വൈകിവന്ന വസന്തം
രചന: നീരജ
“നോക്ക്… എന്താ നിന്റെ ഉദ്ദേശ്യം… ഭാര്യ ഇങ്ങനെ ആണ്ടുതോറും പ്രസവിച്ചോട്ടെ എന്നാണോ…? വെറുമൊരു ഓഫീസ് ക്ലർക്കായ നീയെങ്ങനെ ചിലവുകളൊക്കെ താങ്ങും..”
“ഇതിലും ഭേദം കുട്ടികൾ ഉണ്ടാകാതെയിരിക്കുന്ന തായിരുന്നു… ഇതിപ്പോ മൂന്ന് പെൺകുട്ടികൾ… നീ എങ്ങനെ അതുങ്ങളെ പഠിപ്പിക്കും…നോക്കിയിരിക്കുമ്പോൾ വളർന്നു വരും.. എല്ലാത്തിനെയും കെട്ടിച്ചു വിടണ്ടേ…?”
“ഈശ്വരാ.. എനിക്ക് ഓർത്തിട്ടൊരു സമാധാനവുമില്ല..”
തലക്കിട്ടും നെഞ്ചിനിട്ടും മാറിമാറി തല്ലിക്കൊണ്ട് അവർ പതം പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു. എന്നും കാണുകയും കേൾക്കുകയും ചെയ്യുന്ന സംഗതി ആയതുകൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. നിസംഗതയോടെ കേട്ടിരുന്നു…
“അവൾക്കു ആൺകുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവില്ല… അവളുടെ വയറ്റിൽ പെണ്ണ് മാത്രമേ കിളിർക്കൂ.. ത്ഫൂ..”
അവർ നീട്ടിതുപ്പി..
അമ്മയുടെ തുപ്പൽ മുഖത്തു വീണതുപോലെ..തടയാൻ ശ്രമിച്ചിട്ടും ഒരു കരച്ചിൽ പുറത്തേക്കു പൊട്ടിവീണു..
“സാരമില്ല അമ്മേ.. അമ്മ കരഞ്ഞാൽ ഞങ്ങളും കരയും..” രണ്ടു വയസ്സുവീതം ഇളപ്പമുള്ള മൂന്ന് പൂവുകൾ അവളുടെ കൂടെ വിതുമ്പി..
ഇല്ല.. മക്കളുടെ കണ്ണുനീർ വീഴാൻ ഇടവരുത്തരുത് മുഖം അമർത്തിത്തുടച്ചു പുഞ്ചിരിച്ചു..
“നമുക്ക് മുത്തശ്ശിയെ എടുത്തു കിണറ്റിൽ ഇട്ടാലോ..?.. ഇന്നലത്തെ സിനിമയിൽ കണ്ടതുപോലെ അവിടെ തുഴഞ്ഞു തുഴഞ്ഞു നടക്കട്ടെ… അപ്പോൾ ഒരു കുഞ്ഞിതവള തലയിൽ കേറിയിരുന്നു മൂത്രമൊഴിച്ചു കൊടുക്കും..” മൂത്തവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
ആ രംഗം ഭാവനയിൽ കണ്ട് അവിടെ ചെറിയൊരു പൊട്ടിച്ചിരിപ്പൂക്കൾ വിടർന്നു..
ഉള്ളിൽ കരഞ്ഞുകൊണ്ട് അവരുടെ കൂടെക്കൂടി.. ഒരിക്കൽ പ്രതിജ്ഞ എടുത്തതാണ്.. താൻ കരയുന്നതുപോലെ ഇതുങ്ങളുടെ കണ്ണ് നിറയാൻ ഇടവരുത്തില്ലെന്ന്.. പെണ്ണായി പിറന്നതിന്റെ പേരിൽ..
ആദ്യത്തെ കുഞ്ഞു പെൺകുട്ടിയായപ്പോൾ മുറുമുറുത്തവർ പിന്നീട് ഉണ്ടായ മൂന്ന് കുഞ്ഞുങ്ങളും പെൺകുഞ്ഞുങ്ങൾ ആയാൽ എങ്ങനെയാകും പ്രതികരിക്കുക.. ഇതെല്ലാം പ്രതീക്ഷിക്കുന്നവയാണ്.. പക്ഷെ ചിലപ്പോൾ സഹിക്കാനാവുന്നില്ല.
