മാലാഖ…
രചന: അബ്ദുൾ റഹീം പുത്തൻചിറ
രണ്ടു വർഷം മുൻപാണ് ഞാൻ കേരളത്തിന് പുറത്ത് പേര് കേട്ട ഹോസ്പിറ്റലിൽ നേഴ്സായി ജോയിൻ ചെയ്യുന്നത്… ഭാഷ അറിയാത്തത്കൊണ്ട് ആദ്യമൊക്കെ ചെറിയ ബുന്ധിമുട്ട് തോന്നിയിരുന്നു…പിന്നീട് എല്ലാം വേഗത്തിൽ പഠിച്ചു. നാട്ടിലുള്ളതിനേക്കാൾ ശമ്പളം കൂടുതലുണ്ടായിരുന്നു… അതുകൊണ്ട് തന്നെയാണ് ഇവിടം വരെ എത്തിയത്… പ്രാരാബ്ധത്തിന്റ കണക്ക് പറഞ്ഞാൽ ഒരു പുസ്തകം തികയാത്തത്കൊണ്ട് നാടും വീടും സ്വപ്നങ്ങളിൽ മാത്രമായി…
സിനിമയിൽ മാത്രം കണ്ടിട്ടുള്ള ഈ നാടിനെ പതിയെ സ്നേഹിച്ചു തുടങ്ങി… നാട്ടുകാർ കുറച്ചുള്ളതുകൊണ്ട് അധികം സങ്കടമൊന്നും തോന്നിയിട്ടില്ല…നാട്ടുകാർ എന്നു ഉദ്ദേശിച്ചത് കേരളം ആണുട്ടോ…അല്ലങ്കിലും കേരളം വിട്ടു പുറത്തു പോയാൽ നമ്മൾ എല്ലാം ഒരേ നാട്ടുകാരാണല്ലോ… ദൈവത്തിന്റെ സ്വന്തം നാട്ടുകാർ…
പക്ഷെ ഇപ്പോൾ ആകെ തകിടം മറയുന്നു… ചിലപ്പോഴൊക്കെ ആക്‌സിടെന്റിന്റെ രൂപത്തിലും , പ്രായത്തിന്റെ അവശതയിലും മാത്രമാണ് മരണം കണ്ടിരുന്നത്… ഇപ്പോൾ അങ്ങിനെയല്ല. കൊറോണ എന്ന മഹാ വിപത്തു രാജ്യത്താകെമാനം കാർന്നു തിന്നുമ്പോൾ അതു ഞങ്ങളുടെ ആശുപത്രിയെയും ബാധിച്ചിരിക്കുന്നു…. മരണം നിത്യ സംഭവങ്ങളായി… അതും ഓക്സിജൻ കിട്ടാതെ കണ്മുൻപിൽ ജീവന് വേണ്ടി പിടയുന്ന മനുഷ്യർ…
എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ഞങ്ങളുടെ മുൻപിൽ മനുഷ്യ ജീവനുകൾ ഇയ്യാം പാറ്റകളെ പോലെ കൊഴിഞ്ഞു വീഴുന്നു….സൈറൺ മുഴക്കി ആബുലൻസുകൾ ഓടിക്കൊണ്ടിരിക്കുന്നു.. മടക്കി അയച്ചാലും പോകാതെ കൂടെയുള്ളവന്റെ ജീവനുവേണ്ടി കേഴുന്ന കുടുംബക്കാർ… എല്ലാം നോക്കി നിൽക്കാനേ കഴിയുന്നുള്ളു… കയ്യിൽ കിട്ടിയിരുന്ന ജീവനുള്ള ശരീരത്തെ ഞങ്ങൾ പൊന്നുപോലെ നോക്കുന്നുണ്ട്..
ഇപ്പോൾ ഹൃദയം കല്ലായത് പോലെ തോന്നുന്നു… അടുത്ത വീട്ടിൽ മരണം നടന്നാൽ ഒരു ആഴ്ച ഭക്ഷണം കഴിക്കാതെ സങ്കടപ്പെട്ടിരുന്ന ഞാൻ ഒരു ദിവസം ഒരുപാട് മൃതദേഹങ്ങൾ കാണുന്നു ….നാട്ടിലേക്ക് വിളിക്കുമ്പോൾ സുഖമാണെന്ന് മാത്രം പറയുന്നുള്ളു…. നാട്ടുകാരിൽ ചിലർ ഞങ്ങളെ വിട്ടു പോയി കഴിഞ്ഞു…. യാത്ര പോലും പറയാതെ… ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക്…
ജോലി സമയം കൂടുതലാണ്… എങ്കിലും ജോലി കഴിഞ്ഞു വന്നാൽ ഞങ്ങൾ കുറച്ചു സമയം ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്… കാലത്തു പോകുമ്പോൾ ഞങ്ങൾ എണ്ണത്തിൽ കൂടുതലുണ്ടായാലും തിരിച്ചു വരുമ്പോൾ അതിൽ കുറവ് കാണുന്നു…. കാരണം വൈറസ് അവരെയും പിടിമുറുക്കി… എങ്കിലും ഭയമില്ലാതെ ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു…. ഒരുപാട് ആളുകളുടെ പ്രാർത്ഥന.. അതു മാത്രമാണ് ഞങ്ങളുടെ കരുത്ത്…ജീവൻ വെടിയുന്ന ശരീരത്തിലെ കണ്ണുനീർ,അതു തുടക്കുമ്പോൾ മാത്രമാണ് കൈ വിറകൊള്ളുന്നത്….ഓരോ ജീവനും ഓരോ കുടുംബത്തിന്റെ പ്രതീക്ഷയാണ്….ഓരോ കുടുംബത്തിനും ഞങ്ങൾ അവരുടെ മാലാഖമാരാണ്. ദൈവത്തിന്റെ സ്വന്തം മാലാഖ….