…. അവൾക്ക് ഇവിടുത്തെ സ്കൂളിൽ ഞാൻ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒരു ടീച്ചറായി ജോലി ലഭിച്ചിട്ടുണ്ട് “
ആ കവറിലേക്ക് സന്തോഷത്തോടെ നോക്കിയ വിനോദിന്, പിന്നെ വന്ന അമ്മായിയച്ചൻ്റെ മറുപടി ഇരുട്ടടിയായി.
“എൻ്റെ മോൾ രണ്ടു ദിവസം കഴിഞ്ഞാൽ ടീച്ചറാണ് …. അതിനൊപ്പമുള്ള ഒരു ജോലി നിനക്കു കിട്ടുന്ന കാലത്ത് അവളെ നിനക്ക് കൊണ്ടു പോകാം…അല്ലെങ്കിൽ അവൾ ഞങ്ങളുടെ പുന്നാരയായി എന്നും ഇവിടെ നിൽക്കും”
വേലായുധൻ മാഷ് പറഞ്ഞു തീർന്നതും പുറത്തേക്ക് നോക്കി.
” ഒരു മഴക്കുള്ള വട്ടകൂടൽ ആകാശത്ത് നടക്കുന്നുണ്ട്… ഇപ്പം ഇവിടെ നിന്നിറങ്ങിയാൽ മഴയെത്തും മുൻപേ വിനോദിന് വീട്ടിലെത്താം…”
വിനോദിൻ്റെ മറുപടിക്ക് കാത്തുനിൽക്കാതെ വേലായുധൻ മാഷ് അകത്തേക്ക് നടന്നതും, ഷോക്കടിച്ചതു പോലെ ഇരുന്നു വിനോദ് !
എത്ര ചീത്ത പറയുമെങ്കിലും അവൾ അരികെ ഇല്ലായെങ്കിൽ ശ്വാസം മുട്ടുന്നതു പോലെയാണ് …
അവളുടെ നിശ്വാസങ്ങളിലെ ചൂടേറ്റാണ് എന്നും ഉറങ്ങാറ്….
അവളുടെ ശ്വാസം മുഖത്തടിച്ചതു പോലെ തോന്നിയപ്പോൾ അവൻ അറിയാതെ അവിടെയൊന്നു തടവി’..
പുറത്ത് മഴതുള്ളികൾ വീഴുന്ന ശബ്ദം കേട്ടപ്പോൾ, ആ കൊച്ചു വീടിൻ്റെ എല്ലാ മുറികളിലേക്കും കണ്ണോടിച്ചു കൊണ്ട് ആശയറ്റവനെ പോലെ അവൻ കസേരയിൽ നിന്നെഴുന്നേറ്റു.
മനസ്സും, ഹൃദയവും അവിടെ ഉപേക്ഷിച്ച്, മരിച്ചവനെ പോലെ അവൻ പുറത്തേക്കിറങ്ങി.
ബൈക്ക് സ്റ്റാർട്ട് ചെയ്തു ഒന്നുകൂടി ആ വീട്ടിലേക്ക് നോക്കിയ ശേഷം അവൻ പതിയെ ഓടിച്ചു പുറത്തേക്കിറങ്ങി….
കണ്ണീരും മഴതുള്ളികളും ഇടകലർന്ന് കാഴ്ച മങ്ങിയ ഒരു നിമിഷത്തിലാണ്, മതിലിൻ്റെ വിടവിലൂടെ ചാടി കൊണ്ട് ഒരു പെണ്ണ് അവൻ്റെ ബൈക്കിൻ്റെ മുന്നിലേക്ക് വന്നു നിന്നത്.
“വേഗം വിട്ടോ “
ബൈക്കിനു പുറകിലേക്ക് ചാടി കയറിയവളുടെ ശ്വാസം മുഖത്തടിച്ചതും അവൻ പതിയെ മന്ത്രിച്ചു…
“രശ്മി”
“അതെ രശ്മി തന്നെയാ… വിനോദിൻ്റെ ഭാര്യ “
സന്തോഷം കൊണ്ട് മതിമറന്ന അവൻ ഒരു നിമിഷം ശബ്ദമില്ലാതെ നിന്നു.
“വിനോദിൻ്റെ പോലെയല്ല ഞാൻ… എനിക്ക് പണത്തിനെക്കാളും, ജോലിയെക്കാളും വലുത് ബന്ധങ്ങളാണ്…. എൻ്റെ ഭർത്താവാണ് …. വേഗം വിട്ടോ.’.മഴയ്ക്ക് ശക്തി കൂടും മുൻപെ വീടെത്താം”
അവൻ അതു കേട്ടതോടെ ബൈക്ക് തിരിച്ച് അവളുടെ വീട്ടിലേക്ക് ഓടിച്ചു.