“അമ്മ ഒന്ന് മിണ്ടാതിരിക്കൂ.. ഇതൊക്കെ നമ്മൾ തീരുമാനിക്കുന്നതാണോ..അവൾ എന്തു ചെയ്യണമെന്നാണ് അമ്മ പറയുന്നത്.. “
“എത്രമാത്രം നേർച്ചകൾ നടത്തി. എവിടെയെല്ലാം പോയി പ്രാർത്ഥിച്ചു.. ഇനി ചെയ്യാനായി ഒന്നുമില്ല…”
രണ്ടു കുഞ്ഞുങ്ങൾ മതിയെന്ന് തീരുമാനിച്ചതാണ്. അതുങ്ങളെ നല്ലരീതിയിൽ വളർത്താനുള്ള കഴിവ് പോലും എനിക്കില്ല. അപ്പോൾ അമ്മയ്ക്ക് വാശി..”
“പാരമ്പര്യം നിലനിർത്താൻ ആൺകുഞ്ഞു വേണമെന്ന്… മടുത്തു..” സങ്കടം കൊണ്ടു അയാളുടെ ഒച്ച ഇടറി..
” അവക്കൊരു ആൺകുഞ്ഞിനെ തരാൻ പറ്റില്ലെങ്കിൽ.. നീ ഒന്നുകൂടി വിവാഹം കഴിക്ക്… രണ്ടും മൂന്നും വിവാഹം കഴിക്കുന്നവർ ഇല്ലേ..
“അമ്മ എന്തു വൃത്തികേടാണ് ഈ പറയുന്നത്.. ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി ഞാൻ ഇനിയും വിവാഹം കഴിക്കണോ… അതിൽ ഉണ്ടാകുന്നതും പെൺകുഞ്ഞുങ്ങൾ ആയാൽ… വീണ്ടും വിവാഹം കഴിക്കാം..”
“മനുഷ്യന് ഭ്രാന്ത് പിടിച്ചാൽ ചങ്ങലയ്ക്കിടാം.. ഇതിപ്പോൾ ചങ്ങലയ്ക്കാണ് ഭ്രാന്ത്..”
അവർ പിന്നെയും എന്തൊക്കെയോ പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു.. സഹികെട്ട അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി..
കേട്ടുകേട്ട് മടുത്തത് കൊണ്ടാവാം ഒന്നും തോന്നിയില്ല.. പഠിക്കാനിരുന്ന കുട്ടികളുടെ കൂടെ ഇളയ കുഞ്ഞിനെയുമെടുത്തു വെറുതെ ഇരുന്നു..ചിലപ്പോൾ ജീവിതം അവസാനിപ്പിക്കാം എന്നാലോചിക്കാറുണ്ട്.. പാവം അദ്ദേഹവും കുഞ്ഞുങ്ങളും എന്തു തെറ്റ് ചെയ്തു..
പെൺകുഞ്ഞുങ്ങളെ വേണ്ടാത്തവരുടെ ഇടയിൽ ഇവരെ എങ്ങനെ തനിച്ചാക്കി പോകാനാകും. ഒന്നല്ല മൂന്ന് ജീവനുകൾ ഊതി കെടുത്തിയിട്ട് മരിക്കണം..
ആ ഓർമയിൽ തന്നെ ഹൃദയം വിറകൊണ്ടു.. ഇളയ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അങ്ങനെ ചിന്തിച്ചതോർത്തു സ്വയം തുടയിലടിച്ചു ശാസിച്ചു….
