( ‘ ബാങ്കിൽ വന്ന സ്ത്രീ’ ക്ക് ശേഷം എന്റെ 14-മത്തെ കഥ.. ശടെന്ന് പറയും മുന്നേ നിങ്ങൾക്കിത് വായിച്ചു തീർക്കാം…
നിങ്ങളുടെ ഇടയിലുമില്ലേ ഇവർ…?)
അതുലും കിരണും
രചന: RJ SAJIN
പിഎസ്‌സി റാങ്ക്ലിസ്റ്റിൽ തന്റെ പേര് ഒന്നിടംപിടിച്ചപ്പോൾ ആദ്യമൊന്ന് സന്തോഷിച്ചെങ്കിലും അതുലിനെക്കുറിച്ചോർത്തപ്പോൾ അവന്റെ മുഖമൊന്ന് വാടി .
പഠനശേഷം ഒന്നിച്ചാണ് കോച്ചിങ്ങിനു പോയിത്തുടങ്ങിയത് .
സാമ്പത്തികമായി മെച്ചമുള്ള അവസ്ഥയിലല്ല രണ്ടാളും .എന്നിരുന്നാലും കാശൊക്കെ ഒപ്പിച്ച് കോച്ചിങ്ങും കൂട്ടംചേർന്നുള്ള പഠനവുമായി രണ്ടാളും മുന്നോട്ട് പോവുകയായിരുന്നു .
ഇരുവരും അയൽക്കാരായതുകൊണ്ട്തന്നെ ഏതേലും ഒരുവീട്ടിൽ ഒരുസമയം ഒരുമിച്ചുണ്ടാകുമായിരുന്നു .
കുട്ടിക്കാലം തൊട്ട് ഒപ്പമുണ്ടായതുകൊണ്ട് രണ്ടുപേരുടെയും സ്വപ്നങ്ങളും ഏകദേശം ഒരു പോലൊക്കെ തന്നെയായിരുന്നു.
കുടുംബത്തെ ഒന്ന് നല്ലരീതിയിൽ കരകയറ്റിയെടുത്തിട്ട് ഒരുപാട് യാത്രകൾ പോകണമെന്നത് അവരുടെ വലിയൊരു സ്വപ്നം തന്നെയായിരുന്നു .
ആ ഒരവസ്ഥയിലായിരുന്നു ക്ലർക്ക് പോസ്റ്റിന്റെ റാങ്ക്ലിസ്റ്റിൽ കിരൺ ഇടംനേടിയത് .
തന്റെ ഉറ്റചങ്ങാതിക്ക് കിട്ടാതെപോയത് വളരെ നല്ല രീതിയിൽ തന്നെ കിരണിനെ വിഷമപ്പെടുത്തി.
അവനോട് എങ്ങനാ തന്റെ സന്തോഷവിവരം ഒന്ന് പറയുക ..അതവന് കൂടുതൽ വിഷമമുണ്ടാക്കുമോ …?
ആകെ ഒരു അവസ്ഥയിലായിരുന്നു കിരൺ .
അപ്പോഴേക്കും അതുലിന്റെ പേര് ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞു.
അവൻ വിളിക്കുന്നു.
എന്തുപറയണമെന്നറിയാതെ കിരൺ ഫോണെടുത്തു.
” അളിയോ …അഭിനന്ദനങൾ …ചിലവുണ്ട് ചിലവുണ്ട് ….”
ഉള്ളിൽ നിന്ന് സംസാരിക്കുമ്പോലെയല്ല അതുൽ സംസാരിച്ചതെന്ന് കിരണിന് മനസ്സിലാക്കാൻ അധികാനേരമൊന്നും വേണ്ടിവന്നില്ല .
പണ്ട് തൊട്ടേ അറിയാവുന്നവനല്ലേ ..
“ഒക്കെ അളിയാ .”.സെറ്റ് ചെയ്യാമെന്ന് മാത്രം പറഞ്ഞു കിരൺ ഫോൺ കട്ടാക്കി.
