പൂമുഖപ്പടിയിലിരുന്നു മൊബൈലിൽ പരിശോധിക്കുകയായിരുന്ന അഭിഷേകിനെ അഭിവാദ്യം ചെയ്ത ശേഷം…

ഗാന്ധർവ്വം

രചന: രഘു കുന്നുമ്മക്കര പുതുക്കാട്

…………………………………………

പട്ടണത്തിലെ ജ്വല്ലറിയിൽ നിന്നും, സെയിൽസ് മാനേജർ നിധീഷ് ഇറങ്ങുമ്പോൾ രാത്രി ഒമ്പതുമണി കഴിഞ്ഞിരുന്നു. നഗരാതിർത്തിയിലെ പതിവു കടയിൽ നിന്നും ചപ്പാത്തിയും വെജിറ്റബിൾ കുറുമയും കഴിച്ച ശേഷം, പുറത്തേക്കിറങ്ങിയ നിധീഷ്, ഒരു സിഗരറ്റിനു തീ കൊളുത്തി ആസ്വദിച്ചു വലിച്ചു.

മഞ്ഞച്ച വെളിച്ചം വീണ, മഞ്ഞു പൊതിഞ്ഞ ടാർ നിരത്തിലേക്ക് പുകച്ചുരുളുകൾ പറന്നകന്നു. റോഡു വിജനമാകാൻ തുടങ്ങിയിരിക്കുന്നു. ബൈക്ക് വീണ്ടും മുന്നോട്ടു സഞ്ചരിച്ചു. പ്രകൃതിയുടെ അവസ്ഥകൾക്ക്, ഇപ്പോൾ ഗ്രാമീണഭാവം കൈവന്നിരിക്കുന്നു. ചെമ്മൺ വഴിയോരത്തേ, പഴയ വാർക്കവീട്ടിൽ കൂടെ താമസിക്കുന്ന അഭിഷേക് നേരത്തേ എത്തിയിട്ടുണ്ട്. സർക്കാർ ജോലിക്കാരനായ അവൻ സന്ധ്യക്കു മുൻപേയെത്തും.

പൂമുഖപ്പടിയിലിരുന്നു മൊബൈലിൽ പരിശോധിക്കുകയായിരുന്ന അഭിഷേകിനെ അഭിവാദ്യം ചെയ്ത ശേഷം, നിധീഷ് സ്വന്തം മുറിയിലേക്കു കയറി. ഉദ്യോഗത്തിൻ്റെ ഭാഗമായ പരിഷ്കൃത വേഷങ്ങൾ ഉരിഞ്ഞു ദൂരെയെറിഞ്ഞു. നേരെ കുളിമുറിയിലേക്കു നടന്നു

കുളി കഴിഞ്ഞ്, കൈലി മാത്രമുടുത്ത് കിടക്കയിൽ അലസം കിടന്നു. മൊബൈൽ ഫോൺ കയ്യിലെടുത്തു. മുറപ്പെണ്ണു നിഭയുടെ മെസേജുകൾ നിരനിരയായി വാട്സ് ആപ്പിൽ നിന്നും വന്നു കൊണ്ടിരുന്നു.

നിഭ പ്രൊഫൈൽ പിക്ച്ചർ മാറ്റിയിരിക്കുന്നു. ദാവണിയിൽ പെണ്ണു മോഹിനിയായിരിക്കുന്നു. ഒരു രവിവർമ്മച്ചിത്രം കണക്കേ, ഉടലഴകുകളുമായി അവളേ കണ്ടപ്പോൾ ര തിഭാവങ്ങളുടെ നീല ഞരമ്പുകളിൽ അഗ്നി പടരുന്നതായി തോന്നി.

വെറും സാധാരണക്കാരനായ ഈ സെയിൽസ് മാനേജരുടെ ആസ്തി എന്തായിരുന്നു…?

നാട്ടിലെ ജന്മിയും, മാടമ്പിയുമായ അമ്മാവൻ്റെയും മകളുടേയും മനസ്സിളക്കാൻ…നല്ലൊരു മുഖവും, ബിരുദാനന്തര ബിരുദവും, ഹൃദ്യഭാഷണങ്ങളും, മെനക്കെടാനുള്ള മനസ്സും….എല്ലാറ്റിലും കൂടി അവൾ തറപറ്റി….അടുത്തയാഴ്ച്ചയാണ് വിവാഹ നിശ്ചയം…താനും ഒരു മാടമ്പിയാകാൻ പോകുന്നു…നിധീഷ് മനസ്സിലോർത്തു.അവൻ്റെ അധരങ്ങൾക്കു മീതേ, പുഞ്ചിരി പടർന്നു.

