ശാരി വല്ലാതെ ഇമോഷണൽ ആണെന്ന് ശരത്തിന് മനസ്സിലാകുന്നുണ്ടെങ്കിലും അവളുടെ ഈ കടുംപിടുത്തം അവനെ…

രചന: മഹാ ദേവൻ

ഏട്ടന് പറ്റോ, എന്നെ എന്റെ വീട്ടിൽ കൊണ്ടുവിടാൻ.. അല്ലെങ്കിൽ ഇച്ചിരി വിഷം വാങ്ങി താ.. മടുത്തു ഈ ജീവിതം. തൊട്ടതിനും പിടിച്ചതിനും കുറ്റം. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞാൽ അപ്പൊ പറയും ഇവിടെ ഉള്ളത് മുഴുവൻ ഞാൻ എന്റെ വീട്ടിലറിയിക്കാൻ വേണ്ടി പാത്തും പതുങ്ങിയും നടക്കുവാന്ന്. ഞാൻ ആഗ്രഹിച്ചത് ഇങ്ങനെ ഒരു ജീവിതമല്ല. പ്ലീസ്.. എന്നെ എന്റെ വീട്ടിൽ വിട്ടേക്ക്…എന്നിട്ട് ഏട്ടന് എന്നെ മനസ്സിലാക്കാൻ കഴിയുന്ന അന്ന് വാ. “

ശാരി വല്ലാതെ ഇമോഷണൽ ആണെന്ന് ശരത്തിന് മനസ്സിലാകുന്നുണ്ടെങ്കിലും അവളുടെ ഈ കടുംപിടുത്തം അവനെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചിരുന്നു. ജോലി കഴിഞ്ഞ് വരുമ്പോഴെല്ലാം പറയാൻ നൂറു കുറ്റങ്ങൾ കാണും, അത് മുഴുവൻ അമ്മയെ പറ്റിയും ആയിരിക്കും. പക്ഷേ, ഇതുവരെ അമ്മ ഇവളെ പറ്റി ഒരു കുറ്റവും പറഞ്ഞുകേട്ടില്ല എന്നത് ശരത്തിന് ആശ്ചര്യമായിരുന്നു.

” എന്താണ് അമ്മേ ഇന്നത്തെ പ്രശ്നം ” എന്ന് ചോദിക്കുമ്പോൾ മറുപടി ഒരു ചിരി മാത്രമായിരിക്കും. അത് കണ്ടാൽ അറിയാം ആ ചിരി അത്ര സന്തോഷത്തോടെ അല്ലെന്ന്.അന്ന് രാത്രി കിടക്കുമ്പോൾ ശാരി ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു

” നിങ്ങൾക്ക് വേണ്ടത് ഒരു ഭാര്യയെ അല്ലെ. ഇവിടെ കിടന്ന് ഉരുകുന്ന ഒരു വേലക്കാരിയെ ആണ്. അതിനല്ല പൊന്നും പണവും തന്ന് എന്റെ വീട്ടുകാർ എന്നെ ഇങ്ങോട്ട് കെട്ടിച്ചുവിട്ടത്. അതുകൊണ്ട് ഇനി എന്റെ തീരുമാനത്തിൽ മാറ്റമില്ല. നാളെ ഞാൻ എന്റെ വീട്ടിൽ പോകും, താല്പര്യം ഉണ്ടേൽ ഇവിടെ നിന്ന് മാറിത്താമസിക്കാനുള്ള വഴി കണ്ടിട്ട് വന്നാൽ മതി” രാവിലെ ശരത് എഴുനേറ്റപ്പോഴേക്കും ശാരി പോകാൻ റെഡിയായി നിൽപ്പുണ്ടായിരുന്നു. അവളുടെ ആ തീരുമാനം അറിഞ്ഞാകണം അമ്മ വിഷമത്തോടെ അപ്പുറത്തിരിപ്പുണ്ടായിരുന്നു.

” നിങ്ങൾ എന്നെ കൊണ്ട് വിടുന്നുണ്ടോ, അതോ ഞാൻ വല്ല ഓട്ടോയും വിളിച്ച് പോണോ?” അവളുടെ കർക്കശം നിറഞ്ഞ ചോദ്യം കേട്ട് ഒന്നും മിണ്ടാതെ ശരത് ഡ്രസ്സ്‌ മാറാനായി അകത്തേക്ക് പോയപ്പോൾ അത് വരെ മിണ്ടാതിരുന്ന അമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു.

