കനൽ
രചന: സന്തോഷ് അപ്പുക്കുട്ടൻ
” ഇങ്ങിനെ സംസാരിച്ചിരുന്നാൽ മതിയോ… കിടക്കേണ്ട നമ്മൾക്ക്?”
ചുമരിലെ ക്ലോക്കിൽ പതിയെ നീങ്ങുന്ന സൂചിയിലേക്ക് നോക്കി ദീപ്തി കോട്ടുവാ ഇട്ടു.
” ഇതു കൂടി പറഞ്ഞിട്ട് നിർത്താം..നീ ഒരു തൊട്ടാവാടി പെണ്ണായതു കൊണ്ട് ഞാൻ ഒന്നു ഇൻസ്പിരേഷൻ ചെയ്തെന്നു മാത്രം “
വിശാലിൻ്റെ മറുപടി കേട്ടപ്പോൾ അടഞ്ഞു പോകുന്ന കണ്ണുകളോടെ അവളൊന്നു ചിരിച്ചു.
” സീ എൻ്റെ ഫാമിലി പഴഞ്ചൻ രീതികളിൽ വിശ്വസിക്കുന്നവരല്ല… തുല്യസമത്വം! അത് ആണിനായാലും പെണ്ണിനായാലും “
അവൻ അവളുടെ കൈവിരലുകളിൽ പതിയെ ഞൊട്ടയിട്ടു.
” എൻ്റെ പെങ്ങളെ നോക്കൂ… ഭർത്താവിൻ്റെ കടുംപിടുത്തത്തിൽ മനം മടുത്തിട്ടാണ് ആ ചങ്ങലകെട്ട് പൊട്ടിച്ചെറിഞ്ഞ് വന്നത്… അവൾ ഞങ്ങൾക്ക് ഒരിക്കലും ഭാരമാകില്ല”
വിശാൽ വീണ്ടും കത്തിക്കയറി ഈ ആദ്യരാത്രി നശിപ്പിക്കുമെന്ന് ദീപ്തിക്ക് മനസ്സിലായി.
“ഞാൻ പറയുന്നത് കേട്ട് ദീപ്തിക്ക് ബോറടിക്കുന്നുണ്ടാവും. എൻ്റെ പെങ്ങൾ പറഞ്ഞിരുന്നു നീയൊരു യഥാസ്തിക കുടുംബത്തിലെ കുട്ടിയാണെന്ന്…. കാലത്തിൻ്റെ മാറ്റങ്ങൾ തിരിച്ചറിയാത്ത ഒരു സാധാ പെണ്ണ്. അതു കൊണ്ട് ഭർത്താവിൻ്റെ വീട്ടിലെത്തുമ്പോൾ ഒരു ഭയമുണ്ടാകും. അത് സോൾവ് ചെയ്തതാ ഞാൻ “
വിശാലിൻ്റെ അനിയത്തി വിനയയും, ദീപ്തിയും ഒരുമിച്ച് ഓരേ കോളേജിൽ ഒന്നിച്ച് പഠിച്ചിരിരുന്നവരും, ഓരേ ഹോസ്റ്റലിൽ അന്തിയുറങ്ങിയവരുമാണ്
” അതൊക്കെ എനിക്കറിയാം വിശാൽ… വിനയ ഒരുപാട് പറഞ്ഞിട്ടുണ്ട് … “
അതും പറഞ്ഞ് അവൾ പതിയെ വിശാലിൻ്റെ ഷർട്ടിൻ്റെ ബട്ടണഴിക്കാൻ തുടങ്ങി.
“അതൊക്കെ പറഞ്ഞ് നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഈ ദിവസത്തിൻെറ ലഹരി കളയണമോ?”
അവൾ ഒരു കള്ള പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അവൻ ബട്ടണഴിക്കുന്ന അവളുടെ വിരലിലേക്കും, കുസൃതി മിന്നുന്ന കണ്ണിലേക്കും അമ്പരപ്പോടെ നോക്കി.
” ഇപ്പോൾ തന്നെ സമയം ഒരു മണി കഴിഞ്ഞു. അതു മാത്രമല്ല എനിക്ക് ഉറക്കവും വരുന്നുണ്ട് “
അവസാന ബട്ടണഴിച്ച് അവൾ പറഞ്ഞതും അയാൾ ഒരു വരൾച്ചയോടെ മൂളി.