നിഭയുടെ സന്ദേശങ്ങൾക്ക്, അവളുടെ ഉറക്കം കെടുത്തുന്ന മറുപടികൾ നൽകി, അടുത്ത സന്ദേശത്തിലേക്കു കടന്നു.ലിജിയുടെ സന്ദേശങ്ങളാണ്…ആദ്യത്തേത് എഴുത്താണ്…നിധീഷ്, പതിയേ ആ ടെക്സ്റ്റ് മെസേജിലേക്കു മിഴി പായിച്ചു.

“എൻ്റെ ചെക്കന്…..നമ്മുടെ രാക്കാഴ്ച്ചകളും വേ ഴ്ച്ചകളും ഇല്ലാതാകാൻ പോകുന്നു.തറവാട്ടിലെ നമ്മുടെ സംഗമങ്ങൾ,ആ ഓട്ടോക്കാരൻ ജോർജ്ജ് കണ്ടെത്തിയിരിക്കുന്നു.ഒരു തവണ അവനു വഴങ്ങിക്കൊടുത്താൽ അവനതു പുറത്തു പറയില്ലാന്നു പറഞ്ഞു…ഞാൻ അവനേ പു ലയാട്ടു പറഞ്ഞാ മടക്കിയത്…..ചെക്കനിന്നു രാത്രി വരുമ്പോൾ നോക്കണം ട്ടാ….”

നിധീഷ് വീണ്ടും ഉമ്മറത്തേക്കു വന്നു. അഭിഷേക് മൊബൈലിൽ ഏതോ വീഡിയോ കാണുകയായിരുന്നു.

“മോനേ, അഭിഷേകേ….നിൻ്റെ പെൻടോർച്ച് ഒന്നെടുത്തു തന്നേ…അതിനു നല്ല രാശിയാണ്.കഴിഞ്ഞ അഞ്ചു തവണ പോയപ്പോളും, കാര്യം സാധിക്കാൻ മുട്ടുണ്ടായില്ല….”

അഭിഷേക്, അകമുറിയിൽ നിന്നും പെൻടോർച്ച് എടുത്തു കൊണ്ടുവന്നു. നിധീഷിനെ ഏൽപ്പിച്ചു.

“നിധീഷേ, നിൻ്റെ ഭാഗ്യം….ഭാര്യവീട്ടിൽ പോയി വരുന്നോർക്കു പോലും ഇത്ര സുഖവും സൗകര്യവും ലഭിക്കില്ല.നിൻ്റെ സമയം…..പോയി വിജയിച്ചു വരൂ….ഇനി, പുലർച്ചെയല്ലേ വരൂ…സ്പെയർ കീ മറക്കേണ്ട…..”

നിധീഷ്, ചെമ്മൺ പാതയിലൂടെ ഏറെ ദൂരം മുന്നോട്ടു നടന്നു.രാവിനപ്പോൾ പത്തര മണിയുടെ പ്രായമുണ്ടായിരുന്നു.വീതി കുറഞ്ഞ കുണ്ടനിടവഴിയിലേക്കു തിരിഞ്ഞപ്പോൾ, കനത്ത ഇരുട്ടാണ് എതിരേറ്റത്.പെൻടോർച്ചിൻ്റെ അരണ്ട വെട്ടത്തിൽ കാഴ്ച്ചയേ തിരികേപ്പിടിച്ച് അയാൾ മുന്നോട്ടു ചുവടുകൾ വച്ചു.വിജനമായ തൊടികളായിരുന്നു വഴിക്കിരുവശത്തും….കൂരിരുട്ടിൽ ഏതോ രാപ്പക്ഷിയുടെ മുരളൽ കേൾക്കുന്നുണ്ടായിരുന്നു.വലിയ താണി മരത്തിൻ്റെ ചില്ലകൾ കാറ്റിലുലഞ്ഞിളകി.അതിൽ നിന്നും, ഒരു കടവാതിൽ ചിറകടിച്ചു പറന്നു.കൂരിരുൾ വഴി പിന്നിട്ടപ്പോൾ,വീടുകളുടെ ചെറു നിരകൾ പ്രത്യക്ഷപ്പെട്ടു.അതിലൊരു ഓടുവീടിൻ്റെ പുറകിലെ വാഴച്ചോട്ടിൽ അയാൾ പതുങ്ങി നിന്നു.ആ വീട്ടിൽ വെട്ടമുണ്ടായിരുന്നു.

