വിഷ്ണുവിൻ്റെ സംസാരം കേട്ടതും ദേഷ്യത്തോടെ അവൾ കൈയിലുണ്ടായിരുന്ന ബാഗ് കുലുക്കി….

ഭസ്മ

രചന: സന്തോഷ് അപ്പുക്കുട്ടൻ

” ഇങ്ങിനെ തൊട്ടും, തലോടണമെങ്കിൽ ഒത്തിരി പൈസ ചിലവാക്കി ഒരു കല്യാണം കഴിച്ചൂടെ മാഷെ…. അപ്പോൾ പിന്നെ പേടിച്ചിട്ടുള്ള ഈ റീട്ടെയിലിന് പകരം, ആരെയും പേടിക്കാതെ ഹോൾസെയിലായി തട്ടേം, തടവേം ഒക്കെ ആകാമല്ലോ?”

ബസ്സിറങ്ങി പോകുന്ന വിഷ്ണുവിൻ്റെ പിന്നാലെ, കണ്ടക്ടർ ബാഗും പിടിച്ച് ഓടിയെത്തിയ ഭസ്മ പറഞ്ഞതും കേട്ട് അവൻ ഒരു നിമിഷം തിരിഞ്ഞു നോക്കി.

ഭസ്മകുറിയിട്ട സുന്ദരി പെണ്ണായ ഭസ്മയെ ബസ്സിൽ വെച്ചു തന്നെ നോട്ടമിട്ട വിഷ്ണു അവളെ കൗതുകപൂർവ്വം നോക്കി നിന്നു.

വലിയൊരു ആൽമരത്തിനു താഴെ നിന്നിരുന്ന അവന്, അവളുടെ സംസാരം ആലിലകളുടെ പ്രണയമർമ്മരം പോലെയാണ് തോന്നിയത്.

കുറച്ചു സമയം സുന്ദരിയായ ആ പെൺകുട്ടിയെ നോക്കി നിന്നു വിഷ്ണു.

“മലയാളി പെൺകുട്ടികൾ എത്ര സുന്ദരികളാ…. ആ സുന്ദരികളെ വീണ്ടും അതീവ സുന്ദരികളാക്കുന്നത് ഇങ്ങിനെയുള്ള വായാടിത്തവും “

അവൻ്റെ സംസാരം കേട്ടപ്പോൾ അവൾക്കു ചൊറിഞ്ഞു കയറി.

“ദേ മാഷെ… കിന്നരിക്കാനൊന്നുമല്ല ഞാൻ വനത്…. ബസിൽ വെച്ച് ഞാൻ പ്രതികരിച്ചാൽ നിങ്ങടെ മാനം പോകുമെന്നുള്ളത് കൊണ്ട് ഒന്നു ഉപദേശിക്കാമെന്നു വെച്ചു വന്നതാ…. കാരണം നിങ്ങടെ അതേ പ്രായത്തിലുള്ള ഒരു ചേട്ടൻ എനിക്കും ഉണ്ട്… അതു കൊണ്ടു മാത്രം “

കത്തികയറുന്ന അവളെയും നോക്കി വിഷ്ണു പോക്കറ്റിൽ നിന്ന് സിഗററ്റ് എടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ചു.

” ഞാൻ അശ്ളീലമൊന്നും പറഞ്ഞില്ലല്ലോ കുട്ടീ … നഗ്നമായ സത്യം ആണത്. പല രാജത്തുള്ള പല സുന്ദരികളെയും ഞാൻ കണ്ടിട്ടുണ്ട്…. പക്ഷേ അതുക്കും മേലെയാണ് മലയാളി പെൺകൊടികൾ

വിഷ്ണുവിൻ്റെ സംസാരം കേട്ടതും ദേഷ്യത്തോടെ അവൾ കൈയിലുണ്ടായിരുന്ന ബാഗ് കുലുക്കി.

ചില്ലറപൈസയുടെ കിലുക്കത്തോടൊപ്പം, അവളുടെ ശബ്ദവുമുയർന്നു.

“താൻ അധികം സോപ്പിടാൻ നിക്കണ്ട….. അങ്ങിനെയൊന്നും വഴുതി വീഴുന്നവളല്ല ഞാൻ… തൽക്കാലം ഒരു സോറി പറഞ്ഞിട്ടു പോ”

ഭസ്മയുടെ ക്രോധം കണ്ടപ്പോൾ വിഷ്ണുവിൻ്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു.

” ഞാൻ സോറി പറയാം. പക്ഷേ അതിനു മുൻപ് ഞാൻ തൻ്റെ എവിടെയാ തട്ടുകയോ, തടവുകയോ ചെയ്തതെന്ന് പറയണം?”

പുകയൂതി കൊണ്ട് പൊടുന്നനെയുള്ള അവൻ്റെ ചോദ്യം കേട്ടതും ഭസ്മയൊന്നു വിളറി.

” പറയെടോ…. ആ സ്ഥലം പറഞ്ഞു താ “

അവൻ പറഞ്ഞതും അവൾ പൊടുന്നനെ ചുറ്റും നോക്കി കണ്ടക്ടർബാഗ് എടുത്ത് മാറോട് ചേർത്തു.

വിളറി വെളുത്തു നിൽക്കുന്ന ഭസ്മയെയും, അവളെ കാത്തു നിൽക്കുന്ന ബസ്സിനെയും, തൊട്ടടുത്തുള്ള പെട്ടികടയെയും ഒന്നു വട്ടംചുറ്റി നോക്കി അവൻ.

“തിരക്കുള്ള ബസ്സ് അല്ലേ കുട്ടീ…..? പോരാത്തതിന് എൻ്റെ രണ്ടു കൈയിലും കവറും. ബസ് ഇടക്ക് ബ്രേക്ക് പിടിക്കുമ്പോൾ ബാലൻസ് കിട്ടാതായപ്പോൾ ഞാൻ കുട്ടിയുടെ മേലേക്ക് ചെരിഞ്ഞിട്ടുണ്ടാവും…. അപ്പോൾ അറിയാതെ കൈ……”

ചിരിയോടെ അവനത് പറഞ്ഞപ്പോൾ ഭസ്മക്ക് ഉരുകിയൊലിക്കുന്നതു പോലെ തോന്നി.

” ആ സമയം ഏതൊരു നല്ല പെണ്ണും ചെയ്യുന്നതു പോലെ ഇയാളെന്നെ തീപാറും കണ്ണുകളോടെ നോക്കി…. നല്ലൊരു പുരുഷൻ ചെയ്യുന്നത് പോലെ ഞാൻ ആ ഭാഗത്തു നിന്നും മാറി…. അതല്ലേ സംഭവിച്ചിട്ടുള്ളൂ? അത്രയ്ക്കല്ലേ നടന്നിട്ടുള്ളൂ?”

ചിരിച്ചു കൊണ്ടുള്ള അവൻ്റെ ചോദ്യത്തിന് ഉത്തരമില്ലാതെ നിന്നു അവൾ വിയർത്തു.

പുലിയെ പോലെ ചീറി വന്നവൾ, പൂച്ചയെ പോലെ നിന്നു വട്ടം കറങ്ങുന്നത് കണ്ട അവൻ അവളെ കാത്തു നിൽക്കുന്ന ബസ്സിലേക്കു നോക്കി.