****************
മക്കളെയും കൂട്ടി അമ്മയുടെ സഹോദരപുത്രന്റെ വിവാഹത്തിന് വന്നതായിരുന്നു… അദ്ദേഹം ലീവ് കിട്ടാത്തതുകൊണ്ട് വന്നിരുന്നില്ല… സ്വന്തം വീട്ടിൽ ചെന്നിട്ട് എല്ലാവരും കൂടി വിവാഹത്തിന് പോയതുകൊണ്ട് ഒറ്റയ്ക്ക് പോയതിന്റെ ബുദ്ധിമുട്ട് അറിഞ്ഞില്ല…
അവിടെ വച്ചാണ് തന്റെ കൂടെയുള്ള കുഞ്ഞുങ്ങളെ സകൂതം നോക്കിയിരിക്കുന്ന ഒരാളെ കണ്ടത്… ഇളയവൾ പിച്ചവച്ചു അടുത്തേക്ക് ചെന്നപ്പോൾ കൊതിയോടെ അയാൾ വാരിയെടുക്കുന്നത് കണ്ടു.. തന്റെ മുഖത്തേക്ക് നോക്കിയപ്പോൾ താൻ സമ്മതഭാവത്തിൽ ഇരുന്നത് കൊണ്ടാവാം.. കുഞ്ഞിനെ മടിയിൽ ഇരുത്തി കൊഞ്ചിച്ചു കൊണ്ടിരുന്നു…
എവിടെ നിന്നോ മൂന്ന് ആൺകുട്ടികൾ കൂടി അയാളുടെ അടുത്തേക്കെത്തി.. അവരും മോളെ എടുത്തു കൊഞ്ചിക്കുകയും ലാളിക്കുകയും ചെയ്തു കൊണ്ടിരുന്നു.. കുഞ്ഞു പതുക്കെ കരയാൻ ആരംഭിച്ചപ്പോൾ കുഞ്ഞിനെ എടുക്കാൻ അടുത്തേക്ക് ചെന്നു. അയാൾ ചിരിയോടെ ചോദിച്ചു…
മൂന്നു പെൺകുട്ടികൾ ആണല്ലേ… എനിക്ക് മൂന്നും ചെക്കന്മാരാണ്… ഇനി ഒരു പരീക്ഷണം കൂടി നടത്തണോ എന്നുള്ള ആലോചനയിലാണ്.. അതല്ലെങ്കിലും അങ്ങനെയാണല്ലോ.. ആഗ്രഹിക്കാത്തത് കിട്ടും ആഗ്രഹിച്ചതൊന്നും നടക്കുകയും ഇല്ല..
അയാൾ പിന്നെയും കുഞ്ഞിന്റെ നേർക്കു കൈ നീട്ടി.. അവൾ ഭയമില്ലാതെ അയാളുടെ കൈകളിലേക്ക് ചാടി…
അല്പനേരത്തെ സംസാരം കൊണ്ട് അയാളോട് വല്ലാത്തൊരു അടുപ്പം തോന്നി.. കാണാൻ വല്യ പ്രായം തോന്നുന്നില്ല… തനിക്കും അയാൾക്കും ഏകദേശം ഒരേ പ്രായം ആയിരിക്കണം…പോകാൻ സമയം ആയപ്പോൾ വെറുതെ ഫോൺ നമ്പർ വാങ്ങി… വെറുതെയല്ല.. മനസ്സിൽ അപ്പോൾ മറ്റൊരു തിരക്കഥ അരങ്ങേറിയിരുന്നു..
**********************
അന്നവർക്ക് ഭ്രാന്തായിരുന്നു… കുഞ്ഞുങ്ങളെ മുറിയിൽ നിന്നും പുറത്തിറങ്ങാൻ സമ്മതിച്ചില്ല.. കണ്ണുംവെട്ടത്തു കണ്ടാൽ കൊന്നുകളയുമെന്ന് ഭീക്ഷണിപ്പെടുത്തി.പാകം ചെയ്ത എല്ലാ ആഹാരങ്ങളിലും കുറ്റം കണ്ടെത്തി…സമനില തെറ്റിയത് പോലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അവരുടെ അനിയത്തി വന്ന് എരിവുകേറ്റിയതിന്റെ ഫലം.