” മോളെ, നേരം വെളുക്കുമ്പോൾ തന്നെ ഇങ്ങനെ ഇറങ്ങിപ്പോവരുത്. മോളുടെ അമ്മയെ പോലെ ഒരമ്മയാണ് ഞാനും. അമ്മയ്ക്കും ഒരു മോളുണ്ട്.. അവളെ പോലെ തന്നെയല്ലേ മോള് എനിക്ക്.മക്കൾ നല്ലത് ചെയ്ത് കാണാനേ ഏതൊരു അമ്മയും ആഗ്രഹിക്കൂ…ഒന്ന് ചീത്ത പറഞ്ഞാൽ, അല്ലെങ്കിൽ അത് ചെയ്യ്, അത് ചെയ്യരുത് എന്നൊക്കെ പറയുമ്പോൾ അത് നിങ്ങളെ ഇഷ്ടമല്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നതും തെറ്റാട്ടോ.അത് നിങ്ങടെ അമ്മയെ പോലെ എന്നെ കാണാൻ കഴിയാത്തത് കൊണ്ട്കൂടിയാണ്.സ്വന്തം മോളെ പോലെ വന്ന് കേറിയ പെണ്ണിനെ കാണാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് പറയുന്നവരാണ് കൂടുതലും. എന്നാൽ എത്ര മരുമക്കൾ അമ്മായമ്മയെ അമ്മയായി കാണുന്നുണ്ടാകും.ഇട്ടെറിഞ്ഞു പോകാൻ എളുപ്പമാണ് മോളെ.. ബന്ധങ്ങൾ കൂട്ടിയോജിപ്പിക്കാൻ ആണ് പ്രയാസം.ഇപ്പോൾ മോള് ഇറങ്ങിപോയാൽ നാളെ ചിലപ്പോൾ ആളുകൾ പറയുമായിരിക്കും ആ തള്ള ശരിയല്ല എന്ന്. അത് കേൾക്കുമ്പോൾ മോൾക്ക് സന്തോഷം കിട്ടുമായിരിക്കും. പക്ഷേ, എന്നിട്ട് മോള് എന്ത് നേടും.ഇനി അമ്മ മോളോട് കാണിക്കുന്ന സ്നേഹത്തിൽ എന്തെങ്കിലും മോൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ……. “

അത് പറഞ്ഞ് മുഴുവനാക്കുംമുന്നെ ഡ്രസ്സ്‌ മാറി പുറത്തേക്ക് ഇറങ്ങിയ ശരത് അമ്മയെ തടഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു ” പോകാൻ തീരുമാനിച്ചവൾ എന്നായാലും പോകും. അതിന് അമ്മയെന്തിനാ അവളോട് മാപ്പ് പറയുന്നത്. ഇവളുടെ സ്ഥാനം ഇവൾ മനസ്സിലാക്കുമ്പോൾ തോന്നിയാൽ അന്ന് മാപ്പ് പറയാൻ ഇവൾക്ക് ഒരു അവസരം ഉണ്ട്.. ” അവൻ അമ്മയെ നോക്കി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ അവൾ ദേഷ്യത്തോടെ ചാടിത്തുള്ളി അവനൊപ്പം കാറിനടുത്തേക്ക് നടന്നു.

കാറിൽ കേറുമ്പോഴും വാഹനം അവളുടെ വീട് ലക്ഷ്യമാക്കി കുതിക്കുമ്പോഴും അവൻ അവളെ ഒന്ന് ശ്രദ്ധിച്ചത് കൂടിയില്ല. ശാരി പലപ്പോഴും അവനെ ഒളികണ്ണിട്ട് നോക്കിയെങ്കിലും അവന്റ ഇരിപ്പ് കണ്ട് കുറെ നേരം മൗനം പാലിച്ചു.

” അല്ല, അപ്പൊ നിങ്ങൾ പറഞ്ഞവരുന്നത് ഞാൻ ആണ് പ്രശ്നം ഉണ്ടാക്കുന്നതെന്നോ. ഞാൻ നിങ്ങടെ അമ്മയോട് മാപ്പ് ചോദിക്കുമെന്നോ. കൊള്ളാം… ഇങ്ങനെ ഭാര്യയെ വിശ്വാസമില്ലാത്ത ഒരാളുടെ കൂടെ ആണല്ലോ ഞാൻ എന്റെ ജീവിതം ഹോമിക്കുന്നത്. എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ ഞാൻ കുറ്റക്കാരി. മുതലക്കണ്ണീര് ഒഴുക്കിയ നിങ്ങടെ അമ്മ സത്യവതി. “

കുറെ നേരത്തെ മൗനം വെടിഞ്ഞുകൊണ്ട് അവളുടെ അമർഷം നിറഞ്ഞ വാക്കുകൾ അവന് നേരെ ഉയർന്നപ്പോൾ അവൻ അവളെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. അവളുടെ ഈ മനസ്സിനെ ഓർത്ത് സഹതാപമായിരുന്നു അവന്റ മനസ്സിലപ്പോൾ.