” ദാ ബസ് കാത്തുനിൽക്കുന്നു. കുട്ടി ചെല്ല്…. രണ്ട് മൂന്നും സെക്കൻറിനു വേണ്ടി ഇനി പിന്നാലെ വരുന്ന ബസുകളുമായി വഴക്കുകൂടാൻ നിൽക്കണ്ട

അവൻ പറഞ്ഞു തീർന്നതും, ആൽതറയിൽവെച്ചിരുന്ന കവറുകളെടുത്തു കൈയിൽ പിടിച്ചു.

“അരിയും തിന്നു… ആശാരിച്ചിയെയും കടിച്ചു… പിന്നെയും നായയ്ക്ക് മുറുമുറുപ്പ് എന്നു പറയുന്നതുപോലെയായി “

ഉള്ളിലുണ്ടായിരുന്ന ദേഷ്യത്തോടൊപ്പം അവളിൽ നിന്ന് ആ വാക്കുകൾ പുറത്തുചാടിയപ്പോൾ അവനൊന്നു ചിരിച്ചു.

“നീ ഒരു ആണായിരുന്നെങ്കിൽ “നായ ” എന്ന വാക്ക് പറഞ്ഞു തീരും മുൻപെ നിൻ്റെ കടവായിലൂടെ ചോര ചീറ്റിയേനെ…. ഇതിപ്പോ ഞാൻ ക്ഷമിച്ചു… കാരണം കാണാൻ കൊള്ളാവുന്ന പെണ്ണ് ചീത്ത വിളിക്കുന്നത് കേൾക്കാൻ ഒരു സുഖാ…”

വിഷ്ണു ചുറ്റും നോക്കി ആരും അടുത്തില്ലായെന്ന് മനസ്സിലാക്കി അവൾക്ക് അടുത്തേക്കായി ചേർന്നു നിന്നു.

“മോൾ,ദുബായി ദേര എന്ന് കേട്ടിട്ടുണ്ടോ ? അവിടെ അമ്പതോ, നൂറോ ദിർഹത്തിന് ലോകത്തിൻ്റെ ഏത് കോണിലുള്ള ആശാരിച്ചിമാരെയും കിട്ടും…. പക്ഷേ ഈ നായ അവരെയൊന്നും കടിക്കാൻ പോയിട്ടില്ല…. പിന്നയല്ലേ ഈ കുഗ്രാമത്തിൽ കിടക്കുന്ന നീ…. ഒന്നു പോയേടീ “

പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവൻ പെട്ടികടയ്ക്കു നേരെ തിരിഞ്ഞു നടക്കാനൊരുങ്ങിയതും ഒന്നു തിരിഞ്ഞു നിന്നു.

“നീ ഇത്രയ്ക്കും ആളികത്തുന്നത് ഇത് നിൻ്റെ സ്ഥലമായതുകൊണ്ടായിരിക്കാം…. പക്ഷേ ഈ വിഷ്ണുവിന് എവിടെയും ഒരുപോലെയാ…. എന്നാൽ ഞാനങ്ങോട്ട്…..”

പഞ്ച്ഡയലോഗും അടിച്ചു നടന്നു പോകുന്ന വിഷ്ണുവിനെ നോക്കി പല്ലിറുമ്മി നിൽക്കുന്ന അവളെ ഞെട്ടിച്ചുകൊണ്ട്, അവളെയും കാത്തു നിന്നിരുന്ന ബസ്സിൻ്റെ ഹോൺ മുഴങ്ങി.

വിഷ്ണുവിനെ നോക്കി ദേഷ്യത്തോടെ എന്തോ പിറുപിറുത്തു കൊണ്ട്
ഓടി വന്ന അവൾ ചലിച്ചു തുടങ്ങിയ ബസ്സിൻ്റെ ചവിട്ടുപടിയിലേക്ക് ചാടി കയറി.

“എന്താ ഭസ്മേ… ഞങ്ങൾ ഇടപെടണോ?”

ക്ലീനർ കണ്ണൻ ചോദിച്ചതും അവൾ പുച്ഛത്തോടെ അവനെ നോക്കി.

” ഇത്രയും നേരം നീ എന്തെടുക്കുവായിരുന്നു… ആ ജാക്കിലിവറുമായി ഒന്നങ്ങട്ട് വരാമായിരുന്നില്ലേ?”

ഭസ്മയുടെ ചോദ്യം കേട്ടതും കണ്ണൻ ചൂടായി.

” ഇല്ലാത്ത ജാക്കി ലിവറുമായി ഞാൻ എങ്ങിനെ അങ്ങോട്ടേക്ക് വരും….ഒന്നാമതെ ഒരു നട്ട് മുറുക്കാൻ തന്നെ സ്പാനർ കൂടിയില്ല…. ആ സമയത്താണ് ജാക്കിയും, ജാക്കിലിവറും “

ദേഷ്യത്തോടെ കണ്ണൻ പറഞ്ഞതും, അവൻ്റെ വായ്ക്കകത്തുണ്ടായിരുന്ന പാൻപരാഗ് പുറത്തേക്ക് തൂറ്റി.

സൈഡ് സീറ്റിലിരിക്കുന്ന സ്ത്രീ അവനെ രൂക്ഷമായി നോക്കുന്നത്, കാണാത്ത ഭാവത്തിൽ അവൻ ചുണ്ടുകൾ തുടച്ചു.

” ഒരു ജാക്കി ലിവറെങ്കിലും മേടിച്ചു തരാൻ പറ മുതലാളിയോട്…. പഞ്ചറായി വണ്ടി വഴീകെടക്കണതു കൊണ്ടുള്ള വിഷമം കൊണ്ടല്ല …. ഇതു പോലെ പ്രശ്നണ്ടാക്ക്ണ ആരുടെയെങ്കിലും തലതല്ലി പൊട്ടിക്കാമെന്നു വെച്ചാ….”

കണ്ണൻ പറഞ്ഞതും, സൈഡ് സീറ്റിലിരുന്ന സ്ത്രീ പൊട്ടി വന്ന ചിരി അമർത്തി പിടിക്കുന്നത് കണ്ട് കണ്ണനും പതിയെ ചിരിച്ചു കൊണ്ട് ആ സ്ത്രീയെ നോക്കി ചോദിച്ചു ‘

“പറഞ്ഞത് ഇഷ്ടായില്ലേ?”

“ഒരുപാടിഷ്ടമായി “

അവൾ നാണത്തോടെ പറയുന്നത് കേട്ട് കണ്ണൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരിമിന്നി.

“ഞായറാഴ്ച ഏത് അമ്പലത്തിലേക്കാ പോകാറ് ?”

കണ്ണൻ കണ്ണടച്ച് ചോദിച്ചതും, അവൾ മുഖം ലജ്ജയോടെ പതിയെ ഡോറിനടുത്തേക്ക് താഴ്ത്തി.

“കൃഷ്ണൻ്റെ അമ്പലത്തിലേക്ക്….. “

“കൃഷ്ണനല്ല മോളേ… പ്രണയത്തിന് നല്ലത് ശിവനാണ് “

ഭസ്മയുടെ ഉയർന്ന ശബ്ദം കേട്ടതും ആ പെണ്ണ് വിളറി വെളുത്തു.