മകൻ വരുന്നത് നോക്കി ഉമ്മറത്ത് വട്ടവും നീളവും നടന്നു.. അയാൾ വന്നു കയറുന്നതിനു മുൻപേ ചിതറി തുടങ്ങി.. വായിൽനിന്നും വീണ വാക്കുകളുടെ കൂർത്ത മുനകളേറ്റയാൾ പതറി നിന്നു…
“ഇന്നെനിക്ക് രണ്ടിലൊന്ന് അറിയണം… ഈ സ്വത്തുക്കൾ മുഴുവൻ കണ്ടവർ കൊണ്ടുപോയി തിന്നാൻ ഞാൻ സമ്മതിക്കില്ല… ഇനിയും ഒരു പരീക്ഷണം കൂടി നീ നടത്തി അതിന്റെ ഫലം നോക്കിയിരിക്കാൻ എനിക്കാവില്ല… നിന്റെ ഭാര്യ ഒരിക്കലും ഒരു ആൺകുഞ്ഞിനെ പ്രസവിക്കാൻ പോകുന്നില്ല… ആരോ പ്രാകിവിട്ടതാണ് അവളെ…”
“ഒരുമ്പട്ടവൾ എന്റെ പരമ്പര തന്നെ ഇല്ലാതാക്കി.. കുലം മുടിച്ചു…എല്ലാത്തിനെയും ആ കുളത്തിൽ ചവിട്ടി താഴ്ത്തി നീയും ചാട്.എനിക്കിങ്ങനെയൊരു മകൻ ഇല്ലായിരുന്നെന്ന് കരുതിക്കോളാം..”
ശരിക്കും അവർക്ക് ഭ്രാന്ത് പിടിച്ചെന്നുതോന്നി.
കുഞ്ഞുങ്ങളെയും കൊണ്ടു മുറിയിൽ അടച്ചിരുന്നു.. അവരുടെ ശാപവാക്കുകൾ കുഞ്ഞുങ്ങൾ കേൾക്കുന്നതിലുള്ള വിഷമത്തോടെ…
പെട്ടെന്ന് കതക് തള്ളിത്തുറന്നു അവർ അകത്തേക്ക് വന്നു. മുഖത്തേക്ക് വിരൽ ചൂണ്ടി ആക്രോശിച്ചു…
“നോക്ക്.. നിനക്ക് ഒരവസരം കൂടി.. അത് എന്റെ ഔദാര്യമാണ്.. അതും പെൺകുട്ടിയായാൽ പിന്നെ ഇങ്ങോട്ട് കാലെടുത്തു വയ്ക്കരുത്…. ഈ നശൂലങ്ങളെയും കൊണ്ടു എവിടെയെങ്കിലും പോയി ചത്തേക്കണം..”
കുഞ്ഞുങ്ങൾ പേടിച്ച് ദേഹത്തോടൊട്ടിയിരുന്നു.
“ശരി.. എനിക്ക് സമ്മതം..”
പുഞ്ചിരിച്ചുകൊണ്ടാണ് മറുപടി കൊടുത്തത്..അതൊരു വാശിയായിരുന്നു… ചവിട്ടി മെതിക്കുന്നവരോട്.. അപമാനിച്ചു മതിയാകാത്തവരോടുള്ള പ്രതിഷേധം.
അവർ പിന്നെയൊന്നും സംസാരിക്കാതെ രൂക്ഷമായി നോക്കിയിട്ട് ഇറങ്ങിപ്പോയി.. ഇളയകുഞ്ഞുറങ്ങിയിരുന്നു.. മൂത്തവർ രണ്ടുപേരെയും പഠിക്കാൻ പറഞ്ഞയച്ചിട്ട് മൊബൈൽഎടുത്ത് ഒരു നമ്പറിൽ കുത്തി കാതിൽ ചേർത്തു..
വെറുതെ പരിചയപ്പെട്ട ഒരാളോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ… ഒരു ആൺകുഞ്ഞിനെ.. “വിത്ത് മാറിയാൽ വിള നന്നായാലോ” എന്ന് തമാശയായി അയാളോട് പറയാൻ തനിക്കാരാണ് ധൈര്യം തന്നത് എന്നോർത്ത് അത്ഭുതപ്പെട്ടു.. അതും സ്കൂളിൽ പഠിപ്പിക്കുന്ന ഒരു മാഷിനോട്.. മൂന്ന് പെൺകുഞ്ഞുങ്ങളുടെയും അവരുടെ അമ്മയുടെയും ജീവിതം.. ആയുസ്സായിരുന്നു അയാളോട് യാചിച്ചത്..