” എടി, ഈ ഒന്നരവര്ഷക്കാലം കൂടെ ജീവിച്ച നിന്നെക്കാൾ വിശ്വാസം ഇരുപത്തിയെട്ട് വർഷം കൂടെ ഉള്ള എന്റെ അമ്മയെ തന്നെ ആണ്. കെട്ടിയ പെണ്ണിനെ തള്ളിപ്പറയുകയല്ല, പക്ഷേ, എന്റെ അമ്മ നിന്നെ സ്നേഹിക്കുന്ന പോലെ നിന്റ അമ്മ പോലും നിന്നെ സ്നേഹിക്കുന്നുണ്ടാകില്ല. പക്ഷേ, നീയോ…. എന്നെ അവരിൽ നിന്നും അടർത്തിയെടുക്കാൻ കഷ്ട്ടപ്പെടുന്നു. അത് എന്ത്കൊണ്ട് ആണെന്ന് അറിയോ.. കുടുംബബന്ധങ്ങളുടെ വില അറിയാത്തത് കൊണ്ടാ… കുറെ ഡിഗ്രി എടുത്തത് കൊണ്ട് ആ അറിവ് കിട്ടില്ല.. അതിന് ഒരു മനസ്സ് വേണം. സ്നേഹവും സ്നേഹിക്കുന്നവരെയും മനസ്സിലാക്കാൻ. തിരിച്ചും അതുപോലെ സ്നേഹിക്കാൻ…

എന്റെ അമ്മ നിന്നെ മോളെ എന്നല്ലാതെ വിളിച്ചിട്ടുണ്ടോ… പക്ഷേ, നീയോ…. ആ തള്ള, അല്ലെങ്കിൽ നിങ്ങടെ അമ്മ എന്നല്ലാതെ അവരെ അഭിസംബോധന ചെയ്തിട്ടുണ്ടോ? നിങ്ങടെ അമ്മ എന്ന് പറയാതെ എന്നെങ്കിലും നിന്റെ അമ്മ എന്നൊന്ന് പറയാനുള്ള മനസ്സ് ഉണ്ടായാൽ അന്ന് നിനക്ക് മനസ്സിലാകും ആ അമ്മയുടെ സ്നേഹത്തിന്റെ വില.. അതൊന്നും നിന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം… ഇതൊക്കെ ആദ്യം വീട്ടിൽ നിന്ന് പഠിക്കണം.. അമ്മായമ്മയെ വൃദ്ധസദനത്തിൽ കൊണ്ടാക്കാൻ പട്ടിണി കിടന്ന് സമരം ചെയ്ത അമ്മയുടെ അല്ലെ മോള്. കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല നിന്നിൽ നിന്ന്. ഇനി അഥവാ ഒന്ന് മാറാൻ തോന്നിയാൽ, നിങ്ങടെ അമ്മ എന്ന് പറയുന്നതിന് പകരം എന്റെ അമ്മ എന്ന് പറയാനുള്ള മനസ്സ് ഉണ്ടായാൽ നന്ന്. “

കൂടുതൽ പറയുന്നതിന് മുന്നേ കാർ ശാരിയുടെ വീരുമുറ്റത് എത്തിയിരുന്നു. കാർ മുറ്റത്തേക്ക് ഒതുക്കിനിർത്തി ഡോർ തുറന്നിറങ്ങുമ്പോൾ അപ്പുറത് ഡോർ തുറന്ന് കയ്യിൽ ബാഗുമായി അവളും ഇറങ്ങിയിരുന്നു.

കാറിന്റെ സൗണ്ട് കേട്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ ശാരിയുടെ അച്ഛനും അമ്മയും രാവിലെ തന്നെ കയ്യിൽ ബാഗുമായി മുന്നിൽ നിൽക്കുന്ന മകളെ കണ്ട് അമ്പരപ്പോടെ രണ്ട് പേരെയും നോക്കി.

” എന്താ മോളെ… എന്ത് പറ്റി… ” എന്ന് വേവലാതിയോടെ ചോദിക്കുന്ന അമ്മയുടെ അടുത്തേക്ക് കരഞ്ഞുകൊണ്ട് അവൾ നടക്കുമ്പോൾ അച്ഛൻ അവന്റ അരികിലേക്ക് വന്ന് കാര്യം തിരക്കുകയായിരുന്നു.