വായിച്ചറിഞ്ഞ കഥകളിലെയും, കൂട്ടുകാർ പറഞ്ഞ കുസൃതിത്തരങ്ങളിലെയും കഥാപാത്രങ്ങൾ വന്ന് അയാളിലെ പരിഷ്ക്കാരിയെ മലർത്തിയടച്ചു.
സംശയമൂറുന്ന കണ്ണുകളോടെ അയാൾ അവളെ നോക്കി.
അവളുടെ മിഴികളിലെ വികാരത്തിൻ്റെ തിരമാലയിൽ പെട്ട് ശ്വാസം വിടാനാകാതെ അയാൾ തപ്പി പിടഞ്ഞു.
” ഞാൻ മുൻകൈ എടുത്തതിൽ വിശാലിന് എന്തെങ്കിലും പ്രോബ്ളം സ്?”
വിശാലിൻ്റെ ഭാവമാറ്റം കണ്ടറിഞ്ഞ ദീപ്തി കുസൃതിയോടെ ചോദിച്ചപ്പോൾ അയാൾ പതിയെ കണ്ണടച്ചു കാണിച്ചു.
” അത് വിശാൽ കള്ളം പറയുന്നത്? ആ മുഖത്തെ അമ്പരപ്പ് കണ്ടാലറിയാം എൻ്റെ ഈ പ്രവൃത്തി വിശാലിന് തീരെ ഇഷ്ടപ്പെട്ടിട്ടില്ലാന്ന് “
“അതു പിന്നെ “
വിശാൽ വാക്കുകൾ പെറുക്കി വെക്കുന്നത് കണ്ടപ്പോൾ അവൾ പൊട്ടി ചിരിച്ചു.
ആ റൂമിലാകെ പ്രതിധ്വനിച്ച ആ ചിരി ശബ്ദം പുറത്തേക്ക് പോകുമെന്ന് തോന്നിയപ്പോൾ അവൻ അവളുടെ വായ് പൊത്തി പിടിച്ചു.
അവൾ പതിയെ വായിൽ പൊത്തിപിടിച്ചിരുന്ന ആ കൈ എടുത്ത് മാറ്റി.
” ഇത്രേയുള്ളൂ നിങ്ങളിൽ ചിലരുടെ ആവേശം…. സ്ത്രീ സമത്വത്തിനെ കുറിച്ചുള്ള ചൂടൻ ചർച്ചകൾ … “
അവൾ പറയുന്നതിൻ്റെ അർത്ഥം മനസ്സിലാവാതെ വിശാൽ അവളെ തുറിച്ചു നോക്കി.
“ഞാനൊന്നു ആ ഷർട്ടിൻ്റെ ബട്ടണഴിച്ചപ്പോഴെയ്ക്കും ഇതുവരെ സ്വാതന്ത്ര്യത്തിൻ്റെ അതിരുകളില്ലായ്മയെ പറ്റി ഘോരഘോരം സംസാരിച്ചിരുന്ന നിങ്ങളിലെ ” പുരുഷു ” തലപൊക്കി.”
ദീപ്തിയുടെ സ്വരം അയാളെ വല്ലാതാക്കി കളഞ്ഞു.
“ഈ രാത്രിയിലാണോ ഇങ്ങിനെ പറയുന്നതും, പൊട്ടി ചിരിക്കുന്നതും?”
“നിങ്ങൾക്കു പറയാമെങ്കിൽ എനിക്കും പറഞ്ഞൂടേ ?”
അവളുടെ മറുചോദ്യം അവൻ്റെ വായ് അടപ്പിച്ചു.
കടുവയെ കിടുവ പിടിച്ച ഭാവത്തിലിരിക്കുന്ന അവനെ നോക്കി അവൾ പുഞ്ചിരിച്ചു.
“വിനയ പറഞ്ഞ സ്വഭാവമല്ലല്ലോ എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? ഇതാണ് എൻ്റെ ശരിയായ സ്വഭാവം! പക്ഷേ ആവശ്യമുള്ളപ്പോൾ എടുക്കുകയുള്ളൂന്ന് മാത്രം
അവളുടെ വാക്ക് കേട്ട് തൊണ്ട വരണ്ട വിശാൽ ജഗ്ഗിലെ വെള്ളമെടുത്ത് വായിലേക്ക് കമഴ്ത്തി.
“നിങ്ങളുടെ ഈ ഘോര ഘോരമുള്ള സമത്വവാദത്തിനെ പറ്റിയുള്ള സംസാരം ബോറടിയായി തീർന്നപ്പോൾ ഞാൻ ഒന്നു പരീക്ഷിച്ചതാ…. ഈ ബട്ടൺസഴിച്ച്…. അതോടെ നിങ്ങളിലെ സമത്വവാദി എത്രത്തോളമുണ്ടെന്നു മനസ്സിലായി.”