അയാൾ അങ്ങനൊരാവശ്യം കേട്ടാൽ തന്നെ ആട്ടിവിടും എന്നാണ് കരുതിയത്.. പക്ഷെ ക്ഷമയോടെ എല്ലാം കേട്ടിരുന്നു. ആലോചിക്കാൻ അല്പസമയം മാത്രമാണ് അയാൾ ആവശ്യപ്പെട്ടത്. തന്റെ നെഞ്ചിലുള്ള ആവലാതികൾ സങ്കടങ്ങൾ അതേപടി അയാളിലേക്ക് പകരാൻ തനിക്കായെന്ന ആത്മവിശ്വാസത്തോടെ അയാളുടെ മറുപടിയ്ക്കായി കാത്തിരുന്നു.
കുട്ടികളെ സ്വന്തം വീട്ടിൽ അമ്മയെ ഏല്പിച്ചിട്ടാണ് വെളുപ്പിനെയുള്ള ബസ്സിന് യാത്ര തിരിച്ചത്… കൂടിക്കാഴ്ചയ്ക്ക് തീരുമാനിച്ചിരുന്ന സ്ഥലത്തേക്ക് ഏകദേശം പത്തുമണിക്കൂർ യാത്ര… പരമാവധി ദൂരെ.. ആരും തിരിച്ചറിയാത്തൊരിടം… ഒരു പ്ലെയിൻ ഗ്ലാസ് സംഘടിപ്പിച്ചിരുന്നു.. പതിവിനു വിപരീതമായി മുടി ഉരുട്ടിക്കെട്ടി.. വലിയൊരു വട്ടപ്പൊട്ടും തൊട്ട്, സാരി തലവഴി മൂടി ഇരിക്കുന്ന തന്നെ പരിചയക്കാർ തിരിച്ചറിയില്ലെന്നു ഉറപ്പായിരുന്നു.. പത്തുപതിനഞ്ചു വയസ്സ് പ്രായം കൂടുതൽ തോന്നും..
മൂന്ന് കുഞ്ഞുങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം മാത്രം ഉള്ളിൽ തെളിഞ്ഞു നിന്നത് കൊണ്ടാകാം കുറ്റബോധം തോന്നിയില്ല.. ജീവിക്കണം തല ഉയർത്തിപ്പിടിച്ചു കൊണ്ട്.. ഉള്ളിൽ താൻ മരിച്ചു കൊള്ളട്ടെ… ചില തെറ്റുകൾ കാലം മായ്ക്കട്ടെ..
ബസ്സിറങ്ങുമ്പോൾ സമയം സന്ധ്യയായി. കാത്തുനിൽക്കുന്ന അയാൾക്കരികിലേക്ക് നടക്കുമ്പോൾ മനസ്സിനെ ദൃഢപ്പെടുത്തിക്കൊണ്ടിരുന്നു.. എല്ലാം നല്ലതിനാണ്… ജീൻസും ടീഷർട്ടും കൂളിംഗ് ഗ്ലാസും വച്ച് നിൽക്കുന്ന അയാളെക്കണ്ടാൽ ഇപ്പോൾ തന്റെ മകനാണെന്നേ പറയൂ..
“ഇവിടെ നിൽക്കണ്ട വരൂ.. ഞാൻ നേരത്തെ വന്ന് ഒരു റൂമെടുത്തിട്ടുണ്ട്.. അവിടേക്കു പോകാം… രാത്രിയിൽ കഴിക്കാനുള്ള ഭക്ഷണവും വെള്ളവും പാർസൽ വാങ്ങി. ആരുടേയും മുഖത്ത് നോക്കാതെ അയാൾക്ക് പിന്നാലെ നടന്നു… ഇത്രയും ദൂരത്തിൽ തന്നെ പരിചയം ഉള്ളവർ കാണില്ല.. അതുമല്ല ഈ കോലത്തിൽ കണ്ടാൽ തിരിച്ചറിയാനും പോകുന്നില്ല.
മുറിയിലെത്തി അയാൾ കതകടച്ചു കുറ്റിയിട്ടപ്പോൾ വിറയ്ക്കാൻ തുടങ്ങി. അയാൾ അടുത്തേക്ക് വന്നപ്പോൾ കൈകൂപ്പി തൊഴുതു.
“എന്നെ ഒന്നും ചെയ്യരുത്..”