പിന്നീടുള്ള അവരുടെ കൂടിക്കാഴ്ചകളിൽ റാങ്ക്ലിസ്റ്റുമായി ബന്ധപ്പെട്ട ഒരു സംസാരവും വരാതെ കിരൺ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .
ഒന്നിച്ചിരിക്കുമ്പോൾ പുറത്തീന്നാരെങ്കിലും റാങ്ക്ലിസ്റ്റ്മായുള്ള കാര്യങ്ങൾ ചോദിക്കുമ്പോൾ കിരണിന്റെ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു .
തൊട്ടുമുന്നിൽ തന്റെ ചങ്ങാതി ഉള്ളീന്നല്ലാതെ ഒരു ചിരിയും ഫിറ്റ് ചെയ്ത് തലകുനിച്ചു വിഷമിച്ചിരിക്കുന്നത് അവന് മനസ്സിലാക്കാൻ എളുപ്പം കഴിയുമായിരുന്നു.
ഇതേസമയം അതുലിന്റെ വീട്ടിൽ കുത്തുവാക്കുകളോടെയുള്ള സംസാരം ആരംഭിച്ചിരുന്നു .
” കണ്ടോ കണ്ടോ ..നിന്റെ കൂടെ നടന്നിട്ട് അവൻ ജോലിവാങ്ങി ..നീ വെറും മണ്ടൻ…”
ഇങ്ങനെ നീളുന്നു വാക്യങ്ങൾ .
അതുലിന്റെ മനസ്സിനെ ഈ വാക്കുകൾ പതിയെ പതിയെ കീഴ്പ്പെടുത്തുംതോറും അവൻ കിരണിൽ നിന്നും മെല്ലെ വഴുതിമാറിക്കൊണ്ടിരുന്നു.
വൈകാതെ തന്നെ കിരണിനു അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടുകയും വടക്കൻ ജില്ലയിൽ ജോലിക്ക് കയറുകയും ചെയ്തു .
അവരുടെ സൗഹൃദമങ്ങനെ ഇഴഞ്ഞിഴഞ്ഞു ഒരു ബന്ധംപോലുമില്ലാതായി .
ജോലികിട്ടീപ്പോ എന്നെ ഒഴിവാക്കിയെന്ന് അതുലും, തന്റെ വിശേഷങ്ങൾ
അവനിൽ വിഷമമുണ്ടാക്കുമെന്ന് കരുതി അകന്ന് നിന്ന് കിരണും ജീവിതം മുന്നോട്ട് കൊണ്ടുപോയി .
ജോലി എന്തായി എന്ന നാട്ടുകാരുടെ സ്ഥിരം പല്ലവി അതുലിന്റെ ചെവിയിൽ അപ്പോഴേക്കും അലയടിക്കാൻ തുടങ്ങിയിരുന്നു .
അന്യനാട്ടിൽ ജോലിചെയ്യുമ്പോഴും കിരണിന്റെ മനസ്സിൽ തന്റെ നാടും വീടും ചങ്ങാതിയും തന്നെയായിരുന്നു .
അവൻ അവന്റെ സ്വപ്നം നേടിയെടുക്കാത്ത സ്ഥിതിക്ക് തന്റെ ഒരു ഫോൺകോൾ പോലും അവനെ വേദനപ്പെടുത്തുമെന്ന് അവൻ ഭയന്നു .
നാളുകൾ കഴിഞ്ഞു .
വീട്ടുകാരുടെ പിന്തുണ തീരെയില്ലാതായതോടെ അല്ലറചില്ലറ കാറ്ററിംഗ് ജോലിയൊക്കെയായി അതുൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തുടങ്ങി .
കോച്ചിങ് ക്ലാസിനു പോകാൻ എവിടുന്നാ കാശ് .
ആദ്യമൊക്കെ വീട്ടിലിരുന്ന് പഠിച്ചെങ്കിലും പിന്നെ പിന്നെ അതും പതിയെ ഇല്ലാണ്ടായി .