ദീപ്തിയുടെ സംസാരം കേട്ടപ്പോൾ ഒരു ചമ്മിയ ചിരിയോടെ അവൻ അവളെ നോക്കി.
“ഞാൻ ഇതിനെക്കാൾ വലിയ സമത്വവാദിയാണ്. പക്ഷേ അത് ആൾക്കാർക്ക് മുന്നിൽ ഒരു “ഷോ ” അല്ലന്നു മാത്രം “
തറഞ്ഞിരിക്കുന്ന വിശാലിനെ കുലുക്കിയുണർത്തി കൊണ്ട് ദീപ്തി, അഴിച്ചിട്ടിരുന്ന ഷർട്ടിൻ്റെ ബട്ടണുകർ-പൂട്ടി കൊണ്ടിരുന്നു.
“ഇന്നൊരു മൂഡില്ല. വല്ലാത്ത ക്ഷീണം”
അതും പറഞ്ഞ് അവൾ കിടക്കയിലേക്ക് ചാഞ്ഞപ്പോൾ വിശാലും മനസ്സില്ലാ മനസ്സോടെ അവൾക്കു ചാരെ ചേർന്നു കിടന്നു.
സമത്വവാദത്തിനെ പറ്റി വെറുതെ ക്ലാസ് എടുത്ത് സമയം കളയേണ്ടതില്ലായിരുന്നുവെന്ന് അവനു തോന്നി..
അല്ലെങ്കിലും ആരെങ്കിലും ചെയ്യുന്ന പണിയാണോ ആദ്യരാത്രിയിലെ രണ്ട് മണികൂർ നീളുന്ന ഈ-ക്ലാസ്.
“വിഷമമുണ്ടോ ഞാൻ അങ്ങിനെയൊക്കെ പറഞ്ഞതിൽ?”
ദീപ്തി അവൻ്റെ മുഖത്ത് തലോടികൊണ്ട് അതു ചോദിച്ചപ്പോൾ അവൻ പതിയെ ഇല്ലായെന്ന് തലയാട്ടി.
” ഇങ്ങിനെ വിശാൽ വാ തോരാതെ സമത്വത്തെ കുറിച്ച് സംസാരിച്ചപ്പോൾ, ഞങ്ങൾ ഇപ്പോഴും പുരുഷൻമാർക്കു പിന്നാലെയാണെന്നുള്ള ഒരു നെഗറ്റീവ് എൻ്റെ ഉള്ളിൽ കടന്നു.കാരണം സ്ത്രീകളും പുരുഷൻമാരും ഒപ്പത്തിനൊപ്പമാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം…. വിശ്വാസം മാത്രമല്ല അങ്ങിനെ തന്നെയാണ് ഞാൻ കരുതുന്നതും “
അവളുടെ സംസാരം കേട്ട് വിശാൽ അവളെ അത്ഭുതത്തോടെ നോക്കി.
“ആരുടെയും ഔദാര്യമല്ല, ഇതൊക്കെ ഞങ്ങളുടെ അവകാശമാണെന്നു കരുതുന്ന ഏതൊരു പെണ്ണിനെയും ഒന്നു പിന്നോട്ടടിക്കും നിങ്ങടെ ഈ സംസാരം”
ദീപ്തിയെ തന്നെ നോക്കിയിരുന്ന് വായ് പൊളിച്ച വിശാലിനെ നോക്കിയവൾ പുഞ്ചിരിച്ചു.
” അത്ഭുതപ്പെടേണ്ട ഉണ്ണിയേ…. ഇതു ഞാൻ തന്നെയാണ് . എന്നെ കണ്ടാൽ തോന്നുകയില്ലാന്ന് മാത്രം… കാരണം ഞാൻ അക്ഷരത്തെക്കാളും, സംസാരത്തെക്കാളും കൂടുതൽ കാണിക്കുന്നത് ആവശ്യമായ പ്രവൃത്തിയിലാണെന്നു മാത്രം…. വിനയപോലും അത് ശരിക്കറിഞ്ഞിട്ടില്ല… കാരണം വിമൺസ് കോളേജിൽ പഠിച്ചിരുന്ന എനിക്ക് അതിൻ്റെ ആവശ്യം വന്നിട്ടില്ല “
അവളുടെ വാക്കും കേട്ട്, വിനയയെ മനസ്സിൻ പ്രാകി കിടക്കുമ്പോഴായിരുന്നു ദീപ്തിയുടെ വിരലുകൾ അവൻ്റെ നെഞ്ചിൽ പതിയെ പരതിയത്.