” എന്ത് പറ്റി മോനെ… നിങ്ങളു തമ്മിൽ എന്തേലും വഴക്ക്? “

അച്ഛന്റെ ജിത്ന്യാസനിറഞ്ഞ ചോദ്യം കേട്ട് ശരത് പുഞ്ചിരിച്ചു. പിന്നെ കാറിൽ നിന്നും ഒരു ബാഗ് എടുത്ത് അയാളുടെ കയ്യിലേക്ക് വെച്ചുകൊടുത്തുകൊണ്ട് പറഞ്ഞു ” ഇതാണ് അച്ഛാ പ്രശ്നം ” എന്ന്.

അയാൾ അമ്പരപ്പോടെ പെട്ടി തുറന്ന് നോക്കുമ്പോൾ അതിൽ കല്യാണത്തിന് അവൾക്കായി നൽകിയ മുഴുവൻ ആഭരണങ്ങളും ആയിരുന്നു.

” മോനെ, ഇത്…. ഇത് ഞാൻ എന്റെ മോൾക്ക് കൊടുത്തതല്ലേ… ഇതിനെന്താണ് ഇത്ര പ്രശ്നം? “

അയാളുടെ സംശയം നിറഞ്ഞ ചോദ്യം കേട്ട് ശരത് മുഖവുരയില്ലാതെ പറയുന്നുണ്ടായിരുന്നു ” അച്ഛൻ മോൾക്ക് കൊടുത്തതാണ്.. അല്ലാതെ ഞാൻ ഇത് ചോദിച്ചിട്ടില്ല… ഇന്നുവരെ ഇതിൽ നിന്നും ഒന്നും എടുത്തിട്ടും ഇല്ല. അപ്പൊ മോളോട് പറഞ്ഞുകൊടുക്കുക. കെട്ടിച്ചുവിട്ടപ്പോൾ കോരിക്കൊടുത്ത പൊന്നിന്റെ വില കൊണ്ട് ബന്ധങ്ങളെ അളക്കാൻ ശ്രമിക്കരുത് എന്ന്. പൊന്നും പണവുമായി കേറിവന്നവളെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറഞ്ഞാൽ വീട്ടിൽ സമാധാനം ഉണ്ടാകില്ല.. ഉള്ളത് പോകത്തെ ഉളളൂ. അപ്പൊ പിന്നെ ഈ പൊന്നും ആ പെണ്ണും തല്ക്കാലം ഇവിടെ നിൽക്കട്ടെ.. സമയം കിട്ടുമ്പോൾ പറഞ്ഞുമനസ്സിലാക്കികൊടുക്കുക, പൊന്നിട്ട് നടന്നത് കൊണ്ട് പൊണ്ടാട്ടി ആകില്ലെന്ന്. അതിനേക്കാൾ ഒക്കെ വലുതാണ് പരസ്പ്പരം മനസ്സിലാക്കി ജീവിക്കാനുള്ള മനസ്സെന്ന്. എന്നിട്ട് തിരിച്ചറിവ് വരികയാണെങ്കിൽ തിരികെ അങ്ങോട്ട് വന്നേക്കണം. തിളക്കമാർന്ന ചിരിയോടെ മാത്രം. “

ശരത് കൂടെ ഒന്ന് ചിരിച്ചുകൊണ്ട് കാറിലേക്ക് കയറുമ്പോൾ പിന്നിൽ നിന്നും അമ്മ ചോദിക്കുന്നുണ്ടായിരുന്നു ” മോനെ ഒരു ചായ കുടിച്ചിട്ട് പോകാം ” എന്ന്.

” ചായ പിന്നെ കുടിക്കാം അമ്മേ.. ഇപ്പോൾ മോൾക്ക് ഒരു ഹോർലിക്സ് ഉണ്ടാക്കികൊടുക്കൂ…വീട്ടിലെ അമ്മായിഅമ്മ പോര് കാരണം കുട്ടി ക്ഷീണിച്ചിരിക്കാവും “

അതും പറഞ്ഞ് ചിരിയോടെ ശരത് കാർ റിവേഴ്‌സ് എടുക്കുമ്പോൾ അതിലെ കളിയാക്കൽ മനസ്സിലായപോലെ ശാരിയുടെ അമ്മയും അച്ഛനും പരസ്പ്പരം നോക്കുകയായിരുന്നു,കയ്യിൽ നൂറ്റൊന്ന് പവന്റെ തിളക്കവുമായി. !