കിരണിന് കല്യാണാലോചനകൾ വന്നതോടുകൂടി അതുലിന്റെ മാനസികാവസ്ഥ മാറിക്കൊണ്ടിരുന്നു .
തന്റെ ചുറ്റുപാട് ഉന്നയിക്കുന്ന ഓരോ ചോദ്യങ്ങളും അതുലിന്റെ ഹൃദയത്തിൽ ആണി തറയ്ക്കുന്ന വേദനയനുഭവപ്പെടുത്തി
തന്റെ ചങ്ങാതിക്ക് കിട്ടിയതിലല്ല ..അവനൊപ്പം തനിക്ക് കിട്ടാതെപോയതാണ് അതുലിനെ ഒരുതരം വിഷാദരോഗത്തിന് അടിമയാക്കിയത് ..
പിന്നെ കല്യാണങ്ങളിൽ നിന്നും മറ്റു ചടങ്ങുകളിൽ നിന്നും അതുൽ ഉൾവലിഞ്ഞു .
കൂട്ടുകാരുടെ ജോലിസ്ഥലത്തേയും കല്യാണസംബന്ധമായതുമായ് ഫോൺ സ്റ്റാറ്റസുകൾ പോലും അവനെ തളർത്തിക്കൊണ്ടിരുന്നു.
ജീവിതം ഇനിയെന്ത് എന്നാലോചിച്ച് കലങ്ങിയകണ്ണുകളുമായി ഇരിക്കുന്നേരം തന്റെ പഴേ കോച്ചിങ് സെന്ററിൽ നിന്ന് ഫോൺ വന്നു
.”ഹലോ അതുൽ…പുതിയ ബ്രാഞ്ചിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി പഴയ ബാച്ചിലെ 5 പേർക്ക് 6 മാസം ഫ്രീ ആയിട്ട് കോച്ചിങ്ങിൽ പങ്കെടുക്കാം …ആ അഞ്ചുപേരിൽ അതുലിന്റെ പേരുമുണ്ട് .
അടുത്താഴ്‌ച്ച തൊട്ട് പുതിയ ബാച്ച് തുടങ്ങുന്നുണ്ട് ..
വരുമല്ലോ ..”
അതുലിന് വലിയൊരു പ്രതീക്ഷനൽകിയ വിളിയായിരുന്നു അത് .
ജോലിയില്ലാത്ത തനിക്ക് പഠിക്കാനൊരു അവസരം.
തന്നെ പുച്ഛത്തോടെ കാണുന്ന വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ ..
തന്നെ ഇട്ടിട്ട് പോയ കിരണിന്റെ മുന്നിൽ,
തന്നെ വേണ്ടെന്ന് വെച്ച് കല്യാണംകഴിച്ചുപോയ കാമുകിക്ക് മുന്നിൽ ജയിക്കണം എന്ന വാശി അവന്റെ മനസ്സിൽ ഒരു ഊർജ്ജം നൽകി .
സ്വപ്‌നങ്ങൾ നേടിയെടുക്കുമ്പോഴല്ലേ ശരിക്കും വിജയിക്കുക എന്ന് അവന്റെ മനസ്സ് അവനെ ഓർമപ്പെടുത്തി …
വരും എന്ന വാക്കിൽ അവൻ ഫോൺ കട്ട് ചെയ്തു .
നിർത്തിയടുത്തുനിന്ന് തുടങ്ങാൻ അവൻ ആഗ്രഹിച്ചു .
അവൻ ക്ലാസ്സിനുപോയിത്തുടങ്ങി.
വാശിയോടെ പഠിക്കാൻ ആരംഭിച്ചു .
എക്സാമുകൾ പലതുമെഴുതി .
പല റിസൾട്ടും നിരാശ നൽകിയെങ്കിലും മാർക്കുകളുടെ വർദ്ധനവ് അവനെ ആത്മവിശ്വാസത്തോടെ പഠിക്കാൻ പ്രേരിപ്പിച്ചു.