ബസ്സിനുള്ളിൽ കൂട്ട ചിരി മുഴങ്ങിയതും, ഭസ്മ കണ്ണനു നേരെ ചെന്ന് അവനെ അത്ഭുതത്തോടെ നോക്കി നിന്നു.

” ഒരൊറ്റ സെക്കൻ്റിൽ ലൈൻ വലിക്കാൻ എങ്ങിനെ കഴിയുന്നോടാ ചെക്കാ ?”

കണ്ണനോട് അതും ചോദിച്ചിട്ട് ഭസ്മ ആ സ്ത്രീ യെ നോക്കി പുച്ഛത്തോടെ തലയാട്ടി.

“വെറുതെയല്ല ആൾക്കാർ തൊടാനും, ചാരാനും ദുബായിൽ നിന്ന് ഫ്ലൈറ്റ് ചാർട്ടർ ചെയ്തു വരുന്നത്

ഭസ്മ അതും പറഞ്ഞ് ടിക്കറ്റ് റാക്കുമായി, ഡ്രൈവറുടെ അരികിലേക്ക് നടന്നു.

“ഈ ബസ് വിൽക്കാൻ പോകുന്നെന്നു കേൾക്കുന്നു….. ശരിയാണോ ജോയ്?”

“അങ്ങിനെ കേട്ടു “

ഡ്രൈവർ ജോയി വളയം തിരിച്ചു കൊണ്ട് അവളെ നോക്കി.

” അതല്ലേ ഭസ്മാ നല്ലത്… കളക്ഷനും കുറവ്… ഇടയ്ക്ക് ട്രിപ്പ് മുടങ്ങുക..ശരിക്കുള്ള ദിവസകൂലി നമ്മൾക്ക് മുട്ടുന്നുണ്ടോ? അതും ഇല്ല….”

ഒന്നു നിർത്തി അവൻ ദൂരേയ്ക്ക് കണ്ണു പായിച്ചു. അവൻ്റെ കണ്ണ് നിറയുന്നതു അവൾ കണ്ടു.

“എന്തായാലും ഇതു കൊണ്ടുനടന്നിട്ട് നമ്മൾ രക്ഷപ്പെടുന്നില്ല. ഇത് വിറ്റിട്ട് ആ മുതലാളിയെങ്കിലും രക്ഷപ്പെട്ടോട്ടെ” “

പറഞ്ഞു തീർന്നതും, അവൻ വിഷമത്തോടെ ഗിയർ വലിച്ചിട്ടു

തന്നെ നോക്കി നിൽക്കുന്ന ഭസ്മയെ കണ്ടതും ജോയ് പുഞ്ചിരിച്ചു.

” വരുമാനമില്ലെങ്കിലും നമ്മൾക്ക് ഒരു ആശ്വാസമായിരുന്നല്ലേ ഈ ബസ്? കളിച്ചും, ചിരിച്ചും, തമാശ പറഞ്ഞും ഒന്നു രണ്ട് വർഷം എത്ര പെട്ടെന്നാണ് കടന്നു പോയത്? അതോർക്കുമ്പം “

പൂർത്തിയാക്കാതെ അവൻ്റെ വാചകം മുറിഞ്ഞപ്പോൾ, നിറയാനൊരുങ്ങിയ കണ്ണുകളെ പിൻവലിച്ച് അവൾ യാത്രക്കാർക്കിടയിലേക്ക് നടന്നു…..

രാത്രിയോട്ടത്തിനവസാനം ബസ് ഹാൾട്ട് ചെയ്ത് കളക്ഷൻ, മുതലാളിയുടെ കൈയിലേക്ക് കൊടുക്കുമ്പോൾ ആ കൈ വിറച്ചത് കണ്ട് അവൾ ചോദ്യഭാവത്തോടെ നോക്കി.

” ഒരു ആഴ്ച കൂടിയുള്ളൂ ഞാൻ മുതലാളിയായിട്ട്… അതു കഴിഞ്ഞാൽ മറ്റൊരാളാ മുതലാളി… എല്ലാം ഉറപ്പിച്ചു “

മുതലാളി സങ്കടത്തോടെ പറഞ്ഞ് കൊണ്ട് അകത്തേക്ക് നടന്നതും, ഭസ്മ ശില പോലെ നിന്നു.

ആഴകടലിൽ ഒറ്റപ്പെട്ടതു പോലെ തോന്നിയ അവളുടെ കണ്ണ് നിറഞ്ഞു.

എത്ര നേരം ആ മുറ്റത്ത്, ഇരുട്ടിലേക്ക് തുറിച്ചു നോക്കി നിന്നെന്ന് അവൾക്കറിയില്ല!

ഏതോ ഒരു നിമിഷം കൂട്ടിൽ കിടക്കുന്ന നായ കുരച്ചപ്പോഴാണ് അവൾ ഓർമ്മകളിൽ നിന്ന് തിരിച്ചെത്തിയത്…….

ആകാശത്തിനു പോലും സങ്കടം വന്നതു പോലെ മഴ പെയ്തു തുടങ്ങിയിരുന്നു അപ്പോൾ…

ആ മുറ്റത്ത് നിന്ന് അവളുടെ കാൽപാദങ്ങൾ പതിയെ ചലിച്ചു തുടങ്ങി.

കട്ട കുത്തിയ ഇരുട്ടിലൂടെ, കോരി ചൊരിയുന്ന മഴയും കൊണ്ട് അവൾ നടക്കുമ്പോൾ പാറിയെത്തിൽ മിന്നൽ പാളികൾ അവളെ തഴുകി പോയി…

ഇനിയെന്ത് എന്ന ചോദ്യം അവളുടെ ഉള്ളിൽ കടന്നൽ കൂടിളകിയതുപോലെ മുഴങ്ങിയപ്പോൾ അവൾ കറുത്തിരുണ്ട ആകാശത്തിലേക്ക് കണ്ണയച്ചു.

മഴത്തുള്ളികൾ അവളുടെ വിടർന്ന മിഴികളിലെ കണ്ണുനീരുമായി കൂടികലർന്നു.

മഴയിൽ നിന്ന് കണ്ണെടുത്ത് അവൾ ഇരുട്ടിലേക്ക് നോക്കി ചിരിച്ചു.,,,

എല്ലാം നഷ്ടപ്പെടുന്നുവെന്നു തോന്നിയവളുടെ, ആത്മവിശ്വാസത്തിൻ്റെ കരിന്തിരി കത്തുന്ന ചിരി…

ആ ചിരിയോർമ്മകൾ ചെന്നെത്തിയത്, പാടത്തിനക്കരെയുള്ള, അവളുടെ വീട്ടിലേക്കാണ്.

അവിടെ, മഴചാറൽ വീഴുന്ന കോലായിൽ പുറത്തെ ഇരുട്ടിലേക്ക് കണ്ണുംനട്ട് തൻ്റെ വരവും നോക്കിയിരിക്കുന്നുണ്ടാവും അമ്മയും, ചേട്ടനും.