ആ കാത്തുനിൽപ്പിനിടെ നിധീഷിൻ്റെ മനസ്സിൽ ലിജി തെളിഞ്ഞു വന്നു.വീട്ടിൽ നിന്നും ഏറെയകലേയുള്ള ജോലിക്കിടയിൽ അപ്രതീക്ഷിതമായാണ് ലിജിയെ പരിചയപ്പെടുന്നത്.നഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പിലെ സെയിൽസ് ഗേളാണ്…..മ ദിപ്പിക്കുന്ന ഭംഗിയുള്ളവൾ….പ്രണയം കൊണ്ടും,പ്രണയിച്ച പയ്യൻ്റെ കൂടെപ്പോയി തിരികേ വന്നവൾ എന്നതുകൊണ്ടും,മുൻപേ നാട്ടിൽ പെരുമയുള്ളവൾ….

ലിജിയുടെ തറവാട്ടുവീടാണ് ഈ ഓടുവീട്…തൊട്ടപ്പുറത്തു തന്നെയാണ് അവളും മാതാപിതാക്കളും താമസിക്കുന്നത്.ലിജിയുടെ ഇളയച്ഛൻ്റെ ഭാര്യയ്ക്ക് മറ്റൊരു ജില്ലയിലാണ് സർക്കാർ ജോലി.അവർ കുടുംബസമേതം ക്വാർട്ടേഴ്സ് തിരഞ്ഞെടുത്തപ്പോൾ അമ്മ മാത്രം പോകാൻ കൂട്ടാക്കിയില്ല.അവർക്കു തറവാട്ടുവീടു വിട്ടു എങ്ങും പോകാൻ ഇഷ്ടമില്ലായിരുന്നു.തൊട്ടപ്പുറത്തേ ലിജിയുടെ വീട്ടിലേക്കും അവർ പോയില്ല.അതുകൊണ്ട്, രാത്രികാലങ്ങളിൽ അച്ഛൻ്റെ അമ്മയ്ക്ക് കൂട്ടുകിടക്കാൻ ലിജി വരും….

ഇവിടെയാകുമ്പോൾ ആരോടെങ്കിലും യഥേഷ്ടം ചാറ്റു ചെയ്യാം…മുത്തശ്ശിയുടെ മുറിയ്ക്കപ്പുറത്ത്,തനിച്ചാണ് ലിജിയുടെ കിടപ്പറ.നിധീഷുമായുള്ള അനേകം രാത്രികാല ചാറ്റുകൾക്കൊടുവിലാണ് ഈ രാത്രി സംഗമങ്ങൾ അരങ്ങേറാൻ തുടങ്ങിയത്.രാത്രി കിടക്കും മുൻപേ,മുത്തശ്ശിയും ലിജിയും അടുക്കള വാതിലിലൂടെ പുറത്തു കടന്ന് തെല്ലു നീങ്ങിയുള്ള കുളിമുറിയിലേക്കു പോകും. ആ അവസരത്തിലാണ്,പുറമേ പതുങ്ങി നിൽക്കുന്ന നിധീഷ്, അടുക്കള വഴി ലിജിയുടെ മുറിയിലെത്താറ്.നേരം പുലരും മുൻപേ മടങ്ങുകയും ചെയ്യും.

നിധീഷ്, അക്ഷമയോടെ കാത്തിരിപ്പു തുടർന്നു.അടുക്കള വാതിൽ തുറന്ന് മുത്തശ്ശിയും ലിജിയും പുറത്തുവന്നു.ഇരുട്ടിലേ കുളിമുറിയിലേക്ക് ആദ്യം കയറിയത് മുത്തശ്ശിയാണ്.നിധീഷ്, ലിജിയുടെ മുറിയിലേക്കു കയറി ചുവരരികു ചേർന്നു നിന്നു.തിരികേ വന്ന ലിജിയേ ചേർത്തു പിടിച്ചു നിൽക്കുമ്പോൾ,ഇരുവർക്കും ദേഹം പൊള്ളുന്നുണ്ടായിരുന്നു.പതിയേ മതി കാര്യങ്ങൾ…പുലരുവോളം നേരമുണ്ട്….