അയാൾ ചിരിച്ചുകൊണ്ട് കസേരയിൽ ഇരുന്നു..
“അത് ഞാനല്ലേ പറയേണ്ടത്… ആവശ്യം നിങ്ങളുടെ അല്ലേ..എന്റെ കാര്യത്തിൽ പേടി വേണ്ട..”
കുറച്ചുനേരം സംസാരിച്ചുകഴിഞ്ഞപ്പോൾ… തന്നെ കേൾക്കാനുള്ള ഒരു ഹൃദയം അയാൾക്കുണ്ടെന്നു മനസ്സിലായി..
എന്നോ പൂത്തുലഞ്ഞ വസന്ത കാലത്തിന്റെ ശേഷിപ്പുകളാൽ ഭംഗിയാർന്ന ആ മുഖത്തേക്ക് നോക്കിയിരിക്കുമ്പോൾ വാത്സല്യം തോന്നുന്നത് എന്തുകൊണ്ടാണെന്നു അയാൾക്ക് മനസ്സിലായില്ല..തന്നെ മുഴുവനായി കേൾക്കാൻ ഒരു ഹൃദയമായിരുന്നു ആ സ്ത്രീക്കാവശ്യം.. ഉള്ളിലുള്ള ഭാരം മുഴുവൻ പറഞ്ഞു തീർക്കുമ്പോൾ നല്ലൊരു കേൾവിക്കാരനായും ആകുലതകളില്ലാതെ ഉറങ്ങുമ്പോൾ കാവലാളായും അയാളിരുന്നു..
ഒരു പുതുനാമ്പ് മുളയ്ക്കാനുള്ള വിത്തായിരുന്നില്ല… ആത്മവിശ്വാസത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും ആയിരം വിത്തുകൾ അവളുടെ ഉള്ളിൽ നിറയ്ക്കാൻ അയാൾക്ക് കഴിഞ്ഞു.
***************************
ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറുന്നതിനു മുൻപ് ഭർത്താവിന്റെ മുഖത്തേക്ക് നോക്കി.. ആകെ വിളറിയിരിക്കുന്നു. ഇതും പെൺകുഞ്ഞായാൽ സംഭവിക്കാൻ പോകുന്നതോർത്തു അയാൾ ആകുലപ്പെടുന്നുണ്ടാവും…
എന്തായാലും നേരിടണം… സ്വത്തും പണവും ഇല്ലെങ്കിലും വേണ്ടില്ല…കുഞ്ഞുങ്ങളെയും കൊണ്ട് ഒരു വാടക വീട്ടിലേക്കു മാറണം.. ഭിക്ഷ യാചിച്ചായാലും ജീവിക്കണം.. മനസ്സിന് നല്ല ധൈര്യമായിരുന്നു.
ഓപ്പറേഷൻ ടേബിളിൽ കയറ്റിക്കിടത്തിയപ്പോൾ ഒരിക്കലുമില്ലാത്ത സമാധാനത്തോടെ ശാന്തമായി കിടന്നു. മരവിപ്പിക്കുന്നതിനായി ദേഹം വളച്ചു താടി മുട്ടിൽ ചേർത്തു നട്ടെല്ലിൽ ഇൻജെക്ഷൻ എടുക്കുമ്പോഴും ആ നിമിഷങ്ങളെല്ലാം ആസ്വദിക്കുകയായിരുന്നു.. നേർത്ത പുഞ്ചിരി മുഖത്ത് കണ്ടപ്പോൾ നേഴ്സ് അത്ഭുതപ്പെട്ടു..
“ചേച്ചിക്ക് ഭയങ്കര ധൈര്യം ആണല്ലോ..? ഇവിടെ വരുന്നവർ ടെൻഷനടിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും ടെൻഷൻ കൂടും.. ഇതിപ്പോൾ.. ടെൻഷൻ ഒഴിവായി.. നന്ദി ചേച്ചി.. “
നേഴ്സ് പുഞ്ചിരിയോടെ ഓപ്പറേഷനുള്ള സാമഗ്രികൾ ഡോക്ടർക്ക് ആവശ്യനുസരണം എടുത്തു കൊടുത്തുകൊണ്ടിരുന്നു. അല്പനേരത്തിനുള്ളിൽ ഒരു പിഞ്ചു കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ അവിടെ മുഴങ്ങി.. ഡോക്ടർ കൈകളിൽ ഉയർത്തികാണിക്കുമ്പോൾ ആകാംഷയില്ലായിരുന്നു.. അല്ല ഉറപ്പായിരുന്നു… അതൊരു ആൺകുഞ്ഞാണ്..