വീൽ ചെയറിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത ചേട്ടനെയും, വയസ്സായ അമ്മയെയും ഇതുവരെ നോക്കിയത് ഈ കണ്ടക്ടർ പണികൊണ്ടാണ്……

കണ്ടക്ടറായ അച്ഛൻ, രാത്രി കളക്ഷനും കൊടുത്തു വരുമ്പോൾ പൊട്ടിവീണ ഇലക്ടിക് കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ചത് മുതലാണ് ദുരിതങ്ങൾ പടിപടിയായി ഈ കൊച്ചു വീട്ടിലേക്കെത്തിയതെന്ന് അവളോർത്തു.

തൊട്ടടുത്ത വർഷം ബൈക്ആക്സിഡൻ്റ് ആയി ചേട്ടൻ വീൽ ചെയറിലേക്കും പോയപ്പോൾ, അതുവരെ ഓടി നടന്നിരുന്ന അമ്മ തളർന്നു പോയി…..

സന്തോഷത്തിൻ്റെ വെളിച്ചം നിറഞ്ഞിരുന്ന വീട്ടിലേക്ക് ദു:ഖത്തിൻ്റെ നിഴലുകൾ വീണു തുടങ്ങിയപ്പോൾ ഡിഗ്രി കംപ്ലീറ്റ് ചെയ്യുക എന്ന സ്വപ്നം തകർത്തെറിഞ്ഞ് ഓടിയെത്തിയത് ഈ കണ്ടക്ടർ പണിയിലേക്കാണ്.

പലരും മൂക്കത്തു വിരൽ വെച്ചെങ്കിലും, അതിനു താഴെയുള്ള വായിലൂടെ അകത്തേക്ക് വല്ലതും കഴിക്കുന്നുണ്ടോയെന്ന് ആരും അന്വേഷിച്ചിരുന്നില്ല…..

തൊട്ടും, തലോടിയും ചില വൈകൃതങ്ങൾ മനസ്സിനെ മുറിവേൽപ്പിച്ചെങ്കിലും അതൊക്കെ ചൂട് വെള്ളത്തിൽ ഒന്നു കുളിച്ചാൽ തീരുന്നതായിരുന്നു……

ഒരു രാത്രി വന്നാൽ കൈ നിറയെ കാശ് തരാമെന്നു പറഞ്ഞവൻ്റെ കരണകുറ്റിക്ക് ഒന്നു കൊടുത്തപ്പോൾ അവൾക്ക് മനസ്സിലായി തുടങ്ങി …..

അവളിപ്പോൾ നാണം കുണുങ്ങിയായ പഴയ ഭസ്മയല്ലായെന്ന്…..

ഏതിനെയും, എന്തിനെയും ചങ്കൂറ്റത്തോടെ നേരിടാൻ കഴിയുന്ന കരുത്തുറ്റ ഭസ്മയായി തീർന്നെന്ന് …

ആ ചങ്കൂറ്റത്തോടെയാണ്, ഇന്ന് ബസിൽ തൊട്ടുരുമ്മിയവൻ്റെ നേർക്ക് പാഞ്ഞുചെന്നതും

പക്ഷെ അറിയാതെ പറ്റിയതാണെന്ന അയാളുടെ വാദത്തിൽ എന്തോ ശരിയുണ്ടെന്ന് തോന്നിയപ്പോഴാണ് പത്തി മടക്കിയത്…….

അല്ലെങ്കിൽ ചിരിച്ചു നിന്ന അവൻ്റെ കവിളിൽ തൻ്റെ അഞ്ചു വിരലും പതിഞ്ഞേനെ എന്നവൾ ഓർത്തു.

ഓർമകളുമായി സഞ്ചരിക്കവെ, പാടവരമ്പിലേക്ക് വെച്ച കാൽ വഴുതിയപ്പോഴാണ് വീട് അടുക്കാറായെന്ന ചിന്ത അവളിലുണർന്നത്.

പാടവരമ്പിൻ്റെ മദ്ധ്യത്തിലെത്തിയതും, വീടിനു മുന്നിലെ മങ്ങി കത്തുന്ന ബൾബിനു താഴെ അമ്മയെയും, ചേട്ടനെയും കാണാതായപ്പോൾ അവൾക്ക് പരിഭ്രാന്തി തോന്നി.

ആശങ്കയോടെ കാലും വലിച്ചു വെച്ച് ഭസ്മ വീടിനടുത്തെത്തിയതും, അകത്ത് നിന്ന് ചേട്ടൻ്റെ പൊട്ടിചിരിയുയർന്നത് കേട്ടപ്പോൾ അവിശ്വസനീയതയോടു കൂടി ഒന്നുകൂടി അവൾ കാതോർത്തു.

കോരിച്ചൊരിയുന്ന മഴ ശബ്ദത്തെയും വകഞ്ഞു മാറ്റി വരുന്നത് ചേട്ടൻ്റെ ചിരിയുടെ ശബ്ദമാണെന്നറിഞ്ഞ അവൾക്കപ്പോൾ ലോകം പിടിച്ചടക്കിയതുപോലെ തോന്നി.

ഇതു വരെ മനസ്സിനെ മഥിച്ചിരുന്ന വിഷാദചിന്തകൾ മാനത്തേയ്ക്ക് അപ്പൂപ്പൻ താടി പോലെ പറന്നകലുന്നത് അവളറിഞ്ഞു.

ആക്സിഡൻ്റായതിൽ പിന്നെ ചേട്ടൻ്റെ പൊട്ടിചിരി കേട്ടിട്ടില്ലവൾ…….

വിഷാദം നിറഞ്ഞ മുഖമായിരുന്നു പിന്നെയെപ്പോഴും കണ്ടിരുന്നത്.

ആശകൾ നഷ്ടപ്പെട്ട ഭാവത്തിലുള്ള ആ മുഖത്ത് നോക്കുമ്പോൾ മനസ്സിൽ ശബ്ദമില്ലാതെ ഒരു പാട് കരഞ്ഞിട്ടുണ്ട്.

പത്ത് വയസ്സിന് വ്യത്യാസമുണ്ടെങ്കിലും, എപ്പോഴും കൊച്ചുകുട്ടികളെ പോലെ അടിപിടിയായിരുന്നു.

” കോളേജിൽ പഠിക്കുമ്പോൾ ഉള്ള ആ ചിരിയ്ക്ക് ഒരു വ്യത്യാസവും വന്നിട്ടില്ലല്ലോ രമേശാ ?”

ആരുടെയോ ചോദ്യം അകത്ത് നിന്ന് ഉയർന്നപ്പോൾ, പടിയിലേക്ക് വെച്ച കാൽ അവൾ പിന്നോട്ടു വലിച്ചു.

” അമ്മേ…. ഇതേ ചിരിയായിരുന്നു ഇവന് ഹോസ്റ്റലിൽ…. ദൂരെ നിന്നും അറിയാം ഇത് രമേശൻ്റെ ചിരിയാണെന്ന് …”

ആരോ പറഞ്ഞിട്ട് അമർത്തി ചിരിക്കുന്നത് കേട്ടപ്പോൾ അവൾ സൂക്ഷ്മതയോടെ കാതോർത്തു.

ഇതു വരെ താൻ കേൾക്കാത്ത ശബ്ദമാണല്ലോയെന്ന് ചിന്തിച്ചു നിൽക്കുമ്പോൾ അവളെ നനച്ചു കൊണ്ട് മഴ കോരിച്ചൊരിയുകയായിരുന്നു.