“നാളെ നേരത്തെ എഴുന്നേറ്റ് നമ്മൾക്ക് ഒന്നു കുളിച്ചാലോ?”
അവളുടെ ചോദ്യം കേട്ടപ്പോൾ തളർന്നു പോയ അവൻ്റെ മനസ്സ് ചാടി പിണഞ്ഞെഴുന്നേറ്റു.
“അതിനെന്താ ഒരു മണിക്കൂർ നമ്മൾക്ക് ഒന്നിച്ച് കുളിക്കാം”
“ഒന്നിച്ചു കുളിച്ചതിനു ശേഷം അടുക്കളയിൽ കയറുന്നതും നമ്മൾ ഒന്നിച്ചായിരിക്കും “
ദിപ്തിയുടെ സംസാരം കേട്ടതും അവളെ ചേർന്നു കിടന്നിരുന്ന വിശാൽ ഞെട്ടലോടെ അകന്നു മാറി.
” എന്തിനാ ഞാൻ അടുക്കളയിലേക്ക് കയറുന്നത്?”
അവൻ്റെ ചോദ്യം കേട്ടതും അവൾ പതിയെ പുഞ്ചിരിച്ചു.
” എല്ലാവരും കാലത്ത് അടുക്കളയിൽ കയറുന്നത് എന്തിനാ? അതിനു തന്നെ “
“അതിനെ പറ്റി നീ വിഷമിക്കണ്ട…. കാലത്ത് അമ്മയും വിനയയും അടുക്കളയിൽ കയറിക്കോളും.. “
എസ്കേപടിക്കാൻ നോക്കിയ വിശാലിൻ്റെ കഴുത്തിന് പതിയെ പിടിച്ചു ദീപ്തി.
” പ്രായമായ അമ്മയെ കൊണ്ട് അടുക്കളയിലെ പണി ചെയ്യിക്കുന്നത് കഷ്ടമല്ലേ വിശാൽ?”
അവളുടെ ചോദ്യത്തിന് ഉത്തരമില്ലാതെ അവൻ കിടന്നു.
“പിന്നെ വിനയ. ഭർത്താവിൻ്റെ വീട്ടിൽ എല്ലാ പണികളും. അവളെ കൊണ്ടു ചെയ്യിക്കുന്നതിൽ മനംനൊന്തിട്ടാണല്ലോ അവൾ പിണങ്ങി പോന്നത്?”
ദീപ്തിയുടെ ചോദ്യം കേട്ടതും വിശാൽ തല കുലുക്കി.
” അങ്ങിനെ പിണങ്ങി പോന്നവളെ, ഇവിടുത്തെ അടുക്കളയിലെ പണി ഒറ്റയ്ക്ക് ചെയ്യിപ്പിക്കുന്നതിലെ അർത്ഥം എനിക്കറിയുന്നില്ല”
പറഞ്ഞു പറഞ്ഞു ദീപ്തി എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായ വിശാൽ മൗനം പാലിച്ചുകൊണ്ട് പുതപ്പ് തലവഴി മൂടി.
” അടുക്കളയിൽ സഹായിക്കാത്തതിന് ഭർത്താവിനോട് പിണങ്ങിപോന്ന വിനയ എന്തുകൊണ്ട്, ഇവിടെ അടുക്കളയിൽ സഹായിക്കാത്ത വിശാലുമായി പിണങ്ങുന്നില്ല… അതോ പുറത്തു മാത്രമേയുള്ളൂ ഈ സമത്വം”
“നിനക്ക് ഇപ്പോൾ എന്താ വേണ്ടത്?”
വിശാലിൻ്റ ശബ്ദമുയർന്നപ്പോൾ അവൾ ചിരിച്ചു.
” കണ്ടോ കണ്ടോ സമത്വ വാദത്തിനെ പറ്റി വാചാലനായിട്ട് ഒരു മണിക്കൂർ കഴിഞ്ഞിട്ടില്ല. അതിനു മുൻപ് ഉള്ളിലെ ശരിയായ സ്വഭാവം ആമയുടെ കഴുത്ത് നീണ്ട തു പോലെ പുറത്തു വന്നില്ലേ?”