“കുഞ്ഞിചെറുക്കനാണ്..”
എല്ലാ അമ്മമാരെയും പോലെ അവളിലും ആകാംഷ തുടിക്കുന്നുണ്ടാവും എന്നോർത്ത് നേഴ്സ് അറിയിച്ചു.
“എനിക്കറിയാം “
“ഓഹോ.. അത് കൊള്ളാമല്ലോ.. ഇനി അങ്ങനെ പറഞ്ഞാൽ മതി..”
നേഴ്സ് കളിയാക്കി ചിരിച്ചു.
**********************
ഭർത്താവ് ഇളയകുട്ടിയെയുമെടുത്ത് ലഡ്ഡു വിതരണം ചെയ്യാൻ പുറത്തേക്കു പോയ സമയത്താണ് അവർ കയറിവന്നത്… മൂത്തവർ രണ്ടുപേരെയും ഇരുകൈകളിലും ചേർത്തുപിടിച്ചിരുന്നു.
ഓടി വന്ന് കുഞ്ഞിനെയെടുത്തു..
“നീയെന്നോട് ക്ഷമിക്കണം… ഞാൻ അത്രയും ക്രൂരമായി നിന്നോട് പെരുമാറാൻ പാടില്ലായിരുന്നു.. “
അവരുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.. പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് ചിരിയും കരച്ചിലും തുടർന്നു..
‘ഇതും പെൺകുട്ടി ആയിരുന്നെങ്കിലോ..?’ എന്നൊരു ചോദ്യം നാക്കിന്റെ തുമ്പിൽ വരെയെത്തി നിന്നിരുന്നു.
ഒന്നും മിണ്ടാതെ അവരുടെ നിറംമാറ്റം വീക്ഷിച്ചു കൊണ്ടു വെറുതെ കിടന്നു. മൊബൈൽ ബെല്ലടിച്ചപ്പോൾ എടുത്ത് ചെവിയിൽ ചേർത്തു..
“എന്തായി..?”
“ഇത്തവണയും രക്ഷയില്ല…ഒരു വരവ് കൂടി വരേണ്ടി വരും..”
“ഓഹോ..”
“ചുമ്മാ പറഞ്ഞതാണ് മാഷേ… “
“ശബ്‌ദം കേട്ടപ്പോൾ മനസ്സിലായി.. റിസൾട്ട് എന്താണെന്ന്.. സന്തോഷമായി… കഴിഞ്ഞതെല്ലാം മറന്നു സുഖമായി ജീവിക്കൂ..”
ഫോൺ വച്ചിട്ട് നോക്കുമ്പോൾ എല്ലാവരും കുഞ്ഞിന് ചുറ്റും കൂടി നില്പുണ്ടായിരുന്നു.. എല്ലാ മുഖങ്ങളിലും സന്തോഷം.. എത്ര പെട്ടെന്നാണ് ജീവിതം മാറിമറിയുന്നത്.. ഇതും ഒരു പെൺകുഞ്ഞായിരുന്നെങ്കിൽ അവർ എങ്ങനെയാകും തന്നോട് പെരുമാറുക. ആ ഓർമയിൽ ഹൃദയം വിറച്ചു. അമ്മയാണ് താൻ.. ഒരിക്കലും തോറ്റു കൊടുക്കില്ലായിരുന്നു.. അവരെ വളർത്തി ലോകത്തിന്റെ നിറുകയിൽ നിർത്തി പകരം വീട്ടുമായിരുന്നു.
ഇളയ പെൺകുഞ്ഞിനെയെടുത്തു മടിയിലിരുത്തി മുത്തം കൊടുക്കുമ്പോൾ.. തന്റെ മക്കളിൽ നാലാം സ്ഥാനം മാത്രമേ അവന് കൊടുക്കുകയുള്ളൂ എന്ന് മനസ്സിലുറപ്പിച്ചിരുന്നു.