പൊടുന്നനേയാണ്, വീടിനു ചുറ്റും ആൾക്കൂട്ടമുണ്ടായത്.സമീപത്തെ വീടുകളിൽ വിളക്കുകൾ തെളിഞ്ഞു.അന്ധകാരം വഴിമാറി…രാപ്പൂരപ്പറമ്പു കണക്കേ,ലിജിയുടെ തറവാടും തൊടിയും വെളിച്ചത്തിൽ കുളിച്ചു നിന്നു.ലിജിയാണ് ആദ്യം പുറത്തുവന്നത്.ഒപ്പം മുത്തശ്ശിയും…ഓട്ടോ ഡ്രൈവർ ജോർജ്ജിൻ്റെ നേതൃത്വത്തിൽ നാട്ടിലെ യുവാക്കൾ മുഴുവനുമുണ്ട്.അവർ അകത്തു കയറി നിധീഷിനെ പിടികൂടി…..തൊടിയിലെ കവുങ്ങിൽ കെട്ടിയിട്ടു.

നവവധുവായി ലിജി,നിധീഷിൻ്റെ വസതിയിലേക്കു വലതുകാൽ വച്ചു കയറി.അരിയും പൂവുമെറിഞ്ഞു അവളേ എതിരേൽക്കുമ്പോൾ അയാളുടെ അമ്മ വിതുമ്പുന്നുണ്ടായിരുന്നു.വധൂവരന്മാർക്കു പുറകിലായി,ലിജിയുടെ നാട്ടിലെ യുവാക്കൾ വായ്ക്കുരവയിടുന്നുണ്ടായിരുന്നു.അമ്മയോടു ചേർന്നു നിൽക്കുന്ന ഉണ്ടക്കണ്ണിപ്പെണ്ണിനെ നിധീഷ് ഒന്നേ നോക്കിയുള്ളൂ….നിഭ….മുറപ്പെണ്ണ്…അവൾ, അയാളെ നോക്കി മുഖം വക്രിച്ചു ചിരിച്ചു.

നിധീഷ് നെടുവീർപ്പിട്ടു.തലേന്നു രാത്രി മുഴുവൻ കവുങ്ങിൽ കെട്ടിയിട്ടതിനാൽ കയറുരഞ്ഞ് ദേഹം നീറിപ്പുകയുന്നുണ്ടായിരുന്നു.നേരം പുലർന്നു കഴിഞ്ഞപ്പോൾ നാട്ടുകാരും പോലീസും ചേർന്നാണ് വിവാഹം നടത്തിയത്.രക്ഷപ്പെടാൻ പഴുതുകളില്ലായിരുന്നു.

നിധീഷ്, വീടിൻ്റെ അകത്തേക്കു കയറി…നവവധുവിൻ്റെ വേഷഭൂഷകളില്ലാതെ ലിജി അകത്തിരിപ്പുണ്ടായിരുന്നു.അവളുടെ മുഖത്ത് വിജുഗീഷുവിൻ്റെ ഗർവ്വ് തെളിഞ്ഞു നിന്നു.നിധീഷിൻ്റെ മനസ്സിൽ നിഭ തെളിഞ്ഞു വന്നു…അവളുടെ പരിഹാസച്ചിരിയും….സകല സൗഭാഗ്യങ്ങളുമാണ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായത്….

“എന്താ ചേട്ടാ, ആലോചിക്കുന്നത്…?ചേട്ടന് വിഷമായീ ലേ….സാരല്യാ….എന്നായാലും എന്നെ കല്യാണം കഴിക്കാന്ന് ഏട്ടൻ പറഞ്ഞതല്ലേ…ഇതായിരിക്കും നമ്മുടെ യോഗം…”

അവൾ, അയാളുടെ കൈവിരലുകൾ കൊരുത്തു പിടിച്ചു.ഇപ്പോൾ ആ വിരലുകളിൽ, പാതിരാക്കാലങ്ങളിൽ അവളിലിഴയുമ്പോളുള്ള ചൂടില്ലായിരുന്നു. അവ തണുത്തുറഞ്ഞു പോയിരിക്കുന്നു.അവൾ, അയാളെയും കൂട്ടി അവരുടെ മുറിയകത്തേക്കു നടന്നു.അകത്തു നിന്ന് അമ്മയുടെ തേങ്ങലുകളും,വെളിയിലേ ആർപ്പുവിളികളും തുടർന്നുകൊണ്ടേയിരുന്നു……