“രമേശന് നമ്മുടെ ഒപ്പം പഠിച്ചിരുന്ന ഒരു ലില്ലിയെ ഓർമയില്ലേ? കാന്താരിമുളക്….അതേ പോലത്തെ ഒരു പീസിനെ ഞാൻ ഇന്നു ബസ്സിൽ വെച്ചു കണ്ടു മോനെ…. “

“എന്തേ… നിന്നോട് ഉടക്കിയോ ആ കാന്താരി… അതാണല്ലോ പതിവ് “

“ഏയ് ബസ്സിൽ അവളുടെ മേൽ ഞാൻ മുട്ടിയെന്നും പറഞ്ഞ് എന്നെ കൊന്നില്ലായെന്നുള്ളൂ…. “

ആ വാചകം കേട്ടതോടെ ഭസ്മയിൽ ഒരു വിറയൽ കടന്നു പോയി.

“നീ എന്നിട്ട് ഒന്നും പറഞ്ഞില്ലേ?”

ചേട്ടൻ്റ ചോദ്യം ഉയർന്നതും, അയാൾ പതിയെ ചിരിച്ചതും അവൾ കേട്ടു .

“ഏയ്., … രണ്ട് മൂന്ന് ഡയലോഗ് മാത്രം പറഞ്ഞു… അത്രേ ചെയ്തുള്ളൂ…. ആ തൻ്റേടം എനിക്കിഷ്ടപ്പെട്ടു:..റെയർ പീസ് കാണുമ്പോൾ ഉണ്ടാകുന്ന ഒരു ത്രില്ലില്ലേ? അത് തന്നെ സംഭവം.. അതിൻ്റെ ഹാങ്ങ്ഓവർ പെട്ടെന്നൊന്നും എന്നെ വിട്ടു പോകില്ലായെന്നാ തോന്നുന്നത് “

മഴയിൽ നിന്ന് കേട്ടുകൊണ്ടിരുന്ന ഭസ്മ യുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി പാറിപറന്നിറങ്ങി.

“നിനക്ക് അത്രയ്ക്ക് ഇഷ്ടമായെങ്കിൽ നമ്മൾക്ക് എങ്ങിനെയെങ്കിലും അവളെ കണ്ടെത്താം വിഷ്ണൂ”

ചേട്ടൻ്റെ ശബ്ദം ഉയർന്ന് കേട്ടതും, എന്തിനാണെന്നറിയാതെ അവളുടെ ദേഹം വിറച്ചതും, അതേ നിമിഷം വന്ന വിഷ്ണുവിൻ്റെ മറുപടി അവളെ എന്തിനോ നിരാശപ്പെടുത്തി.

“അതൊന്നും വേണ്ട രമേശാ…. ഇത്തിരി പ്രായവ്യത്യാസം ഉണ്ട്.പോരാത്തതിന് എനിക്കൊരു വിവാഹത്തിന് താൽപര്യവുമില്ല…. ഒരു ബാച്ചിലറിൻ്റെ സുഖം ഒന്നിനും കിട്ടില്ല…. “

” ഇയാളെ ബാച്ചിലറാവാൻ ഞാൻ വിട്ടിട്ടു വേണ്ടേ മനുഷ്യാ…. തന്നെ എനിക്കു വേണം… ഈ നിമിഷം തൊട്ട് ഇയാൾ എൻ്റെതാ…. “

മഴയിലേക്കും നോക്കി നിന്ന് അവളത് മന്ത്രിക്കുമ്പോൾ, വിരുന്ന് വന്ന രണ്ട് മിന്നാമിനുങ്ങുകൾ അവളുടെ മിഴികളിൽ കുടിയേറിയിരുന്നു.

അച്ഛൻ്റെ മരണത്തിനും, ചേട്ടൻ്റെ അപകടത്തിനും ശേഷം മൂകതയിലാണ്ട ഇവിടം വർഷങ്ങൾക്കു ശേഷം സന്തോഷവുമായി വന്നെത്തിയ ആളെ വെറുതെ വിടാൻ ഒരുക്കമല്ല……

തൻ്റെ അമ്മേയെന്നുള്ള വിളിയിൽ അമ്മ സന്തോഷം കൊണ്ടു പതിയെ ചിരിക്കുന്നതും, രമേശാ എന്നുള്ള വിളിയിൽ ചേട്ടൻ പൊട്ടിച്ചിരിക്കുനതും ഇന്നു മാത്രമല്ല…. എന്നും കേൾക്കണം എനിക്ക് … അതിന് എനിക്ക് തന്നെ പ്രണയിച്ചു തുടങ്ങണം….

അതിന് തൻ്റെ ഭൂതകാലം എനിക്ക് പ്രശ്നമല്ല:……

പ്രായവ്യത്യാസവും ഒരു തടസ്സമല്ല…..

അല്ലെങ്കിലും, ആരോ പറഞ്ഞതു പോലെ പ്രായം വെറുമൊരു സംഖ്യയല്ലേ മാഷേ?”

പുറത്തെ ഇരുട്ടിലേക്ക് നോക്കി അവളത് മന്ത്രിക്കുമ്പോൾ പ്രതീക്ഷയുടെ വെളിച്ചം മനസ്സിൽ പരക്കുന്നത് അവളറിഞ്ഞു തുടങ്ങി.

“നിനക്ക് എന്നും അതായിരുന്നല്ലോ ഇഷ്ടം…. ഒരു ഒറ്റയാനെ പോലെ മദിച്ചു നടക്കാൻ “

രമേശൻ്റെ ചോദ്യത്തിന് പതിഞ്ഞ ഒരു ചിരി വിഷ്ണുവിൽ നിന്ന് ഉയരുന്നത് കേട്ട്, ഭസ്മ ശിരസ് പതിയെ വെട്ടിച്ചു.

“നിനക്കൊരു അനിയത്തി കുട്ടിയുണ്ടായിരുന്നില്ലേ?’ഞാൻ പണ്ട് വരുമ്പോൾ
നത്തോലിമോറീന്ന് വിളിക്കുന്ന ഒരു കുട്ടി… അതിൻ്റെ വിവാഹം കഴിഞ്ഞോ?”

വിഷ്ണുവിൻ്റെ ചോദ്യമുയർന്നത് കേട്ടപ്പോൾ ചേട്ടനും, അമ്മയും നിശബ്ദരാകുന്നത് അവളറിഞ്ഞു.

ചിതലരിച്ച കഴുക്കോലും, പൊട്ടാത്ത കുറച്ച് ഓടുമായി, എപ്പോൾ വേണമെങ്കിലും നിലംപൊത്താമെന്ന രീതിയിൽ നിൽക്കുന്ന ഈ വീട്ടിൽ നിന്ന്, ഒരു തരി പൊന്നില്ലാതെ ആര് പെണ്ണ് കെട്ടാൻ എന്ന ചോദ്യം അവരുടെ തൊണ്ടകുഴിയിൽ കിടന്നു പിടയ്ക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു……

ദാരിദ്ര്യത്തിനു മീതെ ചൊവ്വാദോഷവും കൂടിയാകുമ്പോൾ പെണ്ണിൻ്റെ സ്വപ്നങ്ങൾക്കെന്നും അടുക്കളയുടെ കറുപ്പ് നിറം തന്നെയാണെന്ന് അവർ പറയാതെ പറയുന്നുണ്ട് ….