“വീണ്ടും എന്നെ വീട്ടിലാക്കാൻ പോകുകയാണോ? ഒരു തരിമ്പും എന്നോട് സ്നേഹമില്ലേ മനുഷ്യാ “
അവളുടെ ചോദ്യം കേട്ടപ്പോൾ ബൈക്ക് നിർത്തി മുഖം തിരിച്ച് അവളുടെ നെറ്റിയിലേക്ക് ചുണ്ടമർത്തി അവൻ….
“വലിയ വലിയ സ്വപ്നങ്ങളില്ലാതെ നമ്മൾക്ക് ഇവിടെ തന്നെ കൂടാം രശ്മീ… അച്ഛനും, അമ്മയ്ക്കും കൂട്ടായിട്ട്…. “
” അപ്പോൾ ആ വലിയ വീട്… സൗകര്യങ്ങൾ എല്ലാം മിസ് ആവില്ലേ?
ഒരു ചെറുചിരിയോടെ രശ്മി ചോദിച്ചതും അവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി….
” ഞാൻ ആദ്യമൊക്കെ വിചാരിച്ചത് അതൊക്കെയാണ് ഏറ്റവും വലിയ ഭാഗ്യമെന്ന്… പക്ഷെ അതൊന്നുമല്ല ഭാഗ്യം… നിന്നെ പോലെ സ്നേഹിക്കാനറിയുന്ന ഒരു ഭാര്യയെ കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം….”
“എനിക്കു ജോലി കിട്ടിയതുകൊണ്ടാണോ ഈ മനമാറ്റം?….
അവൾ ചോദിച്ചു തീർന്നതും, അവൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
” ആരാടീ ബന്ധങ്ങളുടെ പേരിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഈ പോസ്റ്റ് ഒക്കെ വെറുതെ കൊടുക്കുന്നത്?
” പിന്നെ?”
സംശയത്തോടെ അവൻ്റെ മുഖത്തേക്ക് നോക്കി അവൾ….
” എൻ്റെ കുറച്ചു ചങ്ങാതിമാരിൽ നിന്നും ഞാൻ വാങ്ങിയ പൈസയാണ് നിൻ്റെ ഈ ഉദ്യോഗത്തിനു പിന്നിൽ … ആരോടും പറയണ്ട നീ…?
വിനോദ് പറഞ്ഞതും അവിശ്വസനീയതയോടെ അവൾ അവനെ നോക്കി .
“ഇതൊക്കെ എങ്ങിനെ വീട്ടുമെന്നല്ലേ? അത് നീ പേടിക്കണ്ട…. രണ്ട് മാസത്തിനുള്ളിൽ ഞാൻ ഗൾഫിലേക്ക് പറക്കും… ഒരു സ്നേഹിതൻ വിസ അയച്ചു തരുമെന്ന് പറഞ്ഞിട്ടുണ്ട്…
അതും പറഞ്ഞ് അവൻ അവളുടെ കൈ പിടിച്ച് ചുണ്ടോട് ചേർത്തു.
“ലോട്ടറിയടിച്ചെന്നും പറഞ്ഞ് വിളിച്ചപ്പോൾ എനിക്ക് അറിയാമായിരുന്നു ഇതാണ് കാര്യമെന്ന്…. ഇതൊന്നും നീ കണക്ക് മാഷായ നിൻ്റെ അച്ഛനോട് പറയണ്ട.. :”
“ഗൾഫിലേക്ക് പോകാൻ തീരെ ഇഷ്ടമായിരുന്നില്ലല്ലോ…?”
ഒരു തേങ്ങലോടെ ചോദിച്ചു കൊണ്ട് അവൾ അവൻ്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു.
“അതെ …. പക്ഷെ എൻ്റെ ഇഷ്ടങ്ങളെക്കാൾ എൻ്റെ ഭാര്യയുടെ, ടീച്ചറാകാനുള്ള ഇഷ്ടത്തെയാണ് ഞാൻ സ്നേഹിച്ചത് … അവൾ മറ്റുള്ളവരുടെ മുന്നിൽ തൻ്റേടത്തോടെ തലയുയർത്തി പിടിച്ചു നിൽക്കുന്നതും “
“ഇതൊക്കെ നേരെത്തെ പറഞ്ഞൂടായിരുന്നോ മനുഷ്യാ…. അതെങ്ങിനെ ഉള്ളിലെ സ്നേഹം പുറത്തു കാണിക്കുന്നത് കുറച്ചിലല്ലേ?”
അവൻ്റെ നെഞ്ചിൽ സ്നേഹത്തോടെ അവൾ ഇടിക്കുമ്പോൾ അവരുടെ പ്രണയത്തെ തളിർപ്പിക്കാനെന്നവണ്ണം മഴയ്ക്ക് ശക്തിയേറിയിരുന്നു.
ശുഭം….