അവളുടെ പരിഹാസത്തിലുള്ള ചോദ്യം കേട്ടതും, അവളോട് സംസാരിക്കാൻ തോന്നിയ നിമിഷത്തെ അയാൾ ശപിച്ചു.
” സമത്വം തുടങ്ങേണ്ടത് സ്വന്തം വീട്ടിൽ നിന്നു തന്നെയാണ്.അല്ലാതെ കെട്ടിച്ചു വിട്ട വീട്ടിലും, നാട്ടുക്കാരോടും ഷോയ്ക്ക് കാണിക്കണ്ട ഒന്നല്ല അത്!”
“അതിന് ഇപ്പോൾ ഞാൻ എന്താ ചെയ്യേണ്ടത്?”
“ഇവിടുത്തെ പണി നമ്മൾ രണ്ടാൾക്കും ചെയ്യാവുന്നതേയുള്ളൂ. അതു കൊണ്ട് രണ്ട് ദിവസം കഴിഞ്ഞാൽ വിനയയെ പിണക്കം തീർത്ത് അവളുടെ വീട്ടിൽ കൊണ്ടു ചെന്നാക്കണം”
“അതിപ്പോൾ വിനയ സമ്മതിക്കുമോ?”
വിശാൽ തല ചൊറിഞ്ഞു കൊണ്ട് ദീപ്തിയെ നോക്കി.
” സമ്മതിച്ചില്ലേൽ എനിക്കും എന്തെങ്കിലും കാര്യം പറഞ്ഞ് എൻ്റെ വീട്ടിൽ ചെന്നു നിക്കേണ്ടി വരും… “
“ദീപാ … നീ ഇന്നു വന്ന പെണ്ണാ.. ഇത് നമ്മുടെ ആദ്യരാത്രിയും. ആ_നീ എന്തൊക്കെ ആണ് ഈ പറയുന്നത്?”
വിശാൽ കണ്ണുമിഴിച്ചു കൊണ്ട് അവളെ നോക്കി.
“വിശാലല്ലേ പറഞ്ഞത് എന്തുണ്ടെങ്കിലും ആദ്യത്തെ ദിവസമാണെന്ന് ചിന്തിക്കാതെ ധൈര്യമായിട്ട് പറയാമെന്ന് .അതോ അതും ഒരു ഭംഗി വാക്ക് പറഞ്ഞതാണോ?”
വെറുതെ കോലിട്ട് കുത്തണ്ടായിരുന്നുവെന്ന ചിന്തയോടെ കണ്ണടച്ചു കിടന്ന വിശാലിൻ്റെ നെഞ്ചിലേക്ക് അവൾ തല വെച്ചു കിടന്നു.
” കേട്ടിടത്തോളം വിശാലിൻ്റതു പോലെ ഇത്തിരി ഈഗോ മാത്രമേ വിനയയുടെ ഭർത്താവിനുള്ളൂ. അതു പറഞ്ഞു തീർത്താൽ തീരാവുന്നതുമാണ്… അതല്ലേ ശരി?”
ദീപ്തി പതിയെ ചോദിച്ചപ്പോൾ വിശാൽ, ഇനിയൊന്നും പറഞ്ഞ് അവളിലെ സിംഹിയെ ഉണർത്തണ്ടായെന്നു കരുതി അവളെ സ്നേഹത്തോടെ പൊതിഞ്ഞു കൊണ്ട് പതിയെ മൂളി.
അവളെന്ന പെണ്ണിലേക്ക് അവൻ ആഴ്ന്നിറങ്ങുമ്പോൾ, അവളിലെ കനൽ ജ്വലിക്കുന്ന സ്ത്രീത്വം അവൻ തിരിച്ചറിയുകയായിരുന്നു.
മൗനത്തിൻ്റെ ചാരത്തിലമർന്ന്, ആവശ്യമുള്ള ഘട്ടത്തിൽ മാത്രം ഒരു തീജ്വാലയായി പടരാൻ കഴിവുള്ള കനൽത്തരികൾ.
വെറുതെ കൈ പൊള്ളിച്ചു എന്ന ഒരു തോന്നലിൽ അവൻ്റെ ചുണ്ടിൽ വല്ലാത്തൊരു പുഞ്ചിരിയൂറിയ നിമിഷത്തിൽ, ആ പൊള്ളൽ മാറ്റാനെന്നവണ്ണം അവൻ്റെ കൈപ്പത്തിയിൽ പതിയെ അവളുടെ ചുണ്ടുകളമർന്നു!