ചേട്ടൻ്റയും, അമ്മയുടെയും അപ്പോഴത്തെ അവസ്ഥയോർത്ത് അവളുടെ കണ്ണ് നിറഞ്ഞു.

ചേട്ടൻ്റയും, അമ്മയുടെയും അവസ്ഥ ഓർത്ത് വിവാഹത്തിനു സമ്മതിക്കാതെ ഇവിടെ തന്നെ നിൽക്കുന്നു എന്നു ഓടിചെന്ന് അയാളോട് കള്ളം പറയണമെന്നുണ്ട് ….

മരിക്കുമെന്ന് തോന്നിയാൽ പോലും ഒരിക്കലും കള്ളം പറയരുതെന്ന അച്ഛൻ്റെ വാക്ക് ഇപ്പോഴും പിൻതുടരുന്നതിനാൽ അതിനു വയ്യ….

” വിവാഹം കഴിഞ്ഞിട്ടൊന്നുമില്ല അവൾടെ?” അവൾ ജോലിക്ക് പോയിരിക്കാ… വരാനുള്ള നേരമായിട്ടുണ്ട്…. “

ചേട്ടൻ്റെ പറച്ചിലിനു ശേഷം രണ്ടു നിമിഷം നിശബ്ദത അവർക്കിടയിൽ തങ്ങിയത് അവളറിഞ്ഞു.

” അവൾക്ക് നീ ഇപ്പോൾ വാങ്ങാൻ പോകുന്ന ബസ്സിലാ ജോലി…. കണ്ടക്ടറായിട്ട്…”

ചേട്ടൻ്റെ സംസാരം കേട്ടതും അവൾ അമ്പരപ്പോടെ നിന്നു….

തനിക്കു ചുറ്റും മിന്നാമിനുങ്ങുകൾ കൂട്ടത്തോടെ പറക്കുന്നുവെന്ന് അവൾക്ക് തോന്നി.

ജോലി നഷ്ടപ്പെടില്ല എന്നോർത്ത് ഒന്നു പൊട്ടി ചിരിക്കണമെന്നുണ്ടായിരുന്നു അവൾക്ക്…..

“ഭസ്മം ഇടാറുണ്ടോ ആ കുട്ടി?”

വിഷ്ണുവിൻ്റെ ചോദ്യം ചിതറുന്നതറിഞ്ഞ ഭസ്മ പുഞ്ചിരിയോടെ,മഴയിൽ നിന്ന് പടിയിലേക്ക് കയറി നിന്നു.

” ഉവ്വ്…. നീയെന്താ വിഷ്ണൂ പെട്ടെന്ന് ഡസ്പ്- ആയത്? രാത്രി വരുന്നതൊന്നും അവൾക്ക് ഒരു പ്രശ്നവുമില്ല…. നിന്നേക്കാൾ തൻ്റേടിയാ…”

“അതല്ല രമേശാ…. എനിക്ക് നാളെ കാലത്ത് ഒരാളെ കാണേണ്ടതുണ്ട്… ഇപ്പോഴാ ഓർത്തത്…. ഇപ്പോ ഇറങ്ങിയാൽ പെട്ടെന്ന് തന്നെ വീട്ടിലെത്താം “

” ഇത്രയും വർഷങ്ങൾക്ക് ശേഷം വന്നിട്ട് ഒരു നുള്ള് ഭക്ഷണം കഴിക്കാതെ പോകുമ്പോൾ ഈ അമ്മയ്ക്ക് വിഷമമാവും”

അമ്മയുടെ സങ്കടത്തിലുള്ള പറച്ചിൽ കേട്ടതും, വിഷ്ണു അവരെയൊന്നു ചേർത്തു പിടിച്ചു.

“അമ്മ വിഷമിക്കണ്ട:..പോകുന്നതിനു മുൻപെ ഒരിക്കൽ കൂടി ഞാൻ വരാം.,,പോട്ടെ രമേശാ…. “

അത്രയും പറഞ്ഞ് ധൃതിയിൽ, ഭസ്മ വരുന്നതിനു മുൻപ് പുറത്തുചാടാൻ വാതിക്കൽക്കെത്തിയ വിഷ്ണു, ഒരു പുഞ്ചിരിയുമയി, മുന്നിൽ നനഞ്ഞൊട്ടി നിൽക്കുന്ന ഭസ്മയെ കണ്ടതും, അവൻ്റെ പാദങ്ങൾ നിശ്ചലമായി.

“ദുബായിക്കു പോകാൻ അത്രയ്ക്കും ധൃതിയായോ ചേട്ടന്?”

ഭസ്മയുടെ ചോദ്യം കേട്ടതും, വിഷ്ണു ഒരു ചമ്മലോടെ അമ്മയെയും, രമേശനെയും നോക്കി.

“മോൾക്ക് ഓർമയുണ്ടോ ഈ ചേട്ടനെ?

രമേശൻ ചോദിച്ചതും അവളുടെ മിഴികൾ വിടർന്നു.

“ഇതെന്ത് ചോദ്യമാ ചേട്ടൻ ചോദിക്ക്ണത്? കുട്ടി കാലത്ത് ചേട്ടൻ്റെയൊപ്പം ഈ ചേട്ടൻ ഇടയ്ക്കൊക്കെ ഇവിടെ വന്നത് എനിക്ക് നല്ല ഓർമയുണ്ട്… എന്നെ നത്തോലി മോറീന്ന് വിളിച്ചിട്ട് ദേഷ്യം പിടിപ്പിക്കുന്നതും “

മഴവെള്ളം ശരീരത്തിൽ നിന്നൊലിക്കുന്നത് കണ്ട് ദേവകിയമ്മ ഒരു ടർക്കിയെടുത്ത് അവളുടെ അടുത്ത് ചെന്ന് തലതുവർത്തി തുടങ്ങി.

” അന്നൊക്കെ വന്നാൽ ഒരുപാട് കഥകൾ പറഞ്ഞു തരുമായിരുന്നു ഈ ചേട്ടൻ…. ദുബായ്, ദേര ,ലോകത്തിൻ്റെ വിവിധ കോണുകൾ അങ്ങിനെയൊക്കെ പറഞ്ഞു തന്നത് ഇപ്പോഴും ഓർമയിൽ തങ്ങി നിൽക്കുന്നതു പോലെ “

തൻ്റെ കണ്ണുകളിലേക്കുറ്റുനോക്കി ഭസ്മയതു പറയുമ്പോൾ ചൂളിപോകുന്നതായി അവന് തോന്നി.

ദേവകിയമ്മയും, രമേശനും ഇതെന്ത് കഥയെന്ന ചോദ്യഭാവത്തോടെ ഭസ്മയെ നോക്കി.

“ഭസ്മ-വീണ്ടും എന്തോ പറയുമ്പോഴെക്കും, അവൻ ദയനീയതയോടെ അരുതേയെന്ന് തലയാട്ടിയപ്പോൾ, അവൾ ഒരു പുഞ്ചിരിയോടെ തലയാട്ടി.