ഒടുവിൽ അവൻ കാത്തിരുന്ന നാളെത്തി .
റാങ്ക്ലിസ്റ്റിൽ അതുലിന്റെ പേര് ഇടം പിടിച്ചു .
ഒരു ഇടിവെട്ടോടുകൂടി മഴ പെയ്തു തീർന്ന പ്രതീതിയായിരുന്നു അവന്റെ മനസ്സിൽ
വീട്ടിൽ വന്ന് സന്തോഷവാർത്ത പറഞ്ഞപ്പോൾ അതുവരെ തന്നെ നോക്കിയ നോട്ടമല്ലായിരുന്നു ബന്ധുക്കളുടെയൊക്കെ കണ്ണിൽ കണ്ടത് .
കൂളിംഗ് ഗ്ലാസ് വെയ്ക്കാതെ തന്നെ ഒരു സ്റ്റാർ ആയി നിൽക്കുവാണ് എന്ന പ്രതീതിയായിരുന്നു അവന്റെ മനസ്സിൽ.
ശേഷം അവൻ നേരെ കോച്ചിങ് സെന്ററിൽ ചെന്ന് സന്തോഷമറിയിച്ചു .
“നിങ്ങളുടെ ആ വിളിയാ എന്റെ ചിന്തയെ മാറ്റിമറിച്ചത്..ഞാൻ രക്ഷപ്പെട്ടത് ..”
കേട്ടുനിന്ന സ്റ്റാഫിലൊരാൾ അവന്റെ അരുകിൽ വന്നു പറഞ്ഞു …
” അഭിനന്ദനങ്ങൾ…..
പക്ഷേ ഈ സന്തോഷം ഞങ്ങളോട് മാത്രമായി അല്ല പറയേണ്ടത്….
നീയുൾപ്പടെ 5 പേരുടെ 6 മാസത്തെ ഫീസ് മുൻകൂട്ടി തന്ന ഒരാളുണ്ട്.
കിരൺ.
നിങ്ങൾക്കുള്ള കാശ് തന്നത് അവനാണെന്ന് ഒരു കാരണവശാലും നിങ്ങൾ അറിയരുതെന്ന് പറഞ്ഞിരുന്നു…
പക്ഷേ ബാക്കി ആരോടും ഇത് പറഞ്ഞില്ലെങ്കിലും നിന്നോട് എനിക്ക് ഇത് പറയണമെന്ന് തോന്നി…
കാരണം ഞാൻ കണ്ടതിൽ വെച്ച് അത്രമേൽ സുഹൃത്തുക്കളായിരുന്നു നിങ്ങൾ രണ്ടാളും..അസൂയയോടെ ഞാൻ പലപ്പോഴും നോക്കിനിന്നിട്ടുണ്ട്…നിങ്ങളുടെ വേർപിരിയൽ നിങ്ങളോളം വരില്ലേലും എന്നെയും വിഷമപ്പെടുത്തി….
ഒന്ന് ചേർന്ന് നിൽക്കുന്ന സുഹൃത്ത് ഇല്ലാത്തവനേ അതിന്റെ ശരിക്കുള്ള വില അറിയൂ എന്ന് കൂട്ടിക്കോ… “
ഇത്രയും കേട്ടപ്പോൾ തന്നെ അതുലിന്റെ ഉള്ളിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു .
അൽപ്പം വിറയലോടെ ഫോണെടുത്ത് കോണ്ടാക്ടിൽ കിരണിന്റെ നമ്പർ തിരയുമ്പോൾ അവന്റെ കണ്ണ് മങ്ങുന്നുണ്ടായിരുന്നു ..
അത്രമേൽ നിറഞ്ഞു കവിഞ്ഞിരുന്നു കണ്ണുനീരും അവനോടുള്ള സ്നേഹവും .
ശുഭം
RJ sajin kattakkada