” ആകെ മഴ നനഞ്ഞിരിക്കുന്നു അമ്മാ… ഞാനൊന്നു കുളിച്ചിട്ടു വരാം…. ബാക്കി കഥകൾ നാളെ പറഞ്ഞു തരാം”

ദേവകിയമ്മയിൽ നിന്ന് ടർക്കി വാങ്ങി കുളിമുറിയിലേക്ക് നടക്കുന്നതിനിടയിൽ അവളൊന്നു തിരിഞ്ഞു നിന്നു.

“ഇനിയിപ്പോ എന്തായാലും ചേട്ടൻ ഈ രാത്രി പോകണ്ട….. പാടം മുഴുവൻ വെള്ളം നിറഞ്ഞു കിടപ്പാണ്….. “

അത്രയും പറഞ്ഞ് കുളിമുറിയിലേക്ക് നടക്കുന്ന ഭസ്മയെ നോക്കി നിന്നു വിഷ്ണു….

പണ്ടത്തെ കുട്ടിപ്രായത്തിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു.

നിതംബം തഴുകുന്ന കാർ കൂന്തൽ, അവളുടെ നടത്തിനൊപ്പം ചലിക്കുന്നത് കണ്ടപ്പോൾ, കഴുത്തോളം എത്തുന്ന മുടിയുള്ള ഒരു കുട്ടിയെയാണ് അവന് ഓർമ്മ വന്നത്….

അവളുടെ നോട്ടത്തിനും, വാക്കിനും മൂർച്ച വന്നിരിക്കുന്നു…..

പതറാതെ, തളരാതെ ഒരു കുടുംബത്തിനെ ഒറ്റയ്ക്ക് തോളിലേറ്റി നടക്കുന്ന അവളോട് അവന് ആരാധന തോന്നിയ നിമിഷം…..

” അപ്പോൾ ഇന്നു പോണ്ട വിഷ്ണു….. അവൾ പറഞ്ഞതു കേൾക്കാഞ്ഞാൽ അവൾക്ക് സങ്കടമാകും”

വാക്കുകൾ കൊണ്ട് പോലും തൻ്റെ അനിയത്തിയുടെ മനസ്സ് മുറിയരുതെന്ന് ആഗ്രഹിക്കുന്ന ചേട്ടൻ്റെ ശബ്ദമാണ് രമേശിൽ നിന്നുയർന്നതെന്ന് മനസ്സിലായ വിഷ്ണു ചിരിയോടെ തലകുലുക്കി.

രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും, പ്ലേറ്റിലേക്ക് കറികൾ വിളമ്പുമ്പോഴും ഭസ്മയുടെ നോട്ടം തന്നിലേക്ക് വരുന്നതറിഞ്ഞ അവൻ പ്ലേറ്റിലേക്കു തന്നെ മുഖം താഴ്ത്തി ഇരുന്നു……

ആ നിമിഷമാണ് ചേട്ടൻ്റെ കൈയ്യിലെ വാച്ചും, അമ്മയുടെ കഴുത്തിലെ സ്വർണമാലയും അവൾ ശ്രദ്ധിച്ചത് …..

ഭസ്മയുടെ ആ നോട്ടം കണ്ടപ്പോൾ ദേവകിയമ്മ ചിരിയോടെ അവളെ നോക്കി.

“വിഷ്ണുമോൻ കൊണ്ടുവന്നതാ.,,, നാട്ടിലേക്ക് വരാതെ ഒരുപാട് വർഷങ്ങൾ ആയി ഗൾഫിൽ…. ആരോ പറഞ്ഞറിഞ്ഞതാണ് രമേശമോൻ്റെ ഇപ്പോഴത്തെ അവസ്ഥ…. അത് കേട്ടപ്പോൾ അവനെ ഒന്നു കാണാൻ വന്നതാ “

അമ്മ അക്ഷരങ്ങൾ പെറുക്കി വെയ്ക്കുന്നതു പോലെ പറഞ്ഞപ്പോൾ, ഭസ്മ നീരണിഞ്ഞ മിഴികളോടെ, പ്ലേറ്റിലേക്കു മുഖം താഴ്ത്തിയിരിക്കുന്ന വിഷ്ണുവിനെ നോക്കി.

” അല്ലെങ്കിലും അവന് വരാതിരിക്കാൻ പറ്റില്ലല്ലോ? അവൻ്റെ അമ്മ മരിച്ചതിൽ പിന്നെ ആ സ്ഥാനത്ത് എന്നെയാണ് അവൻ കണ്ടത്…. രണ്ടാനമ്മക്ക് പോലും അവൻ അത്ര സ്നേഹം കൊടുത്തിരുന്നില്ല”

ദേവകിയമ്മയുടെ സംസാരം കേട്ടതോടെ ഏതോ ഓർമ്മകൾ മനസ്സിലേക്ക് കുത്തി കയറി വന്നപ്പോൾ അവൻ ഭക്ഷണം കഴിക്കുന്നത് നിർത്തി എഴുന്നേറ്റു….

കൈ കഴുകാൻ പോകുന്ന അവനെ അപ്പോഴും ദയയോടെ പിൻതുടർന്നിരുന്നു ആറു കണ്ണുകൾ!

ഭക്ഷണം കഴിച്ചതിനു ശേഷം, കോലായിൽ വന്നിരുന്നു കഥകൾ പറയുന്ന ചേട്ടനെയും, വിഷ്ണുവിനെയും നോക്കി വീടിൻ്റെ ഒരു ഭാഗത്തായി അവൾ ഇരുന്നു……

വർഷത്തിനു ശേഷം കണ്ടുമുട്ടിയ ആത്മാർത്ഥ സുഹൃത്തുക്കളുടെ സന്തോഷം അവൾ കണ്ടറിയുകയായിരുന്നു….

കോളേജ് ജീവിതവും, ഹോസ്റ്റൽവാസവും അവരുടെ സംഭാഷണത്തിനിടയ്ക്ക് പലവട്ടം തിരമാലകണക്കെ കയറി വരുന്നുണ്ടായിരുന്നു…..

ആ കഥകളും കേട്ട് ഭസ്മയുടെ മിഴികൾ മയക്കത്തിലാകും മുൻപെ അവൾ ഒന്നു പുഞ്ചിരിച്ചു.

ഇന്നോളം ഇതുവരെ അവളുടെ ചുണ്ടിൽ അത്രയും നൈർമ്മല്യമേറിയ ഒരു പുഞ്ചിരി പാതിപോലും വിരിഞ്ഞിട്ടുണ്ടായിരുന്നില്ല.

വെളുപ്പിനെ എഴുന്നേറ്റ ഭസ്മ, കിണറിലേക്ക് തൊട്ടിവീഴുന്ന ശബ്ദം കേട്ടാണ് പുറത്തേക്ക് വന്നത്….

മങ്ങി കത്തുന്ന ബൾബിൻ്റെ മഞ്ഞപ്രകാശത്തിൽ, കിണറ്റിൻകരയിൽ ഇരുന്ന് കുളിക്കുന്ന വിഷ്ണുവിനെ കണ്ടതും അവൾ ഒരു പുഞ്ചിരിയോടെ അങ്ങോട്ടേക്ക് നടന്നു.

“എന്നെ കണ്ണുവെട്ടിച്ചു രക്ഷപ്പെടാൻ നേരത്തെ തന്നെ കുളി തുടങ്ങിയല്ലേ?”

ഭസ്മയുടെ ചോദ്യം കേട്ടതും കുനിഞ്ഞിരുന്നു തലയിലൂടെ വെള്ളമൊഴിക്കുന്ന അവൻ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി.

“ഞാൻ ആരോടും ആ കാര്യമൊന്നും പറയില്ല:..അല്ലെങ്കിലും വിഷ്ണുവേട്ടൻ തെറ്റായിട്ട് ഒന്നും പറഞ്ഞില്ലല്ലോ?”

കിണറിൻ വക്കത്തിരുന്ന ബക്കറ്റ് എടുത്ത് ഭസ്മ കിണറിലേക്കിട്ടു വെള്ളം കോരുന്നതിനിടയിൽ അവൾ ചോദിച്ചപ്പോൾ അവൻ ചെറുതായി ഒന്നു ചിരിച്ചു.

“എന്നാലും ഞാൻ അങ്ങിനെ പറയാൻ പാടില്ലായിരുന്നു…. അതും എൻ്റെ രമേശൻ്റെ അനിയത്തിയോട്…. അറിയാതെ പറ്റി പോയതാണ് സോറി….”

വിഷ്ണുവിൻ്റെ ദയനീയത നിറഞ്ഞ ശബ്ദം കേട്ടപ്പോൾ, ചിരിച്ചു കൊണ്ട് അവൾ ബക്കറ്റിലെ വെള്ളം അവൻ്റെ തലയിലൂടെ ഒഴിച്ചു.

“സോറിയോ? എന്നോടോ? എന്തിന്? ചേട്ടൻ പറഞ്ഞിരുന്ന കഥകളിലെ വിഷ്ണുവേട്ടൻ ഇങ്ങിനെ അല്ലല്ലോ? ഒന്നിനെയും കൂസാത്ത ഒരു മദ യാന….കോളേജ് ബൂട്ടികൾ വട്ടമിട്ടു പറന്നിരുന്ന ക്യുപിഡ്…. പക്ഷേ അവൻ പെണ്ണിനു പകരം പ്രണയിച്ചിരുന്നത് മദ്യത്തെ മാത്രമായിരുന്നു…… “

ഭസ്മയുടെ സംസാരം കേട്ടപ്പോൾ വിഷ്ണു ശബ്ദമില്ലാതെ ചിരിച്ചു.

” അത് പണ്ടല്ലേ ഭസ്മാ…. ഇപ്പോൾ അതിൽ നിന്നൊക്കെ ഒരുപാട് മാറി ഞാൻ “

“അതെ’.. മാറി…. മാറണം…. മാറണമല്ലോ? മാറ്റം മനുഷ്യന് അനിവാര്യമാണല്ലോ?”

ബക്കറ്റിൽ കോരിയ വെള്ളം വിഷ്ണുവിൻ്റെ തലവഴി ഒഴിക്കുമ്പോൾ അവൾ പതിയെ പറയുന്നത് അവൻ കേട്ടു.

” പക്ഷെ ഒരു നിമിഷം ആ പഴയ വിഷ്ണുവേട്ടനായി എൻ്റെ മുന്നിൽ നിക്കാമോ? ഒരു കാര്യം ചോദിക്കാനാണ്?”

ഭസ്മയുടെ ചോദ്യം കേട്ടതും, വിഷ്ണു ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു ഭസ്മയെ നോക്കി.

തൻ്റെ കണ്ണിലേക്കുറ്റുനോക്കി നിൽക്കുന്ന അവൻ്റെ കണ്ണിലേക്ക് അവൾ ഇമവെട്ടാതെ നോക്കി നിന്നു……

തണുത്ത കാറ്റ് അവരെ വട്ടംചുഴറ്റി പോകുന്നതറിയാതെ…..

” പ്രായവ്യത്യാസവും, ചൊവ്വാദോഷവും നോക്കാതെ, ഒരു തരി പൊന്ന് ആഗ്രഹിക്കാതെ ഈ ഭസ്മയുടെ കഴുത്തിലൊരു താലി അണിയിക്കാൻ ധൈര്യമുണ്ടോ വിഷ്ണുവേട്ടന്?”

മനസ്സിൻ്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്ന നോട്ടത്തോടെയുള്ള, അവളുടെ ചോദ്യത്തിൽ അവനൊന്നു പുഞ്ചിരിച്ചു …..

ഒരു പാട് ആലോചിച്ച് ഒരു ഉത്തരം കണ്ടെത്തിയപ്പോൾ, ഭസ്മയെ തൻ്റെ നെഞ്ചിലേക്കു ചേർത്തുനിർത്തി വിഷ്ണു …

“വിധവയാകുന്നത് ഓർത്ത് നിനക്ക് പേടിയില്ലെങ്കിൽ…. മരിക്കുമെന്ന് ഓർത്ത് എനിക്ക് തരിമ്പും ഭയമില്ല:

വിഷ്ണുവിൻ്റെ വാക്ക് കേട്ട അമ്പരപ്പോടെ ആ നെഞ്ചോട് മുഖം ചേർത്ത് അവൻ്റെ കണ്ണിലേക്കുറ്റുനോക്കി ഭസ്മ…..

മാനത്തെ അമ്പിളിമാമൻ അവളുടെ മിഴികളിൽ ഇളകുന്നത് കണ്ടപ്പോൾ അവൾ കരയുകയാണെന്ന് മനസ്സിലായ വിഷ്ണു പതിയെ തൻ്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിപ്പിച്ചു……

” റീട്ടെയിലോ, ഹോൾസെയിലോ?”

നാലഞ്ചു നിമിഷങ്ങൾക്കു ശേഷം ഭസ്മയുടെ കാതിലേക്ക് ചുണ്ട് ചേർത്ത് വിഷ്ണു ചോദിച്ചപ്പോൾ ഒരു വിറയൽ അവളിലൂടെ കടന്നു പോയി….

“ഏസ് യു വിഷ്?”

ലജ്ജയോടെ പറഞ്ഞു കൊണ്ട്, അവനെ തള്ളി മാറ്റി വീട്ടിലേക്ക് ഓടികയറാൻ തുടങ്ങിയ അവൾ ഒരു നിമിഷം തിരിഞ്ഞു നിന്നു…..

കഴുത്തിൽ കൈവിരൽ കൊണ്ട് ഒരു വൃത്തം വരച്ചുകൊണ്ട് അവൾ പതിയെ പറഞ്ഞു.

“പക്ഷേ എല്ലാം ഇവിടെ ഒരു താലിയിട്ടിട്ട് മാത്രം…. “

അത്രയും പറഞ്ഞ് അകത്തേക്ക് ഓടികയറിയ ഭസ്മയുടെ മനസ്സിൽ വിഷ്ണുവിൻ്റെ പുഞ്ചിരിയേക്കാളും നിറഞ്ഞു നിന്നിരുന്നത് അമ്മയുടെയും, ചേട്ടൻ്റെയും സന്തോഷത്താലുള്ള പൊട്ടിചിരിയായിരുന്നു…..

അതായിരുന്നു അവൾക്കേറെ ആവശ്യവും……

ശുഭം